കോവിഡ് വ്യാപനം ഫലപ്രദമായി തടയുന്നതില്‍ പരാജയപ്പെട്ട പിണറായി സര്‍ക്കാര്‍ വൈറസിന്റെ രണ്ടാം വരവോടെ സകല നിയന്ത്രണങ്ങളും താളം തെറ്റിയ നിലയിലാണ്.
മെയ് ഒന്നു മുതല്‍ വാക്‌സിന്‍ വിതരണം പതിനെട്ടു വയസിനു മേലുള്ളവര്‍ക്കും നല്‍കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നത് ഖജനാവ് കാലിയാക്കിയ ഇടതു മുന്നണിക്കും മുഖ്യമന്ത്രിക്കും നിനച്ചിരിക്കാതെ വന്ന പ്രഹരമായി മാറി.
കോവിഡ് നിയന്ത്രിക്കുന്നതില്‍ വന്ന പരാജയം മറച്ചുപിടിക്കാനാണ് എല്ലാവര്‍ക്കുമുള്ള വാക്‌സിന്‍ കേന്ദ്രത്തില്‍ നിന്ന് സൗജന്യമായി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ സോഷ്യല്‍മീഡിയയിലും മറ്റും വന്‍ പ്രതിഷേധ പ്രചാരണ പരിപാടികള്‍ ആരംഭിച്ചത്.
കേരളസര്‍ക്കാരിന്റെ പ്രതിഷേധത്തിനും വിമര്‍ശനത്തിനും പിന്നില്‍ എന്തായിരിക്കും കാരണം? 18 നും 45 നും ഇടയില്‍ പ്രായമുള്ള ഒന്നര കോടിയോളം വരുന്നവര്‍ക്ക് മെയ് ഒന്നു മുതല്‍ സംസ്ഥാനങ്ങളുടെ മേല്‍നോട്ടത്തില്‍ കോവിഡ് വാക്‌സിന്‍ നല്‍കണം.
കേന്ദ്രം തരുന്ന സൗജന്യ വാക്‌സിന്‍ 45 വയസ്സിനുമേല്‍ പ്രായം ചെന്നവര്‍ക്കാണ്. ഒന്നരക്കോടിയോളം വരുന്നവര്‍ക്കുള്ള വാക്‌സിന്‍ 400 രൂപ നിരക്കില്‍ വാക്‌സിന്‍ നിര്‍മാതാക്കളില്‍ നിന്ന് വാങ്ങിക്കണം.
ഇതുവരെ വാക്‌സിന്‍ ക്ഷാമത്തെക്കുറിച്ചും വിതരണത്തെക്കുറിച്ചും കേന്ദ്രത്തിനെതിരെ കുറ്റം പറഞ്ഞിരുന്നവര്‍ക്ക് ഉത്തരവാദിത്തത്തോടെ ഒരു ചുമതല ഏറ്റെടുക്കേണ്ടിവന്നതോടെ പുറംപൂച്ച് പൊളിഞ്ഞ അവസ്ഥയിലായി.
ഇതിനുള്ള പണം കണ്ടെത്താന്‍ കഴിയില്ലെന്ന വസ്തുത, വാക്‌സിന്‍ ഉത്പാദകരില്‍ നിന്ന് വാങ്ങി അത് ഫലപ്രദമായി വിതരണം ചെയ്യുന്ന സംവിധാനം ഏര്‍പ്പെടുത്തുന്നതിലെ ബുദ്ധിമുട്ടുകള്‍. ഏറെ പഴികേള്‍ക്കേണ്ടിവരുന്ന ഇതുപോലുള്ള അവസരങ്ങള്‍ മുന്നില്‍ നീണ്ടുനിവര്‍ന്നു കിടക്കുന്നു.
ഭരണത്തിന്റെ അവസാനനാളുകളിലെ ആലസ്യത്തില്‍ കാവല്‍സര്‍ക്കാരിന്റെ റോളിലുള്ള ഭരണകൂടത്തിന് ഇതൊക്കെ ചെയ്യേണ്ടിവരുന്നതിലെ ജാള്യത ഒരുവശത്ത്, തുടര്‍ഭരണം കിട്ടുമെന്ന പ്രചാരണങ്ങള്‍ നടത്തിയ ശേഷം ഫലം തിരിച്ചടിക്കുമെന്ന ഭീതി മറുവശത്ത്. ഈ സാഹചര്യത്തിലാണ് നിര്‍ണായകമായ ഒരു ദൗത്യം കേന്ദ്രം ഏല്‍പ്പിക്കുന്നത്.
തിരഞ്ഞെടുപ്പില്‍ സീറ്റു ലഭിക്കാതിരുന്ന കാവല്‍ധനമന്ത്രിക്ക് ഇനി എന്ത് ഉത്തരവാദിത്തമാണുള്ളത്. ഖജനാവിലേക്ക് പണം വരുന്ന മാര്‍ഗങ്ങള്‍ ഒന്നും കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ സ്വന്തമായി കണ്ടെത്തി നടപ്പിലാക്കാതിരുന്ന തോമസ് ഐസക് എന്ന ധനമന്ത്രിക്ക് ഇനി കോവിഡ് വാക്‌സിന്‍ വാങ്ങിക്കാന്‍ മറ്റൊരു ചലഞ്ച് പ്രഖ്യാപിക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങള്‍ ഒന്നും തന്നെ മുന്നിലില്ല. അങ്ങിനെയാണ് വാക്‌സിന്‍ ചലഞ്ചുമായി അദ്ദേഹം വന്നത്. സെക്രട്ടറിയേറ്റില്‍ ഇപ്പൊഴും ഇദ്ദേഹം ഉണ്ടോ എന്ന് അറിയില്ല. എന്നാലും ഇങ്ങിനെയൊരു മന്ത്രാലയം ഉണ്ടല്ലോ.. അവിടെ ഉദ്യോഗസ്ഥരും ഉണ്ട്. അവരായിരിക്കും വാക്‌സിന്‍ ചലഞ്ച് 800 രൂപ എന്ന ആശയം പറഞ്ഞുകൊടുത്തിട്ടുണ്ടാകുക.
ഒറ്റ ദിവസം കൊണ്ട് 22 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇങ്ങിനെ എത്തിയതായി അറിയിപ്പും വന്നു. പക്ഷേ, സംസ്ഥാനങ്ങള്‍ക്ക് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രം നല്‍കിയ ഫണ്ടുകള്‍ ഉപയോഗിച്ചാല്‍ ഇതിന്റെയൊന്നും ആവശ്യമില്ലാതെ തന്നെ വാക്‌സിന്‍ വാങ്ങിക്കാനുള്ള തുക കാണേണ്ടതാണല്ലോ. ഈ തുകയെല്ലാം മറ്റേതെങ്കിലും ആവശ്യത്തിന് വകമാറി ചെലവഴിച്ചിട്ടുണ്ടാകാം. ഇപ്പോള്‍ ചലഞ്ചുമായി ജനങ്ങളുടെ മുന്നിലേക്ക് വന്നതിന് വേറെ എന്താണ് കാരണം ?
കോവിഡ് വ്യാപനം രൂക്ഷമായ 2020 ഏപ്രില്‍ തന്നെ കേന്ദ്ര ധനകാര്യമന്ത്രാലയം 17,287 കോടി രൂപ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരുന്നു. ഇതില്‍ കേരള സര്‍ക്കാരിന് 1,127 കോടി രൂപ ലഭിച്ചിരുന്നു.
2020 ലെ ബജറ്റ് അനുസരിച്ച് കേരളത്തിന്റെ വരുമാന കമ്മി 33,333 കോടി രൂപയാണ്. ഇതിനെ തുടര്‍ന്ന് പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ കേരളത്തിന് 15,323 കോടി രൂപ റവന്യു ഡെഫിസിറ്റ് ഗ്രാന്റായി നല്‍കാന്‍ ശിപാര്‍ശ ചെയ്തിരുന്നു. ഈ തുക ഘട്ടം ഘട്ടമായാണ് കേന്ദ്ര ധനകാര്യമന്ത്രാലയം കേരളത്തിന് നല്‍കിവരുന്നത്.
ഇങ്ങിനെ ധനകാര്യസ്ഥിതി മോശമായപ്പോഴും കേന്ദ്രം സഹായങ്ങള്‍ നല്‍കി വന്നിരുന്നു. ഇതിനിടയില്‍ കോവിഡ് എത്തിയപ്പോഴും ഇത്തരത്തില്‍ പണം നല്‍കി. ഈ പണം ചെലവഴിച്ചത് എന്തിനെന്നോ ഏതിനെന്നോ അറിവില്ല.
കര്‍ണാടകയും ആസാമും തമിഴ്‌നാടും എല്ലാം അവരുടെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഫണ്ടും മറ്റും ഉപയോഗിച്ച് 18 വയസ്സിനു മേലുള്ളവരുടെ വാക്‌സിനേഷന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ വാക്‌സിന്‍ ചലഞ്ചുവഴി പണം ഉണ്ടാക്കാന്‍ നോക്കിയത് കേരളം മാത്രമാണ്.
കോവിഡ് വ്യാപനത്തിന്റെ ആദ്യകാലഘട്ടങ്ങളില്‍ വാക്‌സിന്‍ കേരളം വികസിപ്പിക്കുമെന്നും ഉത്പാദിപ്പിക്കുമെന്നും സൗജന്യമായി വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്താവിച്ചിരുന്നു. എന്നാല്‍, വാക്‌സിന്‍ വികസിപ്പിക്കുന്നത് ഏതുവരെയായി എന്ന് ആര്‍ക്കും അറിയില്ല. സംസ്ഥാനങ്ങള്‍ വാക്‌സിന്‍ വിതരണം ചെയ്യണമെന്ന അറിയിപ്പു വന്നതോടെ കേന്ദ്രത്തിനെതിരെ തിരിയുകയാണ് ചെയ്തതും.
ഇത്തരത്തില്‍, പറച്ചിലും പ്രവര്‍ത്തിയും വ്യത്യസ്തമായ ഒരു സര്‍ക്കാര്‍ കേരള ചരിത്രത്തില്‍ തന്നെ ഉണ്ടോ എന്നാണ് സംശയം. നിത്യവും വൈകീട്ട് ഒരു ആചാരം പോലെ ടെലിവിഷന്‍ ക്യാമറയ്ക്കു മുന്നില്‍ കോവിഡ് രോഗികളുടെ കണക്ക് പറഞ്ഞിരുന്ന മുഖ്യമന്ത്രി രോഗം വരാതിരിക്കാനുള്ള ഉപദേശങ്ങളും മറ്റും ജനങ്ങള്‍ക്ക് നല്‍കിയിരുന്നു.
ഇതിന്നിടയില്‍ രോഗം വന്നതിന്റെ പേരില്‍ ചില രാഷ്ട്രീയ നേതാക്കളെ വ്യക്തിപരമായി അവഹേളിക്കാനും വാര്‍ത്ത സമ്മേളനങ്ങളെ ഉപയോഗിച്ചു. ഇതിനു ശേഷമാണ് വോട്ടെടുപ്പിനോട് അനുബന്ധിച്ച് പിണറായി വിജയന് കോവിഡ് രോഗം സ്ഥിരീകരിച്ചത് . എന്നാല്‍, റോഡ് ഷോ നടത്തിയും വോട്ട് ചെയ്തും രോഗമുക്തിനേടി തിരികെ വരുമ്പോഴും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചില്ലെന്ന ആരോപണവും നേരിട്ടു.
ഇത്തരത്തില്‍ കോവിഡ് പ്രതിരോധത്തിലും വാക്‌സിന്‍ വിതരണത്തിലും എല്ലാം തികച്ചും പരാജയമായ പിണറായി വിജയന്‍ സ്വന്തം മുഖം രക്ഷിക്കാനായി കേന്ദ്രത്തിനെതിരെ തിരിഞ്ഞിരിക്കുന്നത് സാക്ഷരകേരളം തിരിച്ചറിയും.
ക്രമസമാധാന പ്രശ്‌നം പോലെ തന്നെ ആരോഗ്യവും സംസ്ഥാന വിഷയമാണെന്ന തിരിച്ചറിവ് ഇല്ലാഞ്ഞിട്ടില്ല പിണറായി വിജയനും കൂട്ടരും കേന്ദ്രത്തെ പഴിചാരുന്നത് സ്വന്തം പരാജയം മറച്ചുവെയ്ക്കാനായി മാത്രമാണ്.
കോവിഡ് ആദ്യകാലഘട്ടങ്ങളില്‍ വലിയ തോതില്‍ വ്യാപിക്കാതിരുന്നപ്പോള്‍ സംസ്ഥാനത്തിന്റെ മികവാണെന്നും ലോകം മുഴുവന്‍ അംഗീകരിച്ച കേരള മോഡലാണെന്നും തള്ളിവിട്ട മുഖ്യമന്ത്രി ഇപ്പോള്‍ വ്യാപനം വർദ്ധിക്കുകയും ഒരോ ദിവസവും രോഗികളുടെ എണ്ണം കാല്‍ലക്ഷത്തോളം വര്‍ദ്ധിക്കുകയും ചെയ്തതോടെയാണ് കേന്ദ്രത്തിനു മേല്‍ വാക്‌സിന്റെ പേരില്‍ പഴിചാരി രക്ഷപ്പെടാന്‍ പാടുപെടുന്നത്.
കേന്ദ്രത്തിന്റെ ചിലവില്‍ ഇടതു സര്‍ക്കാരിന്റെ പേരുമിട്ട് പദ്ധതികള്‍ നടപ്പിലാക്കി ശീലിച്ചു വന്നയാള്‍ക്ക് പറ്റിയ ഏറ്റവും വലിയ തിരിച്ചടിയാണ് കോവിഡ് വാക്‌സിന്‍ പോളിസിയില്‍ വന്ന മാറ്റം.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പെന്‍ഷനും ശമ്പളവും കൊടുക്കാന്‍ പ്രതിമാസം ആയിരം കോടിയോളം കടം എടുത്തു വരുന്ന കേരളം കോവിഡ് റിപ്പോര്‍ട്ട് ചെയ്ത ആദ്യമാസം തന്നെ 20,000 കോടിയുടെ കോവിഡ് പാക്കേജ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, മുന്‍ പ്രഖ്യാപിച്ച ചില പദ്ധതികളാണ് പിആര്‍ വര്‍ക്കിന്റെ പേരില്‍ പുതിയ പാക്കേജായി പ്രഖ്യാപിച്ചത്.
കോവിഡ് വ്യാപനത്തെ നിയന്ത്രിച്ച് നിര്‍ത്തിയതിന് ബിബിസിയുടേയും മറ്റും പ്രശംസ വാങ്ങുകയും പിന്നീട് കേസുകളുടെ എണ്ണം കൂടിയപ്പോള്‍ അവരുടെയൊക്കെ പഴികേള്‍ക്കുകയും ചെയ്ത ആരോഗ്യമന്ത്രി ഷൈലജയും ഇപ്പോള്‍ മൗനിയാണ്.
കോവിഡ് വ്യാപനത്തില്‍ നിലവില്‍ മഹാരാഷ്ട്രയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ് കേരളം. ഇതുവരെ 13 ലക്ഷത്തോളം പേരാണ് കോവിഡ് പൊസീറ്റീവായത്.ഇതില്‍ 1.18 ലക്ഷം പേര്‍ ഇപ്പോഴും രോഗത്തിന്റെ പിടിയിലാണ്. അയ്യായിരത്തോളം ഇതിനകം മരണപ്പെടുകയും ചെയ്തു.