അയ്യപ്പ ധര്‍മ്മത്തിലെ ഗുരുസ്വാമിയായ വാവര്‍ മുസ്ലീമോ ? എന്തിനീ അസംബന്ധ പ്രചരണം ?

0

ശബരിമലയെ പറ്റി പറയുമ്പോള്‍ ശ്രീമാന്‍ രാഹുല്‍ ഈശ്വര്‍ (Rahul Easwar) ആവേശപൂര്‍വ്വം പറയാറുള്ള രണ്ടു പേരുകളാണ് മുസ്ലീമായ വാവരും ക്രിസ്ത്യാനിയായ വെളുത്തച്ചനും. ശബരിമലയുടെ മതസൗഹാർദ്ദത്തിന്‍റെ ഉദാഹരണമായിട്ടാണ് ഇത് പറയുന്നത്. വെറും പൊള്ളയായ മതസൗഹാർദ്ദം ആണ് രാഹുൽ ഇതിലൂടെ മുന്നോട്ടു വയ്ക്കുന്നത്. കൈയ്യടി നേടാൻ വേണ്ടി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും വസ്തുതകളെ വളച്ചൊടിക്കുകയുമാണ് ഇതിലൂടെ അദ്ദേഹം ചെയ്യുന്നത്. സ്വയം അയ്യപ്പഭക്തനാണെന്ന് അവകാശപ്പെടുന്ന തന്ത്രി ബന്ധുവായ രാഹുൽ, അയ്യപ്പസ്വാമിയെ ഈശ്വരനും അവതാര പുരുഷനുമായിട്ടാണോ അതോ വെറുമൊരു കളരിയാശാൻ ആയിട്ടാണോ കാണുന്നത് എന്ന് ആദ്യം വ്യക്തമാക്കണം. ഇന്നാട്ടിലെ കോടിക്കണക്കിന് ഭക്തന്മാർക്ക് ഭഗവാൻ അയ്യപ്പൻ പരമ ദൈവതമാണ്. ആത്മസൂര്യനായ അവിടുത്തെ പ്രകാശിപ്പിക്കാൻ വേറൊരു മെഴുകുതിരി വെട്ടത്തിന്‍റെ ആവശ്യമില്ല. ശബരിമലയിലെ ഏകത്വത്തിന്‍റെ ആധാരം ഉപനിഷദ് ദര്‍ശനമാണ്.
അയ്യപ്പസ്വാമിയെ കണ്ടു മുട്ടുന്നതുവരെ വാവർ എന്തു തന്നെ ആയിരുന്നാലും, ഭഗവാൻ അയ്യപ്പന്‍റെ ദിവ്യത്വത്തെ അംഗീകരിച്ചതോടെ അദ്ദേഹം മുസ്ലീമല്ലാതായി കഴിഞ്ഞു. അത് മനസ്സിലാക്കാനും അംഗീകരിക്കാനും വെറും സത്യസന്ധത മാത്രം മതി. വാവരെ മുസ്ലീമായി അംഗീകരിക്കുന്ന എത്ര മുസ്‌ലീം നേതാക്കളെ അല്ലെങ്കിൽ മതപണ്ഡിതരെ കാണിച്ചു തരാന്‍ കഴിയും ? അത്തരം ഒരാളെയെങ്കിലും കേരള സമൂഹത്തിനു മുമ്പിൽ കൊണ്ടു വരാൻ രാഹുൽ ഈശ്വറിനെ വെല്ലുവിളിക്കുന്നു. കാരണങ്ങള്‍ വളരെ വ്യക്തമാണ്. എണ്ണിയെണ്ണി നിരത്താം

 1. മുഹമ്മദിന്‍റെ കാലഘട്ടത്തിനു ( ആറാം നൂറ്റാണ്ട് ) ശേഷം ജീവിച്ചിരുന്ന മഹാത്മാവാണ് ഭഗവാന്‍ അയ്യപ്പന്‍. മുഹമ്മദാണ് അവസാനത്തെ പ്രവാചകന്‍ എന്ന് ദിവസവും അഞ്ചു നേരം ആവര്‍ത്തിച്ചു വിളിച്ചു പറയുന്ന ഒരു മുസ്ലീമിന് അയ്യപ്പസ്വാമിയെ ഒരു പ്രവാചകനായി പോലും കണക്കാക്കാന്‍ കഴിയില്ല.a അയ്യപ്പസ്വാമിയെ ഒരു ദിവ്യനായിട്ടോ പ്രവാചകനായിട്ടോ എങ്കിലും വാവര്‍ കണക്കാക്കിയിട്ടുണ്ടെങ്കില്‍ ആ ഒരൊറ്റ കാരണം കൊണ്ടു തന്നെ അദ്ദേഹം മുസ്ലീമല്ലാതായി കഴിഞ്ഞു.
 2. ഹിന്ദുക്കള്‍ അയ്യപ്പസ്വാമിയെ പുരാണ ദൈവമായ ധർമ്മ ശാസ്താവിന്‍റെ അവതാരമായി കണക്കാക്കുന്നു. അവതാരം എന്ന സങ്കല്‍പ്പത്തില്‍ വാവര്‍ വിശ്വസിച്ചിട്ടുണ്ടെങ്കില്‍ അവതാര സങ്കല്‍പ്പത്തെ അംഗീകരിക്കാത്ത ഇസ്ലാമിക നിർവ്വചനം അനുസരിച്ചു തന്നെ അദ്ദേഹം മുസ്ലീമല്ലാതായി കഴിഞ്ഞു. അല്ലെങ്കില്‍ വാവര്‍ക്ക് അവതാര സങ്കല്‍പ്പത്തില്‍ വിശ്വാസമൊന്നും ഉണ്ടായിരുന്നില്ല എന്ന് പറയേണ്ടി വരും. അങ്ങനെയെങ്കില്‍ അയ്യപ്പന്‍റെ അവതാരത്വത്തെ നിഷേധിച്ച വാവരെ അയ്യപ്പഭക്തര്‍ ആരാധിക്കേണ്ട ആവശ്യവും വരുന്നില്ല.
 3. അവതാരം എന്ന സങ്കല്‍പ്പം പുനര്‍ജന്മം എന്ന ആശയത്തെ ഊട്ടിയുറപ്പിക്കുന്നു. ധര്‍മ്മശാസ്താവ് ശരീരം സ്വീകരിച്ച് വന്നതാണ് അയ്യപ്പന്‍. ഇസ്‌ലാം മതാനുശാസനങ്ങൾ നിഷേധിക്കുന്ന പുനര്‍ജന്മത്തില്‍ വിശ്വസിക്കുന്ന ആള്‍ മുസ്ലീമാവുക സാദ്ധ്യമല്ല.
 4. അന്ത്യവിധി ദിനവും സ്വര്‍ഗ്ഗനരകങ്ങളും അയ്യപ്പധര്‍മ്മത്തില്‍ വരുന്നില്ല. മോക്ഷം ആണ് നമ്മുടെ ലക്ഷ്യം. അള്ളാഹുവിന്‍റെ വാസസ്ഥാനമായ നിത്യസ്വര്‍ഗ്ഗത്തിന്‍റെയും, പാപികളെ ശിക്ഷിക്കുന്ന നിത്യനരകത്തിന്‍റെയും അസ്തിത്വത്തെ അംഗീകരിക്കാത്ത അയ്യപ്പഭക്തന്‍ മുസ്ലീമല്ല. അയ്യപ്പഭക്തനോ സ്വാമിശിഷ്യനോ ആയിട്ടുണ്ടെങ്കില്‍ വാവരും മുസ്ലീമാവാന്‍ കഴിയില്ല.
 5. അയ്യപ്പഭക്തര്‍ അയ്യപ്പനെ ആരാധിക്കുന്നത് വിഗ്രഹാരാധന എന്ന സമ്പ്രദായം അനുസരിച്ചാണ്. വിഗ്രഹാരാധന ഇസ്ലാമില്‍ ശിര്‍ക്ക് ആണ്. എന്നു വച്ചാല്‍ ഒരിയ്ക്കലും പൊറുക്കപ്പെടാത്ത തെറ്റ്. വാവര്‍ വിഗ്രഹാരാധന അംഗീകരിച്ചിട്ടുണ്ടെങ്കില്‍ അദ്ദേഹം മുസ്ലീമല്ല. മറിച്ചാണെങ്കില്‍ വിഗ്രഹാരാധന പാപമാണെന്ന് വിശ്വസിക്കുന്ന വാവര്‍ക്ക് ശബരിമലയില്‍ എന്തു പ്രസക്തി ?
 6. വാവര്‍ ഉള്‍പ്പെടെയുള്ള അയ്യപ്പഭക്തര്‍ അയ്യപ്പസ്വാമിയെ കാണുന്നത് ദൈവമായിട്ടാണ്. അതായത് സൃഷ്ടി സ്ഥിതി സംഹാര കർത്താവും സര്‍വ്വശക്തനുമായിട്ടാണ്. മുസ്ലീങ്ങളുടെ ദൈവമായ അള്ളാഹു തന്നെയാണ് അയ്യപ്പന്‍ എന്ന് ഹിന്ദുക്കള്‍ അംഗീകരിച്ചാലും മുസ്ലീങ്ങള്‍ക്ക് അങ്ങനെ അംഗീകരിക്കാന്‍ കഴിയില്ല. വാവര്‍ അങ്ങനെ അംഗീകരിച്ചിട്ടുണ്ടെങ്കില്‍ അദ്ദേഹം മുസ്ലീമല്ല.
 7. ശബരിമലയില്‍ അയ്യപ്പസ്വാമിയോടൊപ്പം മാളികപ്പുറത്തമ്മ, ഗണപതി, നാഗരാജാവ്, കറുപ്പസ്വാമി തുടങ്ങി മറ്റ് മൂര്‍ത്തികളേയും ആരാധിക്കുന്നു. ആരാധനയില്‍ അള്ളാഹുവിനോടൊപ്പം മറ്റേതെങ്കിലും മൂര്‍ത്തിക്കും പങ്ക് കൊടുക്കുന്നത് ഇസ്ലാമില്‍ കൊടിയ പാപമാണ് (ശിര്‍ക്ക്) b. വാവര്‍ ഇത് അംഗീകരിച്ചിരുന്ന ആളാണോ അല്ലയോ എന്ന പ്രശ്നത്തിന്‍റെ ഉത്തരം പ്രധാനമാണ്. അംഗീകരിച്ചാല്‍ വാവര്‍ മുസ്ലീമല്ലാതായി കഴിഞ്ഞു.
 8. വാവരുടെ വിഗ്രഹം വച്ചിട്ടില്ലെങ്കിലും വിഗ്രഹാരാധനയില്‍ അധിഷ്ഠിതമായ വ്യക്തിത്വ ആരാധനയാണ് വാവരോടും പുലര്‍ത്തുന്നത്. അത് ഇസ്ളാമിക വിരുദ്ധമാണ്. ആരാധ്യനായി അള്ളാഹു മാത്രമേ ഉള്ളൂ എന്ന് വിശ്വസിക്കുന്ന ഒരു മുസ്ലീമാണ് വാവരെങ്കിൽ തനിക്കായി അര്‍പ്പിക്കുന്ന ആരാധന സ്വീകരിക്കുകയില്ല. വാവര് സ്വാമി അയ്യപ്പഭക്തരുടെ ആരാധന കൈക്കൊള്ളുന്നുണ്ടെങ്കില്‍ അദ്ദേഹം മുസ്ലീമല്ല.
 9. അഹം ബ്രഹ്മാസ്മി എന്ന അദ്വൈത ദര്‍ശനം സാക്ഷാത്ക്കരിച്ച യോഗാരൂഢനാണ് ഭഗവാന്‍ അയ്യപ്പന്‍. താന്‍ ഈശ്വരനാണ് എന്ന് ഒരാൾക്കും ഒരിയ്ക്കലും അവകാശപ്പെടാന്‍ കഴിയില്ല എന്നതാണ് സെമിറ്റിക് മത സിദ്ധാന്തം. ഇസ്ലാമിൽ അത് ഏറ്റവും വലിയ ദൈവനിന്ദയും വധശിക്ഷ അര്‍ഹിക്കുന്ന കുറ്റവുമാണ്. താനും ഭഗവാനും ഒന്ന് എന്ന ഈ അദ്വൈത ദര്‍ശനത്തിന്‍റെ യോഗഭൂമിയായ ശബരിമലയില്‍ ഒരു ഗുരുസ്വാമിയായി വാഴുന്ന വാവര്‍ അതുകൊണ്ടു തന്നെ മുസ്ലീങ്ങളെ സംബന്ധിച്ച് മുസ്ലീമല്ല.
 10. ശരീരം വെടിഞ്ഞ മനുഷ്യര്‍ കുഴിമാടത്തില്‍ അന്ത്യവിധി നാള്‍ കാത്ത് കിടക്കുന്നു എന്നതാണ് അബ്രഹാമിക വിശ്വാസം. ജീവിച്ചിരിക്കുന്നവര്‍ മരിച്ചവരുടെ നന്‍മയ്ക്കും പാപ മോചനത്തിനുമായിട്ടാണ് പ്രാര്‍ഥിക്കാറുള്ളത്. തന്‍റെ അന്ത്യ വിധിനാള്‍ കാത്ത് കുഴിമാടത്തില്‍ കിടക്കുന്ന ഇസ്ലാമിക വിശ്വാസിയായ വാവരെയാണോ ഈ കോടാനുകോടി അയ്യപ്പഭക്തര്‍ ആരാധിക്കുന്നത് ? അതോ അയ്യപ്പ പാദങ്ങളില്‍ വിലയം പ്രാപിച്ച ഗുരുസ്വാമിയെയോ ?
 11. അല്ലാഹുവല്ലാതെ മറ്റൊരാളെ ആരാധിക്കുകയോ ആരാധനയില്‍ അല്ലാഹുവിനോടൊപ്പം പങ്ക് ചേര്‍ക്കുകയോ ചെയ്താല്‍ ആരാധകരെ മാത്രമല്ല ആരാധനയ്ക്കു വിധേയമാകുന്ന ആരാധ്യനെയും (ഉദാ- പരമേശ്വരന്‍, പരാശക്തി തുടങ്ങിയ ദേവതകള്‍) നരകത്തിലെ ഇന്ധനങ്ങളാക്കും എന്നാണ് ഖുര്‍ആന്‍ (21:98) പറയുന്നത്. ഇതനുസരിച്ച് കോടാനുകോടി ഭക്തരാല്‍ ആരാധിയ്ക്കപ്പെടുന്ന ഭഗവാന്‍ അയ്യപ്പന്‍ മാത്രമല്ല, വാവരും അല്ലാഹുവിന്‍റെ ശിക്ഷ അര്‍ഹിക്കുന്നവര്‍ ആണെന്നാണ് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നത്. ദൈവത്തിന്‍റെ സ്വന്തം വാക്കുകള്‍ എന്ന് ഇസ്ലാമില്‍ കരുതപ്പെടുന്ന ഖുര്‍ആന്‍ വള്ളിപുള്ളി വ്യത്യാസമില്ലാതെ വിശ്വസിക്കാന്‍ ബാധ്യതപ്പെട്ടവരാണ് മുസ്ലീങ്ങള്‍. വാവര്‍ ഒരു മുസ്ലീമാണ് എന്ന രാഹുല്‍ ഈശ്വറിനെ പോലുള്ളവരുടെ വാദം ശുദ്ധ അസംബന്ധമായി തീരുന്നത് അവിടെയാണ്.
 12. ഗുരുക്കന്മാരുടെ ഗുരുവായ ഭഗവാൻ അയ്യപ്പസ്വാമിയുടെ സഹവാസവും അനുഗ്രഹവും കിട്ടിയിട്ടും ശരീര കേന്ദ്രീകൃതമായ സ്വർഗ്ഗനരക വിശ്വാസങ്ങളിൽ നിന്നും മുക്തനായി ആത്മജ്ഞാനത്തിലേക്ക് മുന്നേറാതെ വാവർ തന്‍റെ സെമിറ്റിക് വിശ്വാസത്തിൽ തന്നെ തുടർന്നു എന്ന് കരുതേണ്ടി വരുന്നത് ഒരു അയ്യപ്പഭക്തനെ സംബന്ധിച്ചിടത്തോളം അചിന്ത്യമാണ്. അത് അവതാര പുരുഷനായ ഭഗവാൻ അയ്യപ്പസ്വാമിയെ നിന്ദിക്കലാണ്.

അതുകൊണ്ട് ഭഗവാന്‍ അയ്യപ്പസ്വാമിയുടെ സമ്പര്‍ക്കത്തില്‍ വന്ന വാവരെ യോഗേശ്വരനായ ഭഗവാന്‍ തന്‍റെ ആത്മീയ വൈഭവവും ജ്ഞാനവും കൊണ്ട് അബ്രഹാമിക വിശ്വാസത്തിന്‍റെ ഇടുങ്ങിയ ചട്ടക്കൂടുകളില്‍ നിന്ന് പുറത്തേക്ക് നയിക്കുകയും യഥാര്‍ത്ഥ യോഗ മാര്‍ഗ്ഗം കാണിച്ചു കൊടുക്കുകയും ചെയ്തു എന്നതാണ് സത്യം. അതാണ് യുക്തിസഹം. അങ്ങനെ അയ്യപ്പ ധര്‍മ്മത്തില്‍ നമുക്ക് മുന്നേ സഞ്ചരിച്ച ഒരു ഗുരുസ്വാമിയായി വാവര് സത്യ സാക്ഷാത്ക്കാരം നേടി. ബ്രഹ്മജ്ഞാനിയായി. അതുകൊണ്ട് മാത്രമാണ് അദ്ദേഹം അയ്യപ്പഭക്തര്‍ക്ക് ആരാധ്യനായി തീരുന്നത്. അല്ലാതെ അയ്യപ്പസ്വാമിയുടെ സുഹൃത്ത് എന്ന നിലക്ക് ആരെയും ആരാധിക്കേണ്ട കാര്യമില്ല. പ്രത്യേകിച്ചും അത്തരം ആരാധന, ആരാധനാ പാത്രമായ ആ വ്യക്തിയുടെ വിശ്വാസങ്ങള്‍ക്കും ബോദ്ധ്യത്തിനും നിരക്കുന്നതല്ലെങ്കില്‍. അത്തരം ആരാധന കൊണ്ട് അദ്ദേഹത്തില്‍ നിന്ന് അനുഗ്രഹം അല്ല നീരസം ആവും ഉണ്ടാവുക എന്നത് വ്യക്തം. വെറും സുഹൃത് ബന്ധത്തിന്‍റെ പുറത്തോ മറ്റെന്തെങ്കിലും ബന്ധങ്ങളുടെ പുറത്തോ തങ്ങളുടെ മതനിയമങ്ങളില്‍ നിന്ന് വ്യതിചലിക്കാനോ അതില്‍ വെള്ളം ചേര്‍ക്കാനോ ഒരു മുസ്ലീമും തയ്യാറാവുകയില്ല. അവര്‍ക്ക് അതിന് അനുവാദമില്ല. അതുകൊണ്ട് വാവര്‍ സ്വാമിയെ അയ്യപ്പ ധര്‍മ്മത്തിലേക്ക് വന്ന ഒരു മുന്‍ മുസ്ലീം എന്ന് വേണമെങ്കില്‍ പറയാം. ഇതേ കാര്യങ്ങള്‍ വെളുത്തച്ചനെ (അങ്ങനെ ഒരാളുണ്ടായിരുന്നെങ്കില്‍) കുറിച്ചും സത്യമാണ്. വാവരും വെളുത്തച്ചനും എല്ലാം അയ്യപ്പ സ്വാമിയുടെ അദ്വൈത സാക്ഷാത്ക്കാരത്തില്‍ ആകൃഷ്ടരായി വന്നണഞ്ഞ എണ്ണമറ്റ ഭക്തസമൂഹത്തില്‍ പെട്ടവരാണ്. സ്വയം സമ്പൂര്‍ണ്ണമായ സത്യത്തിന് ചില പ്രത്യേക ഭക്തരുടെ സാന്നിദ്ധ്യത്തോടെ മഹത്വം ഒന്നും ഏറുന്നില്ല. വാവരെ കൊണ്ട് ശബരിമലയും അയ്യപ്പസ്വാമിയുമല്ല, മറിച്ച് അയ്യപ്പസ്വാമിയെ കൊണ്ട് വാവരാണ് മഹത്വപ്പെട്ടത്. ഒരു അയ്യപ്പഭക്തനായ രാഹുൽ ഈശ്വർ, തന്‍റെ രാഷ്ട്രീയ സമവാക്യങ്ങൾക്കനുസരിച്ച് ഭക്തകോടികളുടെ ഹൃദയേശ്വരനും യോഗേശ്വരനുമായ ഭഗവാൻ അയ്യപ്പനെ ഒരു ലോക്കൽ മതേതര നേതാവ് മാത്രമാക്കി ചുരുക്കിക്കളയരുത്. അതാണ് എനിക്ക് വിനീതമായി അഭ്യർത്ഥിക്കാനുള്ളത്.


വാക്യസൂചിക
a. നബി(സ്വ)ക്ക് ശേഷം നബിമാരില്ലെന്നതില്‍ മുസ്ലിം സമൂഹത്തിന്റെ ഏകാഭിപ്രായമുണ്ട് (ഇമാം നവവി (റ), ശര്‍ഹു മുസ്ലിം, 2:402). നബി(സ്വ) അവിടുന്ന് അന്ത്യ പ്രവാചകനാണ്, ശേഷം ഒരു നബി വരില്ല എന്ന് നമ്മെ അറിയിച്ചു. ഖാതമുന്നബിയ്യീന്‍ ആണെന്നും എല്ലാ സമൂഹത്തിലേക്കുമായാണ് നബി(സ്വ)യുടെ നിയോഗം എന്നും അല്ലാഹു പഠിപ്പിച്ചു. മുസ്ലിം സമൂഹം ഈ വാക്യങ്ങളെയൊക്കെ പ്രത്യക്ഷാര്‍ഥത്തില്‍ ചുമത്തി നബിയുടെ ശേഷം ഒരു പ്രവാചകന്‍ വരില്ലെന്നതില്‍ ഏകോപിച്ചിരിക്കുന്നു (ഖാളി, അശ്ശിഫാ 2:242).

b. അല്ലാഹുവോട് പങ്കുചേര്‍ക്കുന്നവന്‍ ഗുരുതരമായ കുറ്റകൃത്യം തന്നെയാണ് നിര്‍മിച്ചുണ്ടാക്കിയിരിക്കുന്നത്’ (നിസാഅ്: 4: 48). ‘അല്ലാഹുവിന് പങ്കുകാരെ കല്‍പിക്കുന്നത് ഒരിക്കലും അവന്‍ പൊറുക്കുകയില്ല, തീര്‍ച്ച. അതല്ലാത്തതെല്ലാം ഉദ്ദേശിക്കുന്നവര്‍ക്കവന്‍ പൊറുത്തുകൊടുക്കും. അല്ലാഹുവോട് പങ്കുചേര്‍ക്കുന്നവന്‍ വിദൂരമായ വഴികേടില്‍ അകപ്പെട്ടിരിക്കുന്നു’ (നിസാഅ്: 4: 116).

LEAVE A REPLY

Please enter your comment!
Please enter your name here