ചൈനയ്ക്ക് കുഴലൂതുന്ന നെഹ്‌റുവിന്റെ ഗ്രേറ്റ് ഗ്രാന്‍സണ്‍

0

രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഹിമാലയന്‍ വങ്കത്തരങ്ങളുടെ ലിസ്റ്റ് എടുത്താല്‍ ആദ്യം വരുന്നത് കാശ്മീര്‍ വിഷയത്തിലെ പാളിച്ചകളായിരിക്കും. രണ്ടാമത്തേത്‌ 1962 ലെ ചൈനയുമായുള്ള യുദ്ധവും യുദ്ധാനന്തരം ചൈനയ്ക്ക് സമ്മാനിച്ച വലിയ ഭൂപ്രദേശമാകും. യുഎന്‍ സുരക്ഷാ സമിതി അംഗത്വം വെച്ചു നീട്ടിയപ്പോള്‍ അത് ചൈനയ്ക്ക് ഇരിക്കട്ടെയെന്ന് വിശാല മനസ്‌കത കാട്ടിയതും എല്ലാം ചേര്‍ന്ന് വലിയൊരു പട്ടിക തന്നെ അദ്ദേഹത്തിന്റെ സംഭാവനയായിട്ടുണ്ട്.

എന്നാല്‍, ഇതിനെയൊക്കെ ന്യായീകരിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ തങ്ങളുടെ പാര്‍ട്ടിയുടെ ഫസ്റ്റ് ഫാമിലിയുടെ പോരായ്മകള്‍ മൂടിവെയ്ക്കും. തങ്ങളുടെ നേതാക്കളുടെ പിടിപ്പു കേടുമൂലം സംഭവിച്ച കോട്ടങ്ങള്‍ ഇപ്പോള്‍ മറ്റുള്ളവരുടെ തലയില്‍ ചാര്‍ത്തുന്ന തത്രപ്പാടിലാണ് കോണ്‍ഗ്രസ് നേതൃത്വം . നെഹ്‌റുവിന്റെ കൊച്ചുമകന്റെ മകനായ രാഹുല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വ്യക്തിപരമായി കടന്നാക്രമിച്ച് പറഞ്ഞ നുണകളുടെ പരമ്പര ചരിത്രബോധമുള്ളവരെ എല്ലാവരേയും ഞെട്ടിക്കുന്നതായിരുന്നു.

ചൈനയ്ക്കു മുന്നില്‍ ഭയന്ന മോദി രാജ്യത്തിന്റെ ഭൂപ്രദേശം വിട്ടുനല്‍കിയെന്ന ഗുരുതര ആരോപണമാണ് രാഹുല്‍ ഉന്നയിച്ചത്. മോദി ഭീരുവാണെന്നും ചൈനയുടെ മുന്നില്‍ നില്‍ക്കാന്‍ ധൈര്യമില്ലാത്തവനാണെന്നും ഇന്ത്യന്‍ പോസ്റ്റുകള്‍ ചൈനയ്ക്ക് വിട്ടുകൊടുത്തുവെന്നും തുടങ്ങി നിരവധി ഗുരുതര ആരോപണങ്ങളാണ് രാഹുല്‍ ഉന്നയിച്ചത്. ലഡാക്കിലെ കിഴക്കന്‍ അതിര്‍ത്തിയായ പാന്‍ഗോംഗില്‍ നിന്നും ഇന്ത്യന്‍ പട്ടാളത്തെ പിന്‍വലിപ്പിച്ചതെന്തിനാണെന്നും ഇത് ചൈനയ്ക്ക് ഭൂമി വിട്ടുനല്‍കിയിട്ടാണെന്നും കൈലാസ് റേഞ്ച് ചൈനയ്ക്ക് നല്‍കിയെന്നും സൈനികരുടെ ജീവത്യാഗത്തിനു മേല്‍ മോദി തുപ്പിയെന്നും സാമാന്യമര്യാദയുടെ കണിക പോലും ഇല്ലാത്ത വാക്കുകളിലൂടെ രാഹുല്‍ സോഷ്യല്‍ മീഡിയയിലും വാര്‍ത്താ സമ്മേളനത്തിലും ആരോപിക്കുകയായിരുന്നു.

രാഹുലിന്റെ പ്രസ്താവനകള്‍ക്ക് ശക്തമായ മറുപടിയുമായി ബിജെപി രംഗത്ത് വരികയും സോഷ്യല്‍ മീഡിയയില്‍ രാഹുലിനെ പലരും ചരിത്ര വസ്തുതകള്‍ അക്കമിട്ട് പഠിപ്പിച്ച് കൊടുക്കുകയും ചെയ്യുകയാണ് ഇതിന്റെ അനന്തരഫലമായി സംഭവിച്ചത്.

രാജ്യം രൂപീകരിക്കുന്ന വേളയില്‍ ചിതറിക്കിടന്നിരുന്ന പ്രവിശ്യകളെ ഒന്നിപ്പിക്കാന്‍ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ മുന്‍കൈ എടുത്ത് 100 ശതമാനം വിജയം കൈവരിച്ചപ്പോള്‍ നെഹ്‌റു ഏറ്റെടുത്ത കാശ്മീര്‍ വിഷയം പൂര്ത്തികരിക്കാത്തതും രാജ്യത്തിന് എന്നും തലവേദന സംഭവാന ചെയ്ത കീറാമുട്ടിയായി അവശേഷിക്കുകയുമായിരുന്നു. ഭരണഘടനയിലെ 370 ാം വകുപ്പ് എടുത്ത് കളഞ്ഞ് നരേന്ദ്ര മോദി സര്‍ക്കാര്‍ നെഹ്‌റു ചെയ്തു വെച്ച വലിയ തെറ്റിന് പരിഹാരം കണ്ടെത്തി. ഇതിനെ, അംഗീകരിക്കാന്‍ വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുന്ന കോണ്‍ഗ്രസിന് ഇന്നും സാധിച്ചിട്ടില്ല. തങ്ങള്‍ അധികാരത്തില്‍ തിരിച്ചു വന്നാല്‍ കാശ്മീരിന്റെ പ്രത്യേക അവകാശം തിരിച്ചു നല്‍കുമെന്ന വങ്കത്തരം പറയുന്നത് തുടരുകയാണ് കോണ്‍ഗ്രസ്.

സ്വാതന്ത്ര്യത്തിനു ശേഷം രാജ്യത്തിന്റെ അതിര്‍ത്തികള്‍ സുരക്ഷിതമായി വെയ്ക്കുന്നതില്‍ പ്രധാനമന്ത്രി എന്ന നിലയില്‍ നെങ്‌റു പരാജയപ്പെടുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. 1950 ല്‍ ചൈന ടിബറ്റ് കയ്യേറിയപ്പോള്‍ കൈയ്യും കെട്ടി നോക്കി നിന്ന നെഹ്‌റു ലോക സമാധാനവും ശാന്തിയും പ്രസംഗിച്ച് നടന്നു.

ചൈനയുടെ പട്ടാളം ടിബറ്റ് ആക്രമിച്ചതിനെ നെഹ്‌റു ചോദ്യം ചെയ്തുവെങ്കിലും ടീബറ്റിലെ ഏകാധിപത്യം അവസാനിപ്പിച്ച അവിടെ ജനങ്ങളുടെ സര്‍ക്കാരിനെ അവരോധിക്കുമെന്ന് മറുപടി പറഞ്ഞ ചൈനയെ വിശ്വസിക്കുകയാണ് അദ്ദേഹം ചെയ്തത്. ഇന്ത്യ-ചീന ഭായ് ഭായ് എന്ന് പാടി നടന്ന നെഹ്‌റുവിനെ ഉരുക്കുമനുഷ്യനെന്ന് അറിയപ്പെട്ടിരുന്ന സര്‍ദാദര്‍ പട്ടേല്‍ ചൈനയുടെ വഞ്ചക നയം ചൂണ്ടിക്കാട്ടി മുന്നറിയിപ്പ് നല്‍കിയിരുന്നു.

നമ്മള്‍ അവരെ സഹോദരരായാണ് കാണുന്നതെങ്കിലും തിരിച്ച് ആ സ്‌നേഹവും സൗഹൃദവും ചൈനയ്ക്കില്ലെന്ന് പട്ടേല്‍ നെഹ്‌റുവിന് എഴുതി. ടിബറ്റിലെ സംഭവ വികാസങ്ങളില്‍ ആശങ്കയുണ്ടെന്നും രാജ്യത്തിന്റെ അതിര്‍ത്തികളെ ഇത് ദോഷകരമായി ബാധിക്കുമെന്നും പട്ടേല്‍ നെഹ്‌റുവിന് എഴുതിയ ചരിത്രപരമായ കത്തില്‍ വിശദീകരിച്ചു. സ്വതന്ത്രവും പരമാധികാരവുമുള്ള ടിബറ്റ് ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയ്ക്ക് അത്യാന്തപേക്ഷിതമാണെന്ന് പട്ടേല്‍ ചൂണ്ടിക്കാട്ടി.

പിന്നീടും പട്ടേല്‍ ഈ വിഷയത്തിലെ തന്റെ ആശങ്ക നെഹ്‌റുവിന് മുന്നില്‍ അവതരിപ്പിച്ചു. കലിയുഗമാണെന്നും അംഹിസ അത് കാണിക്കുന്നവര്‍ക്ക് മുന്നിലാണ് വേണ്ടതെന്നും ആക്രമിക്കുന്നവര്‍ക്ക് അതേ നാണയത്തിലാകണം മറുപടിയെന്നും പട്ടേല്‍ പറഞ്ഞു. ടിബറ്റ് കയ്യേറിയത് ഇന്ത്യ ശക്തമായി എതിര്‍ത്തിരുന്നുവെങ്കില്‍ ബ്രിട്ടനും യുഎസ്സും യൂറോപ്യന്‍ ശക്തികളും ഇന്ത്യക്ക് പിന്നാലെ അണിനിരക്കുമായിരുന്നു.

എന്നാല്‍, യുഎന്‍ നേതൃത്വവുമായി ഉരസിയ നെഹ്‌റു ഇന്ത്യക്ക് വെച്ചു നീട്ടിയ സുരക്ഷാ കൗണ്‍സില്‍ അംഗത്വം ചൈനയുടെ കൊറിയന്‍ അധിനിവേശത്തിനെതിരെ യുഎന്‍ കൈകൊണ്ട നടപടികളില്‍ പ്രതിഷേധിച്ച് നിരസിക്കുകയാണ് ചെയ്തത്. ചൈനയ്ക്ക് സ്ഥിരാംഗത്വം നല്‍കിയപ്പോള്‍ നെഹ്‌റു അതിനെ പിന്തുണയ്ക്കുകയും ചെയ്തു.

നെഹ്‌റുവിന്റെ ചൈനീസ് നയത്തിന്റെ ഉപദേശകരായി ഉണ്ടായിരുന്നത് കമ്യൂണിസ്റ്റ് അനുഭാവികളായ രണ്ട് മലയാളികളായിരുന്നു. ഒന്ന് പ്രതിരോധമന്ത്രി വികെ കൃഷ്ണമേനോനും മറ്റൊന്ന് ചൈനയിലെ ഇന്ത്യന്‍ അംബാസിഡറായ കെ എം പണിക്കരും. ഇരുവരും ചൈനയുടെ സ്തുതിപാഠകരായിരുന്നു. രാജ്യ താല്‍പര്യം അവഗണിച്ച് ചൈനീസ് താല്‍പര്യം കാത്തു സംരക്ഷിക്കുകയാണ് ഇരുവരും ചെയ്തത്.

ടിബറ്റ് അധിനിവേശം ഇന്ത്യ ചെറുത്തിരുന്നുവെങ്കില്‍ ഇന്നത്തെ പോലെ ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍ എന്ന അതിര്‍ത്തി ഇല്ലായ്മ സംജാതമാകില്ലായിരുന്നു. ചൈനയുടെ ടിബറ്റ് ആക്രമണം ലോകം മുഴുവന്‍ വലിയ പ്രതിഷേധ അലമാല തീര്‍ത്തിരുന്നു. ഈ അനുകൂല സാഹചര്യം മുതലാക്കാന്‍ പോലും ഇന്ത്യ തുനിഞ്ഞില്ല. ചൈനീസ് അതിക്രമത്തിനെതിരെ ഇന്ത്യ മുന്നില്‍ നിന്ന് നയിക്കണമെന്ന് പ്രമുഖ മാധ്യമങ്ങള്‍ മുഖപ്രസംഗം വരെ എഴുതി. എന്നാല്‍, നെഹ്‌റു അതൊന്നും ചെവിക്കൊണ്ടില്ല.

പട്ടേലിനെ പോലെ പരിചയ സമ്പന്നായ നേതാവിന്റെ വാക്കുകളും രാജ്യാന്തര തലത്തില്‍ ഉരുത്തിരിഞ്ഞ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും നെഹ്‌റു ഒരു പോലെ അവഗണിച്ചു. ഇതു കൂടാതെ ചൈന പലപ്പോഴായി അതിര്‍ത്തി നിശ്ചയിക്കാന്‍ മുന്‍കൈ എടുത്തിട്ടും നെഹ്‌റു അലംഭാവത്തോടെ പ്രതികരിക്കുകയാണ് ഉണ്ടായത്. മക്‌മോഹന്‍ ലൈന്‍ അതിര്‍ത്തിയായി അംഗീകരിക്കാന്‍ ചൈന ഒരിക്കല്‍ തയ്യാറായാതുമാണ്. ലഡാക്കിലും ടിബറ്റിലും ചില വിട്ടുവീഴ്ചകാളാണ് ചൈന ആവശ്യപ്പെട്ടത്. അതിര്‍ത്തി നിശ്ചയിക്കാന്‍ ചൈന മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങള്‍ തള്ളിയ നെഹ്‌റു ലഡാക്കിന്റെ ഭാഗം വെറും തരിശാണെന്നും കനത്ത മഞ്ഞുമലയായതിനാല്‍ ചൈന പോലും ഈ ഭൂുപ്രദേശം ഉപേക്ഷിക്കുമന്നും ചൂണ്ടിക്കാട്ടി പാര്‍ലമെന്റിനേയും പൊതുജനങ്ങളേയും പറഞ്ഞ്ബോധിപ്പിക്കുകയാണുണ്ടായത്. അക്‌സായി ചിന്‍ പ്രവിശ്യ ഇന്ത്യയേക്കാളും ചൈനയ്ക്ക് തന്ത്രപരമായി പ്രാധാന്യമുള്ള പ്രദേശമായിരുന്നു. ടിബറ്റ് വഴി റോഡു നിര്‍മിക്കാനും കൂടുതല്‍ പ്രദേശങ്ങളിലേക്ക് ചെന്നെത്താനുമുള്ള വഴിയുമായിരുന്നു ഇവിടം. ടിബറ്റ് കിഴടക്കിയ ചൈന കിഴക്കന്‍ ലഡാക്കില്‍ റോഡ് നിര്‍മാണം നടത്തുന്ന കാര്യം 1961 ല്‍ പാര്‍ലമെന്റില്‍ നടന്ന ഒരു ചര്‍ച്ചയില്‍ ഉന്നയിക്കപ്പെട്ടപ്പോള്‍ അവിടെ മരങ്ങള്‍ വളരില്ലെന്നും കുറ്റിച്ചെടികള്‍ പോലും അപൂര്‍വ്വമായേ കാണാനാകു എന്നും നെഹ്‌റു പ്രസംഗിച്ചു. എന്നാല്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്ന മഹാവീര്‍ ത്യാഗി നെഹ്‌റുവിന്റെ ഈ പരാമര്‍ശത്തെ പരിഹസിക്കുകയും കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു.

തന്റെ കഷണ്ടിത്തല ചൂണ്ടിക്കാട്ടി. ഇവിടെ മുടി വളരുന്നില്ലെന്ന് കരുതി തലയ്ക്ക് വില കല്‍പ്പിക്കുന്നില്ലേ എന്ന് നെഹ്‌റുവിനോട് പരിഹാസ്യത്തോടെ ചോദിച്ചു. സഭ ഒന്നടങ്കം ചിരിയില്‍ മുങ്ങിയപ്പോള്‍ ഉളുപ്പില്ലാതെ കൂടെ ചിരിക്കുക മാത്രമാണ് നെഹ്‌റു ചെയ്തത്. ഇതിനും ഒരു വര്‍ഷം കഴിഞ്ഞ് റോഡു പൂര്‍ത്തിയാക്കിയ ചൈന ഇന്ത്യയുമായി യുദ്ധത്തില്‍ ഏര്‍പ്പെടുകയും യുദ്ധാനന്തരം ലഡാക്കിലെ ഉള്‍പ്പടെ ഭുപ്രദേശങ്ങള്‍ ഇന്ത്യയില്‍ നിന്നും കൈവശപ്പെടുത്തുകയുമാണ് ഉണ്ടായത്.

ടിബറ്റിലെ ചൈനയുടെ അധിനിവേശം വകവെച്ച് കൊടുക്കുന്നതിനു പകരമായി കൈലാസ പര്‍വ്വതത്തിലേക്കും മാനസരോവരിലേക്കും നേരിട്ടുള്ള പാത എങ്കിലും നെഹ്‌റുവിന് തരപ്പെടുത്താമായിരുന്നു. എന്നാല്‍, ഹൈന്ദവ മൂല്യങ്ങളില്‍ വിശ്വാസമില്ലാതിരുന്ന നെഹ്‌റു ഭാരതീയര്‍ പുണ്യവും പരിപാവനുമായി കരുതിയ ഈ ദേവഭൂമിയിലേക്ക് കടന്നു പോകാതിരിക്കാനുള്ള തടസ്സമൊരുക്കുകയാരിരുന്നു പകരം ചെയ്തത്.

ഇന്ത്യയുടെ ഈ ദുര്‍ബലാവസ്ഥ ചൈന പരമാവധി മുതലെടുത്തു. പഞ്ചശീലതത്വം പോലുള്ള നെഹ്‌റുവിന്റെ മൗലിക വിദേശനയങ്ങള്‍ ചൈന തിരസ്‌കരിച്ചു 1959 ല്‍ ദലൈലാമയെ പുറത്താക്കി ചൈന തങ്ങളുടെ ശക്തി തെളിയിച്ചു.ഇതിനൊപ്പം അക്‌സായി ചിന്‍ കിഴക്കന്‍ ലഡാക്ക് എന്നിവിടങ്ങളില്‍ ചൈന കടന്നു കയറിയത് വര്‍ഷങ്ങളോളം രാജ്യത്തോട് പറയാതെ നെഹ്‌റുവും വികെ കൃഷ്ണമേനോനും രഹസ്യമാക്കി വെച്ചു. പഞ്ചശീലതത്വത്തിന് കോട്ടം വരാതിരിക്കാനാണ് ഇത്തരത്തില്‍ നെഹ്‌റു നിലപാട് സ്വീകരിച്ചത്. ഇന്ത്യന്‍ അതിര്‍ത്തി കൈയ്യേറി ചൈന റോഡു നിര്‍മിക്കുന്നത് ജനറല്‍ തിമ്മയ്യ നെഹ്‌റുവിനെ അറിയിച്ചെങ്കിലും അദ്ദേഹം അത് ഗൗരവത്തില്‍എടുത്തില്ല.

താന്‍ മുന്നോട്ട് വെച്ച പഞ്ചശീലതത്വങ്ങളുടെ പരാജയം മറച്ചുവെയ്ക്കുക മാത്രമായിരുന്നു നെഹ്‌റുവിന്റെ ലക്ഷ്യം. വിവരങ്ങള്‍ പുറത്തുപറായാതിരിക്കാനായി പട്ടാള മേധാവിക്ക് ശക്തമായ താക്കീതാണ് വി കെ കൃഷ്ണമേനോന്‍ നല്‍കിയത്. അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ വാദമുഖങ്ങള്‍ തന്റെ മുന്നില്‍ നിരത്തതരുതെന്ന് പറഞ്ഞ് കൃഷ്ണമേനോന്‍ ജനറല്‍ തിമ്മയെ ശകാരിക്കുകയാണ് ചെയ്തത്.

1962 ലെ യുദ്ധത്തില്‍ ചൈനയാട് പരാജയപ്പെട്ടതിന് പിന്നാലെ 40000 ചതുരശ്ര കിലോമീറ്റര്‍ ഭൂപ്രദേശം ഇന്ത്യക്ക് നഷ്ടപ്പെടുകായണുണ്ടായത്. 5,180 ചതുരശ്ര കിലോമീറ്റര്‍ ഭൂപ്രദേശമാണ് ലഡാക്കില്‍ ചൈനയും പാക്കിസ്ഥാനും കൈയ്യേറിയത്. ഇതുകൂടാതെ ആസാമിന്റെ ഭാഗമായിരുന്ന 90,0000 ചതുരശ്ര കിലോമീറ്റര്‍ (പിന്നീട് അരുണാചല്‍ പ്രദേശ്) പ്രദേശം ഇപ്പോഴും ചൈന അവകാശവാദമുന്നയിക്കു കയും ചെയ്യുന്നു.

നെഹ്‌റുവിനു ശേഷം അധികാരത്തിലേറിയ ഇന്ദിരാഗാന്ധിയും കിഴക്കന്‍ പാക്കിസ്ഥാനെ മോചിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തിയ സൈനിക നീക്കത്തില്‍ ഇന്ത്യന്‍ പട്ടാളം കയ്യേറിയ ലാഹോര്‍ വരെയുള്ള ഭാഗം യുദ്ധാനന്തരം അവര്‍ക്കു തിരിച്ചു നല്‍കി സുവര്ണാവസരം പാഴാക്കികളയുകയും ചെയ്തു.

എന്നാല്‍, എന്‍ഡിഎ സര്‍ക്കാരുകള്‍ക്ക് നേതൃത്വം നല്‍കിയ വാജ്‌പേയിയും മോദിയും രാജ്യത്തിന്റെ അതിര്‍ത്തികള്‍ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിച്ചു. വാജ്‌പേയി പാക്കിസ്ഥാന്റെ കയ്യേറ്റത്തെ ചെറുക്കുകയും കാര്‍ഗില്‍ പോലുള്ള തന്ത്ര പ്രധാനമായ ഭുപ്രദേശം തിരിച്ചുപിടിക്കുകയും ചെയ്തു. ചൈനയുടെ ദോക് ലാം, ലഡാക്ക് കയ്യേറ്റങ്ങളെ ചെറുത്ത മോദി അവരുടെ ഭാഗത്ത് കനത്ത ആള്‍നാശം വിതച്ച് ചൈനയെ തുരത്തി.

മാസങ്ങളോളം നീണ്ടു നിന്ന ദോക് ലാം സംഘര്‍ഷത്തില്‍ ഇന്ത്യയുടെ ചെറുത്തു നില്‍പ്പിനെ തുടര്‍ന്ന് പിടിച്ചു നില്‍ക്കാനാവാതെ ചൈന പിന്തിരിഞ്ഞു. പിന്നീട് ലഡാക്കിലെ മുന്നേറ്റവും ഇന്ത്യന്‍ പട്ടാളം ചെറുത്തു. കൈയ്യാങ്കളി വിട്ട് രഹസ്യായുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണത്തിന് കോപ്പു കൂട്ടിയ ചൈനയ്ക്ക് കനത്ത ആള്‍ നാശം വിതച്ചാണ് ഇന്ത്യ തിരിച്ചടിച്ചത്.

ഇപ്പോള്‍ ചര്‍ച്ചകളെ തുടര്‍ന്ന് അതിര്‍ത്തിയില്‍ നിന്ന് ചൈന സൈന്യത്തെ പിന്‍വലിച്ച വാര്‍ത്തകള്‍ വരുന്നതിനിടെയാണ് രാജ്യത്തെ അവമതിക്കുന്ന വിധത്തില്‍ നെഹ്‌റുവിന്റെ കൊച്ചുമകന്റെ മകനായ രാഹുല്‍ തന്റെ മുതുമുത്തച്ഛന്റെ ചെയ്തികള്‍ രാജ്യത്തെ ജനങ്ങളെ ഓര്‍മിപ്പിക്കാനായി ഇത്തരം വങ്കത്തരങ്ങള്‍ വിളിച്ചു കൂവുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here