മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്ക്ക് ജാമ്യ വ്യവസ്ഥയിൽ കോടതി ഇളവ് നൽകി. സാമൂഹ്യമാധ്യമങ്ങളിൽ പ്രതികരണത്തിനുള്ള വിലക്ക് നീക്കിയെങ്കിലും കേസുമായി ബന്ധപ്പെട്ടും മതവികാരം വ്രണപ്പെടുത്തിയും സമൂഹമാധ്യമങ്ങളിൽ പ്രതികരിക്കരുതെന്ന് കോടതി നിർദേശിച്ചു. പലതവണ ജാമ്യവ്യവസ്ഥ ലംഘിച്ചെന്നും മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റുകൾ രഹ്ന ഫാത്തിമ വീണ്ടും പ്രചരിപ്പിച്ചെന്നും ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തിരുന്നു. അതിനാൽ രഹ്ന ഫാത്തിമക്ക് എതിരായ കേസുകളിൽ ഇളവ് അനുവദിക്കരുതെന്ന് സർക്കാർ കോടതിയോട് ആവശ്യപ്പെട്ടു.
ഇതിന് മറുപടിയായി ഫയൽചെയ്ത സത്യവാങ്മൂലത്തിൽ സംസ്ഥാന സർക്കാരിനെതിരെ രഹ്ന ഫാത്തിമ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. മതം, ലൈംഗികത എന്നിവ സംബന്ധിച്ച പിന്തിരിപ്പൻ, സങ്കുചിത ചിന്താഗതികളുടെ ഫലമാണ് തനിക്കെതിരായ കേസുകൾ, ആധുനിക ഭരണഘടനാ ചിന്തകളുള്ള സ്ത്രീകളെ ഇരകളാക്കാനും അടിച്ചമർത്താനും സർക്കാർ ശ്രമിക്കുന്നതായും സത്യവാങ്മൂലത്തിൽ കുറ്റപ്പെടുത്തി.
ഫ്യൂഡൽ കാഴ്ചപ്പാടുകൾ സ്ത്രീകൾക്കുമേൽ അടിച്ചേൽപ്പിക്കാൻ സർക്കാർ ശ്രമിക്കുന്നു. ആർത്തവ സമയത്ത് സ്ത്രീകൾ അശുദ്ധരാണെന്ന് കരുതി ക്ഷേത്ര പ്രവേശനം തടയുന്നവർക്കെതിരെ അയിത്ത നിർമ്മാർജ്ജന നിയമപ്രകാരം കേസെടുക്കണം. താൻ ധരിക്കുന്ന വേഷത്തിലോ ഇഷ്ടപ്പെടുന്ന രീതിയിൽ ഭക്ഷണം പാകംചെയ്യുന്നതിലോ ശരീരത്തിൽ കുട്ടികളെ കൊണ്ട് ചിത്രം വരപ്പിക്കുന്നതോ ഒന്നും അയ്യപ്പനോ യഥാർത്ഥ ഹിന്ദുക്കൾക്കോ അവഹേളനം തോന്നില്ലെന്നും സത്യവാങ്മൂലത്തിൽ രഹ്ന ഫാത്തിമ അഭിപ്രായപ്പെട്ടു.
സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയുടെ അടിസ്ഥാനത്തിലാണ് താൻ ശബരിമലയിൽ പ്രവേശിക്കാൻ ശ്രമിച്ചത്. അതിനാനാലാണ് കഴിഞ്ഞ രണ്ട് വർഷമായി തനിക്ക് ഭീഷണികൾ ലഭിക്കുന്നതും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ ഇടുന്നതിന് വിലക്ക് നേരിടുന്നതും. ആർത്തവ സമയത്ത് ക്ഷേത്രത്തിൽ പ്രവേശിക്കുന്ന സ്ത്രീകൾ ദൈവത്തിനെ മലിനമാക്കുമെന്ന കാഴ്ചപ്പാട് ദളിതർ പ്രവേശിക്കുന്നതോടെ ക്ഷേത്രം അശുദ്ധമാകും എന്ന് പറയുന്നതുപോലെയാണ്.
ദളിതരുടെ ക്ഷേത്ര പ്രവേശനം തടയുന്നവർക്കെതിരെ അയിത്ത നിർമ്മാർജ്ജന നിയമപ്രകാരം കേസെടുക്കാം. ആർത്തവ സമയത്ത് സ്ത്രീകൾ അശുദ്ധരാണെന്നു കരുതി ക്ഷേത്രപ്രവേശനം തടയുന്നവർക്കെതിരെ സമാനമായ രീതിയിൽ നടപടി എടുക്കണമെന്നും രഹ്ന ഫാത്തിമ സുപ്രീം കോടതിയിൽ ഫയൽചെയ്ത സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടു.
എന്നാൽ രഹ്ന ഫാത്തിമക്ക് ഒരിളവും നൽകരുതെന്ന് സംസ്ഥാന സർക്കാർ ശക്തമായി കോടതിയിൽ വാദിച്ചു. രഹ്ന ഫാത്തിമക്ക് ഇളവുകൾ നൽകുന്നത് വീണ്ടും സമൂഹത്തെ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കാൻ ഇടവരുത്തുമെന്നായിരുന്നു സർക്കാരിന്റെ വാദം. സർക്കാരിന്റെ വാദം ഭാഗികമായി അംഗീകരിച്ച കോടതി നിയന്ത്രങ്ങളോടെയുള്ള ഇളവാണ് രഹ്ന ഫാത്തിമക്ക് നൽകിയത്.