പാടാത്ത വീരഗാഥകൾ – യമുനാഭായി സവർക്കർ

6
യമുനാഭായി സവർക്കർ എന്നൊരു പേര് കേട്ടിട്ടുണ്ടോ? ഉണ്ടാവാൻ വഴിയില്ല. സുഖലോലുപതയുടെ നടുവിൽ വളരുന്ന മകൾക്കു ജയിലിൽ സുഖവാസം അനുഭവിക്കുന്ന അച്ഛൻ അയച്ച കത്തുകൾ ചരിത്രകാരന്മാർ പാടി പുകഴ്ത്തിയിട്ടുണ്ട്. 
എന്നാൽ സമ്പന്നതയിൽ നിന്നും ഇറങ്ങിവന്നു ഗ്രാമീണനായ ഒരു സ്വാതന്ത്ര്യസമരസേനാനിയുടെ ഭാര്യയും, പിന്നീട് 14 വർഷം ഭർത്താവിൽ നിന്നും അകന്ന് ദുരിതപൂർണ്ണമായ ജീവിതം നയിക്കുകയും, ആ കാലയളവിൽ സ്വന്തം പുത്രന്റെയും ജേഷ്ഠസഹോദരിയുടെയും മരണം കണ്മുൻപിൽ കാണേണ്ടി വരുകയും, കൊടിയ ദാരിദ്രം അനുഭവിക്കുകയും ഈ ദുഖങ്ങൾക്കൊക്കെ ഇടയിലും ധീരമായി ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുകയും ചെയ്ത ധീരയായ യമുനാഭായി സവർക്കറെ പറ്റി ഇനിയെങ്കിലും നമ്മൾ അറിഞ്ഞില്ലെങ്കിൽ ദേശത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി യാതനയുടെ കാളകൂടം പാനം ചെയ്ത പുണ്യാത്മാക്കളോടു ചെയ്യുന്ന കൊടിയ പാതകമാവും.

വിനായക ദാമോദർ സവർക്കർ നമ്മൾക്ക് സുപരിചിതനാവുമ്പോൾ അധികം ആളുകൾ അറിയാതെ പോയ , സവർക്കറോടൊപ്പം തോളോട് തോൾ ചേർന്ന് പ്രവർത്തിച്ച ഒരു സ്ത്രീരത്നമുണ്ട് .സവർക്കറുടെ പ്രിയപത്‌നി യമുനഭായി സവർക്കർ.

നമുക്കറിയാം മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ ഒരു ഇടത്തരം ഗ്രാമീണ കുടുംബത്തിലായിരുന്നു സവർക്കറിന്റെ ജനനം. ചെറുപ്രായത്തിൽ തന്നെ മാതാപിതാക്കൾ നഷ്ടപ്പെട്ട സവർക്കറിനെ ജേഷ്ഠസഹോദരനായ ഗണേഷ് സവർക്കറാണ് സംരക്ഷിച്ചിരുന്നത്.എന്നാൽ സമ്പന്നരായ ബാവുറാവു എന്ന് വിളിച്ചിരുന്ന രാമചന്ദ്ര ത്രയംബകയുടെയും ലക്ഷ്മിഭായിയുടെയും മകളായിരുന്നു യമുനഭായി . മായി എന്നാണ് മറ്റുള്ളവർ യമുനാഭായിയെ സ്നേഹപൂർവ്വം വിളിച്ചിരുന്നത്. താനെ ജില്ലയിലെ ജവാഹർ എന്ന പ്രദേശത്തെ ജവാൻ ആയിരുന്നു ബാവുറാവു .
സമ്പന്നതയുടെ മടിത്തട്ടിലാണ് യമുനഭായി വളർന്നത്. എന്നാൽ അതിന്റെ മോടികളില്ലാതെ വളരെ വിനയവും താഴ്മയുമുള്ള കുട്ടിയായിരുന്നു യമുനാഭായി . യമുനഭായിയും വിനായക് സവർക്കറിന്റെ സഹോദരപത്നിയായ യശോദയും സുഹൃത്തുക്കളായിരുന്നു . സവർക്കറുടെ മാതൃസഹോദരനാണ് യമുനാഭായിയുമായുള്ള വിവാഹാലോചന ബാവുറാവുവിന്റെ അടുത്ത് എത്തിച്ചത്. സവർക്കറിന്റെ സ്വഭാവമഹിമയിലും ബുദ്ധിയിലും പാണ്ഡിത്യത്തിലും ആകൃഷ്ടനായിരുന്ന ബാവുറാവുവിനു ഒരു നിമിഷം പോലും ആലോചിക്കേണ്ടിവന്നില്ല. വിവാഹസമ്മതത്തിനൊപ്പം സവർക്കറുടെ തുടർന്നുള്ള പഠനച്ചിലവ് കൂടി ഏറ്റെടുത്തു ബാവുറാവു . വളരെ ചെറുപ്പത്തിലേ പിതാവിനെ നഷ്ടപ്പെട്ട സവർക്കറിന് ബാവുറാവു പിതൃതുല്യനായിരുന്നു.

1901 ൽ സവർക്കറും യമുനഭായിയും വിവാഹിതരായി. ഭർത്താവിന്റെ ദേശീയതാവാദവും സ്വാതന്ത്രസമര പോരാട്ടവുമൊക്കെ ഉൾക്കൊള്ളാൻ യമുനഭായിയെപോലെ ഒരാൾക്ക് അധികസമയം വേണ്ടിവന്നില്ല . സവർക്കർ നിരീശ്വര വാദിയായിരുന്നു. എന്നാൽ ഒരു തികഞ്ഞ വിശ്വാസിയായിരുന്നു യമുനഭായിക്ക് അവരുടെ വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠിക്കാൻ പൂർണപിന്തുണ സവർക്കർ നൽകിയിരുന്നു. സംഗീതം ഇഷ്ടപ്പെട്ടിരുന്ന യമുനഭായിയായിരുന്നു സവർക്കരിന്റെ പല ദേശഭക്തിഗാനങ്ങൾക്കും
നാടൻപാട്ടുകൾക്കും ശബ്ദം കൊടുത്തത്. സവർക്കറിന്റെ കവിതകൾ സ്വന്തം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സമൂഹത്തിലെ മറ്റു സ്ത്രീകളെയും പഠിപ്പിക്കാനും സമയം കണ്ടെത്തി ആ യുവതി.  സമൂഹത്തിൽ നടക്കുന്ന മാറ്റങ്ങളെപ്പറ്റിയും ദേശീയതയെപ്പറ്റിയും സ്ത്രീകളിൽ അവബോധം സൃഷ്ടിക്കാൻ സവർക്കറിന്റെ സഹോദരപത്നി യശോദ തുടങ്ങിവച്ച സംഘടനയായിരുന്നു ആത്മനിഷ്ഠ യുവതി സമാജ് . യമുനാഭായിയും ഈ സംഘടനയിൽ ചേർന്ന് പ്രവർത്തിച്ചുതുടങ്ങി. സംഘടനയുടെ എല്ലാ യോഗങ്ങളിലും അവർ സവർക്കർ രചിച്ച ദേശഭക്തിഗാനങ്ങൾ ആലപിച്ചിരുന്നു.ഭാരതത്തിൽ നിർമ്മിച്ച ആഭരണങ്ങളും വസ്ത്രങ്ങളും അണിയാൻ അവർ സംഘടനയിലെ സ്ത്രീകളോട് ആഹ്വാനം ചെയ്യുകയും സ്ത്രീകൾ അത് പാലിച്ചുപോരുകയും ചെയ്തു.

ഒരിക്കൽ ശ്രീ ബാലഗംഗാധര തിലകിന്റെ ഭാര്യയായ സത്യഭാമാഭായി നാസിക് സന്ദർശിച്ചപ്പോൾ ഈ സംഘടനയിലെ സ്ത്രീകൾ യോഗത്തിൽ വച്ച് സത്യഭാമാഭായിയെ പ്രത്യേകമായി ആദരിച്ചു. ആ സമയത്തു ഇന്ത്യയിലെ ബ്രിട്ടിഷ് ഭരണത്തിനെതിരായി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചതിന്റെ പേരിൽ തിലകനെ അറസ്റ്റ് ചെയ്തു ബർമയിലെ മാൻഡലേ ജയിലിൽ തടവിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. യമുനഭായിയും സംഘവും തിലകനു വേണ്ടി കോടതിയിൽ അടയ്‌ക്കേണ്ട പണം സമാഹരിച്ചു സത്യഭാമാഭായിയെ ഏൽപ്പിച്ചു .

1905 ലാണ് സവർക്കർ -യമുനഭായി ദമ്പതികൾക്ക് ആദ്യപുത്രനായ പ്രഭാകർ ജനിക്കുന്നത്.
1906 ജൂൺ 9ന് സ്കോളർഷിപ്പോടുകൂടിയുള്ള നിയമപഠനത്തിന് സവർക്കർ ലണ്ടനിലെത്തി. ലണ്ടലിൽ നിന്നും സവർക്കർ തന്റെ സ്വാതന്ത്രസമരപ്രവർത്തനങ്ങൾ തുടർന്നു.1909 ജൂലൈ 1 നു മദൻ ലാൽ ധിൻഗ്ര ബ്രിട്ടീഷ് ഓഫീസറായ കഴ്സൺ വൈലിയെ വധിച്ചതോടെ സാവർക്കറുടെ ലണ്ടൻ ജീവിതം ബ്രിട്ടീഷ് നിരീക്ഷണത്തിലായി. പിന്നീട് സവർക്കറെ അറസ്റ്റ് ചെയ്യാനും ഇന്ത്യയിലെത്തിച്ച് വിചാരണ നടത്താനും ബ്രിട്ടീഷ് പോലീസ് തീരുമാനിച്ചു.
ഇതേസമയം ഇന്ത്യയിലെ യമുനഭായിയുടെ ജീവിതം അത്യന്തം ദുഷ്കരമായിരുന്നു. യമുനയും സവർക്കറുടെ മറ്റു കുടുംബാംഗങ്ങളും സദാസമയം ബ്രിട്ടീഷ് സേനയുടെ നിരീക്ഷണത്തിലായിരുന്നു. ഈ സമയത്താണ് സവർക്കറുടെ മകൻ പ്രഭാകറിന് വസൂരി (small pox ) പിടിപെടുന്നത്. ഭക്ഷണമോ മരുന്നോ യഥാസമയത്തു ലഭിക്കാതെ മകൻ മരണത്തെ പുൽകുന്നത് കണ്ടുനിൽക്കേണ്ടി വന്നു ആ പാവം സ്ത്രീക്ക് . പ്രഭാകർ മരിച്ചു 15 ദിവസത്തിനകം സവർക്കറുടെ സഹോദരനെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തു ആൻഡമാൻ ജയിലിലേക്കയച്ചു. ആകെയുള്ള അത്താണിയായിരുന്ന ഗണേഷ് സവർക്കറുടെ അറസ്റ് ആ കുടുംബത്തെ കൂടുതൽ ദുരിതത്തിലാഴ്ത്തി.

പിന്നീട് ലണ്ടനിൽ വച്ച് അറസ്റ്റ് ചെയ്ത സവർക്കറിനെ വിചാരണ ചെയ്യുന്നതിന് വേണ്ടി ഭാരതത്തിലേക്ക് കൊണ്ടുവന്നു. അദ്ദേഹത്തെ ഒരുനോക്കു കാണുവാനായി യമുനഭായി നാസികിലേക്കു തിരിച്ചു . ദുർഘടമായ വഴിയിലൂടെ ത്രയംബകേശ്വർ മുതൽ നാസിക് വരെ കുതിരപ്പുറത്തുള്ള യാത്ര അവരെ തളർത്തിയില്ല .യാത്രാമധ്യേ പരിചയക്കാരുടെ ഭവനങ്ങൾ ഉണ്ടായിരുന്നിട്ടും ബ്രിട്ടീഷുകാരെ ഭയന്ന് ആരും തന്നെ യമുനഭായിക്ക് അഭയം കൊടുക്കാൻ തയ്യാറായില്ല .കോരിച്ചൊരിയുന്ന മഴയിൽ നിന്നും രക്ഷനേടാനായി ഒരു രാത്രി മുഴുവൻ ഒരു ക്ഷേത്രത്തിൽ കഴിയേണ്ടി വന്നു ആ സ്ത്രീക്ക് .പിറ്റേ ദിവസം വീണ്ടും നാസികിലേക്കു യാത്രതിരിച്ചു . അവിടെവച്ചു സവർക്കറെ കണ്ടു. വെറും 45 മിനിട്ടു ദൈർഖ്യമേയുണ്ടായിരുന്നുള്ളൂ അവരുടെ കൂടിക്കാഴ്ചക്ക് . ആൻഡമാനിൽ സെല്ലുലാർ ജയിലിലേക്ക് സവർക്കറെ അയക്കാനുള്ള വിധി ഇതിനോടകം വന്നിരുന്നു. പൊട്ടിത്തകർന്നുപോയ യമുനയെ സവർക്കർ ഇപ്രകാരം സമാധാനിപ്പിച്ചു.

“വിധിയുണ്ടെകിൽ നമ്മൾ വീണ്ടും കണ്ടുമുട്ടും . അതുവരെ ഒരു സാധാരണ കുടുംബജീവിതം എന്ന ചിന്ത നിന്റെ മനസ്സിലേക്ക് വരുകയാണെങ്കിൽ നീ ഇത് ആലോചിക്കുക. വിവാഹ ജീവിതം എന്നത് ചുള്ളിക്കമ്പുകൾ പെറുക്കി കൂടുണ്ടാക്കി അതിൽ പക്ഷികളെ പോലെ ജീവിച്ചു മരിക്കുകയാണെങ്കിൽ അത്തരമൊരു ജീവിതം നയിക്കുന്നത് പക്ഷികളാണ്. എന്നാൽ വിവാഹജീവിതത്തിനു മറ്റൊരു അർഥം നൽകുകയാണെങ്കിൽ നമ്മൾ യഥാർത്ഥത്തിൽ അനുഗ്രഹിക്കപ്പെട്ടവരാണ്. ഇപ്പൊ ജനങ്ങൾ അനുഭവിക്കുന്ന ഈ അടിമത്തത്തിന്റെ നെരിപ്പോടിനുള്ളിൽ നിന്നും അവരെ പുറത്തു കൊണ്ടുവന്നു അവർക്കു ജീവശ്വാസം നൽകാൻ നമുക്ക് കഴിയുന്നതിലൂടെ നമ്മൾ അനുഗ്രഹിക്കപ്പെട്ടവരാണ് എന്ന് പറയാന് കഴിയും. ഇപ്പോഴത്തെ ഈ ദുരിതാവസ്ഥയെ സധൈര്യം നേരിടൂ .”

ഇതിനു യമുനഭായി മറുപടി പറഞ്ഞത് ഇങ്ങനെയാണ്.

“അതാണ് ഞാനും മറ്റുള്ളവരും ചെയ്തുകൊണ്ടിരിക്കുന്നത്. . അങ്ങ് സൂക്ഷിക്കണം. സ്വയം സംരക്ഷിക്കണം. ആ ഒരു ഉറപ്പിന്മേൽ ഞാൻ തിരിച്ചു പോകാം .”

യമുനക്കു ആ ഉറപ്പു കൊടുത്തു വിലങ്ങുകൾ അണിഞ്ഞ സവർക്കർ നടന്നകന്നു.
ആജീവനാന്തര തടവ്‌ വിധിക്കപ്പെട്ട് 1911 ജൂലൈ 4 നു ആൻഡമാൻ ജയിലിലെത്തി സവർക്കർ . നീണ്ട പതിനാലു വർഷം കഠിനമായ തടവ് , താൻ അമ്മയെപ്പോലെ സ്നേഹിക്കുന്ന ജ്യേഷ്ഠത്തിഅമ്മയുടെയും മറ്റു അടുത്ത കുടുംബാന്ഗങ്ങളുടെയും മരണം പുറം ലോകം പോലും കാണാൻ കഴിയാത്ത തടവറയിൽ കിടന്നു അറിയുമ്പോഴുണ്ടാകുന്ന ഒരു വ്യക്തിയുടെ മാനസികാവസ്ഥ ഊഹിക്കാൻ പോലുമാവില്ല. സവർക്കറെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു സ്വാതന്ത്രസമരനേതാക്കളുൾപ്പെടെ പതിനായിരക്കണക്കിനു ജനങ്ങൾ ഒപ്പിട്ട ഒരു നിവേദനം വൈസ്രോയിയ്ക്ക് സമർപ്പിച്ചതായി ചരിത്രത്തിലുണ്ട്. യമുനഭായിക്ക് ഗുരുതര രോഗം ബാധിച്ചിരിക്കെമാത്രമാണ് തനിക്കു ജാമ്യം തന്നാൽ സ്വാതന്ത്രസമരപ്രക്ഷോഭങ്ങളിൽനിന്ന് ഒഴിഞ്ഞുനിൽക്കാമെന്നു ജയിൽ അധികാരികളോട് സവർക്കർ സമ്മതിക്കുന്നത് .സവർക്കറുടെ ജീവിതം ജയിലിൽതന്നെ അവസാനിക്കേണ്ടതല്ല എന്ന് മറ്റുള്ളവർ ഉപദേശിച്ചതുകൊണ്ടാണെങ്കിലും, സവർക്കറുടെ ആ നീക്കം ആ സന്ദർഭത്തിൽ ബുദ്ധിപൂർവ്വംതന്നെയായിരുന്നു.

അങ്ങനെ 14 വർഷങ്ങൾക്കു ശേഷം 1924 ൽ സവർക്കർ മോചിതനായി . ദുരിതപൂർണ്ണമായ ഒരു വലിയ ഇടവേളക്കു ശേഷം സവർക്കറും യമുനഭായിയും വീണ്ടും ഒരുമിച്ചു. അവർ രത്നഗിരിയിൽ താമസമാരംഭിച്ചു.ഭർത്താവിന്റെ എല്ലാ പ്രവർത്തനങ്ങളിലും പൂർണ പിന്തുണയുമായി യമുനയും ഉണ്ടായിരുന്നു.പിന്നീട് അവർക്കു പ്രഭാത് , ശാലിനി എന്നീ രണ്ടു കുട്ടികൾ ജനിച്ചു. വളരെ ചെറുപ്പത്തിലേ തന്നെ ശാലിനി മരണമടഞ്ഞു.

ഈ ദുരന്തങ്ങളൊന്നും തന്നെ സവർക്കറെയും യമുനയേയും അവർ ഏറ്റെടുത്ത മഹാദൗത്യത്തിൽ നിന്നും പിന്തിരിപ്പിച്ചില്ല.1930 ൽ യമുനഭായി സമൂഹത്തിലെ സ്ത്രീകളെ എല്ലാം പങ്കെടുപ്പിച്ചു കൊണ്ട് സ്വദേശി എന്ന ആശയം പ്രചരിപ്പിക്കുന്നതിന് വേണ്ടി ഒരു യോഗം രത്നഗിരിയിൽ സംഘടിപ്പിച്ചു. വളരെയധികം ദളിത് യുവതികളും ഈ യോഗത്തിൽ പങ്കെടുത്തിരുന്നു.അതിനു ശേഷം യമുനയും സവർക്കറും ഒരുമിച്ചു 1936 ൽ അഖില ഹിന്ദു യഗ്‌നം സംഘടിപ്പിച്ചു.അതിനു ശേഷം ജാതി മത വിഭാഗങ്ങൾക്കതീതമായി സമൂഹത്തിലെ എല്ലാ സ്ത്രീകൾക്കുമായി ഒരു വിരുന്നു അവർ സംഘടിപ്പിച്ചു.

ഒരിക്കൽ ഗാന്ധിവധവുമായി ബന്ധപ്പെട്ടു പ്രശ്നങ്ങൾ നടക്കുന്നതിനാൽ ഹിന്ദു മഹാസഭയുടെ പൂനെയിൽ വച്ച് നടന്ന ഒരു യോഗത്തിൽ സവർക്കറിന് പങ്കെടുക്കാനായില്ല. സവർക്കറെ പ്രതിനിധീകരിച്ചുകൊണ്ടു യമുനഭായി ആ യോഗത്തിൽ പങ്കെടുത്തു. അവിടെ വച്ച് അവർ നടത്തിയ ഒരു പ്രഭാഷണത്തിന്റെ ചില ഭാഗങ്ങൾ താഴെ കൊടുത്തിരിക്കുന്നു.

“എന്റെ ബാല്യത്തിൽ അഭിനവ് ഭാരത് എന്ന ഒരു സംഘടനയ്ക്ക് സ്ത്രീകൾ നയിക്കുന്ന അനേകം ശാഖകൾ ഉണ്ടായിരുന്നു. ആ സംഘടനയുടെ ഒരു യോഗത്തിൽ വച്ച് ഞാൻ ഒരു പ്രതിജ്ഞ എടുത്തു.ഹിന്ദു ധർമ്മത്തിന്റെ മഹിമ പ്രചരിപ്പിക്കുന്നതിനും ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയും ഞാൻ എന്റെ ജീവിതം തന്നെ സമർപ്പിക്കാൻ തയ്യാറാണ് എന്നായിരുന്നു ആ പ്രതിജ്ഞ. ബന്ധുക്കളും വളരെയധികം സുഹൃത്തുക്കളും എന്നോടൊപ്പം ഈ പോരാട്ടത്തിന്റെ ഭാഗഭാക്കായി .അതുകൊണ്ടു തന്നെ അവർക്കു സ്വന്തം കുടുംബജീവിതം നഷ്ട്ടപ്പെട്ടു . ഒരുപാട് സ്ത്രീകൾക്ക് ധർമയുദ്ധത്തിൽ അവരുടെ ഭർത്താക്കന്മാരെ നഷ്ട്ടപ്പെട്ടിട്ടുണ്ട് .കഴിഞ്ഞ 4 – 5 വര്ഷത്തിനിടക്ക് കശ്മീർ ,സിന്ധ് ,ബംഗാൾ പ്രവിശ്യകളിൽ അനേകായിരം ഹൈന്ദവ സഹോദരിമാർ ചിറ്റോഡിലെപ്പോലെ ആത്മാഹൂതി ചെയ്തുകഴിഞ്ഞു. ഈ അനേകായിരങ്ങളുടെ പേര് പറയുമ്പോൾ ഒരാളുടെയെങ്കിലും പേര് ഞാൻ പറയാൻ വിട്ടുപോയാൽ അത് അവരോടു ചെയ്യുന്ന പക്ഷപാതമായിടും. അതുകൊണ്ടു ഹിന്ദു രാഷ്ട്രത്തെയും ഹിന്ദു ധർമ്മത്തെയും സംരക്ഷിക്കുന്നതിനുവേണ്ടി ബലി അർപ്പിച്ച അവരുടെ ധീരതക്കു മുൻപിൽ ഞാൻ കൈകൂപ്പുന്നു. സ്വധർമ്മം ചെയ്യുന്നതിന് എന്നെ പ്രാപ്തയാക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു.”

രാജ്യത്തിൻറെ സ്വാതന്ത്ര്യവും പ്രതാപവും വീണ്ടെടുക്കാൻ പുതുതലമുറയോട് ആഹ്വാനം ചെയ്തുകൊണ്ട് യമുന പ്രസംഗം അവസാനിപ്പിച്ചു.

സവർക്കർ ദത്തെടുത്ത ഒരു ദളിത് ബാലികയെ വീട്ടിൽ കൊണ്ട് വന്നു സ്വന്തം മക്കളോടൊപ്പം യമുനഭായി വളർത്തിയിരുന്നു . ഗാന്ധിവധം നടന്ന സമയത്തു വീട്ടിൽ വന്നു ബഹളമുണ്ടാക്കിയ ഒരു സംഘത്തെ ചെറിയ ഒരു വടി കൊണ്ട് സധൈര്യം നേരിട്ടു അവർ.
സവർക്കറുടെ എല്ലാ പ്രവർത്തനങ്ങൾക്കും പൂർണപിന്തുണ നൽകിക്കൊണ്ട് യമുനഭായിയുടെ ജീവിതം കടന്നു പോയി. 1956 ൽ അവർ രോഗബാധിതയായി. ആൻഡമാനിലെ സെല്ലുലാർ ജയിലിലെ കഠിനജീവിതം സവർക്കറെയും രോഗിയാക്കിയിരുന്നു. 1963 നവംബർ 8 ന് ആ വീരവനിത ഇഹലോകവാസം വെടിഞ്ഞു .

വർത്തമാനകാലത്തെ രാഷ്ട്രീയതാല്പര്യങ്ങൾക്കനുസരിച്ചു ചരിത്രത്തെ വളച്ചൊടിച്ചു ഒരു ജനതയെ തെറ്റിദ്ധരിപ്പിച്ച കൂലി എഴുത്തുകാർ ഈ വീരഗാഥകൾ ഒരിക്കലും പറഞ്ഞില്ല . അവർ ചിലരെയൊക്കെ വിഗ്രഹവൽക്കരിക്കാനുള്ള തിരക്കിലായിരുന്നു.  പക്ഷെ ദേശത്തിന്റെ പാരമ്പര്യത്തിൽ അഭിമാനിക്കുന്ന , രാജ്യത്തിൻറെ പരമവൈഭവത്തിനു വേണ്ടി ആത്മാഹൂതി ചെയ്തവരെ ബഹുമാനിക്കുന്ന പുതിയ തലമുറയ്ക്ക് ഈ ത്യാഗങ്ങൾക്കുമേൽ കണ്ണടക്കുക എന്ന
അക്ഷന്തവ്യമായ തെറ്റ് ഒരിക്കലും ചെയ്യാനാവില്ല.

6 COMMENTS

  1. കൂലി എഴുത്തുകാരുടെ രാഷ്ട്രീയം പ്രതിഫലിക്കുന്ന ചരിത്രപുസ്തകത്തിൽ ഇല്ലാത്ത ഈ അറിവുകൾ നമ്മുടെ പൂർവികരുടെ ത്യാഗവും പ്രയത്നവും പുതുതലമുറയ്ക്ക് പകർന്നുനൽകുന്നു.

  2. ഹിന്ദു ധർമ്മത്തിന്റെ മഹിമ പ്രചരിപ്പിക്കുന്നതിനും ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയും ഞാൻ എന്റെ ജീവിതം തന്നെ സമർപ്പിക്കാൻ തയ്യാറാണ് എന്നായിരുന്നു ആ പ്രതിജ്ഞ. ബന്ധുക്കളും വളരെയധികം സുഹൃത്തുക്കളും എന്നോടൊപ്പം ഈ പോരാട്ടത്തിന്റെ ഭാഗഭാക്കായി .അതുകൊണ്ടു തന്നെ അവർക്കു സ്വന്തം കുടുംബജീവിതം നഷ്ട്ടപ്പെട്ടു . ഒരുപാട് സ്ത്രീകൾക്ക് ധർമയുദ്ധത്തിൽ അവരുടെ ഭർത്താക്കന്മാരെ നഷ്ട്ടപ്പെട്ടിട്ടുണ്ട് .കഴിഞ്ഞ 4 – 5 വര്ഷത്തിനിടക്ക് കശ്മീർ ,സിന്ധ് ,ബംഗാൾ പ്രവിശ്യകളിൽ അനേകായിരം ഹൈന്ദവ സഹോദരിമാർ ചിറ്റോഡിലെപ്പോലെ ആത്മാഹൂതി ചെയ്തുകഴിഞ്ഞു. ഈ അനേകായിരങ്ങളുടെ പേര് പറയുമ്പോൾ ഒരാളുടെയെങ്കിലും പേര് ഞാൻ പറയാൻ വിട്ടുപോയാൽ അത് അവരോടു ചെയ്യുന്ന പക്ഷപാതമായിടും. അതുകൊണ്ടു ഹിന്ദു രാഷ്ട്രത്തെയും ഹിന്ദു ധർമ്മത്തെയും സംരക്ഷിക്കുന്നതിനുവേണ്ടി ബലി അർപ്പിച്ച അവരുടെ ധീരതക്കു മുൻപിൽ ഞാൻ കൈകൂപ്പുന്നു. സ്വധർമ്മം ചെയ്യുന്നതിന് എന്നെ പ്രാപ്തയാക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു.”/// Could she not see that there were Muslims, Sikhs and Dalits who died for freedom? Orwere they not human enough? Well, her husband did give in writing that if reed he will get the support of Indians for British rule. Even during Quit india movement, he said that it is wise to support British. Can this be called patriotism? I did not know that.

  3. അറിയപ്പെടാത്ത, എഴുതപ്പെടാത്ത(മനഃപൂര്‍വ്വം) എത്രയെത്ര ചരിത്രസത്യങ്ങള്‍!!

  4. സത്യം ഒരു തീ വിഴുങ്ങി പക്ഷിയാണ് അതിനു വാ തുറക്കാൻ കഴിയുന്നില്ലാ എന്ന് കേട്ടിട്ടുണ്ട് അത് ശരിയാണ് എന്ന് ഒരിക്കൽ കൂടി ബോധ്യമായി,, ”കൃഷ്ണന്റെ മീര ഭായിയെപ്പോലെ ” “സവർക്കറുടെ യമുനാ ഭായിയും ഈ മണ്ണിൽ ആദരിക്കപ്പെടും”

  5. സത്യം ഒരു തീ വിഴുങ്ങി പക്ഷിയാണ് അതിനു വാ തുറക്കാൻ കഴിയുന്നില്ലാ എന്ന് കേട്ടിട്ടുണ്ട് അത് ശരിയാണ് എന്ന് ഒരിക്കൽ കൂടി ബോധ്യമായി,, ”കൃഷ്ണന്റെ മീര ഭായിയെപ്പോലെ ” “സവർക്കറുടെ യമുനാ ഭായിയും ഈ മണ്ണിൽ ആദരിക്കപ്പെടും”

LEAVE A REPLY

Please enter your comment!
Please enter your name here