2019- ലെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധിയെ ഉയര്‍ത്തിക്കാട്ടാനുള്ള വ്യഗ്രതയിലാണ് കോണ്‍ഗ്രസ് പാര്‍ട്ടി. അമേരിക്കയിലും സിംഗപ്പൂരിലുമെല്ലാം അറിയപ്പെടുന്ന സര്‍വ്വകലാശാലകളിലും ബിസിനസ് സ്‌കൂളിലും കൊണ്ടു പോയി ഇരുത്തി സംവാദം നടത്തി ഒരു ഇമേജ് മേയ്ക്ക് ഓവറാണ് രാഹുലുമായി ഊരു ചുറ്റുന്ന സംഘത്തിന്റെ തലവന്‍ സാം പിത്രോദയുടെ ലക്ഷ്യം.
പപ്പു എന്ന അധിക്ഷേപ വിളിപ്പേരുള്ള രാഹുലിന് ഈ പ്രതിച്ഛായയുടെ ചങ്ങല ബന്ധനത്തില്‍ നിന്ന് പുറത്തു കടക്കേണ്ടതുണ്ട്. ഇതിനായി ഐക്യു ലെവല്‍ കൃത്രിമമായി ഉയര്‍ത്താനാണ് പിത്രോദയുടെ ശ്രമം.
രാഹുല്‍ ഗാന്ധിക്കെതിരായ ചില സോഷ്യല്‍ മീഡിയ ട്രോള്‍ പോസ്റ്റുകള്‍ കണ്ട പലരും ഇതൊക്കെ ഊതിപ്പെരുപ്പിച്ച വസ്തുതകളുമായി ബന്ധമില്ലാത്ത പരിഹാസം നിറഞ്ഞ വിമര്‍ശനങ്ങളാണെന്നായിരുന്നു ആദ്യ കാലങ്ങളില്‍ വിശ്വസിച്ചിരുന്നത്. പക്ഷേ, പിന്നീട് ഇതിലൊക്കെ സത്യമില്ലേ എന്ന് സംശയിച്ചവരാണ് അധികവും. ഇപ്പോള്‍ ചില പ്രസ്താവനകള്‍ കാണുമ്പോള്‍ മറ്റു പലതും ചിന്തിക്കാന്‍ നമ്മളെ നിര്‍ബന്ധിതരാക്കുന്നു.
പേരു കേട്ട കേംബ്രിഡ്ജ് സര്‍വ്വകലാശാലയുടെ കീഴിലുള്ള ട്രിനിറ്റി കോളേജില്‍ എംഫില്‍ ഡെവലപ്‌മെന്റ് ഇക്കണോമിക്‌സില്‍ നേടിയെന്ന് അവകാശപ്പെടുന്ന രാഹുലില്‍ നിന്ന് ഇതുവരെ സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ചോ വികസനത്തെക്കുറിച്ചോ ചിന്തോദ്ദീപകമായ ഒരു പ്രസ്താവന പോലും പൊതുസമൂഹത്തിനു മുന്നിലേക്ക് വന്നിട്ടില്ല!
പകരം, ഒച്ച് ഇഴയുന്ന പോലെയുള്ള ബൗദ്ധിക പ്രവര്‍ത്തനത്തിന്റെ പ്രതിഫലനമാണ് പലപ്പോഴും കാണാറുള്ളത്. ഇതിന് അവസരം ഒരുക്കുന്ന സന്ദര്‍ഭങ്ങള്‍ കോണ്‍ഗ്രസിലെ ബുദ്ധിജീവി വൃന്ദം ഒരുക്കിത്തരുന്നുമുണ്ട്. രാഹുല്‍ മേയ്‌ക്കോവര്‍ മിഷനിലെ പ്രധാന ദൗത്യനേതാവ് സാം പ്രിത്രോദയുടെ ആശയമായിരുന്നു രാഹുലിനെ വിദേശ സര്‍വ്വകലാശാലകളിലും ബിസിനസ് സ്‌കൂളുകളിലും കൊണ്ടിരുത്തിയുള്ള സംവാദങ്ങള്‍. യുഎസിലെ ദൗത്യം ചില മാധ്യമങ്ങളുടെ സഹായത്തോടെ വലിയ സംഭവമാക്കി മാറ്റി.
ബെര്‍ക്കലിയിലെ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി ( യുസി ബെര്‍ക്കെലി) യില്‍ ഇന്ത്യ @ 70 എന്ന പേരില്‍ നടത്തിയ സംവാദത്തില്‍ രാഹുലിനെ പങ്കെടുപ്പിച്ചു. 1949 ല്‍ രാഹുലിന്റെ മുത്തച്ഛന്‍ ഇവിടെ നടത്തിയ പ്രസംഗത്തിന്റെ അനുസ്മരണ ഉളവാക്കുന്നതാണ് സംവാദമെന്ന് യൂണിവേഴ്‌സിറ്റി അവരുടെ വെബ് സൈറ്റില്‍ പ്രഖ്യാപിച്ചു. 2017 സെപ്തംബര്‍ 11 ന് നടത്തിയ സംവാദത്തില്‍ ഇന്ത്യ മുന്നോട്ട് പോകുന്നത് കുടുംബാധിപത്യത്തിലൂടെയാണെന്ന് രാഹുല്‍ പ്രഖ്യാപിച്ചു
പ്രധാനമന്ത്രി നരേന്ദ്ര മോഡിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും ഇന്ത്യയിലെ മൂന്നു പരമോന്നത പദവികളില്‍ സ്വപ്രയ്തനവും, കഠിനാദ്ധാനവും, കഴിവിനും ലഭിച്ച അംഗീകാരമായി വിരാജിക്കുമ്പോഴാണ് അന്യനാട്ടില്‍ പോയി ഇന്ത്യയുടെ രാഷ്ട്രീയത്തെക്കുറിച്ച് രാഹുല്‍ അബദ്ധജടിലമായ പ്രസ്താവന നടത്തിയത്. ഇന്ത്യയുടെ രാഷ്ട്രീയമെന്നാല്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയമാണെന്ന മിഥ്യാബോധത്തില്‍ നിന്നാണ് ഈ പ്രസ്താവന ഉരുത്തിരിഞ്ഞു വന്നത്.
കരുണാനിധി-സ്റ്റാലിന്‍, മുലായം -സിംഗ് -അഖിലേഷ് തുടങ്ങിയ ഉദാഹരണങ്ങളും രാഹുല്‍ തന്റെ പ്രസ്താവനവയ്ക്ക് പിന്തുണയ്ക്കായി ചൂണ്ടിക്കാട്ടി. രാഹുലിന്റെ ബെര്‍ക്കെലിയിലെ സംവാദത്തിനു ശേഷം അദ്ദേഹത്തെ ബൗദ്ധികതയുടെയും പക്വതയുടേയും ഗിരിശൃംഖങ്ങളില്‍ കൊണ്ടു ചെന്നു ഇരുത്താന്‍ കോണ്‍ഗ്രസ് ആശ്രയത്തിന്റെയും അടിമത്തത്തിന്റേയും വക്താക്കളായ മാധ്യമങ്ങള്‍ കിണഞ്ഞു പരിശ്രമിച്ചു.
തലച്ചോറിനുള്ളില്‍ ഇംപ്ലാന്റ് ചെയ്യാവുന്നതല്ല ചിന്തകളും ആശയങ്ങളുമെന്ന് തിരിച്ചറിയാനുള്ള അവസരമായിരുന്നു പിത്രോദാജി ഒരുക്കിയ സിംഗപ്പൂര്‍ സംവാദം. സിംഗപ്പൂരിന്റെ ശില്പി ലീ ക്വാന്‍ യു വിന്റെ പേരിലുള്ള പബ്ലിക് പോളിസി സ്‌കൂളില്‍ ചെന്നിരുന്ന് ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയെന്ന് കോണ്‍ഗ്രസുകാരെങ്കിലും വിശേഷിപ്പിക്കുന്ന രാഹുല്‍ തട്ടിവിട്ടത് ജോക്‌സ് ഇന്‍ ഇന്ത്യ എന്ന പേരില്‍ ഒരു പുസ്തകം തന്നെ എഴുതാവുന്നത്ര കോമഡികളായിരിരുന്നു.
ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ച് 18 വര്‍ഷം കഴിഞ്ഞ ശേഷമാണ് സിംഗപ്പൂരിന് ബ്രിട്ടീഷ് സാമ്രാജ്യത്തില്‍ നിന്നും മോചനം ലഭിക്കുന്നത്. ഈ വേളയിലാണ് ആദ്യ പ്രധാനമന്ത്രിയായി ലീ ക്വാന്‍ എത്തുന്നത്. ചെറിയ രാജ്യമാണെങ്കിലും സിംഗപ്പൂര്‍ വികസനത്തില്‍ നടത്തിയ മുന്നേറ്റം അതിശയിപ്പിക്കുന്നതായിരുന്നു. ഇതിനു പിന്നില്‍ ദീര്‍ഘ വീക്ഷണമുള്ള ഭരണാധികാരിയുടെ കൈയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. എന്നാല്‍, രാഹുലിന്റെ മുത്തച്ഛന്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായി 17 വര്‍ഷം ഇന്ത്യ ഭരിച്ചു. തുടര്‍ന്ന് മകള്‍, ഇന്ദിരയും അവരുടെ മകന്‍ രാജിവും ഇങ്ങിനെ 37 വര്‍ഷം ഒരു കൂടുംബം മാത്രം നേരിട്ട് ഭരിച്ചു,. പിന്നീട് പത്തു കൊല്ലം യുപിഎയുടെ പേരിലും നിഴല്‍ ഭരണം നടത്തി.
ഈ സാഹചര്യത്തിലാണ്, സാമ്പത്തിക ശാസ്ത്രജ്ഞനും ഏഷ്യ റീബോണ്‍ എന്ന ഗ്രന്ഥത്തിന്റെ രചയിതാവുമായ പ്രസന്‍ജിത് കെ ബസു ചോദിച്ച ചോദ്യത്തിനു മുന്നില്‍ ലീ ക്വാനിന്റെ മണ്ണില്‍ വെച്ച് രാഹുല്‍ വെള്ളം കുടിച്ചത്.
നെഹ്‌റു കുടുംബം പ്രധാനമന്ത്രി പദത്തില്‍ ഇരുന്ന വേളകളിലെല്ലാം ഇന്ത്യയുടെ ആളോഹരി വരുമാനം ആഗോള ശരാശരിയേക്കാള്‍ വളരെ കുറയാനുണ്ടായ സാഹചര്യം എന്താണെന്നായിരുന്നു ബസുവിന്റെ അക്കാദമിക് താല്‍പര്യത്തിലുള്ള ചോദ്യം.
When Rahul Gandhi could not answer what his family's contribution to India is !! pic.twitter.com/rdSIYJHMQL
— Amit Malviya (@amitmalviya) March 8, 2018
എന്നാല്‍, പ്രതിരോധത്തിലായ രാഹുല്‍ ഇതിലെ രാഷ്ട്രീയ വശമാണ് ആദ്യം തിരിച്ചറിഞ്ഞത്. തന്റെ പിതാമഹന്‍മാരുടെ ഭരണ നേട്ടങ്ങള്‍ അക്കമിട്ട് നിരത്തി വിമര്‍ശനത്തിന്റെ വായടപ്പിക്കാനുള്ള സുവര്‍ണാവസരം ആയിരുന്നു അത്. എന്നാല്‍, അങ്ങിനെയൊന്ന് ഇല്ലാത്തതിനാല്‍ ചോദ്യ കര്‍ത്താവിനെ അവഹേളിക്കുന്ന മറു ചോദ്യങ്ങള്‍ ഉന്നയിച്ച് താന്‍ ഉത്തരം പറഞ്ഞുവെന്ന് പ്രഖ്യാപിച്ച് രക്ഷപ്പെടുകയാണ് രാഹുല്‍ ചെയ്തത്.
പിന്നീട് മറ്റു ചോദ്യങ്ങള്‍ക്ക് നല്‍കിയ ഉത്തരത്തില്‍ താന്‍ വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്ന വ്യക്തിയാണെന്നും എന്നോട് ചോദിച്ച ചോദ്യങ്ങള്‍ മോഡിയോട് ചോദിക്കാന്‍ നിങ്ങള്‍ക്ക് ധൈര്യമുണ്ടോ എന്നൊക്കെ ചോദിക്കുയാണ് ഉണ്ടായത്.
ഈ സംവാദത്തിനിടെ രാഹുല്‍ നടത്തിയ പല പ്രസ്താവനകളും യുക്തിഭദ്രമായിരുന്നില്ല. ഫലത്തില്‍ ഒരു കോമഡി ഷോയായി ഇത് മാറി. രാഹുലിന്റെ ഷോകള്‍ക്ക് 28 ശതമാനം എന്റര്‍ടെയ്‌മെന്റ് ടാക്‌സ് ഏര്‍പ്പെടുത്തണമെന്നു വരെ സോഷ്യല്‍ മീഡിയയില്‍ പരിഹാസം ഉയര്‍ന്നു.
എംആര്‍ഐ മെഷിനുകള്‍ ബന്ധിപ്പിക്കണം എന്നാല്‍, ആരോഗ്യ രംഗത്ത് വന്‍ കുതിച്ചു ചാട്ടം ഉണ്ടാകുമെന്ന രാഹുലിന്റെ പ്രസ്താവനയും അല്പ ജ്ഞാനത്തിന്റെ പ്രതിഫലനമായി. ഓക്‌സഫര്‍ഡ് സര്‍വ്വകലാശാല അള്‍ട്രാ ഹൈ ഫീല്‍ഡ് ( യുഎച്ച്എഫ്) എംആര്‍ഐ മെഷിനുകള്‍ ലണ്ടനില്‍ അഞ്ചു ആശുപത്രികളില്‍ സ്ഥാപിച്ച് അതില്‍ നിന്നും മസ്തിഷക സ്‌കാനിംഗിലുടെ ലഭിക്കുന്ന വിവരങ്ങള്‍ ശേഖരിച്ച് അള്‍ഷൈമേഴ്‌സ് രോഗത്തിന് മരുന്നു കണ്ടുപിടിക്കാനുള്ള ഗവേഷണം നടത്തുന്നതായി ചില മാധ്യമ വാര്‍ത്തകള്‍ വന്നിരുന്നു.
ഇതാണ് എംആര്‍ഐ മെ,ഷിനുകള്‍ പരസ്പരം ബന്ധിപ്പിക്കണമെന്ന രാഹുലിന്റെ പ്രസ്താവനയ്ക്ക് നിദാനമായതെന്ന് കരുതുന്നു. യന്ത്രങ്ങളല്ല, സ്‌കാനിംഗ് ഡാറ്റകള്‍ വിശകലനം ചെയ്യുന്നതിന് കേന്ദ്രങ്ങളെയാണ് ലോക്കല്‍ നെറ്റ് വര്‍ക്കിലൂടെ ബന്ധിപ്പിച്ചത് .
അമേരിക്കയ്ക്ക് ശക്തിയുണ്ട്, ജപ്പാനും ശക്തിയുണ്ട്. പക്ഷേ, പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന ഒരു ലോകത്ത് ഇത് പ്രശ്‌നം ഉണ്ടാക്കും. ഇത് നമ്മള്‍ എല്ലാവര്‍ക്കും ശക്തിയുണ്ടാക്കും. ..
ചൈന ഒരിടത്ത്,. സിംഗപ്പൂര്‍ ഒരിടത്ത്,. ഇന്ത്യയും…ഇത് സന്തുലിതാവസ്ഥ ഉണ്ടാക്കും.
മറ്റൊരു പരമാര്‍ശം- വിമാനം പറത്തുന്നത് പൈലറ്റുമാരാണ്,. എന്നാല്‍, ഇന്ന് പൈലറ്റുമാരില്ല,. നിങ്ങള്‍ അവരെ പൈലറ്റുമാര്‍ എന്നു വിളിക്കുന്നു. ഇവര്‍ അടിസ്ഥാനപരമായി സിസ്റ്റം മാനേജര്‍മാരാണ്. വിമാനം സ്വയമേവ പറക്കുന്നു. ജിപിഎസ്, മറ്റു യന്ത്രസംവിധാനങ്ങള്‍ എല്ലാമാണ് ഇതിനുള്ളത്. പൈലറ്റുമാര്‍ അവിടെ ഇരിക്കുന്നത് യാത്രക്കാര്‍ക്ക് വിമാനം പറത്തുന്നവര്‍ അവിടെ ഉണ്ട് എന്നുള്ള ഒരു സുഖസുരക്ഷ അനുഭവം ഉണ്ടാക്കാനാണ്. ..
ഇങ്ങിനെ പോകുന്നു രാഹുലിന്റെ മഹത് വചനങ്ങള്‍. ആര്‍ക്കും ഒന്നും മനസിലാകാത്ത വിധത്തിലാണ് ഒരോന്നും. ഇത്തരത്തില്‍ രാഹുലിനെ ഐക്യു താരമായി ഉയര്‍ത്തികൊണ്ടുവരാനും പപ്പു ഇമേജിന്റെ തടവറയില്‍ നിന്നും മോചിപ്പിക്കാനുമുള്ള പിത്രാദജിയുടെ ശ്രമങ്ങള്‍ പരാജയപ്പെടുന്ന കാഴ്ചയാണ് കാണുന്നത്. ഇത് ,രാഷ്ട്രീയസംവാദത്തിന്റെ ചതുപ്പു നിലത്തില്‍ മൂക്കറ്റം വരെ മുങ്ങി രാഹുലിനെ എത്തിച്ചിരിക്കുകയാണ്.
കോണ്‍ഗ്രസ് പ്രസിഡന്റായ ശേഷം രാഹുലിന്റെ മെയ്‌ക്കോവര്‍ കോണ്‍ഗ്രസുകാരും കുടുംബവാഴ്ചയെ വാഴ്ത്തുന്ന മാധ്യമങ്ങളും സ്വപ്‌നം കാണുന്നുണ്ട്. പക്ഷേ, ഗുജറാത്ത്, ഹിമാചല്‍, നാഗാലാന്‍ഡ്, മേഘാലയ, ത്രിപുര എന്നിവടങ്ങളിലെല്ലാം വന്‍ പരാജയം ഏറ്റുവാങ്ങിയ രാഹുലാണ് ഒരു വശത്ത്. മേഘാലയയില്‍
ഏറ്റവും വലിയ ഒറ്റക്കക്ഷിയായി കോണ്‍ഗ്രസിന് അധികാരം നിലനിര്‍ത്താന്‍ അവസരം ലഭിച്ചിട്ടും പാഴാക്കി. നേരത്തെ, മണിപ്പൂരിലൂം, ഗോവയിലും ബിജെപി സമര്‍ത്ഥരായി ഘടക കക്ഷികളുടെ പിന്തുണ നേടിയെടുത്തതിന്റെ പാഠം പോലും ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിഞ്ഞില്ല. കോണ്‍ഗ്രസ് വിരുദ്ധ ശക്തികളെ ഒന്നിപ്പിച്ച് ഭരണത്തില്‍ പങ്കാളികളാക്കി ബിജെപി വിജയക്കൊടി പാറിച്ചു. മറുവശത്ത്. വോട്ടെണ്ണല്‍ സമയത്ത് ഷില്ലോംഗില്‍ പറന്നിറങ്ങിയ അഹമദ് പട്ടേലും കമല്‍നാഥും മറ്റും നാണം കെട്ട് വൈകീട്ടോടെ തിരിച്ച് ഡെല്‍ഹിക്കു മടങ്ങേണ്ടിവന്നത് യഥാര്‍ത്ഥത്തില്‍ ആ പാര്‍ട്ടിയുടെ ഗതികേടിന്റെ നേര്‍ക്കാഴ്ചയായി മാറി.
പ്ലാന്‍, എയും ബിയും സിയും ഒക്കെ തയ്യാറാക്കി മാസങ്ങളായി തന്ത്രങ്ങള്‍ മെനഞ്ഞുകൊണ്ടിരുന്ന ബിജെപിയും അവരുടെ സമര്‍ത്ഥരായ ചാണക്യസംഘവും വിജയം നേടുമ്പോള്‍ രാഹുല്‍ അമ്മൂമ്മക്കഥകള്‍ കേട്ട് ഇറ്റിലിയില്‍ അവധിക്കാലം ആസ്വദിക്കുകയായിരുന്നു.
2019 ല്‍ രാഹുലിനെ കൊണ്ട് ഒന്നും നേടാനാകില്ലെന്ന്
തിരിച്ചറിഞ്ഞാണ് ബംഗാള്‍ മുഖ്യമന്ത്രി മമതയുടെ നേതൃത്വത്തില്‍ അവശേഷിക്കുന്ന കോണ്‍ഗ്രസിതര മുഖ്യമന്ത്രിമാര്‍ ഒത്തു ചേര്‍ന്ന് തങ്ങളോട് ചേര്‍ന്നു നില്‍ക്കുന്ന പ്രാദേശിക പാര്‍ട്ടികളെ കൂട്ടുപിടിച്ച്
മൂന്നാം മുന്നണിക്ക് വട്ടം കൂട്ടുന്നത്.
ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ ഇത്തരം ചാപിള്ളകള്‍ അവതരിക്കാറുണ്ട്. ഏതായാലും, കോണ്‍ഗ്രസിനും അതിന്റെ അദ്ധ്യക്ഷനും പുനരുത്ഥാനം എന്നത് അഞ്ഞാഴി ചുരത്തും പക്ഷേ, ഒരിക്കലും പ്രസവിക്കില്ലെന്ന പഴം ചൊല്ലിലെ പശുവിന്റെ ഗതി പോലെയാകുമെന്നാണ് കരുതേണ്ടത്.