സെന്‍ട്രല്‍ വിസ്ത നിര്‍മാണം തടസ്സപ്പെടുത്തുമ്പോള്‍

ബ്രിട്ടീഷ് സിവില്‍ എഞ്ചിനീയര്‍ സര്‍ എഡ് വിന്‍ ലാന്‍ഡ്‌സീര്‍ ലട്വിയന്‍സ് രൂപകല്‍പന ചെയ്ത ഡെല്‍ഹിയുടെ ഭരണ സിരാകേന്ദ്രത്തിന്റെ മുഖച്ഛായ മാറുന്നത് ഒരു ചെറിയ ശതമാനത്തെ അലോസരപ്പെടുത്തുന്നുണ്ട്.

രാഷ്ട്രപതി ഭവന്‍ മുതല്‍ ഇന്ത്യാഗേറ്റ് വരെയുള്ള രാജ്പഥ്, പാര്‍ലമെന്റ് മന്ദിരം, സെന്‍ട്രല്‍ സെക്രട്ടറിയേറ്റ് നോര്‍ത്ത് സൗത്ത് മന്ദിരങ്ങള്‍, കൂടെ ഉപരാഷ്ട്രപതിയുടേയും പ്രധാനമന്ത്രിയുടേയും ഔദ്യോഗിക വസതികള്‍ ഇവയെല്ലാം പുതുക്കിപ്പണിയാന്‍ 2019 ല്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിട്ടപ്പോള്‍ മുതല്‍ പ്രതിപക്ഷമായ കോണ്‍ഗ്രസും ചില മാധ്യമങ്ങളും ഇതിനെതിരെ രംഗത്ത് വന്നിരുന്നു.

സെന്‍ട്രല്‍ വിസ്ത എന്ന പേരിട്ടിരിക്കുന്ന പദ്ധതി പൂര്‍ത്തിയായി കാണാതിരിക്കാന്‍ കോണ്‍ഗ്രസ് തുടക്കത്തിലെ ശ്രമം തുടങ്ങി. 20,000 കോടി രൂപയുടെ പദ്ധതി എന്നാണ് ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നത്. കേന്ദ്ര സര്‍ക്കാര്‍ പണം ധൂര്‍ത്തടിക്കുന്നു എന്ന ഒരു ധാരണ സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം.

പിന്നീട്. ഇതിന്റെ പ്ലാനിംഗ് കണ്‍സള്‍ട്ടന്‍സി കരാര്‍ ഗുജറാത്തി കമ്പനിക്ക് നല്‍കിയതായി അടുത്ത വിഷയം. ബിജെപിയുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് പ്ലാന്‍ ചെയ്തവര്‍ക്കാണ് ഇതും ലഭിച്ചതെന്ന ആക്ഷേപം.

ഗുജറാത്തിലെ സബര്‍മതി റിവന്‍ഫ്രണ്ട് പദ്ധതിയും. ഗുജറാത്ത് സെക്രട്ടറിയേറ്റും , മോദിയുടെ മണ്ഡലമായ വാരണാസിയിലെ കാശി വിശ്വനാഥ ഹെറിറ്റേജ് സൈറ്റിന്റെ രൂപകല്പനയും ഇവര്‍ക്കു തന്നെയാണ് ലഭിച്ചത്.

കണ്‍സള്‍ട്ടന്‍സി കരാറും സെന്‍ട്രല്‍ വിസ്ത പദ്ധതിയും എല്ലാം ഓപണ്‍ ടെണ്ടറിലാണ് നടന്നത്. മറ്റുള്ളവരേക്കാള്‍ കുറഞ്ഞ തുകയാണ് ബിഡ് അവാര്‍ഡ് ചെയ്യാന്‍ അടിസ്ഥാനം.

സെന്‍ട്രല്‍ വിസ്ത പദ്ധതിയിലെ പ്രധാന പ്രൊജക്ടുകളായ പാര്‍ലമെന്റ് മന്ദിരം, രാജ് പഥ് പുനര്‍നിര്‍മാണം, ഇരു വശങ്ങളിലുമുള്ള കെട്ടിടങ്ങളുടെ ഡിമൊലീഷന്‍, ലാന്‍ഡ് സ്‌കേപിംഗ്. അണ്ടര്‍ പാസുകള്‍, അണ്ടര്‍ ഗ്രൗണ്ട് കാര്‍പാര്‍ക്കിംഗ് എന്നിവ 477.08 കോടി രൂപയ്ക്കാണ് കരാറായത്. പ്രമുഖ ബില്‍ഡേഴ്‌സായ ഷപൂര്‍ജി പലൊന്‍ജി ഗ്രൂപ്പിന് ലഭിച്ചത്. ടാറ്റ ഗ്രൂപ്പിന്റെ 488.78 കോടിയും ഐടിഡി സിമെന്റേഷന്‍ 490.59 കോടിയും എന്‍സിസി ലിമിറ്റഡിന്റെ 601.46 കോടിയും ബിഡ്ഡില്‍ ഉണ്ടായിരുന്നു. കേന്ദ്രസര്‍ക്കാര്‍ എസ്റ്റിമേറ്റ് ചെയ്തിരുന്നതിനേക്കാള്‍ 4.99 ശതമാനം കുറവിലാണ് നിലവില്‍ കരാറായിരിക്കുന്നത്.

നേരത്തെ, പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണം ടാറ്റാ പ്രൊജക്ട്‌സിനാണ് ലഭിച്ചത്. 940 കോടി രൂപ എസ്റ്റിമേറ്റിട്ട് കേന്ദ്ര പിഡബ്ല്യൂഡി തയ്യാറാക്കിയ പദ്ധതിയുടെ കരാര്‍ ടാറ്റാ ഗ്രൂപ്പ് 861.90 കോടി രൂപയ്ക്കാണ് നേടിയത്. പ്രമുഖ കണ്‍സ്ട്രക്ഷന്‍ കമ്പനിയായ ലാര്‍സന്‍ ആന്‍ഡ് ടൂബ്രൊയുടെ 865 കോടിയുടെ ബിഡ്ഡിനെ പിന്തള്ളിയാണ് ടാറ്റ കരാര്‍ സ്വന്തമാക്കിയത്.

പാര്‍ലമെന്റ് മന്ദിരം, രാജ്പഥ് എന്നിവയ്‌ക്കൊപ്പം പ്രധാനമന്ത്രിയുടേയും ഉപരാഷ്ട്രപതിയുടേയും ഔദ്യോഗിക വസതികളുടെ നിര്‍മാണവും ഇതിനൊപ്പം നടത്തും. പ്രധാനമന്ത്രിയുടെ ഓഫീസിനോട് ചേര്‍ന്നാകും പുതിയ വസതിയുടെ നിര്‍മാണം. ഒപ്പം സുരക്ഷാ ജീവനക്കാരുടേയും ഓഫീസ് സ്റ്റാഫുകളുടെയും മന്ദിരങ്ങളും ഇതിനൊപ്പം തന്നെ നിര്‍മിക്കും. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി സമുച്ചയത്തില്‍ നാലു നിലകളുള്ള പത്തോളം കെട്ടിടങ്ങളാണ് ഉണ്ടാകുക.

ഉപരാഷ്ട്രപതിയുടെ പുതിയ താമസ സ്ഥലം രാഷ്ട്രപതി ഭവനോട് ചേര്‍ന്നാകും നിര്‍മിക്കുക. ഡെല്‍ഹി നഗരത്തിലെ സൈ്വര്യജീവിതത്തെ തടസ്സപ്പെടുത്താതെ ഭരണസിരാ കേന്ദ്രത്തിന് പ്രവര്‍ത്തിക്കാനാകുക എന്ന ലക്ഷ്യമാണ് ഈ പദ്ധതിയുടെ പ്രഥമ ലക്ഷ്യം.

പാര്‍ലമെന്റ് മന്ദിരവും സെന്‍ട്രല്‍ സെക്രട്ടറിയേറ്റും എല്ലാം ഒരേ ചുറ്റളവില്‍ തന്നെ സജ്ജമാകും. ഹൈ സെക്യൂരിറ്റി സോണായി നിലകൊള്ളുകയും ചെയ്യും.

ഇതിനെല്ലാം കൂടി ചെലവു വരുന്നത് എത്രയെന്ന് ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തുപറഞ്ഞിട്ടില്ല. 1300 പേര്‍ക്ക് ഇരിപ്പടവും സംയുക്ത സഭയ്ക്ക് സെന്‍ട്രല്‍ ഹാളും ലൈബ്രറി, മള്‍ട്ടി പര്‍പസ് ഹാളുകള്‍, കോണ്‍ഫറന്‍സ് റൂമുകള്‍, ഓരോ എംപിക്കും സ്വന്തം ഓഫീസുകളും എല്ലാം ചേര്‍ന്ന പാര്‍ലമെന്റ് മന്ദിരത്തിന് 862 കോടി രൂപ മാത്രം ആകുമ്പോള്‍ സെന്‍ട്രല്‍ വിസ്ത പദ്ധതിക്ക് 20000 കോടി രുപ എന്നൊക്കെ എഴുതിവിടുന്ന മാധ്യമങ്ങളെ കുറിച്ച് എന്തു പറയാന്‍.

പുറത്തുവന്ന രണ്ട് കരാറുകള്‍ അനുസരിച്ച് 1300 കോടി രൂപയാണ് ചെലവ്. ഇനിയുള്ളത് സെന്‍ട്രല്‍ സെക്രട്ടറിയേറ്റും പ്രധാനമന്ത്രിയുടേയും ഉപരാഷ്ട്രപതിയുടേയും വസതികളാണ് ഇതിനെല്ലാം കൂടി ആറായിരം കോടി രൂപയാകും വരുക എന്നാണ് സിവില്‍ എഞ്ചിനീയറിംഗ് മേഖലയിലെ വിദഗ്ദ്ധര്‍ പറയുന്നത്.

ഗുജറാത്തി കമ്പനിയായ എച്ച്‌സിപി ഡിസൈന്‍സിന് കണ്‍സള്‍ട്ടന്‍സി ഫീസായി 229 കോടി രൂപയാണ് നല്‍കുക.

നേരത്തെ, 448 കോടി രൂപയാണ് സിപിഡബ്ല്യു ഈ ഇനത്തില്‍ കണക്കാക്കിയിരുന്നത്. പദ്ധതിയുടെ മൊത്തം തുകയുടെ മൂന്നു ശതമാനമാണ് കണ്‍സള്‍ട്ടടന്‍സി ഫീസായി നല്‍കുക എന്നതിനാല്‍, സെന്‍ട്രല്‍ വിസ്ത പദ്ധതിക്ക് ആകെ വരുന്ന ചെലവ് ഏഴായിരം കോടി രൂപയാകുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

1998 ല്‍ കേരളത്തില്‍ നിര്‍മാണം പൂര്‍ത്തിയ പുതിയ നിയമസഭാ മന്ദിരത്തിന്റെ ചെലവ് പോലും 900 കോടി രൂപയിലധികം വന്നിരുന്നു. 74 550 ചതുരശ്ര മീറ്ററാണ് തറവിസ്തീര്‍ണം.
എന്നാല്‍, പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ തറവിസ്തീര്‍ണം 64 500 ചതുരശ്രമീറ്റര്‍ മാത്രമാണ്. 22 വര്‍ഷം മുമ്പ് പൂര്‍ത്തിയായ കേരളത്തിന്റെ നിയമസഭാ മന്ദിരത്തിന് ചെലവായ തുകയോളം പോലും പണത്തിന്റെ മൂല്യശോഷണവും വിലക്കയറ്റവും എല്ലാം വന്ന ശേഷവും കേന്ദ്ര സര്‍ക്കാരിന്റെ പാര്‍ലമെന്റ് മന്ദിരത്തിന് ആവുന്നില്ലന്നത് കേരളസര്‍ക്കാരിന്റേയും പിഡബ്ല്യൂഡി വകുപ്പിന്റേയും കെടുകാര്യസ്ഥതയും അഴിമതിയുടേയും ധൂര്‍ത്തിന്റേയും മകുടോദാഹരണമായി ചൂണ്ടിക്കാട്ടാനാകും.

140 ജനപ്രതിനിധികളുള്ള നിയമസഭയില്‍ 180 സീറ്റുകളാണ് സജ്ജമായിട്ടുള്ളത്. ഒരോ ഇരിപ്പടവും രണ്ട് വീതം അംഗങ്ങള്‍ക്ക് കൈപ്പാടകലം വെച്ച് സജ്ജീകരിച്ചിരിക്കുന്നു. ഒരോ നിരയും തമ്മില്‍ മുന്നിലെ ഡെസ്‌കിന്റെയും കൂടി ചേര്‍ത്ത അകലം.

എന്നാല്‍, പാര്‍ലമെന്റ് ഹാളിലാകട്ടെ ആദ്യ രണ്ട് നിരയില്‍ മാത്രമേ ഡെസ്‌ക് ഉള്ളു. ഒരോ ബെഞ്ചിലും അഞ്ചും ആറും പേര്‍ തിങ്ങിഇരിക്കുന്നു. ഇടയില്‍ ഇരിക്കുന്ന ആളിന് പ്രാഥമ്യകൃത്യ നിര്‍വഹണത്തിനോ മറ്റോ പോകാന്‍ ഒരു വശത്തുള്ള മുന്നു പേരെങ്കിലും എഴുന്നേറ്റ് മാറണമെന്ന അവസ്ഥ.

സ്‌കൂളുകളില്‍ പോലും ബെഞ്ചും ഡെസ്‌കും സമ്പ്രദായം മാറി കസേരയും ടേബിളും എന്ന നിലവന്നു കഴിഞ്ഞു. കോവിഡും സാമൂഹിക അകലവും ഒക്കെ പാലിച്ച് ഇരിക്കേണ്ട ഇന്നത്തെ സാഹചര്യത്തില്‍ അടിയന്തരമായി പുതിയ പാര്‍ലമെന്റ് മന്ദിരം പൂര്‍ത്തിയാക്കുക തന്നെ വേണം.

ഇതു കൂടാതെ, 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പ് ഡിലിമിറ്റേഷന്‍ നടപ്പിലാക്കാനും സാധ്യതയുണ്ട്. 2021 ലെ സെന്‍സസ് അനുസരിച്ച് ജനപ്രതിനിധികളുടെ എണ്ണത്തിലും വര്‍ദ്ധനവ് ഉണ്ടാകും. ഇതനുസരിച്ച് പുതിയയതായി വരുന്ന എംപിമാരുടെ ഇരിപ്പടവും സജ്ജീകരിക്കേണ്ടതായിട്ടുണ്ട്. 1971 ലെ സെന്‍സസ് അനുസരിച്ചാണ് 543 അംഗങ്ങള്‍ ലോക്‌സഭയിലേക്ക് എത്തുന്നത്. ഇനി അത് 800 ആയി ഉയരാനാണ് സാധ്യത.

നിലവില്‍ തന്നെ അംഗങ്ങളെ ഉള്‍ക്കൊള്ളാന്‍ പാര്‍ലമെന്റ് ഹാളിന് കഴിയുന്നില്ല. എംപിമാര്‍ക്ക് ഓഫീസും ഇല്ല. കോവിഡ് വന്ന ശേഷം നടന്ന പാര്‍ലമെന്റ് യോഗങ്ങളില്‍ സാമൂഹിക അകലം പാലിച്ചാണ് അംഗങ്ങള്‍ക്ക് ഇരിപ്പടം സജ്ജമാക്കിയത്. ഇക്കാരണത്താല്‍ പല അംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കായി നീക്കിവെച്ച ഗാലറികളിലാണ് ഇരിപ്പടം ലഭിച്ചത്.

രാജ്യസഭയിലേക്കും ആനുപാതികമായി അംഗ സംഖ്യ വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഇതോടെ സംയുക്ത സമ്മേളനത്തിന് ഇരിക്കാനും നിലവിലെ മന്ദിരത്തില്‍ സ്ഥലമില്ലാതാകും.

2022 ജനുവരി 26 ലെ റിപ്പബ്ലിക് ദിന പരേഡിന് തയ്യാറാകും വിധമാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മൂന്നു ഷിഫ്ടുകളിലായി 24 മണിക്കൂറും നടക്കുന്നത്. കോവിഡ് കാരണം ലോക്ഡൗണ്‍ വരുന്നതിനാലാണ് അടിയന്തര സേവനമായി സെന്‍ട്രല്‍ വിസ്ത പദ്ധതിക്ക് അനുമതി കൊടുത്തത്.

ഇതിനുള്ള പണമെല്ലാം കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ നീക്കിവെയ്ക്കുകയും ചെയ്തു കഴിഞ്ഞു. പദ്ധതിയ്ക്ക് കാലതാമസം വന്നാല്‍, നിലവിലെ എസ്റ്റിമേറ്റിനും മുകളിലേക്ക് തുക ഉയരുകയും പദ്ധതി അവതാളത്തിലാകുകയും ചെയ്യും.

കോവിഡ് മൂലം ഉണ്ടാകുന്ന ലോക്ഡൗണ്‍ കാലത്തു പോലും ആയിരക്കണക്കിന് തൊഴിലാളികള്‍ക്കും നിര്‍മാണ മേഖലയില്‍ ജോലി ലഭിക്കുന്ന കാര്യവുമാണ്. ഇതിനെല്ലാം തടയിടാനാണ് ചിലര്‍ സുപ്രീം കോടതിയെ സമീപിക്കുന്നത്.

കഴിഞ്ഞ ഡിസംബറിലും സമാന ആവശ്യവുമായി ഇരുപതോളം സംഘടനകളും വ്യക്തികളും പലകാരണങ്ങള്‍ പറഞ്ഞ് സെന്‍ട്രല്‍ വിസ്ത പദ്ധതി നിര്‍ത്തിവെയ്പ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു. ജനുവരിയില്‍ സുപ്രീം കോടതി ഇതെല്ലാം തള്ളി കേന്ദ്രത്തിന് അനുമതി നല്‍കുകയായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കെട്ടിടങ്ങളുടെ വാടക ഇനത്തില്‍ മാത്രം { പ്രതിവര്‍ഷം ചെലവാകുന്ന ആയിരം കോടിയിലധികം രൂപയാണ് സെന്‍ട്രല്‍ വിസ്ത പദ്ധതി പൂര്‍ത്തിയാകുന്നതോടെ ലാഭമാകുന്നതെന്ന് തിരിച്ചറിഞ്ഞാണ് സുപ്രീം കോടതി പൊതുതാല്‍പര്യ ഹര്‍ജികള്‍ തള്ളിയത്.

ഇപ്പോള്‍ വീണ്ടും ചിലര്‍ സുപ്രീം കോടതിയെ സമീപിച്ചതിനു പിന്നില്‍ രാജ്യത്തിന്റെ വികസനത്തെ തടസ്സപ്പെടുത്തുവാനും സല്‍പ്പേരിന് കളങ്കം വരുത്താനുമായി ഇറങ്ങിത്തിരിച്ചവര്‍ തന്നെയാണ്.

സെന്‍ട്രല്‍ വിസ്ത പദ്ധതിക്ക് അടിയന്തര സാഹചര്യമില്ലെന്നും ഈ പണം ചെലവഴിച്ച് കോവിഡ് പ്രതിരോധം നടത്താനുമാണ് കോണ്‍ഗ്രസും ഇതര പ്രതിപക്ഷ പാര്‍ട്ടികളും പറയുന്നത്.

പണത്തിന്റെ അപര്യാപ്ത മൂലം രാജ്യത്തിന്റെ കോവിഡ് പ്രതിരോധത്തിന് യാതൊരു തടസ്സവും നേരിടുന്നില്ലെന്ന് അറിയാത്തവരല്ല ഇക്കൂട്ടര്‍. പ്രധാനമന്ത്രിയുടെ പുതിയ ഔദ്യോഗിക വസതിയും പദ്ധതിയുടെ ഭാഗമാണ്. പാര്‍ലമെന്റ് മന്ദിരവും രാജ്പഥും മറ്റും അടിയന്തര സേവനത്തിന്റെ ഭാഗമായതിനാല്‍ ഇതിനൊപ്പമുള്ള പദ്ധതിയും ഉള്‍പ്പെട്ടുവെന്നു മാത്രം.

പ്രധാനമന്ത്രിയുടെ പുതിയ വസതി മോദിയുടെ സ്വന്തം ബംഗ്ലാവാണെന്ന് ധരിച്ചവരാണ് ഇക്കൂട്ടര്‍. പ്രധാനമന്ത്രിയും രാഷ്ട്രപതിയും സഞ്ചരിക്കുന്ന എയര്‍ ഇന്ത്യ വണ്‍ വിമാനം പുതിയതായി പ്രതിരോധ സംവിധാനത്തോടെ വാങ്ങിച്ചപ്പോഴും ഇക്കൂട്ടര്‍ വലിയ തോതില്‍ ഒച്ചെവച്ചിരുന്നു.

ഇതും മോദിയുടെ സ്വന്തം വിമാനമാണെന്ന ധാരണയിലായിരുന്നു ആക്ഷേപവും വിര്‍ശനവും. ഭാവിയില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി ആരുവന്നാലും ഈ സംവിധാനം അവര്‍ക്കും ഉപയോഗിക്കാം. കാലാവധി കഴിഞ്ഞ് പോകുമ്പോള്‍ അദ്ദേഹം ഒന്നും തന്നെ കൂടെ കൊണ്ടുപോകാറില്ലെന്നത്, പതിനഞ്ചു വര്‍ഷത്തിലധികം ഗുജറാത്ത് മുഖ്യമന്ത്രിയായി സേവനം അനുഷ്ഠിച്ച ശേഷം അഹമദാബാദിനോട് യാത്ര ചൊല്ലിയ നേരത്ത് തന്റെ കൈവശമുണ്ടായിരുന്ന എല്ലാ ഉപഹാരങ്ങളും ലേലം ചെയ്ത് കിട്ടിയ തുക സെക്രട്ടറിയേറ്റിലെ ജീവനാക്കാര്‍ക്കും തന്റെ ഓഫീസില്‍ ജോലി ചെയ്തവര്‍ക്കും സമ്മാനിച്ചാണ് മോദി മടങ്ങിയതെന്നതും ഇക്കൂട്ടര്‍ ഓര്‍ക്കണം.

1 COMMENT

  1. Must ade conges establishment supporting rent mafia roll and freebee land and building holding gangs aganda also

LEAVE A REPLY

Please enter your comment!
Please enter your name here