ഇന്ത്യൻ ഇ-കൊമേഴ്സ് രംഗത്തേക്ക് വാൾമാർട്ട് ചുവടുവയ്ക്കുമ്പോൾ..

1

ലോകത്തിലെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് ഏറ്റെടുക്കലിന് കഴിഞ്ഞ ദിവസം ബാംഗ്ലൂർ നഗരി സാക്ഷ്യം വഹിച്ചു. അമേരിക്കൻ റീട്ടെയിൽ ഭീമനായ വാൾമാർട്ട് 16 ബില്യൺ ഡോളറിനാണ് ഇന്ത്യൻ സ്റ്റാർട്ടപ്പായ ഫ്ലിപ്പ്കാർട്ടിന്റെ 77% ഓഹരികൾ സ്വന്തമാക്കിയത്. 28 രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്നതും 23 ലക്ഷത്തോളം തൊഴിലാളികളുമുള്ള വാൾമാർട്ട് റീട്ടെയിൽ ബിസിനസ് രംഗത്തെ ഒരു അതിഭീമനാണെന്ന് തന്നെ പറയാം. ഏകദേശം 500 ബില്യൺ ഡോളറാണ് വാൾമാർട്ടിന്റെ വാർഷിക റവന്യൂ.

മുൻ ആമസോൺ ജീവനക്കാരായ സച്ചിൻ ബൻസാൽ, ബിന്നി ബൻസാൽ എന്നിവർ ചേർന്ന് ഒരു ഇ-ബുക്ക് സ്റ്റോറായാണ് ഫ്ളിപ് കാർട്ടിന് തുടക്കം കുറച്ചത്. കോറമംഗളയിലെ ഒരു ഇരുനില വാടക കെട്ടിടത്തിൽ സച്ചിന്റെയും ബിന്നിയുടെയും കോഡിംഗിൽ 2007 ഒക്ടോബറിൽ ഫ്ലിപ്പ്കാർട്ട് പ്രവർത്തനമാരംഭിച്ചു.

പ്രാരംഭ ഘട്ടത്തിൽ കോഡിംഗ്, പ്രോഡക്ട്, മാർക്കറ്റിങ് ജോലികൾ സച്ചിനും, ബാക്ക് എൻഡ്, പുസ്തകങ്ങളുടെ വിലയിടൽ, ലോജിസ്റ്റിക് ജോലികൾക്ക് ബിന്നിയും നേതൃത്വം വഹിച്ചു. ഇന്ത്യൻ മാർക്കറ്റിന്റെ സവിശേഷ സാഹചര്യത്തിൽ, ആദ്യമായി ‘കാഷ് ഓൺ ഡെലിവറി’ എന്ന ആശയം മുന്നോട്ട് വച്ചത് സച്ചിൻ ബൻസാലായിരുന്നു. രണ്ടു വർഷം കൊണ്ട് തന്നെ ഉപഭോക്താക്കളുടെ വിശ്വാസം ആർജ്ജിച്ച ഫ്ലിപ്പ്കാർട്ട് 2009ൽ ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പിനിയായി രജിസ്റ്റർ ചെയ്തു. ആ വർഷം തന്നെ ഒരു മില്യൺ ഡോളറിന്റെ വെഞ്ച്വർ കാപ്പിറ്റലും അമേരിക്കൻ നിക്ഷേപകരിൽ നിന്ന് ലഭിച്ചതോടെ ഫ്ലിപ്പ്കാർട്ട് ഒരു ഇ-ബുക്ക് സ്റ്റോറിൽ നിന്ന് ഇ-കൊമേഴ്‌സ് കമ്പനിയായി അതിവേഗം വളർന്നു. കഴിഞ്ഞ പതിനൊന്നു വർഷത്തിനിടെ 6 ബില്യൺ ഡോളറിന്റെ വെഞ്ച്വർ കാപ്പിറ്റലും 30000 തൊഴിലാളികളും 3 ബില്യൺ ഡോളറിന്റെ വാർഷിക റെവന്യുവും നേടി കുതിച്ച ഫ്ലിപ്പ്കാർട്ടിന്റെ വളർച്ച കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു.

ഒരു പതിറ്റാണ്ട് മുമ്പ് ഇന്ത്യൻ റീട്ടെയിൽ വിപണിയിൽ ഇറങ്ങാൻ ശ്രമിച്ച് പരാജയപ്പെട്ട വാൾമാർട്ടിന് ഈ ഡീൽ ഒരുതരത്തിൽ പറഞ്ഞാൽ ഇന്ത്യൻ റീട്ടെയിൽ മാർക്കറ്റിലേക്കുള്ള അവരുടെ പിൻവാതിൽ പ്രവേശനമാണ്. ചെറുകിട കച്ചവടക്കാരുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് റീട്ടെയിൽ രംഗത്തെ വിദേശ നിക്ഷേപ പരിധി ഉയർത്താനുള്ള തീരുമാനം ഗവൺമെന്റ് തള്ളിയിരുന്നു. തുടർന്ന് സുനിൽ മിത്തലിന്റെ ഭാരതി ഗ്രൂപ്പുമായി ഒരു ജോയിന്റ് വെഞ്ച്വർ തുടങ്ങിയെങ്കിലും, ഗവൺമെന്റ് നിയന്ത്രങ്ങളും മറ്റു മാർജിൻ പ്രശ്നങ്ങളും മൂലം 2013ഓടെ ആ ശ്രമവും വാൾമാർട്ട് ഉപേക്ഷച്ചു. ഭാരതി ഗ്രൂപ്പുമായുമായുള്ള ബിസിനസ് പങ്കാളിത്തം അവസാനിപ്പിച്ച വാൾമാർട്ട്, 2014ഓടെ ഇന്ത്യയിൽ 20 ഇടത്ത് സ്വന്തമായി ഹോൾസെയിൽ മാർക്കറ്റ് തുടങ്ങി ചെറുകിട കച്ചവടക്കാരെ കൈയ്യിലെടുത്തു. ഇടനിലക്കാരെ ഒഴിവാക്കി മികച്ച മാർജിനിൽ ചെറുകിട വ്യാപാരികൾക്ക് സാധങ്ങൾ സപ്ലൈ ചെയ്യുന്നതിലൂടെ ഒരുകാലത്ത് തങ്ങളുടെ ഇന്ത്യൻ പ്രവേശനത്തെ നഖശിഖാന്തം എതിർത്തവരെ തന്നെ സപ്പോട്ടേഴ്സ് ആക്കി മാറ്റാൻ വാൾമാർട്ടിന് സാധിച്ചു. എങ്കിലും 100% വിദേശ പങ്കാളിത്തത്തോടെ ഇന്ത്യയിൽ റീട്ടെയിൽ ചെയിനുകൾ തുടങ്ങുക എന്ന ആശയം അപ്പോഴും ഗവൺമെന്റ് നിയന്ത്രങ്ങൾ മൂലം വാൾമാർട്ടിന് അപ്രാപ്യമായിരുന്നു.

രാജ്യത്തെ ചെറുകിട/വൻകിട വ്യാപാര സ്ഥാപങ്ങങ്ങൾ പൂർണ്ണമായും ഗവൺമെന്റ് നിയന്ത്രണത്തിലാണെങ്കിലും, ഇകൊമേഴ്സ് കമ്പനികൾ ഒരു പരിധി വരെ ഇന്ത്യയിലെ കമ്പനി നിയമങ്ങൾക്ക് വെളിയിലാണ്. റീട്ടെയിൽ രംഗത്തെ 49% FDI ലിമിറ്റ് ഇകൊമേഴ്സ് കമ്പനികൾക്ക് ബാധകമല്ല. ഇന്ത്യൻ ആമസോണിന്റെ 100% ഓഹരികളും കൈയ്യാളുന്നത് അവരുടെ പേരന്റ് സ്ഥാപനമായ ആമസോൺ അമേരിക്കയാണ്. സ്‌നാപ്‌ഡീൽ ഓഹരികൾ കൈവശം വച്ചിരിക്കുന്നത് ജപ്പാനിലെ സോഫ്റ്റ് ബാങ്കും ചൈനീസ് റീട്ടെയിൽ ഭീമനായ അലിബാബയുമാണ്. ഇന്ത്യക്കാരായ സച്ചിന്റെയും ബിന്നിയുടെയും നേതൃത്വത്തിൽ തുടങ്ങിയതാണെങ്കിലും, ഉടമസ്ഥത വച്ച് നോക്കിയാൽ ഫ്ലിപ്കാർട്ടും ഒരിന്ത്യൻ കമ്പനിയായി കണക്കാക്കാനാവില്ല. സിംഗപ്പൂരിൽ രെജിസ്റ്റർ ചെയ്തിരിക്കുന്ന ഫ്ലിപ്പ്കാർട്ടിന്റെ ഉടമസ്ഥർ അമേരിക്കയിലെ ടൈഗർ ഗ്ലോബലും ചൈനയിലെ ടെൻസെറ്റും ജപ്പാനിലെ സോഫ്റ്റ് ബാങ്കും കമ്പ്യൂട്ടർ ഭീമനായ മൈക്രോസോഫ്റ്റും ഒക്കെയാണ്. കമ്പനി ആരംഭിച്ച സച്ചിന്റെയും ബിന്നിയുടെയും ഓഹരി പങ്കാളിത്തം വെറും 6% ത്തോളം മാത്രമാണ്. അതായത്, സിംഗപ്പൂരിൽ രെജിസ്റ്റർ ചെയ്ത ഫ്ലിപ്പ്കാർട്ട് ഓഹരികൾ കയ്യാളുന്ന വിദേശ നിക്ഷേപകരുമായി വാൾമാർട്ട് ഒരുടമ്പടിയിൽ ഏർപ്പെട്ടാൽ ഇന്ത്യൻ ഗവൺമെന്റിന് അതിൽ കാര്യമായ നിയന്ത്രങ്ങങ്ങളൊന്നും ഇല്ല തന്നെ.

2014ൽ ഇന്ത്യൻ ഇകൊമേഴ്സ് മാർക്കറ്റിലേക്കുള്ള ആമസോണിന്റെ രംഗപ്രേവേശനമാണ് ഇന്ത്യയിലെ ഇകൊമേഴ്സ് സാധ്യതകളെ കുറിച്ച് ചിന്തിക്കാൻ വാൾമാർട്ടിനെ ഇപ്പോൾ പ്രേരിപ്പിച്ചിരിക്കുന്നത്. അമേരിക്കൻ മാർക്കറ്റിൽ വാൾമാർട്ടിന്റെ കടുത്ത എതിരാളിയായ ആമസോൺ 2014ൽ ഇന്ത്യൻ ഇകൊമേഴ്സ് മാർക്കറ്റിലേക്ക് കടന്നു വരികയും കേവലം മൂന്ന് വർഷങ്ങൾക്കുള്ളിൽ തന്നെ വിപണിയിൽ തങ്ങളുടെ ആധിപത്യം ഉറപ്പിക്കയും ചെയ്തു. ആമസോൺ വന്നതോടെ സ്‌നാപ്‌ഡീൽ ഏകദേശം മാർക്കറ്റ് ഔട്ട് ആയി. പുതിയ എതിരാളിയുടെ സാമ്പത്തിക കരുത്തിൽ ഫ്ലിപ്പ്കാർട്ടും ആടിയുലഞ്ഞു. ആമസോണിന്റെ ഡിസ്‌കൗണ്ട് യുദ്ധം നേരിടാനാവാതെ ഉപഭോക്താക്കളെ നഷ്ടപ്പെട്ട് തുടങ്ങിയ ഫ്ളിപ്കാർട്ടിന്റെ വിപണി മൂല്യം റേറ്റിങ് ഏജൻസികൾ തുടർച്ചയായി വെട്ടി കുറച്ചു. പുതിയ സാഹചര്യത്തിൽ വാൾമാർട്ടിന്റെ ഏറ്റെടുക്കൽ ഫ്ലിപ്പ്കാർട്ടിനെ തകർച്ചയിൽ നിന്ന് കരകയറ്റിയിരിക്കുകയാണ്.

ബ്രസീൽ, അർജന്റീന, കാനഡ തുടങ്ങിയ വിപണികളിൽ നിന്ന് പിന്മാറിയ വാൾമാർട്ട് ഒരിന്ത്യൻ ഇകൊമേഴ്സ് കമ്പനിയെ സ്വന്തമാക്കുന്നതിലൂടെ വ്യക്തമാകുന്നത് ഇന്ത്യൻ വിപണിയുടെ അനന്ത സാധ്യതകളാണ്. ലോകത്തിലെ തന്നെ അതിവേഗ സാമ്പത്തിക വളർച്ചയുള്ളതും, സ്ഥിരതയുള്ള ഗവണ്മെന്റുള്ളതും, നിയമവാഴ്ച നിലനിൽക്കുന്നതുമായ ഒരു രാജ്യമാണ് ഇന്ത്യ. ബഹുരാഷ്ട്ര കമ്പനികളെ ഇന്ത്യൻ വിപണിയിൽ നിന്ന് അകറ്റി നിർത്തിയിട്ട് നമ്മുടെ രാജ്യത്തിനും ഒന്നും നേടാനില്ല എന്നതാണ് യാഥാർഥ്യം. വാൾമാർട്ട് പോലുള്ള ബഹുരാഷ്ട്ര കമ്പനികളുടെ കടന്നുവരവ് മൂലം വിദേശ മൂലധനവും തൊഴിൽ അവസരങ്ങളും മറ്റ് അടിസ്ഥാന സൗകര്യ വികസനവും രാജ്യത്ത് സൃഷ്ടിക്കപ്പെടും. ഫ്ലിപ്പ്കാർട്ട് ആയാലും ആമസോൺ ആയാലും ഒരു ‘മാർക്കറ്റ് പ്ലേസ്’ ആയാണ് ഇന്ത്യയിൽ പ്രവർത്തിക്കുന്നത്. അതായത്, ആർക്ക് വേണമെങ്കിലും ഒരു അക്കൗണ്ട് തുടങ്ങി ആമസോണിലൂടെ തങ്ങളുടെ പ്രോഡക്ട് വിൽക്കാനുള്ള അവസരം അവരുടെ പ്ലാറ്റ്‌ഫോമിൽ ഉണ്ട്. ഈ സാധ്യത ഉപയോഗപ്പെടുത്തുന്ന അനേകം ചെറുകിട കച്ചവടക്കാർക്ക് ഇന്ത്യയിലെവിടെയും കുറഞ്ഞ കമ്മീഷനിൽ തങ്ങളുടെ ഉൽപന്നങ്ങൾ വിറ്റഴിക്കാൻ കഴിയുന്നു എന്നതും ഒരു വസ്തുതയാണ്.

അതുപോലെ തന്നെ എടുത്തു പറയേണ്ട ഒന്നാണ്, ഫ്ലിപ്പ്കാർട്ട് ഏറ്റെടുക്കൽ ഇന്ത്യയിലെ സ്റ്റാർട്ടപ്പ് എക്കോസിസ്റ്റത്തിന് നൽകുന്ന ആത്മവിശ്വാസം. കേവലം പതിനൊന്ന് വർഷം മുമ്പ് രണ്ട് ഇന്ത്യൻ യുവാക്കൾ തുടങ്ങിയ ഫ്ലിപ്പ്കാർട്ടിന്റെ വിജയ ഗാഥ എത്രെയെത്ര നവ സംരംഭകർക്ക് പ്രചോദനമാകും? ഇങ്ങിനെയുള്ള നവസംരഭകർക്ക്, മികച്ച ആശയമാണെങ്കിൽ അനായാസം വെഞ്ച്വർ കാപ്പിറ്റൽ കണ്ടെത്താനും ഫ്ലിപ്കാർട്ട്-വാൾമാർട്ട് ബില്യൺ ഡോളർ ഡീൽ സാഹായകമാകും.

ഇകൊമേഴ്സ് രംഗത്തെ ആരോഗ്യകരമായ ഈ മത്സരം ആത്യന്തികമായി ഗുണം ചെയ്യുന്നത് ഇന്ത്യൻ ഉപഭോക്താക്കളെ തന്നെയാണ്. ആകർഷകമായ വിലക്ക് മികച്ച ഉൽപന്നങ്ങൾ ലഭിക്കണമെങ്കിൽ മാർക്കറ്റിൽ മത്സരം ഉണ്ടായേ പറ്റൂ. ഇപ്പോൾ ടെലികോം രംഗത്ത് നാം കാണുന്നത് പോലെ. ഇനി ചെറുകിട വ്യാപാരികളുടെ കാര്യം എടുത്താൽ, കൊള്ളലാഭം കുറയും എന്നതൊഴിച്ചാൽ അവർക്കും ഈ ഡീൽ കാര്യമായ ക്ഷതം ഏൽപ്പിക്കാനിടയില്ല. നാല് മുട്ട വാങ്ങാനോ, ഒരു ടൂത്ത് പേസ്റ്റ് വാങ്ങാനോ ആൾക്കാർ ഇന്നും ആശ്രയിക്കുന്നത് ചെറുകിട വ്യാപാരികളെ തന്നെയാണ്. എറണാകുളം പോലുള്ള സിറ്റികളിൽ ഒരു വാട്സ്ആപ് മെസേജ് അയച്ചാൽ ഡോർ ഡെലിവറി നടത്തുന്ന വിധത്തിലേക്ക് ചെറുകിട കച്ചവടക്കാരും മത്സരോത്സുകരായി കഴിഞ്ഞു. അതിനെ തോൽപ്പിക്കാൻ എന്തായാലും ആമസോണിനോ ഫ്ലിപ്പ്കാർട്ടിനോ കഴിയുമെന്ന് തോന്നുന്നുമില്ല. അങ്ങിനെ ഏത് കോണിൽക്കൂടി നോക്കിയാലും ഇന്ത്യൻ സമ്പദ് വ്യവസ്ഥക്കും ഉപഭോക്താക്കൾക്കും നവസംരഭകർക്കും ഉണർവേകുന്നതാണ് ഇകൊമേഴ്സ് രംഗത്തേക്കുള്ള വാൾമാർട്ടിന്റെ കടന്നുവരവെന്ന് നിസ്സംശയം പറയാൻ കഴിയും.

1 COMMENT

  1. വാൾമാർട്ട് ആദ്യം ഇന്ത്യയിൽ വന്ന സമയത്ത് ചെറുകിട കച്ചവടക്കാരെ വാൾമാർട്ടിനെതിരെ തിരിച്ചു വിട്ടത് പ്രതിപക്ഷത്തിരുന്ന ബിജെപിയല്ലേ?

LEAVE A REPLY

Please enter your comment!
Please enter your name here