‘പീഡോ’ സഹവാസത്തിന് ബൽറാം കല്ലെറിയപ്പെടുമ്പോൾ..

3

സ്വാതന്ത്ര്യമെന്ന വ്യാജേനെ ദുഃസ്വാതന്ത്ര്യം ഒരു സമരമുറയായി വികസിപ്പെച്ചെടുത്തവരാണ് നമ്മുടെ നാട്ടിലെ ഒരു കൂട്ടം ആൾക്കാർ. ശരിയാ നിയമങ്ങളിൽ വിശ്വസിക്കുന്ന സുടാപ്പികൾ പോലും ‘തിന്നാനും പറയാനുമുള്ള സ്വാതന്ത്ര്യം’ എന്ന് പോസ്റ്റർ അടിച്ച് സ്വാതന്ത്ര്യ സമര സേനാനികളാവുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്. ഇന്ത്യയെ വെട്ടി മുറിക്കാനും, തീയേറ്ററിൽ ദേശീയ ഗാനം പാടുമ്പോൾ സെക്സ് ചെയ്യാനും, ഹിന്ദു ദൈവങ്ങളെ അപമാനിച്ച് ചിത്രം വരക്കാനുമൊക്കെയുള്ള സ്വാതന്ത്ര്യത്തിനായി മുറവിളി കൂട്ടുന്നവരെ രായ്ക്ക് രാമാനം ‘ഫാസിസ്റ്റ് വിരുദ്ധ’ പോരാളികളായി വാഴ്ത്തപ്പെടുന്ന കാലം! കുറച്ചുനാൾ മുമ്പ് വരെ അവരുടെ ഇടയിലെ മിന്നും താരമായിരുന്നു വിടി ബൽറാം. എകെജി-പീഡോഫീലിയ പോസ്റ്റിന് ശേഷം ബൽറാം കമ്മികളുടെ നോട്ടപ്പുള്ളിയായതിനെ കുറിച്ച് ഇതിനുമുമ്പ് ഞാൻ തന്നെ ഇവിടെ എഴുതിയിട്ടുണ്ട്. അതിന്റെ തുടർച്ച എന്നവിധമാണ് കഴിഞ്ഞ ദിവസം ഉണ്ടായ പീഡോഫീലിയ ലൈക്ക് വിവാദവും.

പീഡോഫീലിയ (കുട്ടികളോട് ലൈംഗിക വികാരം തോന്നുന്ന മാനസികാവസ്ഥ) അനുകൂലിക്കുന്ന കുറെ വ്യക്തികൾ മലയാള ഫേസ്‌ബുക്ക് ലോകത്തുണ്ടെന്നത് ഇതിന് മുമ്പും വാർത്തകളിൽ ഇടം പിടിച്ചതാണ്. മഞ്ച് കാട്ടി പിഞ്ചു കുഞ്ഞുങ്ങളെ വശീകരിച്ച് സെക്സ് നടത്തണം എന്ന് ഫേസ്‌ബുക്കിൽ അഭിപ്രായപ്പെട്ട മുഹമ്മദ് ഫർഹാദിന്റെ പോസ്റ്റ് ഏറെ വിവാദങ്ങൾക്ക് വഴി വച്ചിരുന്നു. പോലീസ് കേസും മറ്റും ഉണ്ടായതിന് ശേഷം ഇക്കൂട്ടർ പരസ്യമായി രംഗത്ത് വരുന്നത് കുറഞ്ഞെങ്കിലും ഇവരുടെ മനോവൈകല്യം പഴയ അവസ്ഥയിൽ നിന്ന് ഒട്ടും കുറയാതെ തന്നെ ഓൺലൈൻ ഇടങ്ങളിൽ ഇപ്പോഴും പ്രകടമാണ്. ഫർഹാദ് ഗ്യാങ്ങിൽ പെട്ട ജാഫർ എന്നൊരാൾ ‘അമേരിക്കൻ ബ്യൂട്ടി’ എന്ന സിനിമയെക്കുറിച്ച് ഇട്ട പോസ്റ്റാണ് ഇപ്പോൾ ബൽറാമിനെ കുടുക്കിയിരിക്കുന്നത്.

ചെറുകുട്ടികളുമായി ലൈംഗിക ബന്ധം പുലർത്തുന്നതിനെ പ്രകീർത്തിച്ചിട്ട പോസ്റ്റ് വിടി ബൽറാം ലൈക്കിയതിന്റെ സ്‌ക്രീൻ ഷോട്ടുകൾ ആദ്യം പ്രത്യക്ഷപ്പെട്ടത് ഫേസ്‌ബുക്കിലെ പ്രമുഖ കമ്യൂണിസ്റ്റ് അനുകൂല യുക്തിവാദ പേജുകളിലും പ്രൊഫൈലുകളിലും ആയിരുന്നു. താമസിയാതെ തന്നെ ദേശാഭിമാനി പത്രത്തിൽ ബൽറാം അടിച്ച ലൈക്ക് വാർത്തയായി വന്നു. ‘ബാല ലൈംഗിക പീഡനത്തെ ന്യായീകരിക്കുന്ന ബൽറാം’ എന്നായിരുന്നു തലക്കെട്ട്!

ഫേസ്‌ബുക്ക് ലൈക്കുകൾ പോലും മോണിറ്റർ ചെയ്ത് വിമർശിക്കുന്നവർ ഇന്നലെ വരെ വ്യക്തി സ്വാതന്ത്ര്യത്തിന്റെ മൊത്തക്കച്ചവടക്കാരായിരുന്നു എന്നതാണ് ഇതിലെ വിരോധാഭാസം! സിപിഎം വാർത്ത ഏറ്റെടുത്തതോടെ പാർട്ടിയോട് കൂറ് കാണിക്കാൻ വെമ്പി നിൽക്കുന്ന പ്രമുഖരുടേതായി അടുത്ത ഊഴം. ട്രാൻസ്‌ജെൻഡർ ശീതൾ മുതൽ എൻ.എസ് മാധവൻ വരെ വി.ടി ബൽറാമിനെ പുലഭ്യം പറഞ്ഞു കൊണ്ട് രംഗത്തെത്തി. ബൽറാമിനെ ‘തല്ലിക്കൊല്ലണം’ എന്നാണ് സാഹിത്യകാരനും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മുന്നണി പോരാളിയുമായ എൻ.എസ് മാധവൻ തന്റെ ഫേസ്‌ബുക്ക് പേജിൽ കുറിച്ചത്. അജ്മൽ കസബ്, യാക്കൂബ് മേമൻ തുടങ്ങിയവരുടെ പോലും വധശിക്ഷക്കെതിരെ നിലപാടെടുത്ത ആളായിരുന്നു മാധവൻ. പാർട്ടിയുടെ ഒദ്യോഗിക നിലപാട് ക്യാപ്പിറ്റൽ പണിഷ്‌മെന്റിന് എതിരാണെകിലും, പാർട്ടി ശത്രുക്കൾക്ക് ആ ആനുകൂല്യം കിട്ടാറില്ലല്ലോ.

ബൽറാമിനെതിരെ തിരിയാൻ കമ്മ്യൂണിസ്റ്റുകളെ പ്രേരിപ്പിച്ചത് പാർട്ടി വിരോധമാണെങ്കിലും, ബൽറാമിന്റെ ആ ലൈക്ക് ആകസ്മികമല്ലെന്ന് ഓണലൈൻ ഇടങ്ങളിൽ സജീവമായവർക്ക് മനസ്സിലാക്കാൻ പ്രയാസമുണ്ടാവില്ല. ഫേസ്‌ബുക്കിലെ പീഡോ മാനിയാക്കുകളുമായി സഹവർത്തിത്വം പുലർത്തുന്നവർ ബൽറാമിന്റെ അടുത്ത വൃത്തങ്ങളിലുള്ളവരാണ് എന്നതാണ് ഒരു കാരണം. മുഹമ്മദ് ഫർഹാദുമായി അടുത്ത ബന്ധം പുലർത്തുന്ന അനൂപ് വി.ആർ എന്ന കോൺഗ്രസുകാരൻ മുമ്പ് നടത്തിയ ചാറ്റുകൾ അതിനുദാഹരണമാണ്.

‘നിങ്ങളുടെ ഗ്രൂപ്പിലേക്ക് വരാൻ ബൽറാം തയ്യാറാണ്’ എന്ന് പറഞ്ഞാണ് ഫർഹാദുമായുള്ള അനൂപ് വി.ആറിന്റെ ചാറ്റ് പുരോഗമിക്കുന്നത്. പിഞ്ചു കുട്ടികളെ ഏതുവിധേനയും പ്രലോഭിച്ച് കാമം ഇറക്കിവെക്കാൻ നടക്കുന്ന ഈ ഭ്രാന്തന്മാരോട് കോൺഗ്രസ് പാർട്ടിയിലെ ഒരു ലോക്കൽ നേതാവിന് എന്താണിത്ര ബന്ധം എന്ന് ഇതിനുമുമ്പും പലരും ആശ്ചര്യപ്പെട്ടിട്ടുണ്ട്. ജിഹാദികൾ, പീഡോഫീലിയക്കാർ തുടങ്ങിയവർ സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗമാണെന്ന രീതിയിലാണ് അനൂപ് വി ആറിന്റെ നിലപാടുകൾ! ബൽറാമിന്റെ അടുത്ത അനുയായിയാണ്‌ അനൂപ് വി ആർ എന്ന് അയാളുടെ തന്നെ സംഭാഷണത്തിൽ നിന്ന് വ്യക്തവുമാണ്. ഇതെല്ലാം പരിഗണിച്ചാൽ കഴിഞ്ഞ ദിവസം പീഡോഫീലയ ഉദ്ഘോഷിച്ച് ജാഫർ ഇട്ട പോസ്റ്റിന് ബൽറാം കൊടുത്ത ലൈക്കും അവിചാരിതമാണെന്ന് കരുതാൻ സാധ്യമല്ല. സംഭവം വാർത്തയായപ്പോൾ ലൈക്ക് കൊടുത്തത് ‘പോസ്റ്റിനെ ഫോളോ ചെയ്യാൻ’ വേണ്ടിയാണെന്ന വികല വാദവും ബൽറാം മുന്നോട്ട് വയ്ക്കുകയുണ്ടായി.

ലൈക്ക് ചെയ്‌താൽ പോസ്റ്റ് ഫോളോ ആവില്ല എന്നത് ഫേസ്‌ബുക്ക് ഉപയോഗിക്കുന്ന എല്ലാവർക്കുമറിയാം. പോസ്റ്റ് ഫോളോ ചെയ്യാൻ സാധാരണയായി ഫോളോ നോട്ടിഫിക്കേഷൻ ഓൺ ചെയ്യുകയോ കമന്റിടുകയോ ആണ് പതിവ്. അങ്ങനെയിരിക്കെ ഫേസ്‌ബുക്കിൽ മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ബൽറാം ഇങ്ങനെയൊരു മുടന്തൻ ന്യായം പറഞ്ഞ് വീണ്ടും പരിഹാസ്യനായതിന്റെ കാരണം വ്യക്തമല്ല. ‘ലൈക്ക് അടിക്കണോ വേണ്ടയോ എന്നത് എന്റെ വ്യക്തിസ്വാതന്ത്ര്യം’ എന്നൊരു മറുപടി കൊടുക്കാൻ ബൽറാമിനാകാത്തത് സ്വയം കുറ്റബോധം തോന്നിയത് കൊണ്ടാവാനേ വഴിയുള്ളൂ.

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ഒരു പോസ്റ്റ് ലൈക്ക് ചെയ്തതിന് ബൽറാമിനെ പീഡോ ആയി മുദ്രകുത്തി കല്ലെറിഞ്ഞ് കൊല്ലണം എന്ന എൻ.എസ് മാധനവടക്കമുള്ളവരുടെ വാദഗതിയോടും നമുക്ക് യോജിക്കാനാവില്ല. മാധവൻ പറഞ്ഞത് ISIS ആശയമാണ്. ISIS അധികാരത്തിൽ വന്ന സ്ഥലങ്ങളിലൊക്കെ ശരിയാ നിയമം പാലിക്കാത്തവരെ കല്ലെറിഞ്ഞും തലവെട്ടിയും കൊല്ലാനായിരുന്നു നിയമം. അന്ധമായ പാർട്ടി വിരോധം ഇവരെയൊക്കെ ISIS നെ പോലെ ചിന്തിക്കുന്നവരായി മാറ്റിയിരിക്കുന്നു എന്നതാണ് ഇതുപോലുള്ള വാചോടക്ഷോഭങ്ങൾ തെളിയിക്കുന്നത്. പാർട്ടി ശത്രുവിനെ ഏത് രീതിയിലും ഉന്മൂലനം ചെയ്യാനുള്ള ത്വര ഇവരുടെ ഓരോ വാക്കുകളിലും വ്യക്തമാണ്.

‘നിങ്ങൾ അളക്കുന്നത് കൊണ്ട് നിങ്ങളെയും അളക്കപ്പെടും’ എന്ന ചൊല്ലിന്റെ സാക്ഷാത്കാരമാണ് ഈ വിവാദങ്ങളുടെയൊക്കെ ബാക്കിപത്രം. ബിജെപിക്ക് വോട്ട് ചെയ്യുന്ന ഹിന്ദുക്കളുടെ മത ചിഹ്നങ്ങൾ പോലും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മറവിൽ അവഹേളിക്കാൻ വെമ്പുന്നവർക്ക്, തങ്ങൾക്ക് പ്രിയങ്കരമായ വിഗ്രഹത്തെയോ ആചാരത്തെയോ മറ്റുള്ളവർ വിമർശിക്കുന്നത് താങ്ങാനാവില്ല എന്ന് എകെജി വിവാദം വന്നപ്പോൾ തന്നെ വ്യക്തമായതാണ്. ദേശീയ തലത്തിൽ മോദി ഫോളോ ചെയ്യുന്ന ട്വിറ്റർ ഹാന്റിലുകളുടെ ട്വീറ്റുകളിൽ പോലും ബഹളം ഉണ്ടാക്കുന്ന കോൺഗ്രസുകാരന്, തന്റെ ഫേസ്‌ബുക്ക് ലൈക്കിന് പോലും സമാധാനം പറയേണ്ട ദുരവസ്ഥയെ നയനമനോഹരം എന്നേ പറയാനുള്ളൂ.

3 COMMENTS

  1. ബൽറാം ആക്രമിക്കപ്പെട്ടിട്ടും ഒറ്റ കോൺഗ്രസുകാരൻ പോലും മിണ്ടിയില്ല. പാർട്ടിക്കുള്ളിൽ അയാൾ സമ്മതനല്ല.

  2. ബാലരമക്ക് ഈയിടെയായി മോശം ടൈം ആണ്. ലേഖനം കലക്കി.

LEAVE A REPLY

Please enter your comment!
Please enter your name here