ഓപ്പണ്‍ നെറ്റ് വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്‌സ്(ONDC) — നമ്മുടെ രാജ്യത്തെ ചെറുകിട വ്യാപാരികൾക്ക് കൂടി ഓൺലൈൻ വ്യാപാര മേഖലയിൽ അവസരം ഒരുക്കുക, ഇ കോമേഴ്‌സ് മേഖലയുടെ കേന്ദ്രീകൃത മാതൃകയിൽ നിന്ന് മാറി പൊതു വ്യാപാര ശൃംഖല സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ മോദി സർക്കാർ ആവിഷ്കരിച്ച ഇ കോമേഴ്‌സ് പ്ലാറ്റുഫോം ആണ് O N D C. വ്യവസായ വകുപ്പ് ആണ് ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നത്. തുടക്കത്തിൽ തെരഞ്ഞെടുത്ത ചില നഗരങ്ങൾ ആണ് ഉൾപ്പെടുന്നത്. ശേഷം നൂറോളം സ്ഥലങ്ങൾ ഉൾപ്പെടുത്തി വിപുലപ്പെടുത്തും. ബംഗളൂരു, ന്യൂഡൽഹി, കോയമ്പത്തൂർ, ഭോപ്പാൽ, ഷില്ലോങ് എന്ന സ്ഥലങ്ങളിൽ ആയിരിക്കും ആദ്യഘട്ടം .
ബാഹ്യ ഇടപെടലുകൾ ഇല്ലാതെ ഉൽപ്പന്നങ്ങൾ കണ്ടെത്തൽ, ഓർഡർ ചെയ്യൽ, നിർവ്വഹണം, പൂർത്തീകരണം എന്നിവ പ്രാപ്തമാക്കുമെന്നു ഒ.എൻ.ഡി.സി. പുറത്തിറക്കിയ സ്ട്രാറ്റജി പേപ്പർ പറയുന്നു. ചെറുകിട ഇടത്തരം സംരംഭകർക്ക് അടിസ്ഥാനസൗകര്യങ്ങൾ ലഭിക്കുകയും ചെയ്യും.
ഉപഭോക്തൃ സേവനത്തിനായി ബയർ ആപ്പുകളും വില്പനക്കാരുടെ സേവനത്തിനായി സെല്ലെർ ആപ്പുകളും ഉണ്ടാവും. ബയർ ആപ്പുകളെയും സെല്ലർ ആപ്പുകളെയും ലോജിസ്റ്റിക്സ് കമ്പനികളെയും പരസ്പര പൂരകങ്ങൾ ആക്കുന്ന ഡിജിറ്റൽ ശൃംഖലയാണ് ഒഎൻഡിസി. പേയ്ടിഎം, ഫോൺപേ, ടാലി ഉൾപ്പെടെ 80ലധികം കമ്പനികൾ ഒഎൻഡിസി യുടെ ഭാഗമാകാൻ ഇതിനകം തന്നെ താല്പര്യം പ്രകടിപ്പിച്ചു കഴിഞ്ഞു. ലാഭേച്ഛ ഇല്ലാതെ പ്രവർത്തനം ആയതിനാൽ കമ്മീഷൻ നിരക്ക് വളരെ തുച്ഛം ആയിരിക്കും.
കൂടുതൽ ബയർ ആപ്പുകൾ ഉള്ളതിനാൽ വില്പനക്കാർക്കു കൂടുതൽ ഉപഭോക്താക്കളെ ലഭിക്കാനും കൂടുതൽ സെല്ലർ ആപ്പുകൾ ഉള്ളതിനാൽ ഉപഭോക്താവിന് മികച്ച ഉത്പന്നം വിലക്കുറവിൽ തങ്ങൾക്കു ഇഷ്ടമുള്ള സ്ഥലത്തു നിന്ന് വാങ്ങാനും ഉള്ള സൗകര്യം ഉണ്ടാവും . ചുരുക്കത്തിൽ ഉപഭോക്താവിനു തെരഞ്ഞെടുക്കാൻ കൂടുതൽ ഓഫറുകൾ ഉണ്ടാവും.
ബഹുഭൂരിപക്ഷം വരുന്ന ചെറുകിട വ്യാപാരികളെ ഓൺലൈൻ വ്യാപാരമേഖലയിലേക്ക് കൈപിടിച്ചുയർത്തുന്ന ദീർഘവീക്ഷണത്തോടെയുള്ള മറ്റൊരു മോദി പദ്ധതിയാണിത്.