മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ഇന്ന് ജയില്‍ മോചിതനാകും. ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായ സിദ്ദിഖ് കാപ്പന്റെ മോചനത്തിനുള്ള മറ്റു നടപടികള്‍ പൂര്‍ത്തിയായി. ഉത്തര്‍പ്രദേശ് പൊലീസ് രജിസ്റ്റര്‍ ചെയ്ത യു എ പി എ കേസില്‍ സുപ്രീംകോടതിയും, ഇ ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ അലഹബാദ് ഹൈക്കോടതിയും ജാമ്യം നല്‍കിയതോടെയാണ് സിദ്ദിഖ് കാപ്പന് ജയില്‍ മോചിതനാകാന്‍ വഴിയൊരുങ്ങിയത്.
യുപി പൊലീസിന്റെ കേസില്‍ വെരിഫിക്കേഷന്‍ നടപടികള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. ഇ ഡി കേസിലും വെരിഫിക്കേഷന്‍ പൂര്‍ത്തിയായതോടെയാണ് ജയില്‍ മോചനം. അവസാന ഘട്ട നടപടികള്‍ പൂര്‍ത്തിയാതോടെ കോടതി റിലീസിംഗ് ഓര്‍ഡര്‍ ലഖ്‌നൗ ജയിലിലേക്ക് അയച്ചു.
ഹത്രാസ് ബലാത്സംഗക്കൊല റിപ്പോര്‍ട്ട് ചെയ്യാനുള്ള യാത്രക്കിടെയാണ് മറ്റ് മൂന്ന് പേര്‍ക്കൊപ്പം മഥുരയില്‍ വച്ച് കാപ്പനെ യുപി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഹത്രാസ് സംഭവത്തിന്റെ മറവില്‍ യുപിയില്‍ കലാപം സൃഷ്ടിക്കാനാണ് കാപ്പന്‍ ഉള്‍പ്പെട്ട സംഘമെത്തിയതെന്ന് ആരോപിച്ചായിരുന്നു നടപടി. പിന്നീട് രാജ്യദ്രോഹം, തീവ്രവാദ വിരുദ്ധ നിയമമായ യുഎപിഎ, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്റ്റ് എന്നിവയുടെ ലംഘനം എന്നീ കുറ്റങ്ങള്‍ ചുമത്തുകയായിരുന്നു. കേസില്‍ 4000ത്തോളം പേജുള്ള കുറ്റപത്രമാണ് പൊലീസ് സമര്‍പ്പിച്ചത്. കീഴ്‌ക്കോടതികള്‍ ആവര്‍ത്തിച്ച് ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്ന് 2020 ഒക്ടോബര്‍ മുതല്‍ കാപ്പന്‍ ജയിലില്‍ കഴിയുകയായിരുന്നു.
രണ്ടുവർഷത്തോളം ജയിലിൽ കഴിഞ്ഞ കാപ്പൻ കടുത്ത ചോദ്യം ചെയ്യലുകൾക്കാണ് വിധേയനായത്. കാപ്പന്റെ പക്കൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിവിധ പിഎഫ്ഐ സ്ലീപ്പർ സെല്ലുകളെ നിർജ്ജീവമാക്കൻ കേന്ദ്ര ഏജൻസികൾക്ക് കഴിഞ്ഞു. രണ്ട് വർഷത്തിന് ശേഷം ഇന്ന് കാപ്പൻ മോചിതനാവുമ്പോൾ, സ്വന്തം സംഘടനയായ പോപ്പുലർ ഫ്രണ്ടിനെ തീവ്രവാദ സംഘടനയായി മുദ്രകുത്തി കേന്ദ്രം നിരോധിച്ചു കഴിഞ്ഞു. കാപ്പന്റെ നേതാക്കളിൽ പലരും ജയിലിലും, അണികൾ ജപ്തി നടപടിയും നേരിട്ട് കൊണ്ടിരിക്കുന്നു.