ഭാര്യയും മകനും പെന്തകോസ്തിൽ..ഉമ്മൻ ചാണ്ടിക്ക് ക്യാൻസർ ചികിത്സ നിഷേധിക്കുന്നുവെന്ന് ആരോപണം..

0

കാൻസർ ബാധിതനായ കേരള മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് വീട്ടുകാർ ചികിത്സ നിഷേധിക്കുന്നതായി വാർത്തകൾ പുറത്തു വരുന്നു. മുൻപും ഈ ആരോപണം ഉയർന്ന വേളയിൽ പാർട്ടിക്കാർ ഇടപെട്ടു അദ്ദേഹത്തെ ജർമനിയിലെ ബെർലിൻ ആശുപത്രിയിൽ ചികിത്സക്ക് കൊണ്ടുപോയിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയും മകനും കുറച്ചു നാളുകൾക്ക് മുൻപ് പെന്തക്കോസ്ത് വിശ്വാസം സ്വീകരിച്ചതായി നാട്ടുകാർ പറയുന്നു. ഇവരുടെ ഈ വിശ്വാസ പ്രമാണങ്ങൾ കൊണ്ടാണ് ഉമ്മൻചാണ്ടിക്ക് ചികിത്സ നിഷേധിക്കപ്പെട്ടതെന്ന ആരോപണവും ശക്തമാണ്. ബെർലിനിലെ ചികിത്സക്ക് ശേഷം തിരിച്ചെത്തിയ ഉമ്മൻചാണ്ടിക്ക് തുടർചികിത്സ വൈകുന്നതിന് തടസ്സമാകുന്നതും വീട്ടുകാർ ആണെന്ന ആക്ഷേപവും ഉയർന്നു വരുന്നു.

2015ൽ തൊണ്ടയിൽ തുടങ്ങിയ പ്രശ്നങ്ങൾ 2019ൽ കാൻസർ ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഇതിനു ശേഷം കൃത്യമായ ചികത്സ ലഭിക്കാതിരുന്നത് അദ്ദേഹത്തിന്റെ ആരോഗ്യ നില കൂടുതൽ വഷളാകുകയും ശബ്ദം നഷ്ട്ടമാകുന്ന അവസ്ഥയിലേക്ക് എത്തിചേരുകയും ചെയ്തു. അദ്ദേഹത്തിന്റെ ആരോഗ്യനില പരിഗണിച്ച് ബെംഗളൂരു ആശുപത്രിയിൽ തന്നെ തുടർചികിത്സ നടത്തണമെന്നാണ് സുഹൃത്തുക്കളുടെ നിർദ്ദേശം. ഇത് വകവെക്കാൻ വീട്ടുകാർ തയ്യാറാവുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. അതോടൊപ്പം ഉമ്മൻ ചാണ്ടിയുടെ ആരോഗ്യാവസ്ഥ വിവരിക്കുന്ന മെഡിക്കൽ രേഖകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. 

ബെംഗളൂരുവിലെ എച്.സി.ജി ആശുപത്രിയിലെ ചികിത്സക്ക് ശേഷം ജനുവരി ഒന്നിന് തിരിച്ചെത്തിയ അദ്ദേഹത്തിന് തുടർചികിത്സക്കായി 9ആം തീയതി പോകേണ്ടിയിരുന്നു. എന്നാൽ, അദ്ദേഹത്തിന് കൃത്യസമയത്ത് ചികിത്സ നൽകേണ്ടവർ പോലും അതിന് താൽപ്പര്യം പ്രകടിപ്പിച്ചില്ല. നാട്ടുകാരെ കാണണം എന്ന ആഗ്രഹം കൊണ്ടാണ് അദ്ദേഹത്തെ തിരികെ നാട്ടിലേക്ക് കൊണ്ട് വന്നത്. ഇതിനിടെ ചികിത്സ വൈകുന്നതിൽ ആശങ്കയുള്ള മകൾ അച്ചു ഉമ്മൻ, ഗൾഫിൽ നിന്നും നാട്ടിലെത്തി പിതാവിനെ ചികിത്സക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും അതിലും എതിർപ്പുകളുണ്ടായി. നാട്ടുകാർ കൂടി ഇടപെട്ട് ചികിത്സക്ക്‌ കൊണ്ടുപോകാൻ തുടങ്ങിയപ്പോൾ ഭാര്യ അതിന് സമ്മതിക്കാത്ത അവസ്ഥ ഉണ്ടായി. ഇതോടെ കഴിഞ്ഞ ഒരു മാസത്തോളമായി കൃത്യമായ ചികിത്സ ലഭിക്കാത്ത അവസ്ഥയിലാണ് മുൻ മുഖ്യമന്ത്രി. 

തൊണ്ടയിൽ രോഗ ബാധയുള്ള ഉമ്മൻചാണ്ടിക്ക് ജർമനിയിലെ ബർലിൻ ചാരിറ്റി ആശുപത്രിയിൽ ഇതിനായി ലേസർ ചികിത്സ നടത്തിയിരുന്നു. ഈ സമയത്ത് അടഞ്ഞ ശബ്ദം അല്പം മെച്ചപ്പെട്ടിരുന്നു. ബെംഗളൂരുവിലെ ചികിത്സയും ഫലപ്രദമായിരുന്നു. എന്നാൽ, തുടർചികിത്സയ്ക്ക് മുതിരാത്തത് അദ്ദേഹത്തിന്റെ ആരോഗ്യം മോശമാകാൻ കാരണമാകുന്നുവെന്നാണ് സുഹൃത്തുക്കളുടെ ആശങ്ക. നിലവിൽ ജഗതിയിലെ വീട്ടിൽ പൂർണവിശ്രമത്തിലാണ് ഉമ്മൻ ചാണ്ടി. സന്ദർശകരെ തീരേ അനുവദിക്കുന്നുമില്ല. 

കീമോ, റേഡിയേഷൻ ചികിത്സയും ആരോഗ്യം വീണ്ടെടുക്കാനുള്ള ആഹാരക്രമവുമാണ് ബെംഗളൂരു എച്ച്.സി.ജി. ആശുപത്രിയിലെ ഡോ. യു.എസ്. വിശാൽ റാവു നിർദ്ദേശിച്ചത്. ആശുപത്രി എക്സിക്യുട്ടീവ് ചെയർമാൻ ഡോ. ബി.എസ്. അജയ്കുമാർ ജീനോമിക് പ്രൊഫൈലിങ്, മൈക്രോബയോം പ്രൊഫൈലിങ് എന്നിവയും കീമോ, റേഡിയേഷൻ തെറാപ്പിയും നിർദ്ദേശിച്ചെന്ന് ബെംഗളൂരു ആശുപത്രിയിലെ ചികിത്സാസംഗ്രഹത്തിൽ പറയുന്നു. 

2015 മുതലാണ് ഉമ്മൻ ചാണ്ടിക്ക് ആരോഗ്യ പ്രശ്‌നങ്ങൾ തുടങ്ങിയത്. തിരക്കുപിടിച്ച നേതാവായതിനാൽ അദ്ദേഹം സ്വന്തം കാര്യത്തിൽ കാര്യമായി ഒന്നും ശ്രദ്ധിച്ചിരുന്നില്ല. അന്ന് തൊണ്ടയ്ക്ക് പ്രശ്‌നങ്ങൾ ഉണ്ടായതോടെ തിരുവനന്തപുരത്ത് ഇഎൻടി ഡോക്ടറെ കണ്ട് ചികിത്സ തേടി. ആറ് മാസത്തോളം അന്ന് ചികിത്സ തേടുകയുണ്ടായി. തുടർന്ന് അങ്കമാലിയിലെ സിദ്ധ, നാച്ചുറോപ്പതി ചികിത്സ തേടുകയാണ് ഉണ്ടായത്. ഇതിന് ശേഷം 2019 ൽ ഉമ്മൻ ചാണ്ടി അമേരിക്കയിൽ ചികിത്സ തേടിയിരുന്നു. തൊണ്ടയിൽ ചെറിയ വളർച്ച ഉണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്ന് അമേരിക്കയിൽ ചികിത്സ നടത്തിയത്. അന്ന് പെറ്റ് സ്‌കാൻ അടക്കം നടത്തി രോഗനിർണയം നടത്തുകയുണ്ടായി. 

വെല്ലൂരിലെ ചികിത്സയിൽ തൊണ്ടയിലെ പ്രശ്‌നങ്ങൾ കൂടുതൽ വ്യക്തമായി. പിന്നീട് തിരുവനന്തപുരത്തെ ആർസിസിയിൽ ചികിത്സനേടിയെങ്കിലും പല കാരണങ്ങൾ കൊണ്ട് ചികിത്സ തുടരുന്ന സാഹചര്യം ഉണ്ടായില്ല. ഇതിനിടെ ഡെങ്കിപ്പനി പിടികൂടിയതു കൊണ്ട് ആയുർവേദ ചികിത്സയാണ് തുടർന്ന് നടത്തിയത്. ഇടക്കാലം കൊണ്ട് വേണ്ടത്ര ചികിത്സ നേടിതിരുന്നതാണ് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാക്കിയത്. ശബ്ദം നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയതോടെയാണ് വിഷയം പൊതുജന മധ്യത്തിലേക്ക് വന്നത്. 

ഉമ്മൻ ചാണ്ടിയെ തുടർ ചികിത്സക്ക് കൊണ്ടുപോകേണ്ട മകൻ ചാണ്ടി ഉമ്മൻ ഈ സമയങ്ങളിൽ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുകയായിരുന്നു. നേരത്തെ ബെർലിനിൽ ഉമ്മൻ ചാണ്ടിയെ ചികിത്സക്ക് കൊണ്ടുപോയത് ചാണ്ടി ഉമ്മൻ, മകൾ മറിയ, ബെന്നി ബഹനാൻ എംപി എന്നിവർ ചേർന്നായിരുന്നു. മറ്റൊരു മകൾ അച്ചു ഉമ്മനും ചികിത്സ വേളയിൽ ബെർലിനിൽ എത്തിയിരുന്നു. 

312 വർഷത്തെ പ്രവർത്തന പാര്യമ്പര്യമുള്ള ചാരിറ്റി ക്ലിനിക് ജർമനിയിലെ യൂണിവേഴ്സിറ്റി ആശുപത്രികൾക്ക് മാതൃകയായ സ്ഥാപനമാണ്. 3,011 കിടക്കകളുള്ള ക്ലിനിക്കിൽ 11 നൊബേൽ സമ്മാന ജേതാക്കൾ ഗവേഷകരായി പ്രവർത്തിച്ചിട്ടുണ്ട്. ഈ ആശുപത്രിയിൽ നിന്നും ലേസർ ചികിത്സ നൽകിയതിന് ശേഷമാണ് ഉമ്മൻ ചാണ്ടിക്ക് ബംഗളുരുവിൽ തുടർചികിത്സ നിർദ്ദേശിച്ചത്. ഇതാണ് ഇപ്പോൾ വൈകുന്നതും. കോൺഗ്രസ് നേതാക്കൾ അടക്കം ഉമ്മൻ ചാണ്ടിക്ക് എത്രയും വേഗം തുടർ ചികിത്സ ലഭ്യമാക്കണം എന്ന പക്ഷക്കാരാണ്. മുൻ മുഖ്യമന്ത്രിയുടെ വിദേശ ചികിത്സയുടെ ചെലവ് വഹിച്ചതും കെപിസിസിയാണ്. 

LEAVE A REPLY

Please enter your comment!
Please enter your name here