മുത്തലാഖ് ചൊല്ലി ഭാര്യയെ ഒഴിവാക്കാൻ ശ്രമിച്ച ഡൽഹി സ്വദേശി ബെംഗളൂരു വിമാനത്താവളത്തിൽ വച്ച് പിടിയിൽ !!

0

മുത്തലാഖ് ചൊല്ലി ഭാര്യയെ ഒഴിവാക്കാൻ ശ്രമിച്ച ഡൽഹി സ്വദേശി ബെംഗളൂരു വിമാനത്താവളത്തിൽ പിടിയിലായി. 2019ൽ മുസ്ലീം സ്ത്രീകളുടെ ക്ഷേമം ലക്ഷ്യമിട്ട് നടപ്പാക്കിയ നിയമപ്രകാരമാണ് ഇയാൾക്കെതിരെ പോലീസ് നടപടി സ്വീകരിച്ചത്. 40കാരനായ പ്രതി ബെംഗളൂരുവിൽ നിന്ന് യുകെയിലേക്ക് പോകാനിരിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.  

2019ലെ മുസ്ലീം സ്ത്രീകളുടെ വിവാഹാവകാശ സംരക്ഷണം നിയമപ്രകാരം തലാഖ് എന്ന് മൂന്ന് തവണ ഉച്ചരിച്ച് ഭാര്യയുമായുള്ള വിവാഹ ബന്ധം വേർപെടുത്താനുള്ള ശ്രമം നടത്തുന്നത് കുറ്റകരമാണ്.  2022 ഒക്ടോബർ 13നാണ് സംഭവം നടന്നതെന്നാണ്‌ റിപ്പോർട്ടുകൾ, എന്നാൽ ഈ മാസമാദ്യം കിഴക്കൻ ഡൽഹിയിലെ കല്യാൺപുരിയിൽ 36കാരി പോലീസ് ഉദ്യോഗസ്ഥരെ സമീപിച്ചതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. 

തുടർന്ന് അന്വേഷണങ്ങൾക്കും മറ്റ് പ്രാഥമിക നടപടി ക്രമങ്ങൾക്കും ശേഷം, പ്രതിയെ ബംഗളൂരു വിമാനത്താവളത്തിൽ വച്ച് ഫെബ്രുവരി 9ന് ഡൽഹി പോലീസ് അറസ്‌റ്റ് ചെയ്യുകയായിരുന്നു. ഇരയായ യുവതിയുടെ പേര് വെളിപ്പെടുത്താതിരിക്കാൻ വേണ്ടിയാണ് പ്രതിയുടെ പേരും പോലീസ് പുറത്ത് വിടാത്തതെന്നാണ് അറിയിച്ചിരിക്കുന്നത്. 

2018ലാണ് പ്രതിയെ കണ്ടുമുട്ടിയതെന്ന് യുവതി പരാതിയിൽ പറഞ്ഞു. വിദേശ മെഡിക്കൽ ബിരുദധാരികളുടെ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഡോക്‌ടറാണെന്ന് ഇയാൾ സ്വയം പരിചയപ്പെടുത്തിയതായി പോലീസ് പറഞ്ഞു. തുടർന്ന് 2020ൽ വിവാഹിതരായ ദമ്പതികൾക്ക് കുട്ടികളില്ല.  

വിവാഹം കഴിഞ്ഞ് കുറച്ച് മാസങ്ങൾക്ക് ശേഷം, ചില പരീക്ഷകൾക്ക് തയ്യാറെടുക്കാൻ ആഗ്രഹിക്കുന്നുവെന്നും, അതിനാൽ പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നഗരത്തിന്റെ മറ്റൊരു ഭാഗത്ത് മാറി താമസിക്കാൻ ആഗ്രഹിക്കുന്നുവെന്നും പ്രതി ഭാര്യയോട് പറഞ്ഞു. വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ പ്രതി കല്യാൺപുരിയിലെ ഈസ്‌റ്റ് വിനോദ് നഗറിലേക്ക് മാറിയിരുന്നു. യുവതിയാവട്ടെ ലജ്‌പ നഗറിൽ തുടർന്നു. 

ഭർത്താവ് തന്റെ പുതിയ സ്ഥലത്തേക്ക് മാറി ദിവസങ്ങൾക്ക് ശേഷം തന്നോടുള്ള പെരുമാറ്റത്തിൽ മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ട യുവതി നിജസ്ഥിതി അറിയാൻ പുറപ്പെടുകയായിരുന്നവെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ വർഷം ഒക്ടോബർ 13ന്, കല്യാൺപുരിയിലെ ഇയാളുടെ വീട് സന്ദർശിച്ചപ്പോഴാണ് ഇയാളുടെ വിവാഹേതര ബന്ധം യുവതി കണ്ടെത്തുന്നത്. തുടർന്ന് പ്രതി യുവതി മർദിക്കുകയും മുത്തലാഖ് ചൊല്ലിയെന്നും ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു. 

“യുവതിയുടെ പരാതിയിൽ, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 323, മുസ്ലീം സ്ത്രീകളുടെ (വിവാഹാവകാശ സംരക്ഷണം) ആക്‌ട് 2019 തുടങ്ങിയ വകുപ്പുകൾ പ്രകാരം എഫ്ഐആർ രജിസ്‌റ്റർ ചെയ്യുകയും പ്രതിയെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തു. ഫെബ്രുവരി 9ന് യുകെയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബെംഗളൂരു വിമാനത്താവളത്തിൽ വച്ച് പ്രതിയെ പിടികൂടിയത്” പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. 

2019 ഓഗസ്‌റ്റ് 1നാണ് മുത്തലാഖ് ക്രിമിനൽ കുറ്റമാക്കാൻ നിർദ്ദേശിക്കുന്ന ബില്ലിന് പാർലമെന്റ് അംഗീകാരം നൽകിയത്. മുത്തലാഖ് ചൊല്ലുന്നയാൾക്ക് മൂന്ന് വർഷം വരെ തടവും പിഴയും ലഭിക്കുമെന്നാണ് നിയമത്തിലെ പ്രസക്തമായ വകുപ്പുകളിലൊന്നിൽ പറയുന്നത്. 2017ൽ, സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച്, 3:2 ഭൂരിപക്ഷത്തിലാണ് മുത്തലാഖ് എന്ന ഇസ്ലാമിക ആചാരം ഭരണഘടനാ വിരുദ്ധമാണെന്ന് വിധിച്ചത്. 

LEAVE A REPLY

Please enter your comment!
Please enter your name here