ദരിദ്രനായ മുഖ്യമന്ത്രി, കാറില്ല, വീടില്ല, ബാങ്ക് ബാലന്‍സില്ല – ത്രിപുരയിലെ സിപിഎം തങ്ങളുടെ സൗമ്യ മുഖാവരണത്തെ നിഷ്‌കളങ്കരായ ജനതയ്ക്ക് മുന്നില്‍ അവതരിപ്പിച്ചത് ഇങ്ങിനെയാണ്. മുഖ്യമന്ത്രി ദരിദ്രനായതിനാല്‍ ജനതയും ദാരിദ്ര്യം പേറി. അതൊരു ശീലമാക്കി. ഇതര സംസ്ഥാനങ്ങളില്‍ ഏഴാം ശമ്പള കമ്മീഷന്‍ നടപ്പിലാക്കിയപ്പോള്‍ ത്രിപുരയില്‍ നാലാം ശമ്പളക്കമ്മീഷനാണ് നടപ്പിലുണ്ടായിരുന്നത്.
രാജ്യത്ത് പണപ്പെരുപ്പവും വിലക്കയറ്റവും സംഭവിക്കുമ്പോള്‍ ഡിയര്‍നെസ് അലവന്‍സ് കൂട്ടി ജീവനക്കാരെ അല്ലലില്ലാതെ ജീവിക്കാന്‍ അനുവദിച്ചാണ് സര്‍ക്കാരുകള്‍ ശമ്പളക്കമ്മീഷന്‍ ശുപാര്‍ശ നടപ്പിലാക്കിയിരുന്നത്. എന്നാല്‍, ത്രിപുരയിലിത് നിഷേധിച്ചു. കമ്യൂണിസം തലയില്‍ ചുമന്നിതിനുള്ള ശിക്ഷയായിരുന്നു ഈ ചാട്ടവാറടി. രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന കര്‍ഷകരും അഭ്യസ്തവിദ്യരായിരുന്നിട്ടും തൊഴില്‍ ലഭിക്കാത്ത ചെറുപ്പക്കാരും തിങ്ങിനിറഞ്ഞ ക്രയശേഷിയില്ലാത്തതിനാല്‍ വലിയ വ്യാപര ശാലകളോ, കച്ചവട കേന്ദ്രങ്ങളോ ഇല്ലാത്ത സംസ്ഥാനം.
വികസനത്തിന് എതിരായ നയം, ഭരണ പാളിച്ചകള്‍, ആരോഗ്യം, ഉന്നത വിദ്യാഭ്യാസം, ഗതാഗതം, അടിസ്ഥാന സൗകര്യ വികസനമില്ലായ്മ, അതിരൂക്ഷമായ തൊഴിലില്ലായ്മം, സര്‍വ്വോപരി സാമ്പത്തിക പരാധീനത… 35 വര്‍ഷത്തെ ഇടതു ഭരണത്തിന്റെ ബാക്കി പത്രമാണ് ഇതൊക്കെ!
കാല്‍ നൂറ്റാണ്ടു ഒരു ജനതയുടെ മേല്‍ നടത്തിയ അധികാര ദുഷ്പ്രമാണിത്തത്തിന് മേല്‍ അതേ ജനതയുടെ ദണ്ഡനീതി നടപ്പാക്കിയത് 2018, മാര്‍ച്ച് മൂന്നിന് രഹസ്യബാലറ്റിലെ ഫല പ്രഖ്യാപനത്തേടെയായിരുന്നു. ചെങ്കോട്ടയെന്ന് കമ്യൂണിസ്റ്റുകള്‍ അഭിമാനത്തോടെ പറഞ്ഞു നടന്ന ത്രിപുരയില്‍ ബിജെപിയുടെ വികസനകൊടുങ്കാറ്റ് ആഞ്ഞുവീശി. ഒരിക്കലും തകരില്ലെന്ന് അന്ധമായി വിശ്വസിച്ചിരുന്നവരുടെ മുന്നില്‍ ഈ കോട്ടകള്‍ ചീട്ടുകൊട്ടാരം പൊലെ നിലംപൊത്തി.
21 ാം നൂറ്റാണ്ടിന്റെ ത്വരിതഗതിക്കൊപ്പം ഒരു ബുള്ളറ്റ് ട്രയിന്‍ കണക്കെ പായുന്ന നരേന്ദ്ര മോഡി എന്ന ദീര്‍ഘദര്‍ശിയായ പ്രധാനമന്ത്രിയുടെ വേഗതയ്‌ക്കൊപ്പം പോകാന്‍ മണിക് സര്‍ക്കാരിന്റെ കാളവണ്ടിക്ക് കഴിയുമായിരുന്നില്ല. രാജ്യത്തെ ഒരോ സംസ്ഥാനവും സാമ്പത്തിക പരിഷ്‌കാരവും നിക്ഷേപ സൗഹൃദ പദവിയും നേടിയെടുക്കാന്‍ പാടുപെടുമ്പോള്‍, ബാങ്ക് ബാലന്‍സില്ലാത്ത മുഖ്യമന്ത്രിയെ ഷോ കേയ്‌സ് ചെയ്യുകയായിരുന്നു സിപിഎം.
അഴിമതി ഇല്ലാത്തതിന്റെ അടയാളം ദാരിദ്ര്യമാണെന്ന തെറ്റായ പ്രതീകാത്മകതയാണ് സിപിഎം മണിക് സര്‍ക്കാരിലൂടെ പ്രചരിപ്പിച്ചത്. രാജ്യത്തിന് വേണ്ടി ജീവന്‍ ഉഴിഞ്ഞു വെച്ച പതിനായിരക്കണക്കിന് പേരെ ആര്‍എസ്എസ് പോലുള്ള സംഘടനകള്‍ക്ക് കാണിച്ചു തരാന്‍ സാധിക്കും. കയറിക്കിടക്കാന്‍ സ്വന്തമായ വീടോ, സഞ്ചരിക്കാന്‍ കാറോ, ബാങ്കു ബാലന്‍സോ ഇല്ലാത്ത നൂറുക്കണക്കിന് നേതാക്കളേയും കാണിച്ചു തരാന്‍ കഴിയും. പണം ഉള്ളവരെല്ലാം അഴിമതിക്കാരണെന്ന മിഥ്യാസങ്കല്പം ഏച്ചു കെട്ടി ത്രിപുരയിലെ ജനങ്ങള്‍ക്കു മുന്നില്‍ സിപിഎം വിളമ്പിക്കൊണ്ടിരുന്നുവെങ്കിലും മന്ത്രിസഭയിലെ പല അംഗങ്ങളും അഴിമതിയുടെ പേരില്‍ രാജിവെയ്ച്ചതോടെ പൊളിഞ്ഞു വീണിരുന്നു.
ഐടി മന്ത്രി ജിതെന്‍ ചൗധരി സംസ്ഥാനത്തേക്ക് നിക്ഷേപം കൊണ്ടുവരാന്‍ ബംഗലൂരും, മുംബൈയും ഒക്കെ സന്ദര്‍ശിച്ചു ശ്രമം നടത്തിയപ്പോള്‍ സിപിഎം ഇതിനെ എതിര്‍ത്തു. ഇന്‍ഫോസിസ് വിപ്രോ തുടങ്ങിയവര്‍ക്കു മുന്നില്‍ പോലും സിപിഎം പുറംതിരിഞ്ഞ് നിന്നു. മന്ത്രി ജിതിനെ പാര്‍ലമെന്റംഗമാക്കി പാര്‍ട്ടി ഡെല്‍ഹിക്ക് അയച്ചു. ഇതോടെ, ഈ അദ്ധ്യായം അടഞ്ഞു.
സീതാറാം യെച്ചൂരിയെ പോലുള്ള കേന്ദ്ര നേതാക്കള്‍ക്ക് ഇതോടെ ത്രിപുരയുടെ സാമ്പത്തിക വികസനത്തിലും ജനങ്ങളുടെ ക്ഷേമത്തിലും താല്‍പര്യമില്ലെന്ന വസ്തുത വെളിപ്പെട്ടു. നാടും നാട്ടുകാരും സമൃദ്ധിയുടെ സുഖമറിഞ്ഞാല്‍ കമ്യൂണിസത്തിന്റെ പ്രസക്തി നഷ്ടപ്പെടുമെന്നും ഇല്ലായ്മയുടെ പടപ്പാട്ട് പാടാന്‍ കാഡറുകളില്ലാതാകുമെന്ന തിരിച്ചറിവിലൂടെ ക്രൂരമായ നിലപാട് സിപിഎം പുറത്തെടുത്തു.
നിക്ഷേപത്തിനെതിരെ പുറം തിരിഞ്ഞ സർക്കാരിനെ കണ്ട് പല വ്യവസായ പ്രമുഖരും സിപിഎമ്മിനോട് ചോദിച്ച ചോദ്യം ഉണ്ടായിരുന്നു. നിങ്ങള്‍ക്ക് എന്തുകൊണ്ട് ചൈന മോഡല്‍ സാമ്പത്തിക നയം നടപ്പിലാക്കി കൂടാ? 21 ാം നൂറ്റാണ്ടിലും അമേരിക്കന്‍ വിരുദ്ധ, മുതലാളിത്ത വിരുദ്ധ വിഴുപ്പു ഭാണ്ഡം ചുമക്കുന്നതിന്റെ താത്വിക വശം എന്തെന്നും ഇവര്‍ ചോദിച്ചു.
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയം തൊട്ട് നരേന്ദ്ര മോഡി ചൈനയില്‍ എത്തി നിക്ഷേപകരേയും മറ്റും ആകര്‍ഷിച്ചിരുന്നതും കമ്യൂണിസ്റ്റ് ബന്ധം ഉപയോഗിച്ച് ചൈനയിലെ ഇത്തരം നിക്ഷേപകരെ നിങ്ങള്‍ക്ക് സംസ്ഥാനത്തേക്ക് കൊണ്ടുവന്നുകൂടെയെന്നും ചോദ്യം ഉയര്‍ന്നു.
ചൈനയില്‍ നിന്നും ഗുജറാത്തിലേക്ക് വന്‍തോതില്‍ നിക്ഷേപം ഒഴുകിയപ്പോഴും കേരളവും ത്രിപുരയും ഒന്നും ഈ വഴിക്ക് ചിന്തിച്ചതു പോലുമില്ലെന്നതാണ് വസ്തുത. ത്രിപുര മുഖ്യമന്ത്രിയോ, അദ്ദേഹത്തിന്റെ മന്ത്രിമാരോ വിദേശ യാത്ര ഇക്കാലയളവില്‍ ഒരിക്കലും നടത്തിയിരുന്നില്ല. എന്നാല്‍, ദേശീയ ജനറല്‍ സെക്രട്ടറി പദത്തില്‍ ഇരുന്ന് പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയും യുഎസ് , യുകെ, യൂറോപ്പ് എന്നിവടങ്ങളില്‍ പലവട്ടം സന്ദര്‍ശിച്ചു. കമ്യൂണിസത്തിലെ ഉന്നതകുലജാതരെ പോലെയായിരുന്നു ഇവരുടെ ലോകം ചുറ്റല്‍! ദാരിദ്ര്യം വിറ്റ് ജനാധിപത്യത്തില്‍ നേട്ടങ്ങള്‍ കൊയ്യാന്‍ ത്രിപുരയിലെ മുഖ്യമന്ത്രിയെ പ്രത്യയശാസ്ത്രത്തിന്റെ ഇരുളറയില്‍ ചങ്ങലയ്ക്കിട്ട് തളച്ചു.
ത്രിപുരയിലെ ജനസംഖ്യ 38 ലക്ഷത്തോളമാണ്. ഇതില്‍ പാതിയോളം വരുന്ന ചെറുപ്പക്കാരില്‍ പത്തുലക്ഷത്തിനും തൊഴില്‍ ഇല്ല. രാഷ്ട്രീയത്തില്‍ എഴുപതുകളുടെ പടിയും കടന്ന് വടികുത്തിയ വൃദ്ധ നേതൃത്വം .യുവാക്കളെ വഞ്ചിച്ചുകൊണ്ടേയിരുന്നു. കൊടിയ ദാരിദ്ര്യമാണ് കമ്യൂണിസത്തിന്റെ വ്യക്തിത്വം എന്ന് വനവാസി സമൂഹത്തെ പറഞ്ഞു പഠിപ്പിച്ചുകൊണ്ടേയിരുന്നു.
നിക്ഷേപത്തിലൂടെ വ്യവസായവും ഇതിനൊപ്പം തൊഴിലും കൂടുതല്‍ ഉത്പാദനവും വ്യാപാരവും ഇതിലൂടെ ലാഭവും സമൃദ്ധിയും എന്ന സാധാരണ വ്യാപാര സാമ്പത്തിക തത്വത്തെ പോലും കുത്തകവല്‍ക്കരണവും മുതലാളിത്തവുമായി കൂട്ടിക്കെട്ടി അവമതിച്ചുകൊണ്ടിരുന്നു ഇടതു പക്ഷം.
രാജ്യത്തെ മൂന്നാമത്തെ ഇന്റര്‍നെറ്റ് ഗേറ്റ് വേ അഗര്‍ത്തലയിലാണ് നരേന്ദ്ര മോഡി സര്‍ക്കാര്‍ തുറന്നു കൊടുത്തത്. ഐടി വ്യവസായത്തിന് ഉപകാര പ്രദമാകുന്ന നടപടി ഉപയോഗപ്പെടുത്താന്‍ മണിക് സര്‍ക്കാര്‍ മെനക്കെട്ടില്ല. ബിപിഒ, പോലുള്ള ഇന്റര്‍നെറ്റ് അധിഷ്ഠിത വ്യവസായങ്ങള്‍ക്ക് അനുകൂല സാഹചര്യം ഒരുങ്ങിയിട്ടും സാക്ഷരതയില്‍ മുന്നിലുള്ള ത്രിപുരക്കാര്‍ക്ക് അതിന്റെ പ്രയോജനം ലഭിച്ചില്ല. രാജധാനി എക്‌സ്പ്രസ് മുതല്‍ പ്രത്യേക സാമ്പത്തിക മേഖല വരെ മോഡി സര്‍ക്കാര്‍ ത്രിപുരയ്ക്ക് അനുവദിച്ചു,
വടക്കു കിഴക്കന്‍ മേഖലയുടെ ഐടി ഹബ്ബായി മാറാനുള്ള സുവര്‍ണാവസരം ഇടതു സര്‍ക്കാര്‍ തുലച്ചു കളഞ്ഞു. മണിക് സര്‍ക്കാരിന്റെ ആലസ്യം സെക്രട്ടറിയേറ്റിലെ ഐഎഎസ് ഉദ്യോഗസ്ഥര്‍ മുതല്‍ സാധാരണ ശിപായി വരെയുള്ളവരുടെ കര്‍ത്തവ്യത്തില്‍ പ്രതിഫലിച്ചിരുന്നു.
കമ്യൂണിസം കൊല്‍ക്കൊത്തയുടെ മഹിമയെ നശിപ്പിച്ചതു പോലെ, കേരളത്തിലെ പദ്ധതികളെ കുത്തുപാളയെടുപ്പിച്ചതു പോലെ ത്രിപുരയിലും അവരുടെ ദൗത്യം നിര്‍വഹിച്ചു,. ഒരു വശത്ത് കോടികളുടെ ഫണ്ടുകള്‍ സംസ്ഥാനത്തേക്ക് ഒഴുകിയപ്പോള്‍ അഴിമതിക്കാരായ നേതാക്കളും ഉദ്യോഗസ്ഥരും ഇത് കൊള്ളയടിച്ചു.
മണിക് സര്‍ക്കാര്‍ എസ്എഫ്‌ഐയുടെ സംസ്ഥാന സെക്രട്ടറിയായ അന്നു തൊട്ട് ചുറ്റും കൂടിയവര്‍ തന്നെ ഇരുപത്തിയഞ്ച് വര്‍ഷം ഇദ്ദേഹത്തിന്റെ ഇടത്തും വലത്തും നിന്നും കൊള്ളയടി തുടര്‍ന്നു. ഈ ജീര്‍ണിച്ച ഭരണ വ്യവസ്ഥയെ ചോദ്യം ചെയ്യാന്‍ സിപിഎമ്മിലെ ഒരു നോതാവിനും ചങ്കുറപ്പില്ലായിരുന്നു. പോലീസിനെ ഉപയോഗിച്ചും മറ്റും നടത്തിയ വേട്ടകള്‍ പ്രതിപക്ഷത്തിന്റെ നാവടപ്പിച്ചു.
അഴിമതികളിലൂടെ കോടികളുടെ വെട്ടിപ്പാണ് ഇടതു സര്‍ക്കാര്‍ നടത്തിയത്. പുതിയ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സിബിഐയുടെ കൈകളിലേക്ക് നല്‍കാന്‍ പതിനഞ്ചോളം വന്‍കിട കുംഭകോണങ്ങള്‍ ഉണ്ട്. കാച്ചില്‍ കട്ടവന് കാളകട്ടവന്‍ കൂട്ട് എന്ന പറഞ്ഞ പോലെ പ്രതിപക്ഷത്ത് ഇരുന്ന് ഉറക്കം തൂങ്ങിയ കോണ്‍ഗ്രസ് ത്രിപുര നിയമസഭയില്‍ ഒരു ചോദ്യം പോലും സര്‍ക്കാരിനെതിരെ ഉന്നയിച്ചില്ല. 2013 ല്‍ വിജയിച്ച കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയില്‍ മണിക് സര്‍ക്കാരിന്റെ അഴിമതികള്‍ വെളിച്ചത്തു കൊണ്ടുവരാന്‍ തുടങ്ങിയപ്പോള്‍ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം ഇടപ്പെട്ട് ഇവരെ പിന്തിരപ്പിച്ചു,
ഇതില്‍ പ്രതിഷേധിച്ച് ആറു എംഎല്‍എമാര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു 2016 ജൂണിലായിരുന്നു ഈ സംഭവം. എന്നാല്‍, തൃണമൂലില്‍ ചേര്‍ന്നപ്പോഴും സമാനമായ സാഹചര്യമായിരുന്നു ഇവര്‍ക്കു നേരിടേണ്ടിവന്നത്. 2017 ഓഗസ്തില്‍ ഈ ആറു പേരും ബിജെപിയില്‍ ചേരുകയായിരുന്നു. ഇതോടെയാണ് സിപിഎമ്മിന്റെ അഴിമതിക്കഥകള്‍ പുറത്തു വ്ന്നു തുടങ്ങിയത്.
റോസ് വാലി ചിറ്റ് ഫണ്ട് കുംഭകോണം, 15 കോടി മുടക്കി അഗര്‍ത്തലയില്‍ പണിത പാര്‍ട്ടി ആസ്ഥന മന്ദിരത്തിന് ചെലവിട്ട പണത്തിന്റെ സ്രോതസ്, നൂറോളം പാര്‍ട്ടി ഓഫിസുകള്‍ സര്‍ക്കാര്‍ ഫണ്ട് വക മാറ്റി ചെലവിട്ട് പണിത സംഭവം, കേന്ദ്ര ഫണ്ടുകളുടെ തിരിമറി, തൊഴിലുറപ്പു പദ്ധതി വെട്ടിപ്പ്, അഗര്‍ത്തലയിലെ ഹൃദയ ഭാഗത്തെ വന്‍വില വരുന്ന ഭൂമി പാര്‍ട്ടി നേതാക്കള്‍ക്ക് കൈാമാറിയത്. സംസ്ഥാന നൈപുണ്യ വികസന മിഷന്റെ പേരില്‍ ഫണ്ട് തിരിമറി, പിഎസ് സി നിയമന തട്ടിപ്പ്, ഉച്ചഭക്ഷണ തട്ടിപ്പ്, പതിനായിരം അദ്ധ്യാപകരെ നിയമിച്ചതിനു പിന്നിലെ അഴിമതിയും തട്ടിപ്പും, തുടങ്ങി മന്ത്രിമാരും, ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന മാഫിയ നടത്തിയതെല്ലാം സിബിഐ-വിജിലന്‍സ് എന്നിവരെ ഉപയോഗിച്ച് അന്വേഷണം നടത്തുമെന്നുമാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ബിപ്ലവ് ദേബ് പറയുന്നത്. രാജ്യത്തെ സകല മാധ്യമങ്ങളും ത്രിപുര സര്‍ക്കാരിന്റെ തട്ടിപ്പുകള്‍ മുഖ്യമന്ത്രിയുടെ ദാരിദ്ര്യത്തിന്റെ കഥ പറഞ്ഞ് മൂടിവെയ്ക്കുകയാണ് ഉണ്ടായത്. പ്രതിപക്ഷമായിരുന്ന കോണ്‍ഗ്രസ് കണ്ണടച്ചതാണ് ബിജെപി ഉയര്‍ത്തിക്കൊണ്ടുവന്ന് ശക്തമായി ഉന്നയിച്ചത്.
സിപിഎമ്മിനെ ചോദ്യം ചെയ്യാന്‍ ചങ്കുറപ്പു കാട്ടിയത് വൈകി പ്രവര്‍ത്തനം ആരംഭിച്ച ബിജെപിയായിരുന്നു. . ഇതോടെ, പൊതു ശത്രുവിനെ നേരിടാന്‍ ജനം ബിജെപിക്ക് പിന്നില്‍ അണി നിരന്നു. 2015 ല്‍ ബിജെപി.യുടെ പ്രവര്‍ത്തനം ശക്തമായതോടെ സിപിഎം അക്രമി സംഘം ഒമ്പതോളം ബിജെപി പ്രവര്‍ത്തകരെ വെട്ടിയും കുത്തിയും കൊലപ്പെടുത്തി.
ബംഗാളിലും കേരളത്തിലും എല്ലാം സിപിഎം നടപ്പാക്കിയ ഗുണ്ടാരാജ് ത്രിപുരയിലും വര്‍ഷങ്ങളായി നടപ്പാക്കിയിരുന്നു. 2016 ല്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അലോക് ദേബ് എന്ന വിദ്യാര്‍ത്ഥിയെ തടഞ്ഞു നിര്‍ത്തി മൂത്രം കുടിപ്പിച്ചിരുന്നു. അയാള്‍ ചെയ്ത ഏക കുറ്റം ബൈക്കിനു മുന്നില്‍ വന്ദേ മാതരം എന്ന സ്റ്റിക്കര്‍ പതിപ്പിച്ചതാണ്. പാര്‍ട്ടി വിട്ടു പോയ സ്ത്രീകള്‍ക്ക് നേതൃത്വം കല്‍പിച്ചു കൊടുത്ത ശിക്ഷ ബലാല്‍സംഗമായിരുന്നു. വിറപ്പിച്ചും വെറുപ്പിച്ചുമാണ് മണിക് സര്‍ക്കാരിന്റെ ഭരണകൂടം ഈ ചെറിയ സംസ്ഥാനത്തെ അടക്കി ഭരിച്ചിരുന്നത്. ചത്തതിനൊക്കെ ജീവിച്ചിരിക്കുന്ന കോണ്‍ഗ്രസ് സിപിഎമ്മിനു മുന്നില്‍ കീഴടങ്ങിക്കിടക്കുകയായിരുന്നു.
ത്രിപുരയിലേക്ക് കേന്ദ്രം അയച്ച തഥാഗത് റോയി എന്ന ഗവര്‍ണറും അദ്ദേഹത്തിന്റെ വിരട്ടലുകളും മണിക് സര്‍ക്കാരിനെ മര്യാദക്കാരനാക്കാന്‍ ഉപകരിച്ചു. 25 വര്‍ഷത്തെ ചെകുത്താന്‍ ഭരണം അവസാനിപ്പിച്ചതിന്റെ ആഘോഷത്തിലാണ് ത്രിപുരയിലെ ജനത. സിപിഎമ്മിന്റെ വാള്‍മുനയില്‍ പിടഞ്ഞുമരിച്ച നൂറുകണക്കിന് ബലിദാനികഴളുടേ ആത്മാക്കള്‍ ഈ അവസരത്തില്‍ മോഷപഥം പുല്‍കിയിട്ടുണ്ടാകണം. 30 വര്‍ഷത്തെ ദുര്‍ഭരണത്തിനു ശേഷം ബംഗാള്‍ മമതയെ അധികാരം ഏല്‍പ്പിച്ചതിനു സമാനമായാണ് ത്രിപുരയില്‍ ബിജെപി നേടിയ വിജയവും.
ഇനി, രാജ്യത്ത് ഇടതു ഭരണം അവശേഷിക്കുന്ന ഒരേഒരു ഇടം കേരളമാണ്. പക്ഷേ, സിപിഎമ്മിന്റെ ദുര്‍ഭരണത്തിന് അഞ്ചു വര്‍ഷത്തെ ഇടവേള മലയാളികള്‍ അനുവദിക്കാറുണ്ട്. ബദലായി കോണ്‍ഗ്രസ് ഉള്ളതാണ് ഇതിനു കാരണം. എന്നാല്‍, അടുത്ത കാലത്ത് ജനങ്ങള്‍ക്ക് ഈ രണ്ടു മുന്നണികളേയും മാറിമാറി പരീക്ഷിച്ച് മതിയായ അവസ്ഥയിലാണ്.
അഴിമതിയാണ് കോണ്‍ഗ്രസിന്റെ മുഖമുദ്രയെങ്കില്‍ വികസന മുരടിപ്പും അക്രമവും ഇടതു പക്ഷത്തെ പ്രതിനിധാനം ചെയ്യുന്നു. ഭരിക്കുമെന്ന് ഉറപ്പു പറയാതെ, അങ്ങിനെയൊരു ആത്മവിശ്വാസം പകര്‍ന്നു കൊടുക്കാതെ ജനങ്ങള്‍ ബിജെപിയെ പിന്തുണയ്ക്കില്ല. മതവും മറ്റു സമവക്യങ്ങളുമെല്ലാം മാറ്റിവെച്ച് മലയാളി വികസന അജണ്ടയ്ക്ക് പിന്നാലെ വരുന്ന കാലം വിദുരമല്ല.
ഗള്‍ഫ് പണമായിരുന്നു കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ താങ്ങി നിര്‍ത്തിയിരുന്നത്. സൗദി ഉള്‍പ്പടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ സ്വദേശിവല്‍ക്കരണവും സാമ്പത്തിക തളര്‍ച്ചയും മൂലം പ്രവാസികളെ മടക്കി അയച്ചു കോണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കേരളീയര്‍ക്കിടയിലും തൊഴിലും വ്യവസായവും മികച്ച സമ്പദ് വ്യവസ്ഥയും വേണമെന്ന തോന്നല്‍ രൂപപ്പെട്ട് വരുന്നുണ്ട്.
ബംഗാളിലും ത്രിപുരയിലും ഇടതു സര്‍ക്കാരുകള്‍ പിന്തുടര്‍ന്ന നയമാണ് കേരളത്തിലും ഇവര്‍ കാലങ്ങളായി പിന്തുടരുന്നത്. ത്രിപുരയിലെ തിരഞ്ഞെടുപ്പ് ഫലം കേരളത്തിലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് ഒരു ദീശാ സൂചകമാണ്. . കപടമതേതര സൂക്തങ്ങള്‍ കേട്ട് മയങ്ങി വോട്ടു ചെയ്തിരുന്ന മലയാളികള്‍ക്കും മാറി ചിന്തിക്കാന്‍ അവസരമാണിത്, കപടമതേതരത്വത്തിന് കാവല്‍ നിന്ന് ന്യുനപക്ഷങ്ങളെ സംരക്ഷിക്കുന്ന അടവാണ് സിപിഎം കേരളത്തില്‍ എടുക്കുന്നത്. ഭൂരിപക്ഷത്തെ തള്ളിപ്പറഞ്ഞും പീഡിപ്പിച്ചും നടത്തുന്ന വിക്രിയകള്‍ ജനം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. മതേരത്വം എന്നാല്‍ മത പ്രീണനമല്ല, പകരം എല്ലാവര്‍ക്കും തുല്യപരിഗണനയാണെന്ന് ബിജെപി പറയുന്നു. വികസനം മുഖ്യഅജണ്ടയായി കേരളം ഏറ്റെടുക്കുന്ന ദിനം സംസ്ഥാനത്തും ബിജെപിയുടെ ഭരണത്തിന് വഴിയൊരുങ്ങും. ഇടതു-വലതു ഭരണമുന്നണികള്‍ സംസ്ഥാനത്തെ ഇതിലേക്ക് കൊണ്ടു ചെന്നു എത്തിക്കുന്നുമുണ്ട്. അവസരം ഉപയോഗിക്കാന്‍ കേരളത്തിലെ ബിജെപി നേതാക്കള്‍ കൂടി തയ്യാറായാല്‍ ത്രിപുരയുടെ തനിയാവര്‍ത്തനത്തിന് കേരളം സാക്ഷിയാകും..
പറയാതെ വ.യ്യ: സിപിഎം ഉള്ളിടത്ത് ബിജെപി വളരില്ലെന്ന വാചകമടിയാണ് പാര്‍ട്ടി വക്താക്കള്‍ പോലും പരിചയായി ഉപയോഗിച്ചിരുന്നത്. ഇപ്പോള്‍ ഇതിനു പുനര്‍നിര്‍വ്വചനം ആവശ്യമായി വരുന്നുണ്ട്.
ബിജെപി വന്നാല്‍ അവിടെ സിപിഎമ്മിന്റെ പൊടിപോലും ഉണ്ടാവില്ല, കണ്ടു പിടിക്കാന്‍. എന്നാക്കി നിര്‍വചനം തിരുത്തേണ്ടിവരും. ബിജെപിയും സിപിഎമ്മും നേരിട്ട് ഏറ്റുമുട്ടിയ ആദ്യത്തെ സംസ്ഥാനമാണ് ത്രിപുര. കേരളത്തില്‍ ഇതിനുള്ള സാധ്യത നൂറു ശതമാനമാണ്. ദുര്‍ബലരായ കോണ്‍ഗ്രസില്‍ നിന്ന് ഒരു പറ്റം ബിജെപിയിലേക്കും എത്തപ്പെടാം. തുടര്‍ന്ന് സിപിഎമ്മിനെ പാഠം പഠിപ്പിക്കാനും അറബിക്കടലില്‍ തള്ളാനുമുള്ള നിയോഗം
കുമ്മനത്തിനും കൂട്ടര്‍ക്കുമായിരിക്കും…