കമ്യൂണിസ്റ്റ് ദൈവമായ ഗോപാലനെ “ബാല പീഢകൻ” എന്ന് വിടി ബൽറാം വിളിച്ചതിൻ മേലുള്ള കോലാഹലങ്ങൾ നടന്നു കൊണ്ടിരിക്കുകയാണല്ലോ. പ്രസ്തുത പരാമർശത്തെ തുടർന്ന് ആദ്യ ദിനത്തിൽ തന്നെ DYFI സഖാക്കൾ ബലരാമന്റെ ഓഫീസ് അടിച്ചു തകർത്തു. ഇന്ന് അയാളുടെ മേൽ ചീമുട്ട എറിയുകയും, ശാരീരികമായി കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ച സഖാക്കളെ പോലീസ് ലാത്തിച്ചാർജ്ജ് ചെയ്ത് പിരിച്ചുവിടുകയും ഉണ്ടായി. അങ്ങനെ കമ്യൂണിസ്റ്റുകൾ ‘അഭിപ്രായ സ്വാതന്ത്ര്യം’ ആഘോഷിക്കുന്ന വേളയിലാണ് ദേശാഭിമാനി റസിഡന്റ് എഡിറ്ററും മുഖ്യന്റെ ഫേസ്‌ബുക്ക് പേജ് കൈകാര്യം ചെയ്യുന്ന ആളുമായ പി എം മനോജ് മോദിയുടെ ‘ശൈശവ വിവാഹത്തെ’ പറ്റി ബിജെപിയുടെ കെ സുരേന്ദ്രനെ അഭിസംബോധ ചെയ്ത് ഒരു പോസ്റ്റ് ഇട്ടത്.
ആദ്യ ഭാര്യയെ ഉപേക്ഷിച്ച് ഒളിവിൽ താമസിക്കുമ്പോൾ 40 കാരനായ എകെജിക്ക് കുട്ടിയായ സുശീലയോട് തോന്നിയ വികാരത്തെ ന്യായീകരിക്കാൻ മനോജിന് കിട്ടിയത് മോദിയുടെ ശൈശവ വിവാഹം! സുരേന്ദ്രനോട് “വായിച്ചു മനസ്സിലാക്കാൻ ത്രാണിയുണ്ടോ” എന്ന് വെല്ലുവിളിക്കുന്ന മനോജ് ഷെയർ ചെയ്തിരിക്കുന്ന വരികളിൽ തന്നെ പറയുന്നു മോദിയുടെയും ജശോദാ ബെന്നിന്റെയും എൻഗേജ്‌മെന്റ് വീട്ടുകാർ നടത്തിയത് മൂന്നോ നാലോ വയസ്സിലാണെന്ന്. ആദ്യഭാര്യയെ ഉപേക്ഷിച്ച് നാല്പതാമത്തെ വയസ്സിൽ നിൽക്കുമ്പോൾ പാർട്ടി ദൈവമായ ഗോപാലന് തോന്നിയ വികാരത്തെ പ്രതിരോധിക്കാൻ മനോജ് കൂട്ട് പിടിക്കുന്ന കുയുക്തി കൊള്ളാം! മൂന്നോ നാലോ വയസ്സുള്ളപ്പോൾ വീട്ടുകാർ തമ്മിൽ നടത്തിയ എൻഗേജ്‌മെന്റ്!
പക്ഷേ ഇങ്ങനെ താരതമ്യം ചെയ്തത് കൊണ്ട് നാളെ മനോജിനെ ബിജെപിക്കാർ ചീമുട്ട എറിയുമെന്നോ ഓഫീസ് തല്ലി തകർക്കുമെന്നോ പേടിക്കണ്ട കാര്യമില്ല. മനോജും സഖാക്കളും അസംഖ്യം തവണ മോദിയെ വളരെ മ്ളേച്ഛമായി അപമാനിച്ചിട്ടും ഇതുവരെ ഒരു ബിജെപികാരൻ പോലും സഖാക്കളുടെ ഓഫീസ് കത്തിക്കുകയോ ചീമുട്ട എറിയുകയോ ചെയ്തിട്ടില്ല. അതേസമയം AKG-യുടെ ജീവചരിത്രത്തിൽ എഴുതപ്പെട്ട രണ്ടുവാക്ക് പറഞ്ഞ ബലരാമന്റെ അവസ്ഥയോ? ആരാണ് അഭിപ്രായ സ്വാതന്ത്ര്യത്തെ വിലമതിക്കുന്നതെന്ന് ഇതൊക്കെ കാണുന്ന നാട്ടുകാർ വിലയിരുത്തട്ടെ. മുഖ്യമന്ത്രിയെ വിമർശിച്ചാൽ പണിപോകുന്ന നാടാണ്, എകെജിയെ വിമർശിച്ചാൽ MLA-ക്ക് പോലും വഴിനടക്കാൻ മേലാത്ത നാട്!
ഇനി ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിൽ മോദിയുടെ വിവാഹത്തെ നമുക്കൊന്ന് പരിശോധിക്കാം. ഗുജറാത്തിലെ ഒരു പിന്നോക്ക സമുദായമാണ് മോഡി ഉൾപ്പെടുന്ന ഗഞ്ചി സമുദായം. സമുദായ ആചാരമനുസരിച്ച് കുടുംബങ്ങൾ തമ്മിൽ കുട്ടികളുടെ വിവാഹം നേരത്തെ (വളരെ ചെറു പ്രായത്തിലെ) പറഞ്ഞു വയ്ക്കും. അതുപ്രകാരം മോദിയുടെ കുടുംബവും ജശോദാ ബെന്നിന്റെ കുടുംബവും കുട്ടികളുടെ വിവാഹം പറഞ്ഞുറപ്പിക്കുന്നു. മോദിക്കന്ന് അഞ്ചോ ആറോ വയസ്സും ജശോദാ ബെന്നിന് മൂന്നോ നാലോ വയസ്സും മാത്രം കാണും. തുടർന്ന് മോദിക്ക് 13 ഉം യശോദാ ബെന്നിനു 10 ഉം വയസ്സുള്ളപ്പോൾ വിവാഹ ചടങ്ങ് നടത്തുന്നു, പക്ഷെ വധുവിനെ വീട്ടിലേക്ക് കൂട്ടി കൊണ്ടു പോവാതെ വധൂഗൃഹത്തില്‍, സ്കൂള്‍ പഠനത്തിനായി വിടുന്നു.
മോദിക്ക് 18 വയസ്സു കഴിഞ്ഞിട്ടും ഭാര്യയെ കൂട്ടി കൊണ്ടു പോവാത്തതില്‍ വധുവിന്റെ വീട്ടുകാര്‍ പരാതി പറഞ്ഞപ്പോള്‍ മോദിയുടെ അമ്മ പോയി കൂട്ടികൊണ്ടു വരുന്നു. പക്ഷെ തനിക്ക് വൈവാഹിക ജീവിതത്തില്‍ താല്‍പര്യമില്ല സന്യാസം സ്വീകരിക്കണം, അതിനു രാമകൃഷ്ണ മഠത്തിൽ ചേരണം എന്നായിരുന്നു കടുത്ത സ്വാമി വിവേകാനന്ദന്റെ ആരാധകനായ മോദിയുടെ നിലപാട്.
മൂന്ന് വട്ടം മോദിയെ തിരിച്ചയച്ചു കൊണ്ട് “സന്യാസമല്ല നിന്റെ വഴി” എന്ന് ബേലൂർ മഠത്തിലെ ആത്മസ്ഥാനന്ദാജി മഹാരാജ് പറഞ്ഞത് പിന്നീട് പത്രങ്ങളിലൂടെ പുറം ലോകം അറിഞ്ഞു. അങ്ങിനെയുള്ള ഒരാളെയാണ് പി എം മനോജിനെപ്പോലുള്ളവർ, നാൽപ്പത് വയസ്സായ, ആദ്യ ഭാര്യയെ ഉപേക്ഷിച്ച, ഒളിവിൽ കഴിയാൻ ഇടം നൽകിയ വീട്ടിലെ പതിമൂന്ന് കാരിയോട് വികാരം തോന്നിയ ഗോപാലനുമായി താരതമ്യം ചെയ്യുന്നത്!
മനോജിനും മറ്റ് കമ്യൂണിസ്റ്റ് അടിയാളന്മാർക്കും ഇതൊന്നും മനസ്സിലാവണമെന്നില്ല. അതല്ലേ സ്വയം പ്രഖ്യാപിത ബുദ്ധിജീവികൾ പോലും വീണ്ടും വീണ്ടും ‘ബാല പീഢനമോ, അതെപ്പോ?’ എന്ന സ്റ്റൈൽ പൊട്ടൻ കളി നടത്തിക്കൊണ്ടിരിക്കുന്നത്!
ഇതെല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്ന നാട്ടുകാർക്ക് കാര്യങ്ങളെല്ലാം വ്യക്തമായി മനസ്സിലാവുന്നുണ്ട്. അവർ ഉരുളക്കുപ്പേരി പോലെ വ്യക്തമായ ഭാഷയിൽ മറുപടി കൊടുക്കുന്നുമുണ്ട്. പക്ഷേ സ്വയം പ്രഖ്യാപിത ബുജികൾ ചോദ്യം വീണ്ടും ആവർത്തിച്ചുകൊണ്ടേ ഇരിക്കുന്നു!
കേരള വർമ്മയിലെ മലർ മിസ്സിനെ പോലുള്ളവർ തനിക്ക് 14 വയസ്സായപ്പോൾ ഉണ്ടായ ബന്ധത്തെ വച്ച് സിപിഎമ്മിന്റെ ഗോപാല മൂർത്തിയെ പ്രതിരോധിക്കാൻ ശ്രമിക്കുന്നു; അയാൾ എകെജിയെ പോലെ ആദ്യഭാര്യയെ ഉപേക്ഷിച്ച നാൽപ്പത് കാരനായിരുന്നോ എന്ന ചോദ്യത്തെ സൗകര്യപൂർവ്വം ബ്ലോക്ക് നൽകി മടക്കുന്നു. സാദാ കമ്മികൾ കസ്തൂർബയെ വിവാഹം കഴിച്ച ഗാന്ധിയെ എടുത്ത് ഉദാഹരിക്കുന്നു, അപ്പോഴും കൈയടക്കത്തോടെ ഗാന്ധിയുടെ പ്രായം ഒളിപ്പിക്കുന്നു.
ഗോപാലനെ വെള്ളപൂശാൻ ദേശാഭിമാനി എഡിറ്റർ മോദിയെ ഉപയോഗിക്കുമ്പോൾ, ഇരുവരുടെയും പരിചയക്കാരെയും ഒന്നിന്റർവ്യൂ ചെയ്യാനുള്ള മനസ്സ് കാട്ടിയിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ. തന്നോട് സംസാരിച്ച മാധ്യമ പ്രവർത്തകരോടെല്ലാം മോദിയെ കുറിച്ച് നല്ലത് മാത്രം പറയാനേ ജശോദാ ബെന്നിനുള്ളൂ. ചെറു പ്രായത്തിൽ നടന്ന വിവാഹത്തിൽ തളക്കപ്പെടാതെ ‘പഠിച്ച് സ്വന്തം കാലിൽ നിൽക്കൂ’ എന്ന് മോദി തന്നെ ഉപദേശിച്ച കാര്യം പലരുമായും അവർ പങ്കുവയ്ക്കുകയുണ്ടായി. ഇന്നും മോദിയെ ബഹുമാനത്തോടെ മാത്രമാണ് അവർ ഓർക്കുന്നത്. എ കെ ഗോപാലന്റെ കൂടെ ജീവിച്ച ഒരാൾ മനോജിന്റെ ചുറ്റുവട്ടത്ത് തന്നെയുണ്ട്. കെ ആർ ഗൗരിയമ്മ. അവരെ കണ്ട് ഗോപാലനെ കുറിച്ചുള്ള അഭിപ്രായം ഒന്ന് ചോദിച്ചു നോക്കിയാൽ എന്താവും അവസ്ഥ?
മറുപടി എന്തായിരിക്കുമെന്ന് മനോജിന് മുൻകൂട്ടി അറിയാവുന്നത് കൊണ്ട് ഗൗരിയമ്മയോട് ഗോപാലനെ പറ്റി അഭിപ്രായം ചോദിക്കുമെന്ന് പ്രതീക്ഷിക്കാൻ വകയില്ല. എന്നിട്ടും എന്തേ നിങ്ങൾ മോദിയെ ഇതിലേക്ക് വലിച്ചിഴക്കുന്നു? അതും “വായിച്ചു മനസ്സിലാക്കാനുള്ള ത്രാണിയുണ്ടോ” എന്നൊക്കെ വച്ച് കീറി കൊണ്ട്! പഴയ ഹോട്ട് ഡോഗ് = പട്ടിയിറച്ചി വാർത്ത വന്ന ദേശാഭിമാനി എഡിറ്റർ തന്നെയല്ലേ പി.എം മനോജ്? ആ നിങ്ങളാണോ നാല് വരി ഇംഗ്ളീഷ് കോപ്പി പേസ്റ്റ് അടിച്ച് എന്തോ വലിയ കാര്യം സാധിച്ച പോലെ വമ്പു കാട്ടുന്നത്?
കമ്യൂണിസ്റ്റ്കാരെ പോലെ മറ്റുള്ളവർ തരം താഴാത്തത് കൊണ്ട് മാത്രമാണ് ഗോപാലനെയൊക്കെ ‘മഹാനായ എകെജിയാക്കി’ സഖാക്കൾക്ക് ഇതുവരെ മാർക്കറ്റ് ചെയ്യാൻ കഴിഞ്ഞത്. ഇതുവരെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു കൊണ്ടിരുന്ന കമ്മി ഗുണങ്ങളുടെ വിളനിലമായ ബൽറാം, നിങ്ങൾ രാഷ്ട്രീയ എതിരാളികൾക്ക് നേരെ പ്രയോഗിക്കുന്ന അതെ ചെളി സ്വല്പം നിങ്ങളുടെ ദേഹത്തും തെറിപ്പിച്ചൂ എന്ന് കരുതി സമാധാനിക്കുകയെ ഇപ്പോൾ വഴിയുള്ളൂ.
സഖാക്കൾ മോദിയെ വർഷങ്ങളോളം പരിഹസിച്ചിട്ടും ഒരു ബിജെപിക്കാരനും ഇതുവരെ യെച്ചൂരിയുടെ മുൻഭാര്യയും ഡൽഹി യൂണിവേഴ്‌സിറ്റി എക്കണോമിക്സ് പ്രൊഫസ്സറുമായിരുന്ന ഇന്ദ്രാണി മജൂംദാറിനോട് യെച്ചൂരിയുമായുള്ള ബന്ധം വേർപെടുത്താനുണ്ടായ സാഹചര്യങ്ങളെ കുറിച്ച് ചോദിച്ച് വാർത്തയാക്കി ആഘോഷിക്കുന്നത് നമ്മൾ കണ്ടിട്ടില്ല. ചോദിച്ചാൽ ഇന്ദ്രാണി മജൂംദാറിനും പറയാനുണ്ടാവും യെച്ചൂരിയുടെ ചില ‘വിപ്ലവ’ ഗാഥകൾ.
മോദി തന്നെ അവസാനമായി കണ്ടത് 1987ലാണെന്ന് ജശോദാ ബെൻ ഒരിന്റർവ്യൂവിൽ മാധ്യമ പ്രവർത്തകരോട് വെളിപ്പെടുത്തുന്നുണ്ട്. അന്ന് കൂടെ താമസിക്കാൻ കഴിയാത്തതിൽ മാപ്പപേക്ഷിച്ച മോദി വേറൊരു വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടതായും ജശോദാ ബെൻ വെളിപ്പെടുത്തുന്നു.
അങ്ങിനെയുള്ള ഒരാളെ അഭയം തന്ന വീട്ടിലെ കുരുന്നിനോട് തന്നെ വികാരം തോന്നിയ നാപ്പതുകാരൻ ഗോപാലനുമായി താരതമ്യം ചെയ്യാൻ ദേശാഭിമാനി എഡിറ്റർക്ക് മാത്രമേ കഴിയൂ! പാർട്ടി ദൈവത്തെ മറ്റുള്ളവർ വികൃതമായി പരിഹസിക്കുന്നുണ്ടെങ്കിൽ അതിനൊരു കാരണം മനോജിനെപ്പോലുള്ളവരുടെ ചെയ്തികൾ കൂടിയാണെന്ന് പറയാതിരിക്കാൻ വയ്യ! നിങ്ങൾ ഇതുവരെ മറ്റുള്ളവരോട് ഉപയോഗിച്ച വാക്കുകൾ തന്നെയാണ് നിങ്ങളെ ഇപ്പോൾ വേട്ടയാടുന്നത്. മോദിയുടെയും ഏകെജിയുടെയും യെച്ചൂരിയുടെയും ജീവിതം ജനങ്ങൾ വായിക്കട്ടെ, താരതമ്യം ചെയ്യട്ടെ. പക്ഷേ ഏകെജിയുടെ ചരിത്രം ജനങ്ങൾ ഉറക്കെ വായിക്കുമ്പോൾ അവരെ പാർട്ടി അണികളെ വിട്ട് ചീമുട്ട എറിയിക്കുകയോ ഗോപാല സേനക്കാരെ കൊണ്ട് 51 വെട്ടിക്കുകയോ ചെയ്യരുത് എന്ന് മാത്രം ‘അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ’ മൊത്തക്കച്ചവടക്കാരോട് അപേക്ഷിക്കുന്നു.
ഗോപാല സേനക്കാരുടെ രണ്ട് ഇടി മലരാമന് ആവശ്യമായിരുന്നു. ശരിയായ ഫാസിസം എന്താണെന്ന് ഒന്നറിഞ്ഞിരിക്കുന്നത് നല്ലതാ.