കാക്ക കൊത്തുന്ന കുരുവികള്‍

0

നമ്മളില്‍ എത്രപേര്‍ക്ക് കാക്കയുടെ കൊത്ത് കൊണ്ടിട്ടുണ്ട് ? അല്ലെങ്കില്‍ എത്രപേര്‍ കാക്കകളുടെ ആക്രമണം നേരിട്ടിട്ടുണ്ട് ? ഇതിപ്പോള്‍ ആലോചിക്കാന്‍ ഒരു കാരണമുണ്ടായി. കുട്ടിയായിരുന്നപ്പോള്‍ എന്‍റെ കൈയ്യില്‍ നിന്നും പപ്പടവും ബിസ്ക്കറ്റും ഒക്കെ കാക്കകള്‍ തട്ടിയെടുത്ത ഓര്‍മ്മയുണ്ട്. താമസിയാതെ അതില്‍ നിന്നും പഠിച്ച ചില പാഠങ്ങളുമുണ്ട്. ഓണത്തിനോ മറ്റോ ആണെന്ന് തോന്നുന്നു ഒരു പപ്പടവും തിന്നുകൊണ്ട് ഞാന്‍ മുറ്റത്തു നില്‍ക്കുന്നതു കണ്ട് അടുക്കളയില്‍ നിന്ന് അമ്മൂമ്മ വിളിച്ചു പറഞ്ഞു… ‘മക്കളേ അത് കാക്ക കൊണ്ടു പോവും, ഇങ്ങ് അകത്ത് വാ’. എന്നാല്‍ ഞാനതത്ര കാര്യമാക്കിയില്ല. കാരണം എന്‍റെ അടുത്തെങ്ങും കാക്കകളെ ഒന്നിനേയും അപ്പോള്‍ കാണുന്നുണ്ടായിരുന്നില്ല. ഇനി അഥവാ വന്നാലും എന്‍റെ കൈയ്യില്‍ നിന്ന് തട്ടിപ്പറിക്കാന്‍ ആവില്ല, കാരണം എനിക്ക് ജാഗ്രതയുണ്ട്. എന്നാല്‍ അമ്മൂമ്മ ഇതു പറഞ്ഞ് നാക്ക് വായിലിട്ടില്ല, മിന്നല്‍ പിണര്‍ പോലെ എങ്ങു നിന്നോ ഒരു കാക്ക വന്നതും, എന്‍റെ കൈയ്യിലിരുന്ന പപ്പടത്തില്‍ മുക്കാല്‍ പങ്കും കൊണ്ട് അപ്രത്യക്ഷമായതും മാത്രം ഓര്‍മ്മയുണ്ട്. പപ്പടം നഷ്ടപ്പെട്ടതിന്‍റെ സങ്കടത്തിലും, അതിലുപരി ഒളിയാക്രമണത്തിലൂടെ ഒരു കാക്കയെന്നെ പറ്റിച്ചതിന്‍റെ ദേഷ്യത്തിലും ഞാന്‍ കരഞ്ഞു. അമ്മൂമ്മ ആശ്വസിപ്പിച്ചു. വേറെ പപ്പടം തന്നു.

പിന്നീട് വീട്ടില്‍ വളര്‍ത്തിയിരുന്ന കോഴിക്കുഞ്ഞുങ്ങളില്‍ ഒന്നു രണ്ടെണ്ണത്തെ ഇതുപോലെ മിന്നലാക്രമണത്തിലൂടെ റാഞ്ചി കൊണ്ടു പോയപ്പോഴും കാക്കകളുടെ ആക്രമണ സമാര്‍ഥ്യം ഞാന്‍ തിരിച്ചറിഞ്ഞു. പിന്നെയെപ്പോഴോ കാക്ക കൊത്തി പരിക്കേല്‍പ്പിച്ച് വീണുകിട്ടിയ ഒരു അണ്ണാന്‍ കുഞ്ഞിനേയും വേറൊരിക്കല്‍ ഒരു കുയില്‍ കുഞ്ഞിനേയും കുറച്ചു ദിവസങ്ങള്‍ കൂട്ടിലിട്ട് പരിചരിച്ച് സുഖപ്പെടുത്തിയതും ഓര്‍മ്മയുണ്ട്. കുട്ടിയായിരുന്നെങ്കിലും അന്ന് എന്‍റെ മനസ്സില്‍ വന്ന ചില സംശയങ്ങളും പിന്നീട് അതില്‍ നിന്നൊക്കെ ഞാന്‍ പഠിച്ച ചില പാഠങ്ങളും ഉണ്ടായിരുന്നു. എനിക്ക് മുന്‍കൂട്ടി കാണാന്‍ കഴിയാതിരുന്ന കാക്കയുടെ ഈ ആക്രമണം എന്‍റെ അമ്മയും അമ്മൂമ്മയും ഒക്കെ എങ്ങനെ മുന്‍കൂട്ടി കാണുന്നു ? എന്തുകൊണ്ട് വലിയവരുടെ കൈകളില്‍ നിന്ന് കാക്കകള്‍ ഒന്നും തട്ടിപ്പറിക്കുന്നില്ല ? എന്തുകൊണ്ട് കോഴിക്കുഞ്ഞുങ്ങള്‍ക്ക് പകരം തള്ളക്കോഴിയെ കാക്കകള്‍ റാഞ്ചാന്‍ ശ്രമിക്കുന്നില്ല ?

കുഞ്ഞുങ്ങളുടെ ദൃഷ്ടിയ്ക്ക് പരിമിതിയുണ്ട്. അതിനപ്പുറം പതിയിരിയ്ക്കുന്ന അപകടത്തെ കാണാന്‍ അവര്‍ക്ക് കഴിയില്ല. കുഞ്ഞ് എല്ലാറ്റിലും കാണുന്നത് തന്നെത്തന്നെയാണ്. എന്തിനേയും നോക്കിക്കാണുന്നത് തീര്‍ത്തും നിഷ്ക്കളങ്കമായ സൗഹൃദത്തോടെയാണ്. ഏറ്റവും കുറഞ്ഞത് ആദ്യത്തെ ദുരനുഭവം ഉണ്ടാകുന്നതു വരെയെങ്കിലും ചുറ്റുമുള്ള ഒന്നിനെപ്പറ്റിയും ഒരു കുഞ്ഞിനും മുന്‍ വിധികള്‍ ഉണ്ടാവില്ല. എന്നാല്‍ തങ്ങളുടെ ആക്രമണത്തിന്‍റെ സ്വഭാവം മുതിര്‍ന്ന മനുഷ്യര്‍ക്കും എന്തിന് വളര്‍ച്ചയെത്തിയ ഒരു കോഴിയ്ക്ക് പോലും അറിയാം എന്നും അതുകൊണ്ട് തങ്ങളുടെ തന്ത്രം വിജയിച്ചേക്കില്ല എന്നു മാത്രമല്ല തിരിച്ചടിയും കിട്ടിയേക്കാം എന്ന കാര്യം കാക്കകള്‍ക്കും അറിയാം. അതുകൊണ്ടവ സാഹസത്തിന് മുതിരില്ല.

ഇതുപോലെ സൂത്രശാലികളായ കാക്കകളുടെ ആക്രമണത്തില്‍ ജീവചൈതന്യം ചോര്‍ന്നു പോയവരും കൊടിയ വിപത്തിന് ഏറ്റവും അടുത്തെത്തിയിട്ട് കേവലം ദൈവാധീനം കൊണ്ടു മാത്രം രക്ഷപ്പെട്ട് തിരികെ പോന്നവരും ആയ ഒരു കൂട്ടം കുരുവികളെ കഴിഞ്ഞ ദിവസം നേരില്‍ കണ്ടു. മിടുക്കന്മാരും മിടുക്കികളും ആയ ഒരു കൂട്ടം ചെറുപ്പക്കാര്‍. അഭ്യസ്തവിദ്യരെങ്കിലും മാടപ്രാവുകളുടെ രൂപത്തിലെത്തിയ കാക്കകളുടെ തന്ത്രം തിരിച്ചറിയാന്‍ കഴിയാതെ വലകളില്‍ വീണുപോയവര്‍. ആട്, മാഞ്ചിയം, തേക്ക്, നാഗമാണിക്യം, വെള്ളിമൂങ്ങ ടൈപ്പ് തട്ടിപ്പുകളില്‍ ഇപ്പോഴും ധാരാളം പ്രബുദ്ധ മലയാളികള്‍ കുടുങ്ങുന്നുണ്ടല്ലോ ? അപ്പോള്‍ പിന്നെ തങ്ങളുടെ ഏറ്റവും അടുത്ത കൂട്ടുകാരികളും കൂട്ടുകാരന്മാരും വച്ചു നീട്ടുന്ന ചൂണ്ടകളില്‍ കൊത്തിപ്പോകുന്ന ചെറുപ്പക്കാരെ എങ്ങനെ കുറ്റപ്പെടുത്തും ? ക്യാമ്പസ്സുകളിലും ജോലി സ്ഥലങ്ങളിലും, ഹോസ്റ്റലുകളിലും എല്ലാം ഇപ്പോള്‍ ഇരകള്‍ക്ക് ചുറ്റും അവരറിയാതെ വലകള്‍ നെയ്ത് കെണിയൊരുക്കുന്നത് മതം തീനികളായ പെണ്‍ചിലന്തികളാണ് എന്നറിയുന്നു. ഞാന്‍ കണ്ട കുട്ടികളില്‍ ഏറെപ്പേരും വീണു പോയതും അത്തരം വലകളിലായിരുന്നു. ചിലരെ ഹാരിപോട്ടര്‍ കഥകളിലേതു പോലുള്ള ഗന്ധര്‍വ്വ ലോകത്തെ കുറിച്ച് പറഞ്ഞിളക്കിയാണ് ബ്രെയിന്‍ വാഷ് ചെയ്തതെങ്കില്‍, നിത്യനരകത്തിന്‍റെ ഭീകരതയാണ് മറ്റു ചിലരുടെ സമനില തെറ്റിച്ചത്. അമ്മയുടെ തറവാട് പോലെയുള്ള സുരക്ഷിതത്വത്തില്‍ തിരികെയെത്തി കഴിഞ്ഞപ്പോള്‍ കുറഞ്ഞ കാലത്തേക്കെങ്കിലും കാക്കക്കൂടുകളില്‍ പെട്ടു പോയതിന്‍റെ ഞെട്ടിയ്ക്കുന്ന കഥകളും അനുഭവങ്ങളും പങ്കുവയ്ക്കാന്‍ അവരില്‍ പലരും തയ്യാറായി.

ഹാരിപോട്ടര്‍, സിന്‍ഡ്രലാ, അലാവുദ്ദീന്‍ കഥകള്‍ വായിച്ചാല്‍ എല്ലാവര്‍ക്കും രസിക്കും. എന്നാല്‍ അവയെല്ലാം സത്യമാണെന്നും, അവയില്‍ പറയുന്നതു പോലെ ചില പ്രത്യേക രീതിയില്‍ ഇവിടെ ജീവിച്ചാല്‍ മരണാനന്തരം അത്തരം ലോകങ്ങളില്‍ ചെന്ന് ഹാരിപോട്ടറും, അലാവുദ്ദീനും, സിന്‍ഡ്രലയും ഒക്കെയായി ജീവിക്കാം എന്നും ആരെങ്കിലും വിശ്വസിക്കാന്‍ തുടങ്ങുന്നത് ആത്മീയ / ബൗദ്ധിക നിലവാരങ്ങളുടെ വലിയ തകര്‍ച്ചയാണ് കാണിയ്ക്കുന്നത്. നമുക്ക് പരിചിതമായ പുരാണങ്ങളും കുറേയൊക്കെ ഇത്തരം കഥകളാണ്. എന്നാല്‍ ഭാഗ്യവശാല്‍ അവ കഥകളാണ് എന്ന വസ്തുത അവയുടെ കര്‍ത്താക്കളും വ്യാഖ്യാതാക്കളും തന്നെ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. അമൂര്‍ത്തങ്ങളായ ആശയങ്ങളെ മനസ്സിലാക്കിക്കുന്നതിനാണ് കഥകളും ഉപമകളും ഒക്കെ ഉപയോഗിക്കാറുള്ളത്. അതുകൊണ്ട് പുരാണ കഥകളെ എങ്ങനെ സ്വീകരിയ്ക്കണം എന്ന കാര്യത്തില്‍ അവയുടെ അനുവാചകര്‍ക്ക് സംശയമില്ല. എന്നാല്‍ ചരിത്രവും, ഗോത്രാചാരങ്ങളും, ആധിപത്യചിന്തകളും, മതിഭ്രമവും, ദിവാസ്വപ്നങ്ങളും ഒക്കെ കൂടിക്കലര്‍ന്ന ഒരു അറബ്യന്‍ കൃതിയില്‍ എഴുതി വച്ചിരിയ്ക്കുന്നതെല്ലാം അക്ഷരാര്‍ത്ഥത്തില്‍ എക്കാലത്തേയ്ക്കുമുള്ള ആത്യന്തിക സത്യം തന്നെയെന്ന് കുറേപ്പേര്‍ ആണയിടുന്നു. അതേപ്പറ്റി ഉണ്ടാകുന്ന സംശയങ്ങളെല്ലാം ഇബിലീസ് ഉണ്ടാക്കുന്ന ഭ്രമമാണ് എന്നാണ് മുന്‍കൂറായി പറഞ്ഞു വച്ചിരിയ്ക്കുന്നത്. അങ്ങനെ അനുവാചകന്‍റെ സാമാന്യ യുക്തിയില്‍ ഉയര്‍ന്നു വരാനിടയുള്ള മറുചോദ്യങ്ങളെ മുളയിലേ നുള്ളി കളഞ്ഞിരിയ്ക്കുന്നു. യുക്തിപൂര്‍വ്വമുള്ള സ്വതന്ത്ര ചിന്തയില്ലാതെ എങ്ങനെ ഏതൊന്നിന്‍റെയും സത്യം കണ്ടെത്തും ?

‘മറ്റുള്ളവരുടെ കഥകളേക്കാള്‍ യുക്തിപൂര്‍ണ്ണമാണ് നമ്മുടെ കിത്താബ്, അതുകൊണ്ട് ഇതാണ് ആത്യന്തിക സത്യം’ എന്നതാണ് ഒരു വാദഗതി. എന്നാല്‍ അവര്‍ തങ്ങളുടെ ‘സത്യ’ങ്ങളെ താരതമ്യം ചെയ്യുന്നത് മറ്റുള്ളവരുടെ വെറും കഥകളോട് മാത്രമാണ് എന്ന ലളിതമായ വസ്തുത അവശേഷിയ്ക്കുന്നു. ശരിയായ ദാര്‍ശനിക ഗ്രന്ഥങ്ങളിലെ ആശയങ്ങളുമായി ഒരു താരതമ്യ പഠനത്തിന് തയ്യാറുണ്ടോ ? സ്വര്‍ഗ്ഗത്തിന്‍റെ പേരു പറഞ്ഞ് വികല ഭാവനകളും കര്‍മ്മങ്ങളുമായി ഇറങ്ങിത്തിരിച്ച് ഇന്ന് അഫ്ഗാനിസ്ഥാന്‍ ജയിലിലെത്തിപ്പെട്ട മെറിനും, നിമിഷയും ഒക്കെ സ്വന്തം ജീവിതങ്ങളെ യഥാര്‍ത്ഥ നരകമാക്കി മാറ്റിക്കഴിഞ്ഞു. അവരെ പ്രണയം ഉള്‍പ്പെടെയുള്ള കെണികളിലൂടെ ഈ നിലയിലേക്ക് എത്തിച്ച മാന്യന്മാര്‍ തങ്ങളുടെ പ്രൊഫഷനും ബിസിനസ്സും കുടുംബവും ഒക്കെയായി നാട്ടില്‍ തന്നെ അടിച്ചു പൊളിച്ചു ജീവിതം നയിക്കുകയും ചെയ്യുന്നു. എന്തേ തലമുറകളായി ഈ വിശ്വാസത്തിലുള്ള അവരൊന്നും സ്വന്തം കുടുംബത്തോടൊപ്പം സ്വര്‍ഗ്ഗത്തിലേക്ക് പോകാന്‍ ഇറങ്ങിത്തിരിച്ചില്ല ? അപ്പോള്‍ ഇതൊരു ഭയാനകമായ ചൂഷണവും ചതിയും ഇരട്ടത്താപ്പും ആണെന്ന് വ്യക്തമല്ലേ ? പ്രണയത്തിനു പിന്നില്‍ മറഞ്ഞിരിയ്ക്കുന്ന കാകതന്ത്രം തിരിച്ചറിയാതെ വീട്ടുകാരെ ധിക്കരിച്ചിറങ്ങിയ സഖാവ് അനൂജ, ഒരു മുഴം കയറില്‍ കെട്ടിത്തൂക്കപ്പെട്ടു. സ്വന്തം ഐഡി ഉപയോഗിച്ച് എടുത്തു നല്കിയ സിം, കാമുകന്‍ ഭീകര പ്രവര്‍ത്തനത്തിന് ഉപയോഗിച്ചപ്പോള്‍ ദീപാ ചെറിയാന്‍ ജയിലിലായി. എത്തിപ്പെട്ട വിശ്വാസത്തിന്‍റെ പൊള്ളത്തരം ബോദ്ധ്യപ്പെട്ട് സ്വധര്‍മ്മത്തിലേക്ക് തിരികെ വരാന്‍ തയ്യാറായ കുരുവിയുടെ കഴുത്തില്‍ നിക്കാഹ് എന്ന ചങ്ങല പിടി മുറുക്കി.

കൈയ്യെത്താ ദൂരത്തേക്ക് പോയ ആ ഇരകളുടെ കാര്യത്തില്‍ ഇനി വലിയ പ്രത്യാശയ്ക്ക് വകയില്ല. എന്നാല്‍ ഭ്രമാത്മക വിവരണങ്ങളിലും തക്കിയകളിലും വീണ് അന്ധകാരത്തിന്‍റെ വഴിയില്‍ നീങ്ങാന്‍ തുടങ്ങുന്ന പലര്‍ക്കും ഇനിയും വൈകിയിട്ടില്ല. തിരിച്ചു വരാന്‍ ഇനിയും അവസരമുണ്ട്. മുമ്പത്തെ പോലല്ല. തിരിച്ചു വരാന്‍ തയ്യാറുള്ളവരെ സംരക്ഷിയ്ക്കാന്‍ നിങ്ങളുടെ സ്വന്തം തറവാട്ടിന് ഇന്ന് ശക്തിയുണ്ട്. ശരിയായ അറിവ് ഉപദേശിയ്ക്കാന്‍ മാര്‍ഗ്ഗ ദര്‍ശികള്‍ ഉണ്ട്. ഒപ്പം കൂട്ടാന്‍ സനാതന ധര്‍മ്മത്തില്‍ അടിയുറച്ചു മുന്നേറുന്ന കൂട്ടായ്മകളും കുടുംബങ്ങളുമുണ്ട്. തിരുവനന്തപുരം ബാലരാമപുരത്തുള്ള ആര്‍ഷ വിദ്യാ സമാജം അത്തരത്തിലൊരു കുടുംബമാണ്. സംവാദത്തിനും സംശയ നിവൃത്തിയ്ക്കുമായി ശങ്കയില്ലാതെ നിങ്ങള്‍ക്ക് കടന്നു വരാം. കുഞ്ഞുങ്ങളേ, കുരുവികളേ, നിങ്ങളെ ഇതുവരെ കൊത്തി മുറിവേല്‍പ്പിച്ച കാക്കകളെ ഇനി ഭയക്കാതിരിയ്ക്കൂ… കൈമോശം വന്ന പപ്പടത്തെ മറന്നേക്കൂ… പുനരുജ്ജീവനത്തിന്‍റെ അമൃതകുംഭം ചൊരിയാന്‍ തയ്യാറായി നില്‍ക്കുന്ന പക്ഷിരാജനായ ഗരുഡനാണ് നമ്മുടെ നായകന്‍. ഭഗവാന്‍ നാരായണനാണ് നമ്മുടെ ധര്‍മ്മത്തിന്‍റെ രക്ഷകന്‍.

LEAVE A REPLY

Please enter your comment!
Please enter your name here