നിതി ആയോഗ് വൈസ് ചെയര്‍മാന്‍ പറഞ്ഞതിന്റെ പൊരുള്‍

രാജ്യം എഴുപതു വര്‍ഷത്തെ ഏറ്റവും മോശം സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുകയാണെന്ന് നിതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ പ്രസ്താവിച്ചുവെന്നുള്ള വാര്‍ത്തകള്‍ പതിവു പോലെ എരിവും പുളിയും മസാലയും ചേര്‍ത്ത് മാധ്യമങ്ങള്‍ വിളമ്പിയിട്ടുണ്ട്.

സാമ്പത്തിക വളര്‍ച്ചയെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ പുറത്തുവിടുന്നവരാണ് ഇക്കുറിയും നിതി ആയോഗ് വൈസ് ചെയര്‍മാന്‍ ഒരു കോണ്‍ക്ലേവില്‍ പറഞ്ഞ കാര്യം സന്ദര്ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് മറ്റൊരു വ്യാഖ്യാനം നല്‍കി അവതരിപ്പിക്കുന്നത്.

ലോകം മറ്റൊരു സാമ്പത്തിക പ്രതിസന്ധിയുടെ വക്കിലാണെന്നിരിക്കെ, ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ നേരിയ ഇടിവു രേഖപ്പെടുത്തിയതിനെ ഗുരുതര സ്ഥിതിയാണെന്ന രീതിയിലാണ് വസ്തുതകള്‍ മറച്ചുവെച്ച് ഇവര്‍ അവതരിപ്പിക്കുന്നത്.

രാജ്യത്തെ കാര്‍ വിപണിയിലെ ഇടിവിനെ കുറിച്ച് ഇക്കൂട്ടര്‍ നല്‍കിയ ചിത്രവും മറ്റൊന്നായിരുന്നില്ല. ഇലക്ട്രോണിക് കാറുകളുടെ രംഗ പ്രവേശത്തെക്കുറിച്ചുള്ള ആകാംക്ഷയിലാണ് ഉപഭോക്താക്കള്‍. ഇലോൺ മസ്‌കിന്റെ ടെസ്‌ലയും ടാറ്റയുടെ ഇലക്ട്രിക് കാറുമെല്ലാം വരും വര്‍ഷങ്ങളില്‍ വിപണി കീഴടക്കുമെന്ന് ഉപഭോക്താക്കള്‍ കരുതുന്നത്. ഇതു കൂടാതെ ഊബർ, ഓല തുടങ്ങിയ ഓണ്‍ലൈന്‍ ടാക്‌സികള്‍ വളരെ കുറഞ്ഞ ചെലവില്‍ യാത്രാ സൗകര്യം ലഭ്യമാക്കുന്നതും കാര്‍ വിപണിയെ തളര്‍ത്തിയിട്ടുണ്ട്.

യൂറോപ്പിലും യുഎസിലും കാര്‍ വിപണി സമാനമായ സാഹചര്യം നേരിടുകയാണ്. എന്നാല്‍, കാര്‍ വിപണിയിലെ മാറ്റങ്ങള്‍ മനസിലാക്കാതെ രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് ചില കേന്ദ്രങ്ങള്‍ വരുത്തിത്തീര്‍ക്കുന്നതായാണ് സംശയിക്കേണ്ടത്.

ഇതേ പോലെയാണ് നിതി അയോഗിന്റെ വൈസ് ചെയര്‍മാന്‍ നടത്തിയ പ്രസ്താവനേയും കാണേണ്ടത്. ഇന്ത്യ ഒരു മാര്‍ക്കറ്റ് ഇക്കോണമിയാണ്. രാജ്യത്തെ സ്വകാര്യ മേഖലയെ നികുതി ദായകരുടെ പണം ഉപയോഗിച്ച് സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിന് ഇല്ല. സ്വകാര്യ മേഖല വിപണി പ്രത്യയശാസ്ത്രം അനുസരിച്ച് സ്വയം കരുത്താര്‍ജ്ജിക്കുകയാണ് വേണ്ടത്. ഇതിന് സഹായകരമായ സാഹചര്യം ഒരുക്കുകയാണ് സര്‍ക്കാരിന്റെ കടമ.

സ്വകാര്യ മേഖലയുടെ തളര്‍ച്ചയില്‍ ചില ഉത്തേജക പാക്കേജുകളുമായി സര്‍ക്കാര്‍ ഇടപെടുന്നതിനെ കുറിച്ച് പരാമര്‍ശിക്കുകയാണ് നിതി ആയോഗിന്റെ വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ ചെയ്തത്. വ്യാഴാഴ്ച ഡെല്‍ഹിയില്‍ നടന്ന ഹീറോ മൈന്‍ഡ്‌മൈന്‍ ഉച്ചകോടിയില്‍ പങ്കെടുക്കവെയാണ് എഴുപതു വര്‍ഷത്തിനിടയില്‍ ഇത്തരത്തില്‍ ലിക്വിഡിറ്റി ക്രഞ്ച് അനുഭവപ്പെടുന്നതെന്നും വ്യക്തികള്‍ പണത്തിനു മേല്‍ അടയിരിക്കുകയാണെന്നും സ്വകാര്യ മേഖലയില്‍ പരസ്പരം വിശ്വാസത്തിനു പോലും ഇവര്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടത്.

ഇതില്‍ സര്‍ക്കാരിന്റെ ഭാഗമായുള്ള നിതി ആയോഗിന്റെ വീക്ഷണമാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ഇന്ത്യാ ഗവണ്‍മെന്റ് കഴിഞ്ഞ എഴുപതു വര്‍ഷത്തിനിടെ ആദ്യമായി അഭിമുഖികരിക്കുന്ന സാഹചര്യമാണിതെന്നും സ്വകാര്യ മേഖലയില്‍ ആരും പണം വായ്പ നല്‍കാന്‍ തയ്യാറാകുന്നില്ലെന്നും പണത്തിനു മേല്‍ ഇവര്‍ ഇരിക്കുകയാണെന്നും ആരും ആരേയും വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് സാമ്പത്തിക മേഖലയെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.

അപ്പോള്‍ പണം ഇല്ലാഞ്ഞിട്ടല്ല, ക്യാഷ് ഫ്‌ളോയ്ക്ക് വിഖാതമാകുന്ന രീതിയില്‍ ക്രയവിക്രയത്തിനു തയ്യാറാകാതെ ഇരിക്കുന്നതിനെയാണ് രാജീവ് കുമാര്‍ വിമര്‍ശിച്ചതെന്ന് മനസിലാക്കാം. ബാങ്കിംഗ് ഇതര സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെ ഉദ്ദേശിച്ചാണ് രാജീവ് കുമാര്‍ ഇങ്ങിനെ പറഞ്ഞത്.

നോട്ടുപിന്‍വലിക്കലിനു ശേഷം രാജ്യത്ത് സാമന്തര സാമ്പത്തിക രംഗം ദുര്‍ബല്ലമായി. സ്വകാര്യ വായ്പാ ഇടപാടു സ്ഥാപനങ്ങളില്‍ നിന്ന് പണം പുറത്തു വരാത്ത അവസ്ഥയുണ്ടായി. രണ്ടാം നമ്പര്‍ ഇടപാടുകളിലൂടെ എത്തിയിരുന്ന പണമാണ് പല വന്‍കിട സ്ഥാപനങ്ങള്‍ക്കും മൂലധന ഉറവിടെമായി വര്‍ത്തിച്ചിരുന്നത്.

ഇപ്പോള്‍ ഇത്തരം പണം ലഭ്യത കുറഞ്ഞതോടെ സ്വകാര്യ വായ്പ ഇടപാടുകളും കുറഞ്ഞു. സ്വകാര്യ മേഖലയ്ക്ക് വായ്പ ലഭ്യമാക്കുന്ന പാക്കജുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നും മേഖലയുടെ ആശങ്കകള്‍ മാറ്റണമെന്നും രാജീവ് കുമാര്‍ പറയുന്നു.

ഡീമോണെട്ടൈസേഷന്‍, ജിഎസ് ടി, പിന്നെ ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്കറപ്‌സി കോഡ് (ഐബിസി) എന്നിവയ്ക്കു ശേഷമാണ് ഇത്തരം ഒരു സാഹചര്യം സ്വകാര്യ മേഖലയില്‍ സംജാതമായത്. 2009-14 കാലഘട്ടത്തില്‍ ബാങ്കുകള്‍ നേരിട്ട നിഷ്‌ക്രിയ ആസ്തി പ്രതിസന്ധിയും സ്വകാര്യ മേഖലയ്ക്ക് കുടുതല്‍ വായ്പകള്‍ അനുവദിക്കുന്നതില്‍ നിന്ന് ബാങ്കുകളെ വിമുഖരാക്കി.

പലിശ കുറച്ച് കൂടുതല്‍ വായ്പ ലഭ്യമാക്കുകയാണ് ഇനിയുള്ള പോംവഴി. ഇതിനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുമെന്നു തന്നെയാണ് പ്രതീക്ഷ..

അതേസമയം, വസ്തുതകള്‍ മനസിലാക്കാതേയും ദുര്‍വ്യാഖാനിച്ചും ഭീതിപടര്‍ത്തിയുമാണ് മാധ്യമങ്ങള്‍ സാമ്പത്തിക രംഗത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പടച്ചുവിടുന്നത്. മോദി ഭരണത്തില്‍ സാമ്പത്തിക രംഗം തളര്‍ച്ചയും പ്രതിസന്ധിയും നേരിടുന്നത് കാണാനുള്ള വെമ്പല്‍ പോലെയാണ് ഇതിനു പിന്നിലെന്ന് ആരാനും സംശയി്ച്ചാല്‍ അവരെയൊന്നും കുറ്റപ്പെടുത്താനാവില്ല. സാമ്പത്തിക രംഗത്തെ വൈദഗ്ദ്ധത്തെക്കാളുപരി രാഷ്ട്രീയ വിദ്വേഷമാണ് ഇത്തരം വാര്‍ത്തകളില്‍ നിഴലിക്കുന്നത്.

1 COMMENT

  1. ഇന്നത്തെ FM തീരുമാനങ്ങളെ എങ്ങനെ കാണുന്നു

LEAVE A REPLY

Please enter your comment!
Please enter your name here