ബാംഗളൂര്‍ IISc യില്‍ അസിസ്റ്റന്‍റ് പ്രൊഫസര്‍ ആയ ലേഖകന്‍ ഒരു വലിയ സാമൂഹ്യ സത്യം നമ്മുടെ മുന്നില്‍ വയ്ക്കുന്നു. സ്വന്തം ചരിത്രം ഗൌരവത്തോടെ രേഖപ്പെടുത്തി വയ്ക്കുന്നതില്‍ ഹിന്ദുക്കള്‍ കാണിക്കുന്ന ആലംഭാവമാണ് നമുക്ക് നേരെയുള്ള അതിക്രമങ്ങള്‍ ലോക ശ്രദ്ധയില്‍ കൊണ്ടു വരുന്നതില്‍ പരാജയപ്പെടാന്‍ കാരണം. കേവലം സോഷ്യല്‍ മീഡിയ ആക്ടീവിസത്തിനുപരി മുഖ്യധാരാ ചരിത്ര നിര്‍മ്മിതിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് യഹൂദരുടെ ചരിത്രം ഉദാഹരിച്ചു കൊണ്ട് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
അവലംബം: ഓപ് ഇന്ത്യ ലേഖനം
ലേഖകന്‍: അഭിഷേക് ബാനര്‍ജി
ഇപ്പോള്‍ ഏതാണ്ട് എല്ലാവര്‍ക്കും സുപരിചിതമായിക്കഴിഞ്ഞ ഒന്നാണ് “പ്രതിഷേധത്തിന്‍റെ ദിനം” എന്ന പ്രതിഭാസം. അത് ഇങ്ങനെയാണ് തുടങ്ങുക: പത്രത്തിലോ ന്യൂസ് പോര്‍ട്ടലിലോ ഏതെങ്കിലും മൂലയില്‍ നിരുപദ്രവമായ ഒരു തലക്കെട്ട് പ്രത്യക്ഷപ്പെടുന്നു. വിശദാംശങ്ങളില്‍ ബോധപൂര്‍വ്വമായി അവ്യക്തത വരുത്തിയിട്ടുണ്ടാവും. “ഡല്‍ഹിയില്‍ യുവാവ് ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടു” അല്ലെങ്കില്‍ “ഒരു വിഭാഗത്തിന്‍റെ ആരാധനാലയം ആക്രമിക്കപ്പെട്ടു; ആക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല” എന്നിങ്ങനെ ആയിരിക്കും ആ വാര്‍ത്ത. എന്നാല്‍ ഇന്ന് ഇത്തരം പദപ്രയോഗങ്ങളില്‍ നിന്ന് സത്യം വേര്‍തിരിച്ചെടുക്കാന്‍ എല്ലാവരും പഠിച്ചു കഴിഞ്ഞിരിക്കുന്നു.
സോഷ്യല്‍ മീഡിയയുടെ ഈ യുഗത്തില്‍ ഇത്തരം ശ്രമങ്ങളെല്ലാം പാഴാണ്. വസ്തുതകളെ മറച്ചു വയ്ക്കാന്‍ ഉപയോഗിയ്ക്കുന്ന മൂടികള്‍ നിമിഷനേരം കൊണ്ട് തുറന്നു കാണിയ്ക്കപ്പെടും. എവിടെയോ ഒരു ഹിന്ദു വീണ്ടും വര്‍ഗ്ഗീയ വിദ്വേഷത്തിന് ഇരയായി കഴിഞ്ഞിരിക്കുന്നു അല്ലെങ്കില്‍ ഒരു ഹിന്ദുക്ഷേത്രം അശുദ്ധമാക്കപ്പെട്ടു അല്ലെങ്കില്‍ അങ്ങനെ എന്തെങ്കിലും ആണ് നടന്നത് എന്ന സത്യം പെട്ടെന്നു തന്നെ വെളിപ്പെടും.
തൊട്ടു പിന്നാലെ സോഷ്യല്‍ മീഡിയ അതിന് കഴിയുന്ന ഒരേയൊരു കാര്യം ചെയ്യുകയായി. വളരെ കുറഞ്ഞ സമയത്തേക്ക് ഒരു വലിയ പ്രതിഷേധത്തിന്‍റെ കോലാഹലം ഉണ്ടാക്കും. മോശം കാലാവസ്ഥ തിരിച്ചറിഞ്ഞ് ഹിന്ദു വിരുദ്ധ പക്ഷം കാറ്റും കോളും നിലയ്ക്കുന്നതു വരെ മാളത്തിലൊളിക്കും. സാധാരണയായി 24 – 48 മണിക്കൂര്‍ കൊണ്ട് എല്ലാം കെട്ടടങ്ങി വീണ്ടും പഴയതുപോലെ ശാന്തമാകും.
ഇതുകൊണ്ടാണ് ഒരു നൂറുതവണ തുറന്നു കാണിക്കപ്പെട്ടാലും സത്യം ബോധിപ്പിക്കപ്പെട്ടാലും ആ അവഹേളനപരമായ തലക്കെട്ടുകള്‍ മറഞ്ഞു പോകാത്തത്. സാമൂഹ്യ മാദ്ധ്യമങ്ങളിലെ കോളിളക്കം വളരെ വേഗം കെട്ടടങ്ങും. ഭാവിയില്‍ അവലംബിക്കാന്‍ യാതൊന്നും ബാക്കിയാകില്ല. അല്ലെങ്കില്‍ “ഡല്‍ഹിയില്‍ മനുഷ്യന്‍ ആവിയായി പോയി” എന്ന മട്ടിലുള്ള വാര്‍ത്ത വല്ലതും ആയിരിക്കണം.
പത്രപ്രവര്‍ത്തനം ചരിത്രത്തിന്‍റെ ആദ്യ കരടു രൂപരേഖയാണ് എന്ന് പറയാറുണ്ട്. അതുകൊണ്ടു തന്നെ റിപ്പോര്‍ട്ടിങ്ങിലെ ഹിന്ദുവിരുദ്ധ അജണ്ട സാമൂഹ്യ മാദ്ധ്യമങ്ങളിലെ ഒന്നോ രണ്ടോ ദിവസത്തെ കോളിളക്കം കൊണ്ട് തുറന്നു കാട്ടപ്പെടാവുന്നതല്ല. ഇപ്പോഴിപ്പോള്‍ ഒരു ദിവസം കൊണ്ടു തന്നെ മാദ്ധ്യമ അജണ്ടകള്‍ തുറന്നു കാണിക്കപ്പെടുന്നു എന്നത് തീര്‍ച്ചയായും വളരെ നല്ല ഒരു കാര്യമാണ്. എന്നാല്‍ സമൂഹത്തിന്‍റെ ചരിത്ര രചനയില്‍ കാതലായ മാറ്റങ്ങള്‍ വന്നില്ലെങ്കില്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഒരു നേട്ടവും ഇതുകൊണ്ടുണ്ടാവുകയില്ല എന്നതുറപ്പാണ്.
‘അക്രമ സ്ഥിതിവിവര കണക്കുകള്‍’ അല്ലെങ്കില്‍ ‘പഠനങ്ങള്‍’ എന്നൊക്കെ നമ്മള്‍ കേള്‍ക്കുന്നവയെ പറ്റി ചിന്തിച്ചിട്ടുണ്ടോ ? ഏറ്റവും ഒടുവില്‍, അവയെല്ലാം നമുക്ക് തരുന്ന സ്ഥിതീകരണം ഒന്നു തന്നെയായിരിക്കും. ഇത്തരം സംഭവങ്ങളുടെ 95 ശതമാനത്തിന് മുകളില്‍ ഇരകള്‍ അഹിന്ദുക്കള്‍ ആണ് എന്നാവും അവയെല്ലാം നമ്മോട് പറയുക.
ഇത് എന്തുകൊണ്ട് ഇങ്ങനെ ആയിത്തീരുന്നു എന്നു മനസ്സിലാക്കാന്‍ വളരെ എളുപ്പമാണ്. ഡല്‍ഹിയിലെ മിഷനറി സ്കൂളില്‍ ഏതെങ്കിലും കള്ളന്‍ കടന്നു കയറി മോഷണം നടത്തിയാലും അതും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് മത വിദ്വേഷ ആക്രമണമായിട്ടാണ്. എന്നാല്‍ ഇതേ നഗരത്തില്‍ ‘മതേതരന്മാരുടെ’ ഒരു കൂട്ടം ഒരു ക്ഷേത്രത്തില്‍ അക്രമം നടത്തി വിഗ്രഹത്തെ തകര്‍ത്താലും ക്ഷേത്രം അശുദ്ധമാക്കിയാലും പാര്‍ക്കിങ് തര്‍ക്കത്തെ തുടര്‍ന്നുള്ള സംഘര്‍ഷം എന്നായിരിക്കും അത് റിപ്പോര്‍ട്ട് ചെയ്യപ്പെടുക.
ഈ ‘പാര്‍ക്കിങ് സംഘര്‍ഷ’ വാര്‍ത്തകള്‍ ഒക്കെ സൃഷ്ടിച്ചു വിടുന്നവര്‍ക്ക് സോഷ്യല്‍ മീഡിയകള്‍ അവരുടെ കള്ളക്കളി പൊളിച്ചടുക്കുമെന്ന് നന്നായറിയാഞ്ഞിട്ടല്ല. എന്നിട്ടും എന്തുകൊണ്ട് അവരത് ചെയ്യുന്നു ? ഒരിയ്ക്കല്‍ ഇതിനെ ‘പാര്‍ക്കിങ് സംഘര്‍ഷ’ വാര്‍ത്തയായി എഴുതി പിടിപ്പിച്ചാല്‍ സ്ഥായിയായി അത് അങ്ങനെ തന്നെ നിലനില്‍ക്കും എന്ന കാര്യം അവര്‍ക്ക് നന്നായറിയാം. അതിനെ ചൊല്ലി വരുന്ന വൈകാരികമായ പ്രതിഷേധങ്ങളും ട്വീറ്റുകളും പെട്ടെന്നു തന്നെ വിസ്മൃതിയിലാഴും. അതുകൊണ്ട് ചരിത്ര നിര്‍മ്മാണം നടക്കുമ്പോള്‍ ഹിന്ദുക്കളുടെ നേരെയുള്ള ഓരോ വര്‍ഗ്ഗീയ അക്രമങ്ങളും ഒന്നുകില്‍ വിസ്മരിക്കപ്പെടും അല്ലെങ്കില്‍ തര്‍ക്കവസ്തുതയായി രേഖപ്പെടുത്തപ്പെടും. ഇതിന്‍റെ ഏറ്റവും കൃത്യമായ ഉദാഹരണമാണ് ഗോധ്രയിലുണ്ടായ ആക്രമണം. ആ സംഭവത്തിനു പിന്നിലെ കുറ്റവാളികളെ ശിക്ഷിക്കുകയും അവരുടെ ശിക്ഷകള്‍ സുപ്രീംകോടതി പോലും ശരി വയ്ക്കുകയും ചെയ്തിട്ട് വര്‍ഷങ്ങള്‍ പലത് കഴിഞ്ഞിരിക്കുന്നു. അവരെല്ലാവരും തന്നെ ‘സമാധാന മതത്തില്‍’ നിന്നുള്ളവരായിരുന്നു. എന്നിട്ടും അതിപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ആരാണ് അതിനു പിന്നിലുള്ള ആക്രമകാരികള്‍ എന്ന് വ്യക്തതയില്ല എന്ന മട്ടിലാണ്.
ഇത്രയും ഭയങ്കരമായ ഒരു സംഭവത്തിന്‍റെ കാര്യത്തില്‍ പോലും ഇങ്ങനെ അസത്യം പ്രചരിപ്പിക്കുന്നതില്‍ ‘മതേതരര്‍’ എങ്ങനെ വിജയിക്കുന്നു എന്നതിന്‍റെ കാരണം ഞാന്‍ ചൂണ്ടിക്കാണിക്കാം. പ്രസ്തുത സംഭവം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ആക്ടീവിസ്റ്റുകളുടേയും ഇടത് രാഷ്ട്രീയക്കാരുടേതുമായ ഒരു സംഘം ‘വസ്തുതാ നിര്‍ണ്ണയ സന്ദര്‍ശനം’ എന്ന പേരില്‍ അവിടെ പാഞ്ഞെത്തുകയുണ്ടായി. അവരായിരുന്നു ‘കര്‍സേവകര്‍ ചായയ്ക്ക് കാശു കൊടുത്തില്ല’ എന്നു തുടങ്ങി ‘ഒരു പെണ്‍കുട്ടിയെ ഉപദ്രവിച്ചു’ എന്നുവരെയുള്ള വിഷലിപ്തമായ കിംവദന്തികള്‍ പറഞ്ഞു പരത്തിയത്. ചെറിയതെങ്കിലും ഫലപ്രദമായ വഴികളിലൂടെ ആ സംഭവത്തേയും അതിന്‍റെ ഇരകളേയും കുറിച്ചുള്ള യാഥാര്‍ഥ്യങ്ങള്‍ ആദ്യമേ തന്നെ അവര്‍ കുഴിച്ചു മൂടാന്‍ തുടങ്ങി. 2004 ല്‍ യു പി എ അധികാരത്തില്‍ വന്നതിനു തൊട്ടു പിന്നാലെ, അവര്‍ ബാനര്‍ജി കമ്മീഷന് രൂപം കൊടുത്തു. ഗോദ്രയില്‍ നടന്നത് ഒരു ആക്സിഡണ്ട് ആയിരുന്നു എന്നാണ് ബാനര്‍ജി കമ്മീഷന്‍ പറഞ്ഞു വച്ചത്. പിന്നീട് ഈ വാദങ്ങള്‍ പച്ചക്കള്ളങ്ങളായിരുന്നു എന്ന കാര്യം ഹൈക്കോടതിയിലും സുപ്രീം കോടതിയിലും തെളിഞ്ഞുവെങ്കിലും അതില്‍ കാര്യമുണ്ടായില്ല. ഒരു പൊതു തത്വമെന്ന നിലയ്ക്ക് ഏറ്റവും നല്ല ഉദ്ദേശത്തോടെ ആണെങ്കിലും ചരിത്രകാരന്മാര്‍ ഒരു സംഭവത്തിന്‍റെ “എല്ലാ വശങ്ങളും” അവതരിപ്പിക്കാന്‍ ശ്രമിക്കുന്നു. ഗോദ്ര തീവയ്പ്പിന്‍റെ കാര്യത്തില്‍ തുടക്കം മുതല്‍ തന്നെ സത്യത്തോടൊപ്പം അസത്യങ്ങളും പ്രചരിക്കാന്‍ തുടങ്ങി. അത് അതിന്‍റെ ഫലം കാണിക്കുകയും ചെയ്തു.
ഹിന്ദുക്കളെ പോലെ തന്നെ യഹൂദരും നൂറ്റാണ്ടുകളോളം മതപീഡനത്തിന് വിധേയരായ ജനതയാണ്. രണ്ടാം ലോക മഹായുദ്ധത്തിനു പിന്നാലെ ജൂതസമൂഹം ഉണര്‍ന്നെഴുന്നേറ്റ് അത്തരം അതിക്രമം ഒരിയ്ക്കലും ആവര്‍ത്തിക്കുകയില്ല എന്നുറപ്പു വരുത്തുമെന്ന് നിശ്ചയിച്ചു. ആ കൊടിയ പീഡനങ്ങളുടെ ഓര്‍മ്മകള്‍ ചരിത്രത്തില്‍ അരക്കിട്ടുറപ്പിക്കാന്‍ അവര്‍ കഠിനാദ്ധ്വാനം തന്നെ ചെയ്തു. യൂറോപ്പില്‍ ആകമാനം സ്മാരകങ്ങളും മ്യൂസിയങ്ങളും പടുത്തുയര്‍ത്തി. വംശീയ കൂട്ടക്കൊലകളില്‍ നിന്ന് രക്ഷപ്പെട്ട് വന്നവരുടെ കഥകള്‍ പില്‍ക്കാല ജനതയ്ക്ക് ഓര്‍മ്മിക്കാനായി കൃത്യമായി തന്നെ രേഖപ്പെടുത്തി വച്ചു. ചരിത്രത്തിലും വര്‍ത്തമാന കാലത്തും നിലനില്‍ക്കുന്ന ജൂത വിദ്വേഷത്തിന്‍റെ സ്വഭാവം രേഖപ്പെടുത്താന്‍ അന്താരാഷ്ട്ര സംഘടനകളും അക്കാദമിക സമിതികളും രൂപീകരിച്ചു.
ഇസ്രയേല്‍ രാജ്യം നിലവില്‍ വന്ന സമയത്താണ് ഇന്ത്യയും സ്വതന്ത്രയായത്. എന്നാല്‍ ആയിരം വര്‍ഷങ്ങള്‍ക്കു ശേഷം സ്വയം ഭരണവകാശം കൈവന്ന ഹിന്ദുക്കള്‍ക്ക് ഇത്തരം ഒരു ബൌദ്ധിക സംവിധാനം രൂപപ്പെടുത്തി എടുക്കാന്‍ കഴിഞ്ഞില്ല. ഇസ്ലാമിലേക്ക് മതം മാറാന്‍ വിസമ്മതിച്ചതിന്‍റെ പേരില്‍ ഔറംഗസേബിനാല്‍ കൊലചെയ്യപ്പെട്ട സിഖ് ഗുരുവാണ് തേജ് ബഹാദൂര്‍. അദ്ദേഹത്തിന്‍റെ ഈ ചരിത്രം പറയുന്നതില്‍ നിന്ന് വിലക്കിയതിനെ തുടര്‍ന്ന് ബി ബി സി യില്‍ നിന്ന് ഒരു സിഖ് ജീവനക്കാരന്‍ രാജിവച്ചത് ഈയിടെയാണ്. വേറൊരു രീതിയില്‍ പറഞ്ഞാല്‍ ചരിത്രം നമ്മില്‍ നിന്ന് ബഹുദൂരം അകന്നു പോവുന്ന വിധം നമ്മള്‍ അതിനെ അവഗണിച്ചു കൊണ്ടിരിക്കുന്നു എന്നതാണ് സത്യം. ഈയവസ്ഥയില്‍ ‘മതേതരന്മാര്‍’ യഥേഷ്ടം ചരിത്ര വസ്തുതകളെ വളച്ചൊടിച്ചു കൊണ്ടുമിരിക്കുന്നു. ഔറംഗസേബ് തെറ്റിദ്ധരിക്കപ്പെട്ട ഒരു വ്യക്തിയായിരുന്നു എന്നും ‘മതത്തേയും ഭരണകൂടത്തേയും വേര്‍ തിരിച്ചു കാണുന്ന ആശയത്തിന്‍റെ ഉപജ്നാതാവ്’ ആയിരുന്നു എന്നുമൊക്കെ ഞെട്ടിപ്പിക്കുന്ന വിധത്തിലാണ് ഇന്ന് പുതിയ കഥകള്‍ നിര്‍മ്മിക്കപ്പെടുന്നത് !
മര്‍ദ്ദക ഭരണങ്ങള്‍ക്കു കീഴില്‍ എങ്ങനെയാണ് ഹിന്ദുക്കള്‍ ദ്രോഹിക്കപ്പെട്ടിരുന്നത് എന്ന സത്യം വിളിച്ചു പറയുന്ന മ്യൂസിയങ്ങള്‍ ഇന്‍ഡ്യയിലും ലോകമെങ്ങും ഉയര്‍ന്നു വരുന്നത് കാണാന്‍ ഞാന്‍ കാത്തിരിക്കുന്നു. എപ്രകാരം ക്ഷേത്രങ്ങള്‍ നശിപ്പിക്കപ്പെട്ടു, വിഗ്രഹങ്ങള്‍ തകര്‍ക്കപ്പെട്ടു, ആരാധനാലയങ്ങള്‍ അശുദ്ധീകരിക്കപ്പെട്ടു എന്നതെല്ലാം പുറത്തു വരണം. ജീവിക്കാന്‍ ഹിന്ദുക്കള്‍ ജസിയാ നികുതി കൊടുക്കേണ്ടി വന്ന ചരിത്രം ലോകമറിയണം. ആയിരക്കണക്കിന് വര്‍ഷങ്ങളായി തങ്ങളുടെ പൂര്‍വ്വികര്‍ ജീവിച്ചിരുന്ന മണ്ണില്‍ നിന്ന് 1947 ല്‍ ഹിന്ദുക്കള്‍ ആട്ടിയോടിക്കപ്പെട്ടതും കൂട്ടക്കൊല ചെയ്യപ്പെട്ടതും അവയിലൂടെ ലോകം അറിയണം. ഹിന്ദു വിരോധം എന്ന പ്രതിഭാസം അതിന്‍റെ ചരിത്രത്തോടും പ്രവര്‍ത്തന രീതികളോടും ഒപ്പം ഒരു അക്കാദമിക പഠന വിഷയമാകുന്ന കാലത്തിനായി ഞാന്‍ കാത്തിരിക്കും.
ഹിന്ദുക്കളെ സംബന്ധിച്ച് സോഷ്യല്‍ മീഡിയ ആദ്യ ചുവടു വയ്പ്പ് മാത്രമാണ്. അതിലൂടെ പോരാട്ടത്തില്‍ ഒരു ചെറിയ വിജയം നമ്മള്‍ കൈവരിച്ചു എന്നു പറയാം. എന്നാല്‍ പൂര്‍ണ്ണ യുദ്ധം പല രൂപത്തില്‍ നമുക്കെതിരെ നടന്നു കൊണ്ടിരിക്കുക തന്നെയാണ്. നമുക്കെതിരെ നടന്ന അധിനിവേശങ്ങളുടെ ചരിത്രം ലോകത്തെ ബോദ്ധ്യപ്പെടുത്തി കൊണ്ട് ഈ ആക്രമണത്തെ പരാജയപ്പെടുത്താന്‍ നമുക്ക് കഴിയണം.