ആര്‍ബിഐ ഡിവിഡന്റും അധിക മൂലധനവും സമ്പദ് വ്യവസ്ഥയിലേക്ക്

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തങ്ങളുടെ ലാഭവിഹിതവും അധിക മൂലധനവും സമ്പദ് വ്യവസ്ഥയിലേക്ക് നല്‍കുന്നതിന് തീരുമാനമെടുത്തതിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷവും ചില മാധ്യമങ്ങളും തെറ്റിദ്ധാരണപരത്തുന്ന പ്രസ്താവനകളും വ്യാഖ്യാനങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ്.

റിസര്‍വ് ബാങ്കിന്റെ അധിക മൂലധനത്തെ മാധ്യമങ്ങളും പ്രതിപക്ഷവും കരുതല്‍ ധനശേഖരം എന്നാണ് വ്യാഖ്യാനിക്കുന്നത്. ഭരണഘടനയ്ക്കും സ്വതന്ത്ര ഇന്ത്യക്കും മുമ്പാണ് റിസര്‍വ് ബാങ്ക് രൂപീകൃതമായത്. 1934 ലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് അനുസരിച്ചാണ് ഇന്നും ബാങ്ക് പ്രവര്‍ത്തിക്കുന്നത്. ഇതിലെ നാലാം അദ്ധ്യായത്തിലെ സെക്ഷന്‍ 47 വിവക്ഷിക്കുന്നത് അധിക ഫണ്ട് വിതരണത്തെക്കുറിച്ചാണ്.

RBI തങ്ങളുടെ പ്രവര്‍ത്തന ലാഭം കേന്ദ്രസര്‍ക്കാരിലേക്ക് അയയ്ക്കണമെന്നാണ് ഇതില്‍ വ്യക്തമായി പ്രതിപാദിച്ചിരിക്കുന്നത്. ജീവനക്കാരുടെ ശമ്പളം, ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പ എന്നിവ ഉള്‍പ്പടെയുള്ള പ്രവര്‍ത്തന മൂുലധനം നീക്കിയിരിപ്പും കടബാധ്യതകള്‍ ശേഷവുമുള്ള ലാഭം കേന്ദ്ര സര്‍ക്കാരിലേക്ക് അടയ്ക്കണം എന്നുള്ള കര്‍ശന നിയമ വ്യവസ്ഥയാണ് ഇത്.

റിസര്‍വ് ബാങ്കിന്റെ പ്രധാന വരുമാന മാര്‍ഗം കേന്ദ്ര സര്‍ക്കാരിന്റെ ബോണ്ടുകളും ഡിബഞ്ചറുകളും വിറ്റഴിച്ച വകയില്‍ നിന്നുള്ളതാണ്. ബാങ്കുകള്‍ക്ക് നല്‍കുന്ന ഹ്രസ്വകാല-ദീര്‍ഘകാല വായ്പകളിലെ പലിശ, ഓപ്പണ്‍ മാര്‍ക്കറ്റിലൂടെ വിറ്റഴിക്കുന്ന ബോണ്ടുകളുടെ പലിശയിനത്തിലും റിസര്‍വ് ബാങ്കിന് വരുമാനം ലഭിക്കുന്നു.

രാജ്യത്തെ പണപ്പെരുപ്പം, മൊത്തവില സൂചിക, ബഡ്ജറ്റ് ഡെഫിസിറ്റ് തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ റിസര്‍വ് ബാങ്ക് തീരുമാനിക്കുന്ന റിപൊ, റിവേഴ്‌സ് റിപോ, തുടങ്ങിയ പലിശ നിരക്കുകളാണ് ബാങ്കുകളില്‍ നിന്ന് ഭവന, വാഹന, പേഴ്‌സണല്‍ വായ്പകളുടെ പലിശ നിരക്കുകള്‍ നിശ്ചയിക്കപ്പെടുന്നത്.

കോണ്‍ഗ്രസിന്റേയും മാധ്യമങ്ങളുടേയും കണ്ണിലുണ്ണിയായിരുന്ന രഘുറാം രാജന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന 2013-14 ല്‍ റിസര്‍വ് ബാങ്ക് തങ്ങളുടെ ലാഭവിഹിതം മുഴുവന്‍ സര്‍ക്കാരിന് കൈമാറിയിരുന്നു. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ റിസര്‍വ് ബാങ്ക് കൈമാറിയിരുന്ന അത്രയും തുകയാണ് ഈ ഒരൊറ്റ വര്‍ഷം കൊണ്ട് കേന്ദ്ര സര്‍ക്കാരിലേക്കും ഇതുവഴി പൊതു സമ്പദ് വ്യവസ്ഥയിലേക്കും ഫണ്ട് എത്തിച്ചത്.

ഏകദേശം 52,679 കോടി രൂപ കൈമാറാന്‍ രഘുറാം രാജന്‍ അദ്ധ്യക്ഷനായ ഡയറക്ടര്‍ ബോര്‍ഡ് അന്ന് തീരുമാനമെടുക്കുകയായിരുന്നു. മന്‍മോഹന്‍ സിംഗ് സര്‍ക്കാരില്‍ നിന്ന് മോദി സര്‍ക്കാരിലേക്ക് അധികാരം കൈമാറ്റം ചെയ്യപ്പെട്ട കാലയളവിലാണ് ഇത് സംഭവിച്ചത്. അന്ന് പ്രതിപക്ഷമോ, മാധ്യമങ്ങളോ ഇതിനെ വിമര്‍ശിച്ചതായി കണ്ടില്ല.

മറിച്ച്, രഘുറാം രാജന്‍ ഇതിനെ തന്റെ ഭരണ നേട്ടമായാണ് അവതരിപ്പിക്കുകയായിരുന്നു. വിദേശനാണ്യ ശേഖരത്തില്‍ 15 ശതമാനം വര്ദ്ധനവ് ഉണ്ടായതാണ് ഇത്രയും വലിയ ലാഭ വിഹിതം നല്‍കാന്‍ റിസര്‍വ് ബാങ്കിന് സാധിച്ചത്. മൊത്തം ചെലവിനത്തില്‍ 4.9 ശതമാനം കുറവുണ്ടായതും ലാഭം കൂടാന്‍ ഇടയാക്കി.

Image

ഇതിനു പുറമേ മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ നിയോഗിച്ച ടെക്‌നിക്കല്‍ കമ്മറ്റിയുടെ ശിപാര്‍ശ പ്രകാരം കന്‍ഡിജന്‍സി റിസര്‍വ് (CR), അസറ്റ് ഡെവലപ്‌മെന്റ് റിസര്‍വ് (ADR) എന്നിവയിലേക്ക് ഫണ്ട് കൈമാറേണ്ടതില്ലെന്നും അധിക മൂലധനമായി പണം സൂക്ഷിച്ചു വെയ്‌ക്കേണ്ടതില്ലെന്നുമായിരുന്നു നിര്‍ദ്ദേശം, വൈ എച്ച് മെലെഗാം അദ്ധ്യക്ഷനായ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ സ്വീകരിക്കുകയായിരുന്നു.

തുടര്‍ന്നു വന്ന മോദി സര്‍ക്കാര്‍ ഈ ഭേദഗതികള്‍ അംഗീകരിച്ചു, നോട്ടു വിരോധനത്തെ തുടര്‍ന്ന് പുതിയ നോട്ട് അടിക്കാനും മറ്റുമായി റിസര്‍വ് ബാങ്കിന് ചെലവു നേരിടേണ്ടി വന്നിരുന്നുവെങ്കിലും നിരോധിച്ച നോട്ടുകള്‍ മുഴുവന്‍ മടങ്ങിയെത്തിയത് റിസര്‍വ് ബാങ്കിന് വന്‍ നേട്ടമായി. കണക്കില്‍പ്പെടാതെ, ബാങ്കിംഗ് വിപണിയിയില്‍ ഉള്‍പ്പെടാതെ പൂഴ്ത്തിവെച്ചിരുന്ന നോട്ടുകള്‍ അത്രയും മടങ്ങിവന്നതോടെ റിസര്‍വ് ബാങ്കിന്റെ സമ്പദ്ശക്തി വര്‍ദ്ധിച്ചു, ഇത്രയും തുക ബാങ്കുകളിലേക്കും അതുവഴി വ്യക്തികളിലേക്കും വ്യവസായ സംരംഭകരിലേക്കും പണം വായ്പകളുടെ രൂപത്തില്‍ എത്തിക്കാനായി.

കിട്ടാക്കടം പെരുകി വലഞ്ഞ ബാങ്കുകള്‍ക്ക് ജീവരക്തം നല്‍കുന്നതായി നോട്ടു നിരോധനം മാറി.. വലിയ മൂല്യമുള്ള നോട്ടുകള്‍ മാത്രം നിരോധിച്ചതിലൂടെ സമ്പന്ന വര്‍ഗത്തിലെ കള്ളപ്പണക്കാരെ വലവീശിപ്പിടിക്കാനും ഇവരെ നികുതി സംവിധാനത്തിലേക്ക് നേരിട്ട് എത്തിക്കാനും സാധിച്ചു. ആഡംബര കാറുകളുടെ വില്‍പന പെരുകുകയും വിദേശസുഖവാസ യാത്രക്കാരുടെ എണ്ണം വര്‍ദ്ധിക്കുകയും റിയല്‍ എസ്റ്റേറ്റ് മേഖലയിലെ വന്‍ നിക്ഷേപങ്ങളുമെല്ലാം ഉണ്ടായിട്ടും ആദായ നികുതി അടയ്ക്കുന്നവരുടെ എണ്ണം ആനുപാതികമായി വര്‍ദ്ധിക്കാതിരുന്നതിനെ തുടര്‍ന്നാണ് കള്ളപ്പണക്കാരെയും മറ്റും പിടികൂടാന്‍ നോട്ടുനിരോധനമെന്ന ഒറ്റമൂലി പ്രയോഗം മോദി സര്‍ക്കാര്‍ നടത്തിയത്.

ഇതിനു ശേഷമുള്ള ആദ്യ വര്‍ഷം റിസര്‍വ് ബാങ്ക് തങ്ങളുടെ ലാഭവിഹിതം കേന്ദ്ര സര്‍ക്കാരിലേക്ക് നല്‍കിയപ്പോള്‍ മുന്‍ വര്‍ഷത്തെതില്‍ നിന്നും കുറവ് സംഭവിച്ചു. നോട്ടു നിരോധനത്തെ രാഷ്ട്രീയമായി എതിര്‍ത്ത പ്രതിപക്ഷവും മാധ്യമങ്ങളും റിസര്‍വ് ബാങ്കിനെ നഷ്ടത്തിലാക്കിയതിന്റെ പേരില്‍ സര്‍ക്കാരിനെ പഴിപറഞ്ഞിരുന്നു. അന്നാണ് റിസര്‍വ് ബാങ്ക് ലാഭവിഹിതം കേന്ദ്ര സര്‍ക്കാരിലേക്ക് നല്‍കുന്നുണ്ടെന്ന വിവരം പൊതുജനം അറിഞ്ഞത് .

ബിസിനസ് പേജിലെ ഏതെങ്കിലും മൂലയില്‍ ഒതുങ്ങുന്ന ഒരു കോളംവാര്‍ത്തയാണ് ഇപ്പോള്‍ മുന്‍പേജില്‍ വെണ്ടടക്ക നിരത്തി കേന്ദ്രസര്‍ക്കാര്‍ റിസര്‍വ് ബാങ്ക് കൊള്ളയടിക്കുന്നു എന്ന തരത്തില്‍ ദുര്‍വ്യാഖ്യാനം നല്‍കി മാധ്യമങ്ങള്‍ ആഘോഷിക്കുന്നത്.

പ്രമുഖ മലയാള പത്രം നല്‍കിയ തലക്കെട്ട് റിസര്‍വ് ബാങ്ക് കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ മുട്ടുമടക്കി എന്നതാണ്. റിസര്‍വ് ബാങ്കിന്റെ കരുതല്‍ ഫണ്ട് തട്ടിപ്പറിച്ചുവെന്നും ഇതിനായി വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് രാജ്യസഭാ എംപിയായിരുന്ന റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ ബിമല്‍ ജലാലിന്റെ നേതൃത്വത്തിലുള്ള സമിതിയുടെ നിര്‍ദ്ദേശം സ്വീകരിക്കുകയായിരുന്നുവെന്നും മോദിയേയും ബിജെപിയേയും പരോക്ഷമായി പ്രതിക്കൂട്ടില്‍ നിര്ത്തി നടപടിയെ ഈ മാധ്യമം ദുര്‍വ്യാഖ്യാനം ചെയ്ത് അവതരിപ്പിച്ചു.

റിസര്‍വ് ബാങ്കിന്റെ മുന്‍കാല നടപടികളെ കുറിച്ചോ, ആദ്യം സൂചിപ്പിച്ച 1934 ലെ റിസര്‍വ് ബാങ്ക് ആക്ട് ചാപ്റ്റര്‍ നാലിലെ സെക്ഷന്‍ 47 നെ കുറിച്ചോ അറിവില്ലാത്ത രാഷ്ട്രീയം എഴുതാന്‍ അറിയാവുന്ന ലേഖകന്‍മാര്‍ കോണ്‍ഗ്രസ് അനുഭാവം പ്രകടിപ്പിക്കാന്‍ മാത്രമാണ് ഇത്തരം വാചക കസര്‍ത്തുകളിലൂടെ പൊതുജനത്തെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിക്കുന്നത്.

രാജ്യത്തെ സമ്പദ് രംഗത്തിന് ഊര്‍ജ്ജം നല്‍കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച സ്റ്റിമുലസ് പാക്കേജിനു പിന്നാലെയാണ് ഈ തീരുമാനം എത്തിയതെന്നതും ദുര്‍വ്യാഖ്യാനിക്കുകയാണുണ്ടായത്.

2019 ഫെബ്രുവരി മാസം ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ ഉന്നയിച്ചിരുന്നു. ഇക്കാര്യത്തില്‍ റിസര്‍വ് ബാങ്ക് അന്നത്തെ ഗവര്‍ണര്‍ ഊര്‍ജ്ജിത് പട്ടേലും ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യയും വിയോജിക്കുകയും തുടര്‍ന്ന് ഇവര്‍ രാജിവെയ്ക്കുകയും ഉണ്ടായി. ഇതിനു ശേഷമാണ് മുന്‍ ഗവര്‍ണര്‍ ബിമല്‍ ജലാന്‍ അദ്ധ്യക്ഷനായ സമിതി രൂപികരിക്കുകയും ഇക്കാര്യത്തില്‍ പഠനം നടത്തി വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തത്.

മന്‍മോഹന്‍ മന്ത്രിസഭയുടെ കാലത്ത് വൈ എച്ച് മാലെഗാം അദ്ധ്യക്ഷനായ സമതിയും സമാനമായ നിര്‍ദ്ദേശമാണ് നല്‍കിയിരുന്നത്. റിസര്‍വ് ബാങ്കിന്റെ അധിക മൂലധനം സമ്പദ് വ്യവസ്ഥയിലേക്ക് ലിക്വിഡിറ്റി വര്‍ദ്ധിപ്പിക്കാനായി എത്തിക്കുന്നത് രാജ്യത്തിനും ജനങ്ങള്‍ക്കും ഗുണകരമാകുകയേയുള്ളുവെന്ന് രഘുറാം രാജനും മറ്റു സാമ്പത്തിക വിദഗ്ദ്ധരും അഭിപ്രായപ്പെട്ടിരുന്നു. പിന്നീട് ഇത് മോദി സര്‍ക്കാരിന് അനുകൂലമാകുമെന്ന് കണ്ട് ചിലര്‍ രംഗത്തു വരികയായിരുന്നു.

ഇക്കുറി റിസര്‍വ് ബാങ്ക് നല്‍കുന്ന 1.70 ലക്ഷം കോടിയിൽ 1 .23 ലക്ഷം കോടിയും ലാഭ വിഹിതമാണ്. . 52,640 കോടി രൂപ മാത്രമാണ് അധിക മൂലധനത്തില്‍ നിന്നും നല്‍കുന്നത്. അധിക മൂലധനം എന്നു പറയുന്നത്. കരുതല്‍ മൂലധനത്തിനും മുകളില്‍ സൂക്ഷിച്ചിട്ടുള്ള തുകയാണെന്നത് വിമര്‍ശകര്‍ സൗകര്യപൂര്‍വം വിസ്മരിക്കുകയോ മറച്ചു വെയ്ക്കുകയോ ചെയ്യുന്നു. ഇതില്‍ തന്നെ 28,000 കോടി ഫെബ്രുവരിയില്‍ ഇടക്കാല ലാഭവിഹിതമായി നല്‍കിക്കഴിഞ്ഞതാണ്. സാധാരണ പ്രതിവര്‍ഷം ഏകദേശം 90,000 കോടി രൂപയാണ് റിസര്‍വ് ബാങ്ക് ലാഭവിഹിതമായി സര്‍ക്കാരിലേക്ക് നല്‍കുന്നത്. മാധ്യമങ്ങളുംപ്രതിപക്ഷവും നിലവിളിക്കുന്നതു പോലെ 1.76 ലക്ഷം കോടി രൂപ റിസര്‍വ് ബാങ്കിന്റെ കരുതല്‍ ശേഖരത്തില്‍ നിന്ന് മോദിസര്‍ക്കാര്‍ മോഷ്ടിക്കുന്നില്ല.. മറിച്ച് പതിവായി നല്‍കുന്ന 90,000 കോടി ലാഭ വിഹിതത്തിനൊപ്പം നോട്ടു നിരോധനത്തിലൂടെ അധിക വരുമാനത്തിന്റെ ഭാഗമായ ലഭിച്ച വിഹിതവും കരുതല്‍ തുകയില്‍ അധികമമായെത്തിയ 52,657 കോടി രൂപയും സമ്പദ് വ്യവസ്ഥയ്ക്ക് ശക്തി പകരാനായി റിസര്‍വ് ബാങ്ക് നല്‍കുന്നുവെന്ന് എന്നു മാത്രമാണ്.

പ്രധാന മന്ത്രി എവിടെ പോയാലും ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ അഞ്ചു ട്രില്യണ്‍ യുഎസ് ഡോളറിന്റേതായി മാറ്റുമെന്ന വാഗ്ദാനമാണ് നല്‍കുന്നത്. സമ്പദ് വ്യവസ്ഥ പൊളിഞ്ഞിട്ടല്ല മറിച്ച് സമ്പദ് രംഗത്തിന് ഉണര്‍വും കൂടുതല്‍ കരുത്തും നല്‍കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തതെന്ന് സര്‍ക്കാര്‍ നയങ്ങളേയും നടപടികളേയും സസൂക്ഷ്മം നിരീക്ഷിക്കുന്ന ഏതൊരു സാധാരണക്കാരനും മനസിലാക്കാന്‍ കഴിയും..

ലോക ബാങ്കു പോലുള്ള ഏജന്‍സികളില്‍ നിന്ന് വായ്പ എടുക്കുന്നത് കുറച്ചുകൊണ്ടുവരാനും ധനക്കമ്മി ജിഡിപി അനുപാതം 3.3 ശതമാനമായി നിലനിര്‍ത്തുന്നതിനുമാണ് സര്‍ക്കാര്‍ ഈ നടപടികള്‍ സ്വീകരിക്കുന്നത്.

ഈ അവസരത്തില്‍ മാധ്യമങ്ങളും കോണ്‍ഗ്രസ് നേതാക്കളും ചേര്‍ന്ന് പതിവു ബഫൂണറി ഷോ നടത്തി പൊതുജനങ്ങളെ കബളിപ്പിക്കുന്നതിനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

റിസര്‍വ് ബാങ്കില്‍ നിന്ന് മോഷ്ടിക്കുന്നത് ശരിയല്ലെന്നാണ് രാഹുല്‍ ഗാന്ധി പറയുന്നത്. സ്വയം സൃഷ്ടിച്ച സാമ്പത്തിക ദുരന്തത്തില്‍ നിന്ന് എങ്ങിനെ കരകയറണമെന്ന് പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും അറിയില്ലെന്നും റിസര്‍വ് ബാങ്ക് എങ്ങിനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പോലും അന്വേഷിക്കാതെ രാഹുല്‍ പറഞ്ഞു വെയ്ക്കുന്നു. വെടിയുണ്ടയേറ്റ മുറിവില്‍ മോഷ്ടിച്ചെടുത്ത ബാന്‍ഡ് എയ്ഡ് കെട്ടുന്നതു പോലെയാണെന്ന വിചിത്രമായ മെറ്റഫോറും രാഹുല്‍ ട്വിറ്ററിലൂടെ നടത്തിയ പ്രസ്താവനയില്‍ പറഞ്ഞുവെയ്ക്കുന്നു.

ബാന്‍ഡ് എയ്ഡ് ലോകത്ത് ആരെങ്കിലും മോഷ്ടിക്കുമെന്ന് കരുതാനാവില്ല. ഫസ്റ്റ് എയ്ഡ് എവിടേയും സൗജന്യമായി ലഭിക്കുന്ന ഒന്നാണ്. ഇത്തരം കോമാളി പ്രയോഗങ്ങളിലൂടെ അഭിപ്രായപ്രകടനങ്ങള്‍ നടത്തുക വഴി സാമ്പത്തിക രംഗത്തെക്കുറിച്ചും റിസര്‍വ് ബാങ്കിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചും തനിക്ക് അറിവില്ലെന്ന് രാഹുല്‍ തെളിയിക്കുകയാണ്.

കോണ്‍ഗ്രസിന്റെ വക്താവായ രണ്‍ദീപ് സിംഗ് സുര്‍ജെ വാലെ ഒരു പടികൂടി കടന്ന് ഈ തുക കഴിഞ്ഞ ബഡ്ജറ്റില്‍ ‘അപ്രത്യക്ഷമായ’ 1.70 ലക്ഷം കോടി രൂപയ്ക്ക് തുല്യമാണെന്നും ആരോപിക്കുന്നുണ്ട്. എന്‍ഡിടിവിയാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചത്. ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് എന്ന മാധ്യമത്തില്‍ പ്രധാനമന്ത്രിയുടെ ഉപദേശക സമിതിയിലുള്ള രതിന്‍ റോയി എഴുതിയ ലേഖനത്തിലെ ചില പരാമര്‍ശങ്ങളുടെ ചുവടുപിടി്ച്ചാണ് എന്‍ഡിടിവി കഥ മെനഞ്ഞത്.

നിഷ്പക്ഷ സാമ്പത്തിക ശാസ്ത്രജ്ഞനായ ഇദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ പലപ്പൊഴും വിമര്‍ശനാത്മകമാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ ധനകാര്യ മന്ത്രാലയത്തിന്റെ ചുമതലയുണ്ടായിരുന്ന പീയുഷ് ഗോയല്‍ ഫെബ്രുവരിയില്‍ അവതരിപ്പിച്ച താല്‍ക്കാലിക ബഡ്ജറ്റും പിന്നീട് ജൂലൈയില്‍ നിലവിലെ ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബഡ്ജറ്റും തമ്മില്‍ ഉണ്ടായ അന്തരത്തെപ്പറ്റിയാണ് ഇത് സൂചിപ്പിച്ചത്.

താല്‍ക്കാലിക ബഡ്ജറ്റിലും ഇക്കണോമിക് സര്‍വ്വേയിലും വരവിലും ചെലവിലും 1.70 ലക്ഷം കോടിയുടെ വ്യത്യാസം വന്നു. ഇക്കണോമിക് സര്‍വ്വേ എന്നു പറയുന്നത് പ്രൊവിഷണല്‍ ആക്ച്വല്‍സിനെ അടിസ്ഥാനമാക്കിയും താല്‍ക്കാലിക ബഡ്ജറ്റ് റിവൈസഡ് എസ്റ്റിമേറ്റിനെ ആധാരമാക്കിയുമാണ് തയ്യാറാക്കുന്നതെന്ന അടിസ്ഥാന വിവരം മറച്ചുവെച്ചാണ് ഈ ആരോപണം ഉന്നയിക്കുന്നത്.

എന്നാല്‍, ഇത്തരത്തില്‍ വലിയ വ്യത്യാസം കണക്കില്‍ വന്നതിനെ കുറിച്ചാണ് പ്രധാനമന്ത്രിയുടെ ഉപദേശകന്‍ പറഞ്ഞത്. കാലാകാലങ്ങളായി സര്‍ക്കാരുകള്‍ പിന്തുടരുന്ന മെത്തഡൊളജിയെയാണ് ഇദ്ദേഹം വിമര്‍ശിച്ചത്.

വരുമാനത്തില്‍ കുറവു വന്നതു പോലെ ചെലവിലും വലിയ വ്യത്യാസം വന്നിരുന്നു. ഈ വിവരം മറച്ചുവെച്ചാണ് ശ്രീനിവാസന്‍ ജെയിന്‍ ചര്‍ച്ച നയിച്ചത്. ബിജെപിയുടെ പ്രതിനിധിയായി വന്ന വിവേക് റെഡ്ഡിയെ പറയാന്‍ അവസരം നല്‍കാതെ അവതാരകന്‍ തന്റെ അജണ്ട നടപ്പിലാക്കി.

ജൂലൈയിലെ ബഡ്ജറ്റ് അവതരിപ്പിച്ചപ്പോഴാണ് ഈ വിവാദം പൊന്തിവന്നത് . പുതിയ പല നികുതി നിരക്കുകളും ജൂലൈയിലെ ബഡ്ജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ചെലവ് ഇനത്തില്‍ കുറവു വരുത്തുകയും ചെയ്തു. ധനക്കമ്മി കുറയ്ക്കാനായിരുന്നു ഇത്തരം ചെലവു ചുരുക്കലുകള്‍ നടത്തിയത്.

ഈ വിവാദം അധികമാരും ഏറ്റെടുത്തിരുന്നില്ല. അടിസ്ഥാനമില്ലാത്ത ആറോപണങ്ങളും ചില ദുര്‍വ്യാഖ്യാനങ്ങളുമായി ഇതു മാറിയതിനെ തുടര്‍ന്ന് വിവാദം കെട്ടടങ്ങുകയായിരുന്നു.

സ്റ്റാറ്റിക്കല്‍ കമ്മീഷന്‍ മുന്‍ ചെയര്‍മാന്‍ പ്രണബ് സെന്‍ പോലും ഇത് സാധാരണ കണ്ടുവരുന്ന ക്ലറിക്കല്‍, കമ്മൂണിക്കേഷന്‍ എററാണെന്ന് അഭിപ്രായപ്പെട്ടു. ഇത്രയും വലിയ അന്തരം വരുന്നതില്‍ അദ്ദേഹം ആശങ്ക അറിയിക്കുകയും ചെയ്തു. എന്നാല്‍, കേന്ദ്രസര്ക്കാര്‍ നടത്തുന്ന നാടകീയ നീക്കങ്ങളാണ് ഇതിനു പിന്നിലെന്ന് വരുത്തിത്തീര്‍ക്കാനാണ് എന്‍ഡിടിവി അവതാരകന്‍ ജെഎന്‍ യു പ്രഫസര്‍ ജയന്തി ഘോഷിന്റേയും മാധ്യമപ്രവര്‍ത്തകന്‍ നിതിന്‍ സേഥിയുടേയും സഹായത്താല്‍ ശ്രമിച്ചത്.

ഇൗ വിവാദമാണ് സുര്‍ജെവാല ഇപ്പോള്‍ വീണ്ടും പൊക്കി കൊണ്ടുവരുന്നത്. റിസര്‍വ് ബാങ്കിനെ കുറിച്ചും ബ്ഡ്ജറ്റിനെക്കുറിച്ചും അറിവുള്ളവരോട് ചോദിച്ച ശേഷം അഭിപ്രായ പ്രകടനം നടത്താന്‍ രാഹുലിനെ ഉപദേശിക്കുക മാത്രമാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ചെയ്തത്. റാഫേല്‍ ഇടപാടിലെ കള്ളന്‍ പരാമര്‍ശത്തിനു ശേഷം രാഹുല്‍ ആര്‍ബിഐകൊള്ള എന്ന പേരില്‍ ആക്ഷേപം ഉന്നയിക്കുന്നതിന് ജനം മറുപടി നല്‍കിക്കൊള്ളുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here