കര്‍ണാടക: വിജയമുറപ്പിച്ച് ബിജെപി, അടവുകള്‍പയറ്റി തളര്‍ന്ന് കോണ്‍ഗ്രസ്

പ്രചണ്ഡമായ പ്രചാരണക്കൊഴുപ്പിനു ശേഷമുള്ള ശാന്തതയിലാണ് കര്‍ണാടകം. ഒരു ദിവസത്തെ നിശബ്ദ പ്രചാരണത്തിനു ശേഷം 12 ന് വോട്ടെടുപ്പ്.. 2019 ലോക് സഭാ തിരഞ്ഞെടുപ്പിനു മുമ്പുള്ള മറ്റൊരു സെമി ഫൈനല്‍,

ഒരുവശത്ത് ബിജെപിയും മറുവശത്ത് കോണ്‍ഗ്രസും. വ്യക്തമായി പറഞ്ഞാല്‍ ശക്തി തെളിയിക്കാന്‍ ബിജെപിയും നിലനില്‍പ്പിന്റെ പോരിന് ജീവന്‍മരണ പോരാട്ടം ഒരുക്കി കോണ്‍ഗ്രസും.

ഇതുവരെ കാണാത്ത വീറും വീശിയും ഒരു സംസ്ഥാന തിരഞ്ഞെടുപ്പില്‍ ഇതാദ്യം. ദേശീയ മാധ്യമങ്ങള്‍ രണ്ടാഴ്ചയായി ഈ തെക്കന്‍ സംസ്ഥാനത്ത് തമ്പടിക്കുന്നു. പ്രധാനമന്ത്രിയും, ബിജെപിയുടെ സ്റ്റാര്‍ ക്യാംപെയിനറുമായ നരേന്ദ്ര മോഡിയുടെ പതിവു തെറ്റിക്കാത്ത തട്ടുപൊളിപ്പന്‍ കൂറ്റന്‍ റാലികള്‍, റോഡ് ഷോകള്‍.

പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ആത്മവിശ്വാസത്തിലുള്ള ബിജെപി വ്യക്തമായ മുന്‍തൂക്കത്തോടെ മുന്നേറുന്നതായാണ് കാണുന്നത്.

ബിജെപി ദേശീയ പ്രസിഡന്‍റ് അമിത് ഷാ. യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് എന്നിവരുടെ പ്രചാരണ പരിപാടികള്‍ ഒരുവശത്ത് .  മറുവശത്ത്, കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ അരങ്ങേറിയ പ്രചാരണങ്ങള്‍, ഇടയ്ക്ക് , മുന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് എന്നിവരുടെ മുഖം കാണിക്കല്‍. തോല്‍വിയുടെ മണം അടുത്തറിഞ്ഞതോടെ വ്യാജ വോട്ടര്‍ ഐഡി വിവാദത്തില്‍ പെട്ടും കള്ളപ്പണം വാരിയൊഴുക്കിയും അവസാന ദിവസങ്ങളില്‍ പതിനെട്ടടവും പയറ്റി തളര്‍ന്ന നിലയില്‍ പോര്‍മുഖത്ത് അവശ നിലയിലായാണ് കോണ്‍ഗ്രസ്.

സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാരിനെതാരായ ഭരണ വിരുദ്ധ വികാരം, മുക്കറ്റം അഴിമതിയിലെന്ന ആരോപണം നേരിടുന്ന ഭരണകൂടം. മുഖ്യമന്ത്രിയെന്ന നിലയിലെ ഭരണ പരാജയം. കര്‍ണാടക തിരഞ്ഞെടുപ്പിലെ വിധി നിര്‍ണായകമായ അടിസ്ഥാന പശ്ചാത്തലം ഇതാണ്. ജനസാഗരമിരമ്പുന്ന മോഡി റാലികളും ബിജെപി യോഗങ്ങളും ഒരുവശത്ത് അരങ്ങേറിയപ്പോള്‍ ആളില്ലാത്ത രാഹുല്‍ റാലികളും റോഡ് ഷോകളുമാണ് മറുവശത്ത്. തൂക്കുസഭയെന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്ന ഇവിടെ ബിജെപി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ ഏറുമെന്ന് ഏറ്റവും ഒടുവില്‍ വരുന്ന രാഷ്ടരീയ നിരീക്ഷണ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ആറു മാസം മുമ്പു വരെ ആത്മവിശ്വാസത്തിലായിരുന്നു കോണ്‍ഗ്രസ്. കഴിഞ്ഞ രണ്ടു മാസങ്ങള്‍ കൊണ്ട് പക്ഷേ, പരിസ്ഥിതിയാകെ മാറി. ത്രിപുരയില്‍ ബിജെപി നേടിയ ഉജ്ജ്വല വിജയത്തിനു ശേഷം ആ കിഴക്കന്‍ കാറ്റ് കര്‍ണാടകയിലേക്ക് നീങ്ങിയിരുന്നു.

നാലു വര്‍ഷത്തെ കേന്ദ്ര ഭരണം ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും പ്രതിഫലങ്ങള്‍ നല്‍കി്ത്തുടങ്ങുന്നുവെന്നാണ് ത്രിപുര ഫലം കാണിച്ചു തന്നത്. സുനില്‍ ദിയോറയുടെ നേതൃത്വത്തിലുള്ള നേതാക്കള്‍ രണ്ടു വര്‍ഷം അടിസ്ഥാന തലത്തില്‍ അത്യദ്ധ്വാനം നടത്തി വിത്തു പാകിയതാണ് ത്രിപുരയില്‍ വന്‍വിളവെടുപ്പ് നടത്താന്‍ സഹായിച്ചത്.

ഇതുവരെ ബിജെപിക്ക് കാര്യമായി ഒരു നേട്ടവും കൈവരിക്കാന്‍ കഴിയാത്ത ത്രിപുരയിലെ വിജയം കര്‍ണാടക തിരിച്ചു പിടിക്കാനുള്ള വഴിമരുന്നിടുകയായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുടെ വിജയം ബിജെപിക്ക് അനുകൂല സാഹചര്യമൊരുക്കിയതിനു പിന്നാലെ ,സംസ്ഥാന സര്‍ക്കാരിനെതിരായ അഴിമതിയും ദുര്‍ഭരണവും മറ്റു പരാജയങ്ങളും. പൊറുതി മുട്ടിയ ജനത്തിന്റെ രോഷവും ബിജെപിക്ക് സഹായകമാകുമെന്നാണ് കണക്കുക്കൂട്ടല്‍.

ഭരണ പരാജയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ആസുത്രണം ചെയ്ത പതിവു കലാപരിപാടികള്‍ ഒന്നൊന്നായി സംസ്ഥാനത്ത് അരങ്ങേറിയിരുന്നു. ഗൗരി ലങ്കേഷ് എന്ന മാധ്യമ പ്രവര്‍ത്തകയുടെ കൊലപാതകം ബിജെപിയെ പ്രതിക്കൂട്ടിലാക്കുമെന്ന പ്രതീതി ജനിപ്പിച്ചിരുന്നു. ബിജെപിക്കെതിരെ ദേശീയ തലത്തില്‍ പോലും പ്രചരണം നടത്തി നേട്ടം കൊയ്യാന്‍ കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ കക്ഷികളും ശ്രമം നടത്തി.  പ്രതിയെ പിടികൂടാനാവാതെ ഇരുട്ടില്‍ തപ്പിയ അന്വേഷണം ഒടുവില്‍ തിരഞ്ഞെടുപ്പു വേളയില്‍ കോണ്‍ഗ്രസ് ഭരണകൂടത്തെ തിരിഞ്ഞു കൊത്തുകയാണ്. സര്‍ക്കാരില്‍ വിശ്വാസമില്ലാത്ത ഗൗരിയുടെ കുടുംബം ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തിയത് സിദ്ധരാമയ്യയ്ക്ക് തിരിച്ചടിയായി.

ക്രമസമാധാന നില തകര്‍ന്നതും 23 ഓളം ഹിന്ദു നേതാക്കളെ പോപ്പുലര്‍ ഫ്രണ്ട് പോലുള്ള സംഘടനകളുടെ ഇരകളാക്കപ്പെട്ടതും വലിയ ചര്‍ച്ചയായി. എന്നാല്‍ ക്രേം ബ്രിഡ്ജ് അനലിറ്റിക്കയുടട പേ റോളില്‍ ഉള്ളവരെന്ന് സംശയിക്കപ്പെടുന്നതു പോലെയായിരുന്നു ചില മാധ്യമങ്ങള്‍ ഇറങ്ങിപ്പുറപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ജീവിച്ചിരിപ്പുണ്ടെന്ന കണ്ടു പിടിത്തമാണ് ഒരു ചാനല്‍ നടത്തിയത്.

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയും അവരുടെ രാഷ്ട്രീയ വിംഗായ എസ്ഡിപിഐയും തെക്കന്‍ കര്‍ണാടകത്തില്‍ ശക്തി പ്രാപിച്ചിട്ടുള്ളതും ഇവര്‍ ഭരണകൂടത്തിന്‍റെ സഹായത്തോടെ കൊലപാതകള്‍ നടത്തിയതും വെള്ളപൂശിയായിരുന്നു ഈ റിപ്പോര്‍ട്ടുകള്‍. ടിപ്പു സുല്‍ത്താന്‍ ഭക്തരായ കോണ്‍ഗ്രസിനൊപ്പം തിരഞ്ഞെടുപ്പു സഖ്യത്തിലുള്ള പോപ്പുലര്‍ ഫ്രണ്ടിനെ മഹത്വവല്‍ക്കരിക്കുന്ന മാധ്യമങ്ങള്‍ ദക്ഷിണ കന്നഡ മേഖലയില്‍ ബിജെപിക്ക് അനുകൂലമായ തരംഗം ഉണ്ടാക്കുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്.

ശോഭ കരന്തലജെ എംപി പുറത്തുവിട്ട 23 ബലിദാനികളുടെ പട്ടികയില്‍ ഉള്‍പ്പെട്ട അശോക് പൂജാരി മരിച്ചിട്ടില്ലെന്നും ഇദ്ദേഹം ജീവനോടെയുണ്ടെന്നും എന്‍ഡിടിവിയും സ്ക്രോള്‍ ഡോട്ട് കോമും കണ്ടുപിടിച്ചു. ഇത് മലയാള മാധ്യമങ്ങള്‍ വരെ പ്രാധാന്യത്തോടെ നല്‍കി. എന്നാല്‍, പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ ഈ യുവാവിനെ മൃതതുല്യനാക്കി വെട്ടിയതും ദീര്‍ഘ നാളത്തെ ചികിത്സയ്ക്കു ശേഷം സാധാരണ നില കൈവരിച്ചതും അപ്രസ്ക്തമാക്കുകയാണ് ഇവര്‍ ചെയ്തത്. പ്രശാന്ത് പൂജരി എന്ന ബംജരംഗ് ദള്‍ പ്രവര്‍ത്തകനെന്ന് തെറ്റിദ്ധരിച്ചായിരുന്നു അശോക് പൂജാരിയെ ഇവര്‍വെട്ടിയത്.

എന്നാല്‍, താമസിയാതെ തെറ്റു മനസിലാക്കിയ പോപ്പുലര്‍ ഫ്രണ്ട് പ്രശാന്ത് പൂജരിയെ കണ്ടെത്തി വെട്ടികൊലപ്പെടുത്തി.. ഇക്കാര്യം ഈ മാധ്യമങ്ങള്‍ ജനങ്ങളില്‍ നിന്നും മറച്ചു വെച്ചു. പക്ഷേ, ദക്ഷിണ കന്നഡയിലെ ജനതയ്ക്ക് ഇതൊന്നും മറക്കാനാവില്ല, ഈ മേഖലയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം പകരുന്നതായിരുന്നു പ്രധാനമന്ത്രി മോഡിയുടെ റോഡ് ഷോകള്‍. സുരക്ഷ പ്രശ്നവും ഭീഷണിയും വകവെയ്ക്കാതെ തുറന്ന വാഹനത്തില്‍ ജിഹാദികളുടെ ശക്തി കേന്ദ്രങ്ങളിലൂടെ പ്രധാനമന്ത്രി മോഡി കടന്നു പോയത് സമാധാന കാംക്ഷികളായ ദക്ഷിണ കന്നഡക്കാര്‍ക്ക് സുരക്ഷിതത്വവും ആത്മധൈര്യവും പകര്‍ന്നു നല്‍കുന്നതായിരുന്നു. മോഡിയുടെ റോഡ് ഷോകളിലെ വന്‍ ജനസാന്നിദ്ധ്യം ഇവിടെ ബിജെപി തരംഗം ശക്തമാണെന്ന് തെളിയിക്കുന്നതായിരുന്നു.

2013 നും 2017 നും ഇടയില്‍ മംഗലാപുരം, ഉടുപ്പി തുുടങ്ങിയ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന മേഖലയില്‍ മാത്രം 741 വര്‍ഗീയ സംഘര്‍ഷങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് ഇപ്പറഞ്ഞതിന്‍റെ ആഴവും ഗൗരവും വര്‍ദ്ധിപ്പിക്കുന്നു. കോണ്‍ഗ്രസ് പോപ്പുലര്‍ ഫ്രണ്ട് സഖ്യം പരസ്യമായതോടെ ബിജെപിക്കനുകൂലമായി ഭൂരിഭാഗത്തേയും തിരിച്ചു, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങളിലും സ്വീകരണ യോഗങ്ങളിലും പോപ്പുലര്‍ ഫ്രണ്ട് സാന്നിദ്ധ്യം പാക്കിസ്ഥാന് സിന്ദാബാദ് വിളിച്ചും പാക് പതാകയേന്തിയുമാണ് വെളിപ്പെട്ടത്. ഇത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പോലും അലോസരപ്പെടുത്തുന്നു.

ബിജെപിക്ക് തിരിച്ചടി നല്‍കിയ ഉത്തര കന്നഡയില്‍ ഇക്കുറി വന്‍ ജന പിന്തുണയാണ് പ്രചാരണ വേളകളില്‍ കണ്ടത്. മൂന്നാമത്തെ വലിയ കക്ഷിയായ ജനതാദള്‍ എസിന് ശക്തിയുള്ള പ്രദേശമായ ഓള്‍ഡ് മൈസൂരില്‍ മാത്രമാണ് ബിജെപിക്ക് ഇപ്പോഴും അല്പമെങ്കിലും ക്ഷീണമുള്ളത്.

ദേവഗൗഡയുടെ സോഷ്യലിസ്റ്റ് നേതൃത്വത്തില്‍ വിശ്വാസമര്‍പ്പിക്കുന്ന സംസ്ഥാനത്തെ ഒരു ചെറിയ വിഭാഗത്തിന് കാര്യമായ ചലനം ഉണ്ടാക്കാന്‍ കഴിയില്ല. കര്‍ണാടകയില്‍ ഇക്കുറി തൂക്കു നിയമസഭ വരുമെന്നും തങ്ങള്‍ നിര്‍ണായക ശക്തിയാകുമെന്നും ജനതാദളിന്‍റെ അമരക്കാരനും ദേവഗൗഡയുടെ മകനുമായ കുമാര സ്വാമി കണക്കു കൂട്ടുന്നു. എന്നാല്‍, ബിജെപി ഇക്കുറി 130 നുമേല്‍ സീറ്റുകള്‍ നേടുമെന്നാണ് അമിത് ഷായും കൂട്ടരും കരുതുന്നത്.

2013 ലെ തിരഞ്ഞെടുപ്പില്‍, യെദ്യുരപ്പ എന്ന നേതാവ് പിണങ്ങി കര്‍ണാടക ജനതാപാര്‍ട്ടി രൂപികരിച്ചതാണ്  വിനയായത്. അഴിമതി ആരോപണങ്ങളില്‍ അഗ്നിശുദ്ധി വരുത്തിയാണ് യെദ്യുരപ്പ വീണ്ടും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഇക്കുറി എത്തുന്നത്.

ഉത്തര കന്നഡ മേഖലയിലെ ഹൈദരബാദ് -കര്‍ണാടകയിലും, ബോംബെ കര്‍ണാടക മേഖലയിലും ബിജെപിക്ക് പിന്തുണ ഇക്കുറി വര്‍ദ്ധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 2008 ല്‍ 110 സീറ്റുകള്‍ നേടി അധികാരത്തിലേറിയ ബിജെപിക്ക് യെദ്യുരപ്പയുടെ അഭാവത്തില്‍ നേടാനായത് കേവലം 40 സീറ്റുകള്‍ മാത്രമാണ്.

എന്നാല്‍, 2014 നു ശേഷം അമിത് ഷാ ദേശീയ പ്രസിഡന്‍റായതോടെ കര്‍ണാടകയിലെ യെദ്യൂരപ്പ ഇഫക്ട് മനസിലാക്കിയാണ് നിര്‍ണായക തീരുമാനം പാര്‍ട്ടി എടുത്തത്. ഇതോടെ പാര്‍ട്ടിയുടെ സാധ്യത വന്‍ തോതില്‍ വര്‍ദ്ധിക്കുകയാണ് ചെയ്തത്. ലിംഗായത് സമുദായ അംഗമായ യെദ്യുരപ്പയുടെ പിന്നാലെ ഈ വോട്ടു ബാങ്ക് മൊത്തത്തില്‍ ഒഴുകി പോകുമെന്ന് മനസിലാക്കിയ കോണ്‍ഗ്രസ് ഗുജറാത്തില്‍ പരീക്ഷിച്ച് പരാജയപ്പെട്ട ജാതിക്കളി പുറത്തെടുത്തു.

ന്യൂനപക്ഷ വോട്ടു ബാങ്ക് ഉറപ്പിക്കുകയും ഒപ്പം ബിജെപിയുടെ സാമുദായിക വോട്ടു ബാങ്ക് തകര്‍ക്കുകയും ചെയ്യണമെന്ന കോണ്‍ഗ്രസ് തന്ത്രത്തിന്‍റെ ഭാഗമായി അരങ്ങേറിയ ലിംഗായത് വിഷയം നനഞ്ഞ പടക്കമായാണ് ഈ തിരഞ്ഞെടുപ്പില്‍ മാറിയിരിക്കുന്നത്.

ലിംഗായത്തുകളെ പ്രത്യേക മതമായി അംഗീകരിച്ചാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ ഈ രാഷ്ട്രീയ തറക്കളി നടത്തിയത്. ബിജെപി തന്ത്രപരമായ മൗനമാണ് പാലിച്ചത്. സമുദായത്തിലെ വലിയൊരു വിഭാഗത്തെ പ്രത്യേക മതമെന്ന വിഷയത്തില്‍ വിരുദ്ധമായ തീരുമാനം എടുപ്പിക്കാനും ബിജെപിക്ക് കഴിഞ്ഞു ലിംഗായത്തുകളുടെ മുഴുവന്‍ വോട്ടും ഒരിക്കലും ഒരു പാര്‍ട്ടിക്കായി ലഭിച്ച ചരിത്രം ഇല്ല. അറുപതു ശതമാനത്തിന്‍റെ പിന്തുണ മാത്രമാണ് ബിജെപിക്കുള്ളത്. എന്നാല്‍, ഇക്കുറി ഇതിലേറെ ലിംഗായത്തുകള്‍ ബിജെപിക്ക് പിന്നില്‍ അണിനിരക്കുമെന്നാണ് സൂചന, തങ്ങളെ പ്രത്യേക മതത്തിന്‍റെ പേരു പറഞ്ഞ് കോണ്‍ഗ്രസ് വഞ്ചിക്കുകയായിരുന്നുവെന്ന് ഇക്കൂട്ടര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

കോണ്‍ഗ്രസിന്‍റെയും ജനതാദള്‍ എസിന്‍റേയും വോട്ടു ബാങ്കാണ് മുസ്ലീം വിഭാഗം.  ഇക്കുറിയും ഇവരുടെ വോട്ടുകള്‍ ഇരുവരും വീതിച്ചെടുക്കുമ്ങ്കെിലും കോണ്‍ഗ്രസിനെ ആശങ്കയിലാഴ്ത്തി അടുത്തിടെ രൂപം കൊണ്ട എംഇപി ( മഹിളാ എംപവറിംഗ് പാര്‍ട്ടി) ശക്തമായ സാന്നിദ്ധ്യമാണ് എല്ലാ മണ്ഡലത്തിലും
കാഴ്ചവെയ്ക്കുന്നത്. ഡോ. നൊവെറ ഷെയ്ഖ് എന്ന പൊതു പ്രവര്‍ത്തക രൂപം കൊടുത്ത പാര്‍ട്ടി ആംആദ്മി പാര്‍ട്ടി കോണ്‍ഗ്രസിന് എങ്ങിനെ പാരയായോ അതു പോലെയാണ് രംഗത്ത് വരിക. കോണ്‍ഗ്രസ് വോട്ടുകള്‍ തിന്നുകൊണ്ടു പോകുക എന്ന ദൗത്യമാണ് ഇവര്‍ക്ക് നിര്‍വഹിക്കാനുള്ളത്.

തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ അവസാന ദിവസങ്ങളില്‍ പ്രധാനമന്ത്രി മോഡി നടത്തിയ ഒമ്പതോളം റാലികള്‍ തിരഞ്ഞെടുപ്പു രംഗമാകെ മാറ്റി മറിക്കാന്‍ പോന്നതായിരുന്നു. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ മോഡി തരംഗത്തില്‍
132 നിയമസഭാ മണ്ഡലങ്ങളിലാണ് ബിജെപി മുന്നിലെത്തിയത്. ഇതിനു മുമ്പ് കോണ്‍ഗ്രസും, ജനതാദളും സഖ്യം ചേര്‍ന്ന് ഭരിച്ച സമയത്ത് നടന്ന
2009 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 152 നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപി മുന്നിലെത്തിയിരുന്നു.

Image result for modi rallies in karnataka

Image result for modi rallies in karnataka

കോണ്‍ഗ്രസിന്‍റേയും ജനതാപാര്‍ട്ടിയുടേയും ശക്തി കേന്ദ്രമായിരുന്നു കര്‍ണാടക. ഇവിടെ 44 സീറ്റുകള്‍ മാത്രം ഉണ്ടായിരുന്ന ബിജെപി 2004 ല്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നിട്ടും കോണ്‍ഗ്രസ്, ജനതാദള്‍ എന്നിവര്‍ ഒത്തു ചേര്‍ന്ന് ഭരണം പിടിച്ചെടുക്കുകയായിരുന്നു. തുടര്‍ന്ന് സംസ്ഥാനത്തെ ആദ്യത്തെ സഖ്യ കക്ഷി ഭരണം നിലവില്‍ വന്നു. എന്നാല്‍, യെദ്യുരപ്പയെ ജനം അടുത്ത തവണ വിജയകീരിടമണിയിക്കുകയായിരുന്നു. അന്ന് ജനതാദള്‍ എസിന്‍റെ നേതാവായിരുന്ന സിദ്ധരാമയ്യ പിന്നീട് കോണ്‍ഗ്രസിലേക്ക് കാലുമാറി എത്തി. .

ഇക്കുറി കോണ്‍ഗ്രസും ജനതാദളും ഒത്തു ചേര്‍ന്ന് വീണ്ടും ഒരിക്കല്‍ കൂടി ഭരണം പിടിച്ചെടുക്കാമെന്ന് വ്യാമോഹിക്കുന്നുണ്ടെങ്കിലും മോഡി- കാവി തരംഗം അനുഭവപ്പെടുന്ന സംസ്ഥാനത്ത് എല്ലാ പ്രവചനങ്ങളേയും കാറ്റില്‍ പറത്തി  130 ല്‍ ഏറെ സീറ്റുകളുമായി ഭരണത്തിലേറുമെന്ന ഉറച്ച വിശ്വാസമാണ്  ബിജെപ്പിക്കുള്ളത്.

വൈസ് പ്രസിഡന്റായും പ്രസിഡന്റായും രാഹുല്‍ ഗാന്ധി തീര്‍ത്തും പരാജയമെന്ന് തെളിയിക്കുന്ന ഫലമാകും കര്‍ണാടക ജനത കോണ്‍ഗ്രസിന് സമ്മാനിക്കുക. 2019 ല്‍ പ്രധാനമന്ത്രിയാകാന്‍ ആഗ്രഹമുണ്ടെന്ന് മനസു തുറന്ന രാഹുലിനെ നിരാശപ്പെടുത്തുന്നതായിരിക്കും ഫലമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.

ത്രിപുരയ്ക്ക് ശേഷം അത്യുജ്ജ്വല വിജയം കര്‍ണാടക ബിജെപിക്ക് സമ്മാനിക്കും. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിനു തയ്യാറെടുക്കുന്ന ബിജെപിക്ക് ഈ വിജയം ആത്മബലം ഊട്ടിയുറപ്പിക്കുമെന്നും നിപീക്ഷകര്‍ പറയുന്നു. ബിജെപിയുടെ വിജയത്തിന്റെ മാറ്റ് കുറയ്ക്കാന്‍ വോട്ടിംഗ് യന്ത്രങ്ങളെ കുറ്റം പറയുകയോ മറ്റെന്തെങ്കിലും വിഷയം ഉയര്‍ത്തുകയോ ചെയ്യാന്‍ കോണ്‍ഗ്രസ് അണിയറയില്‍ കോപ്പു കൂട്ടുന്നുണ്ടാകും. . അണികളെ സമാധാനപ്പെടുത്താന്‍ കോണ്‍ഗ്രസിന് ഇത്തരം ഡെര്‍ട്ടി ട്രിക്‌സുകള്‍ കളിച്ചാണ് ശീലം.

224 സീറ്റുകളുള്ള നിയമസഭയില്‍ 113 അംഗങ്ങളെ എത്തിക്കുന്നവരാണ് ഭരണത്തിലേറുക,

മെയ് പതിനഞ്ചിനു ഔദ്യോഗിക ഫലം വരുമ്പോള്‍ ഈ പ്രവചനങ്ങളാണോ യാഥാര്‍ത്ഥ്യമായതെന്ന് അറിയാന്‍ കഴിയും അതുവരെ കാത്തിരിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here