കേരളത്തിന്റെ കോവിഡ് 19 പ്രതിരോധമെല്ലാം വെള്ളത്തില്‍ വരച്ച ചിത്രം പോലെയായി. ലോക മാധ്യമങ്ങള്‍ പാടി പുകഴ്ത്തിയ കേരള മോഡല്‍ പി ആര്‍ ഏജന്‍സികളുടെ പെയ്ഡ് വാര്‍ത്തകള്‍ ആയിരുന്നുവെന്ന വിമര്‍ശനങ്ങളെ ശരിവെയ്ക്കുന്നതാണ് കോവിഡ് രോഗികളുടെ എണ്ണത്തിലുള്ള വര്‍ദ്ധനവ്.
രാജ്യത്ത് ആദ്യം കോവിഡ് പൊസീറ്റീവ് റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമാണ് കേരളം. ഇതിനു ശേഷം മഹാരാഷ്ട്രയും ഡെല്‍ഹിയും ഗുജറാത്തും തമിഴ്‌നാടും രാജ്യത്തെ ഹോട്ട് സ്‌പോട്ടുകളായി മാറി. ഈ വേളയിലാണ് കേരളത്തിന്റെ മാതൃകയെക്കുറിച്ച് ഒരു വിഭാഗം മാധ്യമങ്ങള്‍ വാതോരാതെ പാടിപ്പുകഴ്ത്തിയത്. ബിബിസിയിലും മറ്റും വന്ന ലേഖനങ്ങള്‍ കേരളത്തിലെ ഇടതു സര്‍ക്കാരും ഭരണകക്ഷിയായ സിപിഎമ്മും വന്‍തോതില്‍ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാന്‍ ഈ വാര്‍ത്തകളെ ഉപയോഗിച്ചു.
ബിജെപി ഭരണമുള്ള ഗുജറാത്തിനെ വലിയവായില്‍ വിമര്‍ശിക്കാനും ഇവര്‍ മറന്നില്ല. എന്നാല്‍, ചൈനയില്‍ നിന്ന് എത്തിയ കോവിഡ് രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്ത് ഒരു വര്‍ഷം പിന്നിടുന്ന ഈ വേളയില്‍ കോവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിക്കുന്ന ഒരേ ഒരു സംസ്ഥാനമേ ഇന്ന് ഇന്ത്യാ മഹാരാജ്യത്തുള്ളു. അത് കഴിഞ്ഞ മാസങ്ങളില്‍ പിആര്‍ ഏജന്‍സികളുടെ സഹായത്തോടെ തള്ളിമറിച്ച കേരളം എന്ന സംസ്ഥാനം തന്നെയാണ്.
ഏറ്റവും ഒടുവിലെ കണക്ക് അനുസരിച്ച് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന ആക്ടീവ് കോവിഡ് പൊസീറ്റീവ് രോഗികളില്‍ 55 ശതമാനത്തിലേറേയും കേരളത്തിലാണ്. കഴിഞ്ഞ ദിവസമാണ് മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവന്നത്. ഏറ്റവും ജനസംഖ്യയുള്ള ജില്ലയായ മലപ്പുറത്ത് രണ്ടു സ്‌കൂളുകളിലെ 187 വിദ്യാര്‍ത്ഥികള്‍ക്കും 75 അദ്ധ്യാപകര്‍ക്കും കോവിഡ് പൊസീറ്റീവ് ആണെന്ന വാര്‍ത്ത സംസ്ഥാനത്ത് കോവിഡ് പ്രതിരോധവും സുരക്ഷയും വെറും വാചകകസര്‍ത്തുകളില്‍ ഒതുങ്ങിയിരിക്കുകയാണെന്ന് തെളിയിക്കുന്നതായി.
മാറാഞ്ചേരി സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലും വന്നേരി ഹയര്‍ സെക്കണ്ടറി സ്‌കൂളിലും രോഗ ലക്ഷണം കാണിച്ച വിദ്യാര്‍ത്ഥികളേയും അദ്ധ്യാപകരേയും പിസിആര്‍ ടെസ്റ്റിന് വിധേയരാക്കിയപ്പോഴാണ് വന്‍തോതില്‍ കോവിഡ് രോഗം വ്യാപിച്ചതായി കണ്ടെത്തിയത്. മറാഞ്ചേരി സ്‌കൂളിലെ 148 വിദ്യാര്‍ത്ഥികള്‍ക്കും 39 അദ്ധ്യാപകര്‍ക്കും വന്നേരി സ്‌കൂളിലേ 39 വിദ്യാര്‍ത്ഥികള്‍ക്കും 36 അദ്ധ്യാപകര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. മലപ്പുറത്തെ പെരുമ്പടപ്പ്, വെളിയംകോട്.എന്നിവടങ്ങളിലും തൃശ്ശൂര്‍ ജില്ലയിലെ വടക്കേക്കാട്ടും കോവിഡ് വ്യാപരം നടന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതേതുടര്‍ന്നാണ് ടെസ്റ്റുകള്‍ നടത്തിയത്.
വന്നേരി സ്‌കൂളിലെ ഒരു ടീച്ചര്‍ക്ക് കോവിഡ് സ്ഥിരികരിച്ചതോടെയാണ് വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും രോഗം പകര്‍ന്നതായി സംശയിച്ചത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന വാദം ഇതോടെ പൊളിഞ്ഞു വീഴുകയായിരുന്നു. കേരളത്തില്‍ കോവിഡ് പ്രതിരോധം അപ്പാടെ പാളിയതായി വ്യാപക പരാതി ഉയരുകയും കേന്ദ്ര സര്‍ക്കാരിന്റെ നിരീക്ഷക സംഘം കഴിഞ്ഞ ദിവസം സംസ്ഥാനത്ത് എത്തി സ്ഥിതിഗതികള്‍ വിലയിരുത്തിരുകയും ചെയ്തിരുന്നു.
കോവിഡ് മാനദണ്ഡങ്ങള്‍ സംസ്ഥാനം പാലിക്കുന്നില്ലെന്ന് ഇവര്‍ കണ്ടെത്തി. സംസ്ഥാന സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് മോഡിലേക്ക് മാറിയതും ഭരണമാറ്റം കണ്ട് ഉദ്യോഗസ്ഥര്‍ ഉഴപ്പുന്നതുമാണ് കോവിഡ് പ്രതിരോധം പാളിയതെന്ന് പലരും സംശയിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പരാതി പരിഹാര മേളകള്‍ കോവിഡ് വ്യാപനത്തിന് ആക്കം കൂട്ടുന്നതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനൊപ്പമാണ് പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഐശ്യര്യയാത്ര എന്ന തിരഞ്ഞെടുപ്പ് പ്രചാരണം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ജനം കൂടുന്നതായും രോഗ വ്യാപനത്തിന് ഇത് കളമൊരുക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ ഒരുവശത്ത് ആരോപിക്കുമ്പോഴാണ് വേലിവിളവു തിന്നുന്നുവെന്ന തോന്നലുളവാക്കി സര്‍ക്കാര്‍ നടത്തുന്ന പരാതി പരിഹാര മേളകള്‍ വന്‍ജനക്കൂട്ടങ്ങളുമായി അരങ്ങേറുന്നത്.
അധികാരത്തില്‍ വീണ്ടും എത്താനാകുമെന്ന സ്വപ്‌നം വ്യാമോഹമായതോടെ സര്‍ക്കാര്‍ തങ്ങളുടെ അവകാശവാദങ്ങളെല്ലാം മാറ്റിവെച്ച് കേരളത്തെ ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള സംസ്ഥാനമാക്കി മാറ്റുമെന്ന ആശങ്കയിലാണ് ജനങ്ങള്‍.
രാജ്യത്ത് നിലവിലുള്ള 1,43, 857 ആക്ടീവ് കോവിഡ് രോഹികളില്‍ ഏകദേശം 65,413 പേരും കേരളത്തില്‍ നിന്നാണെന്ന് കണക്കുകള്‍ വെലിപ്പെടുത്തുമ്പോഴാണ് സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കാനാകുന്നത്. തൊട്ടടുത്തുള്ള തമിഴ്‌നാട്ടില്‍ 4,389 പേരും കര്‍ണാടകയില്‍ 5,959 പേരും മാത്രമുള്ളപ്പോഴാണ് കേരളത്തിലെ രോഗികളുടെ കണക്ക് ഒരു ലക്ഷത്തിലേക്ക് കുതിക്കുന്നത്.
ഏറ്റവും അധികം രോഗികള്‍ ഉണ്ടായിരുന്ന മഹാരാഷ്ട്രയില്‍ പോലും ഇപ്പോള്‍ മുപ്പതിനായിരം ആക്ടിവ് കേസുകളാണ് ഉള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സംസ്ഥാനം എന്ന നിലയില്‍ കേരളത്തിലെ ഇടതു സൈബര്‍ പോരാളികള്‍ പരിഹസിച്ചിരുന്ന ഗുജറാത്തില്‍ 2,300 ആക്ടീവ് കേസുകള്‍ മാത്രമാണുള്ളത്. ഇതര സംസ്ഥാനങ്ങള്‍ കോവിഡ് രോഗത്തിനെതിരെ ആത്മാര്‍ത്ഥമായി പ്രതിരോധക്കോട്ടകള്‍ തീര്‍ത്തപ്പോള്‍ മാധ്യമങ്ങളുടെ ഗുഡ് സര്‍ട്ടിഫിക്കേറ്റുകള്‍ വാങ്ങി അഭിരമിച്ച് കഴിയുകയായിരുന്നു കേരള സര്‍ക്കാര്‍.
സംസ്ഥാനത്തെ മുഖ്യധാരാ മാധ്യമങ്ങള്‍ പോലും ആരോഗ്യ മന്ത്രിയെ ഈ സാഹചര്യത്തിലും അഭിനന്ദിക്കാന്‍ മത്സരിക്കുകയും ന്യൂസ് മേക്കര്‍ പോലുള്ള പുരസ്‌കാരം നല്‍കി വാനോളം പുകഴ്ത്തുകയും ചെയ്യുന്നത് സാധാരണക്കാരാായ ജനങ്ങളുടെ പ്രതിഷേധത്തിനും സോഷ്യല്‍മീഡിയയില്‍ വന്‍തോതില്‍ ട്രോളുകള്‍ക്കും വഴിയൊരുക്കി. രാജ്യത്ത് ഏറ്റവും അധികം ജനസംഖ്യയുള്ള ഉത്തര്‍പ്രദേശില്‍ പോലും 3,880 ആക്ടീവ് രോഗികള്‍മാത്രമാണുള്ളത്. പലപ്പോഴും ഉത്തര്‍പ്രദേശിലെ ആരോഗ്യരംഗത്തെ വിമര്‍ശിക്കാന്‍ കേരളത്തിലെ ഭരണാധികാരികളും ഇടത് മാധ്യമങ്ങളും ശ്രമിച്ചിരുന്നു.
കോവിഡ് രോഗത്തെത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണത്തില്‍ കൃത്യമായ കണക്ക് പുറത്തുവിടാന്‍ സര്‍ക്കാര്‍ വിമുഖത കാട്ടുന്നുവെന്ന ആരോപണവും നിലവില്‍ ഉണ്ട്. കോവിഡ് മൂലം മരിച്ചവരുടെ എണ്ണം കോവിഡ് രോഗികളുടെ കൃത്യമായ എണ്ണം പുറത്തുവിടാന്‍ സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ജില്ലാ കളക്ടര്‍മാര്‍ അന്നന്ന് പുറത്തുവിടുന്ന മരണത്തിന്റെ കണക്ക് സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിടുന്ന ആകെ കണക്കുമായി പൊരുത്തപ്പെടുന്നില്ലെന്ന വിമര്‍ശനം വ്യാപകമാണ്.
2020 ഡിസംബര്‍ വരെ 3,074 കോവിഡ് മരണങ്ങളാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകളിലുള്ളത്. 2019 ല്‍ ആകെ റോഡപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം 2,979 ആണ് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഇതാദ്യമായാണ് റോഡപകടങ്ങളില്‍ ഇത്രയും കുറവ് ആളുകള്‍ മരിക്കുന്നത്. . എന്നാല്‍, ലോക്ഡൗണില്‍ അയവു വന്നതും സര്‍ക്കാര്‍ പ്രതിരോധ പരിപാടികളില്‍ അലംഭാവം കാട്ടിയതും കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയായിരുന്നു. ഇതിനിടയിലാണ് കോവിഡ് വാക്‌സിന്‍ ഫലപ്രദമായി ഉപയോഗിക്കുന്ന കാര്യത്തിലും കേരളം വീഴ്ച വരുത്തിയത്. ആദ്യ ഘട്ടത്തില്‍ കേരളത്തിന് നല്‍കിയുരുന്ന സമയപരിധിക്കുള്ളില്‍ വാക്‌സിനേഷന്‍ പ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ ആരോഗ്യമന്ത്രാലയത്തിന് കഴിഞ്ഞില്ല.
ഫെബ്രുവരി 14 ന് രണ്ടാം ഘട്ടം തുടങ്ങാനിരിക്കെ ആദ്യ ഘട്ടം ഇനിയും പൂര്‍ത്തിയായില്ല. ആരോഗ്യമേഖലയിലെ പ്രവര്‍ത്തകര്‍ക്കാണ് ആദ്യഘട്ടത്തില്‍ കോവിഡ് വാക്‌സിന്‍ നല്‍കുന്നത്. എന്നാല്‍, പലരും വാക്‌സിന് എടുക്കുന്നതില്‍ വിമുഖത കാണിക്കുന്നുവെന്ന് ആരോഗ്യമന്ത്രി തന്നെ പരാതി പറയുന്ന സാഹചര്യമാണുണ്ടായത്. എറണാകുളം ജില്ലയില്‍ 69761 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ് വാക്‌സിന്‍ എഠുക്കാന്‍ ആപ് വഴി രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍, ഏറ്റവും അധികം ജനസംഖ്യയുള്ള മലപ്പുറത്ത് രജിസ്റ്റര്‍ ചെയ്ത ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം 27,444 മാത്രമാണ്.
നിത്യവും വൈകുന്നേരം ആറുമണിക്ക് വാര്‍ത്താസമ്മേളനം നടത്തി വളര്‍ത്തു പൂച്ചയ്ക്കും പറവകള്‍ക്കും വേണ്ടി പ്രസംഗിച്ച മുഖ്യമന്ത്രിയുടെ കരുതലിന്റേയും കരുണയുടേയും വാക്കുകളുടെ ആത്മാര്‍ത്ഥത ഇപ്പൊഴത്തെ സാഹചര്യത്തില്‍ പൊതുസമൂഹം ചോദ്യം ചെയ്യപ്പെടുമെന്ന ആശങ്കയിലാണ് സര്‍ക്കാരിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നവര്‍ പോലും കരുതുന്നത്.