കഴിഞ്ഞ ദിവസം അന്തരിച്ച വിഖ്യാത എഴുത്തുകാരൻ ഡൊമനിക് ലാപിയർ ബംഗാളിലെ ദാരിദ്ര്യത്തെ ആസ്പദമാക്കി രചിച്ച പുസ്തകമാണ് ‘സിറ്റി ഓഫ് ജോയ്’. ഭോപാൽ ദുരന്തത്തെ ആസ്പദമാക്കി രചിച്ച ‘Five Past Midnight In Bhopal’, ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ പശ്ചാത്തലത്തിൽ, അമേരിക്കക്കാരനായ ലാരി കോളിൻസിനൊപ്പം ചേർന്ന് രചിച്ച ‘ഫ്രീഡം അറ്റ് മിഡ്നൈറ്റ്’ എന്നിവയാണ് അദ്ദേഹത്തിന്റെ പ്രശസ്തമായ മറ്റു രണ്ടു കൃതികൾ.
കൊൽക്കത്തയിലെ ജീവിതം ആധാരമാക്കി ഡൊമിനിക് ലാപിയർ രചിച്ച സിറ്റി ഓഫ് ജോയ് അദ്ദേഹത്തിന്റെ ഏറെ ജനപ്രിയമായ രചനയായിരുന്നു. 1985- ലാണ് കൊൽക്കത്തയിലെ തെരുവുകളിൽ റിക്ഷ വലിക്കുന്ന ഹസാരി ലാലിന്റെ ജീവിതത്തെ ആസ്പദമാക്കി ‘സിറ്റി ഓഫ് ജോയ്’ എഴുതുന്നത്. ദാരിദ്ര്യത്തിൽ മുങ്ങിയ കൊൽക്കത്തയും അവിടെ കൈ റിക്ഷ വലിച്ച് ജീവിക്കുന്ന ഹസാരി പാൽ എന്ന തൊഴിലാളിയുമാണ് ‘സിറ്റി ഓഫ് ജോയ്’ യിലെ കേന്ദ്ര കഥാപാത്രം.
ബംഗാളിലെ ദാരിദ്ര്യം ലോകത്തോട് വിളിച്ചു പറഞ്ഞ ലാപിയർ കമ്യൂണിസ്റ്റ് പാർട്ടിക്ക് അനഭിമതനായിരുന്നു. പശ്ചിമ ബംഗാളിലെ അന്നത്തെ ഇൻഫോർമേഷൻ മിനിസ്റ്ററായിരുന്ന ബുദ്ധദേബ് ഭട്ടാചാര്യ പ്രസ്തുത കൃതിയോടുള്ള തന്റെ എതിർപ്പ് തുറന്നു തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ‘അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ’ വക്താക്കളായ കമ്മ്യൂണിസ്റ്റുകൾ ആ പുസ്തകം സിനിമയാക്കാനുള്ള ശ്രമത്തെ പല്ലും നഖവും ഉപയോഗിച്ച് തന്നെ എതിർത്തു. ബംഗാളിൽ നിന്നുള്ള കലാകാരന്മാരെ സിനിമയോട് സഹകരിക്കുന്നതിൽ നിന്ന് വിലക്കി.
ഓസ്കാർ അവാർഡ് നേടിയ ‘Killing Fields in Combodia’ യുടെ സംവിധായകൻ റൊണാൾഡ് ജോഫി ആയിരുന്നു സിറ്റി ഓഫ് ജോയ് യുടെയും സംവിധായകൻ. കമ്മ്യൂണിസ്റ്റ് ഭരണത്തിൻ കീഴിൽ കംബോഡിയയിൽ നടന്ന കൂട്ടക്കൊലയെ കുറിച്ചുള്ള സിനിമയാണ് ‘Killing Fields in Combodia’.
മറ്റൊരു കമ്മ്യൂണിസ്റ്റ് ഭരണത്തിൻ കീഴിൽ ദാരിദ്ര്യത്തിൻെറ പിടിയിലമർന്ന ബംഗാളിനെ സിനിമയാക്കാൻ റൊണാൾഡ് ജോഫിയെക്കാൾ യോഗ്യത ആർക്കാനുള്ളത്
പ്രശസ്ത സംവിധായകൻ മൃണാൾ സെൻ ഉൾപ്പെടെയുള്ളവർ ബംഗാളിലെ കമ്മ്യൂണിസ്റ്റ് ഗവണ്മെന്റ് ആവിഷ്കാര സ്വാതന്ത്ര്യത്തെ മാനിക്കണമെന്ന് തുറന്നു പറഞ്ഞു. അങ്ങനെ വളരെ ബുദ്ധിമുട്ടി റൊണാൾഡ് ജോഫി ‘സിറ്റി ഓഫ് ജോയ്’ സിനിമയാക്കി.
ബംഗാളിലെ ദാരിദ്ര്യം നേരിട്ടറിഞ്ഞ ഡൊമനിക് ലാപിയർ കൊൽക്കത്തയെ തന്റെ കർമ്മ മണ്ഡലമായി സ്വീകരിച്ചു. തന്റെ പുസ്തകങ്ങളുടെ റോയൽറ്റിയായി ലഭിച്ച പണമത്രയും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചു. മൂന്നര പതിറ്റാണ്ടോളം നീണ്ടുനിന്ന കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ ശേഷിപ്പാണ് കേരളത്തിലെ തെരുവുകളിൽ അലയുന്ന ബംഗാളി യുവത്വം!
ലാപിയർ അന്ന് തന്റെ കൃതിയിലൂടെ വരച്ചു കാട്ടിയ ബംഗാളിലെ ദാരിദ്ര്യത്തിന്റെ കാഠിന്യം ഇന്ന് നമ്മുടെ കണ്മുന്നിലുണ്ട്.
ലാപിയറിന്റെ കാലത്തെ ഇന്ത്യയിൽ നിന്ന് നാം ഏറെ മുന്നോട്ട് പോയി. പെട്രോളിയവും വളവും വാങ്ങാനാവശ്യമായ 400 മില്യൺ ഡോളറിന് വേണ്ടി സ്വർണം പണയം വെക്കേണ്ടി വന്ന ഇന്ത്യ അല്ല ഇന്നത്തെ ഇന്ത്യ. വെറും 300 ഡോളർ പ്രതിശീർഷ വരുമാനത്തിൽ നിന്നും, 7000 ഡോളർ പ്രതിശീർഷ വരുമാനത്തിലേക്ക് രാജ്യം വളർന്നു കഴിഞ്ഞു.
വിഭജ നാന്തരം ഉണ്ടായ രക്തച്ചൊരിച്ചിൽ തടയാൻ നെഹ്‌റു മൗണ്ട് ബാറ്റൺ പ്രഭുവിന്റെ മുന്നിൽ സഹായം അഭ്യർത്ഥിക്കുന്ന ഒരു രംഗമുണ്ട് ലാപിയറിന്റെ ‘ഫ്രീഡം അറ്റ് മിഡ്നൈറ്റ്’ എന്ന പുസ്തകത്തിൽ.
വിദേശ സഹായത്തിനായി കെഞ്ചുന്ന ഇന്ത്യയിൽ നിന്ന്, റഷ്യക്കെതിരെയുള്ള പോരാട്ടത്തിൽ ലോകരാജ്യങ്ങൾ ഇന്ത്യൻ സഹായം അഭ്യർത്ഥിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ മാറിക്കഴിഞ്ഞു. ലോകത്തിന് മുഴുവൻ കോവിഡ് വാക്സിൻ സപ്ലൈ ചെയ്യാൻ പര്യാപ്‌തമായ ന്യുക്ലിയർ ശക്തിയായി രാജ്യം വളർന്നു.
ബംഗാളിനെ ഇകഴ്ത്തിക്കാട്ടാനായിരുന്നില്ല തന്റെ കൃതിയെന്ന് പിന്നീടൊരു ഇന്റർവ്യൂവിൽ ലാപിയർ പറഞ്ഞു. പ്രതീക്ഷയുടെയും അതിജീവനത്തിന്റെയും കൃതിയായി ആണ് ‘സിറ്റി ഓഫ് ജോയ്’ യെ അദ്ദേഹം വിശേഷിപ്പിച്ചത്. അതോടൊപ്പം ജനങ്ങളെ പട്ടിണിയിലേക്ക് തള്ളി വിടുന്ന ദുർഭരണത്തിന്റെ നേർക്കാഴ്ച്ച കൂടിയാണ് ‘സിറ്റി ഓഫ് ജോയ്’.
പട്ടിണി കൊണ്ട് പൊറുതി മുട്ടിയ ജനം തെരുവിൽ ഇറങ്ങി ഭരണാധികാരികളെ കൊല്ലുന്ന കാഴ്ച്ച നാം ശ്രീലങ്കയിൽ കണ്ടതാണ്. ധൂർത്തും ദുർവ്യയവും മൂലം പൊതുകടം മൂന്ന് ലക്ഷം കോടിക്ക് മീതെ എത്തിയ കേരളം മറ്റൊരു ബംഗാളോ ശ്രീലങ്കയോ ആവില്ലെന്ന് നമുക്ക് ആശ്വസിക്കാം. നാളെ മറ്റൊരു റൊണാൾഡ് ജോഫിക്ക് സിനിമ പിടിക്കാനുള്ള കമ്യൂണിസ്റ്റ് ദുരന്ത കഥയാവി ല്ല നമ്മുടെ നാടെന്ന് പ്രത്യാശിക്കാം.