കേരള സര്‍ക്കാരിന്റെ മേനി പറച്ചിലും ചില വസ്തുതകളും

കൊറോണ വൈറസ് വ്യാപനം തടയുന്നതില്‍ കേരള മോഡല്‍ എന്നൊന്ന് ഉണ്ടോ..? ഇങ്ങിനെയൊരു മോഡലിന് ലോകാരോഗ്യ സംഘടനയുടേയൊ ഐസിഎംആറിന്റേയോ അംഗീകാരമുണ്ടോ?

കൊറോണ വൈറസ് ബാധയ്ക്ക് നാളിതുവരെ പ്രതിരോധ വാക്‌സിനോ മരുന്നോ കണ്ടുപിടിച്ചിട്ടില്ല. രോഗം വരാതിരിക്കാന്‍ ഒരരേയൊരു മാര്‍ഗമേയുള്ളു അത് സമ്പര്‍ക്ക വിലക്ക് അഥവാ ക്വാറന്റൈന്‍ മാത്രമാണ്. സമൂഹ വ്യാപനം ഇല്ലാതാക്കുക രോഗം ഉള്ളവരെയും രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരേയും ഐസലോഷനിലേക്ക് മാറ്റുക ഇവയൊക്കെയാണ് ആകെയുള്ള പോംവഴി.

ഈ കാര്യത്തില്‍ കേരളം നിരവധി മറ്റു സംസ്ഥാനങ്ങളെ പോലെ തങ്ങളുടെ ജോലി കൃത്യമായി ചെയ്തു. പഞ്ചായത്ത് തലത്തില്‍ ജാഗ്രത സമിതികള്‍ രൂപികരിച്ചതാണ് ഇതിന്ന് സഹായകരമായത്. ജനങ്ങൾ അനിവശ്യമായി പുറത്തിറങ്ങാതിരിക്കാൻ പോലീസും അവരുടെ ജോലി ഭംഗിയായി നിര്‍വഹിച്ചു.

എന്നാല്‍, രോഗ വ്യാപനത്തിന്റെ പാറ്റേണ്‍ ശ്രദ്ധിക്കുമ്പോള്‍ മറ്റൊരു കാര്യമാണ് തെളിഞ്ഞു വരുന്നത്. രാജ്യത്ത് ഏറ്റവും അധികം രോഗികളുള്ള മുംബൈ, ചെന്നൈ, അഹമ്മദാബാദ്, ഡെല്‍ഹി എന്നിവടങ്ങളിലെ രോഗ വ്യാപന രീതി പരിശോധിക്കുമ്പോഴാണ് ഇത് മനസ്സിലാകുക.

സംസ്ഥാനങ്ങളെ വേര്‍തിരിച്ച് രോഗവ്യാപനം കൂടുതലുള്ള ഇടങ്ങള്‍ എന്ന് തരംതിരിക്കുന്നതില്‍ വലിയ കഴമ്പില്ലെന്നാണ് ഇതു തെളിയിക്കുന്നത്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന വന്‍കിട വ്യവസായ-വാണിജ്യ നഗരങ്ങളിലാണ് കൊറോണ വൈറസ് കൂടുതല്‍ പേരിലെത്തിയത്. സംസ്ഥാനങ്ങളുടെ കണക്ക് എടുക്കുമ്പോള്‍ മഹാരാഷ്ട്ര ഏറ്റവും മുന്നിലാണെങ്കിലും മുംബൈ നഗരം ഒഴിവാക്കിയാല്‍ മഹാരാഷ്ട്രയിലെ പല നഗരങ്ങളും കോവിഡ് വലിയ കാര്യമായി ബാധിച്ചിട്ടില്ലെന്ന് കാണാനാകും. പൂനെ, ഥാനെ എന്നീ സമീപ നഗരങ്ങളും ചേരുന്നതോടെ മഹാരാഷ്ട്രയിലെ 90 ശതമാനം കേസുകളും ഇവിടെ മാത്രമാണെന്ന് കാണാന്‍ കഴിയും.

ആഗോള തലത്തിലും മഹാനഗരങ്ങളിലാണ് കോവിഡ് കാര്യമായി പടർന്നുപിടിച്ച് നാശം വിതച്ചത്.

ഇന്ത്യയിലെ വൻ നഗരങ്ങളിൽ തന്നെ ജനസാന്ദ്രതയേറിയ പോക്കറ്റുകളിൽ വൈറസ് വ്യാപനം അനിയന്ത്രിതമായി.

മുംബൈയിലെ തന്നെ ധാരാവിയിലെ രോഗ വ്യാപനം ഇതിനെ സാധൂകരിക്കുന്നതാണ്. ഏറ്റവും അധികം ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ചേരി പ്രദേശമാണ് ധാരാവി. ഒരു ഇടുങ്ങിയ മുറിയില്‍ തന്നെ പത്തോളം പേര്‍ താമസിക്കുന്നതായാണ് കണക്കാക്കുന്നത്. ഈ സാഹചര്യത്തില്‍ രോഗ വ്യാപനം തടയുക ഒരു സര്‍ക്കാരിനും അതിന്റെ സംവിധാനങ്ങള്‍ക്കും സാധ്യമല്ല.

തമിഴ്‌നാടിന്റെയും ഗുജറാത്തിന്റേയും കാര്യത്തിലും ഇതാണ് അവസ്ഥ. മഹാനഗരമായ ചെന്നൈയില്‍ സമാനമായ രീതിയില്‍ കേസുകള്‍ വര്‍ദ്ധിച്ചു. ഗുജറാത്തിലെ അഹമ്മദാബാദിലും സമാനമാണ് സാഹചര്യങ്ങള്‍. ഈ സംസ്ഥാനങ്ങളുടെ ഗ്രാമീണ മേഖലകളില്‍ കാര്യമായ കേസുകള്‍ ഉയര്‍ന്നിട്ടില്ല.

അഹമ്മദാബാദില്‍ തന്നെ ആദ്യമായി രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത് മാര്‍ച്ച് അവസാനമാണ്. മുംബൈയില്‍ നിന്നും മടങ്ങിയെത്തിയവരാണ് ഇവിടെ രോഗം പടര്‍ത്തിയത്. സൂറത്തിലും രാജ്‌കോട്ടിലുമാണ് അഹമ്മദാബാദിനു മുമ്പെ രോഗം റി്‌പ്പോര്‍ട്ട് ചെയ്ത ഇടങ്ങളെന്നതും ഇവിടെ ഓര്‍ക്കണം. രാജ്‌കോട്ടില്‍ സൗദിയില്‍ ഉംറ തീര്‍ത്ഥാടനം കഴിഞ്ഞെത്തിയ ആളും സൂറത്തില്‍ യുകെയില്‍ നിന്നെത്തിയ സ്ത്രീക്കുമാണ് ആദ്യമായി രോഗം സ്ഥിരികരിച്ചത്. ഇത് മാര്‍ച്ച് ആദ്യ വാരമാണ്. അഹമ്മദാബാദ് ,സൂറത്ത്, രാജ്‌കോട് എന്നിവടങ്ങളിലെ രോഗികളുടെ എണ്ണമെടുത്താല്‍ സംസ്ഥാനത്തെ 90 ശതമാനം രോഗികളും ഈ മൂന്ന് നഗരങ്ങളില്‍ നിന്നാണെന്ന് കാണാം.

അഹമ്മദാബാദിലെ ചേരി പ്രദേശങ്ങളിലാണ് വലിയ തോതില്‍ രോഗം പടര്‍ന്നത്. എന്നാല്‍, മരണനിരക്ക് പരിശോധിച്ചാല്‍ മരിച്ചവരിലേറെയും പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദയ സംബന്ധമായ അസുഖം ഉള്ള പ്രായമായവരുമാണ് രോഗത്തിന് കീഴടങ്ങിയതെന്നും മനസില്ലാകും.

ഒരു സംസ്ഥാനത്തിന്റെ ആരോഗ്യ രംഗത്തെ മികവും കോവിഡ് രോഗികളുടെ വ്യാപനവും തമ്മില്‍ നേരിട്ട് ഒരു ബന്ധവും ഇല്ലെന്ന് ഈ വസ്തുതകള്‍ നമ്മോട് പറയുന്നു.

മാരക രോഗം വന്നാൽ ചികിത്സ തേടി പല നേതാക്കളും ചെന്നെത്തുന്ന ന്യൂയോർക്ക് പോലുള്ള നഗരങ്ങളിലെ മരണ സംഖ്യയെ എങ്ങിനെ ന്യായീകരിക്കാനാവും. അപ്പോൾ ആരോഗ്യ രംഗത്തെ മികവിന് കൊറോണ വൈറസ് രോഗ വ്യാപനവുമായി യാതൊരു ബന്ധവുമില്ലെന്ന് തെളിയുന്നു

കേരളത്തില്‍ മഹാനഗരങ്ങളൊന്നും തന്നെയില്ല. രാജ്യത്തെ ആദ്യ അമ്പത് വലിയ നഗരങ്ങളുടെ പട്ടികയില്‍ കേരളത്തിലെ ഒരു നഗരവും ഇല്ല. നമ്മൊളൊക്കെ മഹാനഗമെന്ന് വിശേഷിപ്പിക്കുന്ന കൊച്ചിക്ക് ഈ ഗണത്തില്‍ 75 ആം സ്ഥാനമാണുള്ളത്.

കേരളം നഗരവത്ക്കരിക്കപ്പെട്ട ഇടമാണെങ്കിലും ഈ ജനതതി വളരെ വിസ്തൃതമായി പരന്നു കിടക്കുന്നതാണ്. സംസ്ഥാനമെന്ന നിലയില്‍ ജനസാന്ദ്രത കൂടിയതാണെങ്കിലും ധാരാവി പോലെയൊ മറ്റു ചേരിപ്രദേശങ്ങള്‍ പോലെയോ വലിയ തോതിൽ ജനങ്ങൾ തിങ്ങിപ്പാര്‍ക്കുന്നില്ല. രോഗ വ്യാപനം തടയാന്‍ കുറഞ്ഞത് രണ്ട് മീറ്ററാണ് സാമൂഹിക അകലം പറയുന്നത്. ഈ അകലത്തില്‍ കൂടുതല്‍ കേരളത്തിലെ ജനങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്നതില്‍ ആരും തര്‍ക്കിക്കില്ല.

എന്നാല്‍, മുംബൈയിലെ സബര്‍ബന്‍ ട്രയിനിലെ തിരക്കുപോലെയുള്ള ഒരു സാഹചര്യം ഉണ്ടായാല്‍ ഉറപ്പായും സാംക്രമിക രോഗങ്ങള്‍ വളരെ എളുപ്പത്തില്‍ തന്നെ പടര്‍ന്നു പിടിക്കും.

മറ്റൊരു കാര്യം ജനുവരി 29നാണ് രാജ്യത്ത് ആദ്യമായി കൊറോണ സ്ഥിരീകരിക്കുന്നത്. ചൈനയിലെ പ്രഭാവസ്ഥാനമായ വുഹാനില്‍ നിന്നും കേരളത്തിലെത്തിയ മലയാളി വിദ്യാര്‍ത്ഥികളിലൂടെയാണ് രോഗം ആദ്യമായി എത്തിയത്.

രോഗ സ്ഥിരീകരണം ലഭിച്ച ഉടനെ ഇതിന് മുമ്പ് നിപ്പയെന്ന വൈറസിനെ നേരിട്ട അനുഭവ പരിചയമുള്ള കേരള സര്‍ക്കാര്‍ ഈ വിദ്യാര്‍ത്ഥികളെയും ഇവരൊടൊപ്പം വന്ന മറ്റു യാത്രക്കാരെയും ഐസലോഷനിലേക്ക് മാറ്റി. ആദ്യഘട്ടത്തില്‍ ഇത്തരത്തില്‍ രക്ഷപ്പെട്ട ശേഷമാണ് മാര്‍ച്ചില്‍ ഇറ്റലി സ്‌പെയിന്‍ തുടങ്ങിയ ഇടങ്ങളില്‍ നിന്നെത്തിയലരില്‍ നിന്നും ഒക്കെയായി വീണ്ടും രോഗം പടര്‍ന്നത്. വലിയ തോതിലാകാഞ്ഞതിനാല്‍ ഇതും ഫലപ്രദമായി തടയാനായി.

ഇതേ സമയം തന്നെയാണ് മഹാനഗരങ്ങളിലും രോഗം പടര്‍ന്നു പിടിച്ചത്. മുംബൈ, ചെന്നൈ എന്നിവടങ്ങളില്‍ കേരളത്തിലേതു പോലെ ഇവരെ ട്രാക്ക് ചെയ്യുക സാധ്യമായിരുന്നില്ല. രോഗം മറച്ചുവെച്ചവരും മുങ്ങി നടന്നവരേയും കണ്ടെത്തുക വിഷമമായിരുന്നു. ഇത് ഈ സംസ്ഥാനങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകരേയും പ്രാദേശിക ഭരണകൂടത്തേയും വെട്ടിലാക്കി.

കേരളത്തിനൊപ്പം തന്നെ രോഗികളുടെ എണ്ണവും മരണ നിരക്കും കുറഞ്ഞ ഒഡീഷ, ആസാം, എന്നീ സംസ്ഥാനങ്ങള്‍ ആരോഗ്യ മേഖലയില്‍ എടുത്തു പറയത്തക്ക യാതൊരു മികവും ഇല്ലാത്തവരുമാണ്. ഇവര്‍ക്കും രോഗ വ്യാപനവും മരണ നിരക്കും കുറയ്ക്കാനായതിന് കാരണം തിങ്ങിനിറഞ്ഞ ജനസാന്ദ്രത ഇല്ലാത്തതു തന്നെയാണ്.

കേരളത്തേക്കാള്‍ ജനസംഖ്യയും ജനസാന്ദ്രതയും കുറഞ്ഞ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളും ഗോവ, ഉത്താരാഖണ്ഡ്, ഛ്ത്തീസ്ഗഡ് എന്നിവടങ്ങളിലും ഫലപ്രദമായ രീതിയില്‍ തന്നെയാണ് കോവിഡിനെതിരെ പടപൊരുതിയത്. കേരളത്തേക്കാള്‍ ജനസംഖ്യ കൂടിയ യുപി, രാജസ്ഥാന്‍, കര്‍ണാടക, എന്നിവരും കോവിഡ് വ്യാപനം തടയുന്നതില്‍ മികവു പുലര്‍ത്തി. ഇവരുടെയെല്ലാം പൊതുഘടകം മഹാനഗരങ്ങള്‍ ഇവിടങ്ങളില്‍ ഇല്ലെന്നതു തന്നെയാണ്.

കേരളത്തിനു മുന്നില്‍ പത്തിലധികം സംസ്ഥാനങ്ങള്‍ മികവുമായി നില്‍ക്കുമ്പോള്‍ എന്തുകൊണ്ട് കേരള മോഡലിനെ കുറിച്ച് ചില മാധ്യമങ്ങള്‍ വലിയ ചര്‍ച്ചയാക്കുന്നത്. ഇത് സ്വാഭാവികമായും ഉയരുന്ന ഒരു ചോദ്യം തന്നെയാണ്.

പി ആര്‍ ഏജന്‍സികളുടെ സേവനം ഉപയോഗിച്ചെന്ന തരത്തിലുള്ള ആരോപണങ്ങള്‍ കേവലം രാഷ്ട്രീയ പ്രേരിതമാകാം. അതല്ലെങ്കില്‍ വാസ്തവമാകാം. ആരോഗ്യ രംഗത്ത് കേരളം രാജ്യത്തെ ഇതര സംസ്ഥാനങ്ങളേക്കാള്‍ മികച്ച നിലവാരത്തിലാണുള്ളത് ഏവരും അംഗീകരിക്കുന്ന വസ്തുതയാണ്. ഇത് ഒരു സര്‍ക്കാരിന്റെ മിടുക്കുകൊണ്ട് ഉണ്ടായതല്ല. തിരുവനന്തപുരത്തെ ശ്രീ ചിത്ര, ശ്രീ ഉത്രാടം തിരുനാള്‍ ആശുപത്രി എന്നിവയെല്ലാം രാജഭരണകാലത്ത് തുടങ്ങിയവയാണ്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ കാര്യത്തില്‍ കേരളം എന്നേ മുന്നിലാണ്. എന്നാല്‍, ഡെങ്കിപ്പനി മുതല്‍ നിപ്പ വരെയുള്ള പകര്‍ച്ചവ്യാധികള്‍ കേരളത്തില്‍ പടര്‍ന്നു പിടിക്കുന്നത് പതിവായിക്കഴിഞ്ഞു. ഇത് തടയുന്നതിൽ മേനി പറച്ചിൽ പതിവാക്കിയ സർക്കാർ പരാജയപ്പെട്ടു.

ഒരോ വര്‍ഷവും എലിപ്പനി, ഡെങ്കിപ്പനി. ചിക്കുന്‍ ഗുനിയ. മലേറിയ. എച്ച്1 എന്‍1. എന്നിവ ഒരോ സീസണിലും വലിയ തോതിലാണ് കേരളത്തെ ബാധിക്കുന്നത്. കഴിഞ്ഞ പത്തുവര്‍ഷക്കാലത്തിനിടെ രണ്ടായിരത്തിലധികം പേര്‍ ഇങ്ങിനെ മരണമടഞ്ഞതായാണ് സർക്കാര്‍ ആശുപത്രികളിലെ. കണക്കുകൾ പറയുന്നത്.

2014 ല്‍ 77 പേരാണ് ഈ വക പകര്‍ച്ചവ്യാധികള്‍ മൂലം മരിച്ചതെങ്കില്‍ പിന്നീടുള്ള മൂന്നു വര്‍ഷത്തെ കണക്കുകള്‍ പേടിപ്പെടുത്തുന്നതാണ്. 2017 ല്‍ 399 പേരും 2018 ല്‍ 260 പേരും 2019 ല്‍ 188 പേരും മരിച്ചു.

2017 ല്‍ ഡെങ്കിപ്പനിയായിരുന്നു വില്ലനെങ്കില്‍ പിന്നീടുള്ള വര്‍ഷങ്ങളില്‍ എലിപ്പനിയും എച്ച്1 എന്‍1ഉം ജനങ്ങളുടെ ജീവനെടുത്തു. കഴിഞ്ഞ പത്തുവര്‍ഷമായി ആരും മരിക്കാതിരുന്ന രോഗമായ ചിക്കന്‍ പോക്‌സ പിടിപെട്ട് 2019 ല്‍ ഇരുപതു പേര്‍ മരിച്ചതും പേടിപ്പെടുത്തുന്ന സംഭവമാണ്. എന്നാല്‍, കേരളത്തിലെ മാധ്യമങ്ങളില്‍ ചിക്കന്‍ പോക്‌സ് പിടിപെട്ട് മരിച്ച വാര്‍ത്തകള്‍ വന്നതായി ആരും കണ്ടിട്ടുമില്ല. ആരോഗ്യ വകുപ്പിന്റെ പകര്‍ച്ച വ്യാധി സംബന്ധിച്ച റിപ്പോര്‍ട്ടില്‍ ഈ കണക്കുകള്‍ പറയുന്നുമുണ്ട്.

2011 ല്‍ വൈറല്‍ പനി വന്ന് ആരും മരിച്ചതായി രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍, ആരോഗ്യ മന്ത്രി കെ കെ ഷൈലജ അധികാരത്തിലേറിയ ശേഷം 2016 ല്‍ 18, 2017 ല്‍ 76 2018 ല്‍ 63 2019 ല്‍ 51 പേരും വീതം സാധാരണ വൈറല്‍ പനി വന്ന് മരിച്ചതായും ഈ കണക്കുകള്‍ വെളിപ്പെടുത്തുന്നു. മസ്തിഷ്‌ക ജ്വരം, ജപ്പാന്‍ ജ്വരം കോളറ, ഡിഫ്തീരിയ, ടൈഫോയ്ഡ് അതിസാരം, കുരങ്ങുപനി തുടങ്ങിയ രോഗങ്ങളുടെ കണക്കുകള്‍ കൂടി പരിശോധിച്ചാല്‍ കഴിഞ്ഞ കുറച്ചു കാലമായി ശരാശരി നൂറിലേറെ മരണം പ്രതിവര്‍ഷം സംഭവിക്കുന്നതായി കാണാം.

അപ്പോള്‍ കോവിഡിനെ മാത്രം പിടിച്ചുകെട്ടാനായി എന്ന് എങ്ങിനെ അവകാശപ്പെടാനാകും. രോഗവാഹകരായ ജീവികളെ നശിപ്പിക്കുന്ന വെക്ടര്‍ കണ്‍ട്രോള്‍ നടപടികള്‍ ഫലപ്രദമല്ലാത്തതും മാലിന്യനിര്‍മാര്‍ജ്ജനം സാധ്യമാകാത്താതുമാണ് പകര്‍ച്ച വ്യാധികളുടെ വ്യാപനത്തിന് കാരണം. പൊതുജനാരോഗ്യ വിഷയത്തില്‍ കേരളം ഒരു സംസ്ഥാനത്തേക്കാളും മുന്നിലല്ല എന്നതാണ് വസ്തുത.

ഇയ്യിടെ അന്തരിച്ച പി ശങ്കരന്‍ ആരോഗ്യമന്ത്രിയായിരുന്ന 2002 ല്‍ നടത്തിയ എലിപ്പനി നിര്‍മാര്‍ജ്ജന യജ്ഞം പിന്നീട് വന്ന സര്‍ക്കാരിന്റെ അലംഭാവം കാരണം നിലച്ചു പോയി. വെല്ലൂര്‍ സിഎംസിയിലെ പ്രഫസറും കേരളത്തിന്റെ വൈറോളജി ഇന്‍സ്റ്റിറ്റിയുട്ട് സ്ഥാപിക്കാന്‍ മുന്‍കൈ എടുത്തയാളുമായ ഡോ. ജേക്കബ് ജോണാണ് എലിപ്പനി നിര്‍മാര്‍ജ്ജനത്തിനുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയത്.

കേരളത്തിലെ 128 പട്ടണങ്ങള്‍ സന്ദര്‍ശിച്ച് താഴെത്തട്ടിലാണ് ഇതിനുള്ള പദ്ധതികള്‍ നടപ്പിലാക്കിയത്. ചിക്കന്‍പോക്‌സ് പിടിപെട്ട് ആളുകള്‍ മരിക്കുന്ന സംഭവം 2019 ല്‍ ഉണ്ടായിട്ടും ആരോഗ്യ വകുപ്പ് ഇതിനെതിരെ വാക്‌സിന്‍ പ്രയോഗം നടത്താതിരുന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്നും ഡോ. ജേക്കബ് ജോണ്‍ ഒരു അഭിമുഖത്തില്‍ അടുത്തിടെ പറഞ്ഞിരുന്നു. കൊറോണയെ നേരിടുന്നതില്‍ സര്‍ക്കാരിനെ അഭിനന്ദിക്കുമ്പോള്‍ തന്നെയാണ് ഇത്തരം കടുത്ത വിമര്‍ശനങ്ങള്‍ക്കും ഈ 84 കാരന്‍ മുതിരുന്നത്.

വൈറോളജി ലാബും അത്യാധുനിക ഉപകരണങ്ങളും വര്‍ഷങ്ങളോളം ആലപ്പുഴയിലെ കേന്ദ്രത്തില്‍ പൊടിപിടിച്ച് കിടക്കുകയായിരുന്നു. പല സര്‍ക്കാരുകള്‍ മാറിവന്നിട്ടും വിദഗ്ദ്ധരെ ഇവിടെ നിയമിക്കാനായില്ല. നിപ്പ പോലുള്ള രോഗങ്ങള്‍ വന്നപ്പോള്‍ രക്ത സാംപിള്‍ പരിശോധിക്കാന്‍ പൂനെയിലെയും മണിപ്പാലിലേയും ലാബുകളെ ആശ്രയിക്കേണ്ട ഗതികേടിലായിരുന്നു കേരളം.

പുറമേ എത്ര മേനി നടിച്ചാലും വസ്തുതകള്‍ അങ്ങിനെതന്നെ മാറ്റമില്ലാതെ നിലനില്‍ക്കും. താഴെത്തട്ടുമുതല്‍ അവബോധവും ഒപ്പം മാലിന്യ നിര്‍മ്മാര്‍ജ്ജനവും നടപ്പിലാക്കുന്നത് ഗൗരവമായി തുടര്‍ന്നില്ലെങ്കില്‍ ഇനി വരുന്ന നാളുകളില്‍ പകര്‍ച്ചവ്യാധികള്‍ സംസ്ഥാനമാകെ മരണതാണ്ഡവമാടുമെന്ന കാര്യത്തില്‍ സംശയമില്ല..ഇപ്പൊള്‍ തന്നെ പല മുന്നറിയിപ്പുകളും ഉയര്‍ന്നുകഴിഞ്ഞു. എന്നാല്‍. അടിസ്ഥാനപരമായി യാതൊരു മാറ്റവും ഈ നിമിഷം വരെ ഉണ്ടാകുന്നില്ലെന്നത് ഏറെ ആശങ്കയുളവാക്കുന്നതാണ്.

വലിയൊരു വാൽക്കഷ്ണം : ഇന്ത്യയുടെ കോവിഡ് പ്രതിരോധവും നിയന്ത്രണവും രാജ്യാന്തര തലത്തിൽ അംഗീകരിച്ച് കഴിഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രി ഡോ ഹർഷ വർദ്ധനെ ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മറ്റി ചെയർമാനായി തിരഞ്ഞെടുത്തത് കഴിഞ്ഞ ദിവസമാണ്.

പി ആർ ഏജർസികൾ മുഖേന മാധ്യമങ്ങളിൽ പെയ്ഡ് അഭിമുഖം നൽകുന്നതിനോ വാർത്താ സമ്മേളനം നടത്തി മേനി പറയാനോ ഡോ ഹർഷ വർദ്ധൻ ശ്രമിച്ചിരുന്നില്ല.

തന്നെ ഏൽപ്പിച്ച ദൗത്യതിൽ അദ്ദേഹം സദാ വ്യാപൃതനാണ്. ആഗോള തലത്തിൽ കോവി ഡിനെതിരെയുള്ള പട നയിക്കാനാണ് ഇനി ഈ പോരാളിയുടെ നിയോഗം .

കേരളത്തിൽ ഇരുന്ന് തള്ള് വ്യവസായം നടത്തുന്നവർ ഇതൊക്കെ ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here