കോട്ടയം കുമാരനല്ലൂർ ക്ഷേത്രത്തിലെ ഉപാസനാമൂർത്തിയായ കാർത്ത്യായനി ദേവിയുടെ പിറന്നാളായ തൃക്കാർത്തിക മഹോത്സവമാണ് ഇന്ന്. കേരളത്തിലുടനീളമുള്ള 108 പരശുരാമ ദേവീക്ഷേത്രങ്ങളിലൊന്നാണ് കുമാരനല്ലൂർ ക്ഷേത്രം. കോട്ടയം നഗരത്തിൽ നിന്ന് 5 കിലോമീറ്റർ മാറി ഏറ്റുമാനൂർ താലൂക്കിൽ നിലകൊള്ളുന്ന ക്ഷേത്രം, വാർഷിക മഹോത്സവമായ കാർത്തിക ദീപത്തിനും, ക്ഷേത്രവുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങൾക്കും, നൈസർഗിക വർണ്ണങ്ങളും ഔഷധ സസ്യങ്ങളും മറ്റുമുപയോഗിച്ച് നിർമ്മിച്ച ചുവർചിത്രങ്ങൾക്കും വളരെയേറെ പ്രസിദ്ധിയാർജ്ജിച്ചതാണ്.
മധുരമീനാക്ഷി ക്ഷേത്രവുമായി കുമാരനല്ലൂർ ക്ഷേത്രത്തിന് ബന്ധമുണ്ട്. കാർത്ത്യായനി എന്ന് വിളിപ്പേരുള്ള മൂർത്തി മീനാക്ഷിയമ്മയുടെ സ്വരൂപമാണ് എന്നാണ് വിശ്വസിച്ചുപോന്നത്. ലക്ഷ്‌മി, പാർവതി, സരസ്വതി, ദുർഗ, വനദുർഗ എന്നീ രൂപങ്ങളിൽ ദേവിയെ ഇവിടെ ആരാധിക്കുന്നു. പഞ്ചമഹാക്ഷേത്രങ്ങളിൽ ഒന്നായാണ് ആദിശങ്കരൻ കുമാരനല്ലൂർ ക്ഷേത്രത്തെ വിശേഷിപ്പിച്ചത്. എല്ലാ രൂപഭാവങ്ങളിലും ദേവിയെ ദർശിക്കാൻ സാധ്യമാവുന്ന ഭാരതഭൂമിയിലെ ക്ഷേത്രങ്ങളെയാണ് പഞ്ചമഹാക്ഷേത്രങ്ങൾ എന്ന് വിളിക്കുന്നത്. അതുകൊണ്ടുതന്നെ ഭാരതത്തിലെ ദേവീക്ഷേത്രങ്ങളുടെ ഇടയിൽ കുമാരനല്ലൂർ ക്ഷേത്രത്തിന് അതിബൃഹത്തായ പ്രാധാന്യമാണുള്ളത്. ക്ഷേത്രത്തിലെ ശിലാലിഖിതങ്ങൾക്ക് 2400 – ലധികം വർഷങ്ങളുടെ പഴക്കമുണ്ട്. അന്നത്തെ 32 കുടുംബങ്ങളിലൊന്നാണ് ഇവിടെയുള്ള ബ്രാഹ്മണ ജനത. ഈ സ്ഥലം പണ്ടുകാലത്ത് തിങ്കൾക്കാടെന്നും പിന്നീട് ഇന്ദു കാനനം എന്നും അറിയപ്പെട്ടു. വളരെ അപൂർവമായ ശ്രീചക്രശൈലിയിലാണ് ഇവിടുത്തെ വട്ട ശ്രീകോവിൽ നിർമിച്ചിരിക്കുന്നത്.
ഗണപതി, ശിവൻ, കാളി എന്നീ മൂർത്തികളുടെ ഉപപ്രതിഷ്ഠകളും ക്ഷേത്രത്തിന്റെ ഭാഗമാണ്. കിഴക്കോട്ട് അഭിമുഖീകരിച്ചുനിൽക്കുന്ന ക്ഷേത്രത്തിന്റെ ബാക്കി മൂന്ന് ദിശകളിലും ദിക്പാലകന്മാരായി ഗോപുരങ്ങൾ സ്ഥാപിച്ചിരിക്കുന്നു. ആദ്യകാലങ്ങളിൽ ഇതൊരു ശിവക്ഷേത്രമായിരുന്നു എന്നതുകൊണ്ട് ദേവിക്ക് മുന്നേ വലതുഭാഗത്ത് ശിവനെ ആരാധിക്കുക എന്ന സമ്പ്രദായമാണ് ഇവിടെ നിലനിന്നുപോരുന്നത്. പ്രസ്തുത ക്ഷേത്രത്തെ സംബന്ധിച്ച ഐതിഹ്യം ദേവീസ്തോത്രങ്ങൾ ഉൾപ്പെടെയുള്ള കൃതികളിലുടനീളം പരാമർശിച്ചിട്ടുണ്ട് എന്നത് കാണാനാകും.
ക്ഷേത്രമുൾപ്പെടുന്ന പ്രദേശം ആ കാലഘട്ടത്തിൽ ഭരിച്ചിരുന്നത് ചേരമാൻ പെരുമാളാണ്. അന്ന് തിങ്കൾക്കാട് എന്ന് വിളിച്ചുപോന്നിരുന്ന പ്രസ്തുത സ്ഥലത്ത് ഒരു സുബ്രഹ്മണ്യക്ഷേത്രവും ഉദായനാപുരത്ത് ഒരു ദുർഗാക്ഷേത്രവും പണികഴിപ്പിക്കാൻ അദ്ദേഹം ഉത്തരവിട്ടു. തൻമധ്യേ, സമാന്തരമായ സ്ഥിതി വിശേഷങ്ങൾ മധുര മീനാക്ഷി ക്ഷേത്രത്തിൽ രൂപാന്തരപെട്ടു വരികയായിരുന്നു. മധുര മീനാക്ഷിയാമ്മയുടെ രത്നം പതിപ്പിച്ച നാസാഭരണം കാണാതായി. ക്ഷേത്രപുരോഹിതന്റെ അറിവോടെയല്ലാതെ ആഭരണം കളവുപോവുകയില്ല എന്ന മുൻവിധിയിൽ, നാൽപ്പത്തിയൊന്ന് ദിവസത്തിനകം ദേവിയുടെ ആഭരണം പുരോഹിതനെക്കൊണ്ടു വീണ്ടെടുക്കാനാവാത്ത പക്ഷം അദ്ദേഹത്തെ വധിക്കാൻ പാണ്ഡ്യ രാജാവ് ഉത്തരവിട്ടു. ഹതഭാഗ്യനായ ആ പുരോഹിതൻ രാവും പകലും അമ്മയോട് പ്രാർത്ഥിച്ച് കഴിച്ചുകൂട്ടി. മുപ്പത്തിയൊമ്പതാമത്തെ ദിവസം രാത്രിയിൽ ശ്രീകോവിലിന്റെ പടികളിൽ ഉറങ്ങവേ അദ്ദേഹത്തിന് ഒരു ദിവ്യമായ വെളിപാടുണ്ടായി. ഇനി ക്ഷേത്രത്തിൽ തുടരുന്നത് അഭികാമ്യമല്ല എന്ന് ഒരു സ്ത്രീ സ്വപ്നത്തിൽ വന്നരുൾചെയ്തു. അദ്ദേഹം ഉറക്കത്തിൽ നിന്നെഴുന്നേറ്റപ്പോൾ, സൗന്ദര്യവതിയായ ആ സ്ത്രീ സർവാഭരണവിഭൂഷിതയായി തന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു നിൽക്കുന്നത് കണ്ടു. ശ്രീകോവിലിൽ നിന്ന് പുറത്ത് വന്ന് ദേവി ഇപ്രകാരം പറഞ്ഞു: “ഇക്കാലമത്രയും നീയെന്നെ നിർമ്മലമായ ഭക്തിയോടെ സേവിച്ചു. എന്നാൽ ഈ പരീക്ഷണഘട്ടത്തിൽ നിന്നും രക്ഷപെടാൻ നിന്നെ സഹായിക്കാൻ ഒരു മാർഗദീപമായി ഞാൻ നിന്നെ ഈ നിമിഷം മുതൽ സേവിക്കും”. ദേവിയുടെ പ്രഭചൊരിയുന്ന ആഭരണങ്ങളുടെ പ്രകാശത്താൽ ദീപ്തമായ ആ അമാവാസിരാത്രിയിൽ ആ പുരോഹിതൻ ദേവിയെ പിന്തുടർന്ന് നടന്നു. ഒരുപാട് ദൂരത്തെ യാത്രയ്ക്ക് ശേഷം പണിതുടർന്നു കൊണ്ടിരിക്കുന്ന ഒരു ക്ഷേത്രസ്ഥാനത്ത് അവർ ഇരുവരും അഭയം തേടി. അടുത്ത ദിവസം നിദ്രയിൽ നിന്നും എഴുന്നേറ്റപ്പോൾ, പൂർത്തിയാകാത്ത ക്ഷേത്രത്തിലെ ശ്രീകോവിലിൽ സർവാഭരണ വിഭൂഷിതയായി ദേവി ആസനസ്ഥയായിരിക്കുന്ന കാഴ്‌ചയാണ് അദ്ദേഹം കണ്ടത്. ചേരമാൻ പെരുമാൾ നിർമ്മിക്കാൻ ഉത്തരവിട്ട സുബ്രഹ്മണ്യ ക്ഷേത്രമായിരുന്നു ഇത്. കുറച്ച് സമയത്തിനു ശേഷം ശ്രീകോവിലിന്റെ ഉള്ളിൽ നിന്ന് “കുമാരനല്ല ഊര്” എന്നൊരു അശരീരി ഉണ്ടായി. ഇതിനെത്തുടർന്ന് സുബ്രഹ്മണ്യന്റെ വിഗ്രഹം ഉദയനാപുരത്തേക്ക് പുനഃസ്ഥാപിക്കുകയുണ്ടായി. ദുർഗാദേവിയുടെ വിഗ്രഹം കുമാരനല്ലൂരേക്കും കൊണ്ടു വന്നു.
എന്നാൽ ചേരമാൻ പെരുമാളിന് പിന്നീട് ഒരു ദിവ്യ വെളിപാടുണ്ടായി : പരശുരാമൻ വേദഗിരിയിൽ വച്ച് ആരാധിച്ചിരുന്ന, വിശിഷ്ടമായ മിശ്രണങ്ങളോട് കൂടി അഞ്ജന ശിലയിൽ നിർമ്മിച്ച ഒരു വിഗ്രഹം നദീതടത്തിൽ കിടക്കുന്നുണ്ടെന്ന്. പെരുമാൾ ആ വിഗ്രഹം വീണ്ടെടുക്കുകയും പ്രതിഷ്ഠാപനത്തിനായി കുമാരനല്ലൂരിലേക്ക് കൊണ്ടുവരികയും ചെയ്തു. പ്രതിഷ്ഠയുടെ സമയത്ത് എവിടെ നിന്നോ ഒരു ഋഷിവര്യൻ പ്രത്യക്ഷപ്പെടുകയും പൂജാകർമ്മങ്ങൾ നടത്തിയതിനുശേഷം അപ്രത്യക്ഷമാവുകയും ചെയ്തു. ആ ഋഷി പരശുരാമൻ ആയിരുന്നു എന്നാണ് ഇപ്പോഴും വിശ്വസിച്ചുപോന്നത്. മധുരയിൽ നിന്നും വന്ന പുരോഹിതൻ കുമാരനല്ലൂർ ക്ഷേത്രത്തിലെ പൂജാരിയായിത്തന്നെ തുടരുകയും, അദ്ദേഹത്തിന്റെ പിന്മുറക്കാർ ഇക്കാലം വരെയും ക്ഷേത്രത്തിലെ പൂജാദികർമ്മങ്ങൾ നിർവഹിച്ചു വരികയും ചെയ്യുന്നു. ക്ഷേത്രത്തിന്റെ സമീപം തന്നെയാണ് ഇവർ ജീവിച്ചു പോന്നത്. “മധുരൈ ഇല്ലം” എന്നാണ് ഈ ബ്രാഹ്മണരുടെ ഇല്ലത്തിന്റെ പേര്. പ്രകൃതിയിൽ നിന്നുമുണ്ടാക്കിയ നിറങ്ങളും ഔഷധസസ്യങ്ങളുമുപയോഗിച്ച് നിർമ്മിച്ച ഒരുപാട് ചുവർചിത്രങ്ങൾ ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. രാമായണം, മഹാഭാരതം, ദേവീപുരാണം എന്നിവയിലെ ഐതിഹ്യങ്ങളാണ് ചുവർചിത്രങ്ങളിലെ പ്രതിപാദ്യ വിഷയം. ആദിപരാശക്തിയുടെ ഏറ്റവും സൗന്ദര്യ സൗകുമാര്യമുള്ള ഭാവമായിട്ടാണ് ദേവിയെ ഇവിടെ ഉപാസിക്കുന്നതും ആരാധിക്കുന്നതും. സർവാഭരണവിഭൂഷിതയായി, തേജസ്സുറ്റ തന്റെ മുഖവും ഹൃദ്യമായ മന്ദഹാസവും രത്നക്കല്ലുകൾ പതിച്ച നാസാഭരണത്തിന്റെ പ്രഭയിൽ വിളങ്ങുന്ന സൗകുമാര്യവതിയായ യുവതിയുടെ മൂർത്തീഭാവമായ ദേവിയെ തമ്പുരാട്ടി എന്നാണ് പ്രദേശവാസികൾ സംബോധന ചെയ്യുന്നത്.
അഭൗമമായ ആ സൗന്ദര്യത്തിന്റേയും വശ്യതയുടേയും ആരാധകരായി ദേവിയുടെ ഭക്തന്മാർ മാത്രമല്ല ഉള്ളത്. അനേകം ദൈവങ്ങളും ദേവിയുടെ വദനസൗകുമാര്യത്തിലും ലാവണ്യത്തിലും വശീകരിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. പവിത്രമായ സ്നാനം കഴിഞ്ഞ് മടങ്ങുന്ന ദേവിയുടെ ദർശനത്തിൽ ഉദയനാപുരത്തെ ദേവനും വടക്കുന്നാഥ ക്ഷേത്രത്തിലെ മഹാദേവനും സ്ഥലകാല ബോധം നഷ്ടപ്പെട്ടുവത്രേ.
ഒരു കാർത്തിക ദിനത്തിൽ, വടക്കുന്നാഥ ക്ഷേത്രത്തിനുള്ളിലെ ശ്രീകോവിലിൽ വില്വമംഗലസ്വാമിയാർക്ക് മഹാദേവനെ കണ്ടെത്താനായില്ല. അന്വേഷണത്തിനൊടുവിൽ ക്ഷേത്രത്തിന്റെ ചുറ്റുമതിലിന്റെ തെക്കേയറ്റത്ത് തന്റെ അർദ്ധാംഗിനിയുടെ സ്നാനം വീക്ഷിച്ചുകൊണ്ടിരിക്കുന്ന മഹാദേവനെ കണ്ടെത്താനായി. കുളി കഴിഞ്ഞ് നെറ്റിത്തടത്തിൽ മഞ്ഞൾ ലേപനം ചെയ്ത് നടന്നുവരുന്ന, ലാവണ്യത്തിന്റെ പര്യായമായ ദേവിയുടെ തിരുഃരൂപത്തിൽ നിന്നും കണ്ണെടുക്കാൻ ദൈവങ്ങൾക്കുപോലുമാവില്ല. ഇന്നും വൃശ്ചികമാസത്തിലെ കാർത്തികനാളിൽ കുറച്ചുസമയത്തേക്ക് മഹാദേവനെ ശ്രീകോവിലിന്റെ ഉള്ളിൽ കാണാൻ സാധിക്കില്ല. മഹാദേവന്റെ സാന്നിധ്യം ആ സമയത്ത് വടക്കുന്നാഥ ക്ഷേത്രത്തിന്റെ ചുറ്റുമതിലിന്റെ തെക്കുഭാഗത്ത് അനുഭവപ്പെടുന്നതുകൊണ്ട് തന്നെ മധ്യാഹ്നപൂജ പോലെയുള്ള കർമ്മങ്ങൾ ആ ഭാഗത്താണ് നിർവഹിക്കുന്നത്. ദേവി തന്റെ തിരുഃസങ്കേതത്തിലേക്ക് പുറപ്പെടുന്ന ഈ അനുഷ്ഠാനമാണ് പത്തുദിനം നീണ്ടുനിൽക്കുന്ന കുമാരനല്ലൂരിലെ ഉത്സവത്തിന്റെ രത്നച്ചുരുക്കം.
മഞ്ഞൾ നീരാട്ട്, കാർത്തികദീപം എന്നീ അനുഷ്ഠാനങ്ങളുടെ അകമ്പടിയിൽ ദേവിയെ സ്വീകരിക്കാനായി ദീപങ്ങളാൽ പ്രകാശമയമായ ക്ഷേത്രവും പരിസരപ്രദേശവും ഒരിക്കലും നഷ്ടപ്പെടുത്താനാവാത്ത ഒരു അനുഭൂതി തന്നെയാണ്. തങ്ങൾക്ക് അഷ്ടൈശ്വര്യങ്ങളും, പതിമാർക്ക് ദീർഘായുസ്സും നൽകാനായി ശ്രീകോവിലിലേക്ക് മടങ്ങുന്ന ദേവിയോട് സ്ത്രീകളായ ഭക്തർ പ്രാർത്ഥിക്കും.
കുമാരനല്ലൂർ ക്ഷേത്രത്തിലെ ഉത്സവം വൃശ്ചികത്തിലെ തിരുവോണ നാളിൽ ആരംഭിച്ച് രോഹിണി നാളിൽ സമാപിക്കുന്നു. ഒൻപതാം ദിവസം ദേവിയുടെ പിറന്നാളായ കാർത്തികനാളിലാണ് അമ്മ ഏറ്റവും സന്തുഷ്ടവതിയും പ്രസാദവതിയുമായി നിലകൊള്ളുന്നത്. കാർത്തികയുടെ തലേദിവസമായ ഭരണിനാളിൽ ഭക്തജനങ്ങൾ ക്ഷേത്രത്തിനുള്ളിൽ ഉറങ്ങുകയും, പുലർച്ചെ രണ്ടുമണിക്ക് ഉണർന്ന് സ്നാനത്തിനു പോകുന്ന ദേവിയെ അനുഗമിക്കുകയും ചെയ്യുന്നു. പത്തുദിവസത്തെ ഉത്സവത്തിൽ എല്ലാദിവസവും ആറാട്ട് നടത്തുന്ന പ്രത്യേക പാരമ്പര്യം ഈ ക്ഷേത്രത്തിന്റെ സവിശേഷതയാണ്.
അങ്ങനെ, ദീപങ്ങളും മഞ്ഞൾ നീരാട്ടും മറ്റുമായി സ്വീകരിക്കപ്പെട്ട കാർത്യായനി ദേവി, ഭക്തജനങ്ങൾക്ക് മന്ദഹാസത്തോടെ അനുഗ്രഹാശിസ്സുകൾ വർഷിച്ചുകൊണ്ട് തന്റെ സങ്കേതമായ ശ്രീകോവിലിലേക്ക് ഗാംഭീര്യത്തോടെ സാനുകമ്പം മടങ്ങുന്നു.
മടങ്ങുന്ന വീഥികളിൽ മൺ ചിരാതിൽ തിരി തെളിയിച്ച്,വീടുകളിൽ മഞ്ഞൾ പറ വഴിപാട് നടത്തി ഭക്തജനങ്ങൾ അമ്മയെ വരവേൽക്കുന്നു.കോട്ടയം നഗരത്തിൽ നിന്ന് ഏകദേശം അഞ്ച് കിലോമീറ്റർ ദൂരത്തിൽ എം. സി. റോഡിൽ കുമാരനല്ലൂർ മേൽ പാലം കടന്ന് വേണം ക്ഷേത്രത്തിൽ എത്തി ചേരാൻ.
വൃശ്ചിക മാസത്തിലെ കാർത്തിക നാളിൽ പുഞ്ചിരി തൂകി നിൽക്കുന്ന കാർത്ത്യായനി ദേവിയുടെ ദർശനം ലഭിക്കാൻ ഭക്തലക്ഷങ്ങൾ കുമാരനല്ലൂരിലേക്ക് ഒഴുകി വരുന്നു.