പുതിയ പാര്‍ലമെന്റ് മന്ദിരം – വിമര്‍ശനങ്ങളുടെ മുനയൊടിയുമ്പോള്‍

രാജ്യത്തിന്റെ അന്തസ്സും യശസ്സും ഉയര്‍ത്തുന്ന ഏതു പദ്ധതികളെയും ശത്രുരാജ്യങ്ങളെക്കാള്‍ ആവേശത്തില്‍ എതിര്‍ക്കുന്ന പ്രതിപക്ഷമുള്ള രാജ്യത്ത് കഴിവുറ്റ ഭരണ നേതൃത്വം ആര്‍ജ്ജവത്തോടെയും ഇച്ഛാശക്തിയോടെയും നടത്തുന്ന നീക്കങ്ങള്‍ ലക്ഷ്യപ്രാപ്തിയിലെത്തും. ഡിസംബര്‍ പത്തിന് പ്രധാനമന്ത്രി ശിലാസ്ഥാപനം നടത്തിയ പുതിയ പാര്‍ലമെന്റ് പദ്ധതിയുടെ കാര്യത്തിലും ഇതു തന്നെയായിരിക്കും പരിണിതഫലം.

ജനസംഖ്യാനുപാതത്തില്‍ ജനപ്രതിനിധികളുടെ എണ്ണം വര്‍ദ്ധിപ്പിക്കേണ്ടത് 1975 ല്‍ ആയിരുന്നു. എന്നാല്‍, 25 വര്‍ഷത്തേക്ക് അന്നത്തെ സര്‍ക്കാര്‍ അത് നീട്ടി. പിന്നീട് 2000 ല്‍ ഇതിനുള്ള അവസരം വന്നു. അപ്പോഴും 25 വര്‍ഷത്തേക്ക് കൂടി നീട്ടി. 2024-25 ല്‍ ഈ കാലാവധി അവസാനിക്കുകയാണ്. 1947 ല്‍ 35 കോടിയായിരുന്നു രാജ്യത്തെ ജനസംഖ്യ. ഇന്ന് അത് 130 കോടിയായിട്ടും ആനൂപാതിക ജനപ്രാതിനിധ്യം അസാധ്യമായതിന് ഒരു കാരണം പാര്‍ലമെന്റിലെ ഇരിപ്പടത്തിനുള്ള അപര്യാപ്ത ആയിരുന്നു.

543 ല്‍ നിന്ന് 800 എന്ന നിലയിലേക്ക് എംപിമാരുടെ സംഖ്യ ഉയരും. നിലവില്‍ പാര്‍ലമെന്റില്‍ 552 സീറ്റുകളാണ് ഉള്ളത്. അംഗങ്ങള്‍ കുഷ്യനിട്ട ബെഞ്ചുകളില്‍ തോളോടു തോള്‍ ചേര്‍ന്ന് മുട്ടിയിരിക്കുകയും വേണം. മധ്യത്തില്‍ ഇരിക്കുന്നയാള്‍ക്ക് പ്രാഥമിക കൃത്യങ്ങള്‍ക്കോ മറ്റോ പുറത്തു പോവേണ്ടി വന്നാല്‍, വശങ്ങളില്‍ ഇരിക്കുന്നവര്‍ എഴുന്നേറ്റ് മാറേണ്ടി വരും. ആദ്യ രണ്ട് നിരകള്‍ കഴിഞ്ഞാല്‍ പിന്നെ ഡെസ്‌ക് ഇല്ല. മുന്‍വശത്തെ ഇരിപ്പടത്തിന്റെ ചാരുന്ന വശത്താണ് വോട്ടിംഗ് സംവിധാനത്തിലെ സ്വിച്ചും മൈക്രോഫോണും ഫിറ്റ് ചെയ്തിരിക്കുന്നത്. അംഗങ്ങള്‍ക്ക് തങ്ങളുടെ കൈവശമുള്ള രേഖകള്‍ സൂക്ഷിച്ചുവെയ്ക്കാനിടമില്ല. ഇങ്ങിനെ അപര്യാപ്തയുടെ വിളനിലമാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ പരിപാവനമായ പാര്‍ലമെന്റ് മന്ദിരം.

രാജ്യത്തെ കേരളം ഉള്‍പ്പടെയുള്ള നിയമസഭാ മന്ദിരങ്ങളില്‍ ബെഞ്ചുകള്‍ അല്ല . രണ്ട് പേര്‍ വീതം ഇരിക്കുന്ന സോഫകളാണ്‌. പാര്‍ലമെന്റില്‍ മുന്‍ നിരയില്‍ മാത്രമാണ് രണ്ടു പേര്‍ വീതം ഇരിക്കുന്നത്. ഇത് നിയമസഭയില്‍ ഒരാള്‍ വീതമുള്ള ഇരിപ്പിടങ്ങളുമാണ്.

കോവിഡ് സമയത്ത് കേരള നിയമസഭ ചേര്‍ന്നപ്പോള്‍ സാമൂഹിക അകലം പാലിക്കാനായിരുന്നു. എന്നാല്‍, പാര്‍ലമെന്റ് ചേര്‍ന്നപ്പോള്‍ അംഗങ്ങളില്‍ പലര്‍ക്കും സന്ദര്‍ശക ഗ്യാലറിയിലേക്ക് മാറേണ്ടി വന്നു.

രാജ്യസഭയും ലോക്‌സഭയും സംയുക്തമായി ചേരുമ്പോള്‍ പാര്‍ലമെന്റിലെ സെന്‍ട്രല്‍ഹാളാണ് ഉപയോഗിക്കുന്നത്. എന്നാല്‍, സെന്‍ട്രല്‍ ഹാളില്‍ 430 സീറ്റുകള്‍ മാത്രമാണുള്ളത്. അംഗങ്ങള്‍ക്ക് ഇരിപ്പടമൊരുക്കാന്‍ നടവഴികളിലും മറ്റും അധിക കസേരകള്‍ ഇട്ടാണ് ഇത് സാധിക്കുന്നത്.

അംഗങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും ഒരു ഓഫീസിനുള്ള സൗകര്യം പോലും നിലവിലെ പാര്‍ലമെന്റ് മന്ദിരത്തില്‍ ഇല്ല. ഇതിനൊക്കെ പരിഹാരമാണ് ഡിസംബര്‍ പത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ട പുതിയ പാര്‍ലമെന്റ് മന്ദിരം.

971 കോടി രൂപയ്ക്ക് നിര്‍മിക്കുന്ന പുതിയ കെട്ടിടത്തില്‍ രാജ്യസഭ. ലോക്‌സഭ, സെന്‍ട്രല്‍ ഹാള്‍ എന്നിവയുണ്ട്. ഒരോ അംഗങ്ങള്‍ക്കും പ്രത്യേകം ഓഫീസ് മുറിയും പ്രത്യേകതയാണ്. ത്രികോണാകൃതിയിലാണ് പുതിയ മന്ദിരം പണിയുന്നത്. ശക്തിയുടെ പ്രഭവസ്ഥാനമായ ശ്രീയന്ത്രത്തില്‍ മുതല്‍ ഭഗ്‌വ പതാകയ്ക്കു പോലും ഉപയോഗിച്ച ത്രികോണ മാതൃകയാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിനും നല്‍കിയിരിക്കുന്നത്. നിലവിലെ പാര്‍ലമെന്റ് മന്ദിരത്തിനോട് ചേര്‍ന്ന് ലഭ്യമായ സ്ഥലത്തിന് അനുയോജ്യമാണ് ഈ രൂപ രേഖ. 971 കോടി രൂപ ചെലവു വരുന്ന പദ്ധതിക്ക് ടാറ്റാ പ്രൊജക്ട്‌സ് എന്ന നിര്‍മാണ കമ്പനി 861.9 കോടി രൂപയുടെ ടെണ്ടര്‍ സമര്‍പ്പിച്ച് കരാര്‍ നേടി.

1350 പേര്‍ക്ക് ഇരിപ്പിട സൗകര്യമൊരുക്കാവുന്ന തരത്തിലാണ് ലോക്‌സഭാ ഹാളിന്റെ രൂപരേഖ. എന്നാല്‍ 876 ഇരിപ്പിടങ്ങളാണ് ഇപ്പോള്‍ ഒരുക്കുക. രാജ്യസഭാ ഹാളില്‍ 400 ഇരിപ്പിടങ്ങളും ഉണ്ടാകും. നിലവിലെ രാജ്യസഭാ ഹാളിന്റെ നാലിരട്ടി വലുപ്പമാണ് ഇതിനുള്ളത്.

വൈ ഫൈ ഇന്റര്‍നെറ്റോട് കൂടിയ പേഴ്‌സണല്‍ ഡിവൈസുകള്‍ ഉള്‍പ്പടെയാകും പുതിയ ഇരിപ്പടങ്ങളില്‍ ഒരുര്രുക. കോണ്‍സിസ്റ്റ്യൂഷന്‍ ഹാള്‍, ലൈബ്രററി എന്നിവയും ഉണ്ടാകും. പാര്‍ലമെന്റ് മന്ദിരം ഉള്‍പ്പെടുന്ന പദ്ധതിയായ സെന്‍ട്രല്‍ വിസ്റ്റയില്‍ രണ്ടാം ഘട്ടം നോര്‍ത്ത് സൗത്ത് ബ്ലോക്ക് ഉള്‍പ്പെടുന്ന സെന്‍ട്രല്‍ സെക്രട്ടറിയേറ്റ് പുതിയ ഒരൊറ്റമന്ദിരത്തിലേക്ക് മാറും.

പാര്‍ലമെന്റ് അംഗങ്ങളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് മന്ത്രിമാരുടെ എണ്ണവും വര്‍ദ്ധിക്കും. ഇതനുസരിച്ച് മന്ത്രാലയങ്ങള്‍ക്ക് പ്രത്യേകം ഓഫീസുകള്‍ വേണ്ടിവരും. എണ്‍പത് മന്ത്രിമാര്‍ വരെ ആകാമെങ്കിലുും മോദിയുടെ മന്ത്രിസഭയില്‍ കേവലം 51 മന്ത്രിമാര് മാത്രമാണുള്ളത്. ഇവരില്‍ തന്നെ പലരും നോര്‍ത്ത് , സൗത്ത് ബ്ലോക്കുകളില്‍ അല്ലാതെ ഡെല്‍ഹിയിലെ പലയിടങ്ങളിലായാണ് പ്രവര്‍ത്തിക്കുന്നത്. ഗതാഗത കുരുക്കും മറ്റും ഈ മന്ത്രാലയങ്ങള്‍ക്ക് കേന്ദ്ര സെക്രട്ടറിയേറ്റില്‍ എത്തിപ്പെടാന്‍ തന്നെ വിഷമിക്കുകയാണ്. ഈ ഓഫീസുകള്‍ എല്ലാം വാടക കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. ആയിരം കോടി രൂപയാണ് ഇവയ്ക്ക് വേണ്ടി വാടക ഇനത്തില്‍ കേന്ദ്ര ഖജനാവില്‍ നിന്ന് ചെലവിടുന്നത്. പാര്‍ലമെന്റ് മന്ദിരവും സെന്‍ട്രല്‍ സെക്രട്ടറിയേറ്റും വൈസ് പ്രസിഡന്റ് പ്രധാനമന്ത്രി എന്നിവരുടെ വസതികളും ഉള്‍പ്പെടുന്ന സെന്‍ട്രല്‍ വിസ്റ്റ പദ്ധതിക്ക് 20000 കോടി രൂപയാണ് ചെലവ്.

മന്ത്രാലയങ്ങള്‍ക്ക് വാടക ഇനത്തില്‍ രണ്ട് വര്‍ഷത്തേക്കു ചെലവിടുന്ന തുകയില്‍ കുറവ് മാത്രമെ ഈ പദ്ധതിക്കായി ചെലവിടുന്നുള്ളു എന്നതാണ് വസ്തുത. കോവിഡ് മാഹാമാരിക്കിടെ കേന്ദ്ര സര്‍ക്കാര്‍ ശതകോടികള്‍ ചെലവിട്ട് രാജകൊട്ടാരം പോലെ കെട്ടിടങ്ങള്‍ പണിത് ധൂര്‍ത്ത് അടിക്കുകയാണെന്നാണ് കോണ്‍ഗ്രസും ഇടതു പക്ഷവും ഒക്കെ വിമര്‍ശിക്കുന്നത്. ഈ വിമര്‍ശനം ജനം തള്ളിയപ്പോഴാണ് കര്‍ഷകര്‍ സമരം നടത്തുമ്പോള്‍ എന്ന് മാറ്റി പറഞ്ഞുതുടങ്ങിയത്. കര്‍ഷക സമരത്തിന്റെ പൊള്ളത്തരവും പുറത്തായതോടെ ഇതും ചീറ്റിപ്പോകുകയാണുണ്ടായത്.

ബ്രിട്ടീഷ് വൈസ്രോയിക്കും സില്‍ബന്തികള്‍ക്കുമായി 93 വര്‍ഷങ്ങള്‍ക്ക് മുമ്പ് എഡ്വിന്‍ ല്വെട്ടിയന്‍ എന്ന സിവില്‍ എഞ്ചിനീയര്‍ രൂപകല്‍പന ചെയ്ത കെട്ടിടങ്ങളാണ് രാഷ്ട്രപതി ഭവനും പാര്‍ലമെന്റ് മന്ദിരവും എല്ലാം. പുതിയ പാര്‍ലമെന്റ് മന്ദിരം 2022 ല്‍ പൂര്‍ത്തിയാകും. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചു വരുന്നവര്‍ക്ക് ഈ പുതിയ മന്ദിരത്തില്‍ ഇരിക്കാനാകും.

ആയിരം കോടി രൂപ പ്രതിവര്‍ഷം വാടക ഇനത്തില്‍ ലഭിക്കുന്ന റിയല്‍ എസ്റ്റേറ്റ് മാഫിയയെ സഹായിക്കുന്നവരോ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ക്രഡിറ്റ് മോദിക്കും ബിജെപിക്കും ലഭിക്കുമെന്നതിലെ അസൂയപൂണ്ടവരോ ആണ് ഈ പദ്ധതിക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്നവര്‍.

ഈ പദ്ധതിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ സുപ്രീം കോടതിയുടെ സഹായം പോലും തേടി. പദ്ധതിക്ക് സ്റ്റേ നല്‍കാന്‍ സുപ്രീം കോടതി തയ്യാറായില്ല. ശിലാസ്ഥാപനത്തിനും ഭൂമി പൂജയ്ക്കും മാത്രം അനുമതി നല്‍കിയിട്ടുള്ളുവെന്നും നിര്‍മാണ പ്രവര്‍ത്തനം നടത്തരുതെന്നും കോടതി പറഞ്ഞിട്ടുണ്ട്. കോടതിക്ക് മുന്നില്‍ വസ്തുതകള്‍ ബോധ്യപ്പെടുത്തി എല്ലാ പ്രതിബന്ധങ്ങളേയും തരണം ചെയ്ത് രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുമ്പോള്‍ പുതിയ പാര്‍ലമെന്റ് മന്ദിരം പൂര്‍ത്തിയാക്കുമെന്ന നിശ്ചയ ദാര്‍ഢ്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.

LEAVE A REPLY

Please enter your comment!
Please enter your name here