ഈ ഹിന്ദു എന്താ ഇങ്ങനെ?

4

മഹാഭാരത യുദ്ധത്തിനു ശേഷം ഹസ്തിനാപുരിയിലെ മന്ത്രിപദം വിട്ടിറങ്ങിയ വിദുരര്‍ അളകാനന്ദയുടെ തീരത്ത് ധ്യാനിക്കാന്‍ എത്തിയ ഉദ്ധവരെ കാണാന്‍ ഇടയായി. ശ്രീകൃഷ്ണനില്‍നിന്ന് ആത്മോപദേശം ലഭിച്ച ഉദ്ധവര്‍ പൂര്‍ണധന്യനായി കാണപ്പെട്ടു. അവരുടെ സംസാരത്തിനിടയില്‍ യാദവരുടെ അവസ്ഥ വിഷയമായി. ഭഗവാന്‍ തന്നെ അവതാരമെടുത്തത് അവര്‍ക്കിടയില്‍ ജീവിച്ചിട്ടും, ശ്രീകൃഷ്ണനെ വെറും ഇടയച്ചെറുക്കനായ് കണ്ടു യാദവര്‍. ചന്ദ്രബിംബത്തെ കുളത്തിലെ മീനുകള്‍ മറ്റൊരു ജലജീവിയായി കണ്ടപോലെ. ആത്മതത്വം മനുഷ്യരൂപത്തില്‍ 120 വര്‍ഷം ജീവിച്ചിട്ടും, അത് ഉപയോഗപ്പെടുത്തി ജീവന്മുക്തി നേടാന്‍ ശ്രമിക്കാതെ എന്തിനൊക്കെയോവേണ്ടി തമ്മില്‍തല്ലി ചത്തൊടുങ്ങി അവരില്‍ വലിയൊരുപങ്ക്.

ഇന്ന് ഹിന്ദുവിന്‍റെ അവസ്ഥയും അന്നത്തെ യാദവരുടേതിനു സമാനം. ഋഷിപ്രോക്തമായ ജ്ഞാനം വേദങ്ങളുടെയും, ഉപനിഷത്തുകളുടെയും രൂപത്തില്‍ സുലഭമായിട്ടും ജാതിയുടെയും രാഷ്ട്രീയത്തിന്‍റെയും പേരില്‍ തമ്മില്‍തല്ലുകയാണ്. ക്ഷേത്രദര്‍ശനവും പൂജയും ഭൗതിക നേട്ടങ്ങള്‍ക്കുള്ള ഉപായം മാത്രമാവുമ്പോള്‍, ഭക്തി കച്ചവടമാവുന്നത് സ്വാഭാവികം. വേദസാരം ടിവി സീരിയലില്‍ ഒതുങ്ങുമ്പോള്‍ മഹാവാക്യങ്ങള്‍ വെറും ജലജീവികള്‍.

ഭാരതം ഇന്ത്യയാവുന്നതിനു മുന്‍പേ ലോകം നമ്മെ കണ്ടിരുന്നത് ആത്മജ്ഞാനത്തിന്‍റെ ജന്മനാടായാണ്. ഷികാഗോ പ്രസംഗത്തിത്തിലൂടെ വിവേകാനന്ദന്‍ നമ്മുടെ ദര്‍ശനങ്ങളെ ലോകത്തില്‍ എത്തിക്കുന്നത് 1893ലാണ്. അതിനും എത്രയോമുന്‍പ് നമുക്കിവിടെ ശങ്കരന്‍ ഉണ്ടായിരുന്നു, ബുദ്ധന്‍ ഉണ്ടായിരുന്നു. ഇവര്‍ പുറംലോകം അറിഞ്ഞ ചുരുക്കംചില മനുഷ്യര്‍, ആ ജ്ഞാനം പ്രകാശിപ്പിച്ച പ്രവാചകര്‍. ഇന്നും നമുക്കിടയില്‍ ഇത്തരം ജ്ഞാനികള്‍ ഉണ്ട്, അറിയപ്പെടുന്നില്ല എന്നേ ഉള്ളു. ആ അറിവ് നമ്മുടെ ഗ്രന്ഥങ്ങളുടെ രൂപത്തില്‍ ഇന്നും ലഭ്യമാണ്. പക്ഷെ എത്രപേര്‍ക്ക് അറിയുന്നു, അറിയാന്‍ ആഗ്രഹിക്കുന്നു? നിങ്ങളുടെ മതഗ്രന്ഥം ഏത് എന്ന് ഒരു മുസ്ലിം കുട്ടിയോട്, അല്ലെങ്കില്‍ ക്രിസ്ത്യന്‍ കുട്ടിയോട് ചോദിച്ചാല്‍ ശരിയുത്തരം കിട്ടും. ഒരു ഹിന്ദു കുട്ടിയോട് ചോദിച്ചാലോ? കുട്ടി വേണ്ട, ‘ലിബറല്‍’ ആയ ഒരു യുവാവിനോട് ചോദിച്ചാല്‍ ശരിയുത്തരം കിട്ടുമെന്ന് ഉറപ്പുണ്ടോ? ശ്രുതി, സ്മൃതി, ഐതിഹ്യം എന്ന് മൂന്നായി തിരിക്കാവുന്ന ഗ്രന്ഥങ്ങളില്‍, ടിവി സീരിയലുകളാക്കപ്പെട്ട രാമായണവും, മഹാഭാരതവും അറിയുന്നവര്‍ ധാരാളം ഉണ്ടാവാം. ഭഗവത്ഗീതയും ഭാഗവതവും ഒന്നല്ലേ എന്ന് സംശയം ചോദിക്കുന്നവര്‍ ഇല്ലേ? ഉപനിഷത്തുകള്‍ എത്ര, അവയില്‍ മുഖ്യമായ പത്തെണ്ണം ഏതെന്നറിയുന്നവര്‍ എത്രപേര്‍?

Related image
ടീവി സീരിയലുകളിൽ ഒതുങ്ങുന്ന ആത്മീയത

മറ്റെല്ലാ മതങ്ങളിലും വിശ്വാസികളെ നിയന്ത്രിക്കാന്‍ കഴിവുള്ള അധികാര സ്ഥാപനങ്ങള്‍ ഉണ്ട്. ഇവര്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും കുട്ടികള്‍ക്ക് അവരവരുടെ ഗ്രന്ഥങ്ങള്‍ പഠിപ്പിക്കുകയും, അങ്ങിനെ വിശ്വാസം അവരില്‍ ഊട്ടിഉറപ്പിക്കുകയും ചെയ്യുന്നു.ഹിന്ദു അങ്ങിനെ ആണോ? എത്രയെത്ര ക്ഷേത്രങ്ങള്‍ നമുക്കുണ്ട്. മറ്റു മതങ്ങളെപ്പോലെ ആഴ്ചയില്‍ ഒരിക്കല്‍ നമ്മുടെ കുട്ടികളെ ക്ഷേത്രാങ്കണങ്ങളില്‍ വിളിച്ചിരുത്തി വേദസാരം പറഞ്ഞുകൊടുക്കരുതോ? ഭൗതിക വിജയമല്ല വിജയമെന്നും, ‘ഞാന്‍, ഞാന്‍’ എന്ന് ഏവരിലുമുള്ള ഈ സ്ഫുരണയുടെ മൂലത്തില്‍ അനുഭവമാകുന്ന ശാന്തിയാണ് ഋഷികള്‍ പറഞ്ഞ ആ ഈശ്വരനെന്നും, ആ അനുഭവം നിരന്തര ധ്യാനത്താല്‍ തങ്ങളുടെ സഹജസ്ഥിതിയാക്കിയവരാണ് ശങ്കരനും, ബുദ്ധനും, രമണ മഹര്‍ഷിയും, നാരായണഗുരുവെന്നും, ഇത് നമുക്കും സാദ്ധ്യമാണെന്നും പറഞ്ഞുകൊടുത്തുകൂടെ? ഈ ആത്മജ്ഞാനം ആവണം ജീവിതലക്ഷ്യമെന്ന് നമ്മുടെ കുട്ടികള്‍ കേള്‍ക്കണ്ടേ? ഓരോ ക്ഷേത്രത്തിലും വര്‍ഷാവര്‍ഷം നടത്തുന്ന ഉത്സവങ്ങള്‍ക്ക് ചെലവാക്കുന്ന ലക്ഷങ്ങളുടെ പത്തിലൊന്ന് മതി ഒരു വര്‍ഷം ഈ ഉദ്യമത്തിന്. പല മഹാക്ഷേത്രങ്ങളിലും സപ്താഹവും പ്രഭാഷണങ്ങളും നടക്കുന്നുണ്ട് – നല്ലത്. അത് പക്ഷെ വര്‍ഷത്തില്‍ ഒരിക്കലോ മറ്റോ. അതില്‍ പങ്കെടുക്കുന്നവരോ മിക്കതും അറുപതു കഴിഞ്ഞവര്‍. ആത്മജ്ഞാനത്തിന് പ്രായം ഉണ്ട് എന്നല്ല. പ്രായമോ ലിംഗമോ തടസമല്ല എന്നതിന് ദൃഷ്ട്ടാന്തമാണ് ഭാഗവതം. മരണാസന്നരായവര്‍ മുതല്‍ അമ്മയുടെ വയറ്റിലെ കുഞ്ഞിനുവരെ ആത്മതത്വം ബോധിപ്പിക്കുന്ന കഥകള്‍. എന്തിനേറെ, മനുഷ്യനാവണം എന്നുപോലും ഇല്ല – ഗജേന്ദ്രന്‍ ഉദാഹരണം. ‘Catch them young’ എന്നത് ഇവിടെയും വേണം. ചെറുപ്പത്തിലെ ആത്മവിദ്യ പരിശീലിപ്പിച്ചാല്‍ ആത്മജ്ഞാനം നേടാന്‍ ആയില്ലെങ്കിലും, കുറഞ്ഞപക്ഷം യുവത്വത്തില്‍ അവര്‍ സംതൃപ്തരായി ജീവിക്കും. കര്‍മത്തിന്‍റെ വിജയപ്രാപ്തിയിലല്ല, അതില്‍ ഫലേച്ഛ ഇല്ലാത്തതാണ് മുക്തിക്കു ഹേതു എന്ന് തിരിച്ചറിയും. സ്വന്തം പരാജയങ്ങള്‍ മറന്ന് ലോകത്തിന്‍റെ വിജയം ആഘോഷിക്കും. സ്വന്തം സന്തോഷത്തിനുവേണ്ടി മറ്റൊരാളെ ഹിംസിക്കാതെ ജീവിക്കും.

Hindu Teachings
ആഴ്ചയില്‍ ഒരിക്കല്‍ നമ്മുടെ കുട്ടികളെ ക്ഷേത്രാങ്കണങ്ങളില്‍ വിളിച്ചിരുത്തി വേദസാരം പറഞ്ഞുകൊടുക്കരുതോ?

സ്വയവിമര്‍ശനം നല്ലത് തന്നെ. എന്നാല്‍ തന്‍റെ ഗ്രന്ഥങ്ങള്‍ ഏത്, അവയുടെ സാരമെന്ത് എന്നൊന്നും അറിയില്ലെങ്കിലും, ‘ന സ്ത്രീ സ്വാതന്ത്രം അര്‍ഹതി’ എന്ന് ‘ഫെമിനിസം’ പറയുന്നവരാണ് ‘ലിബറല്‍’ ഹിന്ദു. വികലമായി വ്യാഖ്യാനിക്കപ്പെടുന്ന ഈ വരികള്‍ ഉള്ള ഗ്രന്ഥത്തില്‍ തന്നെ “യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവതാഃ” (എവിടെ സ്ത്രീകളെ പൂജിക്കുന്നുവോ അവിടെ ദേവതമാര്‍ സന്തോഷിക്കുന്നു) എന്നും ഉണ്ടെന്ന് ഇവര്‍ക്കറിയാമോ? മതപരിവര്‍ത്തനത്തിലൂടെ ഹൈന്ദവീകതയെ തകര്‍ക്കാനുള്ള പദ്ധതിയെയോ, രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള കമ്മ്യൂണിസ്റ്റുകളുടെ കുതന്ത്രത്തേയോ കാണാത്ത ഇത്തരം ‘ലിബറലുകള്‍’ ഹിന്ദുക്കള്‍ക്കിടയില്‍ ധാരാളം. ദുരാചാരങ്ങള്‍ എല്ലാ മതത്തിലും ഉണ്ടായിട്ടുണ്ട്, ഇപ്പോഴും ഉണ്ട്. പക്ഷെ മറ്റൊരു മതസ്ഥനും ഇത്തരം പുഴുക്കുത്തുകള്‍ ചൂണ്ടിക്കാണിച്ച് സ്വന്തം വിശ്വാസത്തെ മുഴുവനായി അവഹേളിക്കുകയോ തള്ളിപ്പറയുകയോ ചെയ്യാറില്ല.

ക്ഷേത്രപ്രവേശന സമരത്തിന്‍റെ ഹാങ്ങ്‌ഓവറില്‍ ആണ് ഇന്നും ഹിന്ദുക്കള്‍. ക്ഷേത്രം പിടിച്ചെടുത്താല്‍ ഹിന്ദുവിന്‍റെ അധികാരകേന്ദ്രം പിടിച്ചെടുക്കാം എന്ന് കമ്മ്യൂണിസ്റ്റുകള്‍ക്ക് അറിയാമായിരുന്നു. ദേവസ്വം ബോര്‍ഡുകള്‍ ഭരിക്കാന്‍ ഒരു മന്ത്രിയെ ഇരുത്തിയിരിക്കുന്നത് ഈ അധികാരം നിലനിര്‍ത്താനാണ്. മറ്റൊരു മതത്തിന്‍റെയും ആരാധനാലയങ്ങളുടെമേല്‍ ഇല്ലാത്ത ഈ അധികാരം ഹിന്ദുക്കള്‍ ഇന്നും എന്തിന് രാഷ്ട്രീയ പാര്‍ട്ടികളെ, അവന്‍റെ വിശ്വാസങ്ങളെ പ്രതിദിനം അവഹേളിക്കുന്ന പാര്‍ട്ടികളെ, ഏല്‍പ്പിച്ചിരിക്കുന്നു? എന്താ ഹിന്ദു ഇതൊന്നും ചോദ്യം ചെയ്യാത്തത്? ഹിന്ദുക്കളുടെ ആരാധനാലയങ്ങള്‍ ഹിന്ദുക്കള്‍ക്ക് കിട്ടിയാലേ അടുത്ത തലമുറയ്ക്ക് അറിവ് നല്‍കാന്‍ പ്രാപ്തമായ കാര്യങ്ങള്‍ അവിടെ ചെയ്യാന്‍ പറ്റൂ. ഹൈന്ദവീകതയെ വെറുക്കുന്ന രാഷ്ട്രീയ താത്വികാചാര്യന്മാര്‍ ഭരിച്ചാല്‍ ഇത്തരം പ്രയത്നങ്ങള്‍ക്ക് വിഘ്നം സൃഷ്ടിക്കുകയേ ഉള്ളു.

അവിശ്വാസികളായവര്‍ അവിടെ നില്‍ക്കട്ടെ – നിരീശ്വരവാദികള്‍ക്കും, എന്തിന് ഈശ്വരനെ വെറുക്കുന്നവര്‍ക്കും സ്ഥാനമുണ്ട് ഹൈന്ദവ ധര്‍മത്തില്‍. നമുക്ക് ‘ഭക്തരെ’ നോക്കാം. രാവിലെ കുളിച്ച് അമ്പലത്തില്‍പോയി പുഷ്പാഞ്ജലിയും കഴിപ്പിച്ച് പ്രസാദവും തൊട്ട് വന്നാല്‍ ഭക്തിയായോ? രാമകൃഷ്ണ പരമഹംസര്‍ പറഞ്ഞതുപോലെ, ഈശ്വരന്‍ പലര്‍ക്കും ചന്തയിലേക്ക് മലക്കറി വാങ്ങാന്‍ ലിസ്റ്റുമായി വിടുന്ന വേലക്കരനാണ് – നല്ല മാര്‍ക്ക് തരണേ… നല്ല ജോലി തരണേ… ഭാര്യ, കുട്ടി, അവരുടെ ജോലി, കല്യാണം… ഒരു വന്‍ വിഷ് ലിസ്റ്റ് സാധിച്ചു തരാനുള്ള ഒരാള്‍. പക്ഷെ, വേദങ്ങള്‍ പറയുന്ന ഈശ്വരന്‍ അതാണോ? നാല് മഹാവാക്യങ്ങള്‍ – ‘അഹം ബ്രഹ്മാസ്മി’, ‘തത്വമസി’, ‘അയമാത്മാ ബ്രഹ്മ’, ‘പ്രജ്ഞാനം ബ്രഹ്മ’ – ഉദ്ഘോഷിക്കുന്നത് ഒരേ സത്യത്തെ ആണ്. എന്നിലെ ഞാന്‍ എന്ന സ്പുരണയുടെ മൂലമായ ആ ശാന്തിതന്നെയാണ് ഈശ്വരന്‍ എന്ന്. അത് നിന്നിലാണ്, പുറം വസ്തുക്കളിലോ, നല്ല മാര്‍ക്കിലോ, ജോലിയിലോ അല്ല. കുട്ടികളായിരിക്കെ നിരാകരിക്കപ്പെട്ട ഈ അറിവാണ് ഇന്ന് നമ്മുടെ അജ്ഞാനത്തിനു ഹേതു. ഭക്തിസീരിയല്‍ എന്നപേരില്‍ പ്രചരിക്കുന്ന കച്ചവടമാണ് മറ്റൊരു ദൂഷ്യം. പണമുണ്ടാക്കാന്‍ വിഷ്ണു, ശിവന്‍, കൃഷ്ണന്‍ എന്നൊക്കെ വേഷം കെട്ടിയാടുന്നത് കണ്ട് നിര്‍വൃതി അടയുന്ന ഹിന്ദു പക്ഷെ ജ്ഞാനികളുടെ ദര്‍ശനങ്ങള്‍ കാണാതെ പോകുന്നു. ദൃക്കിനെ കാണാത ദൃശ്യത്തില്‍ രമിക്കുന്നു. ‘കൃഷ്ണനും കൃസ്തുവും ബുദ്ധനും വന്നത് നിങ്ങളെ സ്വതന്ത്രരാക്കാനാണ്, അവര്‍ക്ക് അടിമപ്പെടാതിരിക്കുക’ എന്ന് സ്വാമി രാമ പറഞ്ഞതിന്‍റെ പൊരുള്‍ ഇവര്‍ കാണുന്നില്ല. മറ്റുമതങ്ങളില്‍ ഈശ്വര സാക്ഷാത്കാരമോ അത് നേടിയവരോ ഇല്ല എന്നല്ല. ഞാന്‍ എന്ന വ്യക്തി, അത് വാഴുന്ന ഈ ലോകം, അതിന്ന് നാഥനായൊരു ദൈവം എന്ന ‘തൃപുടി’ സത്യമാണ് എന്നാണ് മറ്റു മതങ്ങള്‍ പറയുന്നത് എങ്കില്‍, ഈ തൃപുടി മുടിഞ്ഞ്, ഇത് മൂന്നും ഒന്നാണ്, താന്‍ അതുതന്നെയാണ് എന്ന് ഉദ്ഘോഷികുന്നത് വേദങ്ങളാണ്. ഇതേ തത്വം മനസ്സിലാക്കി അത് ഉറക്കെ വിളിച്ചു പറഞ്ഞവര്‍ അനേകം. ‘അനാല്‍ ഹഖ്’ (അഹം അസ്മി എന്നര്‍ഥം) എന്ന് ഉദ്ഘോഷിച്ച അനേകം സൂഫികള്‍ കൊലചെയ്യപ്പെട്ടു. ശൂലത്തിലേറ്റപ്പെട്ടപ്പോഴും, അവരില്‍ പലരും ‘താന്‍ ശരീരമല്ല’ എന്ന അറിവില്‍ ആനന്ദിച്ചവരാണ്. ‘ഇവര്‍ ചെയ്യുന്നത് എന്താണെന്ന് ഇവര്‍ അറിയുന്നില്ല’ എന്ന് കുരിശില്‍ കിടന്നു പറഞ്ഞ മഹാത്മാവിന്‍റെ ജ്ഞാനം തന്നെ. I Am the Light of the World [John 8:12] എന്ന് യേശുദേവന്‍ വിശേഷിപ്പിച്ചത് പ്രപഞ്ച സത്യത്തെ കാണുന്ന ‘ഞാന്‍’ എന്ന എന്നിലെ വെളിച്ചത്തെയാണ്. ഈ മഹാപുരുഷന്മാര്‍ക്ക് ശേഷം വന്ന ആത്മജ്ഞാനികളായ പല കവികളും ഇതേ ‘വസ്തുവിനെ’ പുകഴ്ത്തി പാടി. ‘Knocking at the door, it opens. I have been knocking from inside,’ എന്ന് പറഞ്ഞ റൂമിയും ആ പരമസത്യം കണ്ടിരുന്നിരിക്കണം.

മറ്റ് മതഗ്രന്ഥങ്ങളും ഇതേ സത്യത്തെ തന്നെ ഉദ്ഘോഷിക്കുന്നു എങ്കിലും, അത് വളരെ സ്പഷ്ടമായി നമ്മുടെ ഗ്രന്ഥങ്ങളില്‍ കാണുന്നു. ഈ അറിവുനല്‍കുന്ന സ്വാതന്ത്ര്യത്തെ തേടിയാണ് പാശ്ചാത്യരായ പലരും ഇവിടെ എത്തിയത്. ഇതേ സത്യം നിരന്തരം ഉരുവുടുന്ന പലരും അവര്‍ക്കിടയിലുണ്ട്. രമണ മഹര്‍ഷിയുടെ ശിഷ്യന്‍ ‘പാപാജി’യുടെ ശിഷ്യനായ ‘മൂജി’ (Mooji) ജമൈക്കകാരനാണ്. ലക്നോവിലെ പാപാജിയുടെ ആശ്രമത്തില്‍ അനേകനാള്‍ കഴിഞ്ഞ ഇദ്ദേഹം ആത്മജ്ഞാനം നേടി ഇന്ന് പോർച്ചുഗലിലെ തന്‍റെ ആശ്രമത്തില്‍നിന്ന് അത് പ്രചരിപ്പിക്കുന്നു. യൂട്യുബിലെ ‘Mooji’ ചാനലില്‍ അദ്ദേഹത്തിന്‍റെ ‘non-duality’ (അദ്വൈതം) പ്രഭാഷണങ്ങള്‍ ലഭ്യമാണ്. ഭക്തിമാര്‍ഗത്തില്‍ ചരിക്കുന്ന ഇദ്ദേഹത്തില്‍നിന്ന് ഒട്ടും വ്യത്യസ്തനല്ല ജ്ഞാനമാര്‍ഗത്തെ ആശ്രയിക്കുന്ന ജര്‍മന്‍ Eckhart Tolle. ഇദ്ദേഹത്തിന്‍റെ പ്രഭാഷണങ്ങളും യൂട്യുബില്‍ സുലഭം. നമ്മുടെ നാട്ടിലും ജ്ഞാനികള്‍ക്ക് കുറവില്ല. പക്ഷെ മാതാ അമൃതാനന്ദമയിയെപ്പോലെ പുറംലോകം അറിയുന്നവര്‍ക്ക് ദൈവീക പരിവേഷം ചാര്‍ത്തുന്നത് സ്വാമി രാമ പറഞ്ഞത്പോലെ നമ്മെ അവര്‍ക്ക് അടിമപ്പെടുത്തുന്ന പ്രവണത പ്രോത്സാഹിപ്പിക്കുന്നു. മുകളില്‍ പറഞ്ഞ ജ്ഞാനികള്‍ ഈ ദൈവീകമായ പരിവേഷത്തെ അതിജീവിച്ചവരാണ്.

Mooji
Mooji

താന്‍ വിശാലമനസ്ക്കനാണ്, സഹിഷ്ണുവാണ് എന്നൊക്കെ വീമ്പിളക്കി നടക്കുന്ന ഹിന്ദു ഇന്ന് തന്നെ അതെല്ലാമാക്കിയ അറിവിനെ മറന്നു എന്നത് അവന്‍റെ വീഴ്ചയാണ്. 200 വര്‍ഷത്തിലേറെ പഴക്കമുള്ള കല്ലിലും മണ്ണിലും തീര്‍ത്ത കെട്ടിടങ്ങള്‍ പോലും സമ്പത്തായി സംരക്ഷിയ്ക്കപ്പെടുന്ന ഇക്കാലത്ത്, നമ്മുടെ സഹസ്രാബ്ധങ്ങള്‍ പഴക്കമുള്ള ഗ്രന്ഥങ്ങളിലെ ചിരന്‍ജീവമായ ജ്ഞാനത്തെ മറന്നുപോയ്ക്കൂടാ.

4 COMMENTS

  1. ഹിന്ദുക്കൾ ഹിന്ദുക്കളെ നശിപ്പിക്കുന്ന ഒരു സമയത്താണ് നമ്മൾ ഇപ്പോൾ ജീവിക്കുന്നത് … അമ്പലങ്ങളിൽ മിക്കതം രാഷ്ട്രിയം കലർത്തിയതുകൊണ്ടു് ഇനി ഗ്രന്ധങ്ങളുടെ പഠനം നടക്കുമോ എന്ന് കാര്യം സംശയം ആണ് ..

  2. വളരെ സത്യസന്ധവും കാര്യമാത്ര പ്രസക്തവുമായ ഒരു Post ആണ്.
    ഇന്നത്തെ കാലത്ത് ഇങ്ങനെ സത്യം പറയുന്നവരെ വർഗ്ഗീയ വാദികളായി ചിത്രീകരിക്കാൻ ഹിന്ദു നാമധാരികളാണ് മുന്നിട്ട് നിൽക്കുന്ന ത് .
    ആരോട് പറയാൻ ആര് കേൾക്കാൻ.

LEAVE A REPLY

Please enter your comment!
Please enter your name here