കേരളത്തില്‍ കോവിഡ് വ്യാപനം അപകടകരമായ നിലയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ സമ്മതിച്ച നിലയക്ക് സംസ്ഥാനത്ത് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സാധ്യതയേറി.
രണ്ടാം തരംഗത്തില്‍ ജനിതക വ്യതിയാനം സംഭവിച്ച വൈറസുകളുടെ ശക്തമായ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് നടന്ന ഏപ്രില്‍ ആദ്യവാരത്തില്‍ തന്നെ കേരളമാകെ ഈ വൈറസ് വ്യാപനം നടന്നു കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഒരാഴ്ച സമ്പൂര്‍ണ ലോക്ഡൗണും ഒരാഴ്ച കര്‍ശന നിയന്ത്രണങ്ങളോടെ വാരാന്ത്യ ലോക് ഡൗണും നിര്‍ദ്ദേശിച്ചെങ്കിലും മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വ്വ കക്ഷിയോഗത്തില്‍ വാരാന്ത്യ ലോക് ഡൗണ്‍ മതിയെന്നായിരുന്നു തീരുമാനം.
ഇപ്പോള്‍ നടത്തിവരുന്ന ടെസ്റ്റില്‍ നാല്‍പതു ശതമാനത്തിനും ജനിതക മാറ്റം സംഭവിച്ച വൈറസിന്റെ സാന്നിദ്ധ്യമാണുള്ളതെന്ന് വിദഗ്ദ്ധര്‍ വെളിപ്പെടുത്തുന്നു. ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച വൈറസുകളുടെ സാന്നിദ്ധ്യമാണ് രാജ്യത്തിന്റെ പലഭാഗങ്ങളിലും ഇപ്പോള്‍ ഉള്ളത്.
കേരളത്തിലും ഇത് തന്നെയാണ് കണ്ടെത്തിിരിക്കുന്നത്. സമൂഹവ്യാപനം സംഭവിച്ചിട്ടുള്ളതിനാല്‍ ഇനി വരും ദിവസങ്ങളില്‍ രോഗികളുടെ എണ്ണവും വര്‍ദ്ധിക്കും.
കേരളത്തിലെ രോഗികളില്‍ മുപ്പതു ശതമാനത്തിലേറെ പേര്‍ക്ക് യുകെ വേരിയന്റും മൂന്നു ശതമാനം പേര്‍ക്ക് ദക്ഷിണാഫ്രിക്കന്‍ വേരിയന്റും കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, വാക്‌സിന്‍ ക്ഷാമത്തെക്കുറിച്ച് വ്യാപക പരാതി പറഞ്ഞ സംസ്ഥാന സര്‍ക്കാര്‍ വാക്‌സിന്‍ വിതരണം വേണ്ടരീതിയില്‍ നടത്തുന്നതില്‍ പരാജയപ്പെടുന്ന കാഴ്ചയാണ് കാണുന്നത്.
മുഖ്യമന്ത്രിയുടെ പതിവ് വാര്‍ത്ത സമ്മേളനത്തില്‍ അദ്ദേഹം പൊതുജനങ്ങളെ ഉപദേശിക്കുന്നത് തുടരുന്നുണ്ട്. രോഗലക്ഷണമില്ലെന്ന് കരുതി ആരും അശ്രദ്ധയോടെ പെരുമാറരുതെന്നും രോഗബാധിതനായ വ്യക്തി കാണിക്കുന്ന ജാഗ്രത ഏവരും കാണിക്കണമെന്ന് വോട്ടെടുപ്പിനിടെ കോവിഡ് ബാധിച്ച് പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന ആരോപണം നേരിടുന്ന മുഖ്യമന്ത്രി പറയുന്നു.
ഡെല്‍ഹിയിലും മറ്റും സംഭവിക്കുന്നതു പോലെയുള്ള സാഹചര്യം കേരളത്തിലും സംഭവിക്കാന്‍ ഇടയുണ്ടെന്ന മുന്നറിയിപ്പും പിണറായി വിജയന്‍ നല്‍കുന്നുണ്ട്.
അതേസമയം, തിരുവനന്തുപുരത്ത് വാക്‌സിന്‍ വിതരണ കേന്ദ്രത്തില്‍ ഉണ്ടായ തിക്കും തിരക്കും സംസ്ഥാനത്തെ വാക്‌സിന്‍ വിതരണത്തിലെ പിടിപ്പുകേടിന്റെ നേര്‍സാക്ഷ്യമായി മാറി. വാക്‌സിന്‍ ലഭ്യമല്ലെന്ന് പറഞ്ഞ് കേന്ദ്രസര്‍ക്കാരില്‍ പഴിചാരി രക്ഷപ്പെടുന്ന മുഖ്യമന്ത്രിക്ക് വാക്‌സിന്‍ വിതരണം ചെയ്യുന്നതിനു പോലും സാധിക്കുന്നില്ലെന്ന ആക്ഷേപവും ഉയര്ന്നിട്ടുണ്ട്.
തിരുവനന്തപുരം ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തിലെ വാക്‌സിന്‍ വിതരണ കേന്ദ്രത്തില്‍ പ്രായമായവര്‍ അടക്കമുള്ളവര്‍ മണിക്കൂറുകള്‍ ക്യൂനില്‍ക്കേണ്ടതായി വന്നു. ഇവരില്‍ പലരും നേരത്തെ ഓണ്‍ലൈനായി പോര്‍ട്ടല്‍ വഴി ടൈംസ്ലോട്ട് നേടിയവരായിരുന്നു. എന്നാല്‍, സമയത്തിനു മുമ്പ് എത്തിയവരെ ടോക്കണ്‍ നല്‍കി വെയിലത്തു നിര്‍ത്തുകയായിരുന്നു. നിരവധി പേര്‍ നിര്‍ജ്ജലീകരണം മൂലം കുഴഞ്ഞുവീണു.
വന്‍തിക്കും തിരക്കും മൂലം കോവിഡ് വ്യാപന സാധ്യതയും കൂടി. ആള്‍ക്കൂട്ടം ഒഴിവാക്കാനായി തൃശ്ശൂര്‍ പൂരത്തിനു പോലും അനുമതി നല്‍കാതിരുന്ന സര്‍ക്കാരിന്റെ മൂക്കിനു താഴേയാണ് ഇതെല്ലാം അരങ്ങേറിയത്.
കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റിപ്പറത്തി നടത്തിയ മെഗാ വാക്‌സിനേഷന്‍ ക്യാംപ് ആരോഗ്യ വകുപ്പിന്റെ അലംഭാവത്തിന്റേയും പിടിപ്പുകേടിന്റേയും ബാക്കി പത്രമായി.
രണ്ടാം ഡോസ് വാകിസിന്റെ ബുക്കിംഗും തകരാറിലായിരിക്കുകയാണ്. ഇതിനിടെയാണ് 18 വയസ്സിനു മേല്‍ പ്രായമുള്ളവരുടെ വാക്‌സിന്‍ സംസ്ഥാനത്തിന്റേ മേല്‍നോട്ടത്തില്‍ നടക്കാന്‍ ഇരിക്കുന്നത്. ഇതിനുള്ള വാക്‌സിന്‍ വാങ്ങിക്കുന്ന കാര്യത്തില്‍ പോലും ഇതേവരെ നീക്കം ഉണ്ടായിട്ടില്ല. കര്‍ണാടക ഉള്‍പ്പടെയുള്ള നിരവധി സംസ്ഥാനങ്ങള്‍ 18 വയസ്സിനു മേല്‍ പ്രായമുള്ളവരുടെ വാക്‌സിന്‍ വാങ്ങിക്കാനും വിതരണം ചെയ്യുവാനും സംവിധാനം ഏര്‍പ്പെടുത്തുകയും ഇത് തികച്ചും സൗജന്യമായിരിക്കുമെന്നും പ്രഖ്യാപിച്ചു കഴിഞ്ഞു. പക്ഷേ, കേരള സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണ്.
മെയ് ഒന്നു മുതല്‍ ഇത് നടപ്പിലാക്കാനിരിക്കെയാണ് ഈ ആശയക്കുഴപ്പം സര്‍ക്കാരിനും ആരോഗ്യവകുപ്പിനും ഉള്ളത്.