മുറിവേറ്റ് പിടയുന്ന കോണ്‍ഗ്രസും, അശ്വത്ഥാമാവിനെ പോലെ അലയുന്ന രാഹുലും

കുരുക്ഷേത്ര യുദ്ധത്തിലെ കൗരവരുടെ ഗതിയാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്ക്. പടനയിച്ച രാഹുലിനാകട്ടെ ഗതികെട്ട്‌ അലയുന്ന അശ്വത്ഥാമാവിന്റെ വിധിയും. ധര്‍മ്മയുദ്ധത്തില്‍ നീതികേടിന്റേയും അസത്യമാര്‍ഗത്തിന്റേയും പക്ഷത്തു നിന്ന് പടനയിച്ചവനാണ് അശ്വത്ഥാമാവ്. കമാന്‍ഡര്‍ ഇന്‍ ചീഫ്.. പിതാവിന്റെ വധത്തെത്തുടര്‍ന്ന് കലിപൂണ്ട ഇദ്ദേഹം പാണ്ഡവപാളയത്തില്‍ പാതിരാത്രി അതിക്രമിച്ച് കയറി പാഞ്ചാലിയുടെ അഞ്ചു പുത്രന്‍മാരെ വധിച്ചു. അര്‍ജുന്നനും ഭീമനും ചേര്‍ന്ന് ദ്രോണപുത്രനെ പാഞ്ചാലിയുടെ മുന്നില്‍ എത്തിച്ചു. വധിക്കരുതെന്ന് പാഞ്ചാലി അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന ശിരസില്‍ ജന്മനായുള്ള ചൂഡാമണി അര്‍ജ്ജുനന്‍ ചൂഴ്‌ന്നെടുത്ത് അശത്ഥാമാവിനെ കൊല്ലാതെ കൊന്നുവിട്ടു.. തലതകര്‍ന്ന് ജീവന്‍ ബാക്കിയുമായി അലയുന്ന അശ്ത്ഥാമാവ് യുദധാനന്തരം അവശേഷിച്ച കഥാപാത്രമാണ്. ചിരഞ്ജീവി.

കോണ്‍ഗ്രസിന്റെ തലപ്പത്തിരിക്കുന്ന രാഹുലിനും ഏതാണ്ട് മഹാഭാരതത്തിലെ ഈ അധര്‍മ്മിയുടെ ഗതിയാണ്. പൊതു തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്കെതിരെ നുണകളുടെ വിഷാസ്ത്രങ്ങള്‍ എയ്തായിരുന്നു ആക്രമണം. പക്ഷേ, മോദി നേരിന്റെ ഭാഗത്ത് നിന്ന് പ്രതിരോധിക്കുകയുംം പ്രത്യാക്രമിക്കുകയും ചെയ്തു. യുദ്ധപരിണാമം ലോകസഭയിലെ മഹാഭൂരിപക്ഷമായിരുന്നു.

നുണയുടെ അസ്ത്രങ്ങളെല്ലാം മുനയൊടിഞ്ഞ് ജനങ്ങളാല്‍ തിരസ്‌കൃതനായി രാഹുല്‍ യുദ്ധക്കളത്തില്‍ നിന്നും മടങ്ങിയത് നാണക്കേടിന്റെ മാളത്തിലേക്കാണ്. ആ ഉള്‍വലിയല്‍ ആമ പുറന്തോടിലേക്ക് തല വലിഞ്ഞ് സമാധിയായപോലെയായി.

തിരഞ്ഞെടുപ്പിലെ നാണംകെട്ട പരാജയത്തിനു ശേഷം യുഎസിലേക്ക് അവധി ആഘോഷിക്കാന്‍ പോയ രാഹുല്‍ പാര്‍ട്ടി പ്രസിഡന്റ് പദവി രാജിവെച്ചെങ്കിലും പഴയ പോലെ ഭരണം തുടരുകയാണ്. സംസ്ഥാന സമിതികളെ പിരിച്ചു വിട്ടും പുതിയ നേതൃത്വത്തെ അവരോധിച്ചും രാഹുല്‍ പ്രസിഡന്റായി വിലസുന്നുവെന്ന് സാരം.

രാഹുലിന്റെ രാജിയില്‍ പ്രതിഷേധിച്ച് ചിലര്‍ രാജിനാടകങ്ങള്‍ നടത്തിയെങ്കിലും അതും യജമാനന്റെ രാജിപോലെ വെറും പ്രഹസനം. കര്‍ണാടകയില്‍ തങ്ങളുടെ ജനപ്രതിനിധികള്‍ വിമതരൂപം പൂണ്ട് പാര്‍ട്ടി വിടുമ്പോള്‍ നാഥനില്ലാക്കളരിയില്‍ പലരും ആയുധം എടുത്ത് പരസ്പരം പോരടിക്കുന്നു. തന്റെ വിശ്വസ്തരെ വെച്ച് കര്‍ണാടകയിലെ രാഷ്ട്രീയ നാടകത്തില്‍ ഇടപെടുമ്പോഴും രാഹുല്‍ യുഎസിലെ ഏതോ അജ്ഞാത സുഖവാസ സ്ഥലത്ത് തിരഞ്ഞെടുപ്പു ചൂടിന്റെ പൊള്ളലില്‍ നിന്ന് മുക്തി നേടി കുളിരു കായുന്നു.

നെഹ്‌റു കുടുംബം എന്ന കേന്ദ്രത്തിനു ചുറ്റും വട്ടംതിരിയുന്ന ക്ഷുദ്രഗ്രഹങ്ങളടങ്ങിയ സൗരയൂഥമാണ് കോണ്‍ഗ്രസ് പാര്‍ട്ടി. അവരുടെ സൂര്യനാണ് രാഹുല്‍. ആ പ്രതിഭാസം ഇല്ലെങ്കില്‍ കോണ്‍ഗ്രസും അവരുടെ രാഷ്ട്രീയ പ്രപഞ്ചവും നിശ്ചലമാകും. ശൂന്യമാകും..

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ഡെല്‍ഹി മുഖ്യമന്ത്രിയും നെഹ്‌റു കുടുംബത്തിന്റെ മനസാക്ഷി സൂക്ഷിപ്പുകാരിയുമായിരുന്ന ഷീലാ ദീക്ഷിത്തിന്റെ മരണം അറിഞ്ഞിട്ടും രാഹുല്‍ അമേരിക്കയില്‍ നിന്ന് എത്തിയില്ല. ഷീലയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനുള്ള സാമാന്യ മര്യാദ പോലും രാഹുല്‍ കാണിച്ചില്ല. ഡെല്‍ഹിയിലെ മുതിര്‍ന്ന കോണ്‍ഗ്രസുകാര്‍ക്കിടയില്‍ രാഹുലിന്റെ നിസ്സംഗഭാവവും അനുതാപമില്ലായ്മയും വളരെയധികം അതൃപ്തി ഉളവാക്കിയിട്ടുണ്ട്.

പാര്‍ട്ടി മുങ്ങുന്ന കപ്പലായപ്പോള്‍ കപ്പിത്താന്‍ ചാടി രക്ഷപ്പെട്ട അവസ്ഥയാണ്. പാര്‍ട്ടി മുന്‍പെങ്ങുമില്ലാത്ത നേതൃത്വ അഭാവത്തിലൂടെ ഉഴലുകയാണ്. കര്‍ണാടകയിലെ സ്ഥിതി സ്‌ഫോടനാത്മകമാണെങ്കില്‍ മഹാരാഷ്ട്ര, ഹരിയാന, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളും ഈ സ്ഥിതിയിലേക്ക് നീങ്ങുകയാണ്. ഉടനെ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്ന സംസ്ഥാനങ്ങളാണ് ഇവ.

വിരലിലെണ്ണാവുന്ന സംസ്ഥാനങ്ങളിലാണ് കോണ്‍ഗ്രസ് ഭരണത്തിലുള്ളത്. കര്‍ണാടകയില്‍ ,നാടകത്തിനും ഒപ്പം കോണ്‍ഗ്രസ് സഖ്യഭരണത്തിനും അവസാനം ആവുകയാണ്. മറ്റിടങ്ങളിലും പാര്‍ട്ടി തകര്‍ച്ചയിലാണ്. ഗോവയില്‍ പത്തോളം എംഎല്‍എമാര്‍ കൂട്ടത്തോടെ പാര്‍ട്ടി വിട്ടു. ഇവരെല്ലാം ബിജെപിയിലേക്ക് ചേക്കേറുകയാണ്. ഉള്‍പ്പാര്ട്ടിപ്പോരും കലഹവും നേതൃത്വമില്ലായ്മയും മൂലം പാര്‍ട്ടി തകരുന്നതിന് ബിജെപിയെ കുറ്റം പറയുന്നതില്‍ ഒരു കാര്യവുമില്ല. കേവലം യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നുള്ള ഒരു ഒളിച്ചോടല്‍ മാത്രമായിരിക്കും ഇത്.

ഏതായാലും കോണ്‍ഗ്രസ് മുക്ത ഭാരതം യാഥാര്‍ത്ഥ്യമാകുമെന്ന വസ്തുത തിരിച്ചറിയുന്നു. ഏകകക്ഷിയായി ബിജെപി മതിയോ എന്നും ഇങ്ങിനെ പോയാല്‍ ജനാധിപത്യം തകരുമെന്നും മാധ്യമങ്ങള്‍ നിലവിളിക്കുന്നുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഈ രാജ്യത്ത് ഒരു പഞ്ഞവുമില്ലെന്ന് ഏവര്‍ക്കുമറിയാം. കുടുംബവാഴ്ചയുള്ള പ്രാദേശിക പാര്‍ട്ടികള്‍ മാത്രമാണ് ഇവ.. ഇടതു കക്ഷികള്‍ തകര്‍ന്നടിഞ്ഞതു പോലെ കോണ്‍ഗ്രസും സ്വയം കുഴിച്ച കുഴിയില്‍ ഒടുങ്ങുന്നു.

പക്ഷേ, ബിജെപി മാത്രമല്ല ഇന്ത്യയില്‍ ഉള്ളത്. ബിജെപി നയിക്കുന്ന എന്‍ഡിഎ തന്നെ എഴുപതോളം പാര്‍ട്ടികളുടെ സമുച്ചയമാണ്. പിന്നെ എങ്ങിനെ ഏക കക്ഷി ഭരണമാകും. പ്രതിപക്ഷവും ഉണ്ട്. ബിജെപിക്ക് ബദലായി മറ്റൊരു ദേശീയ പാര്‍ട്ടി ഇല്ലാതാകുന്നതിന് ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.. സ്വയംകൃതാനര്‍ത്ഥമാണ് ഈ വിന എന്നുമാത്രം ഓര്‍ക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here