ഈ ഭാഗത്തിൽ കമ്മൂണിസം ഒരു സിദ്ധാന്തം എന്ന നിലയിൽ പരാജയപ്പെട്ടുവോ പരിശോധിക്കാം.
പരാജയത്തിന്റെ അനേക കാരണങ്ങളിൽ ചിലത് മാത്രം ഒരു സൈദ്ധാന്തിക വീക്ഷണകോണത്തിൽ.
1. സിദ്ധാന്തം എന്നത് മുകളിൽ നിന്നും താഴേക്ക് അടിച്ചേൽപ്പിക്കുന്ന ഒരു ചിന്താധാരയാണ്. ഇങ്ങനെ അടിച്ചേല്പിക്കപ്പെട്ടതിനെല്ലാം ചില ആധാരം ആവശ്യമാണ്.
1.1 വൈകാരികമായി വിശ്വസിപ്പിക്കേണ്ടത്
– താഴ്ത്തപ്പെട്ടവർ, തൊഴിലാളികൾ
1.2 പൊതു ശത്രു
– പണമുള്ളവർ, സമൂഹത്തിൽ മേൽസ്ഥാനത്തിലുള്ളവർ, ശരിക്കും മറ്റുള്ളവരെ അടിച്ചമർത്തുന്നവർ, ഭരണകൂടങ്ങൾ.
1.3 സമൂഹ പിന്തുണ
– ‘സംഘടിച്ചു ശക്തരാകുവിൻ’ – തനിയെ ഒരു മനുഷ്യനാൽ ഒന്നും മാറ്റാൻ കഴിയില്ല.
1.4 പഠനം
– ഉയർന്ന സൈദ്ധാന്തികത മൂലം.
എല്ലാവിധ വിശദീകരണങ്ങളും ബുദ്ധിജീവികളിൽ നിന്നോ നേതാക്കളിൽ നിന്നോ മാത്രം.
ഇങ്ങനെ ആധാരമില്ലാതെ നിൽക്കാൻ സൈദ്ധാന്തികതയ്ക്ക് കഴിയാത്തത് അതൊരു വ്യക്തിപരമായ ഒരു വികാരമോ വഴിയോ അല്ല എന്നുള്ളതാണ്. ഇതാണ് ധർമ്മത്തിനും കമ്മ്യൂണിസ്റ്റ് സിദ്ധാന്തത്തിനും തമ്മിലുള്ള വ്യത്യാസം. ഒരാൾ തന്റെ ജീവിതത്തിൽ ധാർമ്മികമായ കാരണങ്ങളാൽ ചില മാറ്റങ്ങൾ വരുത്താം, ഒരു പാതയിൽ ചെല്ലാം, സ്വയം നന്നാവാം, സമൂഹത്തെയും നന്നാക്കാം. എന്നാൽ കമ്മ്യൂണിസ്റ്റ് സിദ്ധാന്തം അങ്ങനെ ഒരാൾ ചെയ്യേണ്ടതല്ലാത്തതിനാൽ ആരും ചെയ്യാൻ മുന്നോട്ട് വരില്ല. അതുകൊണ്ടു തന്നെ ഭരണകൂടം വേണ്ടിവരുന്നു.
2. കമ്മ്യൂണിസ്റ്റ് സിദ്ധാന്തം കൂടുതലും സാമ്പത്തിക ശാസ്ത്രമാണ്. വളരെ നല്ല ചില ആശയങ്ങൾ അതിലുണ്ട്. ഉദാഹരണത്തിന് ഉത്പ്പാദനം സമൂഹം സമൂഹത്തിനു വേണ്ടി ചെയ്യുന്നത്. ഈ ആശയം മാർക്സ് കരുതിയിരുന്ന അളവറ്റ വിഭവസമ്പത്ത് എന്ന ആശയത്തിന് പലരും കരുതുന്നതുപോലെ എതിരല്ല. എന്നാൽ കമ്മൂണിസം പ്രബലമായിരുന്ന കാലങ്ങളിൽ ഇത് ഇങ്ങനെ കാണാൻ കഴിഞ്ഞിരുന്നില്ല. ക്യാപിറ്റലിസത്തിന്റെ അളവുകടന്ന പരിസ്ഥിതി ചൂഷണവും ഉപഭോക്തൃസംസ്കാരവും കണ്ടതിനുശേഷം മാത്രമേ ലോക്കൽ ഉത്പ്പാദനം, ലോക്കൽ ഉപഭോക്തൃത്വം ഒരു പരിഹാരമായി നമുക്ക് കാണാൻ കഴിയുന്നുള്ളൂ. മാർക്സ് പോലും ഇങ്ങനെ കണക്ട് ചെയ്തിട്ടുണ്ടാവില്ല. എന്നിട്ടും പരാജയപ്പെടാൻ കാരണം ട്രാൻസ്ഫർ ഓഫ് മീൻസ് ഓഫ് പ്രൊഡക്ഷൻ എന്ന സ്വേച്ഛാധികാരപരമായ ആശയം അതിന്റെ കൂടെത്തന്നെ വന്നതുകൊണ്ടാണ്. ബലം കൊണ്ടല്ല, സ്വയം സമൂഹങ്ങൾ മാറണമായിരുന്നു. അങ്ങനെ മാറണമെങ്കിൽ സിദ്ധാന്തമല്ല, ധർമ്മം – വ്യക്തിയുടെ തലത്തിൽ ഒരാൾ മാറുന്നത് – ആണ് വേണ്ടത്.
3. മാർക്സിന് പറ്റിയ മറ്റൊരു അബദ്ധം ഹോമോജിനിറ്റി അല്ലെങ്കിൽ സജാതീയത്വം എന്ന ധാരണ/അനുമാനം ആണ്. നൂറ്റാണ്ടുകളായി ദാരിദ്ര്യത്തിന്റെ പിടിയിലായിരുന്ന യൂറോപ്യൻ രാജ്യങ്ങളിലെ അതേ അവസ്ഥയാണ് ലോകമെല്ലാം എന്ന ധാരണ. മാർക്സിനു മുൻപേ വന്ന പാശ്ചാത്യ ചിന്തകർക്കെല്ലാം ഉണ്ടായ അതേ അമളിയാണിത്. സമൂഹവും വ്യക്തിയും ഒരേ ദിശയിലേക്ക് നീങ്ങുമ്പോൾ രണ്ടും വികസിക്കുന്നു എന്ന ആശയം ദരിദ്രസമൂഹങ്ങളുടേതാണ്. ഈ വികസനത്തിലാണ് പുരുഷാർത്ഥങ്ങൾ നേടുന്നതും. എന്നാൽ ഭാരതം പോലെയുള്ള രാജ്യങ്ങളിൽ ഭാവിയിലല്ല വൈഭവം, ഭൂതകാലത്തിലാണ് – അതുകൊണ്ട് തന്നെ നമുക്ക് നമ്മുടെ വേരുകളും, നമ്മുടെ സംസ്കാരത്തിലും ഉള്ള ശ്രദ്ധ നമ്മളുടെ വ്യക്തിപരവും, സമൂഹപരവും രാഷ്ട്രപരവുമായ പ്രവർത്തികളെ നയിക്കുന്നു. ഇതുകൊണ്ട് പ്രോഗ്രെസ്സിവെൻസ് – എന്ന പേരിൽ കമ്മ്യൂണിസ്റ്റ് ലിബറലിസത്തെ കൂട്ടുപിടിക്കുന്നത്. പ്രോഗ്രഷൻ എന്നത് പാശ്ചാത്യ ദരിദ്ര രാഷ്ട്രങ്ങളുടെ ആശ്വാസമാണ്. ഭാരതീയർക്ക് വൈഭവത്തിലേക്ക് തിരിച്ചുപോക്കേ പറ്റൂ.
4. നടപ്പിലാക്കാൻ എളുപ്പം കഴിയാത്ത ആശയങ്ങൾ – രണ്ടു കാളയുള്ളവൻ ഒന്നുകൊടുക്കുക, അല്ലെങ്കിൽ ബലം ഉപയോഗിച്ച് ചെയ്യുക എന്നതൊക്കെ കാരണം – കമ്മ്യൂണിസ്റ്റ് സിദ്ധാന്തങ്ങളെ വിളിച്ചിരുന്ന വാക്ക് – ഉട്ടോപ്യ – വിപരീതാർത്ഥകമായി.
5. ആശയപരമായി കേമമാണെങ്കിലും ഇതെല്ലാം നടപ്പിലാക്കുന്നതിന്റെ പ്രായോഗിക വൈഷമ്യങ്ങളും കമ്മ്യൂണിസ്റ്റ് നേതാക്കളുടെ രക്തരൂക്ഷിതമായ ഭരണം, അടിച്ചേൽപ്പിക്കുന്ന അച്ചടക്കം ഇതൊക്കെ കൊണ്ട് കാലാളുകൾ ഇല്ലാതെയാവുകയും ഭരണം നഷ്ടപ്പെടുകയും ചെയ്യും. ക്രൂരശാസനം കമ്മ്യൂണിസ്റ്റ് സിദ്ധാന്തത്തിന്റെ മുഖമുദ്രയാണ്. ആത്യന്തികമായി അതിന്റെ നേതാക്കൾക്ക് അടിമകളോടുള്ള പരമമായ വെറുപ്പ് ഒരു കാരണമാണ്. ആ പാർട്ടിയെ തുണയ്ക്കുന്ന സാധാരണക്കാരന് ഇതറിയില്ല. അറിയാൻ ശ്രമിക്കുന്നവർ രാഷ്ട്രീയപരമായോ അല്ലാതെയോ തുടച്ചുനീക്കപ്പെടും.
ചില രാജ്യങ്ങളിൽ ഇപ്പോഴും കമ്മൂണിസം ഉണ്ടെങ്കിൽ അതിന് രണ്ടു കാരണങ്ങളെ ഉള്ളൂ.
1. സ്വേച്ഛാധികാരം
2. പേരിൽ കമ്മൂണിസം, പക്ഷെ പ്രായോഗികമായി ലിബറൽ ഡെമോക്രസി.
ഇത് രണ്ടും ഉള്ള രാജ്യങ്ങളും ഉണ്ട് – ചൈന പോലെ.
സൈദ്ധാന്തികമായി ഇത് പരാജയമാണെന്ന് ഇരുപതാം നൂറ്റാണ്ടുകളുടെ തുടക്കത്തിലേ ചിലർ തിരിച്ചറിഞ്ഞിരുന്നു. അത് കൊണ്ടാണ് കൾച്ചറൽ മാർക്സിസം എന്ന ആശയം വന്നത്.
അതിനെക്കുറിച്ച് അടുത്ത ഭാഗത്തിൽ.