കമ്മ്യുണിസം എന്ന ദർശനം തികച്ചും ആധുനികവും ശാസ്ത്രീയവും ആയാണ് പലപ്പോഴും വ്യാഖ്യാനിക്കപ്പെടാറ്. ചരിത്രത്തിന്റെ വികാസഗതി മതം ദൈവം എന്നിവയുടെ ഇടപെടലുകൾ കൂടാതെ തന്നെ ഭൗതികവ്യവഹാരങ്ങളുടെ പരിണാമദശയായി, വിശേഷിച്ചു ഉൽപാദന-വിതരണക്രമത്തിലെ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന സാമ്പത്തിക അസമത്വത്തിന്റെ അടിത്തറയിൽ വ്യാഖ്യാനം ചെയ്യാൻ ശ്രമിക്കുമ്പോൾ സ്വാഭാവികമായും അതിന് ശാസ്ത്രീയ ഉൾകാഴ്ച ഉണ്ടാകേണ്ടതാണ്. ഈ സാഹചര്യം തന്നെയാണ് കമ്മ്യുണിസത്തെ മതാത്മകമല്ലാത്ത ശാസ്ത്രമായി കാണാൻ ഒരു വിഭാഗം പണ്ഡിതരെ പ്രേരിപ്പിക്കുന്നത്. എന്നാൽ യഥാർത്ഥത്തിൽ കമ്മ്യുണിസത്തിന്റെ ഘടനാരൂപം തികച്ചും ശാസ്ത്രാധിഷ്ഠിതമാണോ? അതോ മതത്തിനോടാണോ അതിന് സാമ്യം.
മേൽപ്പറഞ്ഞ ചോദ്യത്തിന് ഉത്തരം ലഭിക്കുന്നതിന് മതത്തെ വിശേഷിച്ചും സംഘടിത മതത്തെ കൂടുതൽ അടുത്തറിയേണ്ടതുണ്ട്. മതങ്ങൾ രൂപപ്പെടുന്നത് താഴെ പറയുന്ന നാല് ഘടകങ്ങൾ കൂടിച്ചേർന്നു കൊണ്ടാണ്.
- മിത്ത് (Myth)
- വിശ്വാസങ്ങൾ (belief)
- ആചാരാനുഷ്ഠാനങ്ങൾ (Rituals)
- മതപൗരോഹിത്യ ചട്ടക്കൂട് (framework)
മേൽപ്പറഞ്ഞ നാല് ഘടകങ്ങളും പരസ്പരം ശക്തിപ്പെടുത്തുകയും അങ്ങനെ മതം ഘടനാപരമായി രൂപമെടുക്കുന്നു അല്ലെങ്കിൽ നിലനിൽക്കുന്നു.മിത്തുകൾ രൂപമെടുക്കുന്നത് ഒത്തുചേർന്ന് കഴിയുന്ന ഒരു ജനതയുടെ ജീവിതപരിസരത്തു നിന്നാണ്.മിത്തുകൾ വിശ്വാസമാകുകയും അതുവഴി അനുഷ്ഠാനങ്ങൾ അനിവാര്യമാകുമ്പോൾ മതഘടനക്കു രൂപഭദ്രത കൈവരുന്നു.
മിത്തുകൾ അഥവാ അവയുടെ സങ്കലിതരൂപമായ “മിത്തോളജി” (mythology) ഏതു മതത്തിന്റെയും അടിത്തറയാണെന്ന് പറയാം. മിത്തുകൾ യഥാർത്ഥ ചരിത്രമാകണമെന്നില്ല. അവ യാഥാർഥ്യത്തിനും അയാഥാർഥ്യത്തിനും ഇടയിലുള്ള നിർമിതികളാണ്. അവയിൽ വിശ്വസിക്കുന്ന ഒരു വിഭാഗം ജനതയുടെ മനസ്സിന് പുറത്തു അത് നിലനിൽക്കണമെന്നും ഇല്ല. മിത്തിൽ വിശ്വസിക്കുന്ന ഒരു ജനവിഭാഗം നിലനിൽക്കുന്നു എന്നതാണ് പ്രധാനം.
മിത്തുകൾ പൊതുവെ നാല് ഘടകങ്ങൾ ഉൾക്കൊള്ളുന്നവയാണെന്നു പറയാം.
- ഒരു ജനതയുടെ ഐക്യത്തെ കുറിച്ചുള്ള വിശ്വാസം (Unity)
- ഒരു രക്ഷകനിലുള്ള വിശ്വാസം അഥവാ പ്രതീക്ഷ (Saviour)
- ഏതെങ്കിലും വ്യക്തികളോ വിഭാഗങ്ങളോ തങ്ങൾക്കെതിരെ പ്രവർത്തിക്കുന്നു എന്ന ഗൂഡാലോചനാസിദ്ധാന്തം (Conspiracy theory)
- കഴിഞ്ഞു പോയതോ വരാനിരിക്കുന്നതോ ആയ സുവർണകാലത്തെ കുറിച്ചുള്ള ഗാഥകൾ (Golden Age)
ഇതിൽ ഒന്നോ അതിലധികമോ ഘടകങ്ങൾ മിത്തുകളിൽ അടങ്ങിയിരിക്കുന്നതായി കാണാം. (പ്രാചീന മിത്തുകളിൽ വരുന്ന അതീന്ദ്രിയതയുടെ ഘടകം ഇവിടെ ചർച്ചക്ക് എടുക്കുന്നില്ല. കാരണം നമ്മുടെ വിഷയം ആധുനിക കമ്മ്യുണിസം ആണല്ലോ). ഈ പറഞ്ഞ നാല് ഘടകങ്ങളും കമ്മ്യുണിസത്തിൽ എങ്ങിനെ ഉൾക്കൊള്ളുന്നു എന്ന് നോക്കാം. കമ്മ്യുണിസം ആത്യന്തികമായി തൊഴിലാളി വർഗത്തോടാണ് സംവദിക്കുന്നത്. ആ വർഗജനതയുടെ ഐക്യം ആണ് ഈ തത്വചിന്ത വിഭാവനം ചെയ്യുന്നത്. ചരിത്രപരിണാമഗതിയിൽ സാമൂഹ്യമുന്നേറ്റത്തിന്റെ കടിഞ്ഞാൺ ഒരു പ്രത്യേക വിഭാഗം ഏറ്റെടുക്കുമെന്നുള്ളത് അവതാരസങ്കല്പങ്ങളിൽ അധിഷ്ഠിതമായ രക്ഷകനെ കുറിച്ചുള്ള വിശ്വാസമില്ലെങ്കിൽ പിന്നെ എന്താണ്. തൊഴിലാളി മുന്നേറ്റത്തെ തടയുന്ന സാമ്രാജ്യത്വ-മുതലാളിത്ത ഗൂഡാലോചനയെക്കുറിച്ചുള്ള കഥകൾ കമ്മ്യുണിസ്റ് രാജ്യങ്ങളിൽ പ്രചരിച്ചിരുന്നു (ഇതിൽ എല്ലാം ഒരു പോലെ അസത്യം എന്നല്ല. എങ്കിലും കൃത്യമായി ശത്രുവിനെ അടയാളപ്പെടുത്തുന്ന വിധം കമ്മ്യുണിസത്തിൽ കാണാനാകും). മതമിത്തുകളിൽ കാണപ്പെടുന്ന അന്ത്യവിധിനാളുകൾ പോലെയുള്ള വിശ്വാസം ഇവിടെ വിപ്ലവാനന്തരം ഭരണകൂടങ്ങളുടെ കൊഴിഞ്ഞു പോക്കോടെ രൂപം കൊള്ളുന്ന കമ്മ്യുണിസ്റ്റ് സമൂഹത്തെ കുറിച്ചുള്ള പരികല്പനകളായി മാറുന്നു. ഇപ്രകാരം മിത്തുകൾക്കുണ്ടായിരിക്കേണ്ട ഘടകങ്ങൾ കമ്മ്യുണിസത്തിലും കാണാൻ കഴിയും.
ഇത്തരം മിത്തുകളിൽ നിന്ന് രൂപമെടുക്കുന്ന വിപ്ലവവിശ്വാസങ്ങൾ അന്ധമായി പുലർത്തിയിരുന്ന ഒരു കമ്മ്യുണിസ്റ് തലമുറ നമ്മുടെ നാട്ടിൽ തന്നെ ഉണ്ടായിരുന്നത് പലർക്കും ഓര്മയുണ്ടാകും. രാഷ്ട്രീയപ്രവർത്തനം തന്നെ ആചാരാനുഷ്ഠാനങ്ങളാകുന്ന ഈ ആശയവാദത്തിൽ അവ നടപ്പിലാക്കുന്നതിനുള്ള പാർട്ടി പൗരോഹിത്യത്തിന്റെ ചട്ടക്കൂടും കാണാൻ കഴിയും. അതായത് മതത്തിന്റെ സ്വഭാവം പൂർണമായി ആർജിച്ച ദർശനത്തെയാണ് ശാസ്ത്രീയമെന്നു വ്യാഖ്യാനിച്ചു അവതരിപ്പിക്കുന്നത്. ശാസ്ത്രീയ മാർക്സിസത്തെ കുറിച്ചുള്ള അവകാശവാദങ്ങൾ പൊളിച്ചെഴുതാൻ കാൾ പോപ്പറെ കുറിച്ചുള്ള (Karl Popper) ഈ വാക്കുകൾ ശ്രദ്ധിച്ചാൽ മതി. “…For Marxism, Popper believed, had been initially scientific, in that Marx had postulated a theory which was genuinely predictive. However, when these predictions were not in fact borne out, the theory was saved from falsification by the addition of ad hoc hypotheses which made it compatible with the facts. By this means, Popper asserted, a theory which was initially genuinely scientific degenerated into pseudo-scientific dogma.”
റഫറൻസ്
1) Cosmina Tanasoiu, Post-Communist political symbolism: New myths-Same old stories?An analysis of Romanian political mythology
2) https://plato.stanford.edu/entries/popper/
കമ്മ്യുണിസം ആത്യന്തികമായി തൊഴിലാളി വർഗത്തോടാണ് സംവദിക്കുന്നത്. ആ വർഗജനതയുടെ ഐക്യം ആണ് ഈ തത്വചിന്ത വിഭാവനം ചെയ്യുന്നത്.
അങ്ങനെ ആയിരുന്നു എങ്ങില്‍ ഈ ലോകത്ത് എങ്ങനെ ഏറ്റവും വലിയ ധനികര്‍ ആയി ഫേസ്ബുക്ക്,ആപ്പിള്‍,മൈക്രോസാഫ്ട് etc എന്നിവരുടെ അമരത്ത് ഇരിക്കുന്നവര്‍ , കമ്മ്യൂണിസവും കമ്മ്യൂണിസ്റ്റ് കളും ഉണ്ടായ കാലം മുതൽ എല്ലാ മേഖലയിലും അവർക്കു ഭരണത്തിന്റെ ഒപ്പം അധികാരം അവരുടെ കയ്യിൽ കിട്ടിയിട്ടുണ്ട് എന്നിട്ടും ഇത്ര അധികം സമ്പന്നർ എങ്ങനെ ഇന്നാട്ടിൽ ഉണ്ടായി .. കർഷകർ എന്നും ദരിദ്ര നാരായണൻ മാർ ആയി കഴിയുന്നു , എന്ത് കൊണ്ട് ദരിദ്രർ ഉയർന്നു വരുന്നില്ല ? കർഷക സ്നേഹം എന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അടവ് നയം മാത്രം ആണ് , ലോകം കണ്ട ഏറ്റവും വലിയ കർഷക കൂട്ടക്കൊല ആയ സോവിയറ്റ് റഷ്യയിൽ ഗുലമുകളെ നടത്തിയവർ ആണ് കർഷക വാദം പറഞ്ഞു കമ്മ്യൂണിസം എന്ന പാഴ് ചെടി വളർത്തുന്നത് .