ത്രിപുരയിൽ നിന്ന് കേരളത്തിലേക്ക് 2207 കിലോമീറ്ററാണ് ദൂരം. പക്ഷെ നിലവിലെ രാഷ്ട്രീയ അന്തരീക്ഷത്തിൽ ബിജെപിക്ക് അതൊരു ദൂരമേയല്ല എന്ന തോന്നലുണ്ടാകുന്നത് സ്വാഭാവികം. ഒരു അധിക വായന നടത്തുകയാണോ എന്ന് ഒരു പക്ഷെ തോന്നിയേക്കാം, ആ തോന്നലാണ് ചുവപ്പ് കോട്ട എന്ന് തന്നെ വിശേഷിപ്പിച്ചിരുന്ന ത്രിപുര ഇന്ന് കാവിയണിഞ്ഞു നിൽക്കാനുള്ള ഒരു പ്രധാന കാരണവും.
ബിജെപി ഇന്ത്യയിലെ ഏതൊരു സ്ഥലത്തും വെന്നിക്കൊടി പാറിച്ചപ്പോഴും ഇത്രയധികം ചർച്ച നടന്നിട്ടില്ല എന്നത് തന്നെ വിസ്തീർണ്ണത്തിൽ ഏറ്റവും ചുരുങ്ങിയ സംസ്ഥാനങ്ങളിലൊന്നായ ത്രിപുരയുടെ ഇലക്ഷൻ റിസൾട്ടിനുള്ള പ്രാധാന്യം കൊണ്ട് തന്നെയാണ് . അതൊരിക്കലും അവിടെ നിന്ന് എത്ര എംപിമാർ രാജ്യസഭയിൽ എത്തുമെന്നുള്ള കാരണം കൊണ്ടല്ല , മറിച്ച് ഒരു വടക്കു കിഴക്കൻ ഇന്ത്യൻ സംസ്ഥാനം ആണെങ്കിൽ കൂടി ത്രിപുരയും തെക്കൻ ഇന്ത്യൻ സംസ്ഥാനങ്ങളും കൊണ്ടുള്ള ഒരു സാമ്യം കൊണ്ടാണ് .
ഇന്ത്യയിൽ ഓരോരോ സ്ഥലത്തും ബിജെപി ജയിക്കുമ്പോൾ അന്ന് വരെ അവിടെ ജയിച്ചിരുന്നു എന്ന കാര്യം മറന്നു കൊണ്ട് അവിടുത്തെ ജനങ്ങൾക്ക് സാക്ഷരത ഇല്ലാത്തത് കൊണ്ടാണ് ബിജെപി അവിടെ ജയിച്ചത് , വർഗീയ വാദം കൊണ്ടാണ് അവിടെ ജയിച്ചത് , ഒന്നും നടന്നില്ലെങ്കിൽ വോട്ടിങ്ങ് മെഷീനിൽ കൃത്രിമം കാണിച്ചിട്ടാണ് ജയിച്ചത് എന്നൊക്കെയുള്ള മുട്ടാപ്പോക്ക് ന്യായങ്ങൾ ഉയർത്തിയിരുന്നവരാണ് എതിർ പാർട്ടിക്കാർ. എന്നാൽ ത്രിപുരയിൽ ഇതൊന്നും പറയാനുള്ള അവസരം അവർക്ക് കിട്ടിയില്ല എന്നത് തന്നെയാണ് ഈ ജയത്തിന് ഇത്ര മേൽ പ്രാധാന്യം കൊടുക്കുന്നത്.
So nice to witness Commies crashing down everywhere. One down in Tripura and one to go: in Kerala.
— Subramanian Swamy (@Swamy39) March 3, 2018
കാൽ നൂറ്റാണ്ടായി ഭരിച്ചിരുന്ന സ്ഥലം; എല്ലാ ഗവൺമെന്റ് മെഷീനറികളും കൈയിലുള്ളത് കൊണ്ട് തന്നെ വോട്ടിങ്ങ് മെഷീൻ തിരിമറി പേരിന് പോലും ആരോപിക്കാൻ കഴിയാത്ത ഒരു സ്ഥിതി. ബിജെപിക്ക് ഇതിനു മുൻപ് അക്കൊണ്ട് തുറക്കാൻ പോയിട്ട് ഒരു അഞ്ചു ശതമാനം വോട്ട് ഷെയർ പോലും നേടാൻ കഴിഞ്ഞിരുന്നില്ല എന്നതും കോൺഗ്രസ് പേരിന് പ്രതിപക്ഷം എന്നതിൽ കവിഞ്ഞ് ഒന്നുമല്ലാഞ്ഞതും എല്ലാം കമ്യൂണിസ്റ്റ് പാർട്ടിക്ക് ഇലക്ഷൻ കഴിഞ്ഞ് ആരോപിക്കാൻ ഉള്ള വഹകളുടെ എണ്ണം കുറച്ചു. സാക്ഷരത കേരളത്തിനൊപ്പമോ അതിന് മേലെയോ ഉള്ള സംസ്ഥാനം. അത് കൊണ്ട് വിവരമില്ലാത്തത് കൊണ്ടാണ് ബിജെപിക്ക് വോട്ട് ചെയ്തത് എന്ന് ജനാധിപത്യത്തെയും വോട്ടർമാരെയും അപമാനിക്കുന്ന സാധാരണ ഡയലോഗ് പറയാൻ പറ്റാതെ ആയിപ്പോയി.
5 വർഷം മുൻപ് വെറും ഒരു ശതമാനത്തിനടുത്ത് മാത്രം ഉണ്ടായിരുന്ന വോട്ട് ഷെയറിൽ നിന്ന് 50 ശതമാനത്തിന് അടുത്ത് വോട്ട് ഷെയർ എത്തിക്കാൻ ത്രിപുരയിലെ ബിജെപിക്ക് ആയെങ്കിൽ 2011 ലെ അഞ്ചു ശതമാനത്തിനടുത്ത് നിന്ന് 16 ശതമാനത്തിലേക്ക് 2016 ൽ എത്തിക്കാൻ കേരളത്തിലെ ബിജെപി ക്ക് കഴിഞ്ഞു എങ്കിൽ ബിജെപിയുടെ മറ്റൊരു ത്രിപുര ആകാൻ കേരളത്തിന് അധിക വർഷങ്ങൾ കാത്തിരിക്കേണ്ടി വരില്ല .
ഇത്രയും അധികം കമ്യൂണിസ്റ്റ് പ്രവർത്തകരും കോൺഗ്രസ്സുകാരും ഉള്ള സ്ഥലത്ത് ബിജെപി വരുമോ എന്ന ചിന്ത ഉണ്ടാകുമ്പോഴാണ് ത്രിപുരയിലെ വിജയം എത്ര മാത്രം അവിശ്വസനീയത നിറഞ്ഞതായിരുന്നു എന്ന് തിരിച്ചറിയുക.
നല്ല നേതാക്കന്മാരും മുന്നോട്ട് വെക്കുന്നത് അഴിമതിയില്ലാത്ത, വികസനത്തിൻറെ ഭാവിയുമാണ് എങ്കിൽ , നിലവിലെ കൊലപാതക രാഷ്ട്രീയ അഹങ്കാരത്തിൽ നിന്നും, പൂച്ചക്കുട്ടിയുടെയും വദനസുരതത്തിന്റെയും കഥകളിൽ നിന്ന് പുതിയ ഒരു രാഷ്ട്രീയം മുന്നോട്ട് വെക്കാൻ കഴിവുള്ള നേതാക്കൾ ഉണ്ടെന്ന് ജനങ്ങൾക്ക് തോന്നിയാൽ, ഒരു പക്ഷെ ഒന്ന് രണ്ട് വർഷം മുൻപ് വരെ തികച്ചും ദിവാ സ്വപ്നം എന്ന് കേരളത്തിലെ ബിജെപിക്കാർ പോലും വിചാരിച്ചിരുന്ന, കേരളത്തിൽ ഒരു ബിജെപി സർക്കാർ സംഭവിക്കാനുള്ള സാധ്യതയാണുള്ളത്.
പറയുന്നത് ഒരിക്കലും സംഭവിക്കാത്ത കാര്യം എന്ന് ഏതായാലും കമ്യൂണിസ്റ്റുകാർ പുച്ഛിച്ചു തള്ളില്ല, കാരണം ത്രിപുര കോട്ടയോടൊപ്പം തകർന്ന് വീണത് അവർക്ക് അവരുടെ കമ്യൂണിസ്റ്റ് പാളയത്തിൽ വേറെയാർക്കും കൊടി പാറിക്കാൻ കഴിയില്ല എന്ന മൂഢ വിശ്വാസവും കൂടിയാണ്. കോൺഗ്രസ്സ് ഇപ്പോൾ കോൺഗ്രസ് മുക്ത് ഭാരത് എന്ന നരേന്ദ്ര മോദിയുടെ മുദ്രാവാക്യം പ്രാവർത്തികമാക്കാൻ കഷ്ടപ്പെടുന്ന തിരക്കിലുമാണ് .
ഏതായാലും കേരളത്തിൽ കമ്യൂണിസ്റ്റുകാർ വംശനാശം വന്ന് പോകാതെയിരിക്കാൻ നമുക്കും പ്രാർത്ഥിക്കാം. പിന്നെ അത് മതി വംശനാശത്തിന്റെ പേരിൽ ബക്കറ്റ് പിരിവുമായി ഇറങ്ങാൻ !!