തമിഴ്നാട്ടില്‍ വിഘടനവാദ ശക്തികള്‍ പിടിമുറുക്കുന്നു, ഏറ്റവും ഒടുവിലായി ഹിന്ദു ദൈവങ്ങളെ അന്യവല്‍ക്കരിച്ച് ഹൈന്ദവരെ ആത്മീയമായ അനാഥത്വത്തിലേക്ക് തള്ളിവിടാന്‍ രാഷ്ട്രീയ വേഷമിട്ട ട്രോജന്‍ കുതിരകളും രംഗത്തുണ്ട്. ഞെട്ടിപ്പിക്കുന്നതും ദൂരവ്യാപകമായ പ്രത്യാഘാതം ഉളവാക്കുന്നതുമായ അത്തരമൊരു പ്രവര്‍ത്തനത്തെ തുറന്നു കാട്ടുന്നു ഓൺലൈൻ മാധ്യമമായ ‘സ്വരാജ്യ’. ആത്യന്തികമായി മതം മാറ്റ ശക്തികളാല്‍ ആവിഷക്കരിക്കപ്പെട്ട ഈ കുതന്ത്രത്തില്‍ രാഷ്ട്രീയവും ജാതി വര്‍ഗ്ഗ ഭാഷാ പ്രാദേശിക ഭേദങ്ങളുമെല്ലാം നിര്‍ലോഭം പ്രയോഗിക്കപ്പെടുന്നു. വിഘടനവാദ പ്രവർത്തനത്തിനു പിന്നിലെ മതശക്തികളുടെ സാന്നിദ്ധ്യം ചർച്ച ചെയ്യുന്ന വീഡിയോയുടെ പരിഭാഷ.
തമിഴ് നാട്ടിൽ വളരെ അപകടകരമായ ഒരു വിഘടനവാദം ഇപ്പോൾ വളർന്നു വരുന്നുണ്ട്. ചിലർ മുരുകനെ കൈയ്യടക്കാൻ ശ്രമിക്കുന്നു. കുറഞ്ഞത് രണ്ടു സഹസ്രാബ്ധങ്ങളായി തമിഴ്നാട്ടിൽ ആരാധിക്കപ്പെടുന്ന ഹൈന്ദവമൂർത്തിയാണ് മുരുകൻ. ശിവന്‍റെയും പാർവ്വതിയുടെയും ഇളയ പുത്രനാണ് അദ്ദേഹം. സ്കന്ദൻ, കാർത്തികേയൻ, സുബ്രഹ്മണ്യൻ തുടങ്ങിയ പേരുകളിലും അദ്ദേഹം ആരാധിക്കപ്പെടുന്നു. മുരുകന് ഇന്ന് നല്കപ്പെടുന്ന സാംസ്‌കാരികവും ആദ്ധ്യാത്മികവുമായ എല്ലാ പ്രാധാന്യത്തെയും ഇല്ലാതാക്കുക എന്നതാണ് ഈ വിഘടനവാദത്തിന്‍റെ ലക്ഷ്യം. ഒരു ചരിത്രപുരുഷനായ ഗോത്രത്തലവൻ ആയിരുന്നു മുരുകൻ എന്നാണ് അവരുടെ അവകാശവാദം. അതുകൊണ്ട് മുരുകന്‍റെ ആരാധന പൂർവ്വികനെ ആരാധിക്കൽ മാത്രമാണെന്നും അവർ പ്രചരിപ്പിക്കുന്നു. ഇത്തരം അവകാശവാദങ്ങൾ എല്ലാം തന്നെ യാതൊരു അടിസ്ഥാനവുമില്ലാത്തവയും, അസഹിഷ്ണുക്കളായ ചിലരുടെ ഊഹോപോഹങ്ങളെ മാത്രം അടിസ്ഥാനമാക്കി ഉണ്ടാക്കിയിട്ടുള്ള അഭിപ്രായങ്ങളുമാണ്. കുറച്ചു കാലങ്ങളായി ഇത്തരം ഗ്രൂപ്പുകൾ ഭാരതവിഭജന ശക്തികളായി രൂപപ്പെട്ടു വരികയാണ്. രാഷ്ട്രീയ മാറ്റം വരുത്താൻ കഴിയുന്നത്ര ശക്തിയാർജ്ജിക്കാനായി അവർ അവസരം പാർത്തിരിക്കുന്നു.
‘നാം തമിളർ പാർട്ടി’ എന്ന സംഘടനയുടെ സ്ഥാപക നേതാവായ സീമാൻ ആണ് ഇതിന്‍റെ നേതാവ്. തമിഴ് വികാരം ആളിക്കത്തിച്ച് രാഷ്ട്രീയം കളിക്കുന്ന നേതാക്കളിൽ ഒരാളാണ് ഇയാൾ. തമിഴരുടെ വംശീയവും ഭാഷാപരവുമായ പ്രത്യേക അസ്തിത്വത്തെക്കുറിച്ചുള്ള അവകാശവാദം ഉയർത്തുക മാത്രമല്ല മതപരമായ അവരുടെ അസ്തിത്വത്തിലും കുത്തിത്തിരുപ്പുണ്ടാക്കി വിഭജിച്ചു മാറ്റാനാണ് ഇയാൾ പരിശ്രമിക്കുന്നത്. സീമാന്‍റെ ശരിക്കുള്ള പേര് സൈമൺ എന്നാണ്. മുരുകൻ ഒരു ഹിന്ദുദൈവമല്ലെന്നും ഗോത്രപൂർവ്വികനാണെന്നും പ്രചരിപ്പിച്ച് കൈയ്യടക്കാൻ ശ്രമിക്കുന്ന ആദ്യത്തെ ആളല്ല സീമാൻ. 1990 കളിൽ ജോൺ സാമുവൽ എന്ന ഒരാൾ ചെന്നൈയിലെ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഏഷ്യൻ സ്റ്റഡീസിനെ ഉപയോഗപ്പെടുത്തിക്കൊണ്ട് അക്കാദമിക്ക് പഠനങ്ങളിലൂടെ ഈ അജണ്ട നടപ്പാക്കാൻ ശ്രമം തുടങ്ങിയിരുന്നു. ജോൺ സാമുവൽ മുൻകൈയെടുത്ത് മുരുകനെ കുറിച്ച് അന്താരാഷ്ട്ര കോൺഫറൻസുകൾ പോലും നടത്തുകയുണ്ടായി. അവിടെ മുരുകൻ തമിഴ് ജനതയുടെ പൂർവ്വികനായ ഗോത്രനേതാവായിരുന്നു എന്ന തിയറി പ്രചരിപ്പിച്ചു കൊണ്ട് നിരവധി പേപ്പറുകൾ അവതരിപ്പിക്കപ്പെട്ടു. മുരുകനെ ഹിന്ദുമതത്തിൽ നിന്നും വേർപെടുത്തിയെടുക്കാനായി ഒരു ആര്യപൂർവ്വ വ്യക്തിത്വം തന്നെ മുരുകനായി ഉണ്ടാക്കിയെടുത്തു. അങ്ങനെ സ്കന്ദൻ, സുബ്രഹ്മണ്യൻ, കാർത്തികേയൻ തുടങ്ങിയ ‘ആര്യവൽക്കരിക്കപ്പെട്ട’ അഥവാ ‘ബ്രാഹ്മണവൽക്കരിക്കപ്പെട്ട’ വ്യക്തിത്വത്തിൽ നിന്ന് മുരുകനെ അടർത്തിമാറ്റി. പിന്നീട് അതുവരെ മറച്ചു പിടിച്ചിരുന്ന ഇവാഞ്ചലിക്കൽ അജണ്ട വേഗം തന്നെ പുറത്തുവരാൻ തുടങ്ങി.
തമിഴ് നാട്ടിൽ എങ്ങും പ്രചാരമുള്ള സോമസ്കന്ദ സങ്കല്പം യഥാർത്ഥത്തിൽ ക്രിസ്ത്യൻ ത്രിയേകത്വത്തിന്‍റെ പ്രതീകമാണ് എന്ന് ജോൺ സാമുവൽ 2001 മുതൽ പരസ്യമായി വാദിക്കാൻ തുടങ്ങി. മുരുകനെ ആദ്യം ഒരു പൂർവ്വികനായ ചരിത്രപുരുഷനായി ഒതുക്കിയെടുത്തിട്ട് പിന്നീട് ക്രൈസ്തവവൽക്കരിച്ചത് ഒരിക്കലും ആകസ്മികമായി സംഭവിച്ചതല്ല. ജോൺ സാമുവലിന്‍റെ അതേ പ്രോജക്ട് സീമാൻ ഇന്ന് രാഷ്ട്രീയ രംഗത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്നു. ഈ രണ്ടുപേരും അക്കാദമികം രാഷ്ടീയം എന്നീ തങ്ങളുടെ കർമ്മ മണ്ഡലങ്ങളിലൂടെ ഇവാഞ്ചലിക്കൽ അജണ്ട നടപ്പാക്കിക്കൊണ്ടിരിക്കുന്ന ക്രിസ്ത്യാനികളാണ്.
തമിഴ് സംസ്‌ക്കാരത്തിന്‍റെ ആദ്ധ്യാത്മികമായ കാതലിനെ നശിപ്പിക്കുകയാണ് ഇതിന്‍റെ ആത്യന്തിക ലക്ഷ്യം. ഇതോടൊപ്പം നമ്മൾ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് കത്തോലിക്ക സഭകൾ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന വംശീയ വിദ്വേഷപരമായ സിദ്ധാന്തങ്ങൾ. സാമൂഹ്യ നീതിയുടെ പേരിലാണ് അത് ചെയ്യുന്നത് എന്നു മാത്രം. തമിഴ്നാട്ടിലെ പ്രസിദ്ധ സാമൂഹ്യ പരിഷ്ക്കർത്താവും വിദ്യാഭ്യാസ പ്രവർത്തകനുമായിരുന്ന ചിദ്ഭവാനന്ദ ഏതാണ്ട് അമ്പതു വർഷം മുമ്പ് പ്രസിദ്ധീകരിച്ച “ക്രിസ്ത്യൻ ഹിന്ദു സംഘർഷങ്ങൾ” എന്ന അദ്ദേഹത്തിന്‍റെ ഒരു പേപ്പറിൽ പറഞ്ഞ കാര്യം ഇവിടെ സ്മരണീയമാണ്. ഹിന്ദു സംസ്കൃതിയെ നശിപ്പിക്കാനായി തമിഴ്‍ നാട്ടിൽ സ്ഥാപിച്ചിരിക്കുന്ന ഒരു ടൈംബോംബാണ് ദ്രാവിഡ പ്രസ്ഥാനം എന്ന് ക്രൈസ്തവ സഭാ നേതാക്കൾ തന്നെ പറഞ്ഞതിനെ അദ്ദേഹം വളരെ ഹൃദയവേദനയോടെ അതിൽ ചൂണ്ടിക്കാട്ടിയിരുന്നു. ദ്രാവിഡ പ്രസ്ഥാനത്തിന് സഭയുടെ പരസ്യ പിന്തുണ കാണാൻ കഴിയില്ല. അതേസമയം തന്ത്രപരമായ വലിയ പിന്തുണ ഉണ്ടു താനും. ദ്രാവിഡ സംഘടനകൾ തമിഴ് ഹിന്ദു സംസ്ക്കാരത്തെ മൊത്തത്തിൽ ആര്യനെന്നും ദ്രാവിഡനെന്നും രണ്ടായി വിഭജിച്ചു കാണുമ്പോൾ, സീമൻ കുറേക്കൂടി തന്ത്രപരമായ ഒരു സമീപനമാണ് സ്വീകരിക്കുന്നത്. യഥാർത്ഥ തമിഴ് മതവും സംസ്ക്കാരവും വേറെയാണെന്നും അത് ആര്യ ബ്രാഹ്മണരാൽ മലിനമാക്കപ്പെടുകയായിരുന്നു എന്നുമാണ് അയാൾ പ്രചരിപ്പിക്കുന്നത്.
ശിവനും മുരുകനും തമിഴരുടെ പൂർവ്വികരാണ് എന്ന് അയാൾ പറയുന്നു. ഇത് ഫലത്തിൽ തമിഴ് സംസ്ക്കാരത്തിന്‍റെ ആദ്ധ്യാത്മികതയെ ഇല്ലാതാക്കുകയാണ് ചെയ്യുക. ഈ തിയറി അനുസരിച്ച് ശിവൻ പരമമായ തത്വമല്ല, മറിച്ച് ഒരു പൈതൃക പ്രതീകമാണ്. തമിഴ് പാരമ്പര്യ കലകളേയും, നൃത്തരൂപങ്ങളേയും, ക്ഷേത്രശൈലിയേയും, സാഹിത്യത്തേയും എല്ലാം ഇതുപോലെ വെറും വംശീയ ഘടകങ്ങൾ ആയി തരം താഴ്ത്താനും മതബാഹ്യമാക്കാനും കഴിയും. തമിഴ് ജനതയുടെ പാരമ്പര്യത്തെ മുഴുവൻ മതേതരമാക്കുന്ന ഇത്തരം വാദങ്ങൾ വഴി ജനങ്ങളെ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ അജണ്ടയുടെ വലയിലേക്ക് തള്ളിയിടുകയാണ് ചെയ്യുന്നത്. കാരണം മൂർത്തികളെ ആദ്യം മതേതരമാക്കി കഴിഞ്ഞാൽ പിന്നെ മൊത്തം സംസ്കാരത്തേയും എളുപ്പം ക്രൈസ്തവവൽക്കരിക്കാം
ഹിന്ദു ധർമ്മത്തിന്‍റെ കാഴ്ചപ്പാട്
സെമിറ്റിക്ക് മതങ്ങളും ഹിന്ദു ധർമ്മവും തമ്മിലുള്ള ഒരു വലിയ വ്യത്യാസം, സെമിറ്റിക്ക് മതങ്ങൾ ചരിത്ര കേന്ദ്രീകൃതമാണ് (History Centric) എന്നതാണ്. ചരിത്രത്തിൽ എപ്പോഴെങ്കിലും നടന്ന ഒരു സംഭവത്തെയോ ജീവിച്ചിരുന്നതെന്ന് അവകാശപ്പെടുന്ന ഒരു ചരിത്ര പുരുഷനെയോ ചുറ്റിപ്പറ്റിയാണ് അവയുടെ ലോക വീക്ഷണവും മതപരമായ പ്രബോധനങ്ങളും രൂപം കൊണ്ടിട്ടുള്ളത്. ഈ അളവുകോൽ ലോകമെങ്ങുമുള്ള മറ്റു സംസ്കൃതികളുടെ മേല്‍ പാശ്ചാത്യരും അവരുടെ മാതൃക പിന്തുടരുന്നവരും പ്രയോഗിച്ചു വരുന്നു. എന്നാൽ ഹിന്ദുധർമ്മം വ്യക്തിത്വങ്ങളെ ചുറ്റിപ്പറ്റിയല്ല സനാതനമായ തത്വങ്ങളിന്മേലാണ് ദർശനങ്ങൾ കെട്ടിപ്പടുത്തിട്ടുള്ളത്. വ്യക്തിത്വങ്ങൾ തത്വങ്ങളുടെ പ്രതീകങ്ങൾ ആയിട്ടാണ് ആരാധിക്കപ്പെടുന്നത്. ഇത് വലിയൊരു വ്യത്യാസമാണ്. ചരിത്ര കേന്ദ്രീകൃതത്വം കാരണം സെമിറ്റിക്ക് മതങ്ങളിൽ പറയുന്നതെന്തും അനുയായികള്‍ക്ക് ചോദ്യം ചെയ്യാതെ വിശ്വസിക്കേണ്ടി വരുന്നു. ആർക്കും തന്നെ കാലത്തിൽ പുറകിലേക്ക് സഞ്ചരിച്ച് അത് ശരിയാണോ എന്ന് പരിശോധിച്ചറിയാൻ സാദ്ധ്യമല്ല. ഉദാഹരണത്തിന് യേശുവിന്‍റെ കാര്യമെടുക്കാം. ഇപ്പോൾ നടക്കുന്ന ഗവേഷണങ്ങളിൽ ചിലത് യേശുക്രിസ്തുവിൻ്റെ ചരിത്ര യാഥാർഥ്യത്തെക്കുറിച്ച് സംശയം പ്രകടിപ്പിക്കുന്നുണ്ട്. അത്തരം അന്വേഷണങ്ങൾ ക്രിസ്തുമത വിശ്വാസികളെ ശക്തമായി അലോസരപ്പെടുത്തുന്നത് സ്വാഭാവികമാണ്. അതിനു കാരണം ക്രിസ്തുമതവും ക്രൈസ്തവസഭയും യേശു എന്ന ഒരേയൊരു ചരിത്രപുരുഷനിൽ മാത്രം കേന്ദ്രീകൃതമാണ്. എന്നാൽ ഹിന്ദുക്കൾ വിശ്വസിക്കുന്ന ഗണേശനോ, ശിവനോ, കാളിയോ, മഹാവിഷ്ണുവോ, സുബ്രഹ്മണ്യനോ ചരിത്ര വ്യക്തിത്വങ്ങളാണെന്ന് ആരും അവകാശപ്പെടുന്നില്ല. ഇവരാരും തന്നെ ഇവിടെ ജീവിച്ചിട്ടില്ലെങ്കില്‍ പോലും ഒരു ഹിന്ദുവിനെ സംബന്ധിച്ച് ഇവരെല്ലാം വര്‍ത്തമാന കാല യാഥാര്‍ഥ്യങ്ങളാണ്. എക്കാലത്തും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന പ്രപഞ്ച ശക്തികളുടെ പ്രതീകങ്ങളാണ് ഇവരെല്ലാം. എലിയുടെ പുറത്തേറി സഞ്ചരിക്കുന്ന ആനത്തലയുള്ള ഗണേശനും, മയിലിന്‍റെ പുറത്തേറി വരുന്ന സുബ്രഹ്മണ്യനും, ഗരുഡവാഹനനായ നാലുകൈകളുള്ള മഹാവിഷ്ണുവും ഒന്നും മജ്ജയും മാംസവും ഉള്ളവരായി എപ്പോഴെങ്കിലും ജീവിച്ചിരുന്നവര്‍ ആവണമെന്ന് ഹിന്ദുക്കള്‍ക്ക് നിര്‍ബന്ധമില്ല. എന്നാല്‍ നിശ്ചയമായും എക്കാലത്തേയും പോലെ ഇന്നും അനുഭവിച്ചറിയാന്‍ കഴിയുന്ന ശക്തിസ്വരൂപങ്ങളാണ് അവരെല്ലാം എന്ന് ഹൈന്ദവ ഗുരുക്കന്മാര്‍ പറയുന്നു. ഗണേശ മന്ത്രമോ കാളീ മന്ത്രമോ ശ്രീകൃഷ്ണ മന്ത്രമോ ഉപാസിക്കുന്നവര്‍ക്ക് അതതു ദേവതയുടെ സാന്നിദ്ധ്യം അനുഭവ വേദ്യമാകുന്നു. ഹിന്ദു ദേവീദേവന്മാര്‍ നമുക്കു മുന്നേ കടന്നുപോയ എണ്ണമറ്റ മഹാത്മാക്കള്‍ക്ക് അനുഭൂതി തലത്തില്‍ പ്രത്യക്ഷമായ പ്രപഞ്ച സത്യങ്ങളാണ്. അവരില്‍ ശ്രീരാമന്‍, ശ്രീകൃഷ്ണന്‍, ബുദ്ധന്‍, അയ്യപ്പന്‍ തുടങ്ങി ചിലര്‍ ചരിത്ര പുരുഷന്മാര്‍ ആയിരുന്നിരിക്കാം. എന്നാല്‍ ഇന്നും അനുഭവ വേദ്യമാകുന്ന നിത്യസത്യങ്ങള്‍ എന്ന നിലയ്ക്കാണ് അവരെല്ലാം ആരാധിക്കപ്പെടുന്നത്. ഹിന്ദു സംസ്ക്കാരത്തെ കുറിച്ചുള്ള ഈ യാഥാര്‍ഥ്യം തിരിച്ചറിയാതെ പാശ്ചാത്യ വിദ്യാഭ്യാസത്തിന്‍റെ പ്രിസത്തിലൂടെ ഇതിനെ നോക്കിക്കാണുന്നവരാണ് എല്ലാറ്റിനും ചരിത്ര പശ്ചാത്തലം തേടി സ്വയം ചിന്താക്കുഴപ്പത്തില്‍ ചാടുന്നതും മറ്റുള്ളവരെ അങ്ങനെ ആക്കിത്തീര്‍ക്കുന്നതും.
വാമനമൂര്‍ത്തിയെ ആര്യനായും അദ്ദേഹത്തിന്‍റെ അവതാര കഥയെ ആര്യന്‍ അധിനിവേശത്തിന്‍റെ തെളിവായും വ്യാഖ്യാനിക്കുന്നവര്‍, മല്‍സ്യം, കടലാമ, കാട്ടുപന്നി, നരസിംഹം തുടങ്ങിയ അവതാരങ്ങളെ ഏത് വംശങ്ങളായി കാണക്കാക്കും ? പാല്‍ക്കടലില്‍ പാമ്പിന്‍ പുറത്ത് പള്ളികൊള്ളുന്ന വിഷ്ണു ഏത് വംശക്കാരനാണ് ? നാലു കൈകളും നാലു തലകളും ആയി താമരയില്‍ ജനിച്ച് അതില്‍ തന്നെ വസിക്കുന്ന ബ്രഹ്മാവ് ഏത് ഗോത്ര നേതാവാണ് ? കാളപ്പുറത്ത് സഞ്ചരിക്കുന്ന, മൂന്നു കണ്ണും നാല് കൈകളും ഉള്ള ശിവന്‍ ഏത് ദ്രാവിഡ സമൂഹത്തെയാണ് പ്രതിനിധീകരിക്കുന്നത് ? അദ്ദേഹത്തിന്‍റെ ഭാര്യയാകട്ടെ സ്വര്‍ണ്ണവര്‍ണ്ണമുള്ളവളും സിംഹത്തിനു പുറത്ത് സഞ്ചരിക്കുന്നവളുമായി പറയപ്പെട്ടിരിക്കുന്നു. ഇവരുടെ വാസസ്ഥാനം വടക്കേയറ്റത്ത് ഹിമാലത്തിലെ കൈലാസ പര്‍വ്വതവുമാണ് ! മക്കളില്‍ ഒരാള്‍ ആനത്തലയുള്ളവന്‍. എലിയുടെ പുറത്ത് സഞ്ചരിക്കുന്നവന്‍. മറ്റേയാള്‍ ആറുതലയുള്ളയാള്‍. മയിലിന്‍റെ പുറത്താണ് സഞ്ചാരം. ലോകത്ത് ഏതെങ്കിലും മനുഷ്യര്‍ എലിയുടേയും മയിലിന്‍റേയും പുറത്ത് സഞ്ചരിച്ചിട്ടുണ്ടോ ? ഇതാണ് പ്രതീകാത്മകവും, കാവ്യ സങ്കല്‍പ്പങ്ങളാല്‍ സമൃദ്ധവും ആയ വൈദിക സാഹിത്യത്തെ അക്ഷരാര്‍ഥത്തില്‍ എടുക്കാനോ, ചരിത്ര പാഠങ്ങളായി വ്യാഖ്യാനിക്കാനോ മുതിരുമ്പോള്‍ ഉണ്ടാകുന്ന ദുരവസ്ഥ. യോഗസാധനയുടെ ഉച്ചാവസ്ഥയില്‍ യോഗിയുടെ മനസ്സ് ആയിരം പീലി വിടര്‍ത്തി നൃത്തം ചെയ്യുന്ന മയിലിനെ പോലെ ഹര്‍ഷോന്മാദത്താല്‍ ആനന്ദ തുന്ദിലമാകുന്നു. ആ മനസ്സില്‍ അനുഭവ വേദ്യമാകുന്ന ദിവ്യ സ്വരൂപമാണ് സ്കന്ദന്‍ അല്ലെങ്കില്‍ കാര്‍ത്തികേയന്‍ എന്നറിയപ്പെടുന്ന ശ്രീ സുബ്രഹ്മണ്യന്‍.
രാഷ്ട്രവിരുദ്ധ ശക്തികളെ തുറന്നു കാണിക്കുന്നതിൽ മുൻപന്തിയിൽ പ്രവർത്തിക്കുന്ന ഓൺലൈൻ മാധ്യമമാണ് ‘സ്വരാജ്യ’ (https://swarajyamag.com)