ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന 12 മാധ്യമ പ്രവര്‍ത്തകര്‍കൂടി എന്‍ഐഎ നിരീക്ഷണത്തില്‍. ഭീകര സംഘടനകളുമായി ബന്ധമുള്ള ആറു മലയാളി മാധ്യമ പ്രവര്‍ത്തകരെ കഴിഞ്ഞ ദിവസങ്ങളില്‍ കൊച്ചിയിലെ എന്‍ഐഎ ആസ്ഥാനത്ത് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ഇവര്‍ മാസങ്ങളായി എന്‍ഐഎയുടെ നിരീക്ഷണത്തിലായിരുന്നു. ഇവരുടെ ഫോണുകളില്‍ നിന്ന് ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ അന്വേഷണ ഏജന്‍സിക്കു ലഭിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ ആറു പേരുടെ പ്രാഥമിക ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ഇവരെ അടുത്ത ദിവസങ്ങളില്‍ നോട്ടീസ് നല്കി വീണ്ടും ചോദ്യം ചെയ്യുമെന്ന് എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു.
ചോദ്യം ചെയ്യലിനു ഹാജരായ മാധ്യമ പ്രവര്‍ത്തകരില്‍ ചിലര്‍ തങ്ങളുടെ സ്ഥാപനത്തിലെ ഐഡി കാര്‍ഡുകള്‍ ധരിച്ചാണ് എത്തിയതെന്നും എന്‍ഐഎ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഐഎസില്‍ ചേര്‍ന്ന ഭീകരരുമായി ഇവര്‍ ടെലിഗ്രാമിലൂടെ അടക്കം ബന്ധപ്പെട്ടിരുന്നു. കേരളത്തിലെ ഐഎസിന്റെ സ്ലീപ്പര്‍ സെല്ലുകള്‍ നിയന്ത്രിക്കുന്നതില്‍ ഇവര്‍ മുഖ്യപങ്കു വഹിച്ചിരുന്നതായും എന്‍ഐഎ കണ്ടെത്തിയിരുന്നു. ഇതിനു ശേഷമാണ് ആറു പേരെയും ചോദ്യം ചെയ്യലിനു വിളിപ്പിച്ചത്.
ആദ്യം അന്വേഷണ സംഘത്തോടു സഹകരിച്ചില്ലെങ്കിലും തെളിവുകള്‍ ഓരോന്നായി കാണിച്ചപ്പോള്‍ ഇവര്‍ മൗനത്തിലായി. പല ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി നല്കാന്‍ ഇവര്‍ക്കു കഴിഞ്ഞിട്ടില്ല. ഈ ആറു പേരുമായി ബന്ധപ്പെട്ട സമാന കാഴ്ചപ്പാടുള്ളവരാണ് നിരീക്ഷണത്തിലുള്ള 12 മാധ്യമ പ്രവര്‍ത്തകരും. ഇതിനു പുറമേ ചില ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍, പോലീസുകാര്‍ എന്നിവരില്‍ നിന്നും എന്‍ഐഎ വിവരം തേടുന്നുണ്ട്. പി.എഫ്.ഐ അടക്കമുള്ള ചില സംഘടനകളുടെ പണമിടപാടുമായി ബന്ധപ്പെട്ടാണ് സി.എക്കാരില്‍ നിന്ന് വിവരം ശേഖരിക്കുന്നത്. ചില നേതാക്കളുമായി ബന്ധം പുലര്‍ത്തിയ പോലീസുകാരെയും ചോദ്യം ചെയ്യും.
അന്വേഷണത്തിന്റെ മേല്‍നോട്ടത്തിനായി കൊച്ചിക്കു പുറമേ ഹൈദരാബാദില്‍ നിന്നുള്ള എന്‍ഐഎ ഉദ്യോഗസ്ഥരും കൊച്ചിയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.