ഹിന്ദുത്വം ഈ നാടിനെ രക്ഷിക്കുന്ന പരിച!

”ഇരുപത്തൊന്നാം നൂറ്റാണ്ടിലും നിങ്ങള്‍ക്ക് മതം മാത്രമേ പറയാനുള്ളോ ??”

ഒരു ഡിബേറ്റിലിറങ്ങിയാല്‍ ആദ്യ മിനിറ്റുകളില്‍ തന്നെ തിരിച്ചു വരുന്ന ചോദ്യമാണ്…വളരെ റിലവന്‍റ് ആയ ചോദ്യമാണ്. ചോദ്യത്തിനെ എല്ലാ ബഹുമാനത്തോടെയും മെറിറ്റിലും സ്വീകരിച്ചു കൊണ്ട് മറുപടി പറയാം. ഭാരതം എന്ന സ്വതന്ത്ര പരമാധികാര രാജ്യത്തിന്‍റെ പൊസിഷനിങ് അധിനിവേശ സ്വഭാവമുള്ള നാലു മത രാജ്യങ്ങളുടെ നടുക്കാണ്. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ചൈന എന്നീ മത രാജ്യങ്ങള്‍.

ചൈന മത രാജ്യമല്ലല്ലോ എന്ന ചോദ്യം സ്വാഭാവികമായും വരും. ചൈന എല്ലാ അര്‍ത്ഥത്തിലും മത രാജ്യമാണ്. മതത്തിന്‍റെ പേര് കമ്മ്യൂണിസം എന്നാണെന്ന് മാത്രം. ഞങ്ങള്‍ പറയുന്നത് മാത്രം ശരി എന്ന നയം സ്വീകരിച്ച് എതിര്‍ക്കുന്നവരെ ടാങ്ക് കയറ്റി കൊന്നും, അവിശ്വാസികളെ ബൂര്‍ഷ്വ എന്നു വിളിച്ചും ഒക്കെ തങ്ങളുടെ ഏകാധിപത്യ രാജ്യം സ്ഥാപിക്കുകയും മറ്റുള്ള സ്ഥലങ്ങളിലേക്ക് അധിനിവേശം ചെയ്യാനും കൂട്ടക്കുരുതി നടത്താനും ഒരു മടിയും കാണിക്കാത്ത കമ്മ്യൂണിസ്റ്റ് മത രാജ്യം തന്നെയാണ് ചൈന.

പാകിസ്ഥാനെ കുറിച്ചും റാഡിക്കല്‍ ഇസ്ലാമിനെ കുറിച്ചും ഒരു വിവരണത്തിന്‍റെയും ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. അപ്പോള്‍ ഇതിനു നടുവില്‍ സ്ഥിതി ചെയ്യുന്ന ജനാധിപത്യ രാജ്യമാണ് ഭാരതം. എത്ര ഭാഷകള്‍ ഇവിടെ സംസാരിക്കുന്നുണ്ടെന്ന് ചോദിച്ചാല്‍ ഗൂഗിള്‍ ചെയ്യാതെ പെട്ടെന്ന് പറയാന്‍ പോലും ബുദ്ധിമുട്ടാണ്. അത്രയധികം വൈവിധ്യങ്ങളുള്ള ഈ രാഷ്ട്രത്തെ ഒരൊറ്റ രാഷ്ട്രമാക്കി നിലനിര്‍ത്തിയിരിക്കുന്നത് ഹൈന്ദവ സംസ്കാരമാണ്. ആ സാംസ്കാരിക അടിത്തറയിലാണ് ഈ രാഷ്ട്രത്തിന്‍റെ ഏകത ഉറച്ചിരിക്കുന്നത്. അത് നശിച്ചാല്‍ തീര്‍ത്തും സ്വത്വ ബോധമില്ലാത്ത ഒരു ജനത ബാക്കിയാകും. അങ്ങനെ ആയാല്‍ തങ്ങളുടേതായ ഒരു മത രാജ്യ നിര്‍മ്മാണം നടത്താന്‍ റാഡിക്കല്‍ ഇസ്ലാമിനോ കമ്മ്യൂണിസത്തിനോ ബുദ്ധിമുട്ടില്ല. അത് നന്നായി അറിയാവുന്നതും അവര്‍ക്കാണ്.

മുഗളിസ്ഥാന്‍ എന്ന പകുതിയ്ക്ക് നിന്നു പോയ ലക്ഷ്യവും, ചൈന ഇന്ത്യയെ പിടിച്ചെടുത്ത് ഇത് ചൈനയുടെ സാമന്ത രാജ്യമാക്കുന്ന സ്വപ്നം കാണുന്നവരും എല്ലാം നമുക്ക് ചുറ്റും തന്നെയുണ്ട്. അതുകൊണ്ടാണ് നിരന്തരം ഹൈന്ദവമായ ഉത്സവങ്ങളെയും ആചാരങ്ങളെയും അവര്‍ ആക്രമിക്കുന്നത്. ഇനി അവരുടെ ആ ആക്രമണം വിജയിച്ചു എന്നിരിക്കട്ടെ, ഒരു വലിയ പ്രദേശത്തെ ഒരു വലിയ വിഭാഗം ജനത ആ ട്രാപ്പില്‍ വീണു. അവര്‍ക്ക് ഈ സംസ്കാരത്തോടു അതിയായ പുച്ഛം തോന്നുന്നു, ചാണകങ്ങളാണെന്ന പ്രതീതി തോന്നുന്നു. അതോടു കൂടി രാഷ്ട്രത്തോടുള്ള വൈകാരികതയും കൂറും അവസാനിക്കും.

ഒരു വൈദേശിക ആക്രമണം, അതു ബൗദ്ധികമോ, സാംസ്കാരികമോ, ആയുധപരമോ ആയാലും അതിനോടു നിസ്സംഗത പുലര്‍ത്തുകയും ”നമുക്കെന്ത്, ആരോ എന്തോ ചെയ്യട്ടെ.. ” എന്ന ഷണ്ഠീകരണത്തിലേക്കും ജനത വഴിമാറും. ആ ജനതയെ സാംസ്കാരികമായി മറ്റൊന്നാക്കാന്‍ എളുപ്പമാകും. കാരണം അവരില്‍ ഒരു തരത്തിലുള്ള ആശയവും നിലവിലില്ല. അങ്ങനൊരു ജനത പൂര്‍ണ്ണമായി മത പരിവര്‍ത്തനം ചെയ്യപ്പെട്ടാല്‍ പിന്നെ ഉണ്ടാകുന്നത് പാകിസ്ഥാനോ ചൈനയോ പോലെ മറ്റൊരു മത രാജ്യം മാത്രമാണ്. പിന്നൊരിക്കലും സ്വതന്ത്രമായി ചിന്തിക്കാന്‍ സാധിക്കാത്ത, ഒരു തരത്തിലുള്ള സ്വാതന്ത്ര്യങ്ങളും അനുവധിക്കാത്ത ഒരു മത രാജ്യം.

അത്തരം ഒന്ന് ഉണ്ടാകാതിരിക്കാനാണ് ഹൈന്ദവതയ്ക്ക് മേലുള്ള ഓരോ കടന്നുകയറ്റങ്ങളെയും ചോദ്യം ചെയ്യുന്നത്, മതം പറയേണ്ടി വരുന്നത്. അല്ലാതെ മത രാജ്യം ഉണ്ടാക്കാന്‍ ഹിന്ദുവിനോ സംഘികള്‍ക്കോ ഒരു താത്പര്യവും ഉണ്ടായിട്ടല്ല. മത രാജ്യം ഉണ്ടാക്കാന്‍ ഒരു ശ്രീരാമനും ആവശ്യപ്പെട്ടിട്ടും ഇല്ല .ഹിന്ദുത്വം ഈ നാടിന്‍റെ ഷീല്‍ഡാണ്, അതിനെ മറികടക്കുക എന്നതാണ് അവരുടെ ആവശ്യം. ആ ഷീല്‍ഡാണ് എന്‍റെ നാടിന്‍റെ സ്വാതന്ത്ര്യം ഉറപ്പിക്കുന്നത്. അതിനെ നശിപ്പിക്കുന്നത് മാനവികതയെ തകര്‍ക്കലാണ്.

സ്വാതന്ത്ര്യം എന്‍റെ ജന്മാവകാശമാണ്. അതിനെ സംരക്ഷിക്കേണ്ടത് എന്‍റെ കടമയും. അതുകൊണ്ട് എനിക്ക് മതം പറയേണ്ടി വരും.

ധര്‍മ്മോ രക്ഷതി രക്ഷിതഃ.

LEAVE A REPLY

Please enter your comment!
Please enter your name here