കൂറേ കാലം ഉറങ്ങി കിടക്കുകയായിരുന്നു "നദി സംയോജനം "എന്ന കേന്ദ്ര സർക്കാരിൻറെ ഭീമാകാരമായ ലക്ഷ്യം (interlinking of rivers). യു .പി .എ സർക്കാരിൻറെ സമയത്ത് ഉറങ്ങിക്കിടന്ന പദ്ധതി 2014 -ൽ എൻ .ഡി .എ സർക്കാർ ഭരണത്തിൽ വന്നതിനു ശേഷം വീണ്ടും ഉയർത്തെഴുന്നേറ്റു .ഭരണം ഏറ്റെടുത്ത ഉടൻത്തന്നെ മധ്യപ്രദേശിലെ കെൻ പുഴയിൽ നിന്നും ഉത്തർപ്രദേശിലെ ബേത്വ നദിയിലേക്കുള്ള ലിങ്ക് പദ്ധതിക്ക് തുടക്കമിട്ടു .രണ്ടു പുഴകളും യമുന നദിയുടെ കൈവഴികൾ ആണ് .കെൻ -ബേത്വ സംയോജനം നിലവിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൻറെ വിദഗ്ധ കമ്മിറ്റിയുടെ മുൻപിൽ പരിസ്ഥിതി അനുമതിക്ക് വേണ്ടി കാത്തിരിക്കുകയാണ് .കെൻ -ബേത്വ സംയോജനം കേന്ദ്ര സർക്കാരിനെ സംബന്ധിച്ച് ഒരു പരീക്ഷണം മാത്രമാണ് .എന്നു വച്ചാൽ കെൻ -ബേത്വ സംയോജനവുമായി മുന്നോട്ട് പോകാൻ കഴിഞ്ഞാൽ പിന്നെ മറ്റു ലിങ്കുകൾ നടപ്പിലാക്കാനുള്ള ശ്രമങ്ങൾ കുറച്ചു കൂടി എളുപ്പമാകും .
എന്താണ് നദീ ജല സംയോജനം കൊണ്ട് ഉദ്ദേശിക്കുന്നത് ?
നദീ സംയോജനം അഥവാ ദേശീയ പരിപ്രേക്ഷ്യ പദ്ധതി (National Perspective Plan) എന്ന അതി ഭീമാകാരമായ പദ്ധതി നിലവിൽ വന്നാൽ 30 നദീ സംയോജനങ്ങൾ വഴി 80 -ഓളം അണക്കെട്ടുകൾ പണിയുകയും ,അത് വഴി 34 ഗിഗാവാട്ട് (34 ,000 മെഗാവാട്ട് )വൈദ്യുതി ഉത്പാദിപ്പിക്കുകയും 15,000 കിലോമീറ്ററോളം നീളമുള്ള കനാൽ നെറ്റ്വർക്ക് വഴി ഏകദേശം 25 ദശലക്ഷം ഹെക്ടർ ഭൂമിയിലേക്ക് ജലസേചനം വ്യാപിപ്പിക്കുകയും അത് വഴി 10 ദശലക്ഷം ഹെക്ടർ ഭൂമിയിലെ ഭൂഗർഭ ജലലഭ്യത വർദ്ധിപ്പിക്കുകയും ചെയ്യാൻ സാധിക്കും .എന്നാണ് കേന്ദ്ര സർക്കാർ അവകാശപ്പെടുന്നത് .5.6 ലക്ഷം കോടി രൂപ മുതൽ മുടക്ക് പ്രതീക്ഷിക്കുന്ന ഈ പദ്ധതി 174 ബില്ല്യൻ ക്യൂബിക്ക് മീറ്റർ ജലമാണ് 30 സംയോജനങ്ങൾ വഴി തിരിച്ചുവിടാൻ ഉദ്ദേശിക്കുന്നത് .2.55 ദശലക്ഷം ഹെക്ടർ മേഖലയിലെ വരൾച്ചക്ക് ആശ്വാസവും പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നു .മേൽ സൂചിപ്പിച്ച ലക്ഷ്യം നേടുന്നതിൻറെ ഭാഗമായി 30 സംയോജനങ്ങളെ രണ്ടു പ്രധാന ഘടകങ്ങളായി തിരിച്ചിരിക്കുന്നു .
ഹിമാലയൻ നദികളുടെ വികാസം
പ്രധാന ഹിമാലയൻ നദികളായ ഗംഗ ,ബ്രഹ്മപുത്ര എന്നിവയുടെ “അധിക ജലം “വഹിക്കുന്ന കൈവഴികളിൽ അണകൾ കെട്ടി ഘട്ടംഘട്ടമായി മഹാനദിയിലേക്ക് എത്തിക്കുക .ഹിമാലയത്തിൽ നിന്നും ഉത്ഭവിക്കുന്ന ഗംഗയുടെ പ്രധാന കൈവഴികളായ കോസി ,ഘാഗ്ര ,ഗണ്ടക് എന്നീ നദികളിലെ അധിക ജലവും ബ്രഹ്മപുത്രയുടെ കൈവഴികളായ ടീസ്ത ,മാനസ്,സങ്കോഷ് എന്നിവയിലെ അധിക ജലവും പല സംയോജനങ്ങൾ വഴി താഴെ മഹാനദിയിൽ എത്തിക്കുക കൂടാതെ ഗംഗയുടെ മറ്റൊരു കൈവഴിയായ ശാരദ നദിയിലെ ജലം യമുനയിലേക്കും അവിടെ നിന്നും രാജസ്ഥാൻ വഴി ഗുജറാത്തിലെ സബർമതി നദിയിലേക്കും എത്തിക്കുക .ചെറുതും വലുതുമായ മൊത്തം 14 നദീ സംയോജനങ്ങൾ ആണ് ഹിമാലയൻ ഘടകത്തിൽ വിഭാവനം ചെയ്തിരിക്കുന്നത് .
പെനിൻസുലാർ നദികളുടെ വികസനം
മഹാനദി-ഗോദാവരി-കൃഷണ-കാവേരി നദികളുടെ സംയോജനം ,മഹാനദി,ഗോദാവരി നദികളിലെ “അധിക ജലം “ജലത്തിന് ക്ഷാമമുള്ള ദക്ഷിണേന്ത്യൻ മേഖലകളിലേക്ക് കൃഷ്ണ-കാവേരി നദികൾ വഴി എത്തിക്കുക .കാവേരിയിൽ നിന്നും വീണ്ടും വൈഗൈ-ഗുണ്ടാർ വരെ വെള്ളം എത്തിക്കുക .
പടിഞ്ഞാറോട്ട് ഒഴുകുന്ന പാർ-താപി-നർമദ ,ധമൻഗംഗ -പിന്ജാൽ നദികളുടെ സംയോജനം വഴി മുംബൈയിലും മഹാരാഷ്ട്രയുടെ തീരപ്രദേശങ്ങളിലും വടക്കൻ ഗുജറാത്തിലെ ജലക്ഷാമമുള്ള മേഖലകളിലും വെള്ളം എത്തിക്കുക
മധ്യപ്രദേശിലെ കെൻ നദിയിലെ “അധികജലം “ഉത്തർപ്രദേശിലെ ജലം കുറവുള്ള ബേത്വ നദിയിലേക്ക് തിരിച്ചുവിടുക .കൂടാതെ ചമ്പൽ നദിയുടെ കൈവഴികളായ പാർബതിയും കാളിസിന്ധുവും മറ്റൊരു സംയോജനത്തിൻറെ ഭാഗമാണ് .
പശ്ചിമഘട്ടത്തിൽ നിന്നും ഉത്ഭവിക്കുന്ന പടിഞ്ഞാറോട്ട് ഒഴുകുന്ന ചെറിയ പുഴകളിലെ “അധിക ജലം “കിഴക്കോട്ടു തിരിച്ചു വിടുക .കേരളത്തിലെ പമ്പ-അച്ചൻകോവിൽ-വൈപ്പാർ സംയോജനം ഇതിൻറെ ഭാഗമാണ് .കൂടാതെ കർണാടകയിലെ നേത്രാവതി നദിയുടെ ജലം കാവേരിയുടെ ഹെമാവതി നദിയിലേക്കും ബെട്തി നദിയിലെ ജലം കൃഷ്ണ നദിയുടെ കൈവഴിയായ വരദയിലേക്കും തിരിച്ചു വിടുക .മൊത്തം 16 സംയോജനങ്ങളാണ് പെനിൻസുലാർ ലിങ്കിൽ വിഭാവനം ചെയ്യുന്നത് .
പദ്ധതി കൊണ്ടുള്ള മറ്റു പ്രയോജനങ്ങൾ ഇവയാണെന്നും അവകാശപ്പെടുന്നു .വരൾച്ചയും വെള്ളപ്പൊക്കവും പരിഹരിക്കും .കുടിവെള്ളത്തിൻറെ ലഭ്യത വർദ്ധപ്പിക്കും .മത്സ്യബന്ധനവും ഉൾനാടൻ ജല ഗതാഗതവും മെച്ചപ്പെടുത്തും.മലിനീകരണം നിയന്ത്രിക്കും .ഓര് വെള്ള കയറ്റം നിയന്ത്രിക്കും .അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കും .സാമൂഹ്യ സാമ്പത്തിക വളർച്ചയും സാധ്യമാക്കും .കേന്ദ്ര ജലവിഭവ വകുപ്പിൻറെ കീഴിൽ പ്രവർത്തിക്കുന്ന ദേശീയ ജല വികസന അതോറിട്ടിയാണ് നദീ സംയോജനത്തിൻറെ ചുക്കാൻ പിടിക്കുന്നത് .
നദീ സംയോജനം -ചരിത്രം
വളരെ കാലങ്ങൾക്കു മുമ്പ് ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചിരുന്ന കാലത്താണ് ആദ്യമായി ആർതർ കോട്ടൻ എന്ന എഞ്ചിനീയർ ,നദീ സംയോജനം എന്ന ആശയം മുന്നോട്ടു വെച്ചത് .പില്കാലത്ത് 1970 -കളിൽ കെ .എൽ .റാവു എന്ന മുൻ ജലസേചന വകുപ്പ് മന്ത്രി ഒരു ദേശീയ ജല ഗ്രിഡ് എന്ന ആശയമാക്കി അതിനെ മാറ്റി .ദക്ഷിണേന്ത്യയിലെ ജലക്ഷാമത്തിനു പരിഹാരമായിട്ടാണ് അദ്ദേഹം ഈ ആശയം കണ്ടത് .1980 -കൾ ആയപ്പോഴേക്കും പദ്ധതിക്ക് വേണ്ടിയുള്ള റിപ്പോർട്ടുകൾ തയ്യാറക്കാൻ ദേശീയ ജല വികസന ഏജൻസിയെ ഏല്പിച്ചുകൊടുത്തു .2002 -ൽ അന്നത്തെ ഇന്ത്യൻ പ്രസിഡൻറ് ആയിരുന്ന അന്തരിച്ച ഡോ .എ .പി .ജെ അബ്ദുൾ കലാമിൻറെ “ഇന്ത്യയിലെ ജല സുരക്ഷയ്ക്കും പ്രശ്ങ്ങൾക്കും നദീ സംയോജനമാണ് മറുപടി “എന്ന പ്രഖ്യാപനം സുപ്രീംകോടതി എട്ടു പിടിക്കുകയും അതിനെ ഒരു രാഷ്ട്രീയ അവസരമായി വാജ്പേയി സർക്കാർ കാണുകയും പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള ശ്രമങ്ങൾ തുടങ്ങുകയും ചെയ്തു ഒരുപാട് വിമർശനങ്ങളും എതിർപ്പുകൾ നേരിടുന്നതിനിടയിൽ പോലും റിപ്പോർട്ടുകൾ പലതും അണിയറയിൽ തയ്യാറായി കൊണ്ടിരിക്കുന്നു .2004 -ൽ യു .പി .എ സർക്കാർ തിരിച്ചു വന്നപ്പോൾ വീണ്ടും ഉറക്കികെടുത്തിയ പദ്ധതി 2014 -ൽ കേന്ദ്രത്തിൽ ഭരണം മാറിയപ്പോൾ സജീവമായി .എന്നാൽ ഇതിനിടയിൽ സംസ്ഥാനങ്ങൾക്കുള്ളിൽകൂടി ഒഴുകുന്ന നദികളുടെ സംയോജനം ലക്ഷ്യമിടുന്ന മൂന്നാമതൊരു ഘടകം കൂടി കൂട്ടിച്ചേർത്തുകൊണ്ട് പദ്ധതിയെ ഒന്നുകൂടി വിപുലമാക്കി .അന്തർ സംസ്ഥാന നദീ സംയോജനത്തിനു വഴങ്ങാത്ത സംസ്ഥാനങ്ങളെ കയ്യിലെടുക്കാൻ വേണ്ടിയുള്ള ഒരു തന്ത്രമായി ഇതിനെ കാണാം .
അതിനിടയിൽ 2002-ൽ ഫയൽ ചെയ്ത രണ്ടു കേസുകളുടെ വിധി 2012 ഫെബ്രുവരി 27-നു സുപ്രീം കോടതി പുറപ്പെടുവിച്ചതിൽ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര സർക്കാരിനോടാവശ്യപ്പെടുകയും ,ഒരു സ്‌പെഷൽ കമ്മിറ്റി ശേഷം അതുവഴി പദ്ധതി നടപ്പിലാക്കാനും ഓർഡറിട്ടു .പ്രസ്തുത വിധിയിൽ ഈ സ്‌പെഷൽ കമ്മിറ്റിയുടെ തീരുമാനങ്ങൾക്ക് മറ്റേതു സർക്കാർ സംവിധാനത്തെക്കാളും പരമാധികാരം നൽകുകയും ചെയ്തത് നദീ സംയോജനം എന്ന വളരെയധികം സങ്കീർണതകൾ നിറഞ്ഞതും ,രാഷ്ട്രീയ-സാമൂഹിക-പാരിസ്ഥിതിക പ്രശനങ്ങൾ ഉണ്ടാക്കുന്നതുമായ വിഷയത്തെ നിസ്സാരവൽക്കരിക്കുന്ന തീരുമാനപ്പോയി .ഇതിനെതിരെ പ്രൊഫ .രാമസ്വാമി അയ്യർ (മുൻ കേന്ദ്ര ജലവിഭവ വകുപ്പ് സെക്രട്ടറി )ഒരു റിവ്യൂ ഹർജി സുപ്രീംകോടതിയിൽ ഫയൽ ചെയ്യുകയും ഉണ്ടായി.ഭരണകാര്യങ്ങളിൽ സുപ്രീംകോടതിയുടെ അമിതമായ ഇടപെടലിനെയും നദീ സംയോജനം പോലുള്ള അടിസ്ഥാനപരമായി അപര്യാപ്തമായതും ,വളരെയേറെ പാരിസ്ഥിതിക പ്രശനങ്ങൾ ഉണ്ടാക്കുന്നതും അപകടകരമായതും ആയ ഒരു പദ്ധതിയെ കുറിച്ചുള്ള കോടതിയുടെ നിലപാടിനെയും ചോദ്യം ചെയ്തു കൊണ്ടാണ് ഹർജി ഫയൽ ചെയ്തത് .
നദീ സംയോജനം -പ്രശനങ്ങൾ
നദീ സംയോജനം വളരെ തെറ്റായ അടിസ്ഥാന അനുമാനങ്ങളെ ആധാരമാക്കിയാണ് ഇത്രയും കാലം മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നത് .പുഴകളെ തീർത്തും ഒരു എൻജിനീയറിംഗ് കാഴ്ചപ്പാടോടെ പൈപ്പുകൾ ഫിറ്റ് ചെയ്ത് വെള്ളം തിരിച്ചുവിടുന്നതുപോലെ എങ്ങനെയും വളച്ചു തിരിച്ചു വിടാം എന്നതാണ് ആദ്യത്തെ തെറ്റായ അനുമാനം .
എന്നാൽ പുഴയെന്ന പ്രതിഭാസം ജലം വഹിക്കുന്ന തോടോ ചാലോ മാത്രമല്ല എന്നുള്ള വസ്തുത ഭരണാധികാരികളും ,എൻജിനീയർ-കോൺട്രാക്ടർ ലോബിയും ഇനിയും അംഗീകരിക്കാൻ തയ്യാറല്ല .പലതരം ആവാസവ്യവസ്ഥകളെ (മലകൾ ,ഹിമാനികൾ,കാടുകൾ ,പുഴയോര കാടുകൾ ,പുഴത്തടങ്ങൾ ,തണ്ണീർത്തടങ്ങൾ ,വയലുകൾ ,കണ്ടൽ വനങ്ങൾ ,പൊഴി ഇത്യാദികൾ ) മുതൽ കടൽ വരെ / പതിക്കുന്ന ഇടം വരെ ശുദ്ധജലം എത്തിക്കാൻ കഴിവുള്ള ഭൂമിയിലെ ഒരേയൊരു ആവാസവ്യവസ്ഥ പുഴയാണ് .അത് പക്ഷേ പ്രകൃത്യാലുള്ള സംയോജനമാണ് ഒഴുകുന്ന വഴി മുഴുവൻ പുഴ ഒരു പാട് ജൈവ-രാസ ധർമ്മങ്ങൾ നിർവ്വഹിച്ചുകൊണ്ടാണ് അതിൻറെ പരിസമാപ്തിയിൽ എത്തിച്ചേരുന്നത് .പുഴയുടെ താളവും ,ഗതിയും ,നീരൊഴുക്കും അതിൻറെ വൃഷ്ടിപ്രദേശത്തെ കാടിൻറെ അവസ്ഥ ,ഭൂവിനിയോഗം,സൂക്ഷ്മ-സ്ഥൂല കാലാവസ്ഥ,ഭൂമിയുടെ ചെരിവ്,മണ്ണിൻറെ സ്വഭാവം,പുഴയിലും വൃഷ്ടിപ്രദേശത്തും നിലക്കൊളുന്ന ജൈവവൈവിധ്യം അങ്ങനെ ഒരുപാട് ഘടകങ്ങളെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്.ഓരോ പുഴയും അത്തരത്തിൽ അനന്യവും അനിതരസാധാരണവും ആണു താനും .നദീ സംയോജനം എല്ലാ പുഴകളെയും ഒരു പോലെ വെറും ജലവാഹിനികൾ മാത്രമായി കാണുന്നു .
അധിക ജലമുള്ള പുഴയിൽ നിന്നും ജലം കുറവുള്ള പുഴയിലേക്കാണ് നദീ സംയോജനം വിഭാവനം ചെയ്യുന്നത് .എന്നാൽ ഒരു പുഴയിൽ അധിക ജലമുണ്ടെന്ന തീരുമാനത്തിന് എന്താണ് അടിസ്ഥാനം ?.ഒരു പുഴയിലെ നീരൊഴുക്കിൻറെ തോതും ഗുണവും സ്ഥായിയായ ഒരു പ്രതിഭാസമല്ല .അത് ഒരുപാട് ഘടകങ്ങളെ-കാലാകാലങ്ങളിൽ പുഴയുടെ വൃഷ്ടിപ്രദേശത്ത് വന്നിട്ടുള്ള ഭൂവിനിയോഗത്തിലെ മാറ്റങ്ങൾ ,മാറുന്ന കാലാവസ്ഥ ,പുഴയിൽ നടക്കുന്ന മണൽ വാരൽ ,മലിനീകരണം ,പുഴയിൽ നിന്നും വ്യവസായം ,കുടിവെള്ളം ,ജലസേചനം എന്നിവയ്ക്കുവേണ്ടി ജലമെടുക്കൽ എന്നിവയെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്.ഇതിൽവരുന്ന മാറ്റങ്ങൾ നീരൊഴുക്കിലും മാറ്റങ്ങൾ വരുത്തും.മാത്രമല്ല ഒരു പുഴയ്ക്ക് അതിൻറെ പാരിസ്ഥിതിക-ഭൗതീക-ജൈവ ധർമ്മങ്ങൾ നിർവ്വഹിക്കാൻ വേണ്ടിയും ജലം വേണം .മേൽ സൂചിപ്പിച്ചപോലെ ഉത്ഭവം മുതൽ പതനം വരെയുള്ള യാത്രയിൽ ശുദ്ധജലത്തിനോടൊപ്പം എക്കലും ,മണലും ,മറ്റു ജൈവ-രാസ പദാർത്ഥങ്ങളും മത്സ്യങ്ങൾക്കു വേണ്ടിയുള്ള ആഹാരവും മറ്റും വഹിക്കാനും നീരൊഴുക്ക് വേണം .ഭൂഗർഭ ജലം പോഷിപ്പിക്കാനും മലിനീകരണം കുറയ്ക്കാനും ,കടൽ വരെ ശുദ്ധജലം എത്തിക്കാനും ,കടലിലെ ജീവി സമൂഹത്തിനു ആഹാരം എത്തിക്കാനും ഓരുവെള്ളം കയറാതിരിക്കാനുമൊക്കെ ജലം വേണം .ഒരു പുഴ ഒരു നാടിൻറെ സംസ്കാരത്തിൻറെ ,പൈതൃകത്തിൻറെ ,ചരിത്രത്തിൻറെ ഭാഗമാണ് .ഇതൊക്കെകൊണ്ടുത്തന്നെ ഒരു പുഴയെന്നാൽ അതിൻറെ തനതായ നീരൊഴുക്കോടു കൂടിയേ പൂർണ്ണമാകുന്നുള്ളു .അതുകൊണ്ട് അധിക ജലം എന്ന അനുമാനത്തിന് പാരിസ്ഥിതികമായ യാതൊരു പ്രസക്തിയുമില്ല എന്ന് മാത്രമല്ല അത് ജലം നൽകുന്ന പുഴയുടെ നാശത്തിനു വഴി വെയ്ക്കുകയും ചെയ്യും .
അതുപോലെ കുറവ് ജലം വഹിക്കുന്ന പുഴ എന്നതിനും പ്രസക്തിയില്ല .പുഴയിലെ ജലം അമിതമായി ച്ചുശ്നം ചെയ്തതിൻറെ ഫലമായിട്ടാണ് അത് കുറഞ്ഞ ജലം വഹിക്കുന്ന പുഴയായി മാറുന്നത്.അതുകൊണ്ടുതന്നെ ഒരു പുഴ കുറഞ്ഞ ജലം വഹിക്കുന്നു എന്ന അനുമാനത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ വിലയിരുത്തി അതിലെ നീരൊഴുക്ക് തിരിച്ചു കൊണ്ടുവരാനുള്ള പുഴയുടെ പുനരുജ്ജീവന പ്രവർത്തനങ്ങളും ,മെച്ചപ്പെട്ട ജല വിഭവ പരിപാലനവുമാണ് ചെയ്യേണ്ടത് .അല്ലാതെ മറ്റൊരു പുഴയിലെ ജലം കൊണ്ട് വന്ന് ആ പുഴയെയും കൂടി നശിപ്പിച്ചു കൊണ്ടല്ല തുടങ്ങേണ്ടത് .
ഇത്രയും വലിയ ഒരു പദ്ധതിക്ക് വേണ്ടി വരുന്ന ഭൂമിയുടെ കണക്കുകൾ ആരെയും ഞെട്ടിക്കുന്നവയാണ് .നദീ സംയോജനത്തിനു വേണ്ടി ഏകദേശം 14.8 ലക്ഷം ആളുകളെ കുടിയൊഴിപ്പിക്കേണ്ടി വരുമെന്നും 7.66 ലക്ഷം ഹെക്ടർ ഭൂമി സർക്കാർ ഏറ്റെടുക്കേണ്ടി വരുമെന്നുമാണ് പ്രാഥമീക കണക്കുകൾ സൂചിപ്പിക്കുന്നത്.കൂടാതെ കനാൽ നെറ്റ്വർക്കിനു വേണ്ടി മാത്രം 20 ലക്ഷം ഹെക്ടർ ഭൂമി വേറെ വേണ്ടി വരും .ഒരുപാട് ലിങ്കുകൾ വന്യമായ പ്രദേശങ്ങളിൽ കൂടി കടന്നു പോകുന്നതുകൊണ്ട് ഏകദേശം 1.04 ലക്ഷം ഹെക്ടർ വനഭൂമിയും പദ്ധതിക്ക് വേണ്ടി വെട്ടി മുറിക്കപ്പെടുകയോ ,ജലസംഭരണികളിൽ മുങ്ങിപ്പോകുകയോ ചെയ്യും.വൻകിട പദ്ധതികൾക്കു വേണ്ടി കുടിയൊഴിക്കപ്പെട്ട കുടുംബങ്ങൾക്ക് നാളിതുവരെ ഇന്ത്യയിൽ ഉചിതമായ പുനഃരധിവാസമോ സൗകര്യങ്ങളോ നൽകിയിട്ടില്ല എന്ന സത്യാവസ്ഥയുടെ പശ്ചാത്തലത്തിൽ വേണം നദീ സംയോജനം പോലുള്ള പദ്ധതി വരുത്തി വെക്കാൻ പോകുന്ന സാമൂഹിക പ്രശനങ്ങൾ വിലയിരുത്തുവാൻ .
കേരളത്തിലെ മുല്ലപ്പെരിയാർ ,പറമ്പിക്കുളം ,ആളിയാർ പദ്ധതികൾ നദീ സംയോജനത്തിൻറെ ഉത്തമ ഉദാഹരണങ്ങൾ ആയിട്ടാണ് കേന്ദ്രസർക്കാർ എടുത്തു കാട്ടുന്നത് .ഈ രണ്ട് അന്തർ സംസ്ഥാന നദീ കരാറുകളിൽ അന്തർലീനമായ പ്രശനങ്ങൾ ധാരാളമുണ്ട് .അവയിലേക്കൊന്നും കടക്കാതെതന്നെ ഒരു പുഴയെ മുഴുവനായി തിരിച്ചു മറ്റൊരു പുഴയിലേക്ക് തിരിച്ചു വിടുമ്പോൾ ആ പുഴയുടെ കീഴ്തട പ്രദേശത്തെ ജൈവവൈവിധ്യത്തിനെയും നീരൊഴുക്കിനെയും ,പുഴയോരക്കാടുകളെയും ,മത്സ്യസമ്പത്തിനേയും മനുഷ്യരുടെ കുടിവെള്ളത്തെയും ,ഭൂഗർഭജലത്തിനെയും ,ജീവനോപാധികളെയും എങ്ങനെ ബാധിക്കുന്നു എന്നത് വിലയിരുത്തപ്പെടുന്നില്ല എന്നതിനുള്ള ഉത്തമ ഉദ്ധാഹാരങ്ങൾ തന്നെയാണ് മുല്ലപ്പെരിയാർ ,പറമ്പിക്കുളം,ആളിയാർ പദ്ധതികൾ .മഴക്കാലം കഴിഞ്ഞാൽപ്പിന്നെ മുല്ലപ്പെരിയാറിനു താഴെ 30 കിലോമീറ്ററിൽ പരം ദൂരം പുഴയിൽ സ്വാഭാവിക നീരൊഴുക്കില്ലാതായിട്ട് 120 വർഷമായി.ചാലക്കുടി പുഴയിലെ പറമ്പിക്കുളം ,ആളിയാർ അണക്കെട്ടുകളുടെ താഴെയും സ്ഥിതി വ്യത്യസ്തമല്ല .കേരളത്തിലെ പെരിയാർ,ചാലക്കുടി നദീതടങ്ങളിലെ കീഴ്തട പ്രദേശത്തെ ജനങ്ങളുടെയും ,പരിസ്ഥിതിയുടേയും പുഴയ്ക്കു മേലുള്ള ശുദ്ധമായ കുടി വെള്ളം ലഭിക്കാനുള്ള അവകാശത്തിനെ ഹനിച്ചുകൊണ്ടാണ് ഈ രണ്ടു പദ്ധതികളും നിർവഹിച്ചിട്ടുള്ളത് .
കാലാവസ്ഥ വ്യതിയാനം നദീ സംയോജനത്തിന്റെ എങ്ങനെ ബാധിക്കും എന്ന് വിലയിരുത്തപ്പെട്ടട്ടില്ല .ഒരു പുഴയുടെ നീരൊഴുക്ക് അവിടുത്തെ പ്രാദേശിക കാലാവസ്ഥയുടെ ഭാഗമായ അന്തരീക്ഷ താപനിലയെയും മഴയെയും മറ്റു പല ഘടകങ്ങളെയും ആശ്രയിച്ചാണ് നിലകൊള്ളുന്നത് .ഇവയിൽ വരുന്ന മാറ്റങ്ങൾ നീരൊഴുക്കിൽ പ്രതിഫലിക്കും .ചെന്നൈയിൽ സംഭവിച്ചതു പോലുള്ള തീക്ഷ്ണമായ കാലാവസ്ഥ മാറ്റങ്ങൾ ,വരൾച്ച ,വെള്ളപ്പൊക്കം എന്നെ പ്രതിഭാസങ്ങളെ എങ്ങനെ നേരിടും എന്നതും വ്യക്തമല്ല .