ജോലിയൊന്നുമില്ലാതെ ലക്ഷങ്ങൾ ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥർ.. സംസ്ഥാന ഖജനാവ് ഊറ്റുന്ന തദ്ദേശ സ്വയം ഭരണ വകുപ്പും ഗസറ്റഡ് ലോബിയും!

0

ഉദ്യോഗസ്ഥലോബിയുടെ സമ്മർദത്തിനു വഴങ്ങി തദ്ദേശ സ്വയംഭരണ ഏകീകൃത വകുപ്പിൽ പുതുതായി നൂറോളം അനാവശ്യതസ്തികകൾ സൃഷ്ടിച്ചിട്ട് രണ്ടു മാസമായിട്ടും അവർക്ക് നൽകേണ്ടുന്ന ജോലിയുടെ കാര്യത്തിൽ ആശയക്കുഴപ്പത്തിലായി തദ്ദേശവകുപ്പ്. എന്തൊക്കെ ജോലികളാണു നല്കേണ്ടതെന്നു തീരുമാനിക്കാൻ ശിൽപശാലകളും ചടങ്ങുകളും തിരുവനന്തപുരത്തു നടക്കുന്നുണ്ട്. ഒരു ലക്ഷത്തി പതിനായിരം രൂപ അടിസ്ഥാനശമ്പളമുള്ള 30 ജോയിന്റ് ഡയറക്ടർ തസ്തികകളും ഡബിൾ പ്രമോഷൻ നൽകി 95,000 രൂപ അടിസ്ഥാന ശമ്പളമാക്കിക്കൊണ്ട് 70 അസിസ്റ്റന്റ് ഡയറക്ടർ തസ്തികകളുമാണ് ഈ ഉദ്യോഗസ്ഥ കൂട്ടായ്മയുടെ സമ്മർദത്തിൽ സർക്കാർ പുതുതായി സൃഷ്ടിച്ചിരിക്കുന്നത്. 

മുൻമന്ത്രി മാറി പുതിയമന്ത്രി വന്നിട്ടും മന്ത്രിയുടെ ഓഫീസിൽ തുടരുന്ന രണ്ടു പേരാണു നിയമനങ്ങൾക്കായി ചരടുവലിച്ചതെന്ന് ആരോപണമുയരുന്നുണ്ട്. ഇവർതന്നെയാണു 350 പേരടങ്ങുന്ന ഗസറ്റഡ് ഉദ്യോഗസ്ഥ ലോബിക്ക് നേതൃത്വം നൽകുന്നത്. വികേന്ദ്രീകൃതാസൂത്രണത്തിന്റെ തലതൊട്ടപ്പന്മാരെന്ന് പറഞ്ഞ് മേനി നടിച്ചുകൊണ്ടിരുന്ന ഇടതുമുന്നണി ആ നയം മാറ്റി തദ്ദേശ സ്വയംഭരണ ഏകീകൃത വകുപ്പിലേക്കു നീങ്ങിയപ്പോൾ ആസൂത്രണമെല്ലാം ഉദ്യോഗസ്ഥർക്കു വേണ്ടി മാറ്റിയെന്നും പരിഷ്‌കാരങ്ങൾകൊണ്ട് പൊതുജനത്തിന് യാതൊരു പ്രയോജനവുമില്ലെന്നും പരാതി ഉയരുന്നുണ്ട്. 

ഇതിൽ ഒരെണ്ണംപോലും ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ പൊതുജനങ്ങൾക്കായി രാപ്പകൽ പണിയെടുക്കുന്ന ക്ലെറിക്കൽ ജീവനക്കാർക്ക് പ്രാപ്യമല്ലാത്തതിനാൽ അവർ കടുത്ത പ്രതിഷേധത്തിലാണ്. ജനങ്ങളുമായി നേരിട്ടു ബന്ധമുള്ള തദ്ദേശവകുപ്പ് ഓഫീസുകളിലാകട്ടെ ആവശ്യത്തിനു ജീവനക്കാരില്ലാത്തതിനാൽ ജോലിഭാരം കൂടുതലാണ്. ജീവനക്കാർക്കായി നിലകൊള്ളുന്നു എന്നു പറയുന്ന എൻ.ജി.ഒ യൂണിയൻ അടക്കമുള്ള പ്രബല സംഘടനകളും ഇക്കാര്യത്തിൽ നിശബ്ദരാണ്. 

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ധനകാര്യ വകുപ്പിന്റെ എതിർപ്പ് മറികടന്നാണ് മന്ത്രിസഭാ തീരുമാനംവഴി ഇത്രയധികം ഉയർന്ന തസ്തികകൾ സൃഷ്ടിച്ചെടുത്തത്. ഇതിന് വഴിയൊരുക്കിയത്, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരായി നേരിട്ട് നിയമനം ലഭിച്ചവരടങ്ങിയ ഉദ്യോഗസ്ഥ കൂട്ടായ്മയിലെ അംഗങ്ങളും വകുപ്പുമന്ത്രിയുടെ ഓഫീസിലെ രണ്ടുപേരുമാണെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. ഉദ്യോഗസ്ഥ കൂട്ടായ്മയുടെ വാട്‌സാപ്പ് ഗ്രൂപ്പിലെ ചാറ്റുകളിൽനിന്ന് ഇക്കാര്യം വ്യക്തമാണ്. നിയമനങ്ങൾക്കായി ലക്ഷങ്ങൾ പിരിച്ചെടുത്തെന്നാണു ആക്ഷേപവും ശക്തവുമാണ്. തസ്തികകൾ സൃഷ്ടിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് ഇറങ്ങിയശേഷവും ഈ വാട്‌സാപ്പ് ഗ്രൂപ്പുവഴി 10,000 രൂപ വീതം പിരിച്ച് 40 ലക്ഷം രൂപയോളം സമാഹരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. 

ഈ തസ്തികകൾ സൃഷ്ടിച്ചിട്ട് രണ്ടു മാസം കഴിഞ്ഞിട്ടും ഇവർക്ക് എന്തൊക്കെ ജോലികളാണ് നൽകേണ്ടത് എന്നതു സംബന്ധിച്ച് തീരുമാനിക്കുന്നതിന് തിരുവനന്തപുരത്ത് ഗവേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ജോലിയുടെ ആവശ്യകത സംബന്ധിച്ച് പഠനം നടത്താതെയും ഉത്തരവാദിത്വം നിർണയിച്ചു നൽകാതെയും ഇത്രയധികം ഉയർന്ന തസ്തികകൾ സൃഷ്ടിച്ചത് വകുപ്പിലെ ആദ്യസംഭവമാണ്. ജോലിയൊന്നും ചെയ്യാതെ ഇവർക്ക് ശമ്പളം ലഭിക്കുന്നുണ്ട്. ഗ്രാമപഞ്ചായത്തുകളിലും പുതുതായി രൂപീകരിക്കപ്പെട്ട മുനിസിപ്പാലിറ്റികളിലും ജീവനക്കാരുടെ എണ്ണം തീരെ പരിമിതമാണ്. ജനങ്ങൾക്ക് നേരിട്ട് സേവനം നൽകേണ്ട ഇത്തരം ഓഫീസുകളിൽ ഒരു ക്ലർക്കിനെ പോലും പുതുതായി അനുവദിക്കാൻ സർക്കാരിന് താൽപര്യമില്ലാത്തപ്പോഴാണ് മുകൾത്തട്ടിലെ ഈ അനാവശ്യ നിയമനങ്ങൾ. 

ഈ ഓഫീസുകളിൽ അധിക ജീവനക്കാരെ നിയമിക്കേണ്ടത് അത്യാവശ്യമാണെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ മുൻപും പറഞ്ഞിട്ടുണ്ട്. എന്നാൽ മുകൾതട്ടിലെ ഇത്രയധികം ഉയർന്ന തസ്തികകൾ സൃഷ്ടിച്ച് പാവം ജീവനക്കാരെ തലങ്ങും വിലങ്ങും മീറ്റിംഗുകൾ വിളിച്ചും മിന്നൽ പരിശോധനകൾ നടത്തിയും പീഡിപ്പിക്കുകയാണ്. പുതുതായി സൃഷ്ടിക്കപ്പെട്ട ഈ തസ്തികകളിൽ നിയമിക്കപ്പെട്ടിരിക്കുന്നവരിൽ പലരും ഒന്നിലേറെ വിജിലൻസ് കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണ്. എന്നാൽ, ഭരണസ്വാധീനത്താൽ ചെറിയ ശിക്ഷകൾ ഏറ്റുവാങ്ങി കുറ്റവിമുക്തരായി. 

ഇത്തരം നിർണായക തസ്തികകൾ ഐ.എ.എസ്./കെ.എ.എസ്. വഴിയെത്തുന്നവരുടെ ആദ്യ നിയമന തസ്തികയാക്കിയിരുന്നുവെങ്കിൽ അവർ ഗവ. സ്രെകട്ടറിമാരായി മാറി നയരൂപീകരണ പ്രക്രിയകളിൽ പങ്കാളികളാകുന്ന അവസരങ്ങളിൽ ഈ അനുഭവം വലിയ ഒരു മുതൽക്കൂട്ടായി മാറിയേനെ. മുൻമന്ത്രി ഗോവിന്ദൻ മാസ്റ്റർക്ക് താത്വികമായ ധാരാളം കാര്യങ്ങളുണ്ടായിരുന്നതിനാൽ അദ്ദേഹത്തിന്റെ കാലത്ത് തദ്ദേശവകുപ്പിനെക്കുറിച്ച് പഠിക്കാൻ സമയമുണ്ടായിരുന്നില്ലെന്നു പറയാം. എന്നാൽ പുതിയ മന്ത്രി എം.ബി. രാജേഷ്, തലതിരിഞ്ഞ ഈ പരിഷ്‌കാരത്തിൽ തിരുത്തൽ നടപടികൾ സ്വീകരിക്കുമെന്ന് ഏറെപ്പേർ കരുതുന്നു. എന്തായാലും തദ്ദേശവകുപ്പിൽ കാര്യങ്ങൾ കുഴഞ്ഞുമറിഞ്ഞിരിക്കുകയാണെന്നു വ്യക്തമാണ്. 

LEAVE A REPLY

Please enter your comment!
Please enter your name here