നീതി നിര്‍വഹണ സംവിധാനം ഉടച്ചു വാര്‍ക്കാന്‍ സമയമായി !

ഇന്ത്യയുടെ നീതിന്യായ ചരിത്രത്തില്‍ ഇതുവരെ കാണാത്തതും അസാധാരണവുമായ നടപടിയെന്ന് ഏവരും വിശേഷിപ്പിച്ചതാണ് സുപ്രീം കോടതിയിലെ നാലു മുതിര്‍ന്ന ജഡ്ജിമാരുടെ വാര്‍ത്താ സമ്മേളനം. ഇന്ത്യയുടെ ചീഫ്‌ ജസ്റ്റീസിനെതിരെയും സുപ്രീം കോടതിയുടെ പ്രവര്‍ത്തനത്തെയും കുറിച്ചുള്ള പരാതികളാണ് പൊതു ജനസമക്ഷം ഇവര്‍ ആരോപിച്ചത്.

ചീഫ് ജസ്റ്റീസിനെ നിയമിക്കുന്നതിലോ ജഡ്ജിമാരേ തിരഞ്ഞെടുക്കുന്നതിലോ കേസുകള്‍ ഏതെല്ലാം ബെഞ്ചുകളില്‍ പരിഗണനയ്ക്ക് വിടണമെന്നതിലോ ഒരു പങ്കുമില്ലാത്ത ജനങ്ങളുടെ മുന്നിലേക്ക് ഇതിന്റെയെല്ലാം തീരുമാനമെടുക്കാന്‍ അധികാരമുള്ള അ്ഞ്ചു പേരില്‍ ചീഫ് ജസ്റ്റീസ് ഒഴികെയുള്ള നാലു പേരാണ് വാര്‍ത്താ സമ്മേളനത്തിലൂടെ  രാജ്യത്തെ അമ്പരപ്പിച്ചത്. അഞ്ചാമനായ ചീഫ് ജസ്റ്റീസിനെതിരെയായിരന്നു ഈ പരസ്യ ആരോപണം.

ഇവര്‍ നാലു പേരും മാധ്യമങ്ങളുടെ ഇടനിലവഴി അവതരിപ്പിച്ചത് നിലവിലെ ജുഡിഷ്യല്‍ സംവിധാനത്തിലെ പാകപ്പിഴകളുടെ ഒരു പരിച്ഛേദം തന്നെയാണ്.

Image result for supreme court judges
സുപ്രീം കോടതി ജസ്റ്റിസുമാരായ കുര്യൻ ജോസഫ്, ജെ. ചെലമേശ്വർ, രഞ്ജൻ ഗോഗോയ്, മദൻ ലോകുർ എന്നിവർ ന്യൂഡൽഹിയിൽ മാധ്യമപ്രവർത്തകർക്കു നടുവിൽ നടത്തിയ വാർത്താസമ്മേളനം.

ജനാധിപത്യത്തിന്റെ സൗന്ദര്യമായ സുതാര്യത ഒരു ശതമാനം പോലുമില്ലാത്ത കോളീജിയം എന്ന സംവിധാനത്തിലൂടെ ജഡ്ജിമാരെ നിയമിക്കുകയും സഥലം മാറ്റുകയും ഒക്കെ ചെയ്യുന്ന അഞ്ചു പേരടങ്ങുന്ന സമിതിയുടെ പ്രവര്‍ത്തനത്തില്‍ ഇത്രയും കുറഞ്ഞ അംഗങ്ങള്‍ ഉണ്ടായിട്ടു പോലും അഭിപ്രായ സമന്വയം എളുപ്പമായിട്ടില്ല.

വാര്‍ത്താ സമ്മേളനത്തിന് നേതൃത്വം നല്‍കി സംസാരിച്ച ജസ്റ്റീസ് ജെ ചലമേശ്വര്‍ സുപ്രീം കോടതിയുടെ നടത്തിപ്പില്‍ വലിയ പാകപ്പിഴവുകൾ ഉണ്ടെന്ന് ആരോപിച്ചു. ചീഫ്  ജസ്റ്റീസ്
ചില സുപ്രധാന കേസുകള്‍ തങ്ങളുടെ ബെഞ്ചിലേക്ക് നല്‍കാതെ ജൂനിയര്‍മാരായ ജഡിജിമാരടങ്ങിയ ബെഞ്ചുകളിലേക്ക് വിടുന്നുവെന്നും പരാതി ഉന്നയിച്ചു. രണ്ട് മാസം മുമ്പ് നല്‍കിയ കത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ ഒരു തീരുമാനവും എടുത്തില്ല, സിബിഐ കോടതി ജഡ്ജിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് തങ്ങള്‍ക്കു തരാതെ ജൂനിയര്‍ ജഡ്ജിമാരടങ്ങിയ ബെഞ്ചിലേക്ക് നല്‍കി, തുടങ്ങിയ കാര്യങ്ങളാണ് പരാമര്‍ശിച്ചിരുന്നത്.

തലസ്ഥാന നഗരിയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരെല്ലാം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. മാസങ്ങളായി പുകഞ്ഞു നിന്ന അഗ്നി പര്‍വതമാണ് അന്ന് പൊട്ടിത്തെറിച്ചെതന്ന തരത്തിലുള്ള വിശദീകരണങ്ങള്‍ ഉണ്ടായി. നാലു പേരും ധീരരും വീരരുമാണെന്ന് മറ്റു ചിലര്‍ പറഞ്ഞു.

നിരവധി പേര്‍ ഇതിനെ മറ്റൊരു അര്‍ത്ഥതലത്തിലാണ് വീക്ഷിച്ചത്. സുപ്രീം കോടതിയിലെ 25 ജഡ്ജിമാരില്‍ നാലു പേര്‍ക്ക് ജനാധിപത്യവും ഭരണഘടനയും ഗുരുതരമായ അപകടത്തിലാണെന്ന് തരിച്ചറിയാന്‍ കഴിഞ്ഞെങ്കിലും ബഹുഭൂരി പക്ഷം വരുന്നവര്‍ക്ക് (ഏകദേശം 20 ജഡ്ജിമാര്‍ക്ക് ) ഇത് ബോധ്യം വന്നിട്ടില്ലായിരുന്നുവെന്ന് പാരിഹാസ്യത്തോടെ പറഞ്ഞു.

ചില കേസുകള്‍ തങ്ങളുടെ ബെഞ്ചിന്റെ പരിഗണനയ്ക്ക് തന്നെ വരണമെന്ന നിര്‍ബന്ധം ഈ നാലു ജഡ്ജിമാര്‍ക്ക് ഉണ്ടായിരുന്നുവെന്ന സംശയവും ചിലര്‍ ചൂണ്ടിക്കാട്ടി.

ഭരണഘടന അനുസരിച്ചും, സിആര്‍പിസിയും ഐപിസിയും എല്ലാം അടിസ്ഥാനമാക്കിയും പ്രവര്‍ത്തിക്കുന്ന പമോന്നത നീതി പീഠത്തിലെ ന്യായാധിപന്‍മാര്‍  ഒരേ നിയമവും ഒരേ വസ്തുതകളും അടിസ്ഥാനമാക്കി വിധി പറയുമ്പോള്‍ വ്യത്യസ്ത കണ്ടെത്തുലുകള്‍ നടത്തി പരസ്പര വിരുദ്ധമായ വിധിപ്രസ്താവം നടത്തിയതിന് നിരവധി ദൃഷ്ടാന്തങ്ങള്‍ ഉണ്ട്. നിയമത്തിനും വസ്തുകള്‍ക്കുമപ്പുറം ജഡ്ജിമാരുടെ വിധിപറച്ചിലെന്ന നടപടി ക്രമം മാത്രമായി വിധികള്‍ പലതും മാറുന്നതായും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

നിയമം നിയമത്തിന്റെ വഴിക്കാണ് പോകുന്നതെങ്കില്‍ ഏതൊക്കെ ജഡ്ജിമാരടങ്ങിയ ഏതു ബെഞ്ചിന്റെ പരിഗണനയക്ക് എത്തിയാലും നീതിനടപ്പിലാക്കുക തന്നെ ചെയ്യില്ലേ ? കേസുകള്‍ ബെഞ്ചുകള്‍ക്ക് പരിഗണനയ്ക്കായി നല്‍കുന്നതിന്റെ നിയന്ത്രണവും അധികാരവും ചീഫ് ജസ്റ്റീസില്‍ നിക്ഷിപ്തമാണ്. ഇതില്‍ പരാതി പറയുക എന്നതിന് locus standi ഇല്ലെന്ന് വാര്‍ത്താ സമ്മേളനം നടത്തിയ മുതിര്‍ന്നവരും പരിണിത പ്രജ്ഞരുമായ ന്യായധിപന്‍മാര്‍ക്കും അറിയാം.

കോളീജിയത്തിലെ അഭിപ്രായ ഭിന്നതകള്‍ക്ക് 1993 ല്‍ ഈ സംവിധാനം ആരംഭിച്ചതിനോളം പ്രായമുണ്ട്. ജസ്റ്റീസ് ചലമേശ്വര്‍ കഴിഞ്ഞ ഒന്നര വർഷമായി കോളിജയിത്തിന്റെ യോഗങ്ങളില്‍ പങ്കെടുക്കാറില്ല. എന്നാല്‍, ഫയലുകളും മറ്റു അദ്ദേഹത്തിന് മുന്നില്‍ എത്തിക്കുക പതിവാണ്. മീറ്റിംഗുകളിലെ തീരുമാനം ചലമേശ്വറിനെ അറിയിക്കുകയും അദ്ദേഹം അതില്‍ ഒപ്പു വെയ്ക്കുകയും ചിലപ്പോഴെല്ലാം വിയോദനകുറിപ്പ് എഴുതുകയോ ചെയ്യും.

കൊളീജിയം സിസ്റ്റം. കടപ്പാട് : ദി ഹിന്ദു

കോളീജിയം പരാജയമാണെന്നും സുതാര്യത ഇല്ലെന്നും വാദിക്കുന്നയാളാണ് ചലമേശ്വര്‍. 2015 ല്‍ ജുഡീഷ്യല്‍ നിയമന കമ്മീഷനെ 99 ആം ഭരണ ഘടനാ ഭേദഗതിയോടെ ഏക കണ്‌ഠേന ലോക്‌സഭാ പാസാക്കിയെങ്കിലും സുപ്രീം കോടതി ഈ നിയമം ഏകപക്ഷീയമായി റദ്ദു ചെയ്തു. വീണ്ടും കോളീജിയം സവിധാനം കൊണ്ടുവരികയായിരുന്നു.

വാര്‍ത്താ സമ്മേളനത്തില്‍ ജഡ്ജിമാര്‍ ഉന്നയിച്ച പ്രധാന പ്രശ്‌നങ്ങളിലൊന്നായ കേസുകള്‍ വീതിക്കുന്നിലെ ചീഫ് ജസ്റ്റീസിന്റെ മേല്‍കോയ്മ വിഷയത്തില്‍ ജനങ്ങള്‍ക്ക് എന്തെങ്കിലും പരിഹാരം നല്‍കാന്‍ കഴിയുമായിരുന്നോ ? മൂന്നാം കക്ഷിക്ക് ഇടപെടാന്‍ കഴിയാത്ത വിധമുള്ള കോളീജിയം സംവിധാനത്തില്‍ വിയോജിപ്പുണ്ടായിട്ടും ജൂഡീഷ്യല്‍ നിയമന കമ്മീഷനെ ഉപേക്ഷിച്ചവര്‍ക്ക് പരാതിയുമായി സര്‍ക്കാരിനു മുന്നിലോ, രാഷട്രപതിയുടെ മുന്നിലോ പോകാന്‍ കഴിയുമായിരുന്നില്ല. ഇവര്‍ തന്നെ സൃഷ്ടിച്ചെടുത്ത ഒരു സംവിധാനത്തിന്റെ ഭാഗമായാണ് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര ഈ പദവിയില്‍ എത്തിയത്.

ആരോടും പരാതി പറയാനാവില്ലെന്ന തിരിച്ചറിവോടെയാണ് നിയമ സംവിധാനത്തെയാകെ പൊതുജനസമക്ഷം, അവമതിപ്പും അവിശ്വാസവും ഉണ്ടാക്കും വിധം ഇവര്‍ ചിത്രീകരിച്ചത്.

നാലു ജഡ്ജിമാരുടെ വാര്‍ത്താ സമ്മേളനം കഴിഞ്ഞ ഉടനെ കമ്യൂണിസ്റ്റ് നേതാവും രാജ്യസഭയിലെ അംഗവുമായ ഡാനിയല്‍ രാജ ചലമേശ്വറുമായി അദ്ദേഹത്തിന്റെ വസതിയിെലെത്തി ചര്‍ച്ച നടത്തിയത്. ഈ സവിശേഷ സംഭവത്തിന് പിന്നില്‍ രാഷ്ട്രീയ മേലാളന്‍മാരുടെ കരുത്തുറ്റ പിന്തുണയും ആശീര്‍വാദവുമുണ്ടെന്നതിന് തെളിവായി ചിലര്‍ ആരോപിക്കുന്നു

ബാര്‍കൗണ്‍സിലും ചീഫ് ജസ്റ്റീസുമാരായിരുന്നവര്‍ ഉള്‍പ്പടെയുള്ള മറ്റ് മുന്‍ ജഡ്ജിമാരും ഇവരുടെ നടപടികള്‍ക്കെതിരെ  അപലപിച്ച് രംഗത്തു വന്നു. രാഷ്ട്രീയക്കാര്‍ ഇതില്‍ ഇടപെടരുതെന്ന ശക്തമായ താക്കീതാണ് ബാര്‍ കൗണ്‍സില്‍ നല്‍കിയത്. ഇതിനിടെ, കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടില്ലന്ന് പ്രഖ്യാപിച്ച് അകലം പാലിച്ചു. ഏറ്റവും പക്വമായ നടപടിയെന്ന് സുപ്രീം കോടതി മുന്‍ ജഡ്ജി കെ ടി തോമസുള്‍പ്പടെയുള്ളവര്‍ പ്രകീത്തിച്ചു.

പക്ഷേ, ഗാലറിയില്‍ ഇരുന്ന് കളി കാണുന്നയാളല്ല പ്രധാനമന്ത്രി മോഡി. അനിവാര്യമായ ജൂഡിഷ്യല്‍ പരിഷ്‌കാരം നടപ്പിലാക്കുകയെന്ന ലക്ഷ്യം അദ്ദേഹം ഇതുവരെ ആരംഭിച്ചിട്ടില്ല. ഇനി ഇതിനുള്ള സമയമാണെന്ന് നിസ്സംശയം പറയാം.

ബ്രിട്ടീഷ്‌കാര്‍ ഉപേക്ഷിച്ചുു പോയ കാലഹരണപ്പെട്ട നിയമങ്ങളും സംവിധാനങ്ങളും അടിമുടി ഉടച്ചു വാര്‍ക്കുകയാണ് പുതിയ ഇന്ത്യയുടെ പാതയിലേക്ക് കുതിക്കുന്ന പ്രധാന മന്ത്രിയുടെ ദൗത്യം. നീതിന്യായ വ്യവഹാര വ്യവസായമായി മാറിയ ഇക്കോ സിസ്റ്റം തകര്‍ക്കുകയും ഇതിലൂടെ അഴിമതിയില്ലാത്ത, നീതി നിര്‍വഹണം നടപ്പിലാക്കുകയുമാണ് ലക്ഷ്യം.

ഇന്ത്യൻ കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകൾ. 2013 ലെ കണക്ക്.

വിവിധ കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകളെ ഓര്‍ത്തോ, നീതി നിര്‍വഹണത്തില്‍ വരുന്ന കാലതാമസത്തില്‍ പരിതപിച്ചോ ആയിരുന്നു നാല് ജഡ്ജിമാരുടെ വാര്‍ത്താ സമ്മേളനമെങ്കില്‍ ഈ രാജ്യം മുഴുവന്‍ നിങ്ങള്‍ക്കു പിന്നില്‍ അണിനിരക്കുമായിരുന്നു. ഏതായാലും ഇതൊരവസരമായി കണ്ട് മോഡി സര്‍ക്കാര്‍ ആർജ്ജവത്തോടെ വിഷയത്തെ അവസരോചിതമായും സമര്‍ത്ഥമായും കൈകാര്യം ചെയ്യുമെന്ന് പ്രത്യാശിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here