മോദി തമിഴകത്തേക്കോ ? അഭ്യൂഹം ശക്തമെന്ന് ബി ജെ പി നേതാവ്

0

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്നാട്ടിൽ നിന്ന് മത്സരിച്ചേക്കുമെന്ന് അഭ്യൂഹം ശക്തം. തമിഴ്‌നാട് ബി ജെ പി അദ്ധ്യക്ഷൻ കെ അണ്ണാമലൈയുടെ പരാമർശമാണ് പുതിയ ചർച്ചകൾക്ക് ആധാരം. ഏതെങ്കിലും ഒരു സംസ്ഥാനത്തിന്റെ അതിർത്തിയിൽ ഒതുങ്ങി നിൽക്കുന്ന ആളല്ല നമ്മുടെ പ്രധാനമന്ത്രി; രാജ്യത്തിന്റെ അതിർത്തികൾ അദ്ദേഹം ഭേദിച്ചു. ഓരോ സംസ്ഥാനത്തെയും ജനങ്ങൾ അദ്ദേഹത്തെ തങ്ങളുടെ സ്വന്തം ആളാണെന്ന നിലയിലാണ് പരിഗണിക്കുന്നതെന്നും പുറമെ നിന്ന് വന്ന ആൾ എന്ന നിലയിലല്ല കാണുന്നതെന്നും അണ്ണാമലൈ പറഞ്ഞു. 

‘അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി മോദി തമിഴ്നാട്ടിൽ നിന്നുതന്നെ ജനവിധി തേടണം. അദ്ദേഹം തമിഴ്നാട്ടിൽ നിന്ന് മത്സരിക്കുമെന്ന വിവരം മാദ്ധ്യമങ്ങളിലൂടെ പടരുന്നുണ്ട്. ഞാൻ പലയിടങ്ങളിലും ചെല്ലുമ്പോൾ ജനങ്ങൾ ഇക്കാര്യം ചോദിക്കുന്നുണ്ട്. തമിഴ്നാട്ടിൽ നിന്ന് മോദി മത്സരിക്കുകയാണെങ്കിൽ തമിഴരിൽ ഒരാളാണെന്ന വികാരം ഉണ്ടാവുകയും അത് വോട്ടായി മാറുകയും ചെയ്യും. രാമനാഥപുരത്തുനിന്ന് മോദി മത്സരിക്കുമെന്ന അഭ്യൂഹം കേൾക്കുന്നു. തൂത്തുക്കുടിയിലെ ചായക്കടകളിൽ പോലും ഇതു സജീവ ചർച്ചയാണ്’- അണ്ണാമലൈ കൂട്ടിച്ചേർത്തു. 

ജാതി, തമിഴ് വികാരമാണ് തമിഴ്നാട്ടിലെ വോട്ടർമാർ സാധാരണ പരിഗണിക്കുന്നതെങ്കിലും മോദി മത്സരിച്ചാൽ ഇതെല്ലാം അപ്രസക്തമാകുമെന്നും വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നുമാണ് പ്രാദേശിക ബി ജെ പി നേതാക്കളും പറയുന്നത്. എന്നാൽ തമിഴ്നാട്ടിൽ മത്സരിക്കാൻ അദ്ദേഹം എത്തുമോ എന്നത് സംബന്ധിച്ച് ഒരു സൂചനയും പാർട്ടി ദേശീയ നേതാക്കൾ ഇതുവരെ നൽകിയിട്ടില്ല. 

LEAVE A REPLY

Please enter your comment!
Please enter your name here