അടുത്ത കാലത്ത് ഹിന്ദുത്വത്തെപ്പറ്റി വിവാദങ്ങൾ സൃഷ്ടിക്കാൻ പല ബുദ്ധികേന്ദ്രങ്ങളിൽ നിന്നും തുടർച്ചയായ ശ്രമങ്ങൾ നടക്കുന്നതായി നമുക്കറിയാം. ഇതിന്റെ പിന്നിൽ മതപരമായ കാരണങ്ങൾക്ക് ഉപരിയായി കൂടുതലും രാഷ്ട്രീയ ലക്ഷ്യങ്ങൾ ആണെന്ന് സാമാന്യമായി മനസിലാക്കാം.
ഇന്ത്യ ഭരിക്കുന്ന ബിജെപി എന്ന രാഷ്ട്രീയപാർട്ടിയുടെ ശക്തികേന്ദ്രം രാഷ്ട്രീയ സ്വയം സേവക് സംഘ് എന്ന മഹത്തായ പ്രസ്ഥാനമാണ്. ഹിന്ദുത്വം എന്ന തത്വശാസ്ത്രത്തിൽ ആധാരമായാണ് സംഘം പ്രവർത്തിക്കുന്നത്. ഹിന്ദുത്വത്തെ ആക്രമിക്കാൻ ശ്രമിക്കുന്നവർ ലക്ഷ്യമിടുന്നത് സംഘിനെയും അതിലൂടെ ബിജെപി എന്ന രാഷ്ട്രീയ പാർട്ടിയെ നിഷ്പ്രഭമാക്കാനും ആണ്. അതിനായി അവർ മുന്നോട്ട് വെക്കുന്ന വാദം ഹിന്ദുയിസവും ഹിന്ദുത്വവും ഒന്നല്ല, മറിച്ച് വ്യത്യസ്ഥങ്ങളായ തത്വശാസ്ത്രങ്ങൾ ആണെന്നും അതിൽ ഹിന്ദുത്വം വെറുക്കപ്പെടേണ്ടതും നിരാകരിക്കപ്പെടേണ്ടതുമാണ് എന്നതാണ്.
ഹിന്ദുത്വമാണ് ഇന്ത്യൻ ഭരണഘടനയുടെ ആത്മാവെന്നും ഹിന്ദു, ഹിന്ദുയിസം,ഹിന്ദുത്വം ഇവയെല്ലാം ഒരേ അർത്ഥവ്യാപ്തിയുള്ള പ്രയോഗങ്ങൾ ആണെന്നും, ഇക്കാര്യം പല അവസരങ്ങളിൽ സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് അടക്കം വിധിന്യായങ്ങളിൽ പറഞ്ഞിട്ടുള്ളതും നമുക്ക് അറിയാവുന്നതാണ്. എന്നിരുന്നാലും ഹിന്ദുത്വത്തെ ആക്രമിക്കാൻ ശ്രമിക്കുന്നവരുടെ ഇപ്പോഴത്തെ വാദങ്ങൾ നമുക്കൊന്ന് പരിശോധിക്കാം
1. ഹിന്ദുയിസമെന്നത് ഇന്ത്യയിലെ വ്യത്യസ്തമായ പല സംസ്കാരങ്ങളുടെയും സമ്പ്രദായങ്ങളുടെയും ഒരു മഹത്തായ സമന്വയം ആണ്. വ്യത്യസ്തമായ തായ്‌വഴികൾ ഉള്ള ഹിന്ദുയിസത്തിന് ഒരു സൃഷ്ടാവില്ല എന്നാൽ ഏകഭാവമുള്ള ഹിന്ദുത്വം സാവർക്കർ സൃഷ്ടിച്ചതാണ്. വാദത്തിനുവേണ്ടി ഹിന്ദുത്വം ഏകഭാവമുള്ള തത്വശാസ്ത്രം ആണെന്ന് സമ്മതിച്ചാൽത്തന്നെ വ്യക്തികളാൽ സ്ഥാപിതമായ ഏകഭാവമുള്ള സെമിറ്റിക്കൽ മതങ്ങൾ എല്ലാം വെറുക്കപ്പെടേണ്ടതും നിരാകരിക്കപ്പെടേണ്ടതുമാണെന്ന് സമ്മതിക്കേണ്ടിവരും.
2 . ഹിന്ദുയിസമെന്നത് അതിപുരാതനമായ ഒരു മതമാണ്. അതുമായി തുലനം ചെയ്യുമ്പോൾ ഹിന്ദുത്വം രൂപംകൊണ്ടത് 1923 മാത്രമാണ്. പഴക്കമാണ് ഒരു തത്വശാസ്ത്രത്തിന്റെ മഹത്വം എന്നാണ് വാദമെങ്കിൽ ഹിന്ദുയിസത്തിന് ശേഷം രൂപംകൊണ്ട മതങ്ങളേക്കാൾ എല്ലാം ശ്രേഷ്ഠമായത് ഹിന്ദുമതം ആണെന്ന് സമ്മതിക്കേണ്ടിവരും.
3 . വേദങ്ങളും ഉപനിഷത്തുകളും അടക്കം ഹിന്ദുയിസത്തിന് ഒന്നല്ല അനേകം മഹത്ഗ്രന്ഥങ്ങൾ ഉണ്ട്. എന്നാൽ ഹിന്ദുത്വത്തിന് 1928 എഴുതിയ “ആരാണ് ഹിന്ദു ? ” എന്ന ഒരു ഗ്രന്ഥമേ ഉള്ളു. ഒരു ഗ്രന്ഥം മാത്രമുള്ള ഹിന്ദുത്വം വെറുക്കപ്പെടേണ്ടതാണെങ്കിൽ , ഒരു ഗ്രന്ഥം മാത്രമുള്ള സെമിറ്റിക്ക് മതങ്ങളും വെറുക്കപ്പെടേണ്ടതല്ലേ?
4 . ഹിന്ദുയിസം ബഹുസ്വരതയുള്ളതാണ്. ഏത് മതത്തെയും ചിന്താധാരയെയും ഉൾക്കൊള്ളാൻ അതിന് കഴിയും. എന്നാൽ ഹിന്ദുത്വം ഇസ്ലാമിനെയും ക്രിസ്‌ത്യാനിറ്റിയെയും പോലെ ഏകസ്വരമാണ് . ഏകസ്വരമായ ഹിന്ദുത്വത്തെ നിരാകരിക്കണമെങ്കിൽ ഏകസ്വരമായ ഇസ്ലാമിനെയും ക്രിസ്‌ത്യാനിറ്റിയെയും നിരാകരിക്കേണ്ടി വരും.
5 . ഹിന്ദുയിസം എല്ലാത്തിനെയും ഉൾക്കൊള്ളുന്നു . വിശ്വാസിയെയും അവിശ്വാസിയെയും ഹിന്ദുവിന് ഉൾക്കൊള്ളാൻ കഴിയും. എന്നാൽ ഹിന്ദുത്വത്തിന് മറ്റ് വിശ്വാസധാരകളെ ഉൾക്കൊള്ളാൻ കഴിയില്ല . മറ്റ് വിശ്വാസധാരകളെ ഉൾക്കൊള്ളാൻ കഴിയാത്ത ഹിന്ദുത്വത്തെ നമ്മൾക്ക് തള്ളിപ്പറയാമെങ്കിൽ അവിശ്വാസികളെയും അപരവിശ്വാസികളെയും ഉൾക്കൊള്ളാൻ കഴിയാത്ത ഇസ്ലാമിനെയും ക്രിസ്‌ത്യാനിറ്റിയെയും നമ്മൾ തള്ളിപ്പറയേണ്ടേ?
ചുരുക്കിപ്പറഞ്ഞാൽ ഹിന്ദുത്വത്തെ ഭീകരവൽക്കരിക്കാൻ ഇറങ്ങിയവർ , അവർ അറിയാതെതന്നെ സെമിറ്റിക്ക് മതങ്ങളുടെ പൊള്ളത്തരമാണ് തുറന്നുകാട്ടിയത് . അതായത് ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു എന്ന് പറയാം!