രണ്ടു ദിവസമായി കേട്ട് വരുന്ന മുദ്രാവാക്യം ആണ് “ഞാൻ ഇനി മുതൽ സച്ചിൻ്റെ ഫാൻ അല്ല”. അങ്ങനെ പറയാൻ കാരണം ആണ് രസം. ഇന്ത്യയെ പിന്തുണച്ച് ഇന്ത്യക്കാരായ സച്ചിനും മറ്റ് ഇന്ത്യൻ സെലിബ്രിറ്റികളും ട്വീറ്റ് ഇട്ടതിനാണ് ഈ ബഹളം മുഴുവനും. ഫെബ്രുവരി 2ന് ഹോളിവുഡ് പോപ് ഗായിക റിഹാന്ന ഒരു ട്വീറ്റ് ഇടുകയുണ്ടായി. ഇന്ത്യയിലെ കർഷക സമരത്തെ കുറിച്ച് സി എൻ എനിൽ വന്ന വാർത്ത ഷെയർ ചെയ്ത് കൊണ്ട് റിഹാന്ന പറഞ്ഞത് ഇങ്ങനെ.
ഈ ഒരു ട്വീറ്റ് കൊണ്ട് ഇന്ത്യയിലെ കർഷക സമരം ലോക ശ്രദ്ധ പിടിച്ചു പറ്റി. രിഹാന്നക്ക് പിറകെ ഗ്രേറ്റ തൻബർഗും ഇതേ കുറിച്ച് ട്വീറ്റ് ചെയ്തു. അവിടെയാണ് തെറ്റിയത്. ഗ്രേറ്റ ആദ്യം ഒരു ലിങ്ക് ട്വീറ്റ് ചെയ്തു. ഇന്ത്യയിലെ കർഷകരെ സഹായിക്കാൻ ആ ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതി എന്ന് പറഞ്ഞു. എന്നാൽ നിമിഷങ്ങൾക്കകം അത് ഡിലീറ്റ് ചെയ്ത് വേറൊരു ലിങ്ക് ഇട്ടു. ആദ്യം ട്വീറ്റ് ചെയ്ത ലിങ്കിൽ ഉണ്ടായത് താഴെ കൊടുത്തിരിക്കുന്ന നിർദേശങ്ങളാണ്.
ഈ ട്വീറ്റിന് ശേഷമാണ് സച്ചിൻ അടക്കം മറ്റ് ഇന്ത്യൻ സെലിബ്രിറ്റികൾ എല്ലാം #IndiaUnited , #IndiaAgainstPropaganda എന്നിങ്ങനെ ഹാഷ് ടാഗുകളിൽ ട്വീറ്റ് ചെയ്യാൻ തുടങ്ങിയത്. പുറം രാജ്യത്ത് നിന്നുള്ളവർ ഇന്ത്യയിലെ നിയമങ്ങളെ കുറിച്ച് സംസാരിക്കണ്ട എന്ന രീതിയിൽ ചിലർ ട്വീറ്റ് ചെയ്തു. എന്നാൽ വേറൊരു വിഭാഗം “ജയ് ഹിന്ദ്” എന്ന് മാത്രമാണ് ട്വീറ്റ് ചെയ്തത്.
സ്വാഭാവികമായും ഇടതുപക്ഷത്തിന് ഈ ഹാഷ് ടാഗുകൾ ഇഷ്ടപ്പെടില്ല കാരണം രാജ്യത്തെ പിന്തുണക്കുന്ന ഒന്നും തന്നെ അവർ പൊതുവേ സമ്മതിച്ച് തരാറില്ല. പിന്നെ സോഷ്യൽ മീഡിയയിൽ ഒരു വൻ യുദ്ധം ആയിരുന്നു. അത് ഒരുപാട് കണ്ട് കാണുമല്ലോ, അതുകൊണ്ട് വീണ്ടും ഇവിടെ എഴുതുന്നില്ല. മനുഷ്യാവകാശ ലംഘനമാണ് ഇന്ത്യയിൽ നടന്നതെന്നും, അതിനെതിരെ ശബ്ദം ഉയർത്താൻ ലോകത്ത് ആർക്കും അവകാശം ഉണ്ടെന്നുമാണ് ഇടതുപക്ഷത്തിൻ്റെ വാദം. ശരി തന്നെ. പക്ഷേ ഇതിൽ പ്രധാനമായും നമ്മൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
- ഇന്ത്യൻ പതാക മാത്രം ഉയരേണ്ട ചെങ്കോട്ടയിൽ ജനുവരി 26ന് വേറെ ഏതോ പതാക ഉയർത്തി. ആര്?
- ഈ സംഭവം കൃത്യമായി ഗ്രേറ്റ ട്വീറ്റ് ചെയ്ത ഡോക്യുമെൻ്റിൽ വന്നു. എങ്ങനെ?
- മനുഷ്യാവകാശ ലംഘനം ആണെങ്കിലും മറ്റ് എന്ത് പ്രശ്നം ആയാലും സ്വയം അഭിപ്രായം പറയുന്നതും, അത് ലോകമെമ്പാടും നിർദ്ദേശം കൊടുത്ത് ചെയ്യിപ്പിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്.
- മറ്റ് രാജ്യങ്ങളിലെ സെലിബ്രിറ്റികൾ ഒരു പ്രോപ്പഗണ്ടയുടെ ഭാഗമായി ട്വീറ്റ് ചെയ്യുമ്പോൾ അത് മനുഷ്യാവകാശത്തിന് വേണ്ടിയുള്ള പോരാട്ടവും, സ്വന്തം രാജ്യത്തെ പിന്തുണച്ച് ഇവിടത്തെ ആളുകൾ സംസാരിക്കുമ്പോൾ അത് മോദി സർക്കാർ പൈസ കൊടുത്ത് ചെയ്യിക്കുന്നതുമാണ് എന്ന് പറയുന്നു. എന്താണ് ഇതിൻ്റെ ലോജിക്ക്?
ഇനി ഇതിൽ ഒന്നും പെടാത്ത വേറൊരു വിഭാഗമുണ്ട്. അവർ കർഷകർക്കൊപ്പമാണ്. പക്ഷേ ജനുവരി 26ന് നടന്ന സംഭവത്തെ കുറിച്ച് അവർക്ക് സങ്കടമുണ്ട്. അപ്പോഴും, സമരക്കാർ തന്നെ അല്ലേ ചെങ്കോട്ടയിൽ കയറിയതും, വാളും ട്രാക്ടറുമായി ഡൽഹി റോഡുകളിൽ പ്രതിഷേധത്തിൻ്റെ പേരിൽ തോന്നിവാസം കാണിച്ച് കൂട്ടിയതും? അപ്പോ നിങ്ങൾ ആരെയാണ് പിന്തുണയ്ക്കുന്നത്? ഈ സംഭവങ്ങളിൽ ഒക്കെ കർഷകർ എവിടെ? ഒരു പച്ചയായ കർഷകനെ കണ്ടിട്ടുള്ള ആരും തന്നെ ഈ സംഭവങ്ങൾ ഒന്നും വിശ്വസിക്കില്ല. പഞ്ചാബിലും ഹരിയാനയിലും ഉള്ള കർഷകർ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഗുണ്ടകൾക്ക് മാത്രമാണ് ഈ ഒരു നിയമം കൊണ്ട് പ്രശ്നം ഉണ്ടായിരിക്കുന്നത്. മറ്റാർക്കും ഇല്ല. പല സംസ്ഥാനങ്ങളിലും ചെറിയ പ്രതിഷേധങ്ങൾ ഉണ്ടായെങ്കിലും മീഡിയ കാണിക്കുന്ന രീതിയിൽ ഒരു പ്രശ്നങ്ങളും എവിടെയും ഉണ്ടായിട്ടില്ല. പിന്നെ ആരാണ് ഈ പ്രശ്നങ്ങൾക്ക് പിന്നിൽ? ഇതൊക്കെ ഒരു സാമാന്യ ബുദ്ധിയില് തോന്നുന്ന കാര്യങ്ങളല്ലേ?
പ്രധാനമായും നമ്മൾ മനസ്സിലാക്കേണ്ട ഒന്നുണ്ട്. ഇടതുപക്ഷ മനുഷ്യ സ്നേഹികൾ പറഞ്ഞ് ഉണ്ടാക്കുന്ന അത്രയും മനുഷ്യ സ്നേഹം ഒന്നും മറ്റ് ഒരു രാജ്യക്കാർക്കും ഇന്ത്യയോട് ഇല്ല. പൈസ കൊടുത്താൽ രണ്ട് വാക്ക് ട്വീറ്റ് ചെയ്യും എന്നല്ലാതെ നമ്മളെ നന്നാക്കിയും നമുക്ക് വേണ്ടി ശബ്ദം ഉയർത്തിയും അവർക്ക് ഒന്നും കിട്ടാനില്ല. ഈ കപട മനുഷ്യാവകാശ പ്രോപ്പഗണ്ടയിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണ്.