പെട്രോള്‍ വില രാജസ്ഥാനില്‍ 101, ഗുജറാത്തിലും യുപിയിലും 85, പഴി കേന്ദ്രത്തിന് !

പെട്രോളിനും ഡീസലിനും വില വര്‍ദ്ധനവിന് കാരണം കേന്ദ്ര സര്‍ക്കാര്‍ ആണെന്ന വിമര്‍ശനമാണ് പൊതുവെ ഉയരുന്നത്. എന്നാല്‍, സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഇതില്‍ നിര്‍ണായക പങ്കുണ്ടെന്നാണ് വസ്തുത. പെട്രോള്‍-ഡീസല്‍ വില വര്‍ദ്ധനവിനെതിരെ കോണ്‍ഗ്രസും സിപിഎമ്മും നടത്തുന്ന വിമര്‍ശനങ്ങളുടെ പൊള്ളത്തരം ഇവര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വില പരിശോധിക്കുമ്പോള്‍ മനസ്സിലാക്കാവുന്നതേയുള്ളു.

കേന്ദ്ര സര്‍ക്കാര്‍ പെട്രോളിനും ഡീസലിനും ആഡീഷണല്‍ എക്‌സൈസ് ഡ്യൂട്ടി പലവട്ടം വര്‍ദ്ധിപ്പിച്ചു എന്നാണ് പരക്കെയുള്ള വിമര്‍ശനം. 2014 നു ശേഷം മോദി സര്‍ക്കാര്‍ പെട്രോളിനു ലിറ്ററിന് 23.78 രൂപയും ഡീസലിന് 28.37 രൂപയും വര്‍ദ്ധിപ്പിച്ചുവെന്നും ഇത് വേണ്ടെന്ന് വെച്ചാല്‍ പെട്രോളും ഡീസലും ലിറ്ററിന് 61 ഉം 47 ഉം രൂപയ്ക്ക് വില്‍ക്കാനാകുമെന്ന് അടുത്തിടെ കോണ്‍ഗ്രസ് വക്താവ് അജയ് മാക്കന്‍ വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടിരുന്നു.

എന്നാല്‍, സംസ്ഥാന സര്‍ക്കാരുകള്‍ വാറ്റ് , സെസ് എന്നിവ വര്‍ദ്ധിപ്പിക്കുന്നത് ഇവര്‍ ബോധപൂര്‍വ്വം മറച്ചുവെയ്ക്കുകയാണ്. കേന്ദ്രം വര്‍ദ്ധിപ്പിക്കുന്ന അഡീഷണല്‍ എക്‌സൈസ് ഡ്യൂട്ടിയുടെ പ്രയോജനം പറ്റുന്ന സംസ്ഥാന സര്‍ക്കാരുകള്‍ അത് വാങ്ങിയ ശേഷമാണ് തങ്ങള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ വീണ്ടും നികുതി വര്‍ദ്ധിപ്പിക്കുന്നത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും ഭരണം കൈയ്യാളുന്ന സംസ്ഥാനങ്ങളില്‍ മുന്നിലാണ്. ബിജെപി ഭരണമുള്ള ഗുജറാത്തിലെ അഹമ്മദാബാദില്‍ പെട്രോള്‍ ഒരു ലിറ്ററിന് ഇന്നത്തെ വില 85.38 രൂപയാണ്. എന്നാല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലെ ശ്രീ ഗംഗാനഗറില്‍ ഒരു ലിറ്റര്‍ പെട്രോള്‍ വി്ല്‍ക്കുന്നത് 101.80 രൂപയ്ക്കാണ്. പ്രീമിയം ടാഗിലുള്ള പെട്രോളിനാണ് കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ വില സെഞ്ച്വുറിയും കടന്ന് പായുന്നത്. നോര്‍മല്‍ പെട്രോളിന് 98 രൂപയാണ് വില.

കേന്ദ്ര സര്‍ക്കാരിന്റെ ആഡീഷണല്‍ എക്‌സൈസ് തീരുവയാണ് കാരണമെങ്കില്‍ ഗുജറാത്തില്‍ ലഭിക്കുന്നതു പോലെ രാജസ്ഥാനിലും പെട്രോള്‍ ലിറ്ററിന് 85 രൂപയ്ക്ക് ലഭിക്കണമല്ലോ. ഗുജറാത്തിലെ വിലയില്‍ നിന്നും രാജസ്ഥാനില്‍ എത്തുമ്പോള്‍ പതിനാറ് രൂപ ലിറ്ററിന് വില വര്‍ദ്ധിക്കുന്നതിന് കാരണം കേന്ദ്ര സര്‍ക്കാരിന്റെ എക്‌സൈസ് നികുതിയാണോ? കോണ്‍ഗ്രസ് സര്‍ക്കാര്‍ ജനങ്ങളുടെ മേല്‍ അധിക നികുതി ഭാരം അടിച്ചേല്‍പ്പിച്ചതല്ലേ? ഇത്രയധികം നികുതി വാങ്ങിയ ശേഷമാണ് കോണ്‍ഗ്രസ് തങ്ങളുടെ ദേശീയ നേതൃത്വത്തെ കൊണ്ട് കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നത്!

കേരളത്തില്‍ ഭരണം പിടിക്കാന്‍ ശ്രമം നടത്തുന്ന കോണ്‍ഗ്രസ് ഇക്കാര്യങ്ങള്‍ വിസ്മരിച്ച് ഇവിടേയും ഇത്തരത്തില്‍ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. കേരളത്തിലെ പെട്രോള്‍ വില ലിറ്ററിന് 90 രൂപയില്‍ അധികമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഐശ്യര്യ യാത്ര നടത്തുന്ന പ്രതിപക്ഷ നേതാവ് കഴിഞ്ഞ ദിവസം പെട്രോള്‍ വില വര്‍ദ്ധനയില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പകല്‍കൊള്ള നടത്തുകയാണെന്ന് ആരോപിച്ചത്. ചെന്നിത്തലയ്ക്ക് ഈ വിഷയത്തില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിക്ക് ഇത്രയും അധികം നികുതി ഈടാക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കത്തയയ്ക്കുകയാണ് വേണ്ടത്.

പെട്രോള്‍ വില രാജ്യത്ത് ആദ്യമായി ലിറ്ററിന് 100 രൂപ കടന്നത് മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞത് കേന്ദ്ര സര്‍ക്കാരാണ് ഇതിനു മറുപടി പറയേണ്ടതെന്നാണ്. രാജസ്ഥാനില്‍ പെട്രോളിന് വാറ്റ് ലിറ്ററിന് 38 ശതമാനവും ഡീസലിന് 28 ശതമാനവുമാണ്. ഇതിനൊപ്പം അധിക സെസ്സും ട്രാന്‍സ്‌പോര്‍ട്ടിംഗ് കോസ്റ്റും എല്ലാം ചേര്‍ത്താണ് വന്‍ വില വര്‍ദ്ധനവില്‍ എത്തി നില്‍ക്കുന്നത്. രാജ്യത്ത് പെട്രോള്‍ വില 100 രൂപയില്‍ അധികമെത്തിയ വാര്‍ത്ത ദേശീയ മാധ്യമങ്ങള്‍ റിപ്പൊര്‍ട്ട് ചെയ്‌തെങ്കിലും ഇത് കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ ആയതിനാല്‍ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ ഇക്കാര്യം തമസ്‌ക്കരിക്കുകയായിരുന്നു.

https://www.livemint.com/news/india/petrol-diesel-get-costlier-in-rajasthan-vat-hiked-11584860021087.html

https://www.hindustantimes.com/cities/jaipur-news/petrol-costs-rs-101-80-per-litre-in-rajasthan-s-sri-ganganagar-101611736005707.html

അതേസമയം, ബിജെപി ഭരിക്കുന്ന ഗുജറാത്തിലോ യുപിയിലോ പെട്രോള്‍ വില ലിറ്ററിന് 100 രൂപ കടന്നിരുന്നുവെങ്കില്‍ ഇതിന് വലിയ വാര്‍ത്താ പ്രാധാന്യം നല്‍കുമായിരുന്നു ഇവര്‍,

സിപിഎം ഭരിക്കുന്ന ഏക സംസ്ഥാനമായ കേരളത്തില്‍ പെട്രോളിന്റെ VAT 32 ശതമാനത്തിലേറെയാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബിലും സ്ഥിതി വ്യത്യസ്തമല്ല. പെട്രോളിന് ലിറ്റിന് 26.43 ശതമാനമാണ് VAT ഈടാക്കുന്നത്. എന്നാല്‍,ബിജെപി ഭരിക്കുന്ന ഗുജറാത്തില്‍ ഇത് 20 ശതമാനമാണ്. സംസ്ഥാനാന്തര ചരക്ക് ഗതാഗത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ട്രക്ക് ഡ്രൈവര്‍മാര്‍ ഗുജറാത്തിലോ യുപിയിലോ എത്തുമ്പോഴാണ് തങ്ങളുടെ വാഹനത്തില്‍ ഇന്ധനം നിറയ്ക്കുന്നത്. രാജസ്ഥാനില്‍ നിന്നും ചരക്കു കയറ്റി പോകുന്ന ട്രക്ക് ഡ്രൈവര്‍മാര്‍ ഗുജറാത്തിലെത്തി ഇന്ധനം നിറയ്ക്കുമ്പോള്‍ ലിറ്ററിന്‍മേല്‍ 12-15 രൂപയുടെ വ്യത്യാസമാണ് സംഭവിക്കുന്നത്. ഇത്തരത്തില്‍ 400 ലിറ്റര്‍ സംഭരണ ശേഷിയുള്ള ഒരു ട്രക്ക് പൂര്‍ണതോതില്‍ ഇന്ധനം ഗുജറാത്തില്‍ എത്തി നിറച്ചാല്‍ 4000-6000 രൂപയാണ് ലാഭിക്കാനാകുക.

https://www.tribuneindia.com/news/punjab/punjab-increases-vat-on-fuel-from-midnight-prices-to-go-up-99579

ഡീസല്‍ ഉപഭോക്താക്കള്‍ ഇത്തരത്തില്‍ ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്നതു മൂലം തങ്ങളുടെ കച്ചവടം നഷ്ടപ്പെടുന്നുവെന്നു കാട്ടി രാജസ്ഥാന്‍ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ പ്രതിഷേധവുമായി രംഗത്തെത്തി. രാജ്യത്തെ ഏറ്റവും അധികം വാറ്റ് ഏര്‍പ്പെടുത്തിയിട്ടുള്ള സംസ്ഥാനം രാജസ്ഥാന്‍ ആണെന്നും ഇത് എത്രയും പെട്ടെന്ന് കുറച്ച് തങ്ങളുടെ ബിസിനസിനെ സഹായിക്കണമെന്നും ഇവര്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ കണ്ട് ആവശ്യപ്പെട്ടിരുന്നു. വാറ്റ് 25 ശതമാനമാക്കി നിജപ്പെടുത്തണമെന്നാണ് ഇവരുടെ ആവശ്യം.

എന്നാല്‍, കേന്ദ്ര സര്‍ക്കാരാണ് പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനയ്ക്ക് ഉത്തരവാദിയെന്നും എക്‌സൈസ് തീരുവ വര്‍ദ്ധിപ്പിച്ചത് കുറയ്ക്കട്ടെ എന്നുമാണ് അശോക് ഗെലോട്ട് പറയുന്നത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് രാജ്യാന്തര വിപണിയില്‍ ബാരലിന് 140 ഡോളര്‍ ആയിരുന്നപ്പോള്‍ ഡിസല്‍ ലിറ്ററിന് 65 രൂപ മാത്രമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇപ്പോള്‍ രാജ്യാന്ത്ര വിപണിയില്‍ ബാരലിന് 40 ഡോളര്‍ വില മാത്രമുള്ളപ്പോള്‍ ഡീസല്‍ വില 86 രുൂപയാണെന്നും ഇതിന് കാരണം കേന്ദ്ര സര്‍ക്കാരാണെന്നും ഗെലോട്ട് പറഞ്ഞു.

എന്നാല്‍, രാജസ്ഥാന്‍ മുഖ്യമന്ത്രിയുടെ ഈ വാചകകസര്‍ത്തില്‍ കഴമ്പില്ലെന്നാണ് വസ്തുത.. ഒന്നാമത് ഇപ്പോഴത്തെ ക്രൂഡോയില്‍ വില ബാരലിന് 60 ഡോളറാണ് എന്നതാണ്. ഇക്കാര്യം ഗെലോട്ട് അറിയാതെ പോയതാണോ ബോധപൂര്‍വ്വം മറച്ചുവെച്ചതാണോ എന്നറിയില്ല. രണ്ടാമത്. യുപിഎയുടെ കാലത്ത് രാജ്യം പെട്രോളിയം കമ്പനികള്‍ക്ക് ഇത്തരത്തില്‍ വില കുറച്ച് ഉപയോക്താക്കള്‍ക്ക് നല്‍കുന്നതിന്റെ പേരില്‍ നല്‍കി വന്ന സബ്‌സിഡി തുക 1.64,387 കോടി രൂപയായിരുന്നു. എന്‍ഡിഎ ഭരണത്തില്‍ ഇ്ത് ഒരു ഘട്ടത്തില്‍ കേവലം 27,301 കോടി രൂപയായി കുറഞ്ഞിരുന്നു. പൊതുഖജനാവിന് ഏകദേശം 1,20 ലക്ഷം കോടി രൂപയാണ് ലാഭിക്കാനായത് രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില കുറഞ്ഞതിനെ തുടര്‍ന്നാണ്.ഇത്. എന്നാല്‍, ഇതിനൊപ്പം എക്‌സൈസ് തീരുവ വര്‍ദ്ധിപ്പിച്ച് സര്‍ക്കാര്‍ വില ഏകദേശം പഴയതു പോലെ നിലനിര്‍ത്തുകയായിരുന്നു. നിരവധി തവണ എക്‌സൈസ് തീരുവ കുറയ്ക്കുകയും ചെയ്തിരുന്നു.

ഇതെല്ലാം മറച്ചുവെച്ചാണ് അശോക് ഗെലോട്ട് തന്റെ സര്‍ക്കാരിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളെ കേന്ദ്ര സര്‍ക്കാരിനു മേല്‍ പഴിചാരി രക്ഷപ്പെടാന്‍ ശ്രമിച്ചത്. ഗുജറാത്തിലും ഉത്തര്‍പ്രദേശിലും പെട്രോള്‍ ലിറ്ററിന് 85 രൂപയില്‍ നല്‍കാന്‍ സാധിക്കുമെങ്കില്‍ 101 രൂപയും 90 രൂപയും ഈടാക്കുന്ന കോണ്‍ഗ്രസ് ഭരണത്തിലുള്ള രാജസ്ഥാനും സിപിഎം ഭരിക്കുന്ന കേരളവും 85 രൂപയില്‍ താഴെ പെട്രോള്‍ ലഭ്യമാക്കി മാതൃക കാണിക്കുകയാണ് വേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here