കശ്മീരിലെ പുൽവാമയിൽ 44 CRPF ജവാന്മാരുടെ മരണത്തിന് ഇടയാക്കിക്കൊണ്ട് “ജൈഷ് ഇ മുഹമ്മദ്” എന്ന പാകിസ്ഥാനി ഭീകരവാദ സംഘടന നടത്തിയ ഭീകരാക്രമണത്തെ തുടർന്ന് രോഷാകുലരായ നമ്മളിൽ പലരും ഉടൻ തന്നെ ഇതിന് മറുപടി ആയി ഭാരതം പാകിസ്ഥാനോടു യുദ്ധം പ്ര്യാപിക്കണം എന്നും അത് വഴി ഭീകര പ്രവർത്തകരുടെ സ്വതന്ത്ര ഭൂമിയായ പാകിസ്ഥാനേ എന്നെന്നേക്കുമായി ഇല്ലായ്മ ചെയ്യണം എന്നും മറ്റുമൊക്കെ അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നത് കണ്ടു. ഏതൊരു ശരാശരി ഭാരതീയനേയും പോലെ തന്നെ എന്റെ ഉള്ളിലും ശത്രു രാജ്യത്തിന് എതിരേ അടങ്ങാത്ത രോഷം കത്തിയെരിയുന്നുണ്ട്, എങ്കിലും പാകിസ്ഥാൻ എന്ന രാജ്യത്തെ തറ പറ്റിക്കാൻ നമുക്ക് ഒരു തുറന്ന യുദ്ധത്തിന്റെ ആവശ്യം ഇപ്പോഴത്തെ സാഹചര്യത്തിൽ ഇല്ല എന്നാണ് എന്റെ പക്ഷം.
സർക്കാർ പിന്തുണയിൽ തീവ്രവാദ സംഘടനകൾക്ക് രൂപം നൽകി അവരെ ഉപയോഗിച്ച് ലോകത്ത് ആകമാനം ഭീതി പടർത്തുന്ന ഭീകരാക്രമണങ്ങൾ അഴിച്ച് വിടുക വഴി യഥാർത്ഥത്തിൽ ഒരു യുദ്ധത്തിലൂടെ അല്ലാതെ തന്നെ പാകിസ്ഥാൻ തന്റെ ശത്രു രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയും, മനോവീര്യവും തകർക്കുക എന്നതാണ് ലക്ഷ്യം വെക്കുന്നത്. ഇത്തരം ഒരു രാജ്യത്തിനെതിരേ അതേ നാണയത്തിൽ തിരിച്ചടിക്കാൻ കഴിയുമെങ്കിൽ അതായിരിക്കും ഏറ്റവും ശക്തമായ പ്രത്യാക്രമണം.
പരമ്പരാഗത രീതിയിൽ സർവ്വ സന്നാഹങ്ങളോടെയും നമ്മുടെ കര, നാവിക, വ്യോമ സേനകൾക്ക് ആക്രമിച്ചു കീഴ്പ്പെടുത്താൻ മാത്രം വലിയ ഒരു ഇര പോലും അല്ല ഇന്നത്തെ പാകിസ്ഥാൻ എന്നാണ് എന്റെ വിലയിരുത്തൽ. ആണവശേഷിയിലും, ആയുധ ശേഷിയിലും ഭാരതത്തിന് ഒപ്പമോ അതിനു മേലെയോ നിൽക്കുന്ന രാജ്യമാണ് പാകിസ്ഥാൻ എന്നും മറ്റുമുള്ള അവകാശ വാദങ്ങൾ ഉന്നയിക്കുമ്പോഴും സാമ്പത്തിക അടിത്തറയുടെ കാര്യത്തിലും അതുപോലെ തന്നെ സൈനിക ബലത്തിന്റെ കാര്യത്തിലും നമ്മുടെ ഏഴയലത്ത് പോലും ഇല്ല പാകിസ്ഥാൻ എന്നതാണ് വസ്തുത.
ആഗോള തലത്തിൽ ഭീകര സംഘടനകളെ വാർത്തെടുക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന പാകിസ്ഥാന് അവരുടെ ഈ ഹീന പ്രവർത്തികൾക്ക് തക്കതായ ഒരു മറുപടി കൊടുക്കേണ്ട കാലം എന്നോ അതിക്രമിച്ചിരിക്കുന്നു.
മുംബൈ ഭീകരാക്രമണത്തിന് ശേഷം ഭാരതത്തിന്റെ ഒരു പ്രത്യാക്രമണം ഏത് നിമിഷവും ഉണ്ടാകും എന്ന ഭയത്തിൽ പാകിസ്ഥാൻ കുറച്ച് കാലമായി വളരെയധികം കരുതലോടെ ആണ് നീങ്ങുന്നത് എന്ന് വ്യക്തമാക്കുന്ന ഒന്നാണ് അഫ്ഗാൻ അതിർത്തിയിൽ താലിബാനെ ചെറുത്ത് നിന്നിരുന്ന അവരുടെ സേനയെ മുഴുവൻ ഭാരതത്തിന്റെ കിഴക്കൻ അതിർത്തികളിലേക്ക് അവർ മാറ്റി വിന്യസിച്ചു എന്നത്. ഇതെല്ലാം കണക്കിൽ എടുത്ത് ചിന്തിക്കുമ്പോൾ പ്രത്യക്ഷമായി പാകിസ്ഥാനെതിരെ ഭീഷണി മുഴക്കി അവരെ യുദ്ധഭീതിയിൽ നിർത്തുന്നതിനേക്കാൾ എന്തുകൊണ്ടും എളുപ്പം അവരുടെ സാമ്പത്തിക സ്രോതസ്സുകളെ അവർ പോലും അറിയാതെ ദുർബലപ്പെടുത്തുന്ന തരത്തിലുള്ള പരോക്ഷ യുദ്ധതന്ത്രങ്ങൾ മെനയുക എന്നതാവും.
പാകിസ്ഥാന്റെ സമ്പദ് വ്യവസ്ഥയുടെ 10-15 ശതമാനവും നിയന്ത്രിക്കുന്നത് അവരുടെ സൈന്യമാണ്, സൈന്യത്തിന്റെ അധീനതയിലുള്ള പലവിധ കോർപ്പറേഷനുകൾ മുഖേനെയാണ് പ്രതിരോധ മേഖലയിലേക്കും അതുപോലെ തന്നെ ഭീകര സംഘടനകൾക്ക് വളരാൻ ആവശ്യമായതുമായ ധനസമാഹരണം അവർ നടത്തുന്നത്. ഇത്തരത്തിൽ ഉള്ള പാകിസ്ഥാന്റെ സാമ്പത്തിക ഹേതുക്കളെ പരോക്ഷമായി ആക്രമിച്ചു തകർക്കുക വഴി ഭാരതത്തിന് രക്തം ചിന്താതെ തന്നെ പാകിസ്ഥാൻ എന്ന ശത്രുവിനെ അടിയറവ് പറയിക്കാൻ കഴിയും.
അതുപോലെ തന്നെ പാകിസ്ഥാനുമായി നിരന്തര യുദ്ധത്തിൽ ഏർപ്പെട്ട് കഴിയുന്ന ഒരു പ്രവിശ്യയാണ് ബലൂചിസ്ഥാൻ, കഴിഞ്ഞ കുറച്ച് കാലത്തെ സംഭവ വികാസങ്ങളെ വളരെ സസ്സൂക്ഷ്മം നിരീക്ഷിച്ചാൽ നമുക്ക് മനസ്സിലാക്കാൻ കഴിയുന്ന ഒന്നാണ് പാകിസ്ഥാന്റെ നിലവിലുള്ള ശത്രുക്കളിൽ ഇന്നോളം അടിയറവ് പറയാത്ത പ്രബലരായ ഒരു കൂട്ടർ ആണ് മേൽപറഞ്ഞ ബലൂചിസ്ഥാൻ എന്നത്. ഈ അവസ്ഥയിൽ ബലൂചിസ്ഥാന് ആവശ്യമായ ആയുധ പിൻബലം നൽകി അവരെ കൂടുതൽ ശക്തരാക്കി പാകിസ്ഥാന് എതിരേ അണിനിരത്താൻ ഉള്ള സാധ്യതകളെ പറ്റിയും ചിന്തിക്കാവുന്നതാണ്.
ഇത്തരത്തിൽ നേരിട്ട് അല്ലാതെ തന്നെ പാകിസ്ഥാന്റെ ശക്തി കേന്ദ്രങ്ങൾ ഓരോന്നായി ഉള്ളിൽ നിന്നും ദുർബലപ്പെടുത്താൻ മാത്രം പ്രാപ്തമാണ് ഇന്ന് ഭാരതം. ഇതിനുള്ള സാധ്യതകൾ പ്രയോജനപ്പെടുത്താൻ നമ്മുടെ സർക്കാർ സന്നദ്ധരാണോ അല്ലയോ എന്നതും ഒരു ചർച്ചാവിഷയം ആണ് താനും.
ആഗോള തലത്തിൽ ഭീകരവാദ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുകയും, ഇത്തരം സംഘടനകളെ പ്രത്യക്ഷമായും അല്ലാതെയും പിന്തുണക്കുകയും ചെയ്യുന്നത് വഴി ലോകരാഷ്ട്രങ്ങളുടെ കരിമ്പട്ടികയിൽ ഇടം നേടിയ രാജ്യമാണ് പാകിസ്ഥാൻ. അതിന്റെ പരിണതഫലം എന്നോണം ഇന്ന് പാകിസ്ഥാന്റെ സമ്പദ് വ്യവസ്ഥക്ക് ഏറ്റുകൊണ്ടിരിക്കുന്ന പ്രഹരങ്ങൾ നിസ്സാരമല്ല. അടുത്ത കാലത്തായി പാക് പ്രധാന മന്ത്രി ഇമ്രാൻ ഖാൻ സൗദി അറേബ്യ പോലെയുള്ള ഗൾഫ് രാജ്യങ്ങളിലേക്ക് ധനസഹായം അഭ്യർഥിച്ചു നടത്തുന്ന വിദേശ യാത്രകളും, സഹായ നിധികൾക്ക് വേണ്ടി IMF ലേക്ക് നിരന്തരം നടത്തുന്ന അപ്പീലുകളും മറ്റും ഇതിനെ സാധൂകരിക്കുന്നവയാണ്.
Game, set, match! Pakistan formally seeks financial assistance from IMF. These are the hazards of baray baray bol that have no link to reality.https://t.co/D1TydDGKqp
— Anusheh N. Ashraf (@anushehnavash) October 12, 2018
ഇതിന് പുറമേ മുൻപ് അമേരിക്കയിൽ നിന്നും പാകിസ്ഥാന് ലഭിച്ചുവന്നിരുന്ന സാമ്പത്തിക സഹായങ്ങളിലും ഗണ്യമായ കുറവാണ് ഡൊണാൾഡ് ട്രമ്പ് അധികാരമേറ്റ ശേഷം ഉണ്ടായിരിക്കുന്നത് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇക്കഴിഞ്ഞ 2018 സാമ്പത്തിക വർഷത്തിൽ മാത്രം പാകിസ്ഥാന് അമേരിക്കയിൽ നിന്ന് ലഭിച്ചു വന്ന സാമ്പത്തിക സഹായങ്ങൾ $1 ബില്ല്യനിൽ നിന്നും അതിന്റെ പത്തിൽ ഒന്ന് എന്നോണം കേവലം $150 മില്ല്യൻ ആയി വെട്ടി ചുരുക്കിയിരിക്കുകയാണ്. ഇതുകൊണ്ട് തന്നെ ഭീകരവാദ സംഘടനകൾക്ക് പാകിസ്ഥാൻ നൽകി വന്ന സാമ്പത്തിക പിന്തുണയും ആനുപാതികമായി കുറഞ്ഞു വന്നു എന്ന് വേണം അനുമാനിക്കാൻ.
ബ്രൂകിങ്സ് ഇന്ത്യയും, വാഷിംഗ്ടണിൽ ഉള്ള ബ്രൂകിങ്സ് ഗവേഷണ സ്ഥാപനവും നടത്തിയിട്ടുള്ള പഠനങ്ങൾ പ്രധാനമായും സൂചിപ്പിക്കുന്നത് ഇന്ന് 3 ട്രില്യൺ ഡോളർ ആസ്തിലേക്ക് കുതിക്കുന്ന ഇന്ത്യൻ സമ്പദ്ഘടന, മുൻപ് 2008 സാമ്പത്തിക വർഷത്തിൽ ഏകദേശം തുല്ല്യ സ്ഥാനത്ത് നിന്നിരുന്ന പാകിസ്ഥാനെ സാമ്പത്തിക അടിത്തറയുടെ കാര്യത്തിൽ പതിറ്റാണ്ടുകൾ പുറകിലേക്ക് തള്ളിയിരിക്കുന്നു എന്നാണ്.
ബ്രൂകിങ്സ് പുറത്ത് വിട്ട കണക്കുകൾ പ്രകാരം പാകിസ്ഥാനിന്റെ ഇന്നത്തെ GDP കേവലം 305 ബില്യൺ ഡോളർ ആണെന്നാണ് അനുമാനിക്കപ്പെടുന്നത് – അതായത് ഇന്ത്യയിലെ മഹാരാഷ്ട്ര പോലെ ഉള്ള ഒരു വികസിത സംസ്ഥാനത്തിന്റെ സാമ്പത്തിക ആസ്ഥിയേക്കാൾ എത്രയോ കുറവ്. ചുരുക്കി പറഞ്ഞാൽ പാകിസ്ഥാനെ മുഴുവൻ വിലക്ക് വാങ്ങാൻ ഉള്ള സാമ്പത്തിക സ്ഥിതിയുണ്ട് ഇന്ന് ഭാരതത്തിന്.
ഇനി ഇരു രാജ്യങ്ങളും തമ്മിൽ നടത്തി വരുന്ന വാണിജ്യ ഇടപാടുകൾ നമുക്കൊന്ന് പരിശോധിക്കാം, ഇന്ത്യയിൽ നിന്നും പാകിസ്ഥാനിലേക്ക് ഉള്ള കയറ്റുമതികൾ ഏകദേശം 4 ബില്യൺ ഡോളർ അടുപ്പിച്ചു വരും എന്നാൽ പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് ഉള്ള ഇറക്കുമതികൾ കേവലം 720 മില്യൺ ഡോളർ മാത്രമേ ഉള്ളൂ (ദുബൈ വഴിയും മറ്റും പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് ഉള്ള ഇറക്കുമതികൾ കൂടി ചേർത്ത് ആണ് ഇത്രയും തുക കണക്കാക്കുന്നത്) വ്യാപാര യുദ്ധം സർക്കാർ തുടങ്ങി കഴിഞ്ഞു, പാകിസ്താനില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ 200 ശതമാനം നികുതി ചുമത്തി ഉത്തരവായി. ഇതൊക്കെ ആണെങ്കിലും ഭാരതത്തിന്റെ GDP യേ സംബന്ധിച്ചിടത്തോളം ഇന്ത്യ – പാക് വ്യാവഹാരിക മേഖല കാര്യമായ സംഭാവനകൾ ഒന്നും നൽകുന്ന ഒന്നല്ല എന്ന് നമുക്ക് വിലയിരുത്താം. അൽപ സ്വല്പം നഷ്ടങ്ങൾ സഹിക്കാൻ തയ്യാറെടുത്ത് പാകിസ്ഥാനുമായി നടത്തി വരുന്ന ഇൗ വാണിജ്യ ഇടപാടുകൾ പൂർണ്ണമായും നിർത്തലാക്കാൻ നമുക്ക് കഴിഞ്ഞാൽ അതും പാകിസ്ഥാന് ചെറിയ രീതിയിൽ ഒരു പ്രഹരം തന്നെയാകും എന്ന് നിസ്സംശയം പറയാം.
സ്റ്റീഫൻ കോഹെൻ എന്ന അമേരിക്കൻ പ്രൊഫസർ ഏകദേശം ഒരു ദശകം മുൻപ് ഒരു പോളിസി വിശകലന പ്രഭാഷണത്തിൽ പറഞ്ഞത് നമുക്കൊന്ന് ഓർക്കാം,
“ഇന്ത്യയുടെ തന്ത്രപ്രധാനമായ പല ഉപായങ്ങളും ഒരുപക്ഷേ ദയനീയമായി പരാജയപ്പെട്ടേക്കാം, അല്ലെങ്കിൽ പാകിസ്ഥാനുമായി മറ്റൊരു ഗുരുതര പ്രതിസന്ധിയിലേക്ക് വഴിവെച്ചേക്കാം, ഒന്നുകിൽ അത് പാക്കിസ്ഥാന്റെ സർവ്വ നാശത്തിൽ കലാശിക്കാം അതല്ലെങ്കിൽ ഇന്ത്യയിൽ തീവ്രമായ ഇസ്ലാമിസ്റ്റ് അജണ്ടകൾ വിപുലീകരിക്കപ്പെടുന്നതിന് വഴിയൊരുക്കാം – ഇത് രണ്ടായാലും അതിനെ നേരിടാൻ ഇന്ത്യ സന്നദ്ധരായേ തീരൂ.”
ഇക്കാലമത്രയും തുടർച്ചയായി ഭീകരാക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടും ഭാരതം കൂടുതലും പ്രതിരോധ നീക്കങ്ങൾക്ക് ആണ് കൂടുതൽ പ്രാധാന്യം നൽകിയിട്ടുള്ളത് എന്നതാണ് സത്യം. പ്രതിരോധ നീക്കങ്ങൾ എന്ന് പറയുമ്പോൾ ഭാരത മണ്ണിൽ തന്നെ നിലയുറപ്പിച്ചു കൊണ്ട് നമ്മൾ പാകിസ്ഥാന് എതിരേ നടത്തിയിട്ടുള്ള പല സൈനിക പ്രത്യാക്രമണങ്ങളും ഇതിൽ ഉൾപ്പെടും, അവയെല്ലാം തന്നെ ഒരർത്ഥത്തിൽ നമ്മുടെ രാജ്യത്തെ പൗരന്മാരെയും ഒരുപാട് പ്രതികൂലമായി ബാധിച്ചിട്ടുണ്ട് എന്നതും ഒരു വസ്തുതയായി നിലനിൽക്കുന്നു. ഇത്തരത്തിൽ നമ്മൾ നടത്തിയ പ്രത്യാക്രമണങ്ങൾ ഒന്നുംതന്നെ ഏതെങ്കിലും തരത്തിൽ പാകിസ്ഥാനെയോ, പാകിസ്ഥാന്റെ ശക്തി സ്രോതസ്സുകളേയോ കാര്യമായ രീതിയിൽ പിടിച്ച് ഉലക്കാൻ തക്കവണ്ണം ശക്തിയുള്ളവയായിരുന്നില്ല എന്ന് സാരം. നമ്മുടെ രാജ്യത്തിന് നേർക്ക് പാകിസ്ഥാൻ അഴിച്ചുവിടുന്ന ഭീകരവാദ പ്രവർത്തനങ്ങൾക്ക് പൂർണ്ണമായ രീതിയിൽ ഒരു അറുതി വരുത്തണമെങ്കിൽ ഇന്ത്യയുടെ ആക്രമണങ്ങൾ എല്ലാം തന്നെ അതിർത്തികൾ ഭേദിച്ച് ഇസ്ലാമിക തീവ്രവദത്തിന്റെ വിളനിലം ആയ പാകിസ്ഥാൻ മണ്ണിലേക്ക് തന്നെ ചെന്നെത്തിയേ മതിയാകൂ.
ഞാൻ പറഞ്ഞത് ഭാരതത്തിന് പ്രത്യക്ഷമായ ഒരു യുദ്ധത്തിലൂടെ അല്ലാതെ തന്നെ പാകിസ്ഥാൻ എന്ന ശത്രുവിനെ അടിയറവ് പറയിക്കാൻ ഉള്ള പ്രാപ്തിയുണ്ട് എന്നാണ് – അതിനർത്ഥം ഇന്ത്യ പാകിസ്ഥാനുമായി യുദ്ധത്തിൽ ഏർപ്പെടരുത് എന്നോ മേൽപറഞ്ഞ പരോക്ഷ യുദ്ധ മുറകൾ മാത്രം കൈക്കൊള്ളണം എന്നോ അല്ല കാരണം തീവ്രവാദികളെ വേരോടെ ഉന്മൂലനം ചെയ്യുക എന്നത് ലോക നന്മ ഉറപ്പ് വരുത്തുന്നതിന് വേണ്ടി എല്ലാ ലോകരാഷ്ട്രങ്ങളും ഒരുപോലെ കൈക്കൊള്ളേണ്ട വളരേ അത്യന്താപേഷിതമായ ഒരു നടപടി തന്നെയാണ്.