“അങ്ങനെ ഏതാനും മണിക്കൂറുകൾ കൊണ്ട് എന്നിൽ അടിഞ്ഞു കിടന്ന ഇസ്ലാം വിശ്വാസത്തെ മന്ത്രവാദത്തിന്റെയോ കൂടോത്രങ്ങളുടെയോ ഛർദ്ദിപ്പിക്കലിന്റെയോ ഹിപ്നോട്ടിസ-മെസ്മറിസത്തിന്റെയോ ആവശ്യമില്ലാതെ. തികച്ചും ആശയങ്ങൾ കൊണ്ട് മാത്രം മനോജ് ജി തകർത്തെറിഞ്ഞു. പണ്ട് പ്രഭാഷണങ്ങളിൽ ഈ ബാഖവിമാർ പറഞ്ഞ് ശരിയെന്ന് എൻ്റെ മനസ്സിൽ തോന്നിപ്പിച്ച ഓരോ വചനങ്ങളും, അതിൻ്റെ വിവിധ ഖുർ ആനിലുമുള്ള വ്യാഖ്യാനങ്ങളും എടുത്ത് ചൂണ്ടിക്കാണിച്ച് എന്നെ കൊണ്ട് തന്നെ വായിപ്പിച്ച്, എൻ്റെ വാദ മുഖങ്ങളിലുള്ള ഓരോ ദൗർബല്യങ്ങളും എനിക്ക് തെളിയിച്ചു തന്നു. സത്യത്തിൽ മൂന്നു മണിക്കൂർ കഴിഞ്ഞപ്പോഴത്തേക്ക് കിളി പോയ പരുവത്തിലായിരുന്നു ഞാൻ. വർഷങ്ങളായി ഞാൻ കൊണ്ടു നടന്നതും എല്ലാവരേയും ഉപേക്ഷിച്ച് ജിഹാദിയാകാൻ എന്നെ പ്രേരിപ്പിച്ചതുമായ ഇസ്ലാം മതവിശ്വാസം ആണ് ഈ അത്ഭുത മനുഷ്യൻ കുറച്ചു സമയം കൊണ്ട് തകർത്തെറിഞ്ഞിരിക്കുന്നത് ! എങ്കിലും എൻ്റെ ഈഗോ സമ്മതിക്കുന്നില്ല ഇത് വിട്ട് വരാൻ. ഒരു പിടുത്തം.”
‘ഒരു പരാവര്‍ത്തനത്തിന്റെ കഥ’ എന്ന പുസ്തകത്തിലെ ‘എന്റെ ജീവിതം തിരുത്തിക്കുറിക്കുന്നു’ എന്ന അദ്ധ്യായത്തിലെ വരികളാണ്. സ്വധര്‍മ്മത്തെക്കുറിച്ചുള്ള പഠനത്തിന് അവസരമില്ലാതെ, ഉള്ളിലുയരുന്ന ആത്മീയ സമസ്യകള്‍ക്ക് തൃപ്തികരമായ ഉത്തരങ്ങള്‍ കിട്ടാതെ ഉഴറുന്ന യുവതലമുറയിലെ ഹിന്ദുവിന്‍റെ പ്രതിനിധിയായിരുന്നു, കാസര്‍ഗോഡ് സ്വദേശിനി ശ്രുതി. ഇളം പ്രായത്തിലുള്ള കുട്ടികളെ നേര്‍വഴിക്ക് നയിക്കാന്‍ ബാദ്ധ്യസ്ഥയായ ഒരു സ്കൂള്‍ അദ്ധ്യാപിക കൂടിയായിരുന്നു ഈ യുവതി. ഇടത്തരം ബ്രാഹ്മണ കുടുംബത്തിലെ അംഗവുമാണ്. അതായത് ആത്മീയ വിഷയങ്ങളിലും മതാചാരങ്ങളിലും അത്യാവശ്യം പരിചയം ഉണ്ടാവാം എന്ന് സാമാന്യജനങ്ങള്‍ പ്രതീക്ഷിക്കുന്ന കുടുംബ പശ്ചാത്തലം. അത്തരമൊരു വ്യക്തിക്ക് വരുന്ന പരിവര്‍ത്തനം ചുറ്റുമുള്ള സമൂഹത്തില്‍ എന്തു സന്ദേശമാവും കൊടുക്കുക ? ഒടുവില്‍ അത് സംഭവിക്കുക തന്നെ ചെയ്തു. കൂട്ടുകാരില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നുമൊക്കെ കേട്ടും അവര്‍ കൊടുത്ത പുസ്തകങ്ങളും സി ഡി കളും ഒക്കെ പിന്തുടര്‍ന്നും മതത്തിന്റെ നിറം പിടിപ്പിച്ച അവകാശവാദങ്ങളില്‍ ഭ്രമിക്കുക തന്നെ ചെയ്തു ആ ചെറുപ്പക്കാരി. രഹസ്യമായി നോമ്പ് പിടിച്ചും മറ്റുമാണ് ഈ രോഗം തുടങ്ങുക. മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്ന പൊതു മന:ശാസ്ത്ര തത്വവും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ടാവാം. ഒരിക്കല്‍ പോലും ഏകാദശി വ്രതമെന്നോ, പ്രദോഷ വ്രതമെന്നോ, ശിവരാത്രി വ്രതമെന്നോ കേട്ടിട്ടില്ലാത്തവര്‍ പോലും കൂട്ടുകാരുടെ സ്വാധീനത്തില്‍ ഒരുമാസം നീണ്ടു നില്‍ക്കുന്ന റംസാന്‍ നോമ്പ് പിടിക്കാന്‍ തയ്യാറാവും. സ്വധര്‍മ്മത്തിലെ അത്തരം അനുഷ്ടാനങ്ങള്‍ സ്വന്തം വീട്ടില്‍ പോലും കണ്ടിട്ടുണ്ടാവില്ല. അതായത് ഏകാദശി വ്രതം പിന്തിരിപ്പന്‍ ആയിരിക്കുമ്പോള്‍ റംസാന്‍ നോമ്പ് കൂള്‍ ആണെന്നര്‍ത്ഥം. ഇതാവുമ്പോള്‍ പ്രോത്സാഹിപ്പിക്കാനും ഉപദേശിക്കാനും ധാരാളം പേരെ കിട്ടും. സോഷ്യല്‍ മീഡിയയിലാകട്ടെ കൈയ്യടിച്ചും ലൈക്കടിച്ചും അഭിനന്ദിക്കാന്‍ ഷഗോദരന്മാരുടെ ഒരു നീണ്ടനിര തന്നെയുണ്ടാവും. എന്നാല്‍ വാരിക്കുഴിക്കടുത്തേക്ക് നീങ്ങുന്ന ഇരയുടെ പിന്നില്‍ കൊടുക്കുന്ന ചെറിയ ഉന്തുകളാണ് ഇതൊക്കെ എന്ന് ഇപ്പോഴത്തെ സോഷ്യല്‍ മീഡിയ ജീവികളായ ചെറുപ്പക്കാരുടെ മാതാപിതാക്കള്‍ പോലും പലപ്പോഴും തിരിച്ചറിയുന്നില്ല. എല്ലാ റംസാന്‍ മാസത്തിലും ഇത്തരം വിശേഷപ്പെട്ട ഒരു മൂന്ന് വാര്‍ത്തയെങ്കിലും എല്ലാ മതേതര പത്രങ്ങളിലും പ്രിന്‍റ് ചെയ്ത് വരുന്നത് ഇപ്പോള്‍ പതിവായിട്ടുണ്ട്. പത്രത്തില്‍ പടത്തോടു കൂടി വാര്‍ത്ത വന്നാല്‍ പിന്നെ എല്ലാമായല്ലോ !
എന്നാല്‍ ശ്രുതി എന്ന പെണ്‍കുട്ടി കൂടുതല്‍ ഭാഗ്യവതിയായിരുന്നു. അവള്‍ മനസ്സിലാക്കി വച്ചിരുന്ന പല അടിസ്ഥാന രഹിതമായ ആശയങ്ങളെ കുറിച്ചും തുറന്നു ചര്‍ച്ച ചെയ്യാന്‍ അവസരം ഉണ്ടായി. ദൈവാധീനം കൊണ്ട് കാര്യങ്ങള്‍ ശരിയായി വിശദീകരിച്ചു കൊടുക്കാന്‍ പറ്റിയ ഒരു മാര്‍ഗ്ഗദര്‍ശിയെയും കിട്ടി. അങ്ങനെ ഒരു വലിയ പതനത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. രാമകൃഷ്ണ പരമഹംസനും വിവേകാനന്ദനും മുതല്‍ രമണ മഹര്‍ഷി വരെയുള്ള എണ്ണമറ്റ മഹാമനീഷികളെ ഈ ആധുനിക കാലത്തു പോലും സംഭാവന ചെയ്ത സംസ്കാര ധാരയാണ് സനാതന ധര്‍മ്മം. അതിന്‍റെ കളിത്തൊട്ടിലായ ഈ നാട്ടില്‍ നിന്ന് ബിന്‍ ലാദനെയും മുല്ലാ ഒമറിനേയും സവാഹിരിയേയും ഐക്കണുകളാക്കി ആഘോഷിക്കുന്ന ഒരു ചിന്താ വൈകല്യത്തിലേക്ക് ചെറുപ്പക്കാര്‍ എങ്ങനെ കാലിടറി വീഴുന്നു ? കേവലം ഭൌതിക നേട്ടങ്ങള്‍ക്ക് പുറകെയുള്ള പരക്കം പാച്ചിലില്‍ നമ്മുടെ അടിസ്ഥാന പാഠങ്ങള്‍ കൈമോശം വന്നതല്ലേ ഈ സ്ഥിതി വിശേഷത്തിന് കാരണം ?
“ഈശ്വര സര്‍വ്വഭൂതനാം ഹൃദ്ദേശേ അര്‍ജ്ജുന തിഷ്ഠതി” അല്ലയോ അര്‍ജ്ജുനാ, ഈശ്വരന്‍ സര്‍വ്വജീവജാലങ്ങളുടേയും ഹൃദയത്തില്‍ സ്ഥിതി ചെയ്യുന്നു
“സമം സര്‍വ്വേഷു ഭൂതേഷു തിഷ്ഠന്തം പരമേശ്വരം” എല്ലാ ജീവരാശിയിലും സമമായി ഇരിക്കുന്ന ഈശ്വരന്‍
‘മയി സര്‍വ്വമിദം പ്രോതം സൂത്രേ മണി ഗണാ ഇവ’ – ചരടില്‍ മുത്തുമണികള്‍ എന്നപോലെ ഈ വിശ്വമെല്ലാം എന്നില്‍ കോര്‍ക്കപ്പെട്ടിരിക്കുന്നു..
പിതാഹമസ്യ ജഗതോ മാതാ ധാതാ പിതാമഹ:’- ഈ ജഗത്തിന്‍റെ പിതാവും, മാതാവും,പിതാമഹനും, സ്രഷ്ടാവും ഞാനാണ്
സാര്‍വ്വ ലൌകിക സാഹോദര്യം ഇത്ര സുവ്യക്തമായി ഉദ്ഘോഷിക്കുന്ന ഭഗവദ്ഗീതയിലെ ഇതുപോലുള്ള ഏതാനും ശ്ലോകങ്ങളെങ്കിലും ഈ കുട്ടികള്‍ പരിചയപ്പെട്ടിരുന്നെങ്കില്‍, തന്‍റെ പരീക്ഷ പാസ്സാവാത്തവരെ പൊരിച്ചെടുക്കാന്‍ എണ്ണയും തിളപ്പിച്ച് കാത്തിരിക്കുന്ന ഒരു ദൈവത്തേയും അവര്‍ ഭയപ്പെടില്ലായിരുന്നു.
നിത്യേനയുള്ള പ്രാര്‍ഥനയും ജീവിതത്തില്‍ പാലിക്കുന്ന അച്ചടക്കവും ഒക്കെ വളരെ ആവശ്യമുള്ളവ തന്നെ. യാതൊന്നിനോടും കടപ്പാടില്ലാത്ത പുതു തലമുറയുടെ കുത്തഴിഞ്ഞ ജീവിതം ഒരു സമൂഹത്തിനും നല്ലതല്ല. എന്നാല്‍ ഈ അച്ചടക്കം സ്വന്തം സംസ്കാരത്തില്‍ നിന്നു തന്നെ കണ്ടെത്താന്‍ നമുക്ക് എത്രയോ വഴികളുണ്ട് ? വ്രതങ്ങളുണ്ട്, യോഗയും പ്രാണായാമവുമുണ്ട്, ജപവും ധ്യാനവുമുണ്ട്. സേവനനിരതമായ കര്‍മ്മയോഗമുണ്ട്. ഇവിടെ എന്താണില്ലാത്തത് ? അതുകൊണ്ട് യുവാക്കള്‍ തങ്ങളെ ഇപ്പോള്‍ പിടിച്ചു വലിക്കുന്ന ഗന്ധര്‍വ്വ ലോകത്തിന്‍റെ അയുക്തികത സ്വയം തിരിച്ചറിയുക തന്നെ വേണം. അതിന് മലയാളികളെല്ലാം ഒരാവര്‍ത്തിയെങ്കിലും നിശ്ചയമായും വായിച്ചിരിക്കേണ്ട പുസ്തകമാണ് ശ്രുതിയുടെ ആത്മകഥ. ഇന്നിപ്പോള്‍ ഈ പുസ്തകം ebook ആയി ഓണ്‍ലൈനിലും ലഭ്യമാണ്. ഇംഗ്ലീഷിലും മൊഴിമാറ്റം ചെയ്യപ്പെട്ടു കഴിഞ്ഞു. പരിഷ്‌ക്കരിച്ച രണ്ടാം പതിപ്പ് ആണ് ഇപ്പോൾ ഉള്ളത്. വായനക്കാർ എത്ര ആവേശത്തോടെ ഈ പുസ്തകത്തെ സ്വീകരിച്ചു എന്നതിന് തെളിവാണത്. ഈ പുസ്തകത്തില്‍ പറയുന്ന ഏത് കാര്യത്തെ കുറിച്ചുള്ള തുറന്ന ചര്‍ച്ചകള്‍ക്കും ഗ്രന്ഥകര്‍ത്രി സന്നദ്ധയുമാണ്. തങ്ങളുടെ കുട്ടികള്‍ ചതിക്കുഴിയില്‍ വീണു കഴിഞ്ഞു എന്നറിഞ്ഞശേഷം രക്ഷാ മാര്‍ഗ്ഗം തേടി മാതാപിതാക്കള്‍ പരക്കം പായുന്ന അനുഭവമാണ് ആര്‍ഷ വിദ്യാ സമാജത്തിന് പറയാനുള്ളത്. എന്നാല്‍ അപ്പോഴേക്കും പലപ്പോഴും വളരെ വൈകിയിട്ടുണ്ടാവും എന്നതാണ് വസ്തുത. അതൊഴിവാക്കാന്‍ ഓരോ സമാജ സ്നേഹിയും ഈ പുസ്തകം വായിക്കുകയും അടുപ്പമുള്ളവര്‍ക്ക് കൊടുക്കുകയും വേണം. പരിമിതമായ സൌകര്യങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് സമാജ രക്ഷയ്ക്കായി നിരന്തരം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ആര്‍ഷ വിദ്യാ സമാജത്തിന് കൂടുതല്‍ ഫലപ്രദമായി സമൂഹത്തില്‍ ഇടപെടാന്‍ ഇത് ശക്തി പകരുകയും ചെയ്യും.
പത്റിക കണ്ടു അറിയില്ലാത്ത അറിവുകളാണ് കിട്ടുന്നത്,,,