തെറ്റിദ്ധരിപ്പിക്കുന്ന കണക്കുകൾ !

0

ജനസംഖ്യയുടെ 1% രാജ്യത്തെ സമ്പത്തിന്റെ 73% കയ്യടക്കി വെച്ചിരിക്കുന്നു!!

ഞെട്ടിക്കുന്ന ഒരു കണക്ക് !!

ഓക്‌സ്ഫാം എന്ന ബ്രിട്ടൺ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സോഷ്യലിസ്റ്റ് ആശയം പേറുന്ന ദാരിദ്ര്യ നിർമാർജനത്തിനു വേണ്ടി പ്രവർത്തിക്കുന്ന ഒരു ചാരിറ്റബിൾ സംഘടനയാണ് റിപ്പോർട്ട് പുറത്ത് വിട്ടത്.

മോദി ദാവോസിൽ പോയി തകർക്കുമ്പോൾ, രാജ്യം റെക്കോഡ് വളർച്ച കൈവരിക്കും എന്ന് വിശ്വപ്രസിദ്ധ സാമ്പത്തിക സംഘടനകൾ ഒന്നടങ്കം പറയുമ്പോൾ, ഫ്രാൻസിനെ കടത്തി വെട്ടി ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തി ആവുമ്പോൾ എങ്ങനെ മിണ്ടാതിരിക്കും, ചൊറിയാതെ വയ്യല്ലോ!!

അവർക്ക് വീണു കിട്ടിയ കച്ചി തുരുമ്പാണ്‌ ഓക്സ്ഫാം റിപ്പോർട്ട്. പക്ഷേ എല്ലാർക്കും ഒരേ വരുമാനമുള്ള ഉട്ടോപ്യൻ സോഷ്യലിസ്റ്റ് സാമ്പത്തിക ശാസ്ത്രത്തിൽ മാത്രമേ ഇതൊക്കെ വലിയ സംഭവം ആവുകയുള്ളൂ, നമ്മൾക്ക് എന്ത്. മാധ്യമങ്ങൾ വാർത്ത കൊടുക്കുന്നത് തന്നെ കണ്ടില്ലേ സമ്പത്ത് പിടിച്ചു വെച്ചിരിക്കുന്നു, കയ്യടക്കി വെച്ചിരിക്കുന്നു എന്നൊക്കെ ആണ്.

സമ്പത്തും പണവും തമ്മിൽ ഉള്ള വ്യത്യാസം പോലും ഇക്കൂട്ടർക്ക് അറിയില്ല എന്ന് തോന്നുന്നു. റിപ്പോർട്ട് വായിച്ചപ്പോൾ ആണ് ഞാൻ എന്റെ കാര്യം ഓർത്തത്. ഒരു തുണ്ട് ഭൂമി പോലും ഇല്ല എനിക്ക്, സ്വർണം സ്വന്തമായി ഇല്ല, ആകെ ഉള്ളത് കുറച്ച് പണം ആണ്, കച്ചവടത്തിൽ നിന്ന് കിട്ടുന്ന ലാഭം മാത്രം, അതോ ചിലവിനു ഒപ്പവും, എന്റെ മാത്രം കാര്യമല്ല രണ്ടു അനിയന്മാരുടെയും അവസ്ഥ ഇതൊക്കെ തന്നെ, രാജ്യത്തിന്റെ 27% ശതമാനം കയ്യാളുന്ന ഒരു തൊണ്ണൂറ്റി ഒൻപതു ശതമാനക്കാരൻ.

പക്ഷെ എന്റെ അമ്മ അങ്ങനെയല്ല ‘കോടികളുടെ’ സ്വത്തും, സ്വർണവും, സ്ഥിര നിക്ഷേപവും, സർക്കാർ സർവീസിൽ ഉള്ളത് കൊണ്ട് കിട്ടാൻ പോകുന്ന പി എഫും ഒക്കെ ഉള്ള, ഞങ്ങൾ മക്കളുടെ ധനമൊക്കെ “കയ്യടക്കി” വെച്ചിരിക്കുന്ന ആ ഒരു ശതമാനത്തിൽ പെട്ട ആൾ. നിങ്ങളുടെ വീട്ടിലും ഇതൊക്കെ തന്നെയാവും സ്ഥിതി.

എന്തൊരു വിവേചനം ആണല്ലേ നമ്മുടെ ഇന്ത്യയിൽ? ലോകത്തിന്റെ കാര്യവും ഇങ്ങനെ തന്നെ !

സമ്പത്ത് എന്ന്‌ പറഞ്ഞാൽ പണം അല്ല, അതു പണം കൊടുത്ത് നിങ്ങൾ ഉണ്ടാക്കുന്ന സ്വത്ത് ആണ്. കോടികൾ വരുമാനമുള്ള ചിലർക്ക് സ്വത്ത് ഉണ്ടാവണം എന്ന് ഒരു നിർബന്ധവും ഇല്ല. വരവിന് ഒപ്പം ചിലവാക്കുന്ന ആളുകളെ കണ്ടിട്ടില്ലേ. സ്വത്തു ഉണ്ടാക്കുക എന്നത് പണം ഉണ്ടാക്കുന്ന പോലെ എളുപ്പവും അല്ല.

രാജ്യത്തെ സ്വത്ത് എന്നിവർ പറയുന്നത് രാജ്യത്തുള്ള കമ്പനികളുടെ മൂല്യം ആണ്. ഉദാഹരണം റിലയൻസ് 6 ലക്ഷം കോടിയുടെ മൂല്യം ഉണ്ട് അതിൽ 50% ഓഹരിക്കാരനായ അംബാനിക്ക് അപ്പൊ 3 ലക്ഷം കോടിയുടെ ആസ്തി ഉണ്ട്, പക്ഷേ വരുമാനമോ കമ്പനിയുടെ ലാഭ വിഹിതവും അത് ഏകദേശം 1000 കോടി കിട്ടും അംബാനി കുടുംബത്തിന്. കോർപറേറ്റുകളുടെ ലാഭത്തിൽ നിന്ന് നികുതി ആദ്യം പിടിക്കുന്നത് കൊണ്ട് ഓരോ വർഷവും കൊടുക്കുന്ന ലാഭ വിഹിതത്തിനു പിന്നെ ആദായ നികുതി കൊടുക്കേണ്ട, അതു കൊണ്ട് തന്നെ ഇന്ത്യയിലെ ഏറ്റവും വലിയ ആദായ നികുതിദായകരിൽ അംബാനിയുടെ പേര് വരില്ല. അമിതാഭ് ബച്ചനും അക്ഷയ് കുമാറും ഒക്കെയെ ഉണ്ടാവൂ.

പക്ഷെ അംബാനി കാശ് ഉണ്ടാക്കിയപ്പോൾ വേറെ ഒരു കൂട്ടർ ഒന്നും അറിയാതെ പൈസ ഉണ്ടാക്കി, ബാക്കിയുള്ള 50% ഓഹരി ഉടമകൾ, 17% ഓഹരി റിലയൻസിൽ ഉള്ള എൽ.ഐ.സി, പൊതുജനങ്ങൾ, ഇന്ത്യൻ സർക്കാർ ഒക്കെ അംബാനിയെ പോലെ തന്നെ റിലയൻസിൽ നിന്ന് പണം ഉണ്ടാക്കി. സർക്കാർ 10,000 കോടി രൂപയാണ് കഴിഞ്ഞ വർഷം നികുതി ആയി പിരിച്ചത്.

ഇന്ത്യയിൽ ഇന്ന് ഉള്ള മിക്ക കോടീശ്വരന്മാരും ജനിച്ചത് കോടീശ്വരൻമാരായല്ല, അംബാനിയും, അദാനിയും, നാരായണമൂർത്തിയും, അസിം പ്രേംജിയും ഒന്നും.
ഈ ഇന്ത്യ മഹാരാജ്യത്തിൽ ജനിച്ചു പഠിച്ചു പണിയെടുത്ത് ഉണ്ടാക്കിയതാണ്.ഇന്നും ഓരോ വർഷവും എത്ര പേരാണ് ശത കോടീശ്വരൻമാർ ആവുന്നത്. ഒരു സോഷ്യലിസ്റ്റ് സ്വപ്നത്തിന്റെ ചിറകിലേറി സമത്വം വരുമെന്നും, എല്ലാർക്കും ഒരേ സാമ്പത്തിക കഴിവ് വരുമെന്നും പ്രത്യാശിച്ചു നടന്നാൽ ഉണ്ടാവുക പണപെരുപ്പവും ക്ഷാമവും മാത്രം. വെനസ്വേല പോലെ അല്ലെങ്കിൽ ഉത്തര കൊറിയ പോലെ. ഇവരൊന്നും സോഷ്യലിസം തെറ്റായി നടപ്പിൽ ആക്കിയത് കൊണ്ടല്ല പൊളിഞ്ഞു പാളീസായത്. ഇങ്ങനത്തെ റിപ്പോർട്ട് ഉണ്ടാക്കി വിടുന്ന സോഷ്യലിസ്റ് ഭുജികൾ പറഞ്ഞ പോലെ സോഷ്യലിസം ശെരിയായി നടപ്പിൽ വരുത്തിയത് കൊണ്ടാണ്.


സോഷ്യലിസത്തിന്റെ ബാക്കിപത്രം: പട്ടിണി സഹിക്കാനാവാതെ കഴിഞ്ഞ ദിവസം വെനസ്വേലയിൽ ഗ്രാമീണർ പശുവിനെ കൊന്നുതിന്ന കാഴ്ച!

വാൽ: ഡിവിഡന്റ് വരുമാനം ഇന്ത്യയിൽ ഏറ്റവും അധികം ലഭിക്കുന്നത് അംബാനിക്ക് അല്ല അസീം പ്രേംജിക്ക് ആണ്, നോക്കിയേ ആർ എസ് എസ് ഭരിക്കുന്ന ഇന്ത്യയിൽ ഏറ്റവും കാശ് ഉണ്ടാക്കുന്നത് ഒരു മുസ്‌ലിം വ്യവസായി.

~ഭാസ്കർ ടി ദാസ്

LEAVE A REPLY

Please enter your comment!
Please enter your name here