ശകാരം, ശാസന, ആക്രോശം- അതെ മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിലാണ്

മുഖ്യമന്ത്രിമാര്‍ പതിവായി പത്രസമ്മേളനങ്ങള്‍ നടത്തുന്നവരാണ്. അതൊരു വലിയ സംഭവമല്ല. കേരളത്തില്‍ ഈ പതിവ് പണ്ടുമുതല്‍ക്കേ ഉള്ളതാണ്. ബുധനാഴ്ചകളിലാണ് സംസ്ഥാനത്ത് മന്ത്രിസഭാ യോഗം നടത്താറുള്ളത്. ആഴ്ചയുടെ മധ്യകാലത്തായതാകാം ഈ ദിവസം പതിവായി ഇതിന് തിരഞ്ഞെടുക്കുന്നതിനുള്ള കാരണം.

മന്ത്രിസഭാ യോഗ ശേഷം പ്രധാനപ്പെട്ട വിവരങ്ങള്‍ പങ്കുവെയ്ക്കനായി മുഖ്യമന്ത്രിമാര്‍ മാധ്യമപ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തും. ഇതാണ് പതിവ്. മുഖ്യമന്ത്രിയുടെ വിശദീകരണം കഴിഞ്ഞാല്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദ്യശരങ്ങളുമായി നേരിടും. ചൂടുള്ള വിഷയങ്ങളെല്ലാം ചോദിക്കും. മറുപടി പറയാന്‍ മുഖ്യമന്ത്രിമാര്‍ ബാധ്യസ്ഥരാണ്. ചിലര്‍ ഒഴിഞ്ഞുമാറും. മറ്റു ചിലര്‍ അവിടേയും ഇവിടേയും തൊടാതെ വിവാദ വിഷയങ്ങളില്‍ പ്രതികരിക്കും. വളരെ റിസ്‌ക് പിടിച്ച പരിപാടിയാണിത്.

ദൃശ്യമാധ്യമങ്ങളുടെ വരവോടെ ഇതൊക്കെ ജനങ്ങള്‍ക്ക് കാണാവുന്ന പരുവത്തിലായി. അച്ചടി മാധ്യമ കാലത്ത് എന്തൊക്കെ ചോദിക്കുന്നു എന്ത് ഉത്തരം നല്‍കുന്നു എന്നുള്ളതൊക്കെ തലസ്ഥാനത്തെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കുമാത്രം അറിവുള്ള കാര്യങ്ങളാണ്, അവര്‍ മുക്കിയാല്‍ വാര്‍ത്ത അവിടെ മരിക്കും.

എന്നാല്‍, ദൃശ്യമാധ്യമ കാലം വന്നതോടെ കാര്യങ്ങള്‍ വളരെ സുതാര്യമായി. തത്സമയം വന്നതോടെ ഒന്നും ഒളിക്കാനാവാത്ത അവസ്ഥയുമായി. ഇതോടെ മുഖ്യമന്ത്രമാരുടെ പതിവു വാര്‍ത്താസമ്മേളനങ്ങള്‍ നല്ല മൂര്‍ച്ചയേറിയ വാളിന്‍മേല്‍ കൂടിയുള്ള നടത്തമായി മാറി.

മാധ്യമ പ്രവര്‍ത്തകരുടെ അലോസരപ്പെടുത്ത ചോദ്യങ്ങളെ തന്ത്രപരമായി നേരിടുന്നതിന് മെയ് വഴക്കം വേണം. സോളാര്‍ വിഷയ കാലത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ചൊടിപ്പിക്കുന്ന പല ചോദ്യശരങ്ങളും ഉയര്‍ന്നിരുന്നു. എല്ലാത്തിനും വളരെ ക്ഷമയോടെയാണ് അദ്ദേഹം ഉത്തരം നല്‍കിയിരുന്നത്. വ്യക്തിപരമായതും കുടുംബത്തെ സംബന്ധിക്കുന്നതുമായ ചോദ്യങ്ങള്‍ക്ക് പോലും അദ്ദേഹം മറുപടി നല്‍കിയിരുന്നു.

മുഖ്യമന്ത്രിയായിരുന്നപ്പോള്‍ വിഎസും സമാനമായ ചില സാഹചര്യങ്ങള്‍ നേരിട്ടിരുന്നു. ഇത്തരം അലോസരപ്പെടുത്തുന്ന ചോദ്യങ്ങള്‍ക്ക് അദ്ദേഹം മൗനം മാത്രം മറുപടി നല്‍കി.

എന്നാല്‍, പിണറായി വിജയന്‍ മുഖ്യമന്ത്രിയായതോടെ ഈ ഏര്‍പ്പാടുകള്‍ നിര്‍ത്തലാക്കി. ബുധനാഴ്ച തോറുമുള്ള പതിവു വാര്‍ത്താസമ്മേളനങ്ങള്‍ അവസാനിപ്പിച്ചു, മുഖ്യമന്ത്രിക്ക് പറയാനുള്ളത് വാര്‍ത്താക്കുറിപ്പുകളില്‍ ഒതുക്കി. ചോദ്യശരങ്ങളെ ഭയന്നിട്ട് എന്നതിലുപരി മാധ്യമങ്ങളോട് പിണറായി വിജയനുള്ള മാനസികമായ പൊരുത്തക്കേടായിരുന്നു ഇതിനുകാരണം.

മാധ്യമങ്ങള്‍ക്ക് അജണ്ടയുണ്ടെന്നും ചിലര്‍ സിന്‍ഡിക്കേറ്റായി പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം കരുതിപ്പോന്നു. തനിക്കെതിരെ മാധ്യമങ്ങള്‍ ലാവ് ലിന്‍ കാലത്ത് എടുത്ത നിലപാടുകള്‍, വിഭാഗീയ വിഷയങ്ങളില്‍ വിഎസ്സിനോട് അനുകൂലമായ നിലപാടുകള്‍ എല്ലാം പിണറായി വിജയന് മാധ്യമങ്ങളോടുള്ള കടത്ത വിയോജിപ്പിനും എതിര്‍പ്പിനും കാരണമായി.

ഇതേതുടര്‍ന്ന് മാധ്യമങ്ങളോട് ശത്രുതാപരമായ നിലപാടുകള്‍ മുഖ്യമന്ത്രി സ്ഥാനത്തിരുന്നും അദ്ദേഹം തുടര്‍ന്നു. ‘കടക്ക് പുറത്ത് ‘ എന്ന ആക്രോശം ഒന്നുമാത്രം മതി അദ്ദേഹത്തിന്റെ ധാര്‍ഷ്ട്യത്തിന് മകുടോദാഹരണം. ഈ ആജ്ഞ ഒരു മാടമ്പിക്ക് മാത്രം ചേര്‍ന്നതാണെന്ന് അന്ന് എല്ലാവരും വിധിയെഴുതി. പാര്‍ട്ടി സെക്രട്ടറിയില്‍ നിന്ന് മുഖ്യമന്ത്രിയിലേക്ക് ഉയരാന്‍ അദ്ദേഹത്തിന് കഴിഞ്ഞ നാലര വര്‍ഷമായിട്ടും സാധിക്കാതിരുന്നതാണ് ഇതിനുകാരണം.

സ്പ്രിങ്കളര്‍ വിവാദം മുതല്‍ ഡിപ്ലോമാറ്റിക് സ്വര്‍ണക്കള്ളക്കടത്തില്‍ എത്തി നില്‍ക്കുന്ന വന്‍ കോലാഹലങ്ങള്‍ സ്തുതിഗീതികള്‍ മാത്രം കേട്ട് ശീലിച്ച മുഖ്യമന്ത്രിക്ക് വന്‍ അലോസരമായിമാറി. കോവിഡ് കാലം തുടങ്ങിയപ്പോള്‍ കേരളം മികച്ച നിലവാരത്തില്‍ ഇതിനെ പ്രതിരോധിക്കുന്ന അവസരം കണ്ടപ്പോള്‍ ആരോഗ്യമന്ത്രിയില്‍ നിന്ന് ബാറ്റണ്‍ പിടിച്ച് വാങ്ങി റിലേ ഓടി തുടങ്ങിയ മുഖ്യമന്തിക്ക് കാര്യങ്ങള്‍ കൈവിട്ടു പോയിത്തുടങ്ങിയതോടെ ആപ്പിലകപ്പെട്ട അവസ്ഥയായി.

ബുധനാഴ്ചകളിലെ വാര്‍ത്താ സമ്മേളനങ്ങള്‍ ഒഴിവാക്കിയ മുഖ്യമന്ത്രിക്ക് കോവിഡ് നിയന്ത്രണങ്ങളില്‍ കേരളം കൈവരിച്ചുവെന്നു പറയപ്പെടുന്ന കാര്യങ്ങള്‍ വിളമ്പാന്‍ വലിയ താല്‍പര്യമായി. മറ്റു സംസ്ഥാനങ്ങളില്‍ ആരോഗ്യ സെക്രട്ടറിമാര്‍ വൈകുന്നേരം എത്തി അന്നത്തെ കോവിഡ് സ്ഥിതിവിവരക്കണക്കുകള്‍ പറയുന്ന കാര്യം കേരളത്തില്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ ഏറ്റെടുത്തു.

മുഖ്യമന്ത്രിയേക്കാള്‍ മാധ്യമ ശ്രദ്ധ ശൈലജയ്ക്ക് ലഭിക്കുന്നത് കണ്ട് അദ്ദേഹത്തിന്റെ ഉപദേശകര്‍ നല്‍കിയ നിര്‍ദ്ദേശമാണോ എന്നറിയില്ല മുഖ്യമന്ത്രി ഈ ദൗത്യം ഏറ്റെടുത്തു. എന്നും വൈകീട്ട് കരുതലും കാരുണ്യവും കേരളം നമ്പര്‍ വണ്‍ തുടങ്ങിയ അപദാനങ്ങള്‍ മാത്രമായി.

എന്നാല്‍, ഇതിന്നിടയില്‍ എത്തിയ ഡാറ്റാമോഷണം വലിയ വിവാദങ്ങള്‍്ക്ക് വഴിവെച്ചു. അലോസരപ്പെടുത്തുന്ന ചോദ്യങ്ങള്‍ ഉയരാന്‍ തുടങ്ങി. പ്രിന്‍സിപ്പല്‍ /ഐടി സെക്രട്ടറി ശിവശങ്കരനെതിരെയുള്ള ആരോപണങ്ങളായിരുന്നു മുഖ്യമന്ത്രിക്ക് നേരിടേണ്ടിവന്നത്. ഹൈക്കോടതിയില്‍ സത്യവാങ് മൂലം നല്‍കി താല്‍ക്കാലികമായി തടിയൂരിയപ്പോള്‍ അദ്ദേഹം ആശ്വസിച്ചു. പക്ഷേ, താമസിയാതെ തലവേദനയായി ഡിപ്ലോമാറ്റിക് സ്വര്‍ണക്കള്ളക്കടത്ത് രംഗം കീഴടക്കി.

ഇതോടെ പ്രതിരോധത്തിലായ മുഖ്യമന്ത്രിക്ക് നിത്യേനയുള്ള വാര്‍ത്താ സമ്മേളനങ്ങള്‍ ബാധ്യതയായി. ചോദ്യശരങ്ങളെ അദ്ദേഹം ഭീഷണിയും ശാസനകളുമായി നേരിട്ടു. ഇടതു ചായ് വുള്ള മാധ്യമപ്രവര്‍ത്തര്‍ക്ക് കാര്യം പിടികിട്ടി. മുഖ്യമന്ത്രിയുമായി കോര്‍ക്കാന്‍ അവരാരും ധൈര്യപ്പെട്ടില്ല, എന്നാല്‍, ഇതിനിടെ ഏഷ്യാനെറ്റു ചാനല്‍ ബഹിഷ്‌കരിക്കാന്‍. സിപിഎം തീരുമാനിച്ചത് അവരുടെ ലേഖകരെ എതിര്‍പാളയത്തിലാക്കി.

വാര്‍ത്താസമ്മേളനങ്ങളില്‍ ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍മാരുടെ ശബ്ദം ഉയര്‍ന്നു കേട്ടു. പതിവായി മുഖ്യമന്ത്രിയെ കുടുക്കുന്ന ചോദ്യശരങ്ങള്‍ അവരുടെ രണ്ട് റിപ്പോര്‍ട്ടര്‍മാരുടെ ബാധ്യതയായി. മറ്റുള്ളവര്‍ മൂകസാക്ഷികളായി മാറി. ജനം ടിവി, ജയ്ഹിന്ദ് തുടങ്ങിയ ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരുടെ ചോദ്യങ്ങള്‍ മാത്രമാണ് ഇതിനുമുമ്പ് ഉയര്‍ന്നു കേട്ടിരുന്നത്. എന്നാല്‍, മുഖ്യമന്ത്രി ഇവരെയൊക്കെ അവഗണിക്കുകയായിരുന്നു പതിവ്. ഏഷ്യാനെറ്റിന്റെ റിപ്പോര്‍ട്ടര്‍മാരുടെ ചോദ്യശരങ്ങള്‍ക്ക് മുന്നില്‍ പതറിപ്പോയ പിണറായി വിജയന്‍ അവരോട് കയര്‍ത്തു, കഴിഞ്ഞ ദിവസങ്ങളിലെ വാര്ത്താസമ്മേളനങ്ങളില്‍ പിണറായിയുടെ ക്ഷമ നശിച്ച് അദ്ദേഹം ക്ഷുഭിതനാകുന്നതും പൊട്ടിത്തെറിച്ച് മാധ്യമങ്ങളെ ശാസിക്കുന്നതുമായ കാഴ്ചകളാണ് കാണാനായത്.

ജനാധിപത്യവ്യവസ്ഥിതിയില്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു ഭരണാധികാരിയാണ് താനെന്ന് മറന്നുപോകുന്ന പിണറായി പാര്‍ട്ടി സെക്രട്ടറിയുടെ പഴയ മാനസികാവസ്ഥയില്‍ നിന്നും മോചിതനായിട്ടില്ലെന്ന് ധിക്കാരവും ധാര്‍ഷ്ട്യവും കലര്‍ന്ന ഈ പെരുമാറ്റങ്ങളിലൂടെ വെളിവാക്കുന്നു.

പിണറായിക്ക് കേവല വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പോലും ആവുന്നില്ലെന്നത് പോകട്ടെ അദ്ദേഹത്തിന് ജനാധിപത്യമര്യാദയില്‍ പ്രതിപക്ഷബഹുമാനത്തോടെ പെരുമാറാന്‍ പോലും കഴിയാത്തത് ചര്‍ച്ചയാകേണ്ടതുതന്നെയാണ്.

പിണറായി വിജയനെ കുറിച്ച് പറയുമ്പോള്‍ ചില ഇടതുപക്ഷ മാധ്യമപ്രവര്‍ത്തകര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇതിലേക്ക് വലിച്ചിഴച്ച് കൊണ്ടുവരും. പ്രധാനമന്ത്രി വാര്‍ത്താസമ്മേളനങ്ങള്‍ നടത്തുന്നില്ലെന്ന് പ്രഖ്യാപിക്കും. അതല്ലങ്കില്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ഒരു ദേശീയ ചാനലിനു വേണ്ടി ഇടതു മാധ്യമ പ്രവര്‍ത്തകനായ കരണ്‍ ഥാപ്പറുമായുള്ള അഭിമുഖം ഇടയ്ക്ക് വെച്ച് അവസാനിപ്പിച്ച സംഭവം ചൂണ്ടിക്കാട്ടും.

2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് മോദി എക്കാലവും കൃത്യമായി മറുപടി നല്‍കിയിരുന്നു. കലാപത്തിനു തൊട്ടുപി്ന്നാലെ രാജിവെച്ച് ജനവിധി തേടിയ മോദി വീണ്ടും വിജയിച്ച് അധികാരത്തിലേറി. പിന്നീട് അഞ്ചു വര്‍ഷങ്ങള്‍ക്ക്ു ശേഷം വികസന അജണ്ടയില്‍ ഊന്നി തിരഞ്ഞെടുപ്പിനെ നേരിട്ട് വിജയിച്ചു വന്നപ്പോളാണ് കരണ്‍ ഥാപ്പര്‍ അദ്ദേഹത്തെ അഭിമുഖത്തിന് ക്ഷണിച്ചത്. അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന വിഷയത്തിന് പലവട്ടം മറുപടി പറഞ്ഞു കഴിഞ്ഞ മോദിയോട് വീണ്ടും ഇതേ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു. വീണ്ടും മറുപടി നല്‍കിയിട്ടും തൃപ്തിയാകാതെ അദ്ദേഹം ഒരേ ചോദ്യങ്ങള്‍ തന്നെ ആവര്‍ത്തിച്ചു കൊണ്ടിരുന്നു.തുടര്‍ന്ന മോദി അഭിമുഖം അവസാനിപ്പിക്കുകയാണെന്ന് മര്യാദയുടെ ഭാഷയില്‍ കരണ്‍ഥാപ്പറിനോട് അറിയിച്ചു. ഇതില്‍ ജനാധിപത്യ വിരുദ്ധതയൊന്നുമില്ല.

ശബ്ദം ഉയര്‍ത്തുകയോ, ഭീഷണിപ്പെടുത്തകയോ അഭിമുഖം നടത്തുന്ന മാധ്യമ പ്രവര്‍ത്തകനോട് കയര്‍ക്കുകയോ അയാള്‍ക്കെതിരെ ്പ്രത്യാരോപണങ്ങള്‍ ഉയര്‍ത്തുകയോ ചെയ്യാതെ അഭിമുഖം അവസാനിപ്പിക്കുകയാണ് മോദി അന്ന് ചെയ്തത്. ക്യാമറ ഓഫ് ചെയ്ത ശേഷം കരണ്‍ഥാപ്പറുമായി കോഫി കുടിക്കുകയും അദ്ദേഹത്തെ വികസന പ്രവര്‍ത്തനങ്ങളും മറ്റും കാണാന്‍ ഗുജറാത്തിലേക്ക് ക്ഷണിക്കുകയും ഒക്കെ ചെയ്താണ് മോദി സ്റ്റുഡിയോയില്‍ നിന്നും പോയതെന്ന് കരണ്‍ ഥാപ്പര്‍ തന്നെ മറ്റൊരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.

പ്രധാനമന്ത്രിയായ ശേഷം മോദി വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തുന്നില്ലെന്ന മറ്റെരു ആരോപണവും ഇടത് മാധ്യമപ്രവര്‍ത്തകര്‍ ഉയര്‍ത്തുന്നുണ്ട്. എന്നാല്‍, പ്രധാനമന്ത്രിമാര്‍ വാര്‍ത്താസമ്മേളനം നടത്തുന്ന പതിവ് ഇല്ലെന്ന വാസ്തവം ഇവര്‍ മനപ്പൂര്‍വ്വം മറച്ചു വെയ്ക്കുന്നു. വിദേശ രാഷ്ട്ര സന്ദര്‍ശനങ്ങളില്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വിമാനത്തില്‍ മടക്കയാത്രയില്‍ നടത്തുന്ന സൗഹൃദ സംഭാഷണങ്ങളാണ് ഇതിനൊരുപവാദം. മോദി പ്രധാനമന്ത്രിയായതോടെ അദ്ദേഹം മാധ്യമപ്പടയെ വിദേശ രാജ്യ സന്ദര്‍ശനങ്ങളില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ദേശീയ ചാനലായ ദൂരദര്‍ശനും രാജ്യത്തെ പ്രമുഖ വാര്‍ത്താ ഏജന്‍സികളേയും മാത്രമാണ് മോദി തന്റെ എയര്‍ ഇന്ത്യ വണ്‍ വിമാനത്തില്‍ കൂടെക്കൂട്ടാറുള്ളത്.

പൊതുഖജനാവിന്റെ ചെലവില്‍ രാജ്യങ്ങള്‍ ചുറ്റിയടിക്കാനുള്ള മാധ്യമപ്രവര്‍ത്തകരുടെ അവസരം നഷ്ടപ്പെട്ടതില്‍ വിഷമം പൂണ്ട ചിലര്‍ മോദിയെ മാധ്യമവിരോധിയായി ചിത്രീകരിക്കുകയാണെന്നു മാത്രം. പാര്‍ലമെന്റ് സമ്മേളനത്തിന് തൊട്ടു മുമ്പ് മോദി പതിവായി വാര്‍ത്താസമ്മേളനം നടത്താറുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് രാജ്യത്തെ പ്രമുഖ വാര്‍ത്താ ചാനലുകള്‍ക്കെല്ലാം മോദി അഭിമുഖം നല്‍കിയിരുന്നു.

മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരുന്ന പത്തു വര്‍ഷക്കാലത്തിനിടെ കേവലം രണ്ടു വട്ടം മാത്രമേ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരെ തന്റെ ഔദ്യോഗിക വസതിയിലേക്ക് ക്ഷണിച്ച് ഡിന്നര്‍ ഒരുക്കിയ സംഭവമുള്ളു. മോദിയും ഇത്തരത്തില്‍ മാധ്യമ പ്രവര്‍ത്തകരെ തന്റെ ഔദ്യോഗിക വസതിയിലേക്ക് ക്ഷണിച്ച് അത്താഴ വിരുന്ന് നല്‍കിയിരുന്നു.

എന്നാല്‍, ഇത്തരത്തില്‍ മാധ്യമ പ്രവര്‍ത്തകരുമായി ഒരു സൗഹൃദം ഒരിക്കലും മുഖ്യമന്ത്രിയായ ശേഷം പിണറായി വിജയന്‍ സ്ഥാപിക്കാന്‍ ശ്രമിച്ചിട്ടില്ല. മാധ്യമങ്ങളോട് സ്ഥായിയായ പുച്ഛ മനോഭാവമാണ് എക്കാലവും അദ്ദേഹത്തിനുള്ളത്. മാധ്യമ പ്രവര്‍ത്തകരെ ക്വട്ടേഷന്‍ സംഘത്തെ പോലെയാണ് പിണറായി കാണുന്നത്. മാധ്യമ പ്രവര്‍ത്തകര്‍ കേവലം തൊഴിലാളികളാണെന്ന യഥാര്‍ത്ഥ്യം പോലും അദ്ദേഹം മറക്കുകയാണ് ചെയ്യുന്നത്. ആ തൊഴിലിനെ അദ്ദേഹം അവജ്ഞയോടെയാണ് കാണുന്നതും.

കഴിഞ്ഞ ദിവസങ്ങളിലെ വാര്‍ത്താ സമ്മേളനങ്ങളില്‍ ചോദ്യങ്ങള്‍ ഉയര്‍ത്തിയ മാധ്യമ പ്രവര്‍ത്തകരോട് നിങ്ങളെ പറഞ്ഞു വിട്ടവരുടെ അജണ്ടയെക്കുറിച്ച് തനിക്കറിയാമെന്നാണ് പിണറായി ഭീഷണിയുടെ സ്വരത്തില്‍ പറഞ്ഞത്. തന്നെ ആക്രമിക്കാന്‍ വന്ന ക്വട്ടേഷന്‍ ഗുണ്ടാ സംഘങ്ങളോ കൂലിത്തല്ലുകാരോ ആണോ നിങ്ങള്‍ എന്ന് അദ്ദേഹം പറയാതെ പറയുകയായിരുന്നു.

വാഴ്ത്തുപാട്ടുകളെ മാത്രം ഉള്‍ക്കൊള്ളുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പിണറായി വിജയന്‍ അലോസരപ്പെടുത്തുന്ന ചോദ്യങ്ങളോട് മൗനം ദീക്ഷിക്കുകയോ വാര്‍ത്താസമ്മേളനം മതിയാക്കി പോകുകയോ ചെയ്യട്ടെ എന്നാല്‍, ചോദ്യം ഉന്നയിക്കുന്നവരെ തിരിഞ്ഞ് ആക്രമിക്കുകയും പിന്നീട് സൈബര്‍ സഖാക്കളെ ഉപയോഗിച്ച് ഇത്തരം മാധ്യമ പ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ച് അവരെ വ്യക്തിപരമായി വളഞ്ഞിട്ട് ആക്രമിക്കുകയും ഒക്കെ ചെയ്യുന്നതാണ് പ്രബുദ്ധ കേരളം കണ്ടത്. മാധ്യമ പ്രവര്‍ത്തകരെ ചോദ്യങ്ങള്‍ ഉന്നയിക്കുന്നതിന്റെ പേരില്‍ ഭീഷണിപ്പെടുത്തുകയും ശാസിക്കുകയും ചെയ്യുന്നതിനോട് ഒരു ജനാധിപത്യ വിശ്വാസിക്കും യോജിക്കാനാവുന്നില്ല, കടക്കു പുറത്ത് എന്ന തന്റെ കുപ്രസിദ്ധിയാര്‍ജ്ജിച്ച പെരുമാറ്റത്തിന് രെിക്കല്‍ പോലും ഖേദം പ്രകടിപ്പിക്കാത്തയാളാണ് പിണറായി. അദ്ദേഹം ഇനിയും ഈ അസഹിഷ്ണുതാ മനോഭാവം തുടരും. ഇതിനെ തുറന്നെതിര്‍ക്കാന്‍ തിരുവായ്ക്ക് എതിര്‍വായില്ലാത്ത കേരളത്തിലെ ഇടതു പക്ഷ മാധ്യമപ്രവര്‍ത്തക സമൂഹത്തിനോ കേരള യൂണിയന്‍ ഓഫ് വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് (KUWJ)എന്ന ഇടതു അനുഭാവ സംഘടനയ്‌ക്കോ അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി മുറവിളിക്കൂട്ടുന്ന കേരളത്തിലെ ഇടതുപക്ഷ കപട സംസ്‌കാരിക സംഘത്തിനോ കഴിയുകയില്ല. ഇക്കൂട്ടര്‍ സര്‍ക്കാരിനു സ്തുതിഗീതങ്ങള്‍ പാടി ഭരണകൂടത്തിന്റെ ആശ്രിതരായി മുഖ്യമന്ത്രി വെള്ളിത്തളികയില്‍ വെച്ചു നീട്ടിയ ആലങ്കാരിക പദവികളില്‍ രമിച്ച് ഇരിക്കുന്നവരാണ് .. പിണറായി വിജയന്റെ ജനാധിപത്യവിരുദ്ധവും ഫാസിസ്റ്റ് ശൈലിയും എതിര്‍ക്കാന്‍ ഇവര്‍ക്കാകില്ല. അതിന് തണ്ടെല്ലിന് നല്ല ഉറപ്പു വേണം.

LEAVE A REPLY

Please enter your comment!
Please enter your name here