രാജ്യത്തെ എല്ലാ പൗരന്മാരെയും ഒറ്റ നിയമത്തിന് കീഴിൽ കൊണ്ടുവരിക എന്ന തങ്ങളുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റുന്നതിലേക്കാണ് അടുത്ത നിയമ നിർമ്മണം എന്ന സൂചന നൽകി കേന്ദ്രസർക്കാർ ഏകീകൃത സിവിൽ കോഡ് കഴിഞ്ഞ ദിവസം രാജ്യസഭയിൽ അവതരിപ്പിച്ചു. രാജ്യസഭയിൽ ഇടതുപക്ഷമടക്കമുള്ള പ്രതിപക്ഷ പാർട്ടികളുടെ ശക്തമായ എതിർപ്പിനിടെ രാജസ്ഥാനിൽനിന്നുള്ള ബിജെപി അംഗം കിരോദി ലാൽ മീണയാണ് ഏകീകൃത പൗരനിയമത്തിനായി ദേശീയസമിതി രൂപീകരിക്കാൻ വ്യവസ്ഥ ചെയ്തുള്ള സ്വകാര്യബിൽ അവതരിപ്പിച്ചത്.
അതേസമയം ബിൽ വോട്ടിനിട്ടപ്പോൾ സഭയിലെ 31 കോൺഗ്രസ് അംഗങ്ങളിൽ 3 പേരൊഴികെ 28 പേരും വോട്ടെടുപ്പിൽ പങ്കെടുക്കാതെ വിട്ടുനിന്നു. കോൺഗ്രസിന്റെ ഈ നിശബ്ദ പിന്തുണ യുഡിഫ് ഘടക കക്ഷിയായ മുസ്ലിം ലീഗിനെ ചൊടിപ്പിച്ചുവെന്ന് മുസ്ലിം ലീഗ് എംപി അബ്ദുൾ വഹാബിന്റെ പ്രതികരണത്തിൽ നിന്ന് വ്യക്തമാണ്.
ഒരാൾക്ക് നാല് ഭാര്യമാരുള്ളത് പ്രകൃതി വിരുദ്ധമാണെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി കഴിഞ്ഞ ദിവസം ഒരു മാധ്യമ പരിപാടിക്കിടെ പറഞ്ഞിരുന്നു. ഏകീകൃത സിവിൽകോഡ് സംബന്ധിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രിയുടെ പരാമർശം. ഏകീകൃത സിവിൽകോഡ് ഏതെങ്കിലും ഒരു മതത്തിന് എതിരല്ലെന്നും വിദ്യാസമ്പന്നരും പുരോഗമനവാദികളും നാല് വിവാഹം കഴിക്കുന്നില്ലെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു. മുസ്ലിം പുരുഷന്മാർക്ക് ഒന്നിലധികം ഭാര്യമാരുള്ളതിനെ പാർട്ടി എതിർക്കുന്നുവെന്നുള്ള അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയുടെ പ്രതികരണത്തിന് തൊട്ടുപിന്നാലെയാണ് നാല് ഭാര്യമാരുള്ളത് പ്രകൃതി വിരുദ്ധമാണെന്ന് കേന്ദ്രമന്ത്രിയും പരസ്യമായി വിമർശിച്ചത്. ഏകീകൃത സിവിൽ കോഡിലെ ചർച്ചകൾ ഇക്കഴിഞ്ഞ ഗുജറാത്ത് ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പുകളിലും ബിജെപി ഉയർത്തിയിരുന്നു.
‘രണ്ട് സിവിൽ കോഡുകളുള്ള ഏതെങ്കിലും മുസ്ലിം രാഷ്ട്രത്തെ നിങ്ങൾക്കറിയാമോ? ഒരു പുരുഷൻ ഒരു സ്ത്രീയെ വിവാഹം കഴിച്ചാൽ അത് സ്വാഭാവികമാണ്. എന്നാൽ ഒരു പുരുഷൻ നാല് സ്ത്രീകളെ വിവാഹം ചെയ്താൽ അത് പ്രകൃതിവിരുദ്ധമാണ്. വിദ്യാസമ്പന്നരും പുരോഗമനവാദികളുമൊന്നും നാല് വിവാഹം കഴിക്കുന്നില്ല. ഏകീകൃത സിവിൽകോഡ് ഏതെങ്കിലും ഒരു മതത്തിന് എതിരല്ല. അത് രാജ്യത്തിന്റെ വികസനത്തിന് വേണ്ടിയുള്ളതാണ്’ – ഗഡ്കരി പറഞ്ഞു. ഏകീകൃത സിവിൽ കോഡിനെ രാഷ്ട്രീയമായി നോക്കിക്കാണരുതെന്നും ഈ നിയമം രാജ്യത്തെ പാവപ്പെട്ടവർക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
ഏക സിവിൽകോഡ് ബിൽ ബിജെപി അംഗം രാജ്യസഭയിലവതരിപ്പിച്ചപ്പോൾ എതിർക്കാൻ നിൽക്കാതെ സംഘടിതമായി വിട്ടുനിന്നത് കോൺഗ്രസിന്റെ രാഷ്ട്രീയ തീരുമാനമാണ്. ബില്ലവതരണ ഘട്ടത്തിൽ സഭയിൽ കോൺഗ്രസ് അംഗങ്ങൾ ആരുമുണ്ടായില്ല. എഐസിസി പ്രസിഡന്റ് കൂടിയായ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ തുടങ്ങി മുതിർന്ന നേതാക്കളാരും ബില്ലിനെ എതിർക്കാൻ എത്തിയില്ല. വെള്ളിയാഴ്ച ഉച്ചവരെ മുതിർന്ന നേതാക്കളടക്കം സഭയിൽ സജീവമായിരുന്നിട്ടും ബിൽ അവതരിപ്പിക്കുമ്പോൾ കൂട്ടത്തോടെ വിട്ടുനിൽക്കുകയായിരുന്നു.
ബില്ലുകളുടെ പട്ടികയിൽ ഒന്നാമതായതുവഴി, ബില്ലിനെ മോദി സർക്കാർ എത്ര പ്രാധാന്യത്തോടെയാണ് പരിഗണിക്കുന്നതെന്നും വ്യക്തമാകുന്നു. ബില്ലവതരണ വേളയിലാകട്ടെ ബിജെപി അംഗങ്ങളെല്ലാം കൃത്യമായി ഹാജരാകുകയും ചെയ്തു. ബില്ലവതരണത്തെ ഇടതുപക്ഷവും മറ്റും എതിർത്തപ്പോൾ സഭാനേതാവ് കൂടിയായ കേന്ദ്ര മന്ത്രി പീയുഷ് ഗോയലാണ് സർക്കാരിനായി പ്രതിരോധിക്കാൻ രംഗത്തുവന്നത്. സംഘപരിവാറിന്റെ പ്രധാന അജൻഡകളിലൊന്നായ ഏകീകൃത സിവിൽ കോഡ് സ്വകാര്യബില്ലായി രാജ്യസഭയിൽ എത്തിയപ്പോൾ രാഷ്ട്രീയമായ എതിർപ്പുയർത്തിയത് ഇടതുപക്ഷ പാർട്ടികളും മുസ്ലിംലീഗും എൻസിപിയും എസ്‌പിയുമടക്കം ചുരുക്കം പാർട്ടികൾമാത്രം.
ശരി അത്ത് പോലുള്ള മതാധിഷ്ഠിത വ്യക്തി നിയമങ്ങൾക്ക് പകരം രാജ്യത്താകെ എല്ലാ മതവിഭാഗങ്ങൾക്കും ബാധകമായ ഏകീകൃത നിയമസംഹിത നടപ്പാക്കാനുള്ള ബി. ജെ. പിയുടെ ദീർഘകാല ശ്രമത്തിന്റെ ഭാഗമായാണ് സ്വകാര്യ ബിൽ അവതരിപ്പിച്ചത്. മുൻപ് നിരവധി സെഷനുകളിൽ സ്വകാര്യ ബിൽ അവതരണം പ്രതിപക്ഷം തടഞ്ഞിരുന്നു. ആ ബിൽ മനഃപൂർവ്വമാണ് ബിജെപി വീണ്ടും കൊണ്ടുവരുന്നതെന്ന് മുസ്‌ളീം ലീഗ് എംപി അബ്ദുൾ വഹാബ് പറഞ്ഞു.
അതേസമയം ഏകീകൃത സിവിൽ കോഡ് ഏറ്റവും ഗുണം ചെയ്യുക മുസ്ലിം സമുദായത്തിനായിരിക്കുമെന്ന് നിരീക്ഷകർ അഭിപ്രായപ്പെട്ടു. വിശിഷ്യാ മുസ്ലിം സമുദായത്തിലെ സ്ത്രീകൾക്ക് സ്വത്തിൽ തുല്യാവകാശം ഉറപ്പു വരുത്താനും, വിവാഹ മോചിതരായാൽ അവർക്കു അർഹമായ ജീവനാംശം ലഭിക്കാനും ഏകീകൃത സിവിൽ കോഡ് സഹായകമാകും. അതോടൊപ്പം ഭർത്താവിന്റെ മരണ ശേഷം സമ്പത്തിൽ തുല്യമായ വിഹിതവും അവർക്കു ഉറപ്പിക്കാം. ശരിയാ നിയമത്തിൽ അധിഷ്ഠിതമായ നിലവിലെ മുസ്ലിം വ്യക്തി നിയമം സ്ത്രീകളുടെ പല അവകാശങ്ങളെയും ഹനിക്കുന്നതാണ്.