ലക്ഷദ്വീപില്‍ സംഭവിക്കുന്നത്

കഴിഞ്ഞ ഏഴു വര്‍ഷമായി ബിജെപിയാണ് കേന്ദ്രം ഭരിക്കുന്നത്. ഇതിന്നിടയില്‍ ലക്ഷദ്വീപിലും മറ്റ് കേന്ദ്രഭരണ പ്രദേശങ്ങളിലും അഡ്മിനിസ്‌ട്രേറ്റര്‍, ലഫ് ഗവര്‍ണര്‍ എന്നിവരെ ബിജെപിയുടെ നേതൃത്വത്തിലുള്ള ഭരണകൂടമാണ് ഇക്കാലയളവില്‍ നിയമിച്ചത്..

ലക്ഷദ്വീപിലും കഴിഞ്ഞ ഏഴു വര്‍ഷമായി മോദിയുടെ ബിജെപി നിയമിക്കുന്ന ഭരണകൂടമാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതും നിയന്ത്രിക്കുന്നതും. പിന്നെ എന്തുകൊണ്ടാണ് പൊടുന്നനെ ഈ ഏഴുവര്‍ഷവുമില്ലാത്ത കാവി അജണ്ടയും ന്യൂനപക്ഷ പീഡനവും സേവ് ലക്ഷദ്വീപുമെല്ലാം ഉയര്‍ന്നുവരുന്നത്.

ലക്ഷദ്വീപിലെ ജനങ്ങള്‍ക്കും അവിടുത്തെ എംപിക്കും ഇല്ലാത്ത ആശങ്കയാണ്‌ പൊടുന്നനെ കേരളത്തിലെ ചില രാഷ്ട്രീയക്കാര്‍ക്കും അവരുടെ പിണിയാളുകളായി പ്രവര്‍ത്തിക്കുന്ന ഏതാനും സിനിമാ പ്രവര്‍ത്തകര്‍ക്കും സേവ് ലക്ഷദ്വീപ് ക്യാംപെയിനുമായി ഇറങ്ങിത്തിരിക്കാന്‍ കാരണമായത്.

രാജ്യത്ത് ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയ അന്നുമുതല്‍ അസംതൃപ്തരായ ഒരു വിഭാഗം ശത്രുരാജ്യങ്ങളും ഭീകരസംഘടനകളും ഒക്കെ കൂട്ടുപിടിച്ച് രാജ്യാന്തര പീആര്‍ ഏജന്‍സികളെ ഉപയോഗിച്ചും മറ്റും സോഷ്യല്‍ മീഡിയ ക്യാംപെയിനുകള്‍ നടത്തിവരുന്ന കാര്യം അടുത്തിടെ പുറത്തുവന്ന ടൂള്‍കിറ്റ് വിവാദങ്ങളിലൂടെ പൊതുജനസമക്ഷം വെളിപ്പെട്ടിരുന്നു.

ഈ സംഭവത്തിന്റെ തുടര്‍ച്ചയാണ്സേവ് ലക്ഷദ്വീപ് ക്യാംപെയിന്‍. 2014 ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ആറു പേരാണ് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേര്‍ ചുമതലയില്‍ നിയമിക്കപ്പെട്ടത്. ഇതില്‍ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും എല്ലാം ഉണ്ടായിരുന്നു. ബിജെപി ദേശീയ സെക്രട്ടറിയും കാശ്മീര്‍ സ്വദേശിയും അവിടെ ഡിജിപിയുമായിരുന്ന ഫാറൂഖ് ഖാനും ഇതില്‍ ഉള്‍പ്പെടും.

തന്ത്രപ്രധാന മേഖലയായ ലക്ഷദ്വീപില്‍ ബിജെപി നിയമിച്ച പല അഡ്മിനിസ്ടറ്റര്‍മാരും ജമ്മുകാശ്മീര്‍ പോലുള്ള മേഖലകളില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ളവരുമായിരുന്നു. 2019 ല്‍ നിയമിതനായ ദ്വിനേശ്വര്‍ ശര്‍മ മുന്‍ ഐബി മേധാവിയും കാശ്മീര്‍ വിഷയത്തില്‍ ഭീകരരുമായി മധ്യസ്ഥത വഹിച്ച ഐപിഎസ് ഉദ്യോഗസ്ഥനുമായിരുന്നു. ഇദ്ദേഹം ശ്വാസകോശ സംബന്ധമായ രോഗം മൂലം 2020 ഡിസംബര്‍ നാലിന് അന്തരിച്ചതിനെ തുടര്‍ന്ന് കേന്ദ്രഭരണ പ്രദേശമായ ദാദര ആന്‍ഡ് നഗര്‍ ഹാവേലി ആന്‍ഡ് ദാമന്‍ ആന്‍ഡ് ദിയു വിലെ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന് ലക്ഷദ്വീപിന്റെ അധിക ചുമതല നല്‍കിയത്‌.

97 ശതമാനം മുസ്ലീംങ്ങളുള്ള ലക്ഷദ്വീപില്‍ ആര്‍എസ്എസ് അജണ്ട നടപ്പിലാക്കാന്‍ മോദി സര്‍ക്കാരിനാല്‍ പ്രത്യേകം നിയോഗിക്കപ്പെട്ടയാളാണ് പ്രഫുല്‍ പട്ടേല്‍ എന്നായിരുന്നു നുണകള്‍ പടച്ചുവിടുന്നവരുടെയും ചില മാധ്യമങ്ങളുടേയും ആരോപണം.

നിലവില്‍ അഡ്മിനിസ്‌ട്രേറ്ററായിരുന്ന ആള്‍ അന്തരിച്ചതിനെ തുടര്‍ന്ന് ദാദര നാഗര്‍ ഹവേലി ദാമന്‍ദിയു അഡ്മിനിസ്‌ട്രേറ്റര്‍ക്ക് അധിക ചുമതല നല്‍കിയതാണെന്ന വസ്തുത മനസ്സിലാക്കുന്നതോടെ കാവിവത്കരണവും ആര്‍എസ്എസ് അജണ്ട നടപ്പിലാക്കുന്നുവെന്ന ആരോപണവും തകര്‍ന്നു വീഴും.

യാദൃശ്ചികമായി അഡ്മിനിസ്‌ട്രേറ്ററുടെ അധിക ചുമതല ലഭിച്ച പട്ടേല്‍ അഞ്ചു മാസത്തിനുള്ളില്‍ വരുത്തിയ മാറ്റങ്ങളാണ് വിമര്‍ശന വിധേയമായത്. ഗുജറാത്തില്‍ ആഭ്യന്തര മന്ത്രിയായിരുന്ന പട്ടേല്‍ രാഷ്ട്രീയക്കാരന്‍ എന്നതിലുപരി മികച്ച ഭരണകര്‍ത്താവായാണ് അറിയപ്പെടുന്നത്.

2012 ലെ ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി വലിയ വിജയം നേടി വീണ്ടും അധികാരത്തിലേറിയപ്പോള്‍ നിയമസഭാ മണ്ഡലത്തില്‍ പരാജയപ്പെട്ടയാളാണ് പ്രഫുല്‍ പട്ടേല്‍. കാരണം മുഖം നോക്കാതെ കര്‍ശന നടപടി എടുക്കുന്നയാളെന്ന പ്രതിച്ഛായയാണ് അദ്ദേഹത്തിനുള്ളതെന്നത് തന്നെ. ആരേയും പ്രീണിപ്പിക്കാതെ ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ ചെയ്യുകയും ഇതിനായി കര്‍ശന നടപടികള്‍ എടുക്കുകയും ചെയ്യുന്ന കാര്‍ക്കശ്യകാരന്‍.

നിയമസഭാ പരാജയത്തിനു ശേഷം രാഷ്ട്രീയം ഉപേക്ഷിച്ച ഇദ്ദേഹം തന്റെ കുടുംബ ബിസിനസായ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ കാര്യങ്ങള്‍ നോക്കി നടത്തി കഴിഞ്ഞുകൂടവെയാണ്. മോദി സര്‍ക്കാര്‍ അദ്ദേഹത്തെ 2019 ല്‍ കേന്ദ്ര ഭരണ പ്രദേശമായ ദാദരഹാവേലി, ദാമന്‍ദിയുവിലേക്ക് അഡ്മിനിസ്‌ട്രേറ്ററായി അയച്ചത്.

ഇരു കേന്ദ്ര ഭരണ പ്രദേശങ്ങളേയും ലയിപ്പിക്കാനുള്ള ചുമതലയാണ് അദ്ദേഹത്തെ മോദി ഏല്‍പ്പിച്ചത്. മഹാരാഷ്ട്രയോടും ഗുജറാത്തിനോടും അതിര്‍ത്തി പങ്കിടുന്ന ഇവിടെ റിയല്‍ എസ്റ്റേറ്റ് മാഫിയ ആയിരുന്നു ഭരണം നടത്തിയിരുന്നത്.

പ്രഫുല്‍ പട്ടേല്‍ വന്നതോടെ ഇവരുടെ അഴിമതികളും മാഫിയ പ്രവര്‍ത്തനങ്ങളും അടിച്ചമര്‍ത്തി. ഇവിടെ ഏഴുവര്‍ഷം സ്വതന്ത്ര എംപിയായിരുന്ന മോഹന്‍ ദേല്‍കറിനെതിരെ ഇഡി, തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ അേേന്വഷണം നടത്തി വന്‍അഴിമതികളും പണമിടപാടുകളുംപുറത്തു കൊണ്ടുവന്നു.

ഇഡിയുടെ കൈയ്യില്‍ അകപ്പെടുമെന്നായപ്പോള്‍ മോഹന്‍ ദേല്‍ഖര്‍ മുംബൈയിലെ ഒരു ഹോട്ടലില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. ഇദ്ദേഹത്തിന്റേതെന്ന് കരുതുന്ന ആത്മഹത്യക്കുറിപ്പില്‍ അഡ്മിനിസ്‌ട്രേറ്ററും മറ്റും ഉദ്യോഗസ്ഥരും തന്നെ മാനസികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പറയുന്നുണ്ട്. ഇതിനെ തുടര്‍ന്ന് കോണ്‍ഗ്രസും മറ്റും പ്രഫുല്‍ പട്ടേലിനെതിരെ രംഗത്ത് വന്നിരുന്നു.

ഇതിനു പിന്നാലെയാണ്‌ പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപിന്റെ അധിക ചുമതല ഏറ്റെടുക്കുന്നത്. ദ്വീപിന്റെ സമഗ്ര വികസനത്തിനു വേണ്ടി മോദി സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന പല പദ്ധതികളും തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ഏറ്റെടുത്ത് അദ്ദേഹം മുന്നോട്ട് പോയി.

ലക്ഷദ്വീപിന്റെ വികസന പ്രശ്‌നങ്ങള്‍ കഴിഞ്ഞ അറുപത്തിയഞ്ച് വര്‍ഷങ്ങളായി കേന്ദ്രം ഭരിച്ചിരുന്ന കോണ്‍്ഗ്രസ് കണ്ടില്ലെന്ന് നടിച്ചപ്പോഴാണ് ബിജെപി ലക്ഷദ്വിപിന് അടിസ്ഥാന സൗകര്യ വികസനങ്ങള്‍ ഒരുക്കിയത്. ദ്വീപിലെ ഏറ്റവും വലിയ പോരായ്മ മികച്ചൊരു ആശുപത്രി ഇല്ല എന്നതായിരുന്നു.

2020 ജനുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഇവിടെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി നിര്‍മാണം ആരംഭിച്ചു, ദ്വീപിലെ ജനങ്ങള്‍ ഏതൊരു അടിയന്തര ആവശ്യത്തിനും കൊച്ചിയിലെ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിയിലായിരുന്നു. നാവിക സേനയുടെ ഹെലികോപ്ടര്‍ ഉപയോഗിച്ചാണ് ദ്വീപു നിവാസികളുടെ അടിയന്തര മെഡിക്കല്‍ ആവശ്യങ്ങള്‍ നിര്‍വഹിച്ചിരുന്നത്. വരും വര്‍ഷത്തില്‍ ഇതിനു പൂര്‍ണ അവസാനമാകും. ദ്വീപിലേക്ക് സബ് മറൈന്‍ കേബിളുകള്‍ വലിച്ച് ഹൈ സ്പീഡ് ഇന്റര്‍നെറ്റ് ലഭ്യത നല്‍കുന്നതാണ് ഇപ്പോള്‍ നടക്കുന്ന മറ്റൊരു പദ്ധതി. കഴിഞ്ഞ ഓഗസ്ത് പതിനഞ്ചിന് ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തില്‍ ലക്ഷദ്വീപിന്റെ ഹൈസ്പീഡ് ഇന്റര്‍നെറ്റ് ലഭ്യത ആയിരം ദിവത്തിനുള്ളില്‍ പൂര്‍ത്തികരിക്കും എന്നും പ്രധാനമന്ത്രി ഉറപ്പു നല്‍കിയിരുന്നു. ദ്വീപിലുടനീളം വൈഫൈ ഹോട്‌സ്‌പോട്ടുകളും സൗജന്യമായി ബിഎസ്എന്‍എല്‍ നല്‍കി വരുന്നുണ്ട്.

കോവിഡ് കാലഘട്ടത്തില്‍ കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ ശ്രമഫലമായി ആയുഷ് ഹോസ്പിറ്റലും നിര്‍മിച്ചിരുന്നു. ലക്ഷദ്വീപിന്റെ അടിസ്ഥാന വികസനത്തിനും ദ്വീപു നിവാസികളുടെ ജോലിക്കും വരുമാനത്തിനും ആശ്രയമായ മത്സ്യബന്ധനം, ടൂറിസം എന്നീ മേഖലകളിലും നിരവധി പദ്ധതികളാണ് മോദി സര്‍ക്കാര്‍ നടപ്പിലാക്കിയത്.

ദീര്‍ഘ കാലം കോണ്‍ഗ്രസായിരുന്നു ലക്ഷദ്വീപിനെ പ്രതിനിധീകരിച്ച് പാര്‍ലമെന്റില്‍ എത്തിയിരുന്നത്. എന്നാല്‍, ഇപ്പോള്‍ എന്‍സിപിയുടെ എംപിയാണ് ലക്ഷദ്വീപില്‍ നിന്നും ഡെല്‍ഹിയില്‍ എത്തിയത്.

36 ദ്വീപുകളുടെ സമൂഹമായ ലക്ഷദ്വീപില്‍ ജനവാസമുള്ള പത്തോളം ദ്വീപുകളാണുള്ളത്. ഇവ തമ്മില്‍ പോലും കിലോമീറ്ററുകളുടെ അകലമുണ്ട്. ദ്വീപുകള്‍ തമ്മിലുള്ള ഗതാഗതം സുഗമമാക്കാനും മറ്റും നിരവധി യാത്രാസൗകര്യ പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കി ദ്വീപുകളിലെ റോഡുകളുടെ നിര്‍മാണവും പ്രത്യേക താല്‍പര്യമെടുത്ത് നിര്‍വഹിച്ചു.

ലക്ഷദ്വീപിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത കണക്കിലെടുത്ത് ഇവിടേയ്ക്ക് വിനോദ സഞ്ചാരികള്‍ വരുന്നതിന് വിലക്കുകള്‍ കാലാകാലങ്ങളായി ഉണ്ട്. മറ്റൊരു സംസ്ഥാനത്തേക്ക് പോകാനും ആവശ്യമില്ലാത്ത സ്‌പോണ്‍സര്‍ ലെറ്റര്‍ ആവശ്യമാണ്. ദ്വീപ് നിവാസികളുടെ സ്‌പോണ്‍സര്‍ഷിപ്പ് ലെറ്റര്‍ ഉണ്ടെങ്കില്‍ മാത്രമേ ലക്ഷദ്വീപ് യാത്രയ്ക്ക് അനുമതി ലഭിക്കു. ഇതിന് പരിഹാരം വേണമെന്ന് ഇവര്‍ പോലും ആവശ്യപ്പെട്ടിരുന്നു. കാലാകാലങ്ങളായി ഇതിന് അനുകൂലമായ തീരുമാനം എടുക്കാന്‍ വിസമ്മതിച്ചിരുന്ന കേന്ദ്ര സര്‍ക്കാര്‍ മോദിയുടെ ഭരണകാലത്ത് ഇതിന് അനുകൂലമായ നിലപാട് സ്വീകരിച്ചു. ആഭ്യന്ത്രര മന്ത്രിയായിരുന്ന രാജ്‌നാഥ് സിംഗ് ലക്ഷദ്വീപ് സന്ദര്‍ശത്തിനുള്ള നിയന്ത്രണങ്ങളില്‍ ഇളവു വരുത്താന്‍സന്നദ്ധനായി.

ടൂറിസം മേഖലയ്ക്ക് വളരെ സഹായകരമായ നിലാപടായിരുന്നു ഇത്.

എല്ലാ ദ്വീപുകളിലും സമ്പൂര്‍ണ സൗരോര്‍ജ്ജ വൈദ്യുതിയും മോദി സര്‍ക്കാരാണ് നടപ്പിലാക്കിയത്.

ഇത്തരത്തില്‍ ദ്വീപിന്റെ സമഗ്ര വികസനത്തിനായി മോദി സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന പദ്ധതികളുടെ സൗകര്യങ്ങള്‍ അനുഭവിച്ചുവരുന്ന ദ്വീപു നിവാസികളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വികാരം ഉണ്ടാകാന്‍ എന്താണ് കാരണം.

സിഎഎ, എന്‍ആര്‍സി വിഷയം വന്നപ്പോഴാണ് ലക്ഷദ്വീപില്‍ ബിജെപി സര്‍ക്കാരിനെതിരെ തിരിയാന്‍ ചില വിധ്വംസക ശക്തികള്‍ സംഘടിതമായി ശ്രമിച്ചത്. പുതിയ അഡ്മിനിസ്‌ട്രേറ്ററായി ചുമതലയേറ്റ പ്രഫുല്‍ പട്ടേല്‍ ഗുജറാത്തിലെ തന്റെ ആഭ്യന്തര മന്ത്രികാലത്തെ കാര്‍ക്കശ്യ നിലപാട് പുറത്തെടുത്തു. സിഎഎ, എന്‍ആര്‍സി വിഷയങ്ങളില്‍ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ അടങ്ങിയ ബോര്‍ഡുകള്‍ ദ്വീപില്‍ സന്ദര്‍ശനം നടത്തവെ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു.

ഇത് നീക്കം ചെയ്യാന്‍ പോലീസിന് അദ്ദേഹം നിര്‍ദ്ദേശം നല്‍കി. ഇതോടെയാണ് എസ്ഡിപിഐ, ജമാഅത് ഇസ്ലാമി തുടങ്ങിയ തീവ്രവര്‍ഗീയ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത് വ്ന്നത്. ഇവരില്‍ പലരേയും പോലീസ് അറസ്റ്റു ചെയ്തു.

തുടര്‍ന്ന് പ്രഫുല്‍ പട്ടേലിനെതിരായ ദുഷ്പ്രചാരണം ഇക്കൂട്ടര്‍ ആരംഭിച്ചു., മീഡിയവണ്‍ എന്ന ടിവി ചാനല്‍ ഇതിന് മുഖ്യപങ്ക് വഹിച്ചു.

ലക്ഷദ്വീപ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന രാജ്യാന്തര മയക്കുമരുന്ന് സംഘങ്ങളെ പിടികൂടിയതും കടല്‍വെള്ളരി പോലെ ഷെഡ്യുള്‍ഡ് വിഭാഗത്തില്‍പ്പെടുത്തിയിരിക്കുന്ന അപൂര്‍വ കടല്‍ വിഭവങ്ങളെ വന്‍തോതില്‍ കള്ളകടത്ത് നടത്തുന്ന സംഘങ്ങളേയും കോസ്റ്റുഗാര്‍ഡും വൈല്‍ഡ് ലൈഫ് ഉദ്യോഗസ്ഥരും ചേര്‍ന്ന് പിടികൂടി. അപൂര്‍വ കടല്‍വിഭവമായ കടല്‍ വെള്ളരി വന്‍തോതില്‍ കണ്ടുവരുന്ന ഇടമാണ് ലക്ഷദ്വീപ്. ഇവിടെ നിന്നും കടല്‍വെള്ളരിക്കള്ളക്കടത്ത് പിടികൂടിയതോടെ ചില ശക്തികള്‍ക്ക് തലവേദനയായി. ലക്ഷദ്വീപിന്റെ പേരിലുള്ള ഇപ്പോഴത്തെ അലമുറയിടല്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നതിനു പിന്നില്‍ ഇക്കൂട്ടരാണെന്ന് പോലും സംശയം ഉയരുന്നുണ്ട്.

മയക്കു മരുന്നു കേസില്‍ ലക്ഷദ്വീപ് നിവാസികളായ 25 പേരെ സിബിഐ അറസ്റ്റു ചെയ്തു. ശ്രീലങ്ക, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമുള്ള ഭീകരസംഘടനകള്‍ക്ക് ഈ മയക്കുമരുന്നു കടത്തില്‍ പങ്കുണ്ടെന്ന സംശയം ബലപ്പെടുകയാണ്.

പ്രഫുല്‍ പട്ടേല്‍ കൊണ്ടുവന്ന ചില പരിഷ്‌കാരങ്ങള്‍ ദ്വീപു നിവാസികള്‍ക്ക് ദ്രോഹകരമാണോ

ഇതിന്നിടയില്‍ പ്രഫുല്‍ പട്ടേലിന്റെ ചില ഭരണ പരിഷ്‌കാരങ്ങള്‍ അദ്ദേഹം നടപ്പിലാക്കാന്‍ ആലോചിച്ചു. ഇതില്‍
പഞ്ചായത്ത് ബില്‍
കന്നുകാലി സംരക്ഷണ ബില്‍
ആന്റിസോഷ്യല്‍ ആക്ടിവിറ്റീസ്പ്രിവന്‍ഷന്‍ ബില്‍
എന്നിവയാണ് വിവാദമായത്.

കന്നുകാലി സംരക്ഷണ ബില്‍ കരടു നിര്‍ദ്ദേശങ്ങള്‍ പൊതുജന സമക്ഷം വെച്ചു. ഇതില്‍ പൊതുജനങ്ങളുടെ അഭിപ്രായം അറിയാന്‍ അവസരം നല്‍കി.

കന്നുകാലികള്‍, അവ കൃഷിക്ക് അനുയോജ്യമാണെങ്കില്‍ അറക്കുന്നത് തടയുന്നതാണ് ബില്‍. പശു കാള , കിടാവ്, മൂരി എന്നി വിഭാഗങ്ങളെ മതചടങ്ങുകള്‍ക്ക് അറക്കുന്നതിനും വിലക്കുന്നതും ബില്ലില്‍ ഉണ്ട്. അറവു ശാലകള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തുന്നതിനും നിര്‍ദ്ദേശം ഉണ്ടായിരുന്നു. മാര്‍ച്ച് 28 വരെ ഇതിനു സമയം നല്‍കി. ഇതുുവരെ ഇക്കാര്യത്തില്‍ ഒരു തീരുമാനവും ഉണ്ടായിട്ടില്ല.

എന്നാല്‍, ബീഫ് നിരോധനം എന്ന പേരില്‍ വലിയ ഒച്ചപ്പാടുണ്ടാക്കുകയാണ് കോണ്‍ഗ്രസും ചില മുസ്ലീം സംഘടനകളും ചെയ്തത്. ലക്ഷദ്വീപിലെ ബിജെപി നേതാക്കളും ഇക്കാര്യത്തില്‍ ചില അഭിപ്രായ വ്യത്യാസം പ്രകടിപ്പിച്ചിട്ടുമുണ്ട്. ലക്ഷദ്വീപ് വികസന അഥോറിറ്റിയുടെ ഉടമസ്ഥതയിലുള്ള മുപ്പതു പശുക്കള്‍ മാത്രമുണ്ടായിരുന്ന ഫാം വലിയ ചെലവു മാത്രം നല്‍കുന്നതും ദ്വിപിലെ പാല്‍ ആവശ്യകതയ്ക്ക് ഉപകരിക്കുന്നില്ലെന്നും കണ്ട് ഫാം അടച്ചു പൂട്ടുകയും പകരം അമൂല്‍ കമ്പനിയുമായി ചേര്‍ന്ന് ധാരണ പത്രം ഒപ്പിടുകയും ചെയ്തത് വലിയ അഴിമതിയായാണ് ചിലര്‍ അവതരിപ്പിച്ചത്.

അമൂല്‍ എന്നത് ക്ഷീരകര്‍ഷകരുടെ സഹകരണ സ്ഥാപനമാണെന്ന് അറിയാത്തവരല്ല ഈ ദുഷ്പ്രചാരണം നടത്തുന്നത്. ആശയക്കുഴപ്പം ഉണ്ടാക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ദേശീയ സഹകരണ വികസന വകുപ്പുമായി ചേര്‍ന്നാണ് ലക്ഷദ്വീപ് വികസന അഥോറിറ്റി ധാരാണ പത്രം ഒപ്പിട്ടത്. വെള്ളാനകളെ ഒഴിവാക്കി കുറഞ്ഞ ചെലവില്‍ ദ്വിപിലാകെ പാല്‍വിതരണം കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് ചെയ്തത്.

പഞ്ചായത്ത് ബില്ലിലെ നിര്‍ദ്ദേശങ്ങളില്‍ രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ക്കുള്ളവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് നിര്‍ദ്ദേശം ഉള്ളതും മുസ്ലീം വിരുദ്ധ നിലപാടായി ചിത്രീകരിച്ചു. രാജ്യത്തെ പല സംസ്ഥാനങ്ങളിലും ഈ വ്യവസ്ഥ നിലവിലുണ്ട്.

നിലവില്‍ രണ്ട് കുട്ടികള്‍ ഉള്ളവര്‍ക്ക് ഈ നിയമം ബാധകമല്ലെന്നും കരട് നിര്‍ദ്ദേശങ്ങളില്‍ പറയുന്നുണ്ടെന്ന കാര്യവും വിമര്‍ശകര്‍ മറച്ചു വെച്ചു.

ആന്റി സോഷ്യല്‍ ആക്ടിറ്റിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട് ഗുണ്ടാ നിയമമായി ചിലര്‍ വ്യാഖ്യാനിച്ചു. ലക്ഷദ്വീപില്‍ കുറ്റകൃത്യങ്ങള്‍ കുറവാണെന്ന് ഇവര്‍ ക്രൈം ബ്യൂറോയുടെ കണക്കുകള്‍ ഉദ്ധരിച്ച് പറയുന്നു. എന്നാല്‍, ചിതറിക്കിടക്കുന്ന ദ്വീപുകളില്‍ കുറ്റകൃത്യം റിപ്പോര്‍ട്ടു ചെയ്യുന്നതിലെ പ്രോയോഗിക പരിമിതികള്‍ മൂലം ഇവ ഔദ്യോഗിക നിയമ വ്യവസ്ഥയുടെ പരിധിയില്‍ വരാതെ പലപ്പോഴും മഹല്ല് കമ്മറ്റികളുടേയും മറ്റു മധ്യസ്ഥതയില്‍ ഒത്തുതീര്‍പ്പാക്കി പോകുകയാണെന്നാണ് മാധ്യമങ്ങള്‍ തന്നെ മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രത്യേകിച്ച് പോസ്‌കോ കേസുകള്‍. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത നിരവധി സംഭവങ്ങളാണ് ഉണ്ടാകുന്നത്.

മയക്കു മരുന്നു കച്ചവടവും കടല്‍വെള്ളരി പോലെ അമൂല്യ കടല്‍വിഭവങ്ങളുടെ കടത്തും എല്ലാം നടക്കുന്നുണ്ട്. ഇതിനെതിരെയാണ് ആന്റിസോഷ്യല്‍ ആക്ട്റ്റിവീറ്റീസ് പ്രിവന്‍ഷന്‍ ബില്‍ നിര്‍ദ്ദേശിച്ചത്.

ഇതിനു സമാനമായ ആരോപണമാണ് ദ്വീപില്‍ മദ്യവില്‍പനയ്ക്ക് അനുമതി നല്‍കിയെന്ന വാദം.

നേരത്തെ തന്നെ ഒരു ദ്വീപില്‍ മദ്യവില്‍പനയ്ക്ക് അനുമതി നല്‍കിയിരുന്നു. പുതിയതായി മൂന്നു ദ്വീപില്‍ കൂടി മദ്യവില്‍പനയ്ക്ക് അനുമതി നല്‍കി. ഇവിടങ്ങളിലെ ടൂറിസ്റ്റ് റിസോര്‍്ട്ടുകളിലാണ് ബാറുകള്‍ക്ക് അനുമതി നല്‍കിയത്. സമ്പൂര്‍ണമദ്യനിരോധനമുള്ള ഗുജറാത്തില്‍ പോലും ആഡംബര ഹോട്ടലുകളില്‍ ബാര്‍ലൈസന്‍സ് നല്‍കിയിട്ടുണ്ട്.

ലക്ഷദ്വീപിനു തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന മാലദ്വീപ് ആഗോള ടൂറിസം രംഗത്ത്മികവ് കാട്ടുമ്പോഴാണ് ലക്ഷദ്വീപ് ടൂറിസം ഫ്രണ്ട്‌ലി അല്ലാത്തതിനാല്‍ വിഭവകഷി ഉപയോഗിക്കാനാകാതെ ബുദ്ധിമുട്ടുന്നത്. ദ്വീപിലെ ജനങ്ങള്‍ക്ക് തൊഴിലവസരവും ദ്വീപിന് വരുമാനവും ലഭിക്കുന്ന പദ്ധതികള്‍ക്കാണ് പ്രഫുല്‍ പട്ടേല്‍ തുടക്കം കുറിച്ചത്.

കോവിഡുമായി ബന്ധപ്പെട്ടും ചില ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ദ്വീപിലേക്ക് പുറമേ നിന്ന് വരുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ ക്വാറന്റൈന്‍ സംവിധാനം വേണ്ടെന്ന് വെച്ചത്. കേരളത്തിലും രാജ്യത്താകമാനവും നിയന്ത്രണങ്ങളില്‍ അയയവ് വരുത്തിയ സാഹചര്യത്തിലായിരുന്നു. കോവിഡ് കേസുകള്‍ ആദ്യ ഘട്ടത്തില്‍ റിപ്പോര്‍ട്ടു ചെയ്യാതിരുന്ന ലക്ഷദ്വീപില്‍ രണ്ടാം വരവില്‍ നൂറോളം പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു.

ഇതിനു കാരണം നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയതാണെന്നാണ് ചിലര്‍ ആരോപിക്കുന്നത്. കഴിഞ്ഞ ജൂണില്‍ തന്നെ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുകയും മറ്റും ചെയ്തിരുന്നു. കോറോണ ഇല്ലെന്ന പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് ഉള്ളവര്‍ക്ക ദ്വീപില്‍ പ്രവേശനം അനുവദിച്ചത് രാജ്യത്തെ മറ്റെല്ലാം സംസ്ഥാനങ്ങളിലും ഇതിനു സമാനമായ ഇളവുകള്‍ നടപ്പിലാക്കിയപ്പോള്‍ മാത്രമാണ്.

ചില മതസംഘടനകളുടെ ആഹ്വാന പ്രകാരം കോവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ പലരും വിസമ്മതിച്ചിരുന്നു. കോവിഡ് വാക്‌സിന്‍ വേസ്റ്റേജില്‍ ഏറ്റവും മുന്നില്‍ ലക്ഷദ്വീപുമായിരുന്നു. രാജ്യത്തെമ്പാടും നടപ്പിലാക്കിയ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചാണ് ലക്ഷദ്വീപിലും നിയന്ത്രണങ്ങള്‍ വരുത്തിയത്. എന്നാല്‍, ഒന്നാം വ്യാപനത്തില്‍ നിന്ന് രക്ഷപ്പെട്ട ലക്ഷദ്വീപ് നിവാസികള്‍ രണ്ടാം വരവിനെ അത്ര കാര്യമായി ഗൗനിച്ചില്ല. മറ്റിടങ്ങളില്‍ നിന്നും വരുന്നവരെ ക്വാറന്റൈനില്‍ ഇരുത്തണമെന്ന ആവശ്യമാണ് പൊതുവേ ഉയര്‍ന്നത്. ഇതിനിടെ യുപിയില്‍ നിന്നെത്തിയ ആംഡ് പോലീസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചത് ദ്വീപിലെ ആദ്യ കോവിഡ് രോഗിയായി മാറി. തങ്ങളുടെ ഇടത്തിലേക്ക് ആരും വരരുതെന്ന് ഏവരും തീരുമാനിച്ചിരുന്നുവെങ്കില്‍ ഇന്ത്യയില്‍ ഒരിക്കലും ഒരിടത്തും കോവിഡ് വ്യാപിക്കുകയില്ലായിരുന്നുവെന്നതാണ് വസ്തുത. വാണിജ്യവും മറ്റ് ഇടപാടുകളും സാധാരണഗതിയിലാകുകയും ഒപ്പം കോവിഡ് മാനദണ്ഡങ്ങളില്‍ ഇളവുകള്‍ വരുത്തുകയും വാക്‌സിന്‍ നല്‍കുകയും ചെയ്താണ് ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും എല്ലാം മഹാമാരിയെ അതിജീവിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍, ക്വാറന്റൈന്‍ ഇളവ് നല്‍കിയതിനെതിരെ ഒരു കൂട്ടം മതവിദ്യാര്‍ത്ഥി സംഘടനകള്‍ പ്രക്ഷോഭം ആരംഭിക്കുകയാണ് ഉണ്ടായത്.

മറ്റെല്ലാ സംസ്ഥാനങ്ങളെയും പോലെ കോവിഡ് ഇളവുകള്‍ നടപ്പിലാക്കുകയാണ് താന്‍ ചെയ്തതെന്നും ദേശീയ പ്രോട്ടോക്കോളാണ് പാലിച്ചതെന്നും പ്രഫുല്‍ പട്ടേല്‍ പറഞ്ഞുവെങ്കിലും അഡ്മിനിസ്ട്രറ്ററുടെ ഏകാധിപത്യ നടപടിയായി ഇതിനെ ചിലര്‍ വ്യാഖ്യാനിച്ച് പ്രതിഷേധം തുടരുകയായിരുന്നു.

ബേപ്പൂര്‍ തുറുമുഖവുമായി ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് അവിടുത്തെ എംപിയുടെ തന്നെ പ്രസ്താവന ഉത്തരമായതും ഇതിനിടയിലാണ്. ബേപ്പൂര്‍ തുറുമുഖം ഒഴിവാക്കി മംഗലാപുരത്ത് നിന്ന് ചരക്കുകളും മറ്റു കയറ്റുമതി ചെയ്യുന്നത് വിവാദമാക്കിയവര്‍ക്ക് തിരിച്ചടിയായി ഇത് മാറി.

ബേപ്പുര്‍ തുറുമുഖത്ത് മതിയായ സൗകര്യങ്ങള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് എംപി ഉള്‍പ്പെടുന്നവര്‍ ആവശ്യപ്പെട്ടിട്ടാണ് മംഗാലാപുരം തുറുമുഖത്ത് നിന്ന് ചരക്കുകപ്പലുകള്‍ ലക്ഷദ്വീപിലേക്ക് സര്‍വ്വീസ് നടത്തിയത്. ഇതില്‍ വലിയ നഷ്ടം നേരിട്ട ചിലരാണ് ചില ചാനലുകളുടെ സഹായത്തോടെ ഇത് വിവാദമാക്കിയത്. എന്നാല്‍, ഇതും പൊളിഞ്ഞു

ലക്ഷദ്വിപിലെ ലാന്‍ഡ് അമെന്ഡ്ബില്‍ പോലും ചിലര്‍ ദുര്‍വ്യാഖ്യാനം ചെയ്തു. ദേശീയ പാത അഥോറിറ്റിക്ക് പാതവികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നതിനു മാത്രമായാണ് ഈ ബില്‍ നിര്‍ദ്ദേശം കൊണ്ടുവന്നത്. എന്നാല്‍, ലക്ഷദ്വീപ് നിവാസികളുടെ സ്ഥലം മുന്നറിയിപ്പ് ഇല്ലാതെയും എതിര്‍പ്പ് വകവെയ്ക്കാതെയും ലക്ഷദ്വീപ് വികസന അഥോറിറ്റിക്ക് ഏതു ഭൂമിയും ഏറ്റെടുക്കാനുള്ള അനുമതിയായി ഇതിനെ ചിലര്‍ വ്യാഖ്യാനിച്ചു. ലക്ഷദ്വീപില്‍ എന്തിനാണ് വലിയ പാതകള്‍ എന്നു പോലും ചോദ്യം ഉയരുന്നുണ്ട്.

ജനങ്ങളുടെ അഭിപ്രായം കേട്ടറിഞ്ഞ ശേഷമേ അന്തിമ തീരുമാനം എന്തിലും കൈകൊള്ളുവെന്ന് പ്രഫുല്‍ പട്ടേല്‍ പറയുമ്പോഴും വിമര്‍ശനം ഉന്നയിക്കുന്ന ഒരാളും തന്നോട് ചര്‍ച്ചയ്ക്ക് അനുമതി പോലും ഇതുവരെ ചോദിച്ചിട്ടില്ലെന്നും ഏവരുടേയും ആശങ്കകള്‍ ദുരീകരിക്കാന്‍ താന്‍ തയ്യാറാണെന്നും രാജ്യത്തെ ഭരണഘടന അനുശാസിക്കുന്ന നിയമങ്ങള്‍ അല്ലാതെ തന്റെ ഇഷ്ടപ്രകാരം ഒരു കരിനിയമവും നടപ്പിലാക്കുകയില്ലെന്നും പ്രഫുല്‍ പട്ടേല്‍ പറയുന്നു.

ഇക്കോ ഫ്രണ്ട്‌ലി മറൈന്‍ ഫിഷറീസ് ആക്ട് 2000 അനുസരിച്ച് തീരത്തിനടുത്ത് പണികഴിപ്പിച്ച ഷെഡ്ഡുകളാണ് പൊളിച്ചു കളഞ്ഞത്. ലക്ഷദ്വീപ് ഫിഷറീസ് ഡിപ്പാര്‍ട്ടുമെന്റ് മത്സ്യബന്ധനം നടത്തുന്നവര്‍ക്ക് ബോട്ടുകളും മിന്‍പിടിത്ത ഉപകരണങ്ങളും നല്‍കുന്ന പദ്ധതികള്‍ , മത്സ്യസംസ്‌കരണ പ്ലാന്റുകള്‍ക്കുള്ള ധനസഹായം, ഐസ് ബോക്‌സുകള്‍, ഡീപ് ഫ്രീസറുകള്‍ വാങ്ങിക്കാനുള്ള ധനസഹായം ഇന്‍ബോര്‍ഡ്, ഓണ്‍ബോര്‍ഡ് എഞ്ചിനുകള്‍ വാങ്ങാനുള്ള ധനസഹായം എല്ലാം നല്‍കുമ്പോഴാണ് അനധികൃതമായി നിര്‍മിച്ച ചില ഷെഡ്ഡുകള്‍ പൊളിച്ചു നീക്കിയത് ദ്വീപ് നിവാസികള്‍ക്കെതിരായ നീക്കമെന്ന് ദുര്‍വ്യാഖ്യാനിക്കുന്നത്.

ലക്ഷദ്വീപിലെ ഈ പുതിയ സാഹചര്യത്തെ ദുരുപയോഗം ചെയ്ത് മോദി സര്‍ക്കാരിനെതിരെ ഹീനമായ മറ്റൊരു ദുഷ്പ്രചാരണ ക്യാംപെയിന്‍ നടത്തുക മാത്രമാണ് ഈ വിഷയം ഉയര്‍ത്തിക്കൊണ്ടുവരുന്നവരുടെ ലക്ഷ്യം. ദ്വീപിലെ ബഹുഭൂരിപക്ഷം ജനതയും തന്റെ നിര്‍ദ്ദേശങ്ങളോട് അനുഭാവപൂര്‍ണമായാണ് പ്രതികരിച്ചതെന്നും അഭിപ്രായവ്യത്യാസമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് അവുരടെ ആശങ്കകള്‍ പരിഹരിച്ച് മാത്രം നടപ്പിലാക്കുകയുള്ളുവെന്നും താന്‍ താല്‍ക്കാലിക ചുമതല മാത്രമാണ് ലക്ഷദ്വീപില്‍ വഹിക്കുന്നതെന്നും പ്രഫുല്‍ പട്ടേല്‍ പറയുന്നു.

കഴിഞ്ഞ ഏഴുവര്‍ഷമായി തുടര്‍ച്ചയായി കേന്ദ്രഭരണത്തിലുള്ള ബിജെപിക്ക് ഇതുവരെ തോന്നാതിരുന്ന തങ്ങളുടെ അജണ്ട നടപ്പാക്കല്‍ പൊടുന്നനെ അഞ്ചുമാസം കൊണ്ട് തോന്നിയെന്നത് വിശ്വസിക്കാന്‍ സാമാന്യബുദ്ധിയുള്ള ആരും തയ്യാറാവില്ല.

മുസ്ലീം ജനസംഖ്യയുടെ കണക്ക് കാണിച്ച് അവിടെ അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ നോക്കി വേണം ഭരണം നടത്താനെന്നും മറ്റുമുള്ള വ്യാഖ്യാനം നല്‍കുന്നവര്‍ ഭരണഘടനയേയും ജനാധിപത്യസംവിധാനത്തേയും ചോദ്യം ചെയ്ത് മതരാഷ്ട്രസങ്കല്‍പ്പത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് മനസ്സിലാക്കുന്നില്ല. ബിജെപി മോദി വിരോധം മൂത്ത് ചില മതതീവ്രവാദ സംഘടനകളുടെ വളര്‍ച്ചയ്ക്കും അവര്‍ക്ക് മുതലെടുപ്പിനുമുള്ള അവസരം ഉണ്ടാക്കുകയുമാണ് ഇവര്‍ ചെയ്യുന്നതെന്നും മനസ്സിലാക്കേണ്ടതുണ്ട്.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ അഞ്ഞൂറില്‍ താഴെ വോട്ടുകള്‍ മാത്രമുള്ള സിപിഎം ലക്ഷദ്വീപ് വിഷയത്തില്‍ കാണിക്കുന്ന അതിതാല്‍പര്യം എസ്ഡിപിഐ പോലുള്ള ചില തീവ്രമുസ്ലീം സംഘടനകള്‍ക്ക് മുതലെടുക്കാന്‍ ഒത്താശ ചെയ്യുന്നതായാണ് സംശയിക്കേണ്ടത്.

രാജ്യത്തെ സംബന്ധിച്ചിടത്തോളം തന്ത്രപ്രധാനമായ ഇടമായ ലക്ഷദ്വീപിന്റെ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ശക്തമായ ഇടപെടലുകളും ദ്വിപിലെ ജനങ്ങളുടേ ക്ഷേമവും സംരക്ഷണവും സര്‍വ്വോന്‍മുഖമായ വികസനവും ഉറപ്പാക്കുക തന്നെ ചെയ്യുമെന്നുമാണ് നിരീക്ഷകര്‍ വിലിയിരുത്തുന്നത്.

ദ്വീപില്‍ ബിജെപി വളര്‍ന്നു വരുന്നതാണ് ചിലരെ അലോസരപ്പെടുത്തുന്നത്. കേന്ദ്രസര്‍ക്കാരിന്റെ നിരവധി പദ്ധതികള്‍ ദ്വീപുനിവാസികള്‍ക്ക് വളരെയധികം ഗുണകരമായതും അടിസ്ഥാന സൗകര്യവികസനവും എല്ലാം ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ വിവാദങ്ങളും പ്രതിഷേധങ്ങളും നോക്കിക്കാണേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here