തിരുവനന്തപുരം വിമാനത്താവളം: പൊതുമേഖലയുടെ പേരില്‍ മുതലക്കണ്ണീര്‍

കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും പൊതുമേഖലയുടെ സംരക്ഷകരായി വേഷം കെട്ടിയാടുകയാണ്. മോദി സര്‍ക്കാര്‍ സര്‍വ്വതും വിറ്റു തുലയ്ക്കുന്നു എന്ന വലിയ വായിലുള്ള കരച്ചിലാണ് എവിടേയും. എല്‍ഐസി വില്‍ക്കുന്നു, ബിപിസിഎല്‍ വില്‍ക്കുന്നു… ഇപ്പോഴിതാ തിരുവനന്തപുരം ഉള്‍പ്പെടെ ആറു വിമാനത്താവളങ്ങള്‍ വിറ്റുതുലയ്ക്കുന്നു. തിരുവനന്തപുരം നഗരഹൃദയത്തിലെ എഴുന്നൂറോളം ഏക്കര്‍ ഭൂമി കോര്‍പറേറ്റ് ഭീമന്‍ ഗൗതം അദാനിക്ക് തീറെഴുതിയെന്ന് വരെ പ്രചരിപ്പിക്കുന്നു.

ഏതൊരു കമ്പനിയും അവരുടെ ഒരു നിശ്ചിത വിഹിതം ഓഹരി കമ്പോളത്തില്‍ വില്‍ക്കും. സിയാലും കിയാലും എല്ലാം ഇതുപോലെ വിറ്റത് എഴുപതു ശതമാനത്തോളമാണ്. അതിന് കുഴപ്പവുമില്ല. റിലയന്‍സ് കമ്പനിയില്‍ മുകേഷ് അംബാനിക്ക് വ്യക്തി പരമായി സ്വന്തമായിട്ടുള്ള ഓഹരികള്‍ കേവലം ഒരു ശതമാനത്തില്‍ താഴെയാണ്. . അദ്ദേഹത്തിന്റെ ഗ്രൂപ്പിന് 46 ശതമാനത്തോളം ഓഹരിയുമുണ്ട്. എന്നാല്‍, രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനവും 100 ശതമാനം ഓഹരികളും സര്‍ക്കാര്‍ ഉടമസ്ഥതിയിലുമുള്ള എല്‍ഐസിയിലെ പത്തു ശതമാനത്തില്‍ താഴെ ഓഹരികള്‍ വില്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ വിമര്‍ശകര്‍ പറഞ്ഞത് മോദി ഭരണകൂടം എല്‍ഐസി വില്‍ക്കുന്നു എന്നാണ്. ഓഹരികള്‍ ഇത്തരത്തില്‍ പൊതുവിപണിയില്‍ വില്‍ക്കുന്നതിനെ വിറ്റുതുലയ്ക്കല്‍ എന്നാണ് ഇടതു സൈബര്‍ പോരാളികള്‍ വിശേഷിപ്പിക്കുന്നത്.

സ്വകാര്യവല്ക്കരണത്തിന് തുടക്കമിട്ട കോണ്‍ഗ്രസും പ്രത്യയശാസ്ത്രത്തിന്റെ പേരില്‍ സ്വകാര്യമേഖലയെ എതിര്‍ക്കുകയും അധികാരത്തില്‍ ഇരിക്കുമ്പോഴെല്ലാം മുതലാളി വര്‍ഗവുമായി ചങ്ങാത്തത്തിലേര്‍പ്പെട്ട് വഴിവിട്ട എല്ലാ സഹായങ്ങളും നല്‍കുകയും ചെയ്യുന്ന ഇടതുപക്ഷവും ഇപ്പോള്‍ തിരുവനന്തപുരം വിമാനത്താവളത്തിന്റെ മേല്‍നോട്ടവും നടത്തിപ്പും സ്വകാര്യ മേഖലയ്ക്ക് നല്‍കുന്നതിനെതിരെ ശബ്ദം ഉയര്‍ത്തുകയാണ്.

അംബാനിയായാലും അദാനിയായാലും ടാറ്റ, ബിര്‍ള, മഹീന്ദ്ര ആരുമാകട്ടെ രാജ്യത്തെ വ്യവസ്ഥാപിത നിയമവ്യവസ്ഥയുമായി ചേര്‍ന്നു നിന്ന് തങ്ങളുടെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പൊക്കുന്നതിന് ഒരാള്‍ക്കും എതിര് നില്‍ക്കാനാകില്ല. എന്നാല്‍, അംബാനിയും അദാനിയും രാജ്യത്തെ കൊള്ളയടിക്കുകയാണെന്നും മറ്റമുള്ള രാഷ്ട്രീയ ആരോപണങ്ങള്‍ അസംബന്ധം മാത്രമാണ്.

ഈ രണ്ടു വ്യവസായികളും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിതിഷായും പ്രതിനിധാനം ചെയ്യുന്ന ഗുജറാത്തില്‍ നിന്ന് ഉള്ളവരാണെന്നതാണ് ഇത്തരം ദുഷ്പ്രചരണങ്ങളുടെ അടിസ്ഥാനം. മോദി അധികാരത്തില്‍ ഏറുന്നതിന് എത്രയോ വര്‍ഷം മുമ്പ് രാജ്യത്ത് തങ്ങളുടെ വ്യവസായ സംരംഭം തുടങ്ങി ക്രമാനുഗതമായി വളര്‍ച്ച നേടിയവരാണ് അംബാനിയും അദാനിയും.

2004 ല്‍ നാലായിരം കോടി രൂപയുടെ വിറ്റു വരവുണ്ടായിരുന്ന ഗൗതം അദാനിക്ക് പത്തുവര്‍ഷം കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ ഭരണം കഴിഞ്ഞപ്പോള്‍ എഴുപതിനായിരം കോടിയുടെ വിറ്റുവരവായി വര്‍ദ്ധിച്ചു. ഇത് വഴിവിട്ട് യുപിഎ സര്‍ക്കാര്‍ അദാനിയെ സഹായിച്ചതാണെന്ന് ആരാനും പറഞ്ഞാല്‍? അതുപോലെയാണ് അദാനി കവിഞ്ഞ ആറുവര്‍ഷ്തതിനിടയിലും വളര്‍ന്നത്. ബിസിനസ് സംരഭങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കും വളരാനുള്ള വളക്കൂറുണ്ടാക്കി നല്‍കേണ്ടത് സര്‍ക്കാരുകളുടെ കടമയും കര്‍ത്തവ്യവുമാണ്.

വന്‍കിട വ്യവസായങ്ങളും ബിസിനസ് സംരംഭങ്ങളും രാജ്യത്തിന്റെ സമ്പദ്ഘടനയുടെ ആരോഗ്യകരമായ നിലനില്‍പ്പിന്റെ ഭാഗം കൂടിയാണെന്ന വസ്തുത മറന്നാണ് ഇടതു പക്ഷം പ്രത്യയശാസത്രത്തിന്റെ പേരില്‍ കോര്‍പറേറ്റുകള്‍ക്കെതിരെ നിലപാടു സ്വീകരിക്കുന്നത്. മറുവശത്ത് ഇവര്‍ സ്വകാര്യ മള്‍ട്ടി നാഷണല്‍ കോര്‍പറേറ്റ് ബിസിനസ് സ്ഥാപനങ്ങളെ സമസ്ത മേഖലകളിലും കുത്തകളുടെ പങ്കാളികളായ കണ്‍സള്‍ട്ടന്‍സികളുടെ ഉപദേശം സ്വീകരിച്ച് കുടിയിരുത്തുകയും ചെയ്യുന്നു.

ഇത്തരം ഇരട്ടത്താപ്പും ജനവഞ്ചനയും ഇടതു രാഷ്ട്രീയപാര്‍ട്ടികള്‍ കാലാകാലങ്ങളായി ചെയ്തു വരികയാണ്. ഇതിന്നിടയിലാണ് തിരുവനന്തപുരം വിമാനത്താവളത്തിന്റെ ഓപറേഷന്‍ ആന്‍ഡ് മാനേജ്‌മെന്റ് പബ്ലിക് പ്രൈവറ്റ് പാര്‍ടണര്‍ഷിപ് വ്യവസ്ഥയില്‍ കൈമാറാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.

വിമാനത്താവളങ്ങള്‍ രാജ്യസമ്പദ് വ്യവസ്ഥയ്ക്ക് ഊര്‍ജ്ജം പകരുന്ന വാണിജ്യ കേന്ദ്രങ്ങള്‍

തിരുവനന്തപുരം ഉള്‍പ്പടെ രാജ്യത്തെ 12 വിമാനത്താവളങ്ങളുടെ ഓപറേഷന്‍ ആന്ഡ് മാനേജ്‌മെന്റ് പിപിപി വ്യവസ്ഥയില്‍ രാജ്യാന്തര ഓപണ്‍ ടെണ്ടറിലൂടെ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ലോകോത്തര നിലവാരത്തില്‍ രാജ്യത്തെ വിമാനത്താവളങ്ങള്‍ വിപുലീകരിക്കുകയും സൗകര്യങ്ങള്‍ ഒരുക്കയും ചെയ്ത് വ്യോമഗതാഗതം വര്‍ദ്ധിപ്പിക്കുമെന്നായിരുന്നു പ്രഖ്യാപനം. വിമാനത്താവളങ്ങള്‍ ശരാശരി അഞ്ഞൂറു കോടി രൂപ ലാഭം ഉണ്ടാക്കുന്നത് ആയിരം കോടിയ്ക്കു മുകളിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് പിപിപി മോഡല്‍ വികസനത്തിന് വഴിയൊരുക്കുന്നത്.

12 വിമാനത്താവളങ്ങളിലും കൂടി 13,000 കോടി രൂപയുടെ നിക്ഷേപം വരുന്ന ഒരു വര്‍ഷത്തിനകമാണ് പ്രതീക്ഷിക്കുന്നത്. മൂന്നാം റൗണ്ടില്‍ ആറു വിമാനത്താവളങ്ങള്‍ കൂടി ഇത്തരത്തില്‍ ലേലത്തിലൂടെ നല്‍കും.

ലോകമെമ്പാടുമുള്ള വന്‍കിട വിമാനത്താവളങ്ങള്‍ യാത്രക്കാര്‍ വന്നും പോയും ഇരിക്കുന്ന ഇടമല്ല. മറിച്ച് പര്‍ച്ചേസിംഗ് പവറുള്ള യാത്രക്കാര്‍ എത്തുന്ന വന്‍കിട ഷോപ്പിംഗ് മാളുകള്‍ കൂടിയാണ്. ഡ്യുട്ടി ഫ്രീ വ്യാപാരത്തിലൂടെ സഹസ്ര കോടികളുടെ വിനിമയമാണ് നടക്കുന്നത്. ലോകത്തിലെ മികച്ച വിമാനത്താവളങ്ങളില്‍ ഒന്നായ ദുബായിയിലെ ഡ്യൂട്ടി ഫ്രീ വ്യാപാരം കഴിഞ്ഞ വര്‍ഷം 201 കോടി യുഎസ് ഡോളറാണ് ( ഏകദേശം 15,000 കോടി രൂപ). സുഗന്ധലേപനം, പുകയില, ഇലക്ട്രോണിക്‌സ്, മദ്യം, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ എന്നിവയിലൂടെയാണ് ഇത്രയും വ്യാപാരം നടക്കുന്നത്. കേവലം 33 ലക്ഷം ആകെ ജനസംഖ്യയുള്ള ദുബായിലേക്ക് അവരുടെ വിമാനത്താവളത്തിലൂടെ പ്രതിവര്ഷം ഒമ്പതു കോടി യാത്രക്കാരാണ് എത്തുന്നത്. ടൂറിസത്തിനൊപ്പം നല്ല വിമാന സര്‍വ്വീസും കണക്ടിവിറ്റിയുമാണ് ഈ വിമാനത്താവളത്തിലേക്ക് കോടിക്കണക്കിന് പേര്‍ എത്തുന്നതിന് കാരണം. ടൂറിസത്തില്‍ പ്രകൃതിദത്ത വരദാനമുള്ള കേരളത്തിന് പത്തു കോടിയിലധികം ടൂറിസ്റ്റുകളെ ആകര്ഷിക്കാന്‍ സാധിക്കും. ഇതിനായി ലോകനിലവാരമുള്ള റോഡുകളും മികച്ച മറ്റ് അടിസ്ഥാന സൗകര്യ വികസനങ്ങളും ആവശ്യത്തിന് ഫ്‌ളൈറ്റ് കണക്ടിറ്റിവിറ്റിയും വേണമെന്നുമാത്രം.

രാജ്യത്തെ വിമാനത്താവളങ്ങളുടെ വാണിജ്യവിനിയോഗം പൂര്‍ണതോതിലാകണം

രാജ്യത്തെ വിവിധ വിമാനത്താവളങ്ങള്‍ ദുബായിയെ പോലെ വാണിജ്യപരമായി വിനിയോഗിക്കുന്നില്ല. എഴു കോടി യാത്രക്കാര്‍ എത്തുന്ന ഡെല്‍ഹി, അഞ്ചു കോടി യാത്രക്കാര്‍ എത്തുന്ന മുംബൈ, ഒരു കോടിയോളം യാത്രക്കാര്‍ എത്തുന്ന കൊച്ചി വിമാനത്താവളങ്ങളില്‍ ഇത്തരത്തില്‍ വലിയ വ്യാപാരം ഡ്യുട്ടി ഫ്രീ വഴി നടക്കുന്നില്ല. നാല്‍പ്പതു ലക്ഷം യാത്രക്കാര്‍ പ്രതിവര്‍ഷം എത്തുന്ന തിരുവനന്തപുരം വിമാനത്താവളത്തില്‍ ഡ്യൂട്ടി ഫ്രീ അടച്ചു പൂട്ടി. എയര്‍പോര്‍ട്ട് അഥോറിറ്റി വിമാനത്താവളത്തിന്റെ വ്യാപാര സാധ്യതകളെക്കുറിച്ച് ശ്രദ്ധ നല്‍കാത്തതാണ് അതിനുകാരണം. എയര്‍ട്രാഫിക്, എയര്‍ലൈന്‍സ് തുടങ്ങിയ കോര്‍ വിഷയങ്ങളില്‍ ശ്രദ്ധിക്കുന്ന നയമാണ് എയര്‍പോര്‍ട്ട് അഥോറിറ്റിയുടേത്. എന്നാല്‍, വിമാനത്താവളത്തെ മികച്ച വ്യാപാര കേന്ദ്രമാക്കി മാറ്റുക എന്ന വാണിജ്യ താല്‍പര്യത്തിന് ഉതകുന്ന കമ്പനികളെ കൊണ്ടുവന്ന് ഇതിലൂടെ വരുമാനമാര്‍ഗം ഉയര്‍ത്തുകയാണ് ഇപ്പോള്‍ പിപിപി സംവിധാനത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

രാജ്യത്ത് ഒരു കോടിയിലേറെ യാത്രക്കാര്‍ പ്രതിവര്‍ഷം എത്തുന്ന വിമാനത്താവളങ്ങള്‍ പത്തില്‍ താഴെമാത്രമാണ്. ആദ്യ പത്തില്‍ എട്ടും പിപിപി മാതൃകയില്‍ മാനേജ്‌മെന്റ്ുള്ള വിമാനത്താവളങ്ങളുമാണ്.
നാലു രാജ്യാന്തര വിമാനത്താവളങ്ങള്‍ ഉള്ള കേരളത്തിലെ ഒരു വിമാനത്താവളവും ഈ പട്ടികയില്‍ ഇല്ല. 2019 -20 ല്‍ കൊച്ചിയിലെത്തിയത് 90 ലക്ഷം യാത്രക്കാര്‍ മാത്രമാണ്.

അവഗണനമാത്രം -തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനം മുടക്കികള്‍

കൊച്ചിയും കണ്ണൂരും പിപിപി സംവിധാനത്തിലാണുള്ളത്. ഇവ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നവയുമാണ്. രാജ്യത്തെ അഞ്ചാമത്തെ രാജ്യാന്തര വിമാനത്താവളം എന്ന ബഹുമതിയുള്ളതും ഏറ്റവും പഴക്കം ചെന്നതുമായ തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനം പതിറ്റാണ്ടുകളായി കടലാസ്സിലാണ്. വിഴിഞ്ഞം തുറുമുഖത്തിന്റെ വിഷയം പോലെതന്നെയാണ് ശാപം ലഭിച്ച ഈ സ്ഥാപനവും. ചില ലോബികളുടെ പ്രവര്‍ത്തനഫലമായാണ് ഇത്ര അവഗണന തലസ്ഥാന നഗരിയിലെ ഈ വിമാനത്താവളത്തിനോട് ഭരണകൂടങ്ങള്‍ കാണിച്ചുപോന്നത്.

കൊച്ചി വിമാനത്താവളത്തിന് വേണ്ടി ബിസിനസ് ലോബിയും കണ്ണൂര്‍ വിമാനത്താളത്തിനായി രാഷ്ട്രീയ ലോബിയും ചരടുവലികള്‍ നടത്തിയപ്പോള്‍ തിരുവനന്തപുരത്തിന് വേണ്ടി സംസാരിക്കാന്‍ ആരുമുണ്ടായില്ല. വികസനത്തിനായി സ്ഥലം ഏറ്റെടുത്ത് നല്‍കാനോ, കൂടുതല്‍ വിമാന സര്‍വ്വീസുകള്‍ കൊണ്ടുവരാനോ മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജമാക്കുന്നതിനോ കേരള സര്‍ക്കാര്‍ യാതൊരു വിധ നീക്കങ്ങളൊ കേന്ദ്രത്തില്‍ സമ്മര്‍ദ്ദങ്ങളൊ നടത്തിയില്ല.

സംസ്ഥാനത്തെ തന്നെ ഏറ്റവും സുരക്ഷിതമായ വിമാനത്താവളം എന്ന് പേരുകേട്ട വിമാനത്താവളമായ തിരുവനന്തപുരത്ത് ഫ്‌ളൈറ്റുകളുടെ സുഗമമായ ലാന്‍ഡിംഗിന് തടസ്സമായേക്കാവുന്ന സ്വകാര്യ പുരയിടത്തിലെ മുപ്പതോളം തെങ്ങുകളും സംസ്ഥാന വ്യവസായ വകുപ്പിന്റെ കീഴിലുള്ള ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്ട്‌സിന്റെ ചിമ്മിനിയും തടസ്സമായി നില്‍ക്കുന്നു. ഇതിന് പരിഹാരം കാണാന്‍ പോലുമാകാത്ത ഭരണകൂടമാണ് വിമാനത്താവളം ഏറ്റെടുത്തു നടത്താന്‍ വാശികാണിക്കുന്നത്.വികസനത്തോട് അല്പമെങ്കിലും ആത്മാര്‍ത്ഥതയുണ്ടായിരുന്നുവെങ്കില്‍ ജനങ്ങളുടെ ജീവന് വരെ ഭീഷണിയാകുന്ന മരങ്ങളും വ്യവസായ ശാലയുടെ ചിമ്മിനിയുടെ ഉയരത്തിന്റെ കാര്യത്തിലും അനുകൂലമായ നടപടി സ്വീകരിക്കാന്‍ നാലുവര്‍ഷത്തിലധികമായിട്ടും പിണറായി സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.. ചിമ്മിനിയുടെ ഉയരം നിലവിലെ 31 മീറ്ററില്‍ നിന്ന് 26 മീറ്ററായി കുറയ്ക്കുന്നതിനുള്ള ആവശ്യം പലവട്ടം ഉന്നയിച്ചിട്ടും. വിമാനത്താവളത്തിന്റെ ബിഡ്ഡിംഗില്‍ പങ്കെടുക്കാന്‍ ഉത്സാഹം കാണിച്ച വ്യവസായ വകുപ്പിന് കഴിഞ്ഞിട്ടില്ല.

അടിസ്ഥാന സൗകര്യ വികസനമില്ല, കണക്ടിവിറ്റി ഇല്ല, ഡ്യുട്ടി ഫ്രീ ഇല്ല, ഇതോ തലസ്ഥാന നഗരിയിലെ വിമാനത്താവളം.

2018 ല്‍ നിസ്സാന്‍ കമ്പനി ഇടതു സര്‍ക്കാരുമായി ഒപ്പുവെച്ച ഗ്ലോബല്‍ റിസര്‍ച്ച് ഹബ്ബിനായുള്ള പദ്ധതി രണ്ടുവര്‍ഷമായി ഇഴഞ്ഞു നീങ്ങിയതിന് മുഖ്യകാരണം കമ്പനി കരാറില്‍ ആവശ്യപ്പെട്ടിരുന്ന ടോക്കിയോ -തിരുവനന്തപുരം നേരിട്ടുള്ള വിമാന സര്‍വ്വീസ് ആരംഭിക്കാതിരിന്നതാണ്. ഇതൊടൊപ്പം തിരുവനന്തുപുരത്തു നിന്നും രാജ്യത്തെ മറ്റ് സുപ്രധാന നഗരങ്ങളിലേക്ക് ആവശ്യത്തിന് ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ ഇല്ലാത്തതും വിനയായി. തങ്ങളുടെ ഉദ്യോഗസ്ഥര്‍ക്കും ഇടപാടുകാര്‍ക്കും സുഗമമായി സഞ്ചരിക്കാനുള്ള അടിസ്ഥാന സൗകര്യവികസനം പോലും ചെയ്ത തരാത്ത പിണറായി സര്‍ക്കാരിന്റെ നിലപാടില്‍ മനം നൊന്ത് കമ്പനിയുടെ സിഇഒ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നാലുപേജുള്ള കത്തെഴുതി. എന്നിട്ടും ഇതിനായി പിണറായി സര്‍ക്കാര്‍ ചെറുവിരല്‍ അനക്കിയില്ല.

തിരുവനന്തപുരം വിമാനത്താവളത്തിലെ യൂസേഴ്‌സ് ഫീ, വിമാനങ്ങളുടെ ലാന്‍ഡിംഗിനും പാര്‍ക്കിംഗിനും മറ്റും എയര്‍പോര്‍ട്ട് അഥോറിറ്റി വാങ്ങിക്കുന്ന വര്‍ദ്ധിച്ച ഫീസ് എന്നിവയെല്ലാം മറ്റ് വിമാനത്താവളങ്ങളിലേക്കാളും കൂടുതലാണ്. ഇതുമൂലം വിമാനക്കമ്പനികള്‍ യാത്രാനിരക്കില്‍ അധികചെലവുകള്‍ അഡ്ജസ്റ്റ് ചെയ്യുകയാണ്. ഡ്യൂട്ടി ഫ്രീ ഷോപ്പിംഗ് എന്ന സൗകര്യം നിലച്ചിട്ട് വര്‍ഷങ്ങളായി. ഇതു പുനരാരംഭിക്കാതിരിക്കാന്‍ രാഷ്ട്രീയ നേതൃത്വങ്ങളുടെ സമ്മര്‍ദ്ദമുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് യാത്രക്കാരെ എത്തിക്കാതെ ലാഭത്തിനു വേണ്ടി കൊച്ചിയിലെ നിക്ഷേപകരാണ് ചരടുവലിക്കുന്നതെന്ന് ആരോപണമുയരുന്നുണ്ട്. ഇത്തരത്തില്‍ തിരുവനന്തപുരം വിമാനത്താവളം അടച്ചു പൂട്ടിക്കുകയാണ് ഇവര്‍ലക്ഷ്യമിടുന്നത്െന്നും ആക്ഷേപമുണ്ട്.

തിരുവനന്തപുരം വിമാനത്താവളത്തിന്റെ മേല്‍നോട്ടം പിപിപി വ്യവസ്ഥയില്‍ സ്വകാര്യ കമ്പനികള്‍ക്ക് കൈമാറ്റം.

ഈ സാഹചര്യങ്ങളിലാണ് തിരുവനന്തപുരം വിമാനത്താവളത്തിന്റെ മേല്‍നോട്ടം പിപിപി വ്യവസ്ഥയില്‍ സ്വകാര്യ കമ്പനികളെ ഏല്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ലേലം നടത്തിയത്. ഇതിനെ തുടര്‍ന്ന് കേരള സര്‍ക്കാര്‍ തടസ്സവാദവുമായി രംഗത്ത് വന്നു. കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങള്‍ നടത്തി പരിചയമുള്ളവരാണെന്നും തിരുവനന്തപുരം വിമാനത്താവളം ഭംഗിയായി ഏറ്റെടുത്തു നടത്താമെന്നും പിണറായി സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചു.

അതെസമയം, രാജ്യാന്തര ബിഡിംഗില്‍ പങ്കെടുക്കാനും സംസ്ഥാന സര്‍ക്കാരിന്റെ 26 ശതമാനം പങ്കാളിത്തമുള്ള ഏതെങ്കിലും കമ്പനിയെ ലേലത്തില്‍ പങ്കെടുപ്പിക്കാനും അഥവാ ഒന്നാമതെത്തുന്ന കമ്പനി പത്തുശതമാനം വരെ കൂടുതലാണ് നിരക്ക് പറയുന്നതെങ്കിലും ഫസ്റ്റ് റൈറ്റ് റെഫ്യൂസല്‍ (Right of first refusal ) എന്ന മുന്‍ഗണന വഴി സംസ്ഥാന സര്‍ക്കാരിനു തന്നെ കരാര്‍ ലഭിക്കുമെന്ന ഇളവും കേന്ദ്രം നല്‍കി.

രാജ്യത്തെ മറ്റ് ആറു വിമാനത്താവളങ്ങളിലും സമാനമായ ബിഡ്ഡിംഗ് നടക്കുമ്പോള്‍ അദാനി ഗ്രൂപ്പ് എല്ലാത്തിലും മത്സരക്ഷമതയോടെ പങ്കെടുത്തു. അഹമ്മദ്ബാദ്, ജയ്പൂര്‍, ലക്‌നൗ മംഗലാപുരം എന്നിവയിലാണ് അദാനി ഗ്രൂപ്പും ലേലം വിളിച്ചത്. പാസഞ്ചര്‍ ഫീസ് വകയില്‍ 177, 174,171, 168 ,115 രൂപ എന്ന നിലയിലാണ് യഥാക്രമം അദാനി നല്‍കിയ ക്വോട്ടുകള്‍. എല്ലായിടത്തും അദാനി തന്നെയാണ് മുന്നില്‍ എത്തിയത്. തിരുവനന്തപുരത്ത് രണ്ടാം സ്ഥാനത്ത് എത്തിയ സര്‍ക്കാര്‍ പ്രതിനിധാനകമ്പനിയായ കെഎസ്‌ഐഡിസി 135 രൂപയാണ് ക്വോട്ട് ചെയ്തത്. പത്തുശതമാനം ഫസ്റ്റ് റൈറ്റ് റെഫ്യുസല്‍ ഉണ്ടായിട്ടും അദാനിയുടെ അടുത്ത് എത്താന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല. അഹമ്മദ്ബാദിലും ജയ്പൂരിലും രണ്ടാം സ്ഥാനത്ത് എത്തിയവര്‍ 145ഉം 155 ഉം ആയിരുന്നു യഥാക്രമം ക്വോട്ട് ചെയ്തത്. മൂന്നാം സ്ഥാനത്ത് വന്ന ജിഎംആറാകട്ടെ എല്ലായിടത്തും 100 ല്‍ താഴെ രൂപയാണ് ക്വോട്ട് ചെയ്‌തെന്നും വിചിത്രമായിരുന്നു. ഹൈദരാബാദിലും ഡെല്‍ഹിയിലും ഗോവയിലും വിമാനത്താവളം നടത്തുന്ന ജിഎംആറിന്റെ വളരെ താഴ്ന്ന ക്വോട്ട് ഗൗരവത്തോടെ ആയിരുന്നില്ലന്നുവേണം കരുതാന്‍.

അദാനിഗ്രൂപ്പിന്‌ മുന്‍പരിചയം ഉണ്ടോ?

അദാനി ഗ്രൂപ്പിന് ഏവിയേഷന്‍ മേഖലയില്‍ മുന്‍പരിചയമില്ലെന്ന വാദം ചിലര്‍ ചാനല്‍ചര്‍ച്ചകളിലും മറ്റും ഉയര്‍ത്തുന്നുണ്ട്. അദാനി ഗ്രൂപ്പിന്റെ കീഴില്‍ വര്‍ഷങ്ങളായി ഗുജറാത്തില്‍ രാജ്യാന്തര വിമാനത്താവളം ഉണ്ട്. മുണ്ട്ര സെപ്ഷ്യല്‍ ഇക്കണൊമിക് സോണിലാണ് ഈ വിമാനാത്താവളം. അദാനി ഗ്രൂപ്പിന് സ്വന്തമായി ആറോളം ചെറു യാത്രാവിമാനങ്ങളും ഉണ്ട്. വിമാനത്താവളം നടത്താനും ചാര്‍ട്ടേഡ് വിമാന സര്‍വ്വീസ് നടത്താനുമുള്ള ലൈസന്‍സും അദാനി ഗ്രൂപ്പിന്റെ കര്‍ണാവതി ഏവിയേഷനുണ്ട്.

രാജ്യത്ത് ആദ്യമായി വിമാനത്താവള നടത്തിപ്പ് സ്വകാര്യ കമ്പനിയെ ഏല്‍പ്പിക്കുമ്പോള്‍ ഡെല്‍ഹിയിലെ ജിഎംആറിനോ, മുംബൈയിലെ ജിവികെയ്‌ക്കോ വിമാനത്താവള നടത്തിപ്പുമായി യാതൊരു മുന്‍ പരിയവുമില്ലായിരുന്നു. കൊച്ചിന്‍ എയര്‍പോര്‍ട്ട് ആരംഭിക്കുമ്പോള്‍ കേരള സര്‍ക്കാരിനോ സര്‍ക്കാര്‍ രൂപികരിച്ച സിയാല്‍ കമ്പനിയ്‌ക്കോ അതിന്റെ എംഡിയായിരുന്നവര്‍ക്കോ നിക്ഷേപകര്‍ക്കോ വിമാനത്താവളവുമായി യാത്ര ചെയ്ത പരിചയവും ബന്ധുക്കളെ കയറ്റിവിടാനോ സ്വീകരിക്കാനോ വന്ന പരിചയമോ മാത്രമെയുണ്ടായിരുന്നുള്ളു.വെന്നതും അതിശയോക്തി കലരാത്ത വസ്തുതയാണ്.

ഇപ്പറഞ്ഞതിലേറെ പരിചയം വിമാനങ്ങളുമായും ഏവിയേഷന്‍ മേഖലയുമായി അദാനി ഗ്രൂപ്പിനുണ്ടെന്നതും വസ്തുതയാണ്. അതേസമയം, വിമാനത്താവളങ്ങളുടെ മാനേജ്‌മെന്റ് മാത്രമാണ് ഇവര്‍ക്ക് ലഭിക്കുന്നതെന്നതെന്നും വിമര്‍ശകര്‍ ഓര്‍ക്കേണ്ടതുണ്ട്. എയര്‍ലൈന്‍സ് മാനേജ്‌മെന്റ്, എയര്‍ ട്രാഫിക് കണ്‍ട്രോള്‍, കസ്റ്റംസ്, എമിഗ്രേഷന്‍ എന്നു വേണ്ട എല്ലാ സംവിധാനങ്ങളും അതാത് ഏജന്‍സികള്‍ തന്നെയാണ് മാനേജ് ചെയ്യുക. വിമാനത്താവളത്തിലെ വാണിജ്യപരമായ കാര്യങ്ങളുടെ മേല്‍നോട്ടവും അടിസ്ഥാന സൗകര്യവികസനവും മാത്രമാണ് സ്വകാര്യ കമ്പനികളെ ഏല്‍പ്പിക്കുക. എന്നതും വലിയ വസ്തുതയാണ്. ഇതൊക്കെ മറച്ചു പിടിച്ചാണ് തെറ്റായ വിവരങ്ങളുമായി ചലര്‍ ദുഷ്പ്രചരണം നടത്തുന്നത്.

അദാനിയും മോദിയും തമ്മിലെന്ത് ?

അദാനി ഗ്രൂപ്പിന്റെ ചാര്‍ട്ടേഡ് വിമാനത്തില്‍ തിരഞ്ഞെടുപ്പു പ്രചാരണത്തിന് പോകുന്ന നരേന്ദ്ര മോദിയുടെ ചിത്രം ചൂണ്ടിക്കാട്ടി ചിലര്‍ ചങ്ങാത്തമുതലാളിത്തത്തിന് ഉദാഹരണമായി ചൂണ്ടിക്കാട്ടാറുണ്ട്.

ഗുജറാത്തിലെ എല്ലാ രാഷ്ട്രീയ കക്ഷികളും ഇത്തരം വിമാന സര്‍വ്വീസുകളും ഹെലികോപ്ടര്‍ സര്‍വ്വീസുകളും വാടകയ്‌ക്കെടുക്കുകയും ഇതിന്റെ ചിലവ് തിരഞ്ഞെടുപ്പു കമ്മീഷന് സമര്‍പ്പിച്ചിക്കുകയും ചെയ്യുക പതിവാണ്. പക്ഷേ, അദാനിയുടെ വിമാനത്തിന്റെ ചിത്രം കാണിച്ച് പ്രധാനമന്ത്രിയുടെ ചങ്ങാതിയാണ് ഇദ്ദേഹമെന്ന് ദുഷ്ട്‌ലാക്കോടെ പ്രചരിപ്പിക്കുകയാണ് ചിലര്‍ . അധികാരത്തില്‍ ഇരുന്ന സമയം, കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയും മറ്റും വിദേശ യാത്ര നടത്തിയതു പോലും മുകേഷ് അംബാനിയുടെ പ്രൈവറ്റ് ജെറ്റിലായിരു്ന്നുവെന്നത് ന്യൂയോര്‍ക് ടൈംസ് പോലുള്ള മാധ്യമങ്ങളില്‍ അച്ചടിച്ച് വന്നിരുന്നതാണ്. പക്ഷേ, പരസ്യമായി മോദി തിരഞ്ഞെടുപ്പു യോഗങ്ങളില്‍ സഞ്ചരിക്കാന്‍ ഇത്തരത്തില്‍ സ്വകാര്യ ചാര്‍ട്ടേഡ് ജെറ്റുകള്‍ ഉപയോഗിക്കുന്നതിനെ ചിലര്‍ ദുഷ്ടലാക്കോടെപ്രചരിപ്പിക്കുന്നു.

അദാനിയോടുള്ള സിപിഎം എതിര്‍പ്പിലെ ഇരട്ടത്താപ്പ്

കേരളത്തില്‍ അദാനി ഗ്രൂപ്പാണ് വിഴിഞ്ഞം പോര്‍ട്ട് വികസിപ്പിക്കുന്നത്. യുഡിഎഫിന്റെ കാലത്താണ് ഇടപാട് നടന്നത്. ഈ വിഷയത്തില്‍ രാഷ്ട്രീയമായി വലിയ എതിര്‍പ്പും പ്രതിഷേധവുമാണ് സിപിഎം സംഘടിപ്പിച്ചത്. ആറായിരം കോടിയുടെ അഴിമതി നടന്നതായി പോലും അന്ന് സിപിഎം പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ ആരോപിച്ചിരുന്നു. വലിയ സമര കോലാഹലങ്ങളും അരങ്ങേറി. വഴിമുട്ടി നിന്ന വിഴിഞ്ഞം തുറുമുഖ വികസനം പിന്നീട് സിപിഎം അധികാരത്തിലേറിയപ്പോള്‍ അദാനിയെ സ്വീകരിച്ച് ആനയിച്ച് സന്ധിചെയ്തു. ഇതാണ് സിപിഎമ്മിന്റെ അദാനി വിരോധം.

അദാനി ഗ്രൂപ്പിന്റെ ഉടമകളായ ഗൗതം അദാനിയും മകന്‍ കിരണ്‍ അദാനിയും അന്ന് സിപിഎമ്മിന്റെ ആസ്ഥാനമായ എകെജി സെന്ററിലെത്തിയത് വലിയ വാര്‍ത്തയായിരുന്നു. ഇന്ന് വിമാനത്താവള വിഷയം വന്നപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ പറന്നു നടന്നത് പിണറായി വിജയനും കൊടിയേരി ബാലകൃഷ്‌നവും അദാനിമാരെ സ്വീകരിച്ച് പാര്‍ട്ടി ആസ്ഥാനത്തേക്ക് ആനയിക്കുന്ന ചിത്രങ്ങളാണ്.

അദാനി ഗ്രൂപ്പിന്റെയോ അംബാനി ഗ്രൂപ്പിന്റേയോ മറ്റെതെങ്കിലും വ്യവസായ ഗ്രുൂപ്പിന്റെ അധിപന്‍മാര്‍ ബിജെപിയുടെ ആസ്ഥാനം സന്ദര്‍ശിച്ചതായി എവിടേയും റിപ്പോര്‍ട്ടുകള്‍ കണ്ടതായി ഓര്‍ക്കുന്നുമില്ല.

വിഴിഞ്ഞം പോര്‍ട്ടില്‍ അദാനിക്കെതിരെ സമരം നടത്തുകയും പിന്നീട് അവരുമായി സന്ധിചേരുകയും ചെയ്തവരാണ് ഇപ്പോള്‍ വീണ്ടും വിമാനത്താവളത്തിന്റെ പേരില്‍ അദാനിക്കെതിരെ വന്‍പ്രതിഷേധം ഉയര്‍ത്തുന്നത്.

അദാനിയുടെ ബന്ധുവിന്റെ സ്ഥാപനത്തിന് കേരള സര്‍ക്കാരിന്റെ കണ്‍സള്‍ട്ടന്‍സി കരാര്‍

തിരുവനന്തപുരം വിമാനത്താവളത്തിന്റെ ലേലത്തില്‍ പങ്കെടുക്കുന്നതിന് രാജ്യാന്തര കോര്‍പറേറ്റ് കണ്‍സള്‍ട്ടന്‍സി സര്‍വ്വീസായ കെപിഎംജിയെ സമീപിച്ച ഇടതു സര്‍ക്കാര്‍ ഇതിനുള്ള നിയമ കണ്‍സള്‍ട്ടന്‍സിയായി നിയമിച്ചത് രാജ്യത്തെ പ്രമുഖ കോര്‍പറേറ്റ് ലീഗല്‍ ഫേം ആയ സിറിള്‍ അമര്‍ചന്ദ് മംഗള്‍ദാസിനെയാണ്. ഇതാകട്ടെ അദാനി ഗ്രൂപ്പിന്റെ ഉടമ ഗൗതം അദാനിയുടെ മകന്‍ കിരണ്‍ അദാനിയുടെ ഭാര്യയുടെ പിതാവിന്റെ സ്ഥാപനവും ആണ്. ഇത്തരത്തില്‍ താല്‍പര്യവൈരുദ്ധ്യം നിലനില്‍ക്കുന്നു എന്ന് പോലും മനസ്സിലാക്കാതെയാണ് പിണറായി സര്‍ക്കാര്‍ ടെണ്ടര്‍ ഡോക്യുമെന്റുകള്‍ അദാനിയുടെ അടുത്ത ബന്ധുവിനെ ഏല്‍പ്പിച്ചത്.. ടെണ്ടര്‍ നടപടികളിലേക്ക് പോകാതെ തന്നെ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ച 26 ശതമാനത്തില്‍ അധികം ഓഹരിപങ്കാളിത്തമുള്ള സിയാലിനെ കൊണ്ട് ടെണ്ടറില്‍ പങ്കെടുക്കാതിരുന്നതിനെ പലരും ഇപ്പോള്‍ ചോദ്യം ചെയ്യുന്നുണ്ട്. ഇതേസമയത്തു തന്നെ മംഗലാപുരം വിമാനത്താവളത്തിന്റെ ബിഡ്ഡില്‍ സിയാല്‍ പങ്കെടുക്കകയും ചെയ്തു.

സിയാലിനെ ഒഴിവാക്കി പുതിയ കമ്പനി ടിയാല്‍ : ലേലത്തിനിടെ എന്തെല്ലാം മറിമായങ്ങള്‍

സിയാലിനെ ഒഴിവാക്കി ടിയാല്‍ എന്ന പേരില്‍ പുതിയ കമ്പനി രൂപികരിച്ച് തിരുവനന്തപുരം വിമാനത്താവളം ഏറ്റടുക്കാനും ചില സ്വകാര്യ വ്യക്തികള്‍ക്കും കമ്പനികള്‍ക്കും ഇതിന്റെ ഓഹരിയില്‍ ഭൂരിഭാഗം നല്‍കാനും ഇടതു സര്‍ക്കാര്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. 76 ശതമാനത്തിലധികം ഓഹരി സ്വകാര്യ മുതലാളിമാര്‍ക്ക് നല്‍കാനായിരുന്നു പിണറായി സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നത്. ഇതു സംബന്ധിച്ച വാര്‍ത്തകള്‍ 2018 ല്‍ പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സര്‍ക്കാരിന്റെ അവശേഷിക്കുന്ന കാലാവധിക്കുള്ളില്‍ തിരുവനന്തപുരം വിമാനത്താവളം കൂടി കൈപ്പടിയിലൊതുക്കി കണ്ണൂര്‍ വിമാനത്താവളത്തിനു സമാനമായി ഇഷ്ടക്കാരെ തിരുകിക്കയറ്റുകയും വന്‍കിട കൂട്ടുബിസിനസ് നടത്താനും ഒക്കെയുള്ള പദ്ധതിയാണ് ഇപ്പോള്‍ ആദാനിക്ക് ടെണ്ടറിലൂടെ കൈമാറ്റം ചെയ്തതിലൂടെ നഷ്ടമായത്.

സിപിഎമ്മും കോണ്‍ഗ്രസ്സും പിടിച്ച വിമാനത്താവളമെന്ന പുലിവാല്‍

ബിഡ്ഡിംഗിലൂടെ നിയമപരമായി അദാനിയുടെ കൈകളിലെത്തിയ വിമാനത്താവള വിഷയത്തില്‍ ഇടങ്കോലിട്ട് തിരുവനന്തപുരത്തെ ജനങ്ങളുടേയും വാണിജ്യമേഖലയിലുള്ളവരുടേയും വിരോധം സമ്പാദിക്കുക മാത്രമാണ് സിപിഎം ഇപ്പോള്‍ ചെയ്യുന്നത്.. അതല്ലെങ്കില്‍, മാന്യമായി നടപടിക്രമങ്ങള്‍ക്ക് വഴിതുറന്ന് സഹകരിച്ച് തലസ്ഥാന ജില്ലയുടെ വികസനത്തിന് ഒപ്പം നില്‍ക്കുകയെന്ന മാര്‍ഗ്ഗവും ഉണ്ട്.

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കരനും കൂട്ടാളിയും മുഖ്യമന്ത്രിയുടെ കീഴിലുള്ള ഐടി വകുപ്പിലെ സുപ്രധാന കരാറിന്റെ മേല്‍നോട്ടം വഹിച്ചിരുന്നയാളുമായ സ്വപ്‌ന സുരേഷും ചേര്‍ന്ന് തിരുവനന്തപുരം വിമാനത്താവളം വഴി നടത്തിയ ഡിപ്ലോമാറ്റിക് സ്വര്‍ണ്കള്ളക്കടത്ത് വിഷയത്തിന്റെ പശ്ചാത്തലത്തില്‍ വിമാനത്താവളം ഏറ്റെടുക്കുന്നതിന് വാശിപ്പിടിക്കുന്നത് സിപിഎമ്മിനെ വീണ്ടും സംശയത്തിന്റെ നിഴലിലാക്കുകയേയുള്ളു.

അടുത്ത് തന്നെ നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നിന്ന് ശക്തമായ തിരിച്ചടി സിപിഎമ്മിന് ലഭിക്കുമെന്ന് വിമാനത്താവള വിഷയത്തില്‍ രാഷ്ട്രീയം മറന്ന് ഒരുമിച്ച് നില്‍ക്കുന്ന സംഘടിത ശക്തി കണ്ട് പാർട്ടി ഭയക്കുന്നുമുണ്ട്. നിലവിലെ കോര്‍പറേഷന്‍ ഭരണം ഇതോടെ കൈവിട്ടു പോകുമെന്നതാണ് സിപിഎം ഭയക്കുന്നത്. എന്നാല്‍, ഇതു മുന്നില്‍കണ്ടാണ് ശബരിമല വിഷയത്തില്‍ എന്ന പോലെ കോണ്‍ഗ്രസ് രണ്ടു വള്ളത്തിലും ചവിട്ടി സഞ്ചരിക്കുന്നത്.

കോണ്‍ഗ്രസിന്റെ സ്ഥലം എംപിയായ ശശി തരൂര്‍ നാട്ടുകാരുടെ രോഷം ഭയന്ന് വിമാനത്താവളംനിയമാനുസൃതമായി അദാനിക്ക് കൈമാറുന്നതിന് അനുകൂലിച്ച് നില്‍ക്കുകയാണ്. എന്നാല്‍, ഈ വിഷയത്തില്‍ ഇരട്ടത്താപ്പ് കാണിച്ച് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം സിപിഎമ്മിനൊപ്പം ചേര്‍ന്ന് സമരത്തിനും പ്രതിഷേധത്തിനും തയ്യാറായിരിക്കുകയാണ്. വിഷയത്തില്‍ ആദ്യം ഉണ്ടായിരുന്ന നിലാപട് മാറ്റി ജനവികാരത്തിനൊപ്പം നില്‍ക്കാന്‍ ധൈര്യം കാട്ടിയത് ബിജെപി മാത്രമാണ്. വിഷയത്തില്‍ ആദ്യം ഉണ്ടായിരുന്ന നിലപാട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ തിരുത്തിയത് തിരുവനന്തപുരത്തെ ജനങ്ങളുടെ കൂട്ടായ ആവശ്യം പരിഗണിച്ചാണ്. ഇപ്പോള്‍ തിരുവനന്തപുരത്ത്കാരുടെ വികസന വിഷയത്തില്‍ അവര്‍ക്കൊപ്പം നില്‍ക്കാന്‍ ബിജെപി മാത്രമെയുള്ളുവെന്ന യാഥാര്‍ത്ഥ്യമാണ് ഏവരും തിരിച്ചറിയുന്നത്.

1 COMMENT

  1. ചിലരെ ചിലപ്പോ പറ്റിക്കും. എല്ലാക്കാലവും നടക്കില്ല . Sakhakkalk vegam ini manasilakum

LEAVE A REPLY

Please enter your comment!
Please enter your name here