പാകിസ്ഥാനിൽ ഹിന്ദുക്കൾക്ക് നേരെ ആക്രമണ പരമ്പര

0

ഇസ്ലാം മതം സ്വീകരിക്കാൻ വിസമ്മതിച്ചതിന് വിവാഹിതയായ പാക്ക് ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു. 

പാകിസ്താനിലെ തെക്കൻ സിന്ധ് പ്രവിശ്യയിൽ നിന്ന് വിവാഹിതയായ ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി മതം മാറാൻ നിർബന്ധിക്കുകയും വിസമ്മതിച്ചതിനെ തുടർന്ന് പെൺകുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു.

 ന്യൂനപക്ഷ സമുദായാംഗങ്ങൾക്കെതിരായ ഇത്തരം അതിക്രമങ്ങളിൽ ഏറ്റവും പുതിയ സംഭവമാണിത്. 

ഉമർകോട്ട് ജില്ലയിലെ സമരോ പട്ടണത്തിൽ വച്ച് താൻ ബലാത്സംഗത്തിനിരയായെന്നും പ്രതികൾക്കെതിരെ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ലെന്നും സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്ത അസ്വസ്ഥജനകമായ വീഡിയോയിൽ പെൺകുട്ടി പറയുന്നു. 

പെൺകുട്ടിയുടെ പരാതിയിൽ പ്രതികൾക്കെതിരെ കേസെടുക്കുന്നതിൽ ഞായറാഴ്ച വരെ മിർപുർഖാസിലെ പോലീസ് പരാജയപ്പെട്ടുവെന്ന് സ്ഥലത്തെ ഒരു ഹിന്ദു പ്രാദേശിക നേതാവ് പരാതിപ്പെട്ടു. 

നേരത്തെ വിവാഹിതയായ പെൺകുട്ടി, തന്നെ തട്ടിക്കൊണ്ടു പോയത് ഇബ്രാഹിം മാൻഗ്രിയോയും പുൻഹോ മാൻഗ്രിയോയും അവരുടെ കൂട്ടാളികളുമാണെന്ന് തന്റെ വീഡിയോയിൽ അവകാശപ്പെടുന്നു. 

തന്നെ ഭീഷണിപ്പെടുത്തുകയും ഇസ്ലാം മതം സ്വീകരിക്കാൻ പറയുകയും ചെയ്തെന്നും എന്നാൽ വിസമ്മതിച്ചപ്പോൾ മൂന്ന് ദിവസത്തോളം ബലാത്സംഗം ചെയ്തെന്നും യുവതി പരാതിയിൽ പറയുന്നു. 

തട്ടിക്കൊണ്ടുപോയവരിൽ നിന്ന് രക്ഷപ്പെട്ടതിന് ശേഷമാണ് താൻ വീട്ടിലേക്ക് മടങ്ങിയതെന്ന് ഇര പറഞ്ഞു. 

താർ, ഉമർകോട്ട്, മിർപുർഖാസ്, ഘോട്ട്കി, ഖൈർപൂർ പ്രദേശങ്ങളിൽ ഹിന്ദു ജനസംഖ്യ കൂടുതലുള്ള സിന്ധിന്റെ ഉൾപ്രദേശങ്ങളിൽ ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി നിർബന്ധിത മതപരിവർത്തനം നടത്തുന്നത് ഒരു പ്രധാന പ്രശ്നമായി മാറിയിരിക്കുന്നു. 

ഹിന്ദു സമുദായാംഗങ്ങളിൽ ഭൂരിഭാഗവും തൊഴിലാളികളാണ്. 

കഴിഞ്ഞ വർഷം ജൂണിൽ കൗമാരക്കാരിയായ ഹിന്ദു പെൺകുട്ടി കരീന കുമാരിയേയും നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കിയെന്നും മുസ്ലിം യുവാവിനെക്കൊണ്ട് വിവാഹം കഴിപ്പിക്കുകയും ചെയ്തുവെന്നും കരീന പരാതിപ്പെട്ടു.

കഴിഞ്ഞ വർഷം മാർച്ചിൽ, സത്രൻ ഓഡ്, കവീത ഭീൽ, അനിത ഭീൽ എന്നീ മൂന്ന് ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ഇസ്ലാം മതം സ്വീകരിക്കുകയും എട്ട് ദിവസത്തിനുള്ളിൽ മുസ്ലീം പുരുഷന്മാരെ കൊണ്ട് വിവാഹം കഴിപ്പിക്കുകയും ചെയ്തു. 

മറ്റൊരു കേസിൽ കഴിഞ്ഞ വർഷം മാർച്ച് 21 ന് സുക്കൂറിലെ റോഹ്രിയിലെ വീടിന് പുറത്ത് പൂജ കുമാരി ക്രൂരമായി വെടിയേറ്റ് മരിച്ചു. 

ഒരു പാകിസ്ഥാനി പുരുഷൻ അവളെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചുവെങ്കിലും അവൾ വിസമ്മതിക്കുകയും അവനും അവന്റെ രണ്ട് കൂട്ടാളികളും കുറച്ച് ദിവസങ്ങൾക്ക് ശേഷം അവൾക്ക് നേരെ വെടിയുതിർക്കുകയും ആണ് ചെയ്തത്. 

കൗമാരപ്രായക്കാരായ പെൺകുട്ടികൾ മാത്രമല്ല, പ്രായമായ ഹിന്ദു സ്ത്രീകളും തട്ടിക്കൊണ്ടുപോകലിനും നിർബന്ധിത മതപരിവർത്തനത്തിനും ഇരയായിട്ടുണ്ട്. 

നാല് കുട്ടികളുടെ അമ്മയായ ഗോറി കോഹ്ലിയെ സിന്ധിലെ ഖിപ്രോയിൽ നിന്ന് തട്ടിക്കൊണ്ടുപോയി, പിന്നീട് അവൾ ഇസ്ലാം മതം സ്വീകരിക്കുകയും തട്ടിക്കൊണ്ടുപോയെന്ന് ആരോപിക്കപ്പെടുന്ന ഐജാസ്, മാരിയെ വിവാഹം കഴിക്കുകയും ചെയ്തു. 

ഓരോ വർഷവും 1000 ത്തിൽ അധികം  ക്രിസ്ത്യൻ, ഹിന്ദു സ്ത്രീകൾ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാകുന്നുവെന്ന് മനുഷ്യാവകാശ പ്രവർത്തകർ അവകാശപ്പെടുന്നു. 

ഇസ്ലാമിക രാജ്യമായ പാകിസ്ഥാനിൽ ന്യൂനപക്ഷ സമുദായങ്ങളായ ഹിന്ദു, ക്രിസ്ത്യൻ, സിഖ് എന്നിവർക്ക് നേരെ മതപരമായ പീഡനങ്ങൾ ഏറി വരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here