മുഖ്യമന്ത്രിക്കൊരു തുറന്ന കത്ത്

0

സര്‍,

ജമ്മുവിലെ ആസിഫ എന്ന പെണ്‍കുട്ടിക്കുണ്ടായ ദുരനുഭവത്തെ തുടര്‍ന്ന് നവമാധ്യമങ്ങളില്‍ ആ കുഞ്ഞിന്‍റെ മതവും, കുറ്റാരോപിതരുടെ മതവും രാഷ്ട്രീയ അനുഭാവവും ചേര്‍ത്ത് പടച്ചുവിട്ട പ്രചരണങ്ങള്‍ ഇങ്ങ് കേരളത്തില്‍, പ്രത്യേകിച്ച് മലബാറില്‍, ഉണ്ടാക്കിയ കലാപതുല്യമായ അവസ്ഥയുടെ ഗൗരവമാണ് ഈ കത്തിന് പ്രേരണ.

ആദ്യമായി താങ്കള്‍ ഫെയ്സ്ബുക്കില്‍ ഇട്ട ആ പോസ്റ്റ്‌. ഒരു രാഷ്ട്രീയ നേതാവ് എന്ന നിലയില്‍ അത് ന്യായീകരിക്കാന്‍ കഴിഞ്ഞേക്കാം. പക്ഷെ ഒരു നാടിന്‍റെ അധിപന്‍ എന്ന നിലയില്‍ താങ്കള്‍ ചെയ്യാന്‍ പാടില്ലാത്ത ഒന്നായിരുന്നു അത്; മുഖ്യമന്ത്രി എന്ന പദത്തില്‍ ഇരുന്നുകൊണ്ട് ഒരു സംസ്ഥാനത്തെ നേതാവും ചെയ്യാന്‍ പാടില്ലാത്തത്. ആ പോസ്റ്റില്‍ കുട്ടിയുടെ പേരിന്‍റെ കൂടെ, മുഖ്യധാരാ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ വസ്തുതകള്‍ക്ക് നിരക്കുന്നതാണോ എന്ന് ഉറപ്പുവരുത്താതെ, മതസ്പര്‍ദ്ധ വളര്‍ത്താന്‍ സാധ്യതയുള്ളതാണ് എന്ന് പ്രത്യക്ഷത്തില്‍ മനസ്സിലാവുന്ന പരാമര്‍ശങ്ങള്‍ ഉള്‍പെടുത്തിയത് മലബാറില്‍ നടന്ന അഴിഞ്ഞാട്ടത്തിനുള്ള ലൈസന്‍സ് ആയി. രാജ്യത്തെ ഒരു മുഖ്യമന്ത്രിയും ഇത് വരെ ഇത്തരം സെന്‍സിറ്റിവ് വിഷയത്തില്‍ ഫെയ്സ്ബുക് പോസ്റ്റ്‌ ഇട്ടതായി കണ്ടിട്ടില്ല.

അസിഫയുടെ വാര്‍ത്ത‍ പുറത്ത് വന്നതിനു പിന്നാലെ അന്തര്‍ദേശീയ മാധ്യമങ്ങളിലെ തലക്കെട്ടുകള്‍ കണ്ടാല്‍ അറിയാം അതിന്‍റെ ഗൌരവം.
The Washington Post: ‘An 8-year-old’s rape and murder inflames tensions between Hindus and Muslims in India
CBS News: ‘Young girl’s brutal rape and murder highlights a religious divide’
The New York Times: ‘An 8-yr-old’s rape and killing fuels religious tensions in india’

ഈ തലക്കെട്ടുകള്‍ എല്ലാം വന്നത് മലബാറില്‍ നടന്ന അക്രമങ്ങള്‍ക്ക് മുന്‍പാണ്. ഈ വാര്‍ത്തകള്‍ വായിച്ചിരുന്നെങ്കില്‍ താങ്കള്‍ ആ ഫെയ്സ്ബുക് പോസ്റ്റ്‌ ഇടില്ലായിരുന്നു. പോട്ടെ, ഇന്‍റെലിജെന്‍സ് കയ്യാളുന്നത് ആഭ്യന്തരമന്ത്രികൂടിയായ താങ്കളല്ലേ? സമൂഹ മാധ്യമങ്ങളില്‍ വരുന്ന പ്രചാരണങ്ങള്‍ കൊണ്ട് മാത്രം ഇത്തരം അക്രമങ്ങള്‍ അരങ്ങേറാം എന്നിരിക്കെ, മുഖ്യമന്ത്രിയായ താങ്കള്‍ എരിതീയില്‍ എണ്ണയോഴിക്കുന്ന ആ പോസ്റ്റ്‌ ഇട്ടത് വലിയ തെറ്റായിപ്പോയി. ഒരു മതവിഭാഗത്തില്‍ പെട്ട കുറേപേര്‍ മറ്റൊരു വിഭാഗം ജനങ്ങളെയും, വാഹനങ്ങളെയും, സ്ഥാപനങ്ങളേയും ടാര്‍ഗറ്റ് ചെയ്തത് ഇത്തരം പ്രചരണങ്ങളുടെ പരിണിതഫലമായാണ്. കാസര്‍ഗോഡിലെ പോലീസുകാരെ തക്ബീര്‍ മുഴക്കി വിരട്ടി ഓടിക്കുന്ന ഒരുകൂട്ടം യുവാക്കളുടെ വീഡിയോ ഇന്‍റ്റെലിജെന്‍സ് മേധാവി താങ്കളെ കാണിച്ചിരിക്കും എന്ന് കരുതുന്നു. ഇല്ലെങ്കില്‍ അതൊന്നു കാണണം. തക്ബീര്‍ മുഴക്കുന്നത് ഏത് വിഭാഗത്തില്‍പെട്ട ആളുകളാണെന്ന് ഇന്‍റ്റെലിജെന്‍സ് മേധാവി പറയാതെതന്നെ താങ്കള്‍ക്കറിയാം. പോസ്റ്റ്‌ ഇട്ടത് ഒരു എട്ടുവയസ്സുകാരിയുടെ അവസ്ഥയില്‍ മനം നൊന്താണ് എന്നാണ് വാദമെങ്കില്‍, അതുപോലൊരു കുഞ്ഞ് കേരളത്തിലുള്ളത് എന്തെ താങ്കള്‍ കണ്ടില്ല? താങ്കളുടെ പോലീസ് ആളുമാറി തല്ലിക്കൊന്ന ഒരു പാവം യുവാവിന്‍റെ ആ കുഞ്ഞിന് എത്ര വയസ്സാണെന്ന് അന്വേഷിച്ചോ?

ഇനി ഇതുമായി ബന്ധപ്പെട്ട മറ്റൊരു കാര്യം. മോദിക്ക് വോട്ട് ചെയ്ത മുപ്പത്തൊന്നു ശതമാനത്തെ വെടിവച്ചു കൊല്ലണം എന്നൊരാള്‍ പറഞ്ഞപ്പോള്‍ അയാളെ പിന്താങ്ങിയ താങ്കളുടെ മന്ത്രിയെ എന്തേ ശാസിച്ചില്ല? അതോ അതെ അഭിപ്രായമാണോ താങ്കള്‍ക്കും? തീവ്രവാദ കുറ്റത്തിന് വിചാരണ നേരിടുന്ന ഒരാളെ പരസ്യമായി വൈദ്യസഹായം നല്‍കാന്‍ താങ്കള്‍ കാണിക്കുന്ന ഔത്സുക്യവും ശെരിയായ സന്ദേശമാണ് അത്തരം മനോഭാവം വച്ചു പുലര്‍ത്തുന്നവര്‍ക്ക് നല്‍കുന്നത് എന്ന് താങ്കള്‍ ചിന്തിച്ചിട്ടുണ്ടോ? അടുത്തിടെ താങ്കളുടെ മറ്റൊരു മന്ത്രി ഇയാളെ ആസ്പത്രിയില്‍ പോയി സന്ദര്‍ശിച്ച് ‘സഹായം’ വാഗ്ദാനം ചെയ്തിരിക്കുന്നു. ISIS എന്ന ഭീകരവാദ സംഘടനയില്‍ ചേര്‍ന്ന് സിറിയയില്‍ പോയി യുദ്ധം ചെയ്യാന്‍ പോയവരില്‍ എത്ര മലയാളികള്‍ ഉണ്ട്? പോകാന്‍ സാധിച്ചത് നൂറോളം പേര്‍ക്കെങ്കില്‍, ആ മനോഭാവം വച്ചുകൊണ്ട് നാട്ടില്‍ തന്നെ ജീവിക്കുന്ന എത്ര പേര്‍ കാണും? അത്തരക്കാര്‍ക്ക് താങ്കളും മേല്പറഞ്ഞ മന്ത്രിമാരും നല്‍കുന്ന സന്ദേശം എന്താണ്? മതത്തിന്‍റെ പേരിലാണ് ഹര്യാനയിലെ ഒരു യുവാവിനെ കൊന്നത് എന്ന് പ്രഖ്യാപിച്ച് ആ കുടുംബത്തിനു പത്തു ലക്ഷം രൂപ കൊടുത്തു താങ്കള്‍. ആ കേസില്‍ പഞ്ചാബ് & ഹര്യാന കോടതിയുടെ വിധി ഉപദേശികള്‍ അറിയിച്ചോ? സീറ്റ്‌ തര്‍ക്കമാണ് യഥാർത്ഥ കാരണം എന്ന്? പാര്‍ട്ടിയെ വളര്‍ത്താന്‍ ചെയ്യുന്ന ഇത്തരം കാര്യങ്ങള്‍ പക്ഷെ നാടിന്‍റെ പോതുബോധത്തെയും സമാധാന അന്തരിക്ഷത്തെയും എങ്ങനെ ബാധിക്കുമെന്ന ചിന്ത ഒരു മുഖ്യമന്ത്രിക്ക് വേണ്ടേ? സ്വന്തം നാട്ടില്‍ താങ്കളുടെ പോലീസ് അതിക്രമത്തില്‍ മരിച്ച ഒരാളെ പറ്റി ഒരക്ഷരം മിണ്ടാത്ത താങ്കള്‍ക്ക് അന്യസംസ്ധാനങ്ങളിലെ അക്രമങ്ങള്‍ മാത്രം പ്രിയങ്കരമാവുന്നത് എന്തുകൊണ്ടാണ്? ഇതാണോ ഒരു സഖാവിന്‍റെ മതനിരപേക്ഷത? ജനങ്ങളെ വോട്ടിനുവേണ്ടി പലതട്ടില്‍ നിര്‍ത്തി പല തരം നീതി വിളമ്പിയല്ല ഒരാളും ജനസമ്മതന്‍ ആയിട്ടുള്ളത്.

ഇനി മലബാറിലെ ഈ അക്രമത്തിന് ശേഷം നാട്ടില്‍ രൂപപെട്ടിട്ടുള്ള അവസ്ഥ കാണാം. ഇതുവരെ കാസര്‍ഗോഡില്‍ മാത്രമേ കശ്മീരിലെ പോലെ പോലീസിനെ ആക്രമിക്കുന്ന, കല്ലെറിയുന്ന പോലുള്ള അക്രമങ്ങള്‍ ഉണ്ടായിരുന്നുള്ളൂ. കഴിഞ്ഞ വര്‍ഷം ഹൈ കോടതിക്കുമുന്‍പില്‍ പോലീസ് വാഹനത്തിനു മുകളില്‍ കയറിനിന്ന് ചിലര്‍ ഉയര്‍ത്തിയ തക്ബീര്‍ വിളികള്‍ ഒഴിച്ചാല്‍. അത് മാറി, ഏതാണ്ട് മലബാര്‍ മുഴുവന്‍ ആ സ്ഥിതിയായി. മറ്റുജില്ലകളെ അപേക്ഷിച്ച് ഭൂരിപക്ഷ-ന്യൂനപക്ഷ അനുപാതത്തില്‍ വ്യത്യാസമുള്ള മലപ്പുറത്താണ് കൂടുതല്‍ അക്രമം ഉണ്ടായതെന്നത് ഈ അവസ്ഥയുടെ ഭീകരത കൂട്ടുന്നു.

ഇതൊന്നും ഒരു മുഖ്യമന്ത്രിക്ക് ജനങ്ങള്‍ പറഞ്ഞുതരേണ്ടതില്ല. നവമാധ്യമങ്ങളുടെ ഇക്കാലത്ത് ആരെന്തു പറയുന്നു, എന്ത് ചിന്തിക്കുന്നു എന്നറിയാന്‍ ഇന്‍ടെലിജെന്‍സിന്‍റെ ഇന്‍പുട് വേണമെന്നില്ല. സാമൂഹികമായ വലിയൊരു ചേരിതിരിവിനാണ് നിങ്ങളുടെ ചില നിശബ്ദതകളും ചില വാചാലതയും ഹേതുവാവുന്നത്. ഈ വൈകിയ വേളയിലെങ്കിലും, രാജ്യത്തെ അവസാനത്തെ കമ്മ്യൂണിസ്റ്റ്‌ സര്‍ക്കാര്‍ എന്ന ദുഷ്പേര് കേള്‍ക്കാതിരിക്കാന്‍ എങ്കിലും പക്ഷപാതം ഇല്ലാതെ നാട്ടില്‍ നീതി നടപ്പാകാന്‍ ശ്രമിയ്ക്കണം. അല്ലെങ്കില്‍ ഭാരതത്തിലെ അവസാന കമ്മ്യൂണിസ്റ്റ്‌ മുഖ്യനെന്ന ദുഷ്പേര് നേടാന്‍ തയ്യറായിക്കോളൂ.

എന്ന്
ഒരു മലയാളി

LEAVE A REPLY

Please enter your comment!
Please enter your name here